Monday 9 September 2024

അദ്ധ്യായം 1-10

 അദ്ധ്യായം -1.


എന്തോ വീഴുന്ന ശബ്ദംകേട്ട് ചാക്കൊ ഞെട്ടിയുണര്‍ന്നു. വീട് പെയിന്‍റിങ്ങ് കഴിഞ്ഞപ്പോള്‍ ചായ്പ്പിലടുക്കിവെച്ച കാലിത്തകരപ്പാട്ടകളെ എലി തട്ടി വീഴ്ത്തിയതാവും. ഇതൊക്കെ പിന്നീട് കൊണ്ടുപോവാമെന്നു പറഞ്ഞ് വീട്ടിടമസ്ഥന്‍ വെച്ചുപോയിട്ട് മാസം ആറേഴായി. ചില്ലുജാലകത്തിലൂടെ തെരുവുവിളക്കിന്‍റെ പ്രകാശം മുറിയിലേക്ക് എത്തുന്നുണ്ട്. അയാള്‍ ക്ലോക്കിലേക്ക് നോക്കി. സമയം അഞ്ചേകാല്‍. കര്‍ത്താവേ. നേരമായത് അറിഞ്ഞില്ലല്ലോ. ഒപ്പം നടക്കാന്‍ വരാറുള്ള കുഞ്ഞഹമ്മദ് കാത്തുനിന്ന് മുഷിഞ്ഞിട്ടുണ്ടാവും. എന്നും അഞ്ചുമണിക്ക് നടക്കാനിറങ്ങാറുള്ളതാണ്. വേഗം പിടഞ്ഞെഴുന്നേറ്റു. 


നിലത്തുവിരിച്ച പായ തലയണ്ണയോടൊപ്പം മടക്കിവെച്ചു. തോര്‍ത്ത് കാണാനില്ല. പുലര്‍ച്ചേ നല്ല മഞ്ഞുണ്ട്. അതും കൊണ്ടുനടന്നാല്‍ ഉറപ്പായും മൂക്കൊലിക്കാന്‍ തുടങ്ങും. തലയ്ക്കല്‍വെച്ച ടോര്‍ച്ച് തപ്പിനോക്കി. കയ്യില്‍ തടയുന്നില്ല. എഴുന്നേറ്റ് ചുറ്റുപാടും നോക്കി. കാണാനില്ലല്ലോ. ഒരുപക്ഷെ രാത്രി അതെടുത്തുവെക്കാന്‍ മറന്നുകാണും. മേരിക്കുട്ടി കട്ടിലില്‍ മലര്‍ന്നുകിടന്ന് കൂര്‍ക്കംവലിക്കുന്നുണ്ട്. അവളെ ഉണര്‍ത്താതെവേണം എഴുന്നേറ്റു നടക്കാന്‍ പോവാന്‍. അല്ലെങ്കില്‍ കൊച്ചുവെളുപ്പാന്‍ കാലത്തുത്തന്നെ അവളുടെ വായിന്ന് നല്ലത് കേള്‍ക്കും. ഏതായാലും തോര്‍ത്തെടുക്കണം. ലൈറ്റിടാതെ വയ്യ. സ്വിച്ചില്‍ വിരലുവെച്ചതേയുള്ളൂ.


''എന്നാത്തിനാ മനുഷ്യാ ലൈറ്റിടുന്നത്'' മേരിക്കുട്ടി ദേഷ്യപ്പെട്ടു. ഭാര്യയുടെ ഉറക്കം നഷ്ടപ്പെട്ടുവെന്ന് തോന്നുന്നു.


''തോര്‍ത്തെടുക്കാനാടീ. പുറത്ത് മുടിഞ്ഞ മഞ്ഞാ. നടക്കുമ്പൊ തലേല്‍ കെട്ട്യാല്‍ ചുമ പിടിക്കത്തില്ല''.


''എന്‍റെ മാതാവേ, ഇതിയാന് ഇതെന്തിന്‍റെ കുഴപ്പമാ. നട്ടപ്പാതിരയ്ക്കാണോ നടക്കാനിറങ്ങുന്നത്''.


''നോക്കെടീ മേരിക്കുട്ടീ. നേരം എത്രയാണെന്ന് കണ്ടോ. അഞ്ചേകാലായി''.


''വന്നുവന്ന് ഇതിയാന് കണ്ണുംകാണാതായി. നേരം മൂന്ന് ഇരുപത്തഞ്ചാണ്. കണ്ണുതുറന്ന് നോക്ക്''.


ക്ലോക്കിലേക്ക് ഒന്നുകൂടി നോക്കി. മേരിക്കുട്ടി പറഞ്ഞത് ശരിയാണ്. നേരം ആവുന്നതേയുള്ളു. ചെറിയ സൂചിയും വലിയ സൂചിയും മാറി കണക്കാക്കിയതാണ്. 


''എടീ, ഞാന്‍ നോക്കിയപ്പൊ ചെറിയ സൂചീം വലിയ സൂചീം.... ''


''മതി വിസ്തരിച്ചത്. സമയം കളയാതെ കെടക്കാന്‍ നോക്ക്'' ഭാര്യ സ്വരം കടുപ്പിച്ചു ''ഇക്കണക്കില് പോയാല്‍ ഒരുദിവസം ഇയാള് ഇതിനകത്ത് കള്ളനെ കേറ്റും. നട്ടപാതിരയ്ക്കുള്ള ഒരുനടക്കാന്‍ പോക്ക്''.


''നീ അങ്ങോട്ട് നീങ്ങിക്കിടക്കെടി. ഞാന്‍ കിടന്നോട്ടെ''.


''അത് പറ്റത്തില്ല. ഇതിയാന് രാത്രി എത്രതവണ മുള്ളണം. രണ്ടോമൂന്നോ അല്ല എട്ടും പത്തുംപ്രാവശ്യം  മുള്ളണം. അപ്പൊക്കെ കാല് മാറ്റെടി എന്നും പറഞ്ഞ് എന്നെ ഒണര്‍ത്തും''.


''എന്നാല്‍ നീ ചുമരുചേര്‍ന്ന് കിടക്ക്. ഞാന്‍ ഈ വശത്ത് കിടക്കാം''.


''ആ ഭാഗത്ത് ഫാനിന്‍റെ കാറ്റ് കിട്ടത്തില്ല. നിങ്ങള് തറേല്‍ കിടന്നേച്ചാ മതി''.


പിന്നെ തര്‍ക്കിക്കാന്‍ നിന്നില്ല. മടക്കിവെച്ച പായ നിവര്‍ത്തിയിട്ട് ചാക്കോ കിടന്നു.


()()()()()()()() 


കുഞ്ഞഹമ്മദ് ചാക്കോവിനെ കാത്ത് ബസ്സ്സ്റ്റോപ്പിലിരുന്നു. ഫസ്റ്റ് ബസ്സിന്ന് പോവാന്‍ എട്ടുപത്തുപേര്‍ കാത്തുനില്‍പ്പാണ്. പഠിക്കാന്‍ പോവുന്ന മൂന്നു നാലുപെണ്‍കുട്ടികളും അതിലുണ്ട്. കുളിച്ചൊരുങ്ങി യൂണിഫോം ധരിച്ച് ചുമലില്‍ വീര്‍ത്തബാഗുമായി നില്‍ക്കുന്ന അവരെ കണ്ടപ്പോള്‍ സങ്കടം തോന്നി. പാവം കുട്ടികള്‍. പതിനാലോ പതിനഞ്ചോ വയസ്സേ ഉണ്ടാവൂ. മഞ്ഞ് പൊഴിയുന്ന ഈ പുലര്‍കാലത്ത് മൂടിപ്പുതച്ച് കിടന്നുറങ്ങേണ്ട കുട്ടികളാണ്. സ്കൂളിലെത്തുംമുമ്പ് രണ്ടോ മൂന്നോ ദിക്കില്‍ അവര്‍ക്ക് ട്യൂഷനുണ്ടാവും. കുട്ടികളുടെ ഒരു തലേലെഴുത്ത്.


കീശയില്‍നിന്ന് ബീഡിയും തീപ്പെട്ടിയുമെടുത്തു. ഒന്നെടുത്തുകത്തിച്ച് രണ്ടുപുക ആഞ്ഞുവലിച്ചു. ഒരു ഉന്മേഷം തോന്നി. അച്ചായനെ ഇന്ന് കാണാനില്ല. തണുപ്പത്തിറങ്ങാന്‍ മടിച്ച് കിടക്കുകയാവും. ബീഡിവലി കഴിയുന്നതുവരെ കാത്തുനില്‍ക്കാം. എന്നിട്ടും കണ്ടില്ലെങ്കില്‍ നടക്കാം. പള്ളി കഴിഞ്ഞുള്ള സ്റ്റോപ്പില്‍ വാസുദേവനുണ്ടാവും. കാലത്തുതന്നെ അയാള്‍ പറയുന്ന കൊള്ളരുതായ്മകള്‍ കേള്‍ക്കാനാണ് പ്രയാസം.  


ബസ്സ് വന്നുനിന്നു. സീറ്റുകളെല്ലാംനിറഞ്ഞ് ആളുകള്‍ നില്‍പ്പാണ്. ഇത്ര നേരത്തെ യാത്രചെയ്യാനും ആളുകളുണ്ട്. വലിയങ്ങാടിയിലേക്കുള്ള കൃഷിക്കാര്‍ ബസ്സിന്നുമുകളില്‍ ഒരു മിനിലോറിയില്‍ കയറ്റാനുള്ളത്ര പച്ചക്കറികള്‍ കയറ്റിയിട്ടുണ്ട്. ലേലം ചെയ്തുവില്‍ക്കാനാവും. ക്ലീനര്‍ ചെക്കന്‍ ധൃതികൂട്ടുന്നുണ്ട്. എല്ലാവരേയും അകത്താക്കി വിസിലടിച്ചു. ബസ്സ് നീങ്ങി. ബീഡി വലിച്ചുതീര്‍ത്ത് കുറ്റി വലിച്ചെറിഞ്ഞു.


''വന്നിട്ട് കുറച്ചായോ''ചാക്കോവിന്‍റെ ശബ്ദംകേട്ടു തിരിഞ്ഞുനോക്കി. 


''എയ്. ഇല്ല. ഒരു ബീഡിവലിക്കാനുള്ള സമയം കിട്ടി'' അയാള്‍ ബസ്സ് സ്റ്റോപ്പില്‍ നിന്നിറങ്ങി നടത്തം ആരംഭിച്ചു.


''പുകവലി വേണ്ടാട്ടോ. നിര്‍ത്തിക്കോളിന്‍ . അറിഞ്ഞുകൊണ്ടെന്തിനാ ആപത്ത് വരുത്തുന്നത്. ഇടയ്ക്ക് സ്മാളടിച്ചാല്‍ക്കൂടി ഇത്ര കേടില്ല''.


''എന്നായാലും പോവും. നേരത്തെ ആയാല്‍ അത്രയും നന്ന്''.


''ഇയാളെന്നാത്തിനാ വിഷമിക്കുന്നത്. ഒന്നാം തിയ്യതി കഴിഞ്ഞാല്‍ മകന്‍ ഗള്‍ഫിന്ന് പൈസ അയച്ചുതരുന്നില്ലേ. അതുവാങ്ങി വീട്ടിലെ കാര്യങ്ങള്‍ നോക്കി നടത്തിയാല്‍ പോരേ''.


''ഇത്രകാലം അതന്ന്യാ ചെയ്തുവന്നിരുന്നത്''.


''ഇപ്പോള്‍ എന്നാ പറ്റി''.


''മകളെ കെട്ട്യോന്‍ മൊഴിചൊല്ലി. അവള് വീട്ടില്‍വന്ന് നില്‍ക്കാന്‍ തുടങ്ങ്യേതോടെ മരുമകളും അവളുംതമ്മില്‍ ചേരാണ്ടായി. ഇന്നലെ രാവിലെ രണ്ടുംകൂടി ഊക്കന്‍ തമ്മില്‍ത്തല്ലുണ്ടായി. നമ്മള് ആരടെ ഭാഗത്താ നില്‍ക്ക്വാ. അടുത്ത ആഴ്ച മകന്‍ ലീവില്‍ വരും. അതോടെ അവര് താമസം മാറ്റുംന്ന് കേട്ടു''.


''അതൊരു ചതിവായല്ലോ''.


''ആരേങ്കിലും നമ്പീട്ട് ജീവിക്കണ്ടിവന്നാല്‍ ഇതൊക്കെത്തന്നെ അച്ചായോ, അത് മക്കളായാലും മാറ്റൂല്യാ''.


''ഇനിയെന്താ പരിപാടി''.


''എന്തെങ്കിലും പണിക്ക് പോണം''.


''വയസ്സാന്‍ കാലത്ത് എന്ത് പണി''.


''ചെയ്ത തൊഴില്ലന്നെ ചെയ്യണം. ബസ്സില് ഓടാന്‍ വയ്യ. അത്രയ്ക്ക് കോമ്പിറ്റേഷനായി. സ്കൂള്‍ ബസ്സില് കിട്ടും. പണി കമ്മി. കാശും കമ്മി. ഞാന്‍ വല്ല ലോറീലും കേറ്യാലോന്ന് ആലോചിക്ക്യാണ്''.


''സായ്‌വേ, നിങ്ങള് വിഷമിക്കണ്ടാ. എന്തെങ്കിലും വഴീണ്ടാവും''. പള്ളി കഴിഞ്ഞു. തൊട്ടടുത്ത സ്റ്റോപ്പില്‍ വാസുദേവനുണ്ടാവും.


''അച്ചായോ, നമുക്കീ വര്‍ത്താനം ഇവിടെ നിര്‍ത്താം. മറ്റേ ചങ്ങാതി കാത്തു നില്‍ക്കിണുണ്ടാവും''കുഞ്ഞഹമ്മദ് സംഭാഷണത്തിന്ന് വിരാമമിട്ടു.


അദ്ധ്യായം -2.


കാലത്തെ നടപ്പുകഴിഞ്ഞ് വീടെത്തിയ ശ്രീധരമേനോന്‍ ചായയ്ക്കായി അടുക്കളയിലേക്ക് ചെന്നു.


''ഇക്കുറി വാങ്ങ്യേഅരി ഇഡ്ഢലിക്ക് നന്നായിട്ടുണ്ട്'' ഭാര്യ പറഞ്ഞു.


''എന്താ ഉണ്ടാക്കി നോക്ക്യോ''.


''അല്ലാതെ അറിയില്ലല്ലോ''.


''എന്താ കൂട്ടി തിന്നാന്‍''.


''ചട്ട്ണീണ്ട്. മുളകൂണ്ട്''.


''ഉരുളക്കിഴങ്ങും ബോമ്പായുള്ളീം ഇല്ലേ. കറി ഉണ്ടാക്കായിരുന്നില്ലേ''.


''ഇഷ്ടു അല്ലേ. കുട്ട്യേള് ആരക്കും അത് പിടിക്കില്യാ. നിങ്ങള്‍ക്ക് മാത്രേ അത് വേണ്ടൂ'' ഭാര്യ പറഞ്ഞു. 


അയാള്‍ ഒന്നും പറയാതെ തിരിച്ചുനടന്നു. മറ്റാര്‍ക്കും ആവശ്യമില്ലാത്തത് നിങ്ങള്‍ക്കും വേണ്ടാഎന്ന് പറയാതെ പറയുകയാണ്. കുറച്ചായി സ്വന്തം ആഗ്രഹങ്ങള്‍ മനസ്സില്‍ ഒതുക്കികഴിയുകയാണ് പതിവ്. ഒന്നും പുറത്തു പറയാറില്ല. എങ്കിലും ചിലപ്പോള്‍  മനസ്സിലുള്ള ആഗ്രഹങ്ങള്‍ അറിയാതെ പുറത്തുവരും.


ചാരുകസേലയില്‍ ചാരിക്കിടന്നു. ടീപ്പോയില്‍ പേപ്പറുണ്ട്. വായിക്കാന്‍ തോന്നുന്നില്ല. ആര്‍ക്കും വേണ്ടാത്ത ജന്മമായല്ലോ എന്‍റേത് എന്നതോന്നല്‍ മനസ്സില്‍ തീച്ചൂളപോലെ എരിയുകയാണ്. നിത്യവൃത്തി ചെയ്യാനാവാത്ത വിധത്തില്‍ കിടപ്പിലാക്കരുതേ എന്ന് പ്രാര്‍ത്ഥിച്ചു. 


ആരേയും ആശ്രയിക്കാതെ സ്വന്തംകാര്യങ്ങള്‍ നോക്കി കഴിഞ്ഞുകൂടാന്‍ സാധിക്കണം. എന്നിട്ട് ഒരുത്തരേയും ബുദ്ധിമുട്ടിക്കാതെ ഒരുദിവസം ഈ ലോകത്തുനിന്ന് കടന്നുപോവണം. നിറഞ്ഞൊഴുകാന്‍ വെമ്പിനില്‍ക്കുന്ന കണ്ണുകള്‍ അയാള്‍ തുടച്ചു.


()()()()()()()()()()()()()


ഒരുകാലിച്ചായ കുടിച്ച് കുഞ്ഞഹമ്മദ് ചായപ്പീടികയില്‍നിന്നിറങ്ങി. നടത്തം കഴിഞ്ഞ് തിരിച്ചുവരുമ്പോഴുള്ള പതിവാണ് അത്. ചാക്കൊ ചായകുടിക്കാന്‍ നില്‍ക്കാറില്ല. നേരം വെളുക്കുമ്പൊത്തന്നെ മധുരം ചേര്‍ക്കാത്ത ചായ കുടിക്കാന്‍ വയ്യ എന്നാണ് അയാള്‍ പറയുക.


റോഡില്‍നിന്ന് ഇടവഴിയിലേക്കിറങ്ങി. പത്തുമണിയോടെ കുഞ്ഞുപ്പാനെ കാണണം. ഏതോ ഒരു ലോറീല് പണീണ്ടത്രേ. കിട്ട്യാല്‍ നന്നായിരുന്നു. ആ ലോറിടെ ഉടമസ്ഥന്‍ പാകംപോലെ ഒരു ഡ്രൈവറെ സെറ്റാക്കാന്‍ അവനെ ഏല്‍പ്പിച്ചിട്ടുണ്ട് എന്നാണ് പറഞ്ഞത്.


തിരിവുകഴിഞ്ഞു നോക്കുമ്പോള്‍ അകലെ വീടിന്‍റെ പടിക്കല്‍ പാത്തുമ്മ നില്‍ക്കുന്നുണ്ട്. ഈ നേരത്ത് ഭാര്യയ്ക്ക് പൊരിഞ്ഞ പണിയായിരിക്കും. ഇന്നെന്താ ഇവള്‍ പടിക്കില്‍ നില്‍ക്കുന്നത്. 


''എന്താ നീ പടിക്കല് നില്‍ക്കുണ്. പണ്യോന്നൂല്യേ''.


''എനിക്ക് വയ്യ തമ്മില്‍ത്തല്ല് കണ്ടോണ്ട് നില്‍ക്കാന്‍''.


''എന്താ കാര്യം. തുറന്ന് പറ''.


''മകളും മരുമോളും നേരം വെളുത്തപ്പൊ തുടങ്ങ്യേ തമ്മില്‍ത്തല്ലാണ്.  കേട്ടുകേട്ട് മടുത്തു''.


''എന്താ കാരണം''.


''സുഹ്ര ഇവിടെവന്ന് നില്‍ക്കാന്‍ തുടങ്ങ്യേ മുതല്‍ക്കാണ് എന്നും ഒരോ പ്രശ്നം. അതിന് പ്രത്യേകിച്ച് കാരണം വേണോ''.


''ഞാന്‍ രണ്ടാളോടും സംസാരിക്കണോ''.


