Monday 9 September 2024

അദ്ധ്യായം 31-40

 അദ്ധ്യായം - 31.


ചാക്കോവിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് യാത്രയിലുടനീളവും വീട് കാണുമ്പോഴും മേരിക്കുട്ടി യാതൊന്നുംസംസാരിച്ചില്ല. വീട് കണ്ടശേഷം ''എങ്ങനീണ്ട് വീട്'' എന്ന ചെല്ലന്‍റെ ചോദ്യത്തിന്ന് "കൊള്ളാം'' എന്ന ഒറ്റ വാക്കില്‍ അവള്‍ ഉത്തരമൊതുക്കി.


''ഇനിയെന്താ ചെയ്യണ്ട്'' ചാക്കോവിനും ഭാര്യക്കും തൃപ്തിയായി എന്ന് ബോദ്ധ്യപ്പെട്ടപ്പോള്‍ ചെല്ലന്‍ ചോദിച്ചു.


''ഞാന്‍ പറഞ്ഞില്ലേ, എനിക്ക് ഓഫീസിന്ന് കിട്ടാനുള്ള തുക ഉടനെ കിട്ടും. അത് കിട്ടിയതും വസ്തുവാങ്ങാം ''.


''എത്രകണ്ട് താമസൂണ്ടാവും അത് കിട്ടാന്‍''.


''പെന്‍ഷന്‍ പാസ്സായി. ഇനി പണം കിട്ടുകയേ വേണ്ടൂ''.


''ആറുമാസം വേണ്ടിവര്വോ''.


''അത്രയൊന്നും വേണ്ടാ. കൂടിവന്നാല്‍ രണ്ടുമാസം ''.


''അങ്ങിന്യാണച്ചാല്‍ അഡ്വാന്‍സ് കൊടുത്ത് കരാറാക്കാം. ഉടമസ്ഥന് ഒരു ഉറപ്പ് വേണ്ടേ''.


''അഡ്വാന്‍സ് എത്ര വേണ്ടിവരും''.


''എത്രവേണച്ചാലും ആവാം. പകുത്യോ, കാല്‍ഭാഗോ, പത്തിലൊന്നോ പേരിനൊരുസംഖ്യോ എത്രയാ പറ്റുണത്ച്ചാല്‍ അത്. റയിഷാക്കുമ്പൊ അത് കഴിച്ച് ബാക്കി കൊടുത്താ മതി''.


''എന്നാല്‍ ഒരയ്യായിരം ആവട്ടെ''.


''അത് തീരെ പോരാ. ഒരു ഇരുപത്തഞ്ചെങ്കിലും കൊടുക്കിന്‍ ''.


ചാക്കോ ആലോചനയിലായി. ഇരുപത്തഞ്ച് ഉണ്ടാവ്വോന്ന് അറിയില്ല. വരുമാനം നിലച്ചിട്ട് മാസങ്ങളായി. ഇനി എന്താണ് ചെയ്യുക.


''ഇരുപത്തഞ്ച് രണ്ടുദിവസത്തിനുള്ളില്‍ തരാം. കരാറെഴുതിക്കിന്‍ '' മേരിക്കുട്ടി പെട്ടെന്ന് പറഞ്ഞപ്പോള്‍ അയാള്‍ അമ്പരന്നു. ഇവള്‍ എന്തു കണ്ടിട്ടാണ് വാക്കുകൊടുത്തത്. എന്തെങ്കിലും ചോദിക്കാമെന്നുവെച്ചാല്‍ രാവിലെ പറഞ്ഞതുപോലെ മേരിക്കുട്ടി എന്തെങ്കിലും വേണ്ടാതീനം വിളിച്ചുപറയും. ചെകിടത്തൊന്ന് പൊട്ടിക്കാന്‍ വയ്യാഞ്ഞിട്ടല്ല. മുമ്പ് അങ്ങിനെ ചെയ്തപ്പോള്‍ ഉണ്ടായ സംഭവം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും നടുക്കം തോന്നും.


അങ്കമാലി ഡെപ്പോയില്‍ പണിയെടുക്കുന്ന കാലത്താണ് അതുണ്ടായത്. ഒരുദിവസം കാലത്ത് എന്തോകാര്യത്തിന്ന് രണ്ടാളും പിണങ്ങി. വാക്കു തര്‍ക്കം മൂത്തു. അതിനിടയില്‍ മേരിക്കുട്ടി അപ്പന് വിളിച്ചത് സമനില തെറ്റിച്ചു. കൈനീട്ടി ഒരലക്ക് കൊടുത്തതേ ഓര്‍മ്മയുള്ളു. ഭക്ഷണംപോലും കഴിക്കാതെ ജോലിക്കിറങ്ങി.


അന്ന് ജോലികഴിഞ്ഞ് തിരിച്ചുവരികയാണ്. അളിയന്‍  ബസ്സ് സ്റ്റോപ്പില്‍  കാത്തുനില്‍ക്കുന്നു.


''ഇങ്ങു വാ. ഒരുകാര്യം പറയാനുണ്ട്'' എന്നുപറഞ്ഞ് അളിയന്‍ കയ്യില്‍ കയറിപിടിച്ചപ്പോള്‍ അല്‍പ്പം ഭയംതോന്നി. റോഡോരത്ത് നിന്ന മാരുതി 800 നടുത്തേക്കാണ് കൊണ്ടുപോയത്. നോക്കുമ്പോള്‍ ഡ്രൈവര്‍ സീറ്റില്‍ മൂത്ത അളിയന്‍.


''കേറ്. ഒരുസ്ഥലംവരെ പോവാനുണ്ട്'' എന്നുപറഞ്ഞപ്പോള്‍ മടിക്കാതെ കയറി. വണ്ടി നീങ്ങി കഴിഞ്ഞതും അളിയന്‍ അരയില്‍ തിരുകിവെച്ച കഠാരയെടുത്തു.


''നീ ഞങ്ങളുടെ പെങ്ങളെ തല്ലും അല്ലേടാ '' എന്ന ചോദ്യത്തിന്ന് മറുപടി പറയാനായില്ല. കഴുത്തില്‍ പിടിച്ചമര്‍ത്തിയപ്പോള്‍ ശ്വാസം കിട്ടാതെ പിടഞ്ഞു. ആളൊഴിഞ്ഞസ്ഥലത്ത് കാര്‍ നിര്‍ത്തി മൂത്ത അളിയന്‍ ഡോര്‍ തുറന്ന് പുറത്തിറങ്ങി. പിന്നിലിരുന്ന തന്നെ പുറത്തേക്ക് വലിച്ചിറക്കി ചെകിടത്തൊന്ന് തന്നപ്പോള്‍ ഭൂമി കറങ്ങുന്നത് കണ്ടു. 


''നിന്നെ കൊല്ലാന്‍ പേടിച്ചിട്ടല്ല. ഞങ്ങളുടെ പെങ്ങള്‍ക്ക് കെട്ട്യോനില്ലാതെ ആവുംഎന്ന് കരുതീട്ട് കൊല്ലാതെവിടുന്നു. ഇനി ഇതുപോലെ എന്തെങ്കിലും ഉണ്ടായാല്‍ അന്ന് നിന്‍റെ കഥകഴിക്കും'' കഴുത്തില്‍ കഠാരമുട്ടിച്ച് അളിയന്‍ ഭീഷണിപ്പെടുത്തിയത് മറക്കാനാവില്ല.