''എന്നിട്ടെന്താ. ചിലപ്പൊ വല്ലതും പറഞ്ഞാല്‍ അത് കേള്‍ക്കണ്ടി വരും''.


''ഇനി നമ്മളെന്താ ചെയ്യാ''.


''മൊഴിചൊല്ലി വീട്ടിലാക്ക്യേ മകളെ നമുക്ക് കളയാനൊക്ക്വോ''.


''അതില്ല. പിന്നെന്താ വഴി''.


''ജബ്ബാറിനോട് പറയിന്‍. അവന്‍ വന്ന് നിശ്ചയിക്കട്ടെ''.


''ഞാനവനെ ഒന്ന് വിളിച്ചുനോക്കട്ടെ''.


''ഇത്രനേരം കെട്ട്യോള് എന്തൊക്ക്യോ ഓതികൊടുത്തിട്ടുണ്ട്. നമ്മള് എന്തെങ്കിലും പറഞ്ഞാല്‍ അത് വിലപോവ്വോ''.


''എന്താ ഇന്നവളടെ ആവശ്യം''.


''വന്ന മുതലേ പെണ്ണിന് കുടുംബത്തില്‍ കഴിയാന്‍ വയ്യ. ഒറ്റയ്ക്ക് മാറിത്താമസിക്കണം. സുഹ്ര വന്നതോടെ അവള്‍ക്കില്ല്യാത്ത കുറ്റൂല്യ. എത്ര്യാ കേള്‍ക്കാ''. 


''അവന്‍ വന്നാല്‍ അവര് മാറിത്താമസിച്ചോട്ടെ. അതിലേ ഇതടങ്ങൂ''.


''എന്നിട്ട് എങ്ങന്യാ നമ്മള് കഴിയ്യാ. ചെലവ് നടക്കണ്ടേ''.


''എന്തെങ്കിലും വഴീണ്ടാവും''.


''എന്ത് വഴി. ഞാന്‍ നോക്കീട്ട് ഒരുവഴീം കാണുണില്ല''.


''ഒരുലോറീല് കേറ്യാലോന്ന് ആലോചിക്ക്യാണ്''.


''ഈ വയസ്സുകാലത്തോ''.


''വയ്ക്കുന്ന കാലത്ത് പണി ചെയ്യാം. പറ്റ്യേ ഒരാളെ കിട്ട്യാല്‍ മകളെ പറഞ്ഞയക്കാം. പിന്നെ നമ്മള് രണ്ടാളല്ലേ. എങ്ങന്യേങ്കിലും കഴിയും''.


''ജബ്ബാറ് വരട്ടെ. ഞാന്‍ പെറ്റമകനല്ലേ. വാപ്പാനെ പണിക്ക് വിടണ്ടാന്ന് ഞാനവനോട് പറഞ്ഞോളാം''.


''വേണ്ടാത്ത പണിക്ക് നിക്കണ്ടാ. വെറുതെ അവനെ സങ്കടപ്പെടുത്താന്‍'' തലയില്‍കെട്ടിയ തോര്‍ത്തഴിച്ച് തിണ്ണയിലെ പൊടിതട്ടി അയാളിരുന്നു.


അദ്ധ്യായം - 3.


ഡോര്‍ബെല്ലടിച്ചപ്പോള്‍ പ്രൊഫസര്‍ കൃഷ്ണദാസ് പേപ്പര്‍ ടീപ്പോയിലിട്ട് കസേലയില്‍ നിന്നെഴുന്നേറ്റു. സമയം എട്ടര. കാലത്തെ ഭക്ഷണം വാങ്ങി ചന്ദ്രന്‍ എത്തിയിട്ടുണ്ടാവും. വാതില്‍ തുറന്നുനോക്കി ഊഹം തെറ്റിയില്ല. അവന്‍ നീട്ടിയപൊതി അയാള്‍ ഏറ്റുവാങ്ങി.


''മാഷേ, ഇന്ന് ഉച്ചയ്ക്ക് ചോറ് വേണ്ടിവര്വോ'' പയ്യന്‍ ചോദിച്ചു. രാവിലെ ആഹാരം കൊണ്ടുവന്നുതരുമ്പോള്‍ ഈ ചോദ്യം പതിവാണ്. കല്യാണമോ മറ്റെന്തെങ്കിലും പരിപാടിയോ ഉള്ള ദിവസങ്ങളില്‍ ഉച്ചനേരത്തെ ഭക്ഷണം വാങ്ങിക്കാറില്ല. അല്ലാത്തദിവസങ്ങളില്‍ ഒരുശാപ്പാട് പാര്‍സലായി പയ്യന്‍ കൊണ്ടുവരും.  ഉച്ചയ്ക്കും രാത്രിയിലേക്കും അത് തികയും. അതോടൊപ്പം വടയോ ബോണ്ടയോ ഉണ്ടാവും. അത് വൈകുന്നേരത്തേക്കാണ്.


''ഇന്ന് എവിടേക്കും പോണില്ല'' അയാള്‍ പറഞ്ഞു.


''പാലടപ്രഥമന്ന് ആരോ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. ചിലപ്പൊ ബാക്കിവരും. മാഷക്ക് വേണോ'' അടുത്ത അന്വേഷണം. പാവം. നല്ല പയ്യനാണ് ഇവന്‍. ഹോട്ടലില്‍ എന്തെങ്കിലും സ്പെഷല്‍ ഉണ്ടാക്കിയാല്‍ അവന്‍ ചോദിച്ചു വാങ്ങി എത്തിച്ചുതരും. മാസം ആയിരത്തഞ്ഞൂറുരൂപ കൊടുത്താല്‍ എന്താ നഷ്ടം?  ദിവസവും രണ്ടുനേരം മുടങ്ങാതെ സമയത്തിന്ന് അവന്‍ ഭക്ഷണം എത്തിച്ചുതരുന്നുണ്ടല്ലോ.


''കൊണ്ടുവന്നോ''.


''ഒരു ലിറ്റര്‍ വേണോ, അതോ അര മത്യോ''.


''എത്രയെങ്കിലും കൊണ്ടുവാ''. ബാക്കി വന്നാല്‍ ഫ്രിഡ്ജില്‍ വെച്ച് പിന്നീട് കഴിക്കാമല്ലോ.


''മാഷക്ക് ഷുഗറൊന്നും ഇല്ലല്ലോ''. എന്തൊക്കെ കാര്യങ്ങളാണ് ഇവനറിയേണ്ടത്. പോട്ടെ. സാരമില്ല. സ്നേഹം കാരണം ചോദിക്കുന്നതാവും.


''ദൈവം സഹായിച്ച് കുഴപ്പം ഒന്നൂല്യാ''.


''ഞാന്‍ നോക്കുമ്പൊ ഒരുവിധം ആളുകള്‍ക്കൊക്കെ ഷുഗറുണ്ട്'' അവന്‍ പറഞ്ഞു ''ഉച്ചയ്ക്ക് കാണാട്ടോ''. പയ്യന്‍ സൈക്കിളില്‍ കയറി.


''ഗെയിറ്റ് അടച്ചിട്ടുപോ'' അവനോടു പറഞ്ഞ് ഡൈനിങ്ങ് റൂമിലേക്ക് നടന്നു. 


ആഹാരം കഴിഞ്ഞ് കൈകഴുകുമ്പോഴാണ് മൊബൈല്‍ അടിച്ചത്. മകനോ മകളോ വിളിക്കുന്നതാവും. പതിവ് സുഖാന്വേഷണം. പാത്രങ്ങള്‍ കഴുകി വെച്ചിട്ടേ എടുക്കുന്നുള്ളു. 


തുടര്‍ച്ചയായി മൂന്നുനാലുതവണ മൊബൈല്‍ അടിച്ചപ്പോള്‍ ചെന്നെടുത്തു. ആര്‍.കെ. മേനോനാണ്. എന്താണാവോ ഇത്ര അത്യാവശ്യകാര്യം. തിരിച്ചു വിളിച്ചു.


''പ്രൊഫസ്സറേ, ഇനീം എണീറ്റില്ലേ'' അയാള്‍ ചോദിച്ചു.


''ഞാന്‍ ആറുമണിക്ക് എഴുന്നേറ്റു. കുളി കഴിഞ്ഞു. ഭക്ഷണം കഴിഞ്ഞ് കൈ കഴുകുമ്പോഴാണ് മൊബൈല്‍ അടിച്ചത്''.


''ഇന്ന് അമ്പലത്തില് മീറ്റിങ്ങുണ്ട്. കൃത്യം അഞ്ചര എന്നാ പറഞ്ഞിട്ടുള്ളത്. നിങ്ങള്‍ എത്തണം. ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്''.


''നാലരയ്ക്ക് കുറച്ചുകുട്ടികള്‍ പഠിക്കാന്‍ വരും. ഒഴിവാക്കാന്‍ പറ്റ്വോന്ന് നോക്കട്ടെ''.


''നിങ്ങള്‍ക്ക് ട്യൂഷനെടുത്ത് കഴിയണ്ട കാര്യൂല്യാ. മകന്‍ അമേരിക്കേല്, മകള്‍ ന്യൂസ് ലാന്‍റില്. കൈനിറയെ പെന്‍ഷന്‍ കിട്ടുണുണ്ട്. പിന്നെന്തിനാ ട്യൂഷന്‍ഫീസ് വാങ്ങി പഠിപ്പിക്കാന്‍ മിനക്കെടുണ്''. കേട്ടതും ദേഷ്യമാണ് തോന്നിയത്. ഈ മനുഷ്യന് അറിവ് പകര്‍ന്നുകൊടുക്കുന്നതിന്‍റെ പുണ്യം മനസ്സിലാവില്ല.


പ്രൊഫസര്‍ കൃഷ്ണദാസ് ശിഷ്യരുടെ ആരാധനാപാത്രമായിരുന്നു. ഗണിതശാസ്ത്രത്തിന്‍റെ നിഗൂഢവഴികളിലൂടെ ഒരുപാടുപേരെ കൈപിടിച്ച് കൊണ്ടുനടക്കാനായത് വലിയഭാഗ്യംതന്നെയാണ്. ജോലിയില്‍നിന്ന് വിരമിച്ചിട്ട് കൊല്ലം പതിനഞ്ചായി. ഇപ്പോഴും സംശയനിവാരണത്തിന്നും അറിവ് നേടാനുമായി ധാരാളംപേര്‍ വരുന്നുണ്ട്. ആരോടും ഫീസ് ചോദിക്കാറില്ല. ചില കുട്ടികള്‍ വല്ലപ്പോഴും തരാറുള്ളത് കണക്കൊന്നും നോക്കാതെ വാങ്ങും.    അല്ലാതെ ട്യൂഷന്‍ ഒരു വരുമാനമാര്‍ഗ്ഗമായി കണ്ടിട്ടില്ല.


''ഫീസ് പ്രതീക്ഷിച്ചിട്ടല്ല ഞാന്‍ പഠിപ്പിക്കുന്നത്. അറിവ് പകര്‍ന്നുനല്‍കുക എന്നതാണ് എന്‍റെ മനസ്സില്‍''.


''അതെനിക്കറിയില്ലേ. ഞാന്‍ വെറുതെ പറഞ്ഞതാണ്'' ആര്‍.കെ. മേനോന്‍ പറഞ്ഞു ''പിന്നെ നിങ്ങള്‍ വരുമ്പൊ ആ റിട്ടയേര്‍ഡ് ആര്‍.ഡി.ഓ. ഇല്ലേ, ശ്രീധരന്‍ അയാളേം കൂട്ടിക്കോളൂ. നിങ്ങളുടെ അടുത്തല്ലേ അയാളുടെ താമസം''.


''ശരി. നോക്കട്ടെ''.


''അങ്ങിനെ പറഞ്ഞാല്‍ പോരാ. തീര്‍ച്ചയായും എത്തണം''. അതോടെ കാള്‍ അവസാനിച്ചു. 


പ്രൊഫസര്‍ ഹിന്ദു ദിനപ്പത്രവുമെടുത്ത് ചാരുകസേലയിലേക്ക് ചാഞ്ഞു. രാഷ്ട്രീയക്കാരുടെ പരസ്പരമുള്ള ആരോപണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ വേറെ യാതൊന്നും ഈയിടെയായി പത്രത്തില്‍ വരാറില്ല. വെറുതെ ഒന്ന് മറിച്ചുനോക്കി പത്രം ടീപ്പോയിയില്‍ വെച്ചു.


താല്‍പ്പര്യമുണ്ടായിട്ടല്ലെങ്കിലും വൈകുന്നേരം അമ്പലത്തിലേക്ക് ഒന്ന് ചെല്ലണം.  ആര്‍.കെ. മേനോന്‍ പറഞ്ഞതല്ലേ. ചെന്നില്ലെങ്കില്‍ പിന്നീട് കണ്ടാല്‍ പുള്ളി പരിഭവംപറയും. പോവുന്നതിന്ന് മുമ്പ് ശ്രീധരനോട് വിവരം പറയണം. താല്‍പ്പര്യമുണ്ടെങ്കില്‍ വരട്ടെ. 


ഈയിടെയായി ശ്രീധരന്‍ എന്തെല്ലാമോവിഷമങ്ങള്‍ സഹിക്കുന്നുണ്ടെന്ന്  തോന്നുന്നു. അയാള്‍ ഒന്നും തുറന്നു പറയാറില്ല. എങ്കിലും ആ മുഖത്തു നിന്ന് ചിലതെല്ലാം ഊഹിക്കാം. വാര്‍ദ്ധക്യം വല്ലാത്തൊരവസ്ഥയാണ്. നിയന്ത്രണങ്ങളും അവഗണനകളും നേരിടേണ്ടിവരുന്നകാലം. ആര്‍ക്കും കീഴടങ്ങാതെ ആരേയും ആസ്പദിക്കാതെ കടന്നുപോവണം.


മൊബൈല്‍ ശബ്ദിക്കാന്‍ തുടങ്ങി. മകളോ മകനോ വിളിക്കുകയാവും. പതിവുമട്ടിലുള്ള സുഖാന്വേഷണമാവും. മൊബൈല്‍ എടുത്തുനോക്കി. മകളുടേതാണ്. ഭാര്യ അവളുടെകൂടെയാണ്. ചിലപ്പോള്‍ അവള്‍ക്ക് സംസാരിക്കാനാവും.


''ഡാഡി. ഞാനിപ്പോള്‍ വീഡിയോകാള്‍ വിളിക്കും. എടുക്കണം'' മകള്‍ അനുവാദം ചോദിച്ചു. കഴിയുന്നതും വീഡിയോകാള്‍ വിളിക്കരുത് എന്ന് വിലക്കിയിട്ടുണ്ട്. അതിനുശേഷം വല്ലപ്പോഴും പേരക്കുട്ടിയെ കാണിക്കാന്‍ മാത്രമേ വിളിക്കാറുള്ളു.


''എന്താ പ്രത്യേകിച്ച്''.


''ഡാഡി. ഹാവ് എ പ്ലെസന്‍റ്റ് സര്‍പ്രൈസ്''. എന്ത് അത്ഭുതമാണാവോ.


കാള്‍ കട്ടായി. അടുത്തനിമിഷം വീഡിയൊ കാള്‍ വന്നു. കാള്‍ എടുത്തു. സ്ക്രീനില്‍ ഭാര്യ ചിരിച്ചുകൊണ്ട് നില്‍ക്കുന്നു. ജീന്‍സും ഷര്‍ട്ടുമാണ് വേഷം. ഒറ്റനോട്ടമേ നോക്കിയുള്ളു. ദേഹം മുഴുവന്‍ ദേഷ്യം പടര്‍ന്നു. മൊബൈല്‍ ഓഫ് ചെയ്തു.


വയസ്സായി, വീട്ടിലിരിക്കുമ്പോഴും അമ്പലത്തില്‍ പോവുമ്പോഴും മുണ്ടും വേഷ്ടിയും മതി, പുറത്തേക്കിറങ്ങുമ്പോള്‍ മാത്രം സാരി ഉടുക്കാം എന്ന് പറഞ്ഞിരുന്ന ആളാണ്. എന്നിട്ടാണ് വയസ്സാന്‍ കാലത്ത് ഓരോ വേഷം കെട്ടാനുള്ള മോഹം. വിദേശരാജ്യത്താവുമ്പോള്‍ എന്തും ആവാമെന്ന് തോന്നുന്നുണ്ടാവും. എന്തോ ചെയ്തോട്ടെ. തനിക്കിതൊന്നും കാണണ്ടാ.


നാല്‍പ്പത്തിരണ്ട് കൊല്ലമായി കൌസല്യയെ വിവാഹം ചെയ്തിട്ട്. അന്ന് ഗവര്‍മ്മെണ്ട് കോളേജില്‍ ലക്ചററാണ്. അതേ കോളേജിലാണ് കൌസല്യ പഠിച്ചിരുന്നതെങ്കിലും അവളെ പഠിപ്പിക്കേണ്ടി വന്നില്ല. കലാലയത്തിലെ സുന്ദരിയായിരുന്ന അവളെ വിവാഹം ചെയ്തുവെങ്കിലും ശിഷ്യയെ കെട്ടി എന്ന അപഖ്യാതി അതിനാല്‍ ഉണ്ടായില്ല. 


ഈ ജന്മത്ത് ഞാന്‍ കൃഷ്ണേട്ടനെ പിരിഞ്ഞുനില്‍ക്കില്ല എന്ന് പറഞ്ഞിരുന്ന ആളാണ്. ഇപ്പോള്‍ അവളെ നേരില്‍ കണ്ടിട്ട് കൊല്ലം രണ്ടുകഴിഞ്ഞു. ആരും അടുത്തില്ലാത്ത അവസരത്തില്‍ കണ്ണടയ്ക്കണം, ആരുടേയും കയ്യില്‍നിന്ന് ഒരുതുള്ളി വെള്ളംപോലും കുടിക്കാന്‍ ഇടവരാതെ. 


ഭാര്യയോടും മക്കളോടും സ്നേഹമോ ദേഷ്യമോ തോന്നാതായിട്ട് കുറച്ചു കാലമായി. അവരെക്കുറിച്ചോര്‍ക്കുമ്പോള്‍ ഒരുതരം നിര്‍വ്വികാരതയാണ്. ഇന്നതിന്ന് മാറ്റം വന്നിരിക്കുന്നു. ഇനി ഒരിക്കലും അങ്ങിനെ സംഭവിച്ചു കൂടാ. മനസ്സിന്‍റെ വാതായനങ്ങള്‍ അടച്ചിടണം, എന്നെന്നേക്കുമായി. ആ തീരുമാനത്തോടെ പ്രൊഫസര്‍ വീണ്ടും ഹിന്ദു ദിനപത്രം കയ്യിലെടുത്തു. 


അദ്ധ്യായം -4.


കുഞ്ഞഹമ്മദ് വീട്ടില്‍ന്നിറങ്ങി നടന്നു. കുഞ്ഞുപ്പ എവിടേക്കെങ്കിലും പോവുമ്പോഴേക്ക് അവനെ കാണണം. എത്രയും പെട്ടെന്ന് ഒരു പണി തരപ്പെടുത്തണം. മകന്‍ ലീവില്‍ വന്നാല്‍ പിറ്റേന്ന് താമസം മാറുമെന്ന് മരുമകള്‍ പറഞ്ഞുകഴിഞ്ഞു. തല്‍ക്കാലം ഏതോ ഫ്ലാറ്റില്‍ താമസിക്കും എന്നാണ് കേട്ടത്. എവിടെയെങ്കിലും സമാധാനത്തോടെ കഴിയട്ടെ. 


ഇടവഴിയില്‍നിന്ന് മെയിന്‍ റോഡിലേക്ക് കയറി. കുഞ്ഞാപ്പയുടെ വീട്ടിലേക്ക് ഒന്നൊന്നര കിലോമീറ്റര്‍ ദൂരമുണ്ട്. ഓട്ടോവിന്ന് പണം കൊടുക്കാന്‍ വയ്യ. നടന്നാല്‍ മതി. വെയില് ചൂടാവുന്നതേയുള്ളൂ.


''ഇക്കാ, നിങ്ങടെ കാര്യം ഇപ്പൊ പറഞ്ഞതേള്ളൂ'' കണ്ടതും കുഞ്ഞാപ്പ പറഞ്ഞു ''ഒരു ലോറീല് ഒഴിവുണ്ട്. ഒരു ടിപ്പറിലും ഒഴിവുണ്ട്. ഏതു വേണംന്ന് ആലോചിക്കുമ്പഴാ നമ്മടെ ഹാജ്യാര് വിളിക്കിണത്. മൂപ്പരടെ കാറിലിക്ക് പറ്റ്യേ ഒരാള് വേണം. നിങ്ങടെ കാര്യം എന്‍റെ മനസ്സില്‍ വന്നു. നിങ്ങളോട് ചോയ്ക്കാണ്ടെ എങ്ങന്യാ പറയ്യാ''.


പടച്ചോന്‍ കാത്തു. എങ്ങനെ കുടുംബം പുലര്‍ത്തണം എന്നറിയാതെ വിഷമിക്കുമ്പോള്‍ ഒരുപാട് വഴികള്‍ മുന്നില്‍ തെളിയുന്നു.


''ഇക്കാ. നിങ്ങക്ക് ഏതാ നോട്ടം''കുഞ്ഞാപ്പുവിന്‍റെ ചോദ്യം അയാളെ ഉണര്‍ത്തി.


''ഇത്തിരി കഷ്ടത്തിലാ. പത്തുകാശ് കൂടുതല്‍ കിട്ടുണത് പറ''.


''നിങ്ങക്കെന്താ ഇത്ര കഷ്ടം. ജബ്ബാര്‍ കാശയച്ച് തരുണില്യേ''.


കഴിഞ്ഞമാസംവരെ പണമയച്ചുതന്നതാണ്. ഇനി മുതല്‍ എന്താവുമെന്ന് അറിയില്ല. ഏതായാലും അവനെ കുറ്റപ്പെടുത്താനില്ല.


''അവന്‍ അയച്ചുതരാഞ്ഞിട്ടല്ല. എന്നാലും അതോണ്ട് തികയിണില്യാ. കുറച്ച് ബാദ്ധ്യതേളുണ്ട്''.


''ഹാജ്യാരടെ കാറിലാണെങ്കില്‍ ഒന്നും അറിയണ്ടാ. പുത്യേ വണ്ട്യാണ്. അധികം ഓട്ടൂല്യാ. കാശ് കമ്മ്യായാലും അതാ നിങ്ങക്ക് നല്ലത്''.


''ശര്യാണ്. എങ്കിലും മിനക്കെടുമ്പൊ അതിനനുസരിച്ച് വല്ലതും കിട്ടണ്ടേ''. 


''ടിപ്പറില്‍ പോണ്ടാ. അത് തനി വിറക് സൈസ്സ് പിള്ളര്‍ക്കേ പറ്റൂ. പക്ഷെ ലോറീലാവുമ്പൊ ഓട്ടം കൂടുംട്ടോ''.


''അത് സാരൂല്യാ. എനിക്കും അതാ ഇഷ്ടം''.


''എപ്പഴാ നിങ്ങക്ക് പണിക്ക് കേറാന്‍ പറ്റ്വാ''.


''ഇപ്പൊ വേണച്ചാല്‍ ഇപ്പൊ ഞാന്‍  റെഡ്യാണ്''.


''എങ്ങന്യാ ശമ്പളത്തിന്‍റെ കാര്യം ''


''അത് നീ പാകംപോലെ വാങ്ങിത്താ''.


''നാളെ രാവിലെ വിവരം തരാം അതുപോരെ''.


''ശരി. എന്നാ ഞാന്‍ പോണൂ''. 


''ചായീണ്ടാക്കാന്‍ പറയട്ടെ''.


''ഒന്നും വേണ്ടാന്‍റെ കുട്ട്യേ''. 


റോഡിന്‍റെ ഓരംചേര്‍ന്ന് മെല്ലെ നടന്നു. ആകപ്പാടെ ഒരു സമാധാനം തോന്നുന്നു. ഒരുവഴി അടയുമ്പോള്‍ അള്ളാഹു വേറൊന്ന് തുറന്നിടും. എല്ലാം പടച്ചോന്‍റെ കൈകളിലാണ്.


പാലമരത്തിന്‍റെ ചുവട്ടിലെത്തിയപ്പോള്‍ നിന്നു. നിവര്‍ത്തിപ്പിടിച്ച കുടപോലെ അത് വഴിയാത്രക്കാര്‍ക്ക് തണലേകുന്നുണ്ട്. പാലമരം പൂക്കുമ്പോഴുള്ള മണം വളരെ ദൂരെയെത്തും. 


പോക്കറ്റിലുള്ള മൊബൈല്‍ അടിച്ചു. അധികമാരും വിളിക്കാനില്ല. ജബ്ബാര്‍ വിളിക്കും വല്ലപ്പോഴും ഭാര്യയുടെ ആങ്ങളമാരും. എടുത്തു നോക്കി. ജബ്ബാറാണ്. ഭാര്യ വല്ലതും പറഞ്ഞുകൊടുത്തിട്ടുണ്ടാവും. ചിലപ്പോള്‍ അവന്‍ ദേഷ്യത്തിലായിരിക്കും.


''ജബ്ബാറെ'' വിളിക്കുമ്പോള്‍  ശബ്ദത്തിന്ന് പതര്‍ച്ചയുള്ളതുപോലെ തോന്നി.


''വാപ്പ എന്താ ചെയ്യ്‌ണ്''.


''ഞാനൊരാളെ കാണാന്‍ പോയിട്ട് വര്വാ''.


''കുഞ്ഞാപ്പാനേല്ലേ. വാപ്പ പണിക്ക് പോവ്വാ. ഒക്കെ ഞാനറിഞ്ഞു. ഇപ്പൊ ഞാന്‍ ഉമ്മാനെ വിളിച്ചിരുന്നു''.


''എന്തെങ്കിലും ഒരു വഴി കാണണ്ടേടാ മകനേ''.


''ഞാന്‍ ജീവനോടെ ഉള്ളപ്പൊ എന്‍റെ വാപ്പ വയസ്സാന്‍ കാലത്ത് പണിക്ക് പോവ്വേ. പിന്നെന്തിനാ വാപ്പാ ഞാന്‍ ജീവിച്ചിരിക്കിണത്''.


''എന്‍റെ കുട്ടി സങ്കടപ്പെടണ്ട. ഒക്കെ പടച്ചോന്‍റെ കല്‍പ്പന്യാണ്''.


''നോക്ക് വാപ്പാ. എന്‍റെ പെണ്ണ് നമ്മടെ കുടുംബത്തില് ചേരില്ല. വാപ്പ ഒരു വാക്ക് പറഞ്ഞാ മതി. ഞാനവളെ മൊഴിചൊല്ലാം''.


മകന്‍റെ വാക്കുകള്‍ അയാളെ വല്ലതെ ഉലച്ചു. വീട്ടുകാര്‍ക്കുവേണ്ടി സ്വന്തം സന്തോഷം ഉപേക്ഷിക്കാന്‍ മകന്‍ തയ്യാറാവുകയാണ്. അത് പാടില്ല. 


''എന്താ വാപ്പാ. ഒന്നും മുണ്ടാത്തത്'' മകന്‍ തന്‍റെ ഉത്തരത്തിന്ന് കാത്തു നില്‍ക്കുകയാണ്.


''മോനേ ജബ്ബാറേ'' അയാള്‍ വിളിച്ചു ''നീ ഇപ്പൊ പറഞ്ഞത് ശരി. ഇനി നീ ഇങ്ങനെ ആലോചിക്കാന്‍ പാടില്ല''.


''എന്താ വാപ്പ ഇങ്ങനെ പറയുണത്''.


''നോക്ക് ജബ്ബാറേ. നെന്‍റെ പെങ്ങളെ മൊഴിചൊല്ലി വീട്ടിലാക്ക്യേതോണ്ട് നമുക്കെത്ര വിഷമൂണ്ട്. അതുപോലെ നിന്‍റെ കെട്ട്യോളെ നീ എന്തെങ്കിലും കാരണം പറഞ്ഞ് മൊഴിചൊല്ല്യാല്‍ അവളടെ വീട്ടുകാര്‍ക്കും സങ്കടം ആവില്ലേ. നമുക്കാരേം വേദനിപ്പിക്കണ്ടാ. പടച്ചോനത് പൊറുക്കൂലാ''.


''അവള് കാണിക്കിണ അഹങ്കാരത്തിനോ''.


''വല്യേവീട്ടിന്ന് വന്ന കുട്ട്യല്ലേ അവള്. നമ്മളെപ്പോല്യാണോ. അപ്പൊ നമ്മള് താണുകൊടുക്ക്വാ. രണ്ടുകയ്യുംകൂടി കൊട്ട്യാലല്ലേ ചെത്തം കേള്‍ക്കൂ''.


''എനിക്ക് മത്യായി''.


''പോട്ടേടാ മകനേ. ജീവിതാവുമ്പൊ അങ്ങന്യോക്കെ ഉണ്ടാവും. പെങ്ങളക്ക് പറ്റ്യെ ഒരാളെ നോക്കാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്. പാകംപോലെ കിട്ട്യാല്‍ അത് ഞാന്‍ നടത്തും. പിന്നെ ഞാനും ഉമ്മീം മാത്രോല്ലേ ഉള്ളൂ. എങ്ങിനേങ്കിലും ഞങ്ങള്  കഴിഞ്ഞോളും''.


''എന്നാലും വാപ്പാ''.


''ഒരു എന്നാലൂല്യാ. എന്‍റെ മകന്‍ ലീവില് വാ. ആ പെണ്‍കുട്ടിക്ക് എവിട്യാ കഴിയണ്ടത്ച്ചാല്‍ അത് ചെയ്യ്. ബാക്കി പടച്ചോന്‍ നിശ്ചയിക്കുംപോലെ വരട്ടെ''. മറുവശത്തുനിന്ന് ഒന്നും കേള്‍ക്കാനില്ല.


''ജബ്ബാറേ. നീ ബേജാറാവണ്ടാ. വാപ്പ പറയിണപോലെ ചെയ്യ്. അള്ളാഹു നമ്മളെ കൈവിടില്ല''.


''എനിക്കെങ്ങിന്യാ വാപ്പാനീം ഉമ്മാനീം വേണ്ടാന്ന് വെക്കാന്‍ പറ്റ്വാ''.


''വേണ്ടാന്ന് വെക്കാന്‍ ഞാന്‍ പറഞ്ഞ്വോ. നീ ഇവിടീള്ളപ്പൊ ഞങ്ങളെ വന്ന് കാണ്വാ. കയ്യില് വല്ലതൂണ്ടെങ്കില്‍ ഉമ്മാക്ക് കൊടുത്തോ. ഇല്ലെങ്കിലും എന്‍റെ മോന്‍ വിഷമിക്കണ്ടാ. ഞങ്ങള് എങ്ങിനേങ്കിലും കഴിഞ്ഞോളും''. 


''ശരി വാപ്പാ''മറുഭാഗത്ത് കാള്‍ കട്ടായി.


മനസ്സില്‍ കുളിരനുഭവപ്പെടുന്നുണ്ട്. വരുമ്പോലെ വരട്ടെ. തണലില്‍നിന്ന് അയാള്‍ വെയിലിലേക്കിറങ്ങി.



അദ്ധ്യായം -5.


മൂന്നുമണിയോടെയാണ് പ്രൊഫസര്‍ വിളിച്ചത്. ആര്‍.കെ. മേനോന്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. അമ്പലക്കമ്മിറ്റിയുടെ മീറ്റിങ്ങ് അത്ര വലിയ താല്‍പ്പര്യമുള്ളതൊന്നുമല്ല. എങ്കിലും ഒന്നുചെന്ന് മുഖം കാണിച്ചു പോരണം. ഈ യോഗം വളരെ പ്രധാനപ്പെട്ടതാണെന്ന് പറയുന്നത് കേട്ടു. ദേവപ്രശ്നം നടത്തിയപ്പോള്‍ കണ്ട ദോഷങ്ങളുടെ പരിഹാരക്രിയകള്‍ ചെയ്യുന്ന കാര്യം ചര്‍ച്ച ചെയ്യാനാവും യോഗം ചേരുന്നത്. അടുത്തമാസം രണ്ടാംതിയ്യതിയായിരിക്കും ക്രിയകളെന്ന് ഈയിടെ കണ്ടപ്പോള്‍ സെക്രട്ടറി പറഞ്ഞിരുന്നു. അന്നാണെങ്കില്‍ തനിക്ക് പങ്കെടുക്കാനാവില്ല. അമ്മയുടെ തൊണ്ണൂറാംപിറന്നാളാണ് അന്ന്. എല്ലാവരേയുംകൂട്ടി തലേദിവസംതന്നെ എത്തണമെന്ന് ഏട്ടന്‍ പറഞ്ഞിട്ടുണ്ട്.


എങ്ങിനെയാണ് പോവേണ്ടതെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. ഒരുപക്ഷെ മകള്‍ ഭര്‍ത്താവിന്‍റെ വീട്ടില്‍നിന്ന് നേരിട്ട് വരുമായിരിക്കും. എങ്കില്‍ കാര്യം എളുപ്പമായി. മകനും അവന്‍റെ ഭാര്യയും സുമതിയും താനും പേരക്കുട്ടികളും മാത്രം. ഇവിടുത്തെ കാറ് ധാരാളം. മകന്‍റെ തീരുമാനം എന്താണെന്നറിയില്ല. ഒന്നും തന്നോട് പറയാറില്ല. അങ്ങോട്ടുമിങ്ങോട്ടും എന്തെങ്കിലുംവിവരം അറിയിക്കാനുണ്ടെങ്കില്‍ അത് സുമതി മുഖാന്തിരം മാത്രം. ത്രൂ പ്രോപ്പര്‍ ചാനല്‍. ഏതായാലും അവളോട് പറഞ്ഞേക്കാം. അവസാനമിനുട്ടിലാണ് പറഞ്ഞത് എന്നുവേണ്ടാ. 


''സുമതി'' ശ്രീധര മേനോന്‍ വിളിച്ചു. മറുപടിയില്ല. ടി.വി. യില്‍ ഇഷ്ട സീരിയല്‍ കാണുകയാവും. കേട്ടുകാണില്ല.


''സുമതീ. ഒന്ന് വരൂ'' അല്‍പ്പംകൂടി ഉറക്കെ വിളിച്ചു.


''എന്താ വിശേഷിച്ച്. ഇപ്പഴേ പത്തുമിനുട്ട് ഇരിക്കാന്‍പറ്റൂ. അതിനും കൂടി സമ്മതിക്കണ്ടാ''. ഭാര്യയുടെ മുഖം വീങ്ങിക്കെട്ടിയിട്ടുണ്ട്. ഈ സമയത്ത് വിളിച്ചത് അബദ്ധമായി. ഒന്നും പറയാന്‍ തോന്നുന്നില്ല.


''വിളിച്ചുവരുത്തീട്ട് എന്താ ഒന്നും പറയാത്ത്'' ഭാര്യ ചോദിച്ചു.


''വരുണ മാസം രണ്ടാംതിയ്യതി അമ്മടെ തൊണ്ണൂറാം പിറന്നാളാണ്. തലേദിവസം എല്ലാരേംകൂട്ടി ചെല്ലാന്‍ ഏട്ടന്‍ പറഞ്ഞിരുന്നു''.


''അന്നന്യാണ് രുഗ്മിണിച്ചേച്ചിടെ പേരക്കുട്ടി പ്രസവിച്ച ഇരുപത്തെട്ട്''. സുമതിയുടെ സ്വന്തംസഹോദരിയൊന്നുമല്ല രുഗ്മിണിചേച്ചി. വലിയമ്മ ചെറിയമ്മ മക്കളാണ് അവരും സുമതിയും.


''നമുക്ക് തലേദിവസം തന്നെ പോവ്വാല്ലേ''.


''അപ്പൊ ഞാന്‍ പറഞ്ഞത് കേട്ടില്ലേ. കുട്ടിടെ ഇരുപത്തെട്ടിന്ന് പോണ്ടേ.  നമ്മടെ എല്ലാ കാര്യത്തിനും അവര് എത്തീട്ടുണ്ട്. പോരാത്തതിന്ന് ഞങ്ങടെ കുടുംബത്തില്‍ ആദ്യായിട്ടാണ് നാലാമത്തെ തലമുറ ഉണ്ടാവുണത്''.


''അപ്പോ അമ്മടെ പിറന്നാളോ''.


''ഈ തൊണ്ണൂറാം വയസ്സില് എന്ത് പിറന്നാള്''. 


''അത് പറഞ്ഞാല്‍ പറ്റില്ല. അതിന് ചെന്നേ പറ്റൂ''.


''വേണച്ചാല്‍ നിങ്ങള് ചെന്നോളിന്‍. ഞാനും മക്കളും ഇരുപത്തെട്ടിനു പോവും''.


ഇനി പറഞ്ഞിട്ട് കാര്യമില്ല. വീട്ടുകാര് എന്തേ വന്നില്ല എന്ന ഏട്ടന്‍റെ ചോദ്യത്തിന്ന് ഒരുമറുപടി കണ്ടെത്തണം.  


''നാളെ രുഗ്മിണി ചേച്ചിടെ സപ്തത്യാണ്. അതിന്ന് പോണം'' സുമതി ആവശ്യം അറിയിച്ചു.


''ശരി. പൊയ്ക്കോളൂ''.


''അതെന്താ അങ്ങിനെ. നിങ്ങള്‍ വരുണില്ലേ''.


''ലക്ഷ്മിടെ ഭര്‍ത്താവിന് അല്‍പ്പം അധികാണെന്ന് പറഞ്ഞു. രാവിലെ ഞാന്‍ അങ്ങിട്ട് പോവും''.


''ഇഷ്ടംപോലെ ചെയ്തോളിന്‍'' ഭാര്യ അകത്തേക്ക് പോയി.


രാവിലെ നേരത്തെ പോണം. വേണമെങ്കില്‍ അളിയനെ ഒരു ഡോക്ടറെ കാണിക്കാം. അതുകൊണ്ട് വലിയ പ്രയോജനമൊന്നും കിട്ടാനില്ലെങ്കിലും അനിയത്തിയുടെ സമാധാനത്തിന്നുവേണ്ടി. അയാള്‍ ആലോചനയില്‍ മുഴുകി.


()()()()()()()()()()


അമ്പലക്കമ്മിറ്റിമീറ്റിങ്ങ് അവസാനിച്ചപ്പോള്‍ നേരം എട്ടര കഴിഞ്ഞു. വെറുതെ ഓരോന്നുപറഞ്ഞ് തര്‍ക്കിച്ച് നേരംകളയുന്ന കുറെപേരുണ്ട്. കാര്യങ്ങളെങ്ങിനെ നടത്തണം എന്നതല്ല  സ്വന്തം നിലപാട് പത്താളെ അറിയിക്കണം എന്നതാണ് അവരുടെ ലക്ഷ്യം.


അഗ്രശാലയില്‍നിന്നിറങ്ങി ആര്‍. കെ. മേനോന്‍ സ്കൂട്ടറിനടുത്തേക്ക് നടന്നു. പ്രൊഫസറേയും ആര്‍.ഡി.ഓ.വിനേയും കാണാനില്ല. രണ്ടാളും നേരത്തെ സ്ഥലംവിട്ടിട്ടുണ്ടാവും. പറഞ്ഞ പാപത്തിന്ന് ഇവിടെ വന്ന് മുഖംകാണിച്ചു എന്നുമാത്രം. അല്ലെങ്കിലും അവരെ എന്തിനാണ് വെറുതെ കുറ്റം പറയുന്നത്. ഓരോരുത്തര്‍ക്ക് ഓരോ പ്രയാസം കാണും. ഈശ്വരന്‍ സഹായിച്ച് തനിക്ക് യാതൊരുപ്രശ്നവും ഇല്ലാത്തതിനാല്‍ പൊതുകാര്യങ്ങളില്‍ സജീവമായി പങ്കെടുക്കാനാവുന്നുണ്ട്.