''എന്നാ പോവ്വല്ലേ'' ചെല്ലന്‍ ചോദിച്ചു.


''പുരയിടം നല്ലവണ്ണം ഒന്ന് കാണട്ടെ'' മേരിക്കുട്ടി പുറത്തിറങ്ങി. കിണറും മരങ്ങളും അവള്‍ നോക്കിക്കണ്ടു.


''ടെറസ്സിന്‍റെ മുകളില്‍ കയറി നോക്കണം'' അവള്‍ അടുത്ത ആവശ്യം ഉന്നയിച്ചു. ചെല്ലനെക്കൂട്ടി അവള്‍ മുകളിലേക്ക് പോവുമ്പോള്‍ ഒപ്പം ചെന്നു. മേരിക്കുട്ടി അവിടെനിന്ന് ചുറ്റും നോക്കി.


''ഇനി നമുക്ക് തിരിച്ചുപോവ്വാം'' ഒടുവില്‍ അവള്‍ പറഞ്ഞു. വയലിന്‍റെ ഇടയിലൂടെയുള്ള പാത പിന്നിട്ട് ഓട്ടോ റോഡിലെത്തി.


''നമുക്കിവിടെ ഇറങ്ങാം'' അവള്‍ വണ്ടി നിര്‍ത്തിച്ചു. ഓട്ടോവില്‍നിന്ന് പുറത്തിറങ്ങി.


''ഓട്ടോ കൂലി കൊടുത്തോളിന്‍ ''അവള്‍ ഹാന്‍ഡ് ബാഗ് തുറന്ന് നൂറിന്‍റെ രണ്ടുനോട്ടുകള്‍ ചെല്ലനെ ഏല്‍പ്പിച്ചു. ഓട്ടോ അകന്നുപോയി.


''ഇനി നമ്മളെങ്ങിനെ പോവും'' ചാക്കോ ചോദിച്ചു.


''എന്തിനാ കിടന്ന് പെടക്കുന്നത്. നമുക്ക് മെല്ലെ പോവാന്നേ'' അവള്‍ റോഡു വക്കത്തെ മരച്ചുവടിലേക്ക് നീങ്ങി.


''നീ എന്നാ പണിയാ കാണിച്ചത്. ഇരുപത്തയ്യായിരം രൂപ അഡ്വാന്‍സ് കൊടുക്കാന്‍ എന്തോ ചെയ്യും''.


''എന്‍റെ രണ്ടുവള ബാങ്കില് പണയം വെക്കും''.


''സത്യം പറ. നിനക്ക് വീട് ഇഷ്ടമായോ''.


''അങ്ങിനെ ചോദിച്ചാല്‍ ഇഷ്ടപ്പെട്ടില്ല എന്നുപറയാന്‍ ഒക്കത്തില്ല. കുറെ ഗുണങ്ങളുണ്ട്. കുറച്ച് ദോഷങ്ങളും''.


''അതൊന്ന് പറയ്. ഞാനും മനസ്സിലാക്കട്ടെ''.


''മുറികള് രണ്ടും ചെറുതാണ്, അതിനോടുചേര്‍ന്ന കക്കൂസും. കുളിക്കാന്‍ അതിനകത്ത് ഇടം പോരാ. അല്ലാതെ പറയത്തക്ക വേറെ ദോഷം ഒന്നും കണ്ടില്ല''.


''ശരി. ഗുണങ്ങളോ''.


''അടിച്ചുതുടച്ച് വൃത്തിയാക്കിവെക്കാന്‍ ചെറിയ വീടാ നല്ലത്. പിന്നെ വീടിന്ന് അധികം പഴക്കം വന്നിട്ടില്ല. ബെഡ് റൂമുകളില്‍ അലമാറയും അടുക്കളയില്‍ റാക്കുകളും പണിതിട്ടുണ്ട്. നല്ലവണ്ണം വെള്ളം കിട്ടുന്ന കിണറുണ്ട്. മാവും പ്ലാവും തെങ്ങും പുളിയും ഉണ്ട്. വേണമെങ്കില്‍ ടെറസ്സില്‍ പച്ചക്കറി കൃഷിചെയ്യാം.  ഇടവഴി ആ വീട്ടിലേക്ക് മാത്രം ഉള്ളതാണ്. പത്തുചുവട് നടന്നാല്‍ മെയിന്‍ റോഡിലെത്താം. ആരും ശല്യപ്പെടുത്താന്‍ അടുത്തെങ്ങുമില്ല''.


''അപ്പോള്‍ ധൈര്യമായിട്ട് വാങ്ങാം അല്ലേ''.


''ഞാന്‍ പിന്നീട് ആലോചിച്ചപ്പോള്‍ അതാണ് ശരി എന്നുതോന്നി. നമ്മള്‍ വാങ്ങിയസ്ഥലത്ത് മത്രമേ വീടുവെക്കൂ എന്ന് വാശിപിടിച്ചാല്‍ പിന്നീട് വിഷമിക്കും. അപ്പോള്‍ ഇത്രയും സൌകര്യമുള്ള വീട് കിട്ടിയില്ല എന്നും വരും''.


''നമ്മളുടെ സ്ഥലം നോക്കാന്‍ ചെല്ലന്‍ ആളെ കൊണ്ടുവരും''.


''അത് വിറ്റുപോട്ടെ. നമുക്കതില്‍ വീടുവെക്കാന്‍ ഭാഗ്യമില്ല എന്നുകരുതി സമാധാനിക്കാം''.


''വിറ്റുകിട്ടുന്ന പണം നമ്മള്‍ രണ്ടാളുടേയും പേരില്‍ ഡെപ്പോസിറ്റ് ചെയ്യാം. കുറച്ചെങ്കിലും പലിശകിട്ടും''.


''എനിക്ക് ഒരുമാലയും രണ്ട് വളയും വാങ്ങണം. ബാക്കി ബാങ്കിലിട്ടാല്‍ മതി''. ചാക്കോ എതിരൊന്നും പറഞ്ഞില്ല.


''ഇവിടെ ഇങ്ങിനെ നിന്നാല്‍ മതിയോ. വീട്ടിലെത്തിയിട്ട് വേണ്ടേ ഭക്ഷണം ഉണ്ടാക്കാന്‍''.


''നമുക്ക് നേരെ ടൌണിലേക്ക് പോവാം. ഹോട്ടലില്‍നിന്ന് ബിരിയാണി കഴിക്കാം. കുറച്ചുദിവസമായി വിചാരിക്കാന്‍ തുടങ്ങിയിട്ട്''.


''എന്‍റെ ചെരിപ്പ് പൊട്ടാറായി. അത് വാങ്ങാനുമുണ്ട്''. അകലെനിന്ന് ബസ്സിന്‍റെ ശബ്ദം കേട്ടു. അവര്‍ സ്റ്റോപ്പിലേക്ക് നീങ്ങിനിന്നു.


()()()()()()()()()()()


നട്ടുച്ചനേരത്താണ് ബാലചന്ദ്രന്‍ മോഹനന്‍റെ വീട്ടിലെത്തുന്നത്. ഭക്ഷണം കഴിഞ്ഞ് ശ്രീധരമേനോനും ഏട്ടനും ഉമ്മറത്തിരിക്കുകയാണ്. സ്ത്രീകള്‍ ഭക്ഷണം കഴിക്കുന്നു.