മെയിന്‍ റോഡില്‍നിന്ന് അമ്പലത്തിലേക്കുള്ളവഴി അവസാനിക്കാറായി. കുണ്ടുംകുഴിയുമായി കിടന്ന ഈ ഇടവഴി കോണ്‍ക്രീറ്റ് പാതയാക്കാന്‍ സാധിച്ചത് ആര്‍.കെ. മേനോന്‍ ഒരാളുടെ കഴിവുകൊണ്ടുമാത്രണെന്ന് നാട്ടുകാര്‍ പറയാറുണ്ട്. നാലഞ്ച് വ്യവസായങ്ങള്‍കൊണ്ടുനടക്കുന്ന ആള്‍ എന്നനിലയ്ക്ക് എല്ലാ രാഷ്ട്രീയക്കാരുമായും നല്ലബന്ധമാണുള്ളത്  അതിന്‍റെ ഗുണം ഈ വിധം കാര്യങ്ങള്‍ക്ക് ഉപകാരപ്പെടുന്നു.


മെയിന്‍ റോഡില്‍ കയറി. ഇനി വീട്ടിലേക്ക് കഷ്ടിച്ച് നൂറുമീറ്റര്‍ മാത്രം. വാച്ച്മാന്‍ ഗെയിറ്റ് തുറന്നുതന്നു. സ്കൂട്ടര്‍ പോര്‍ട്ടിക്കോവില്‍ വെച്ച് അകത്തേക്ക് ചെന്നു. ഭാര്യ ടി.വി.യുടെ മുന്നിലാണ്. കണ്ട ഭാവമില്ല. റൂമില്‍ചെന്ന് വാതില്‍കുറ്റിയിട്ടു. കുളികഴിഞ്ഞ് വസ്ത്രങ്ങള്‍ മാറണം പകലത്തെ ചൂടില്‍ അവ വിയര്‍പ്പില്‍ മുങ്ങിയിരുന്നു. സമ്മേളനത്തിന്ന് എ.സി. ഹാള്‍ ബുക്ക് ചെയ്യണമെന്ന് പറഞ്ഞതാണ്. അത് ചെയ്തില്ല. 


ഇന്നത്തെപ്പോലെ അടുത്തകാലത്തൊന്നും തിരക്കുണ്ടായിട്ടില്ല. രാവിലെ ഏഴുമണിക്ക് വീട്ടില്‍നിന്ന് ഇറങ്ങിയതാണ്. ബിസിനസ്സ് സംബന്ധമായി ചിലകേസുകള്‍ക്ക് വക്കീലിനെകാണേണ്ടിയിരുന്നു. അത് കഴിയുമ്പോള്‍ നേരം ഒമ്പതര. പത്തിനാണ് സമ്മേളനം. സമയത്തിന്ന് എത്തിയില്ല എന്ന് വരാന്‍ പാടില്ലല്ലോ. ഹോട്ടലില്‍നിന്ന് കാപ്പികുടിച്ച് അങ്ങോട്ടേക്ക് വിട്ടു. ഉച്ചഭക്ഷണം സമ്മേളനസ്ഥലത്തായതിനാല്‍ പുറത്തിറങ്ങേണ്ടി വന്നില്ല. പക്ഷെ മൂന്നുമണിക്ക് അവസാനിക്കുമെന്ന് പറഞ്ഞ പരിപാടി തീര്‍ന്നത്  നാലര മണിക്ക്. അമ്പലത്തിലെ മീറ്റിങ്ങ് അഞ്ചുമണിക്കാണ്. പ്രസിഡണ്ട് സമയത്തിനെത്തിയില്ലെങ്കില്‍ മോശമല്ലേ. ചവിട്ടിപ്പിടിച്ചുവിട്ടു. മുറ്റത്ത് കാര്‍നിര്‍ത്തി അകത്തുചെന്ന് ചാവിയെടുത്ത് സ്കൂട്ടറുമായി അപ്പോള്‍ ഇറങ്ങിയതാണ്.


തണുത്തവെള്ളം ദേഹത്തുവീണപ്പോള്‍ സുഖം തോന്നി. സോപ്പിന്‍റെ ഹൃദ്യമായ വാസന ആസ്വദിച്ച് കുളി പൂര്‍ത്തിയാക്കി. വസ്ത്രം മാറി വാതില്‍ തുറന്ന് പുറത്തിറങ്ങി. ടി.വി. പ്രവര്‍ത്തിക്കുന്നുണ്ട്. ഭാര്യ അവിടെയില്ല. നേരെ ഡൈനിങ്ങ് ഹാളിലേക്ക് ചെന്നു. ഭാര്യയും മകനും ആഹാരം കഴിക്കുന്നു. ഏതാണ്ട് കഴിയാറായിട്ടുണ്ട്. മരുമകള്‍ കുഞ്ഞിനെ ഉറക്കാന്‍ പോയതാവും. ഒരുവശത്ത് ഇരുന്നു. പ്ലേറ്റില്‍ സ്വയം ആഹാരം വിളമ്പി കഴിക്കാന്‍ തുടങ്ങി.


''എന്താ ഈ കാണിക്കുന്നതിന്‍റെ ഉദ്ദേശം'' ഓര്‍ക്കാപ്പുറത്തായിരുന്നു ഭാര്യയുടെ ചോദ്യം. കാര്യമെന്താണെന്ന് മനസ്സിലാവുന്നില്ല.


''എനിക്ക് മനസ്സിലായില്ല. വ്യക്തമായി പറയൂ''.


''നേരം വെളുത്തപ്പൊ വീട്ടിന്ന് ഇറങ്ങിപ്പോയതാണ്. വന്നുകയറിയത് വൈകുന്നേരം. വീട്ടില്‍ ഒരുമിനുട്ട് നില്‍ക്കാതെ വീണ്ടുംപോയി. പിന്നെ എത്തുന്നത് രാത്രിനേരത്ത്''.


''രാവിലെ പോയത് കേസ്സിന്‍റെ കാര്യത്തിന് വക്കീലിനെ കാണാന്‍. അതു കഴിഞ്ഞതും സമ്മേളനത്തിന്ന് പോയി. കഴിയുമ്പോള്‍ നാലര. എനിക്ക് അഞ്ചുമണിക്ക് അമ്പലക്കമ്മിറ്റിമീറ്റിങ്ങിന്ന് പങ്കെടുക്കാനുണ്ട്. പിന്നെ വീട്ടില്‍ നില്‍ക്കാന്‍ എവിട്യാ സമയം''.


''ഓ. അതാവും കാര്‍ റേസിന് ഓടിക്കുന്നവിധത്തില്‍ കാറോടിച്ചത്''. മകന്‍റെ വക കുറ്റപ്പെടുത്തല്‍.


''സമയത്തിന്ന് എത്താന്‍ ചിലപ്പോള്‍ വേഗത്തില്‍ ഓടിക്കേണ്ടിവരും''.


''വയസ്സ് എഴുപത് ആവാറായി. പതിനെട്ട് വയസ്സ് കഴിഞ്ഞ പിള്ളര് ഡ്യൂക്ക് ഓടിക്കുന്ന സ്റ്റൈലില്‍ ഓടിച്ചാല്‍ അധികകാലം ഓടിക്കേണ്ടി വരില്ല''.


ആര്‍.കെ. മേനോന് അടിമുടി ചൊറിഞ്ഞു കേറി. മകനല്ല ആരായാലും കുറ്റപ്പെടുത്തുന്നതിന്ന് ഒരുപരിധിയുണ്ട്. അത് ലംഘിക്കാന്‍ ആരേയും അനുവദിച്ചുകൂടാ.


''എനിക്ക് ആറുവയസ്സുള്ളപ്പോള്‍ എന്‍റെ അച്ഛന്‍റെ മടീലിരുന്ന് മോറീസ് മൈനറിന്‍റെ സ്റ്റിയറിങ്ങ് പിടിക്കാറുണ്ട്. ഞാനും കാറുംതമ്മില്‍ ബന്ധം തുടങ്ങീട്ട് കൊല്ലംഅറുപത്തിനാലായി. എത്രയോവണ്ടികളുടെ സ്റ്റിയറിങ്ങ് പിടിച്ച കയ്യാണ് ഇത്. ഇന്നേവരെ ഒരു തട്ടലോ മുട്ടലോ വരുത്തീട്ടില്ല. ഇനി  വരുത്തൂല്യാ''.


''എന്തെങ്കിലും പറ്റി കിടപ്പിലായാല്‍ ആരാ ബുദ്ധിമുട്ടാനുള്ളത്''.


''അങ്ങിനെ വന്നാല്‍ നിങ്ങളാരും തിരിഞ്ഞുനോക്കണ്ടാ''.


''എന്നാലും പറഞ്ഞത് കേള്‍ക്കാന്‍ വയ്യ അല്ലേ'' ഭാര്യ ചോദിച്ചു.


''എനിക്ക് വയസ്സായി. ഇനി എന്നെ ഭരിക്കാംന്ന് ആരും കരുതണ്ടാ. ഞാന്‍ കൃഷ്ണക്കുറുപ്പിന്‍റെ മകനാണ്. അച്ഛന്‍റെ ധൈര്യൂം ശൌര്യൂം എനിക്കുണ്ട്. ഒരാളുടെ മുമ്പിലും തലകുനിക്കാന്‍ എന്നെ കിട്ടില്ല.. മര്യാദ ആണെങ്കില്‍ മര്യാദ, അല്ലെങ്കില്‍ അതുപോലെ''.


''ഇത്രയും പറയാന്‍ ഇപ്പൊ എന്താ ഉണ്ടായത്''.


''ഓരോരുത്തരുടെ സ്വഭാവത്തില്‍ വന്ന മാറ്റങ്ങള്‍ കുറച്ചുദിവസായിട്ട് ഞാന്‍ കാണുന്നുണ്ട്. എന്നെ കാല്‍ച്ചോട്ടിലിട്ട് തട്ടിക്കളിക്ക്യാന്ന് ആരും കരുതണ്ടാ''.


അയാള്‍ ഭക്ഷണം കഴിഞ്ഞ് എഴുന്നേറ്റ് കൈകഴുകി. ഭാര്യയും മകനും എഴുന്നേറ്റിട്ടില്ല. നേരെ റൂമില്‍ചെന്ന് എ.സി. ഓണ്‍ചെയ്ത് കട്ടിലിലേക്ക് വീണു.


അദ്ധ്യായം - 6.


മഗ്‌രിബ് നിസ്ക്കാരം കഴിഞ്ഞ് കുഞ്ഞഹമ്മദ് പള്ളിയില്‍ നിന്നിറങ്ങി. രാവിലെനേരത്ത് മനസ്സിനെ അസ്വസ്ഥമാക്കുന്ന കാര്യങ്ങളാണ് വീട്ടില്‍ നടന്നതെങ്കിലും പിന്നീടുണ്ടായതെല്ലാം ആശ്വാസം തന്നവയായിരുന്നു. കുഞ്ഞാപ്പു ജോലി ശരിയാക്കിത്തരാമെന്ന് ഏറ്റു. ജബ്ബാര്‍ ഭാര്യയുടെ വാക്കുകേട്ട് കോപിച്ചില്ല. എല്ലാം പടച്ചോന്‍റെ കൃപ.


പാതയുടെ അരികുപറ്റി അയാള്‍ നടന്നു. തെരുവുവിളക്കുകള്‍ക്ക് ചുറ്റും ചെറുപ്രാണികള്‍ പാറുന്നുണ്ട്. അവ കണ്ണില്‍പ്പെട്ടാല്‍ വല്ലാത്ത നീറ്റലാവും. വലതുകൈകൊണ്ട് കണ്ണുകള്‍ മറച്ചുപിടിച്ച് നടന്നു.


''കുഞ്ഞിക്കാ, എവിടുന്നാ വരണ്'' എല്‍.പി. സ്കൂള്‍ കഴിഞ്ഞതും ഒരാള്‍ പുറകില്‍നിന്ന് വിളിച്ചു. തിരിഞ്ഞുനോക്കി. കണ്ണന്‍കുട്ടിയാണ്. അവന് ഗള്‍ഫിലാണ് പണി. ലീവില്‍ വന്നതാവും.


''കുട്ട്യേ, എന്നാ നീ വന്നത്''.


''ഞാന്‍ വന്നിട്ട് പത്തുദിവസായി. കുറച്ചുതിരക്കിലായിരുന്നു. അതാ കാണാഞ്ഞ്''.


''അത് സാരൂല്യാ. എന്തൊക്കീണ്ട് വിശേഷം''.


''വരുണ ഞായറാഴ്ച പെങ്ങളടെ കുട്ടിടെ കല്യാണാണ്. നിങ്ങളെ കണ്ട് പറയണംന്ന് കരുതി ഇരിക്ക്യായിരുന്നു. വഴീന്ന് പറഞ്ഞൂന്ന് കരുതണ്ടാ. കാര്‍ഡുംകൊണ്ട് ഞാന്‍ വീട്ടിലിക്ക് വരുണുണ്ട്''. 


''അതൊന്നും സാരൂല്യാടാ കുട്ട്യേ. ഞാന്‍ എത്തിക്കോണ്ട്''.


''അത് പറഞ്ഞാ പറ്റില്ല. നിങ്ങളടെ കയ്യിന്ന് വെള്ളം വാങ്ങികുടിച്ചിട്ടാ എന്‍റെ അപ്പന്‍ മരിച്ചത്''.


ഉള്ളിലൊരു പിടച്ചില്‍ അനുഭവപ്പെട്ടു. നാല്‍പ്പത്തിനാലുകൊല്ലം മുമ്പുള്ള ഒരു സന്ധ്യാസമയം.  ലോഡുമായി വരികയാണ്. രാമേട്ടനാണ് ഡ്രൈവര്‍. പതിനെട്ട് വയസ്സിലെത്തുന്ന കുഞ്ഞഹമ്മദ് ക്ലീനര്‍. രാമേട്ടന്‍ അന്ന് വലിയ സന്തോഷത്തിലാണ്. രണ്ട് ആണ്‍കുട്ടികള്‍ക്കുശേഷം ഉണ്ടായ മകളുടെ ചോറൂണാണ് വരുന്നത്. വണ്ടിയില്‍നിന്ന് ഇറങ്ങിയാല്‍ പിറ്റേദിവസം ഗുരുവായൂരിലേക്ക് ചെല്ലണം. കുട്ടിയുടെ ചോറൂണ്‍ നടത്തണം. പിന്നീം കുറെകഴിഞ്ഞിട്ട് മുടിമുറിക്കാന്‍ പഴിനീലിക്കൊരു യാത്ര. കരിവണ്ടീല് പോവാന്‍ നല്ല രസാണ്. നീയും പോന്നോടാ കുഞ്ഞാ. സന്തോഷം നിറഞ്ഞ സംഭാഷണം പെട്ടെന്ന് ഭീതികലര്‍ന്നതായി.


''കുഞ്ഞാ. വണ്ടി ചവിട്ട്യാല്‍ നില്‍ക്കിണില്ലാടാ'' രാമേട്ടന്‍ പറഞ്ഞപ്പോള്‍ പേടിച്ചു പോയി.


''ഇന്യേന്താ ചെയ്യാ'' ചോദ്യമോ വിതുമ്പലോ പുറത്തുവന്നത്.


''നീ റെഡ്യായി നിന്നോ. പാകംപോലെ സ്ഥലംകാണുമ്പൊ ഞാന്‍ പറയും. ആ സമയത്ത് നീ ചാടിക്കോ''.


''അപ്പൊ നിങ്ങളോ''.


''വണ്ടി വിട്ടിട്ട് ഡ്രൈവറ് ചാടാന്‍ പാടില്ല. ഞാന്‍ എവടേങ്കിലും മുട്ടിച്ച് നിര്‍ത്തും''.


''നിങ്ങളെ വിട്ടിട്ട് ഞാന്‍ ചാടില്ല''.


''മര്യാദയ്ക്ക് ഞാന്‍ പറഞ്ഞത് കേട്ടോ. അല്ലെങ്കില്‍ നിന്‍റെ ചെകിടത്തൊന്ന് ഞാന്‍ പൊട്ടിക്കും''.


പിന്നെ തര്‍ക്കിക്കാന്‍ നിന്നില്ല. രാമേട്ടന്‍ പറഞ്ഞതും വണ്ടിയില്‍നിന്ന് അകലേക്ക് ചാടി. നനഞ്ഞുകുതിര്‍ന്ന മണ്ണില്‍ വീണതുകാരണം യാതൊന്നും പറ്റിയില്ല . എഴുന്നേറ്റ് ലോറിയുടെ പുറകെ ഓടി. അടുത്ത വളവില്‍വെച്ച് വണ്ടി കലുങ്ക് തകര്‍ത്ത് താഴേക്ക് വീഴുന്നത് കണ്ടു. ഓടി അടുത്തുചെന്നു. ലോറികിടക്കുന്ന ദിക്കിന്ന് വലിയ താഴ്ചയൊന്നും ഉണ്ടായിരുന്നില്ല. ഒരു ചാട്ടത്തിന്ന് വണ്ടിയുടെ അടുത്തെത്തി.


ഡോര്‍തുറന്ന് അകത്തുകയറി. രാമേട്ടന്‍ സ്റ്റിയറിങ്ങിലമര്‍ന്ന് ഇരുപ്പാണ്. ഒന്നും ചെയ്യാനാവുന്നില്ല. രാമേട്ടന് എന്തോ പന്തികേട് തോന്നി. വലിയ കുപ്പിയിലാക്കി തുണികൊണ്ടുപൊതിഞ്ഞ് കുടിക്കാന്‍വെച്ച വെള്ളമുണ്ട്. ഭാഗ്യത്തിന് കുപ്പികളൊന്നും  പൊട്ടിയിട്ടില്ല. അടപ്പ് തുറന്ന് ഉള്ളംകയ്യില്‍ വെള്ളമെടുത്ത് ആ ചുണ്ടുകളോട് ചേര്‍ത്തുപിടിച്ചു. രണ്ടോ മൂന്നോ തവണ വെള്ളം അകത്താക്കിയിട്ടുണ്ടാവും. പിന്നെയത് കയ്യില്‍നിന്ന് താഴെ ഇറ്റിറ്റ് വീണു.


''മൂപ്പര് നമ്മടെ ഉസ്താദായിരുന്നു. പതിനെട്ട് തികഞ്ഞാല്‍ ലൈസന്‍സ് എടുക്കാടാ എന്ന് പറഞ്ഞിരുന്നതാണ്. യോഗൂല്യാതെ പോയി''.


''അപ്പന്‍ നിങ്ങളെ മൂത്തമകനെപ്പോല്യാ കരുതീരുന്നത്''.


ആ സ്നേഹം നല്ലോണം അറിഞ്ഞതാണ്. അതാണ് പൊടിമക്കള് വലുതായി കരപിടിക്കിണവരെ പറ്റുണവിധത്തിലൊക്കെ സഹായിച്ചത്. ഇപ്പൊ ഇതാ കുട്ടിടെ കല്യാണാണ്. എന്തെങ്കിലും കൊടുക്കണം. എന്താ അതിനൊരു വഴി.


''എന്താ കുഞ്ഞിക്കാ ആലോചിക്കിണത്''.


''ഒന്നൂല്യാ. കല്യാണത്തിന് എന്തെങ്കിലും വഴി കണ്ടിട്ടുണ്ടോടാ കുട്ട്യേ''.


''ദൈവം സഹായിച്ച് ഇപ്പൊ ബുദ്ധിമുട്ടൊന്നൂല്യാ. എല്ലാം ഒരുക്കീട്ടിണ്ട്''   കുഞ്ഞിക്കണ്ണന്‍ പറഞ്ഞു ''ഇല്ലാത്തകാലത്ത് നിങ്ങള് നല്ലോണംതന്നിട്ടുണ്ട്. ചത്താലും അതൊന്നും ഞങ്ങള് മറക്കില്ല''.


''ബുദ്ധിമുട്ടുണ്ടെങ്കില്‍ പറയ്. എന്തെങ്കിലും വഴീണ്ടോ നോക്കട്ടെ''. പെട്ടെന്ന് കുഞ്ഞിക്കണ്ണന്‍ ആ മനുഷ്യന്‍റെ കയ്യില്‍ കടന്നുപിടിച്ചു.


''നോക്കിന്‍. നിങ്ങള് കുഞ്ഞിക്ക്യല്ല. ഞങ്ങടെ സ്വന്തം എളേപ്പനാ. എന്‍റെ അമ്മേനെ ആസ്പത്രീലാക്ക്യേപ്പൊ നിങ്ങളും വീട്ടുകാരീംകൂടി വന്നത് മറക്കാന്‍ പറ്റില്ല. അന്ന് കഴുത്തില്‍ കെടക്കിണ മാല ഊരിതന്നിട്ട് വിറ്റ് കാശെടുത്ത് ചികിത്സിക്കാന്‍ പറഞ്ഞുപോയ ആളാണ് ഞങ്ങളടെ ഉമ്മ. നൂറുജന്മം വീട്ട്യാലും ആ കടം തീരില്ല''.


''സാരൂല്യാടാ മകനെ. അത് പടച്ചോന്‍ നിശ്ചയിച്ച കാര്യാണ്''.


''ഞാന്‍ വീട്ടില്‍കൊണ്ടാക്കാം''.


''വേണ്ടാ. നിനക്ക് നൂറുകൂട്ടം പണീണ്ടാവും. അത് നടക്കട്ടെ''. അയാള്‍ മെല്ലെ നടന്നുതുടങ്ങി.


()()()()()()()()()()


അമ്പലക്കമ്മിറ്റി മീറ്റിങ്ങ് അടുത്തൊന്നും തീരുന്നലക്ഷണമില്ല. നമുക്ക് തിരിച്ചുപോവാമെന്ന് പ്രൊഫസര്‍ പറഞ്ഞത് നന്നായി. വീടെത്തിയതും ഭക്ഷണം കഴിച്ചു. നേരത്തെകിടക്കാം. രാവിലെ നേരത്തെ അളിയന്‍റെ വീട്ടിലേക്ക് പോവാനുള്ളതാണ്. ശ്രീധരമേനോന്‍ കിടപ്പുമുറിയിലേക്ക് നടന്നു. താഴെ സ്വീകരണമുറിയില്‍നിന്ന് ടി.വി.യുടെ ശബ്ദം ഉയര്‍ന്നു വരുന്നുണ്ട്.


അളിയനെ കാണാന്‍ ചെന്നിട്ട് മാസം മൂന്ന് കഴിഞ്ഞു. സുഖമില്ലാതെ കിടക്കുകയാണെങ്കിലും പെരുമാറ്റത്തില്‍ ഒരുമാറ്റവുമില്ല. മനുഷ്യനെ വെറുപ്പിക്കുന്ന മട്ടിലേ അളിയന്‍ പെരുമാറൂ. വെറുതെയല്ല ആരും അങ്ങോട്ട് ചെല്ലാത്തത്.


പാവം അനിയത്തി. എത്ര സൌന്ദര്യമുള്ള ആളായിരുന്നു അവള്‍. എല്ലാം പോയി. ഇപ്പോള്‍ പടുവൃദ്ധയായതുപോലെ തോന്നുന്നുണ്ട്. അവള്‍ അനുഭവിച്ച സങ്കടങ്ങള്‍കൊണ്ടാവും അങ്ങിനെയായത്.


അവള്‍ക്ക് സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാവാനിടയില്ല.  . ട്രഷറിയില്‍ ഉദ്യോഗസ്ഥനായിരുന്നതുകൊണ്ട് അളിയന് പെന്‍ഷന്‍ കിട്ടുന്നുണ്ട്. ഭേദപ്പെട്ട കുടുംബസ്വത്തുമുണ്ട് അതിനുപുറമെയാണ് ടീച്ചറായിരുന്ന അനിയത്തിക്ക് കിട്ടുന്ന പെന്‍ഷന്‍. എങ്കിലും എല്ലാം പണംകൊണ്ട് മാത്രം ആവില്ലല്ലോ. 


അളിയന്‍റെ അവസ്ഥ തീരെവഷളായിട്ടുണ്ട് എന്ന് ഏട്ടനാണ് അറിയിച്ചത്. മുമ്പെന്നോ ഏട്ടനെ അളിയന്‍ വീട്ടില്‍നിന്ന് അപമാനിച്ച് ഇറക്കിവിട്ടു.  അതിനുശേഷം ഏട്ടന്‍ ആ വീട്ടിലേക്ക് ചെല്ലാറില്ല. എങ്കിലും രണ്ടോ മൂന്നോ ദിവസങ്ങള്‍ കൂടുമ്പോള്‍ അനിയത്തിയെ വിളിച്ച് വിവരങ്ങള്‍ അറിയും. ഇതുവരെ തനിക്കങ്ങിനെ ചെയ്യാന്‍ തോന്നിയില്ലല്ലോ എന്ന കുറ്റബോധം ശ്രീധരമേനോന് തോന്നി. സ്വന്തം അവസ്ഥതന്നെ പരിതാപകരമാവുമ്പോള്‍ മറ്റുള്ളവരുടെ വിവരങ്ങള്‍ അറിയാന്‍ തോന്നില്ലല്ലോ.


ഏതായാലും ഏട്ടന്‍ പറഞ്ഞതുപോലെ നാളെത്തന്നെ അളിയനെ കാണണം. ആവശ്യമെങ്കില്‍ ഡോക്ടറെകാണിക്കണം. വീട്ടില്‍ വിവരം പറഞ്ഞിട്ടുണ്ട്. ഇവിടെനിന്ന് ആരും വരില്ല. അതുകൊണ്ടുതന്നെ ഒപ്പം വരുന്ന്വോ എന്ന് ഭാര്യയോട് ചോദിച്ചതുമില്ല. അവള്‍ സപ്തതി ആഘോഷത്തിന്ന് ചെല്ലട്ടെ. താന്‍ അനിയത്തിയുടെ അടുത്തേക്കും. ഉറക്കമെത്തുന്നതും കാത്ത് ശ്രീധരമേനോന്‍ കിടന്നു. 


അദ്ധ്യായം - 7.


ചാക്കോ റോഡിലെത്തുമ്പോള്‍ കുഞ്ഞഹമ്മദ് എത്തിയിട്ടില്ല. സധാരണ അയാളാണ് ആദ്യം എത്താറ്. ലോറിപ്പണീക്ക് പോവുന്നു എന്ന് ഇന്നലെ പറഞ്ഞതാണ്. പോയി കാണുമോ എന്നറിയില്ല. ബസ്സ് വരുന്നതുവരെ കാത്തുനിന്നേക്കാം. 


അകലെനിന്ന് ബീഡികത്തിക്കുന്ന വെളിച്ചം കണ്ടു. സായ്‌വിന്ന് അത് കൂടാതെ പറ്റില്ല. എന്നിട്ട് കുത്തുകുത്തി ചുമയ്ക്കാന്‍ തുടങ്ങും. ഈ ശീലം നിര്‍ത്താന്‍ എത്രതവണ പറഞ്ഞതാണ്. കേള്‍ക്കണ്ടേ.


''ഇന്ന് എന്നാ പറ്റി. ഇത്രവൈകാന്‍'' കൂട്ടുകാരന്‍ അടുത്തെത്തിയപ്പോള്‍ ചാക്കോ ചോദിച്ചു.


''ഉറക്കത്തില്‍പ്പെട്ടു. സമയം അറിഞ്ഞില്ല'' കുറച്ചുദിവസങ്ങള്‍ക്കുശേഷം മനസ്സമാധാനത്തോടെ ഉറങ്ങിയത് ഇന്നലെയാണ്. അതാണ് ഉറക്കത്തില്‍ പെട്ടുപോയത്. രണ്ടുപേരും നടന്നുതുടങ്ങി.


''അച്ചായോ. എന്താ നിങ്ങടെ വീട്ടുകാരീം ആ ദാമോധരന്‍റെ കെട്ട്യോളൂം തമ്മിലൊരു വര്‍ത്താനം''. വിവരങ്ങള്‍ കൂട്ടുകാരന്‍ അറിഞ്ഞിരിക്കുന്നു. ഇനി മറച്ചുവെക്കാന്‍ നോക്കിയിട്ട് കാര്യമില്ല. ചാക്കൊ മനസ്സില്‍ കരുതി.


''ദാമോധരന്‍റെ കെട്ട്യോള് അഞ്ചാറ് കോഴി വളര്‍ത്തുന്നുണ്ട്. എന്‍റെ കെട്ട്യോള് ഇട്ടാവട്ട സ്ഥലത്തില്‍ കുത്തീട്ട വെണ്ട കോഴി ചെനക്കി കേടുവരുത്തി. അതാ പ്രശ്നം''.


''നിങ്ങടെ വീട്ടുകാരി അവളെ പറയാന്‍ പാടില്യാത്തത് പറഞ്ഞൂന്നാ കേട്ടത്''. ചാക്കോവിന്ന് മറുപടി ഇല്ലായിരുന്നു. എവിടെ താമസിച്ചാലും നാലുദിവസംകൊണ്ട് മേരിക്കുട്ടി അയല്‍പക്കക്കാരെ വെറുപ്പിക്കും.


''എന്താ വേണ്ടത് എന്ന് എനിക്കറിയില്ല. എവിടെ പോയാലും അവള്‍ ഇങ്ങിനെത്തന്നെ. ആ ചേട്ടത്ത്യാരുടെ വായില്‍നാവ് കൊള്ളില്ലാ എന്ന ചീത്തപ്പേര് പത്തുദിവസംകൊണ്ട് ഉണ്ടാക്കിക്കോളും''.


''നിവൃത്തീല്യാ. പെണ്ണുങ്ങള് ഒതുങ്ങികഴിഞ്ഞില്ലെങ്കില്‍ ആണുങ്ങള്‍ക്ക് മനസ്സമാധാനം കിട്ടില്ല''.  


''ചിലസമയത്ത് എനിക്ക് തോന്നാറുണ്ട്. കള്ളുകുടിച്ചുവന്ന് മിണ്ടിയാല്‍ കുത്തിനുപ്പിടിച്ച് പെരുമാറുന്ന ആണുങ്ങളുടെ പെണ്ണുങ്ങള് മര്യാദയ്ക്ക് അടങ്ങി ഒതുങ്ങികഴിയും. നമ്മളെപ്പോലെ മര്യാദക്കാരുടെ പെണ്ണൂങ്ങളാ വിളച്ചില് കൂടുതല്‍ എടുക്കാറ്''.


''നൂറാള് ആയിരം വിധത്തിലല്ലേ അച്ചായോ''.


''എന്നാലും ഇങ്ങിനെയുണ്ടോ ഒരു സ്വഭാവം. ഒരുദിവസം അങ്ങാടീന്ന് തെങ്ങ് കേറാന്‍പോവുന്ന രാമന്‍കുട്ടി എന്നെ ഉദ്ദേശിച്ച് എന്താ പറഞ്ഞത് എന്നറിയണോ നിങ്ങള്‍ക്ക്. അവന്‍ പറയുവാ, എന്‍റെ  ഈശ്വരോ. ഈ നാട്ടില് ചിലരടെ കെട്ട്യോളുമാരുണ്ട്. ചൊട്ടച്ചാണ് നീളേ ഉള്ളൂച്ചാലും ഡൈനാമിറ്റ് പൊട്ടുണപോലത്തെ സാധനങ്ങള്. കയ്യിന് ബലൂല്യാത്ത കെട്ട്യോന്മാരാവുമ്പൊ പെണ്ണുങ്ങള് കണ്ടോന്‍റെ കയ്യിന്ന് അടിവാങ്ങുംന്ന്''.


''അതെന്താ അവന്‍ അങ്ങനെ പറയാന്‍''.


''അയല്‍വക്കത്തെ തൊടീല് അവന്‍ നാളികേരം ഇടുമ്പൊ ഒന്ന് തെറിച്ച് വന്നുവീണത് നമ്മടെ മുറ്റത്ത്. അതിന് അവനെ പറയാന്‍ ഇനിയൊന്നും ബാക്കിയില്ല. അവനെ തെറിയില്‍ മുക്കിക്കിടത്തി എന്നാകേട്ടത്. അതിന്‍റെ ചൊരുക്കാണ് അവന്‍ കാണിച്ചത്''.


കുഞ്ഞഹമ്മദിന്ന് ചിരിവന്നു. അച്ചായന് തന്നെ അധികം ഉയരമില്ല. കൂടി വന്നാല്‍ അഞ്ചേകാലടി കാണും. അതിനൊത്ത ശരീരവും. ചേട്ടത്ത്യാര്‍ക്ക് രണ്ടോ മൂന്നോ ഇഞ്ച് കുറവുകാണും. മെലിഞ്ഞ ശരീരഘടനയും. പക്ഷെ  ഈ കുറവുകള്‍ പരിഹരിക്കാന്‍ മാത്രമുള്ള വായില്‍നാവുണ്ട്.


''അതൊക്കെ വെറുതെ പറഞ്ഞതാവും. എന്തൊക്കെ വന്നാലും അന്യന്‍റെ പെണ്ണിനെ ആരും തല്ലില്ല'' കുഞ്ഞഹമ്മദ് ആശ്വസിപ്പിച്ചു.


''സായ്‌വേ, നിങ്ങള്‍ എന്തറിഞ്ഞിട്ടാ ഈ പറയുന്നേ. അതും ഉണ്ടായിട്ടുണ്ട്'' ചാക്കോ പറഞ്ഞു ''ഇരിക്കുന്ന വീട് വിറ്റതിന്നുശേഷം ആറാമത്തെ വീടാ ഇത്. എവിടെ ചെന്നാലും എന്തെങ്കിലും കുഴപ്പം ഉണ്ടാക്കും. ഉടമസ്ഥന്‍ ഒഴിയാന്‍ പറയും. നാലാമത് ഇരുന്നത് അഞ്ചുകുടംബങ്ങള്‍ പാര്‍ക്കുന്ന ഒരു ലൈന്‍ ബില്‍ഡിങ്ങിലാണ്. ഒരുദിവസം അതിലാരേയോ കാണാന്‍ വന്ന ആള്‍ മുറ്റത്തുനിന്ന് ബീഡിവലിച്ച് കുറ്റി അവിടെയിട്ടു. അവനെ എന്‍റെ കെട്ട്യോള് എന്തോ വേണ്ടാതീനംപറഞ്ഞു. അവന്‍ അവള്‍ക്ക് രണ്ട് പൊട്ടീരും കൊടുത്തു'' 


''അയ്യയ്യോ. എന്നിട്ട് കേസും കൂട്ടൂം ആയില്ലേ''.


''പൊലീസ് സ്റ്റേഷനില്‍ പരാതികൊടുത്തു. അവര് അടുത്തുള്ളവരുടെ മൊഴിയെടുത്തു. അങ്ങിനെ ഒരു സംഭവം കണ്ടില്ല എന്ന് എല്ലാവരും ഒരുപോലെ പറഞ്ഞു. അതോടെ കേസ്സ് പൊളിഞ്ഞു''.


'' നിങ്ങടെ വീട്ടുകാരുമായിട്ട് ഭാര്യ എങ്ങന്യാ''.


''അത് ഇതുവരെ കേട്ടതിന്‍റെ അപ്പനാണ്'' ചാക്കോ വിസ്തരിക്കാന്‍ തുടങ്ങി. രണ്ടുമക്കളായതോടെ എന്‍റെ വീട്ടില്‍നിന്ന് വീതം വാങ്ങാന്‍ ആവശ്യപ്പെട്ട് മേരിക്കുട്ടി മുറുമുറുപ്പുതുടങ്ങി. വീട്ടിലെ അവസ്ഥ എനിക്കല്ലേ അറിയൂ. ഞങ്ങള് ഒമ്പത് മക്കളാണ്. മൂത്തത് മൂന്നെണ്ണം പെണ്ണ്. പിന്നെ ഉള്ളത് മൂന്ന് ചേട്ടന്മാരും ഞാനും രണ്ട് അനുജന്മാരും. എന്‍റെ രണ്ട് ചേട്ടന്മാര്‍ക്ക് റബ്ബര്‍ ടാപ്പിങ്ങിണാണ് പണി. ഒരാള്‍ മേക്കാട്ട് പണിക്ക് പോവുന്നു. ഒരനുജന്‍ മോട്ടോര്‍ സൈക്കിള്‍ വര്‍ക്ക്ഷോപ്പിലും മറ്റേ അനുജന്‍ തുണിക്കടേലും  പണി ചെയ്യുന്നു''.  


''അപ്പൊ നിങ്ങള്‍ക്ക് മാത്രേ ശരിക്കൊരു പണീള്ളൂ അല്ലേ''.


''അതെ. ചേടത്തിമാരെ കെട്ടിച്ചുവിട്ടതോടെ എന്‍റെ വീട്ടില്‍ ആകപ്പാടെ ഗതികേടായി. അപ്പോഴാണ് വീതംവാങ്ങാനുള്ള നിര്‍ബ്ബന്ധം ഉണ്ടായത്. തീരെ തോറ്റപ്പോള്‍ ഞാന്‍ വീതംചോദിച്ചു''.


''എന്നിട്ട് തന്ന്വോ അവര്''.


''തന്നു. അതോടെ കുടുംബത്തിന്ന് എന്നെ ഒഴിവാക്കി. എന്‍റെ രണ്ട് മക്കളുടെ കല്യാണത്തിനും കൂടപ്പിറപ്പുകള്‍ പങ്കെടുത്തില്ല''.


''എന്നാലും നല്ലൊരു കാര്യത്തിന്ന് മാറിനില്‍ക്കാന്‍ പാട്വോ''.


''എങ്ങിനേയാ അവരെ കുറ്റപ്പെടുത്തുക. അമ്മാതിരി പണിയല്ലേ ഞാന്‍ ചെയ്തത്. എന്നിട്ടും മൂത്തചേട്ടന്‍ രണ്ടുമക്കള്‍ക്കും ഒരുബന്ധുക്കാരന്‍റെ കയ്യില്‍ ഓരോ പവന്‍ എത്തിച്ചു''.


''എന്നാ പിന്നെ അവരെ കുറ്റം പറയാന്‍ പറ്റില്ല''.


''വീതം കിട്ട്യേ പണംകൊണ്ടാണ് വീട് പണിതത്. അത് കയ്യിന്ന് പോയി''.


''അതെന്താ പറ്റ്യേത്''


''മൂത്തപെണ്ണിനെ കെട്ടിച്ചുവിട്ടതിന്‍റെ ബാദ്ധ്യത തീരുന്നതിന്ന് മുമ്പുതന്നെ ഇളയതിന്‍റെ കല്യാണംവന്നു. ഇരിക്കുന്നവീട് വിറ്റിട്ടാണ് അത് നടത്തിയത്. ബാക്കിവന്ന കാശോണ്ട് നാല്‍പ്പത്തഞ്ച് സെന്‍റ് സ്ഥലം വാങ്ങീട്ടു. അന്നേരം തുടങ്ങിയതാ വാടകവീട്ടിലെ താമസം''. 