''മരിച്ചുപോയ മോഹനന്‍റെ വീടല്ലേ ഇത്'' അയാള്‍ ചോദിച്ചു.


''അതെ ആരാന്ന് മനസ്സിലായില്ല'' ഗോപിനാഥമേനോന്‍ പറഞ്ഞു.


ശ്രീധരമേനോന്‍ അയാളെ സൂക്ഷിച്ചുനോക്കി. ചുറ്റോടും വെളുത്തമുടി യുള്ള കഷണ്ടിത്തലയില്‍ വിയര്‍പ്പുകണങ്ങള്‍ പൊങ്ങിനില്‍ക്കുന്നുണ്ട്. കാവിമുണ്ടും നരച്ചൊരുനീലഷര്‍ട്ടുമാണ് വേഷം. തോളിലൂടെ ഒരുസഞ്ചി തൂങ്ങിക്കിടക്കുന്നു.


''പാര്‍വ്വതി ഇല്ലേ ഇവിടെ'' ഏട്ടന്‍റെ ചോദ്യത്തിനുള്ള മറുപടിയല്ല അയാള്‍ പറഞ്ഞത്.


''ഉണ്ട്. നിങ്ങളാരാണെന്ന് പറയൂ''.


''പറഞ്ഞാലും മനസ്സിലാവില്ല. എന്നാലും പറയാം. ഞാന്‍ ബാലചന്ദ്രന്‍''.


സംഭാഷണം അകത്തുനിന്നുകേട്ട പാര്‍വ്വതി ഉടനെ പുറത്തേക്ക് വന്നു. ബാലേട്ടന്‍ വന്നകാര്യം അച്ഛനെ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നതുകൊണ്ട് ആളെ മനസ്സിലായി. ഇല്ലെങ്കില്‍ അറിയില്ലായിരുന്നു. അത്രയേറെ മാറ്റം അയാളുടെ ശരീരത്തിന്ന് വന്നിട്ടുണ്ട്.


''ഞാനാ പാര്‍വ്വതി. മുറ്റത്ത് നില്‍ക്കണ്ടാ. അകത്തേക്ക് വരൂ'' അവള്‍ ക്ഷണിച്ചു.


''നിങ്ങളെ കാണാനുള്ള യോഗ്യതകൂടി എനിക്കില്ല'' അയാള്‍ പറഞ്ഞു ''കര്‍മ്മഫലത്തിന്‍റെ ഭാഗമായി ഞാന്‍ അലഞ്ഞുതിരിയ്യാണ്. അതിന്‍റെ എടേല് കണ്ടുമറന്ന മുഖങ്ങള്‍ ഒരിക്കല്‍ക്കൂടി കാണണംന്ന് തോന്നി''.


''അതെന്തായാലും മുറ്റത്തുനിന്ന് സംസാരിക്കണ്ടാ. അകത്തേക്ക് കയറൂ''. മടിച്ചുമടിച്ച് അയാള്‍ ഉമ്മറത്തേക്ക് കയറി ഒരുകസേലയില്‍ ഇരുന്നു.


''ഞാന്‍ വീട്ടില്‍ പോയിരുന്നു. ചെറ്യേമ്മാമനെ കണ്ടു. അമ്മായി ഏതോ ഡോക്ടറെ കാണാന്‍ പോയീന്ന് പറഞ്ഞു''.


''എല്ലാം ഞാനറിഞ്ഞു. അച്ഛനെ വിളിച്ചപ്പോള്‍ പറഞ്ഞു''.


''അത് നന്നായി. ഒരിക്കല്‍ക്കൂടി പുരാണം പറയാതെ കഴിഞ്ഞു''.


''ബാലേട്ടന്‍ ഇപ്പൊ എവടയ്ക്കുള്ള യാത്രേലാ''.


''കൃത്യമായി പറയാന്‍പറ്റില്ല. ഇങ്ങിനെ ഊരുതെണ്ടി നടന്ന് ഒരുദിവസം പോവും, എല്ലാരും പോണ ദിക്കിലിക്ക്''.


''ഊണു കഴിച്ച്വോ''.


''ജയിലില്‍ കിടക്കുമ്പൊ സമയത്തിനും കാലത്തിനും ഭക്ഷണം കഴിച്ചിരുന്നു. ഇപ്പൊ അങ്ങിന്യോന്നും ഇല്ല. വല്ലതും കിട്ട്യാല്‍ കഴിക്കും. ഇല്ലെങ്കിലോ ആ കാര്യം ആലോചിക്കില്ല''.


''ഇപ്പൊ കഴിച്ചിട്ടുണ്ടോ''.


''ഇല്ല. വേണന്നും ഇല്ല. ഇന്നലെ രാത്രി ഏതോ ഓരാള് രണ്ട് പൊറോട്ട വാങ്ങിത്തന്നു. ഇനി എപ്പഴെങ്കിലും ആരെങ്കിലും വാങ്ങിത്തരും. അതു മതി''.


''ബാലേട്ടന്‍ കൈ കഴുകു. ഊണുകഴിക്കാം''.


''വേണ്ടാ മോളേ. എന്നെ ഇങ്ങനെ സങ്കടപ്പെടുത്തണ്ടാ. ഞാന്‍ പോണൂ''.


''അതിന് ഞാന്‍ ബാലേട്ടനെ വേദനിപ്പിക്കാന്‍ എന്തെങ്കിലും പറഞ്ഞ്വോ''.


''ഇല്ല. അതാണ് സങ്കടം. ഞാന്‍ ചെയ്തത് അത്ര വല്യേ തെറ്റാണ്. നിങ്ങള്‍ എന്നോടൊന്ന് ദേഷ്യപ്പെട്ടാല്‍ ഇത്ര സങ്കടം വരില്യായിരുന്നു''.


''അതൊക്കെ പിന്നെ പറയാം. ആദ്യം ബാലേട്ടന്‍ കൈ കഴുകൂ''. നിര്‍ബ്ബന്ധം സഹിക്കാതെ അയാള്‍ കൈ കഴുകി.


''വരൂ. ആഹാരം കഴിക്കാം'' അവര്‍ അകത്തേക്ക് വിളിച്ചു.


''വേണ്ടാ. ഇവിടെ ഒരു ഏലേല് വിളമ്പിത്തന്നാ മതി'' അയാള്‍ വെറും നിലത്തിരുന്നു. 


പാര്‍വ്വതി വിളമ്പിയ ഭക്ഷണം കഴിക്കുന്ന അയാളുടെ കണ്ണുകളിലൂടെ രണ്ട് അരുവികള്‍ ഒഴുകുന്നത് മൂന്നുപേരും കണ്ടു.


അദ്ധ്യായം - 32.


''ആരാ അയാള്'' ബാലചന്ദ്രന്ന് ചോറുവിളമ്പിക്കൊടുത്ത് അടുക്കളയില്‍ തിരിച്ചെത്തിയ പാര്‍വ്വതിയോട് കാര്‍ത്ത്യായിനി ചോദിച്ചു.


''ബാലേട്ടന്‍''.


''നിങ്ങടെ ആങ്ങള്യാ''.


''അല്ല. അച്ഛന്‍റെ വകേലൊരു മരുമകന്‍''.