''ഇത് വല്ലാത്ത പുലിവാലാണല്ലോ. ഇനിയെന്താ ചെയ്യാന്‍ ഉദ്ദേശം''


''ഒന്നുകില്‍ ഒറ്റകുത്തിന്ന് ഭാര്യടെ പണി തീര്‍ത്തിട്ട് ജയിലിലേക്ക് പോണം. അല്ലെങ്കിലോ അതിനെയുംകൂട്ടി ആളും മനുഷ്യനും ഇല്ലാത്ത ഏതെങ്കിലും മലടെ മോളില് പോയികൂടണം''.


''വേണ്ടാത്തതൊന്നും ആലോചിക്കണ്ടാ. സമാധാനത്തില് അവരെ പറഞ്ഞ് മനസ്സിലാക്കിന്‍''.


''ജോലിയുണ്ടായിരുന്നപ്പോള്‍ ആ സമയം ചെവിതല കേള്‍ക്കാമായിരുന്നു. പെന്‍ഷനായതോടെ ഇരുപത്തിനാല് മണിക്കൂറും വായില്‍കൊള്ളാത്ത വര്‍ത്തമാനം കേട്ടോണ്ട് കഴിയാറായി''.


''നിങ്ങള്‍ക്ക് ഭാര്യവീട്ടുകാരോട് പറഞ്ഞൂടേ''.


''നല്ല കാര്യം. അവളുടെ അപ്പന്‍ ജീവിച്ചിരുന്നപ്പോള്‍ ജയിലില്‍ കിടക്കാനേ സമയം ഉണ്ടായിരുന്നുള്ളു''.


''എന്തിനാ ജയിലില്‍ കിടന്നത്''.


''ഒന്നുകില്‍ മോട്ടിച്ചതിന്ന്. അല്ലെങ്കില്‍ അടിപിടി കൂടിയതിന്ന്. കര്‍ത്താവ് അനുഗ്രഹിച്ച് അഞ്ചെട്ടുകൊല്ലംമുമ്പ് അസുഖംവന്ന് അയാളങ്ങ് ചത്തു''.


''അപ്പൊ അമ്മ''.


''അമ്മച്ചി ഇവളേക്കാള്‍ തറപാര്‍ട്ടിയാണ്. വായ പൊളിച്ചാല്‍ വേണ്ടാതീനം മാത്രമേ വരൂ''.


''ഭാര്യടെ കൂടപ്പിറപ്പ്വേളോ''.


''രണ്ട് ചേട്ടന്മാരുണ്ട്. ഒരുപണിക്കും പോവില്ല. കൊട്ടേഷനെടുത്ത് വണ്ടി പിടിക്കാനും ആരേയെങ്കിലും വെട്ടാനും പോവും. അതാണ് അവരുടെ ജീവിതമാര്‍ഗ്ഗം''.


''എന്തിനാ അങ്ങിന്യൊരു കുടുംബത്തിന്ന് പെണ്ണെടുത്തത്''.


''ഒന്നും പറയണ്ടാ. പറ്റിപ്പോയി. അപ്പച്ചന്‍റെ വകേല് ഒരു സഹോദരന്‍ കൊണ്ടുവന്ന ആലോചനയാ. എനിക്ക് പൊക്കം കുറവാണ്. അതിന്ന് യോജിച്ച പെണ്ണാണ് എന്നു പറഞ്ഞിട്ട് കൊണ്ടുവന്നതാ. ഇങ്ങിനത്തെ ആള്‍ക്കാരാണെന്ന് അറിഞ്ഞില്ല''.


''അപ്പൊ അവരടെ അടുത്ത് പറഞ്ഞിട്ട് കാര്യൂല്യാ''.


''എന്നെക്കുറിച്ച് അവള് പരാതി പറയാതിരുന്നാ മതി. അല്ലെങ്കില്‍ രണ്ടും കൂടി എന്നെ കൊന്ന് കുഴിച്ചുമൂടും''. 


''നിങ്ങള് വാങ്ങ്യേസ്ഥലത്ത് ഒരുവീട് തട്ടിക്കൂട്ടിന്‍. അവടെ അയല്‍പ്പക്കം എന്ന് പറയാന്‍ ആരൂല്യല്ലോ. തമ്മില്‍ത്തല്ല് കൂടാണ്ടെ കഴിയാലോ''.


''അതുതന്നെയാണ് എന്‍റെ മനസ്സില്‍. പ്രൊവിഡണ്ട് ഫണ്ടും ഗ്രാറ്റുവിറ്റീം കിട്ടാറായി. അത് കിട്ടിയ ഉടനെ വീടുപണി തുടങ്ങും''.


''വലിയ നിലയിലൊന്നും പോണ്ടാ. നിങ്ങള് രണ്ടാളല്ലേ ഉള്ളൂ. ചെറുക്കനെ ഒരു വീടുമതി''. 


''അതുതന്നെയാണ് ഉദ്ദേശം മേരിക്കുട്ടിടെ വായിന്‍റെ ഗുണംകൊണ്ട് വീട്ടില്‍ നിന്ന് ഇറക്കിവിടുംമുമ്പ് എന്തെങ്കിലും ചെയ്യണം''. കുഞ്ഞഹമ്മദ് ഒന്നും പറഞ്ഞില്ല. ചാക്കോയും മിണ്ടാതെ നടന്നു.


''ജീവിതം ഇങ്ങിനെയൊക്കെ ആവും എന്ന് അറിയാമായിരുന്നെങ്കില്‍ പെണ്ണ് കെട്ടത്തില്ലായിരുന്നു. പറഞ്ഞിട്ടെന്താകാര്യം. സംഭവിക്കേണ്ടത് സംഭവിച്ചു'' അല്‍പ്പനേരത്തിന്നുശേഷം ചാക്കോ മൌനം മുറിച്ചു.


''അച്ചായോ, നിങ്ങള് ഇതന്നെ മനസ്സില്‍കൊണ്ടുനടക്കണ്ടാ. വേറെവല്ലതും  ആലോചിക്കിന്‍'' കുഞ്ഞഹമ്മദ് ആശ്വസിപ്പിച്ചു.


''എന്തായി നിങ്ങളുടെ കാര്യങ്ങള്‍. മകനെ വിളിച്ച് സംസാരിച്ചോ''.


''ഉവ്വ്''. കുഞ്ഞഹമ്മദ് എല്ലാ കാര്യങ്ങളും വിസ്തരിച്ചു.


''രണ്ടുമക്കളില്‍ ഒന്ന് ആണായാല്‍ ഇപ്പോഴത്തെ അവസ്ഥ ഉണ്ടാവില്ല എന്ന് എനിക്കും തോന്നാറുണ്ട്''.


''മക്കള് ആണായാലും പെണ്ണായാലും ഒരുപോലെത്തന്നെ. രണ്ട് കൂട്ടരിലും നല്ലതൂണ്ട്, ചീത്തീണ്ട്''.


''എന്നാ നിങ്ങള് പണിക്ക് കേറ്വാ''.


''വിവരം കിട്ടീട്ടില്ല. ഇന്നറിയും''.


''ടൌണിലെ ഏതെങ്കിലും വര്‍ക്ക്ഷോപ്പില്‍ പണികിട്ടുമോ എന്ന് ഞാനും നോക്കുന്നുണ്ട്. നാട്ടില് ബസ്സും ലോറീം ഇഷ്ടംപോലെ ഉണ്ടല്ലോ. അപ്പോള്‍ പണി കാണും''.


''ഞാനൊന്ന് ലോറില്‍ കേറട്ടെ. നല്ല വര്‍ക്ക്ഷോപ്പ് നോക്കി നിങ്ങളെ കേറ്റി വിടാം''.


ബസ്സ് സ്റ്റോപ്പിലെത്തിയപ്പോള്‍ കുഞ്ഞഹമ്മദ് ചായപ്പീടികയിലേക്ക് കയറി. ചാക്കോ വീട്ടിലേക്ക് നടന്നു.  


അദ്ധ്യായം - 8.


രാവിലെ എഴുന്നേറ്റ് കുളിയും പുറപ്പാടും കഴിഞ്ഞ് ശ്രീധരമേനോന്‍ അടുക്കളയിലേക്ക് ചെന്നു. ചായകുടി കഴിഞ്ഞതും ഇറങ്ങണം. എട്ടര മണിയ്ക്ക് ബസ്സ് സ്റ്റാന്‍ഡില്‍നിന്ന് അളിയന്‍റെ നാട്ടിലേക്കൊരുബസ്സുണ്ട്. അത് പോയാല്‍ രണ്ടോമൂന്നോ ബസ്സില്‍ മാറിക്കേറേണ്ടിവരും. ഭാര്യയെ അടുക്കളയില്‍ കാണാനില്ല. എന്തെങ്കിലും ഉണ്ടാക്കിയ ലക്ഷണംപോലും കാണുന്നില്ല. രാവിലെ അളിയനെ കാണാന്‍ പോവുന്നവിവരം ഇന്നലെ അവളോട് പറഞ്ഞതാണല്ലോ. നേരെ ഉമ്മറത്തേക്ക് ചെന്നു. ഭാര്യ കയ്യില്‍ പത്രവുമായി കസേലയില്‍ ഇരിപ്പാണ്.


''കഴിക്കാനെന്തെങ്കിലും ഉണ്ടാക്കീട്ടുണ്ടോ'' അയാള്‍ ചോദിച്ചു. 


''ഇല്ല'' ഭാര്യ പത്രത്തില്‍നിന്ന് മുഖമുയര്‍ത്തി ''ഇന്ന് ഞായറാഴ്ച്യല്ലേ. മെല്ലെ മതീന്ന് കരുതി''.


''ഞാന്‍ അളിയന്‍റെ വീട്ടിലിക്ക് പോണൂന്ന് പറഞ്ഞതല്ലേ''.


''പോണൂന്ന് പറഞ്ഞു. എപ്പഴാണെന്ന് പറഞ്ഞില്ല''.


''ഇപ്പൊ പോയാല്‍ അങ്ങോട്ടേക്കൊരു ബസ്സുണ്ടായിരുന്നു''.


''അതെനിക്കറിയില്ല. ഇത്തിരി ഇരിക്കാച്ചാല്‍ ഉണ്ടാക്കിത്തരാം''.


''വേണ്ടാ. ഞാന്‍ ഇറങ്ങുന്നു''. റൂമിലേക്ക് ചെന്ന് പേഴ്സെടുത്ത് പുറത്തു വന്നു.


''ഞാന്‍ എത്തുമ്പൊ സന്ധ്യകഴിയും'' ഇറങ്ങുമ്പോള്‍ അയാള്‍ പറഞ്ഞു.


''എപ്പൊ വന്നാലും എനിക്കൊരു വിരോധൂല്യാ'' ഭാര്യ പേപ്പറില്‍നിന്ന് തലയുയര്‍ത്തിയില്ല.


ബസ്സ് സ്റ്റാന്‍ഡിലെത്തുമ്പോള്‍ നേരം എട്ടുകഴിഞ്ഞു. എവിടെനിന്നെങ്കിലും ഭക്ഷണം കഴിക്കണം. അളിയന്‍റെ വീടെത്തുമ്പോള്‍ പത്തുമണി കഴിയും. തൊട്ടടുത്ത വെജിറ്റേറിയന്‍ ഹോട്ടലില്‍ കയറി.


''എന്നാ സാര്‍, നെയ്റോസ്റ്റ്, മസാല്‍ റോസ്റ്റ്, വെങ്കായറോസ്റ്റ്'' വെയിറ്റര്‍ ആവശ്യം അന്വേഷിച്ചു. ഈ പറഞ്ഞതൊക്കെ ഉണ്ടാക്കി ഉണ്ടാക്കി കിട്ടാന്‍ സമയമെടുത്തേക്കും.


''ഇഡ്ഡലി, വട മതി. കാപ്പീം വേണം''.


ആഹാരം കഴിച്ച് എത്തുമ്പോഴേക്കും വണ്ടി സ്റ്റാന്‍ഡില്‍ എത്തിയിട്ടുണ്ട്. മിക്കവാറും സീറ്റുകളില്‍ ആളുണ്ട്. വേഗം കയറിയിരുന്നു. പുറപ്പെടും മുമ്പുതന്നെ വണ്ടി നിറഞ്ഞു.


ചെറുതായൊന്ന് മയങ്ങി. കണ്ണ്  തുറന്നപ്പോള്‍ ബസ്സ് തീവണ്ടി പോവാന്‍ ഗെയിറ്റടച്ച് നില്‍പ്പാണ്. ഇനി കഷ്ടിച്ച് മൂന്നോനാലോ കിലോമീറ്ററേയുള്ളു. ചെല്ലുന്നവിവരം അനിയത്തിയെ അറിയിച്ചിട്ടില്ല. പ്രത്യേകിച്ചെന്തെങ്കിലും ഉണ്ടാക്കാന്‍ അവള്‍ കഷ്ടപ്പെടേണ്ട എന്ന് കരുതി.


ബസ്സിറങ്ങിയതും ഓട്ടോറിക്ഷ വിളിച്ചു. ഒരുകിലോമീറ്ററിലേറെ ദൂരം പോവാനുണ്ട്. ഇളവെയില്‍ കൊണ്ടുനടന്ന് അസുഖം വരുത്തണ്ടാ.


ഓട്ടോവില്‍ നിന്നിറങ്ങി പണം കൊടുത്ത് പറഞ്ഞയച്ചു. നരച്ച കാവിമുണ്ടു പോലെയുള്ള മണ്ണില്‍ കായപിടിക്കാത്ത നാലഞ്ച് തെങ്ങുകളുണ്ട്. വൃഥാവിലായജീവിതത്തെക്കുറിച്ചോര്‍ത്ത് ആ പാറ്റത്തെങ്ങുകള്‍ മേലോട്ട് നോക്കി വിലപിക്കുകയാവും. ആ നിമിഷം അനിയത്തിയുടെ മുഖം മനസ്സിലെത്തി. പാവം. കായ പിടിക്കാത്ത ഈ തെങ്ങുകളെപ്പോലെയല്ലേ അവളും. കാളിങ്ങ് ബെല്ലടിച്ചു. വാതില്‍ തുറന്നത് അനിയത്തിയാണ്. അവളുടെ മുഖത്ത് അത്ഭുതം വിരിഞ്ഞു.


''ചെറ്യേട്ടന്‍'' അവള്‍ പടവുകളിറങ്ങി അടുത്തെത്തി.


''മോളേ. മോഹനന് എങ്ങനീണ്ട്'' അയാള്‍ ചോദിച്ചു.


''ചെയ്തുകൂട്ട്യേപാപം അനുഭവിച്ചുതീരാന്‍ കിടക്ക്വായിരിക്കും. അല്ലാതെ ഒന്നും പറയാനില്ല'' അവളുടെ പുറകെ അളിയന്‍ കിടക്കുന്ന മുറിയിലേക്ക് ചെന്നു. സീലിങ്ങിലേക്ക് കണ്ണുംനട്ട് അളിയന്‍ അനങ്ങാതെ കിടക്കുകയാണ്. വെളുത്തപ്പുതപ്പ് നെഞ്ചത്തിട്ടതുപോലെതോന്നിക്കുന്ന അയാളുടെ മാറത്തെ നരച്ചരോമങ്ങള്‍ ഏതോ ഒരുതാളത്തിനനുസരിച്ച് ഉയര്‍ന്നുതാഴുന്നുണ്ട്.


''ചെറ്യേട്ടന്‍ വരൂ'' അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ അനിയത്തി വിളിച്ചു. അവളുടെ പുറകെ ഉമ്മറത്തേക്ക് നടന്നു.


''ഡോക്ടര്‍ എന്താ പറഞ്ഞത് മോളേ'' അയാള്‍ ചോദിച്ചു.


''ഇനിയൊരു ഭേദപ്പെടല്‍ ഉണ്ടാവില്ല. ഹാര്‍ട്ട് ഒഴികെ മറ്റെല്ലാ പ്രധാനപ്പെട്ട ഭാഗങ്ങളുടേം പ്രവര്‍ത്തനംനിന്നു. മരണം  എപ്പൊ വേണച്ചാലും ആവാം '' എത്ര ലാഘവത്തോടെയാണ് ഭര്‍ത്താവിന്‍റെ മരണത്തെക്കുറിച്ച് ഇവള്‍ പറയുന്നത്.


''എന്താ മോളേ ഇത്. നിനക്ക് സങ്കടം തോന്നുണില്ലേ''.


''എന്തിനാ ചെറ്യേട്ടാ. എന്നെ സംബന്ധിച്ച് എന്നോ എന്‍റെ ഭര്‍ത്താവ് മരിച്ചു. ഇപ്പൊ ഉള്ളത് വെറും ഒരുമാംസകഷ്ണം. അതിനോട്  ദേഷ്യോ  സ്നേഹോ ഒന്നും എനിക്ക് തോന്നുണില്ല. പത്തുനാല്‍പ്പത് കൊല്ലം ഒന്നിച്ച് കഴിഞ്ഞതല്ലേ. അതോണ്ട് എന്നെക്കൊണ്ടാവുന്നപോലെ നോക്കുണൂ''.


''ഓരോരുത്തരുടെ യോഗാണ് മോളേ. സമാധാനത്തോടെ ഒരുതുള്ളി വെള്ളം കുടിച്ചകാലം ഞാന്‍ മറന്നു''.


''ചെറ്യേട്ടന്‍റെ കാര്യം ഏട്ടന്‍ പറയാറുണ്ട്. എന്താ ചെയ്യാ. തന്നെക്കാള്‍ വലിയദിക്കിന്ന് പെണ്ണെടുക്കരുത് എന്ന് പറയുണത് വെറുത്യല്ല. ഞാനാ വലുത് എന്ന തോന്നല്‍ ഏടത്ത്യേമ്മയ്ക്ക് ഉണ്ടാവും''.


വില്ലേജ് അസിസ്റ്റന്‍റ് ആയിരുന്ന കാലത്താണ് വിവാഹം നടന്നത്. അന്ന് സുമതി ഡിപ്ലോമ കഴിഞ്ഞ് ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പിന്നീടാണ്  പൊതുമരാമത്ത് വകുപ്പില്‍ അവള്‍ക്ക് ജോലി കിട്ടിയത്. ക്രമേണ വരുമാനത്തിലും പദവിയിലും അവള്‍ മുന്നില്‍കടന്നു. അതോടെ ഭര്‍ത്താവ് വിലയില്ലാത്തവനായി.


''കൈപ്പിടിയില്‍ നിന്ന് വഴുതിപോണൂന്ന് തോന്ന്യേ സമയത്ത് അടക്കി നിര്‍ത്താന്‍ നോക്കണ്ടതായിരുന്നു. അന്നത് ഞാന്‍ ചെയ്തില്ല'' അയാള്‍ നെടുവീര്‍പ്പിട്ടു.


''ഇത്ര ഭംഗീള്ള ചെറ്യേട്ടന് ഇതുപോലെ കാണാന്‍ കൊള്ളാത്ത ഒന്നിനെ വേണ്ടീരുന്നില്ലാന്ന് എനിക്ക് തോന്നീട്ടുണ്ട്. അച്ഛന്‍റടുത്ത് അത് പറയാന്‍ ധൈര്യൂണ്ടായിരുന്നില്ല''.


''അങ്ങിനെ നോക്ക്യാല്‍ നിന്‍റെ കാര്യോ. എത്ര സുന്ദര്യായിരുന്നു എന്‍റെ മോള്. എന്നിട്ട് കിട്ട്യേതോ. ഞാന്‍ അച്ഛന്‍റടുത്ത് ആ കാര്യം പറഞ്ഞതാണ്. ആണുങ്ങളടെ സൌന്ദര്യം ആണത്ത്വാണ് എന്നു പറഞ്ഞ് എന്‍റെ വാക്ക് തള്ളിക്കളഞ്ഞു''.


''ദൈവം കടാക്ഷിച്ച് ഏട്ടന്‍ മാത്രം രക്ഷപ്പെട്ടു. ആ ഏടത്ത്യേമ്മെപ്പോലെ സ്വഭാവഗുണൂള്ള ഒരു സ്ത്രീയെ നടന്ന നാട്ടില് കാണാന്‍ കിട്ടില്ല''.


''എന്‍റെ കാര്യം എങ്ങന്യോ തുലഞ്ഞുപോയ്ക്കോട്ടെ. നിന്നെക്കുറിച്ച് ആലോചിക്കുമ്പഴാ സങ്കടം''.


''ചെറ്യേട്ടാ,ഞാനൊരുകാര്യം പറയട്ടെ. അച്ഛനും അമ്മയ്ക്കും ഒരുമകന്‍ മാത്രായിട്ടുള്ള ആളെ ഒരുപെണ്‍കുട്ടീം കല്യാണം കഴിക്കരുത്. എണതുണ ഇല്യാത്തോരക്ക് അന്യന്‍റെ സങ്കടം മനസ്സിലാവില്ല'' അനിയത്തി നിറഞ്ഞ കണ്ണുതുടച്ചു ''കെട്ട്യേ പെണ്ണിനെ സ്നേഹിക്കാതെ അമ്മടെ കൂട്ടം മാത്രം കേട്ടുനടക്കുണ ആളായാല്‍ ജീവിതം നശിച്ചു. എനിക്കതാ പറ്റ്യേത്''. 


''കല്യാണം കഴിഞ്ഞതോടെ മകന് തന്നോടുള്ള സ്നേഹം കുറഞ്ഞു എന്ന തോന്നല്‍ അമ്മമാര്‍ക്ക് ഉണ്ടാവും എന്നാ കാരണം പറയുണ്. അതോടെ മരുമകളെപ്പറ്റി കുറ്റം പറയാന്‍ തുടങ്ങും''.


''വാസ്തവം. എനിക്കങ്ങിനെ തോന്നീട്ടുണ്ട്. അമ്മ എന്തെങ്കിലും ഏഷണി പറയും. മകന്‍  ഒന്നുംചോദിക്കില്ല. പിന്നെ തല്ലന്നേ. ഒരുപെണ്ണും ഞാന്‍ കൊണ്ടപോലെ തല്ലുകൊണ്ടിട്ടുണ്ടാവില്ല''.


''അത് ചോദിക്കാന്‍ വന്നതിനല്ലേ ഏട്ടനെ അപമാനിച്ച് അയച്ചത്''.


''അതെ.  ഏട്ടന്‍ കൂടെപോരുന്നോ എന്ന് ചോദിച്ചതാണ്. അന്നത് ഞാന്‍ ചെയ്തില്ല. എപ്പഴെങ്കിലും ശര്യാവുംന്ന് കരുതി'' അനിയത്തി പറഞ്ഞു ''ചെറ്യേട്ടന്‍ വന്നിട്ട് ഒന്നും തന്നില്ലല്ലോ. വരൂ. കാപ്പികുടിക്കാം. ഞാനും കഴിച്ചിട്ടില്ല''.


''വേണ്ടാ മോളേ. ഞാന്‍ ഹോട്ടലിന്ന് കഴിച്ചിട്ടാ വന്നത്. ഇപ്പൊ ഒന്നും ചെല്ലില്ല. നീയെന്താ ആഹാരം കഴിക്കാന്‍ ഇത്ര വൈക്യേത്''.


''ഒരാള്‍ക്ക് ഒന്നും വേണ്ടാ. പിന്നെന്തിനാ ഉണ്ടാക്കുണ് എന്ന് തോന്നും. ചില ദിവസം ഏതെങ്കിലും ഒരുനേരത്താ ആഹാരം''.


''കഷ്ടം. വല്ലാത്തൊരു ജീവിതായി എന്‍റെ മോളടെ''.


''ഒരു കുട്ടീണ്ടായാല്‍ ആളടെ മനസ്സ് മാറുംന്ന് കരുതി. അങ്ങിനെ നീ സുഖിക്കണ്ടാന്ന് ഈശ്വരന്‍ വെച്ചു. അമ്മായിയമ്മടെ മച്ചീന്നുള്ള വിളി കേള്‍ക്കാന്‍ യോഗൂള്ളതോണ്ടാവും''.


''നടക്ക്. നീ ഭക്ഷണം കഴിക്കുന്നത് കാണട്ടെ'' അയാള്‍ എഴുന്നേറ്റു. മടിച്ചു മടിച്ച് പെങ്ങള്‍ പുറകെ ചെന്നു. 


ഫ്രിഡ്ജ് തുറന്ന് ചെറിയൊരു പാത്രമെടുത്ത് അവള്‍ അടുപ്പത്ത് വെച്ചു.


''എന്താ ഇതില്'' അയാള്‍ ചോദിച്ചു.


''ഇന്നലെ വെച്ച കഞ്ഞീണ്ട്. എനിക്കത് മതി. ഉച്ചയ്ക്ക് കഴിക്കാന്‍ എന്തെങ്കിലും ഉണ്ടാക്കാം''.


''ചെറ്യേട്ടന്‍ ഒരുകാര്യം ചോദിച്ചാല്‍ മോള് തെറ്റിദ്ധരിക്കരുത്'' അയാള്‍ പറഞ്ഞു ''മോഹനന് എന്തെങ്കിലും പറ്റ്യാല്‍ നിനക്കിവിടെ ആരുണ്ട്''.


''ഉണ്ണാനിരിക്കുമ്പൊ ഒരു പൂച്ചക്കുട്ടി വരും. അതുണ്ട്''.


''മോഹനന് കൂടപ്പിറപ്പില്ലെങ്കിലും വല്യേമ്മടെ മക്കളില്ലേ. അവര് നിന്നെ സഹായിക്കില്ലേ''.


''അതൊക്കെ എന്നോ മുടക്കി''.


''അതെന്താ സംഗതി''.


''ചെറ്യേട്ടന്‍ എന്‍റെ കൂടെ വരൂ'' അനിയത്തി എഴുന്നേറ്റു നടന്നു. വലിയ പുരയിടത്തിന്‍റെ പിന്‍വശത്തേക്ക് അവളുടെ പുറകെ ചെന്നു.


''ചെറ്യേട്ടന്‍ അങ്ങോട്ടൊന്ന് നോക്കൂ'' അവള്‍ കൈചൂണ്ടിയ ഭാഗത്തേക്ക് നോക്കി.  അവിടവിടെ വലിയപാറക്കഷ്ണങ്ങള്‍ പതിച്ചതുപോലെയുള്ള ഒരു മൊട്ടക്കുന്ന്.


''ആര്‍ക്കുംവേണ്ടാത്ത ആ കാണുന്ന അഞ്ചേക്കര്‍ ഭൂമിക്കുവേണ്ടി കേറാത്ത കോടതീല്യാ. നീ നശിച്ചുപോവ്വേള്ളൂന്ന് പറഞ്ഞ് കരഞ്ഞു തൊഴിച്ചിട്ടാണ് അവര് സ്ഥലം വിട്ടുതന്നത്. ആ ശാപം മോഹനേട്ടന് കിട്ടി. അതോട്യാണ് ഓരോന്നോരോന്നായി സൂക്കട് വരാന്‍ തുടങ്ങ്യേത്''.


ഒരേയൊരുപെങ്ങളുള്ളതിന്‍റെ ജീവിതം ഇങ്ങിനെയായല്ലോ എന്ന വിഷമം കടിച്ചമര്‍ത്തിക്കൊണ്ടാണ് തിരിച്ചുപോന്നത്. ഉള്ളില്‍ സങ്കടം പെരുകുകയാണ്. അളിയന്‍റെ കാലംകഴിഞ്ഞാല്‍ ഇവള്‍ അനാഥയാകും. 


അവളെ കൂടെ കൊണ്ടുപോയി നോക്കാമെന്നാഗ്രഹമുണ്ടെങ്കിലും അത് നടക്കില്ല. സ്വന്തം കാര്യം തന്നെ തൃശങ്കുവിലാണ്. അപ്പോള്‍ തനിക്കെന്തു ചെയ്യാനാവും. ഏട്ടന്‍ അവളെനോക്കിക്കോളും. ആ സമാധാനത്തില്‍ അയാള്‍ പെങ്ങളുടെ പിന്നാലെ നടന്നു.


അദ്ധ്യായം - 9.


പതിവിന്ന് വിപരീതമായി കുഞ്ഞഹമ്മദ് ഉച്ചനേരത്ത് നടുനിവര്‍ത്താന്‍ കിടന്നതാണ്. അറിയാതെ ഉറങ്ങിപ്പോയി. പടച്ചോന്‍ സഹായിച്ച് മകളും മരുമകളും ഇന്ന് കലഹിച്ചിട്ടില്ല. ജബ്ബാര്‍ വരുമെന്നും വാടകവീട്ടിലേക്ക് മാറുമെന്നും ഉറപ്പായതുകൊണ്ട് മരുമകള്‍ അടങ്ങികൂടിയതാവും. ആ സമാധാനത്തില്‍ കിടന്നതുകൊണ്ടാവും അറിയാതെ ഉറങ്ങിപ്പോയത്.


ഉമ്മറത്തിണ്ടില്‍ എഴുന്നേറ്റിരുന്നു. വഴിയിലൂടെ കെട്ടുപണിക്കു പോവുന്ന രാജനും കയ്യാളും വരുന്നുണ്ട്. സമയം അഞ്ചരയെങ്കിലും ആവും. 


''പാത്തുമ്മ'' അയാള്‍ ഉറക്കെ വിളിച്ചു ''നേരോത്ര്യായി''.


''അഞ്ചര കഴിഞ്ഞു'' അകത്തുനിന്ന് മറുപടി കിട്ടി. ഇനിയെന്താ വേണ്ടത് എന്ന് ആലോചിച്ചിരുന്നു. കുറച്ചുകഴിഞ്ഞാല്‍ പള്ളിയിലേക്ക് പോണം. ഭാര്യ ചായയുമായി എത്തി.


''കുഞ്ഞാപ്പൂന്‍റെ വിവരോന്നുംകിട്ടീലല്ലോ'' ഒരിറക്ക് ചായ അകത്താക്കി അയാള്‍ പറഞ്ഞു.


''ചെലപ്പൊ അവന് വിവരം കിട്ടീട്ടുണ്ടാവില്യാ. കിട്ട്യാല്‍ അവന്‍ അറിയിക്കാണ്ടെ ഇരിക്കില്ല'' പാത്തുമ്മ മറുപടി നല്‍കി.


''മറ്റന്നാള് ചെക്കനെത്തും. അപ്പഴയ്ക്കും വണ്ടീല്‍ കേറണം. അല്ലെങ്കില്‍ മുടക്കം പറയും''. 


''അത് കാര്യാക്കണ്ടാ. നമുക്കുംജീവിക്കണ്ടേ'' നേരത്തെ ഉണ്ടായിരുന്ന അഭിപ്രായം ഭാര്യ മാറ്റിയിരിക്കുന്നു. ആ നിമിഷത്തിലാണ് വീടിന്നു മുമ്പില്‍ ഒരു ബുള്ളറ്റ് വന്നുനിന്നത്. നോക്കുമ്പോള്‍ കുഞ്ഞാപ്പു.


''വേറൊരു കാര്യൂണ്ടായിരുന്നു. അതാ രാവിലെ വരാഞ്ഞത്'' അയാള്‍ പറഞ്ഞു ''പക്ഷെ അതോണ്ടൊരു ഗുണൂണ്ടായി''. പാത്തുമ്മ ഉള്ളില്‍നിന്ന് കൊണ്ടുവന്ന കസേലയില്‍ കുഞ്ഞാപ്പു ഇരുന്നു.


''എന്തായി കാര്യങ്ങള്‍'' കുഞ്ഞഹമ്മദ് അന്വേഷിച്ചു.


''ലോറീലെ പണി തരപ്പെട്ടു. ശമ്പളൂം ഉറപ്പിച്ചു. അതിന്‍റെ എടേലാണ് എന്നെ ഹാജ്യാര് വിളിച്ചത്''. പടച്ചോനേ, പുലിവാലായോ. അവരൊക്കെ വല്യേ ആള്‍ക്കാരാണ്. മുഖത്തുനോക്കി പറ്റില്ലാന്ന് പറയാന്‍ കഴിയില്ല.


''എന്നിട്ടെന്തായി''.


''ഹാജ്യാരക്ക് നിങ്ങളെ മതി. അപ്പൊ ഞാന്‍ പറഞ്ഞു, ഇത്തിരി കാശിന് ടൈറ്റാണ്, ലോറീല് കേറ്യാ കൂടുതല്‍ കാശ് കിട്ടും, അത് മതീന്നാ നിങ്ങള് പറഞ്ഞതേന്ന് പറഞ്ഞു''.


''എന്നിട്ട് മൂപ്പര് എന്തുപറഞ്ഞു''.


''ലോറിക്കാര് കൊടുക്കുണതില്‍വെച്ച് അഞ്ഞൂറോ ആയിരോ കൂടുതല്‍ കൊടുക്കാന്ന് പറഞ്ഞു. ചെറുപ്പക്കാര് പിള്ളരടേല് വണ്ടികൊടുക്കാന്‍ മൂപ്പര്‍ക്ക് ഇഷ്ടൂല്യാ''. ഉള്ളൊന്ന് തണുത്തു, പടച്ചോന്‍റെ തുണ. 


''രാവിലെ എട്ടര എട്ടേമുക്കാല്‍ ആവുമ്പഴയ്ക്കും നിങ്ങള് ഹാജ്യാരടെ വീട്ടിലെത്തണം. വൈകുന്നേരം അഞ്ചരയ്ക്ക് മടങ്ങിവരാം. ചിലപ്പൊ സമയത്തിന്‍റെ കാര്യത്തില്‍ അങ്ങിട്ടും ഇങ്ങിട്ടും വല്ലമാറ്റൂം ഉണ്ടാവും''.


''അത് സാരൂല്യാ''.


''രാവിലത്തീം ഉച്ചത്തീം ആഹാരം അവിടുന്ന്. രാത്രി വീടെത്ത്വോലോ''.


''എന്നാ പണിക്ക് ചെല്ലണ്ട്''.


''നാളെ രാവിലെ ചെല്ലാന്‍ പറഞ്ഞു''.


''നീ ചെയ്തത് പെരുത്ത് ഉപകാരായെടാ'' അയാള്‍ കുഞ്ഞാപ്പുവിന്‍റെ കയ്യില്‍ പിടിച്ചു. പാത്തുമ്മ കൊടുത്ത ചായകുടിച്ച് കുഞ്ഞാപ്പു എഴുന്നേറ്റു. കുഞ്ഞഹമ്മദ് പടിവരെ ഒപ്പം ചെന്നു. 


()()()()()()()()


ഏഴുമണിക്കാണ് ശ്രീധരമേനോന്‍ തിരിച്ച് ബസ്സ് സ്റ്റാന്‍ഡില്‍ എത്തിയത്. ബസ്സില്‍കയറുംമുമ്പ് അയാള്‍ ഏട്ടനെവിളിച്ച് വിവരങ്ങള്‍ പറഞ്ഞു. 


''ഏത് നിമിഷത്തില്‍ തീരുംന്നേ നോക്കാനുള്ളൂ. ജീവനോടെ കാണണച്ചാല്‍ ഏട്ടന്‍ പോയി കണ്ടോളൂ''.


''വേണ്ടാ. മരിച്ചൂന്ന് വിവരംകിട്ട്യാല്‍ ഞാന്‍ പോവും. അതിനുമുമ്പ് ഇല്ല''


''അനിയത്ത്യേ എങ്കിലും ബോധിപ്പിക്കണ്ടേ''.


''ഞാന്‍ പോയാലാണ് അവള് സങ്കടപ്പെട്വാ. അന്നെന്നെ അയാള്‍ അങ്ങിനെ ആട്ടിവിട്ടതാണ്''.


''അവളത് എന്നോട് പറഞ്ഞു''.


''നീ അമ്മടെ പെറന്നാളിന്‍റെ കാര്യം അവളോട് സൂചിപ്പിച്ച്വോ''.


''ഇപ്പഴത്തെ അവസ്ഥേല്‍ എങ്ങന്യാ പറയ്യാ''.


''അതും ശര്യാണ്. ഞാനും പറഞ്ഞിട്ടില്ല. അതല്ല, അളിയന് വല്ലതും പറ്റ്യാല്‍ അമ്മടെ കാര്യം നടത്താന്‍ പാട്വോ''.


''ഞാനും അത് ആലോചിച്ചു''.


''ഒന്നും പറ്റീലെങ്കില്‍ നടത്ത്വേന്നെ. നീ എല്ലാരേംകൂട്ടി തലേന്ന് എത്തില്ലേ''. എന്താണ് പറയേണ്ടത് എന്നറിയുന്നില്ല. ആരും വരില്ല എന്ന് എങ്ങിനെ പറയും. 


''എന്താ നീ മിണ്ടാത്ത്. അവിടെ വല്ല പ്രശ്നൂണ്ടോ''.


''സുമതിടെ വീട്ടില് അന്നെന്തോ ചടങ്ങുണ്ടേന്ന് പറയുണുകേട്ടു''.


''അപ്പൊ വരില്യാന്ന് സാരം''.


''അതെ''.


''ശരി. നീയോ''.


''ഞാന്‍ തലേദിവസം എത്തും''.


''അവളുടെ വീട്ടിലെ ചടങ്ങിന് ചെല്ലണംന്ന് പറയില്യേ''.


''പറഞ്ഞു. എനിക്ക് അമ്മടെ പിറന്നാളിന്ന് പോണംന്ന് ഞാനും പറഞ്ഞു''.


''എല്ലാവടീണ്ട് കല്ലുകടി''.


''ഇന്ന് സുമതിടെ വല്യേമ്മടെ മകളടെ ഷഷ്ടിപൂര്‍ത്തി ആണത്രേ. അങ്ങോട്ട് പോണംന്ന് എന്നോട് പറഞ്ഞു. വയ്യാതെ കിടക്കുണ അളിയനെ കാണാന്‍ പോവ്വാണെന്ന് ഞാനും പറഞ്ഞു''.


''കഴിയുണതും യോജിച്ചുപോവാന്‍ നോക്ക്വാ. മനുഷ്യജന്മംന്ന് പറയുണത് ഇതാന്ന് തീരും''.


''ഞാന്‍ പരമാവധി ശ്രമിക്കുണുണ്ട്. പറ്റുണില്ല''.


''നിന്‍റെ കാര്യം ഇങ്ങിനെ. അവളടെ കാര്യം അങ്ങിനെ. ആലോചിച്ചാല്‍ ഒരു സമാധാനൂല്യാ''.


''ഏട്ടന്‍ വിഷമിക്കണ്ടാ. ഞങ്ങടെ തലേലെഴുത്താണേന്ന് സമാധാനിച്ചാല്‍ മതി''.


''ശരി. ഞാന്‍ രണ്ടുദിവസം കഴിഞ്ഞ് വിളിക്കാം''.


ബസ്സ് സ്റ്റാന്‍ഡിലെ തിരക്ക് കഴിഞ്ഞിരിക്കുന്നു. ജോലിക്കാര്‍ മിക്കവരും പോയിക്കാണും. ബസ്സുകളുടെ എണ്ണവും തീരെകുറവ്. നല്ല വിശപ്പുണ്ട്. ഉച്ചയ്ക്ക് ഒന്നുംകഴിച്ചില്ല എന്നുതന്നെപറയാം. അനിയത്തിയുടെ സങ്കടം കണ്ടുകൊണ്ട് എങ്ങിനെ കഴിക്കാനാവും. വീട്ടില്‍ എന്താണ് ഉണ്ടാവുക എന്നറിയില്ല. അത്താഴം കിട്ടാന്‍ ഒമ്പതുമണിയാവും. അതുവരെ വിശപ്പ് സഹിച്ചിരിക്കാന്‍ വയ്യ. അയാള്‍ ഹോട്ടലിലേക്ക് നടന്നു.