''എന്താ അയാള് ഇങ്ങിനെ ഇരിക്കിണത്''. പാര്‍വ്വതി ബാലചന്ദ്രന്‍റെ ദയനീയമായ കഥ അവളെ അറിയിച്ചു.


''കഷ്ടം. ഓരോരുത്തരടെ തലവിധി. എങ്ങനെ സുഖായി കഴിയണ്ടതാണ്. യോഗൂല്യാ. വയസ്സാന്‍കാലത്ത് ഭാര്യീം മക്കളും ആട്ടിപുറത്താക്ക്യാല്‍ എന്താ ചെയ്യാ''. 


''ഇങ്ങനെ അലഞ്ഞുതിരിഞ്ഞ് നടക്ക്വേന്നെ. കേട്ടപ്പൊ സങ്കടം തോന്നി''.


''അച്ഛനും അമ്മേം ഇല്ലെങ്കിലും കൂടപ്പിറപ്പ്വേള് കാണില്യേ. അവര്‍ക്കെന്താ അയാളെ നോക്ക്യാല്''.


''അതിന് കൂടപ്പിറപ്പ് എന്നു പറയാന്‍ പറ്റിയ ആരൂല്യാ. ബാലേട്ടന് ഏഴു വയസ്സുള്ളപ്പൊ അമ്മ വേറൊരാളെ കല്യാണം കഴിച്ചു''.


''അതെന്താ അങ്ങനെ''.


''അച്ഛന്‍ പറയുണത് കേട്ട അറിവേ എനിക്കുള്ളു. ഭാര്യ മരിച്ചുപോയ രണ്ടുമക്കളുള്ള ആള്യാണ് ബാലേട്ടന്‍റെമ്മ രണ്ടാമത് കല്യാണം കഴിച്ചത്''.


''എന്നിട്ട് ആ കുട്ട്യേളെവിടെ''.


''രണ്ടും പെണ്‍കുട്ട്യേളായിരുന്നു. അതിലൊന്ന് ബാലേട്ടനേക്കാള്‍ രണ്ട് വയസ്സ് മൂത്തതാണ്''.


''ഇയാള്‍ക്കെത്ര വയസ്സാവും''.


പാര്‍വ്വതി മനസ്സില്‍ കണക്കുകൂട്ടി. ഇപ്പോള്‍ തന്‍റെ വയസ്സ് അറുപത്താറ്. ചേച്ചിയുണ്ടെങ്കില്‍ അറുപത്തൊമ്പത് ആയേനെ. ചേച്ചിയേക്കാള്‍ എട്ടു വയസ്സ് മൂത്തതാണ് ബാലേട്ടന്‍. അപ്പോള്‍ എഴുപത്തിയേഴ് വയസ്സാവും . അവര്‍ അത് കാര്‍ത്ത്യായനിയോട് പറഞ്ഞു.


''ആ പെണ്‍കുട്ട്യേളടെ പേരെന്താന്ന് അറിയ്യോ''.


''എന്താ അറിഞ്ഞിട്ട്''.


''കേട്ടപ്പൊ ഒരു സംശയം . അതാ ചോദിച്ചത്''.


''എനിക്ക് അത്രയ്ക്ക് ഓര്‍മ്മീല്ല. ബാലേട്ടന്‍റെ അമ്മേ കല്യാണം കഴിച്ചത് ചിന്നന്‍ നായര്‍. മൂത്തകുട്ടിടെ പേര് ശാരദാന്നാ തോന്നുണത്. ബാലേട്ടന്‍ ശാരദചേച്ചീന്ന് പറയാറുണ്ട്''.


''എന്‍റീശ്വരാ. എന്താ ഞാനീ കേക്കുണത്'' കാര്‍ത്ത്യായിനി അന്തംവിട്ട പോലെ നിന്നു.


''എന്താ കാര്‍ത്ത്യായിനി നീ ഇങ്ങിനെ മിഴിച്ചുനില്‍ക്കുണത്''.


''ഈ പറഞ്ഞ ശാരദ ആരാന്നറിയ്യോ. എന്‍റെ സ്വന്തം അമ്മ്യാണ്''.


''എന്നുവെച്ചാല്‍''.


''ഞാന്‍ ബാലമാമാ എന്ന് വിളിക്കണ്ട ആളാ ഉമ്മറത്തിരിക്കിണത്''.


ഇപ്പോള്‍ ഞെട്ടിയത് പാര്‍വ്വതിയാണ്. ഈശ്വരന്‍റെ ഓരോ കളികള്. അവര്‍ വിചാരിച്ചു. അനാഥരായ ബാലേട്ടനും കാര്‍ത്ത്യായിനിയും തമ്മില്‍ ഇങ്ങിനെയൊരു ബന്ധം ഉണ്ടെന്നോ.


''ഞാന്‍ ഒന്ന് കണ്ടോട്ടെ'' കാര്‍ത്ത്യായിനി ചോദിച്ചു. ശരി എന്നോ വേണ്ടാ എന്നോ പാര്‍വ്വതി ഉത്തരം പറഞ്ഞില്ല. അതിന്നുമുമ്പ് കാര്‍ത്ത്യായിനി ഉമ്മറത്തെത്തി.


''ബാലമാമേ'' അവള്‍ വിളിച്ചു ''എന്നെ മനസ്സിലായോ''.


ഊണുകഴിക്കുന്നത് നിര്‍ത്തി ബാലചന്ദ്രന്‍ അവളുടെ മുഖത്തേക്ക് നോക്കി. ഓര്‍മ്മയില്‍ ഈ മുഖം തെളിയുന്നില്ല. ആരാവും ഇവള്‍.


''എനിക്ക് മനസ്സിലായില്ല'' അയാള്‍ പറഞ്ഞു.


''ശാരദചേച്ച്യേ ഓര്‍മ്മീണ്ടോ''. രണ്ടുപേരുടേയും അച്ഛനമ്മമാര്‍ വേറെ ആണെങ്കിലും പെങ്ങളായി ജീവിതത്തിലേക്ക് കടന്നുവന്ന ഒരാളുണ്ട്. അവരുടെ പേരും ശാരദചേച്ചീന്നാണ്. 


''ഏത് ശാരദചേച്ചി. ആരാ അവരടെ അച്ഛന്‍''.


''ബാലമാമടെ അമ്മേ കല്യാണം കഴിച്ച ചിന്നന്‍ നായരടെ മകള്''.


''ശാരദചേച്ചിടെ ആരാ നിങ്ങള്''.


''എന്‍റെ അമ്മ്യാണ് ബാലമാമടെ ശാരദചേച്ചി''.


''ഞാന്‍ ഒരിക്കലും കാണാത്ത എന്‍റെ മരുമകള്''. അയാള്‍ കണ്ണുകള്‍ തുടച്ചു. ശാരദചേച്ചിടെ കല്യാണത്തിന്ന് പോയിരുന്നു. പിന്നീട് ഒരിക്കലും അവരെ കാണുകയുണ്ടായിട്ടില്ല.


''ശാരദചേച്ചി എന്തു ചെയ്യുണൂ''.


''അമ്മ മരിച്ചിട്ട് ആറ് കൊല്ലായി''.


''അന്ന് ഞാന്‍ ജയിലിലാണ്. അതോണ്ട് അറിഞ്ഞില്ല. ആരും അറിയിക്കും ചെയ്തില്ല'' ഒന്നുനിര്‍ത്തി അയാള്‍ തുടര്‍ന്നു ''പെറ്റമ്മ മരിച്ചിട്ട് കാണാന്‍ പറ്റീലാ. അതിലും വലുതല്ലല്ലോ''.