()()()()()()()()()()


വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ട് ആര്‍.കെ.മേനോന്‍ എഴുന്നേറ്റുവാതില്‍ തുറക്കാന്‍ ചെന്നു. വൈകുന്നേരം ആറുമണിക്ക് വീട്ടിലെത്തിയപ്പോള്‍ ഇരുന്നതാണ്. ഇനിയും കുറെ രേഖകള്‍ പരിശോധിക്കാനുണ്ട്. നാളെ വക്കീലിനെ ഏല്‍പ്പിക്കാനുള്ളതാണ് അവയെല്ലാം. വാതില്‍ തുറന്നതും ഭാര്യ അകത്തേക്ക് കടന്നു


''ങും'' അയാള്‍ ചോദ്യഭാവത്തില്‍ മൂളി.


''ഒരുകാര്യം പറയാനുണ്ട്''.


''ശരി. പറഞ്ഞോളൂ''.


''ഇന്നലെ ഞങ്ങളടെ ഭാഗത്ത് പറ്റ്യേത് തെറ്റന്ന്യാണ്. രാമന്‍കുട്ട്യേട്ടന്‍ കാറ് ഓവര്‍സ്പീഡില്‍ ഓടിച്ചൂന്ന് കേട്ടപ്പോള്‍ എനിക്ക് ദേഷ്യം തോന്നി. അത് സ്നേഹംകൊണ്ടാണ്. അല്ലാതെ ദേഷ്യംകൊണ്ടല്ല''. എന്താണ് രമണിയുടെ  മനംമാറ്റത്തിന്ന് കാരണമെന്ന് അറിയുന്നില്ല. അയാള്‍ മറുപടിയൊന്നും പറഞ്ഞില്ല.


''കുറച്ചുദിവസായിട്ട് മാറ്റങ്ങള്‍ കാണുണുണ്ട് എന്ന് പറഞ്ഞല്ലോ. എന്ത് മാറ്റ്വോണ് ഉള്ളത്''.


''നമ്മടെ വരുമാനം നമ്മടെ ബിസിനസ്സില്‍ നിന്നാണ്. അല്ലാതെ വേറെ യാതൊന്നൂല്യാ. അത് നിലനിന്നില്ലെങ്കില്‍ ഇന്ന് കാണുന്ന ചന്തോന്നും ഉണ്ടാവില്ല''.


''ബിസിനസ്സിന്ന് എന്തെങ്കിലും കുഴപ്പം പറ്റ്യോ''.


''ഇപ്പൊ കുഴപ്പൂല്യാ. പക്ഷെ ഇങ്ങനെ പോയാല്‍ ഉണ്ടാവും''.


''എനിക്ക് മനസ്സിലാവുണില്ല. എന്താന്ന് പറയൂ''.


''എന്‍റെ അച്ഛന്‍ ബിസിനസ്സ് തുടങ്ങ്യേകാലം മുതല്‍ക്കുള്ള ഓഡിറ്ററാ ഇന്നും നമ്മടെ കണക്കൊക്കെ നോക്കുണത്. അതുപോലെ കൊല്ലങ്ങളായി നമ്മടെ കേസ്സൊക്കെ നോക്കുണത് ഒരൊറ്റ വക്കീലാണ്''.


''അതിനെന്താ പ്രശ്നം''.


''രണ്ടുകൂട്ടരേം മാറ്റാന്‍ പോവ്വാണ്''.


''എന്തിനാ മാറ്റുണത്''.


''അത് മകനോട് ചോദിക്ക്യാ. അവന്‍റെ തീരുമാനാണ്''.


''വേണ്ടാന്ന് പറയായിരുന്നില്ലേ''.


''എന്നോട് ചോദിച്ചിട്ടല്ലല്ലോ തീരുമാനിച്ചത്. മൂന്നാമതൊരാള്‍ പറഞ്ഞിട്ടാ ഞാനറിഞ്ഞത്. ഒരുകാര്യം ഞാന്‍ പറയാം. വക്കീലിനീം ഓഡിറ്ററേം മാറ്റുണത് സൂക്ഷിച്ച് വേണം. നമ്മടെ എല്ലാ രഹസ്യൂം അവര്‍ക്കറിയാം. അവരെ പെണക്ക്യാല്‍ നാളെ നമുക്കത് ബുദ്ധിമുട്ടാവും ''.


''തോന്ന്യേപോലെ ചെയ്യാണച്ചാല്‍ അവന്‍ വേറെ പണിക്ക് പൊയ്ക്കോട്ടെ''.


''അതല്ല ശരി. എന്‍റച്ഛന്‍ മരിക്കിണതുവരെ ഞാന്‍ അച്ഛന്‍റെ കൂടെനിന്ന് ബിസിനസ്സിന്‍റെ രീതികളൊക്കെ പഠിച്ചുമനസ്സിലാക്കി. ഇനി നീ ഒറ്റയ്ക്ക് ചെയ്തോ എന്ന് അച്ഛന്‍ പറഞ്ഞിട്ടേ ഞാന്‍ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ തുടങ്ങീട്ടുള്ളൂ. എന്നാലും മരിക്കുണതുവരെ ഞാന്‍ അച്ഛനോട് എല്ലാ കാര്യത്തിലും അഭിപ്രായം ചോദിക്കും''.


 ''സാരൂല്യാ. ഇനി മുതല്‍ അവനും ചെയ്യും. ആ കാര്യം ഞാനേറ്റു''.


''എന്നാല്‍ നിങ്ങള്‍ക്കന്നെ നല്ലത്''.


''ഇന്ന് രാവിലെ അപര്‍ണ്ണ മധൂനെ ഒരുപാട് ചീത്തപറഞ്ഞിട്ടുണ്ട്. അച്ഛനെ ധിക്കരിക്കാനാ ഭാവംച്ചാല്‍ ഞാനെന്‍റെ വീട്ടിലിക്ക് പോവുംന്ന് പറഞ്ഞു. അമ്മ അച്ഛന്‍റെ ഭാഗത്താണ് നില്‍ക്കണ്ടത് എന്ന് എന്നോടും പറഞ്ഞു. ഞാന്‍ പിന്നെ ആലോചിച്ചപ്പോള്‍ അവള്‍ പറഞ്ഞതിലും കാര്യൂണ്ടേന്ന് തോന്നി''.


മരുമകളുടെ പ്രവര്‍ത്തിയില്‍ സന്തോഷം തോന്നി. ഭര്‍ത്താവിന് തെറ്റു പറ്റുമ്പോള്‍ തിരുത്തിക്കേണ്ട ചുമതല ഭാര്യക്കാണ്. അവളത് ഭംഗിയായി ചെയ്തു.


''കൂടേള്ള കൂട്ടുകാരടെ കൂട്ടംകേട്ടിട്ടാ അബദ്ധം പറ്റുണത്. ഇനിയത് ഉണ്ടാവില്യാ. അവന്‍ വല്ലാതെ വിഷമിച്ചിരിക്കിണുണ്ട്. വരൂ. നമുക്ക് താഴെപോയി ഭക്ഷണം കഴിക്കാം''.


''ഞാന്‍ ഈ പേപ്പറൊക്കെ ഒതുക്കിവെക്കട്ടെ എന്നിട്ട് വരാം''. അയാള്‍ കടലാസ്സുകള്‍ എടുത്തുവെച്ച് എഴുന്നേള്‍ക്കുന്നതുവരെ ഭാര്യ അതേ ഇരുപ്പിരുന്നു.



അദ്ധ്യായം - 10.


''സായ്‌വേ, ഇന്നലെ എന്തെങ്കിലും വിവരംകിട്ട്യോ'' കുഞ്ഞഹമ്മദിന്‍റെ അടുത്തെത്തിയതും ചാക്കോ ചോദിച്ചു.


''ഉവ്വ്. ഇന്നലെ വൈകുന്നേരം വിവരം കിട്ടി'' വിലിച്ചുതീര്‍ന്ന കുറ്റിബീഡി വലിച്ചെറിഞ്ഞ് കുഞ്ഞഹമ്മദ് പറഞ്ഞു ''കാര്യായിട്ടന്നെ പറയാനുണ്ട്''. അയാള്‍ കുഞ്ഞാപ്പുവില്‍നിന്ന് കിട്ടിയ വിവരങ്ങള്‍ കൈമാറി.


''നിങ്ങള് ലോറീല്‍ കേറ്യാല്‍ നടക്കാന്‍ ഉണ്ടാവില്ല എന്ന് ഞാന്‍ കരുതി'' ചാക്കോ അറിയിച്ചു.


''അത് ശര്യാണ്. രാവിലെ നേരത്ത് എവിട്യാ ഉണ്ടാവ്വാന്ന് പറയാന്‍ പറ്റില്ല. ഇന്ന് ഇവിട്യാണെങ്കില്‍ നാളെ വേറൊരുദിക്കിലാവും''.


''നാളെമുതല്‍ നിങ്ങള്‍ നടക്കാന്‍ വര്വോ''.


''എന്താ വരാണ്ടെ. എട്ടരയ്ക്ക് എത്തണംന്നാ പറഞ്ഞത്. ഇഷ്ടംപോലെ സമയൂണ്ട്''.


''നാലഞ്ച് ദിവസായിട്ട് വാസൂനെ കാണുണില്ലല്ലോ'' പള്ളി കഴിഞ്ഞുള്ള ബസ്സ് സ്റ്റോപ്പ് പിന്നിട്ടതും കുഞ്ഞഹമ്മദ് പറഞ്ഞു.


''ജലദോഷം പിടിച്ചിട്ടുണ്ടാവും. രാവിലെ നല്ല മഞ്ഞല്ലേ. നമ്മളെപ്പോലെ അയാള്‍ തലേല്‍ കെട്ടാറില്ലല്ലോ''.


''മുടി കേടുവരുംന്ന് പേടിച്ചാണ് തലേല്‍കെട്ടാത്തത്. ചന്തം കൊറയാന്‍ പാടില്ലല്ലോ''.


''ചങ്ങാതിടെ ഈ സ്വഭാവം ഇല്ലെങ്കില്‍ വളരെ നല്ല ആളാണ്. എല്ലാവരേം സഹായിക്കും. പക്ഷെ പെണ്ണുങ്ങളുടെ കാര്യം വരുമ്പോള്‍ അയാള് തനി തറക്കേസ്സാവും''.


''എന്നോട് വാസു പറഞ്ഞത് അച്ചായന് അറിയണോ. ഞാനൊരിക്കല്‍ കുറെ ഗുണദോഷിച്ചുനോക്കി. അപ്പൊ കുഞ്ഞിക്കാ എന്‍റെ പേരെന്താന്ന് അറിയ്യോ എന്ന് തിരിച്ചൊരുചോദ്യം. ഞാന്‍ പറഞ്ഞു വാസുദേവന്‍ . അപ്പൊ പുള്ളി പറഞ്ഞത് എന്താന്നോ, വാസുദേവന്‍ എന്നുവെച്ചാല്‍ കൃഷ്ണനാണെന്ന്. എന്നിട്ട് ഇക്കാ, ശ്രീകൃഷ്ണന് എത്ര ഭാര്യീണ്ടേന്ന് നിങ്ങക്കറിയ്യോന്ന് ചോദിച്ചു. അതൊന്നും എനിക്കറിയില്യാന്ന് ഞാനും പറഞ്ഞു. പതിനാറായിരത്തെട്ട് ഭാര്യമാരാ കൃഷ്ണന് ഉള്ളതേന്ന് അയാള് പറഞ്ഞുതന്നു''. 


''എന്തിനാ അയാള്‍ കൃഷ്ണന്‍റെ ഭാര്യമാരുടെ കണക്ക് ചോദിച്ചത്''.


''അതല്ലേ രസം. അയാളും വാസുദേവന്‍ ഞാനും വാസുദേവന്‍. അയാള്‍ക്ക് പതിനാറായിരത്തിയെട്ട് പെണ്ണ് ആവാച്ചാല്‍ എനിക്കതിലെ പൂജ്യംകളഞ്ഞ് ബാക്കി ആയിക്കൂടേന്ന് എന്നോടൊരു ചോദ്യം. ഞാനൊന്നും പറഞ്ഞില്ല''.


''വൃത്തികെട്ട മനുഷ്യന്‍''.


''കുഞ്ഞിക്കാ, ഒന്നുംതോന്നണ്ടാട്ടോ. ഈ വിഷയത്തില്‍ എനിക്കിത്തിരി വീക്ക്നെസ്സുണ്ട് എന്ന് ആ മനുഷ്യന്‍ തുറന്ന് പറഞ്ഞു. പിന്നെ നമ്മളെന്താ അയാളെ പറയ്യാ''.


''ഞാനൊരിക്കല്‍ അയാളുടെ വീട്ടില്‍ പോയിട്ടുണ്ട്. ട്രാക്ടര്‍ കേടുവന്ന സമയത്ത് നോക്കാന്‍ വിളിച്ചതാ. അന്നയാളുടെ കെട്ട്യോളെ കണ്ടു. നല്ല അഴകുള്ള പെണ്ണ്. അത് വീട്ടിലിരിക്കുമ്പോഴാണ് വേണ്ടാത്ത പണിക്ക്    ചങ്ങാതി പോവുന്നത്''.


''ചൊട്ടേലെ ശീലം ചുടലവരേന്ന് കേട്ടിട്ടില്ലേ. നിങ്ങള് പറഞ്ഞതോണ്ട് മാത്രം ഒരുകാര്യം പറയ്യാ. അവന് കുറെമുമ്പൊരു ലോറിണ്ടായിരുന്നു. അതിലെ ഡ്രൈവര്‍ ചെക്കന് വാസൂന്‍റെ വീട്ടില് പണിക്ക് നിന്നിരുന്ന പെണ്‍കുട്ട്യായിട്ട് ചില്ലറ എടവാടൊക്കെ ഉണ്ടായിരുന്നു. പെണ്ണാണച്ചാല്‍ വാസൂന്‍റെ കീപ്പ്. എന്തിനാ പറയ്യുണ്. ആ കാര്യം പറഞ്ഞ് മുതലാളീം ഡ്രൈവറുംകൂടി തെറ്റി. ഒരുദിവസം ആ ചെക്കന്‍ ലോഡുംവണ്ടി വഴീല് നിര്‍ത്തീട്ട് വാസൂനെ ഒറ്റയ്ക്കാക്കി ഇറങ്ങി ഒരുപോക്ക്. മൂപ്പര് പെട്ടില്ലേ. പിന്നെ അവിടുന്ന് ഓട്ടോറിക്ഷ വിളിച്ച് എന്‍റടുത്ത് വന്നു. ഭാഗ്യത്തിന് അന്ന് ഞാന്‍ വീട്ടിലുള്ള ദിവസം. ഞാന്‍ അയാളുടെകൂടെ പോയി ലോഡെറക്കിക്കൊടുത്ത് വണ്ടി വീട്ടിലെത്തിച്ചു. അതോടെ വാസു ആ വണ്ടി വിറ്റു''.


''വയസ്സായി ചോരവറ്റുമ്പോള്‍ ഇതൊക്കെ നില്‍ക്കും''.


''അത്ര്യോന്നും വേണ്ടിവരില്ല. നാല് ആണ്‍മക്കളാ വാസൂന്.  താടീം മീശീം മുളച്ചാല്‍ അവര്  ഒതുക്കിക്കോളും''. 


''എന്നാല്‍ നിങ്ങള് ചായകുടിക്കാന്‍ കേറിക്കോളിന്‍. ഞാന്‍ പോണൂ'' പതിവുസ്ഥലത്ത് എത്തിയതും ചാക്കോ യാത്ര പറഞ്ഞു.


()()()()()()()()()()


ആര്‍.കെ. മേനോന്‍ ഉണര്‍ന്നെഴുന്നേറ്റതും ക്ലോക്കിലേക്ക് നോക്കി. എഴുമണി ആവാറായിരിക്കുന്നു. എട്ടുമണിക്ക് വക്കീലിനെ കണ്ട് ചിലകടലാസ്സുകള്‍ ഏല്‍പ്പിക്കാനുണ്ട്. അതുകഴിഞ്ഞ ഉടനെ ഓഡിറ്ററുടെ വീട്ടിലേക്ക് ചെല്ലണം. പത്തുമണിയാവും അയാളുടെ ഓഫീസ് തുറക്കാന്‍ . വെറുതെ അതുവരെ കാത്തുനില്‍ക്കുന്നത് ഒഴിവാക്കാമല്ലോ.


ബാത്ത് റൂമില്‍ചെന്ന് പല്ലുതേപ്പും കുളിയും കഴിഞ്ഞ് താഴേക്ക് ചെന്നു. മകന്‍ കുളികഴിഞ്ഞ് ഒരുങ്ങിനില്‍ക്കുന്നു. എന്താണാവോ പതിവില്ലാതെ ഇത്രനേരത്തെ പുറപ്പെട്ടു നില്‍ക്കുന്നത്.


''അച്ഛന്‍ കുറച്ചുനേരം റെസ്റ്റെടുത്തോളൂ. വക്കീലിന് കൊടുക്കാനുള്ള കടലാസ്സ് ഞാന്‍ കൊണ്ടുപോയി കൊടുത്തോളാം'' അവന്‍ പറഞ്ഞു.


''വേണ്ടാ. കുറച്ചുകാര്യങ്ങള്‍ അയാള്‍ക്ക് പറഞ്ഞുകൊടുക്കാനുണ്ട്''.


''അത് പറഞ്ഞുതന്നോളൂ. ഞാന്‍ അയാളോട് പറഞ്ഞോളാം''.


''എന്തെങ്കിലും സംശയം ചോദിച്ചാലോ''.


''ഇങ്ങിനെ എല്ലാകാര്യൂം ഒറ്റയ്ക്ക് ചെയ്താല്‍ അവനെങ്ങന്യാ പഠിക്ക്യാ. എന്തെങ്കിലും സംശയം തോന്ന്യാലവന്‍  വിളിക്കട്ടെ'' രമണി പറയുന്നതില്‍ കാര്യമുണ്ടെന്ന് അയാള്‍ക്ക് തോന്നി. എപ്പോഴായാലും അവന്‍ ഇതെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്.


''ശരി. എന്നാല്‍ പേപ്പേഴ്സ് ഞാനിപ്പൊത്തരാം. എന്തെങ്കിലും സംശയം തോന്ന്യാല്‍ എന്നെ നീ മൊബൈലില്‍ വിളിക്കണം. ഓഡിറ്ററുടെ കയ്യില്‍ ഫയല്‍ കൊടുത്താല്‍ മാത്രം മതി''. 


മുകളില്‍ച്ചെന്ന് രേഖകളുമായി വന്നു. രണ്ടുകെട്ട് കടലാസ്സുകളും മകനെ ഏല്‍പ്പിച്ചു. എന്നിട്ട് വക്കീലിനോട് പറയാനുള്ള കാര്യങ്ങള്‍ വിശദമായി പറഞ്ഞുകൊടുത്തു. 


''ഇനി പറഞ്ഞതുപോലെ ചെയ്യ്'' അയാള്‍ മകനോട് പറഞ്ഞു. പൊടുന്നനെ അവന്‍ അയാളുടെ കാല്‍ക്കല്‍ നമസ്ക്കരിച്ചു. ആര്‍.കെ.മേനോന്‍ അമ്പരന്നു. അയാള്‍ മകന്‍റെ ശിരസ്സില്‍ കൈവെച്ച് അവനെ മാറോടു ചേര്‍ത്തി നിര്‍ത്തി. ആ രംഗം കണ്ടുനിന്ന അപര്‍ണ്ണയുടെ ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു.


No comments:

Post a Comment