''എന്താ അപ്പഴും ജയിലിലാണോ'' ഏട്ടന്‍ ചോദിച്ചു.


''അല്ല. അമ്മയ്ക്ക് രണ്ടാമത്തെ ഭര്‍ത്താവില്‍ ഒരു മകനുണ്ടായി. അവന് കുട്ടികൃഷ്ണന്‍ എന്നാ പേര്. എന്നേക്കാള്‍ പത്തുവയസ്സിന്ന് ഇളയത്. അമ്മവയ്യാതെ കിടക്കുണൂന്ന് കേട്ടപ്പൊ കാണാന്‍ ചെന്നു. നല്ലകാലത്ത് തിരിഞ്ഞുനോക്കാത്തോര് ഇപ്പൊ കാണണ്ടാന്നുപറഞ്ഞു. അമ്മ മരിച്ചിട്ട് ചെന്നപ്പൊ ശവംകൂടി കാട്ടീലാ''.


''അതെന്താ അമ്മ ഇരിക്കുമ്പൊ നോക്കാഞ്ഞത്''.


''അതിന് കഴിയാഞ്ഞിട്ടന്നെ. പാര്‍വ്വതിടെ ചേച്ച്യേ കല്യാണം കഴിക്കണ്ടതാ. അപ്പഴാ അമ്മ വേറെ പെണ്ണ് നോക്ക്യേത്. ഞാന്‍ ഒരുപാട് പറഞ്ഞുനോക്കി. അമ്മ പറയുംപോലെ നീ കേള്‍ക്കാഞ്ഞാല്‍ കല്യാണത്തിന്‍റെ തലേന്ന് അമ്മ തൂങ്ങിച്ചാവും എന്നുപറഞ്ഞു. അങ്ങിനെ അമ്മപറഞ്ഞ പെണ്ണിനെ കെട്ടി''.


''അതോണ്ടാണോ അമ്മേ കാണാഞ്ഞത്''.


''അല്ല. ഒരുകാര്യം ചെയ്യാന്‍ എന്നെ സമ്മതിക്കാത്ത ഒരുസാധനത്ത്യാണ് എനിക്ക് കിട്ട്യേത്. ഒരുപൈസ ചിലവായാല്‍ അതിന് കണക്ക് ചോദിക്കും. അമ്മയ്ക്കൊന്നും കൊടുക്കാന്‍ കഴിഞ്ഞില്ല. വെറുംകയ്യോടെ കാണാന്‍ പോവാനും മടി. അങ്ങന്യാണ് ഉണ്ടായത്''.


''എന്തിനാ അമ്മ അങ്ങന്യൊരു ബന്ധം കൊണ്ടുവന്നത്''.


''രണ്ടാനച്ഛന്ന് വേണ്ടപ്പെട്ട ഒരാളടെ മകളായിരുന്നു പെണ്‍കുട്ടി. ചിലപ്പൊ അമ്മ  ഭര്‍ത്താവിനെ പ്രീതിപ്പെടുത്താന്‍ ചെയ്തതാവും''.


''ഓരോരുത്തരുടെ തലേലെഴുത്ത്. അല്ലാതെന്താ പറയ്യാ''.


''നീയെന്താ ഇവിടെ'' ബാലചന്ദ്രന്‍ കാര്‍ത്ത്യായിനിയോട് ചോദിച്ചു.


''നോക്കാനാളില്ല. വരുമ്പടീം ഇല്ല. കഴിഞ്ഞുകൂടണ്ടേ. അതോണ്ട് ഇവിടെ പണിക്ക് നില്‍ക്ക്വാ''.


''ഭര്‍ത്താവും മക്കളും ഒന്നൂല്യേ''.


''ഈശ്വരാനുഗ്രഹംകൊണ്ട് ഭര്‍ത്താവ് മരിച്ചു. അതോടെ തല്ലുകൊള്ളാതെ കഴിയാന്നായി''.


''മക്കള്''.


''ഒരു മകളുണ്ടായിരുന്നു. അവള്‍ ഏതോ ഒരുത്തന്‍റെ കൂടെ പോയി''.


''എവട്യാ നിന്‍റെ താമസം''


''ഭര്‍ത്താവ് ആക്സിഡണ്ടിലാ മരിച്ചത്. കേസ്സ് കൊടുത്താല്‍ നിറയെകാശ് കിട്ടുംന്ന് എല്ലാരും പറഞ്ഞതു കേട്ട് കേസ്സ് കൊടുത്തു. ആളും നാഥനും ഇല്ലാത്തോര് കേസ്സ് നടത്ത്യാല്‍ ശര്യാവോ. കുറച്ചെന്തോ കിട്ടി. അതോണ്ട് വാടകയ്ക്ക് ഇരുന്ന ഓട്ടുപുര വാങ്ങി. അതുണ്ട്, ഇന്ന് വീഴണോ നാളെ വീഴണോന്ന് പറഞ്ഞിട്ട്''. അയാള്‍ ഭക്ഷണം കഴിഞ്ഞ് ഇല മടക്കി.


''എവിട്യാ ഇത് കളയണ്ട്'' അയാള്‍ ചോദിച്ചു.


''ബാലമാമ എടുക്കണ്ടാ. ഞാന്‍ എടുത്തോളാം'' കാര്‍ത്ത്യായിനി ഇല എടുക്കാന്‍ സമ്മതിച്ചില്ല. കൈകഴുകി വന്ന ബാലചന്ദ്രന്‍ ബാഗെടുത്തു.


''ശരി. ഇനി ഞാന്‍ ഇറങ്ങട്ടെ'' അയാള്‍ യാത്ര പറഞ്ഞു.


''ബാലമാമ എങ്ങിട്ടും പോണ്ടാ. എനിക്കും ആരൂല്യാ. ബാലമാമയ്ക്കും ആരൂല്യാ. എനിക്കൊരു തുണയായി ഈ നാട്ടില് കൂടിക്കോളൂ. ഞാന്‍ പണ്യെടുത്ത് നോക്കിക്കോളാം''.


''അതൊന്നും വേണ്ടാ മോളേ. നിനക്കതൊരു ബുദ്ധിമുട്ടാവും''.


''ഒരു ബുദ്ധിമുട്ടൂല്യാ. ബാലമാമയ്ക്ക് വറ്റ് തന്നിട്ട് ഞാന്‍ വെള്ളം കുടിച്ച് കഴിഞ്ഞോളാം ''.


''ആ കുട്ടി പറയുണത് കേട്ടില്ലേ. തിരക്കിട്ട് ഓടണ്ടാ. നമുക്ക് ആലോചിച്ച് എന്താ വേണ്ടത്ച്ചാല്‍ ചെയ്യാം'' ഏട്ടന്‍ തീര്‍പ്പ് കല്‍പ്പിച്ചു.


''കുറച്ചുനേരം കിടന്നോളൂ'' കാര്‍ത്ത്യായിനി അകത്തുനിന്ന് പഴയൊരു തലയണ്ണകൊണ്ടുവന്ന് ബെഞ്ചിന്‍റെ ഒരറ്റത്തുവെച്ചു. ബാലചന്ദ്രന്‍ ബെഞ്ചില്‍ ചെരിഞ്ഞുകിടന്നു. വൈകാതെ അയാള്‍ കൂര്‍ക്കം വലിക്കാന്‍ തുടങ്ങി.


അദ്ധ്യായം - 33.


ഉച്ചമയക്കത്തിന്ന് ശ്രീധരമേനോന്‍ കിടക്കുമ്പോഴാണ് പ്രൊഫസര്‍ അയാളെ വിളിച്ചത്.


''ശ്രീധരന്‍ ചടങ്ങുകള്‍ കഴിഞ്ഞിട്ടല്ലേ വരൂ'' അയാള്‍ ചോദിച്ചു.


''അതെ. രണ്ടാഴ്ച ഇവിടെ കൂടേണ്ടി വരും''.


''എനിക്കൊന്ന് വന്ന് കാണണം എന്നുണ്ട്. താന്‍ അളിയന്‍ മരിച്ചിട്ട് ഇരിക്കുകയല്ലേ''.


''സാരൂല്യാ പ്രോഫസര്‍. ഇവിടെ എത്തിപ്പറ്റാന്‍ ബുദ്ധിമുട്ടാണ്''.


''എന്നാലും എങ്ങിനേങ്കിലും ഞാന്‍ വരും''.


നാളെ ഭാര്യയും മകനും മരുമകളും കുട്ടിയും വരുന്നുണ്ട്. അവരുടെ കൂടെ വരികയാണെങ്കില്‍ പ്രൊഫസര്‍ക്ക് ബുദ്ധിമുട്ട് വരില്ല. പക്ഷെ ഭാര്യയുടെ സ്വഭാവം അറിയാവുന്നതുകൊണ്ട് അയാള്‍ ആ കാര്യം പറഞ്ഞില്ല. പക്ഷെ അഞ്ചുമിനുട്ട് കഴിയുമ്പോഴേക്കും ഭാര്യ വിളിച്ചപ്പോള്‍ അയാള്‍ അവരോട് പ്രൊഫസറുടെ കാര്യം പറഞ്ഞു.


''അതിനെന്താ. ഞങ്ങളുടെകൂടെ വന്നോട്ടെ'' ഭാര്യയുടെ മറുപടി അയാളെ സന്തോഷിപ്പിച്ചു. അയാള്‍ പ്രൊഫസറെ അപ്പോള്‍ത്തന്നെ വിളിച്ച് വിവരം പറഞ്ഞു.


()()()()()()()()()()()


വൈകുന്നേരത്ത് ചായയുമായി പാര്‍വ്വതി വന്നപ്പോഴും ബാലചന്ദ്രന്‍ ഗാഢനിദ്രയിലാണ്.


''ഉറങ്ങിക്കോട്ടേ അല്ലേ'' അവള്‍ പറഞ്ഞു. ശ്രീധരമേനോനും ഏട്ടനും ഒന്നും പറഞ്ഞില്ല.


''കുറെമുമ്പ് ഞാന്‍ പാര്‍വ്വതിടെ അച്ഛനെ വിളിച്ച് ഇയാള്‍ ഇവിടെ വന്ന കാര്യംപറഞ്ഞു. അദ്ദേഹത്തിന്ന് ഇയാളോട് അല്‍പ്പംപോലും ഇഷ്ടക്കേട് ഉള്ളതായി തോന്നീലാ. പെറ്റ അമ്മ്യാണ് മകനെ കേടുവരുത്ത്യേത്, പിന്നെ ഭാര്യീം. അവന് എതിര്‍ത്ത് നില്‍ക്കാന്‍ പറ്റീലാ. അങ്ങന്യാണ് തെറ്റിലിക്ക് വീണത്. പാവം. ഇപ്പൊ ചെയ്തതോര്‍ത്ത് മനസ്സ് നീറി കഴിയ്യാണ് അവന്‍. മാനസാന്തരംവന്ന ഒരാളെ കൈവിടാന്‍പാടില്ല. അങ്ങിനത്തെ ആള്‍ക്കാര് ബാക്കീള്ള ജീവിതത്തില്‍ ഒരുതെറ്റും ചെയ്യില്ല എന്നൊക്കെ പറഞ്ഞു''.


''ഏടത്ത്യേമ്മടെ അച്ഛന്‍ പണ്ഡിതനാണ്. ലോകം കണ്ട ആളാണ്. നല്ലതും ചീത്തയും അദ്ദേഹത്തിന്ന് അറിയാം'' ശ്രീധരമേനോന്‍ പറഞ്ഞു ''മാഷും കൂട്ടരും കുറച്ചുകഴിഞ്ഞാല്‍ വര്വോലോ. അവരുടെ അഭിപ്രായൂംകൂടി ചോദിക്കാം''.


നാരായണന്‍ മാഷും കൂട്ടുകാരും വന്നതൊന്നും ബാലചന്ദ്രന്‍ അറിഞ്ഞില്ല.


''ആരാ ഇയാള്'' മാഷ് ചോദിച്ചു.


''നമുക്ക് മുറ്റത്തിരുന്നു സംസാരിക്കാം. അദ്ദേഹം ഉറങ്ങിക്കോട്ടെ'' ഏട്ടന്‍ പറഞ്ഞതോടെ എല്ലാവരും മുറ്റത്തെപന്തലിലേക്ക് നീങ്ങി. പന്തലിനിയും പൊളിച്ചിട്ടില്ല. 


''പതിനഞ്ച് ദിവസത്തെ കാര്യോല്ലെ. ആരെങ്കിലൊക്ക്വെ വന്നും പോയും ഇരിക്കും. അതവിടെ കിടന്നോട്ടെ'' എന്ന് മാഷ് പറഞ്ഞതുകാരണമാണ് പൊളിക്കാഞ്ഞത്.


''ആ മനുഷ്യന്‍റെ കാര്യംപറയ്യാണച്ചാല്‍ ഒരുപാടുണ്ട്''. ബാലചന്ദ്രന്‍റെ സര്‍വ്വ കാര്യങ്ങളും ഏട്ടന്‍ വിശദീകരിച്ചു.


''ഇനി എന്താ ഉദ്ദേശം'' മാഷ് ചോദിച്ചു.


''നിങ്ങളുട്യോക്കെ അഭിപ്രായം ചോദിച്ചിട്ടാവാന്ന് വെച്ചിരിക്ക്യാണ്''.


''ഇതിപ്പൊ രണ്ടുവിധത്തിലുള്ള ബന്ധൂണ്ട്. നിങ്ങളുടെ ഭാര്യടെ അച്ഛന്‍റെ മരുമകന്‍. അതുകൂടാതെ കാര്‍ത്ത്യായിനിടെ അമ്മാമന്‍റെ സ്ഥാനൂം. ആ മനുഷ്യനെ വെറുതേങ്ങിട്ട് തള്ളിക്കളയാന്‍ പറ്റ്വോ. കാര്‍ത്ത്യായിനിടെ നിലപാട് എന്താന്ന് നോക്കണ്ടേ''.


''ഞാന്‍ പണ്യേടുത്ത് ബാലമാമേ നോക്കാന്ന് പറയുണത് കേട്ടു''.


''അതുപറഞ്ഞപ്പഴാ ഒരുകാര്യം ഓര്‍ത്തത്. നമ്മള് കാര്‍ത്ത്യായിന്യേ ഒരു കൈസഹായത്തിന്ന് എന്നുപറഞ്ഞ് കൂട്ട്യേതാ. ഇപ്പൊ ചെറുതായിട്ടൊരു ബന്ധുത്വൂം ആയി. അവളെ ഇനി വാല്യേകാര്യേപ്പോലെ കാണാന്‍ പറ്റ്വോ''.


''അല്ലെങ്കിലും ഇവിടെ ആരും അങ്ങിനെ പെരുമാറീട്ടില്ല''.


''ഉണ്ട് എന്നല്ല ഞാന്‍ പറഞ്ഞത്. അങ്ങിന്യൊരുവശം ഉണ്ടേന്ന് പറഞ്ഞൂന്നു മാത്രം''. 


''സന്ധ്യക്ക് വിളക്ക് കൊളുത്തുമ്പൊ ഉറങ്ങാന്‍ പാടില്ല'' എന്നുപറഞ്ഞ് കാര്‍ത്ത്യായിനി വിളിച്ചിട്ടാണ് ബാലചന്ദ്രന്‍ ഉണര്‍ന്നത്. 


''മുഖം കഴുകിക്കോളൂ. ചായതരാം'' അവള്‍ പറഞ്ഞതുകേട്ട് അയാള്‍ മുഖം കഴുകിവന്നു.


''ആരൊക്ക്യോ മുറ്റത്തുണ്ടല്ലോ'' ചായകുടിച്ചുകൊണ്ട് അയാള്‍ പറഞ്ഞു.


''ഇവിടെ അടുത്തുള്ള ആള്‍ക്കാരാണ്. ദിവസൂം വരും''.


''കാര്‍ത്ത്യായിനി. ഞാന്‍ പോട്ടേ. ഇരുട്ടാവുമ്പഴയ്ക്കും എവിടേങ്കിലും എത്തണം'' അയാള്‍ പറഞ്ഞു.


''എവടെക്കാ ബാലമാമ പോണത്. ഒരുദിക്കിലിക്കും ഞാന്‍ വിട്ടാക്കില്ല''.


''പാര്‍വ്വതി എവടേ''.


''അകത്തുണ്ട്. ഇതാ വിളിക്കാം'' കാര്‍ത്ത്യായിനി ചെന്ന് പാര്‍വ്വതിയെ കൂട്ടിക്കൊണ്ടുവന്നു.


''ബാലേട്ടന്‍ എന്താ പോവ്വാണോ'' അവര്‍ ചോദിച്ചു.


''ഇരുട്ടാവുമ്പൊഴേക്കും പോവ്വാന്ന് കരുതി''.


''തിരക്കിട്ട് പോവാന്‍ ആരും കാത്തിരിക്കിണില്ലല്ലോ''.


''എന്നാലും''.


''ഒരെന്നാലൂല്യാ. ഇപ്പൊ ബാലേട്ടന്‍ പോണില്ല. അവടെ ഇരിക്കിണോരടെ ഒപ്പം എന്തെങ്കിലും പറഞ്ഞിരിയ്ക്കൂ''.


മനമില്ലാ മനസ്സോടെയാണ് അയാള്‍ അവരുടെ അടുത്തേക്ക് ചെന്നത്.


''വരൂ. ഇരിയ്ക്കു'' ഏട്ടന്‍ അയാളെ ക്ഷണിച്ചു.


''ഇവിടെ എത്തിയപ്പഴാ രണ്ടുവിധംബന്ധം ഉള്ളകാര്യം അറിഞ്ഞത് അല്ലേ'' മാഷ് ചോദിച്ചു.


''എന്ത് ബന്ധം. എന്‍റെ എന്ന് ഞാന്‍ കരുതിയവരൊക്കെ അന്യരായി. ഞാന്‍ ഉപേക്ഷിച്ചുപോയവര്‍ ബന്ധുക്കളും''.


''അതാണ് ദൈവത്തിന്‍റെ കളി''.


''എനിക്ക് ദൈവത്തിലും വിശ്വാസം ഇല്ലാതായി''.


''അതെന്തുപറ്റി''.


''ബുദ്ധി ഉറയ്ക്കുണതിന്നുമുമ്പ് അമ്മ എന്നെ ഉപേക്ഷിച്ച് വേറൊരാളടെ ഭാര്യായി. എന്നെ സ്നേഹിച്ച് വളര്‍ത്തി വലുതാക്ക്യോരെ വഞ്ചിച്ച് അമ്മടെ വാക്ക് അനുസരിച്ചു. സ്വര്‍ണ്ണംകളഞ്ഞ് കരിക്കട്ട എടുത്തവന്‍റെ അവസ്ഥ്യായി എന്‍റേത്. ഒടുവില്‍ നിലയില്ലാകയത്തിലേക്ക് വീണപ്പൊ പിടിച്ചുകേറ്റാന്‍ ആരൂല്യാണ്ടായി''.


''വിവരങ്ങളൊക്കെ അറിഞ്ഞു. ചിലരടെ യോഗം അതാണ്. വല്ലാതെ കഷ്ടപ്പെട്ടു അല്ലേ''.


''അതൊക്കെ പറയാതിരിക്ക്യാണ് ഭേദം. ഒരു ജീവിതത്തില്‍ മൂന്നോ നാലോ ജീവിതം ഞാന്‍ അനുഭവിച്ചു''.


''ശരിക്ക് കേസ്സ് നടത്ത്യാല്‍ രക്ഷപ്പെടായിരുന്നു''.


''അതെങ്ങിനെ. കൈക്കൂലി വാങ്ങ്യേത് വിജിലന്‍സ് കയ്യോടെപിടിച്ചു. എല്ലാ തെളിവും എനിക്കെതിര്. പിന്നെ ശിക്ഷ കിട്ടാതെ വര്വോ''.


''ഓരോരുത്തര് എന്തെല്ലാം തെറ്റ് ചെയ്യുണൂ''.


''ഉണ്ടാവും. ഞാന്‍ കുറെയേറെ ആള്‍ക്കാരെ വേദനിപ്പിച്ചിട്ടുണ്ട്. എന്‍റെ അത്യാഗ്രഹംകാരണം കടംവാങ്ങി എനിക്കുതന്ന ഒട്ടേറെ പാവങ്ങളുണ്ട്. അതിന്‍റെ ശാപാണ് എനിക്ക് കിട്ട്യേത്. പക്ഷെ എന്നെ കേസ്സില്‍ കുടുക്ക്യേ ആളുണ്ടല്ലോ. ഇഷ്ടംപോലെസ്വത്തും സ്വാധീനൂം ഒക്കീള്ളോരു പ്രമാണി. ഞാന്‍ അയാളടെ കാര്യം മനപ്പൂര്‍വ്വം വൈകിച്ചതൊന്നൂല്യാ. എന്നിട്ടും ഇതുവെച്ചോ സാറേ എന്നുപറഞ്ഞ് എന്നെ പിടിപ്പിക്ക്യാണ് ഉണ്ടായത്''.


''അങ്ങിനെ ആരെങ്കിലും ചെയ്യോ''.


''എന്നെപ്പറ്റി നേരത്തെതന്നെ അനവധി പരാതി ഉണ്ടായിരുന്നു. എന്നെ കുടുക്കണം എന്നുപറഞ്ഞ് അയാളെ ശട്ടംകെട്ട്യേത് എന്‍റെകൂടെ പണി ചെയ്ത ചില സുഹൃത്തുക്കളാണ്''.


''അതിനുള്ള ശിക്ഷ അവര്‍ക്ക് കിട്ടിക്കോളും''.


''വേരുതെ തോന്നുന്നതാ. ചിലര് എന്ത് തെറ്റ് ചെയ്താലും ഒന്നൂണ്ടാവില്ല. ചിലര്‍ക്ക് ശിക്ഷ കിട്ടും. അതിലും പക്ഷഭേദൂണ്ട്''.


''ഈശ്വരന്ന് പക്ഷഭേദം ഇല്യാ. അറിയാതെ ചെയ്ത തെറ്റ് ക്ഷമിക്കും. കല്‍പ്പിച്ചുകൂട്ടി ചെയ്ത തെറ്റിന് ശിക്ഷീണ്ടാവും''.


''അതെനിക്കറിയില്ല. പക്ഷെ  ചെയ്തതെറ്റിന്ന് പ്രായശ്ചിത്തം ആവട്ടെ, അങ്ങനേങ്കിലും മനസ്സമാധാനംകിട്ടട്ടെ എന്നുകരുതി ഞാന്‍ ഹിമാലയം മുതല്‍ കന്യാകുമാരിവരെ ഒരുപാട് ദേവാലയങ്ങളില്‍ ചെന്നു. എന്‍റെ വേദന ഒരുദൈവൂം അറിഞ്ഞില്ല. ജയിലില്‍ന്ന് പുറത്തിറങ്ങി വീട്ടില്‍ ചെന്നപ്പൊ എന്‍റെ ഭാര്യീം മക്കളും എന്നെ അവിടെ കേറ്റീലാ. കഴിഞ്ഞ പതിനെട്ടു കൊല്ലായി ഞാന്‍ ഈ അലച്ചില് തുടങ്ങീട്ട്. അഞ്ചാറ് തവണ ചാവാന്‍ നോക്കി. അതും നടന്നില്ല. ഒരുകണക്കിന് അത് നന്നായി. ഈ ജന്മത്തെപാപം ഇന്യൊരുജന്മത്തേക്ക് ബാക്കിവെക്കാതെ കഴിഞ്ഞു''.


''നിങ്ങള്‍ ധാരാളം അനുഭവങ്ങളുള്ള ആളാണ്. ഞങ്ങള്‍ പറഞ്ഞുതരണ്ട കാര്യം ഒന്നൂല്യാ'' മാഷ് പറഞ്ഞു ''ചില തെറ്റുകള്‍ തിരുത്താന്‍ പറ്റും. ചിലത് പറ്റില്ല. അങ്ങിനെവരുമ്പൊ ചെയ്യാന്‍ ഒരേ ഒരുകാര്യേള്ളൂ. അത് പശ്ചാത്താപാണ്. നിങ്ങളത് നല്ലോണം ചെയ്യുണൂണ്ട്''.


''എന്നിട്ടെന്താ കാര്യം''.


''ഞങ്ങള്‍ ചിലത് മനസ്സില്‍ കണ്ടിട്ടുണ്ട്. അതിനോട് യോജിക്കണം എന്നൊരു അപേക്ഷീണ്ട്''.


''അപേക്ഷ്യോ. എന്നോടോ. അതിനുമാത്രം ഞാന്‍ ആരാ''.


''ഇവിടെ നിങ്ങളടെ മരുമകളുണ്ട്. ആരും ഇല്ലാത്ത ഒരനാഥ. ഇപ്പൊ അവള് ഈ വീട്ടില് വന്നുനിക്കിണുണ്ട്. നിങ്ങള് തമ്മില്‍ ഇങ്ങന്യൊരു ബന്ധൂള്ള കാര്യം ഇപ്പഴാ അറിയിണത്. എല്ലാംകൂടി നോക്കുമ്പൊ ബാലചന്ദ്രന്‍ ഈ നാട്ടില്‍ താമസിച്ച് ഈ രണ്ടുപെണ്ണുങ്ങള്‍ക്കും വേണ്ട സഹായം ചെയ്തു കൊടുക്കണം. അതിലുംവെച്ച് വല്യോരു പുണ്യൂല്യാ''.


''എന്‍റേല് ഒരുറുപ്പിക തികച്ചെടുക്കാനില്ല. കേറികിടക്കാന്‍ സ്ഥലൂല്യാ. പിന്നെ എന്താ ചെയ്യാ''.


''പണത്തിന്‍റെ കാര്യം ആലോചിച്ച് വിഷമിക്കണ്ടാ. വേണ്ടതൊക്കെ ഇവിടുന്ന് തരും. പിന്നെ കിടക്കാനുള്ള സ്ഥലം. കാര്‍ത്ത്യായിനിക്ക് ചെറ്യോരുവീടുണ്ട്. അവിടെകൂടാം''. ബാലചന്ദ്രന്‍ ഒന്നും പറഞ്ഞില്ല. അയാള്‍ എന്തോ ആലോചിച്ചുകൊണ്ടിരുന്നു  


''എന്നാല്‍ ഇനി അങ്ങിനെ. അതില്‍ മാറ്റൂല്യാ''.


അതിനും അയാള്‍ മറുത്തൊന്നും പറഞ്ഞില്ല..


അദ്ധ്യായം - 34.


കുഞ്ഞഹമ്മദ് ജോലികഴിഞ്ഞ് വീടെത്താന്‍ വൈകി. അകലെനിന്ന് ടി.വി.എസ്. വരുന്നത് കണ്ടപ്പോഴേ പാത്തുമ്മ പടിവക്കത്തുനിന്ന് മുറ്റത്തേക്ക് നീങ്ങിയുള്ളു.


''എന്തേ ഇന്ന് വൈക്യേത്'' അവര്‍ ഭര്‍ത്താവിനോട് ചോദിച്ചു.


''പൊള്ളാച്ചീന്ന് വരുമ്പൊ മുതലാളി കൊഴിഞ്ഞാമ്പാറേലുള്ള ഒരു ബന്ധൂന്‍റെ വീട്ടില് കേറി. വര്‍ത്തമാനം പറഞ്ഞിരുന്ന് അവിടേന്ന് ഇറങ്ങാന്‍ വൈകി'' അയാള്‍ പറഞ്ഞു.


''സാധാരണ ഇത്രവൈകില്ലല്ലോ. കാണാണ്ടായപ്പൊ എന്തോന്ന് തോന്നി''.


''എവിടെ ഇവിടേള്ളോര്''.


''രണ്ടുംകൂടി ചോറുണ്ടിട്ട് ഇറങ്ങ്യേതാ. സിനിമയ്ക്ക് പോവ്വാണെന്നാ ഞാന്‍ കരുത്യേത്. വീട്ടില്‍ പോയി നാളെ വരാന്ന് പോവാന്‍ കാലത്ത് പറഞ്ഞു''.


കുഞ്ഞഹമ്മദ് വണ്ടി നിര്‍ത്തി അകത്തുകേറി വേഷം മാറ്റി ഉമ്മറത്ത് വന്നിരുന്നു.


''കുടിക്കാന്‍ വല്ലതും വേണോ''.


''ഇനീപ്പൊ കഴിച്ചാല്‍ ശര്യാവില്ല. ഒരുഗ്ലാസ്സ് വെറുംവെള്ളം താ''.


''ഇപ്പൊ ആരൂല്യാത്തതോണ്ട് പേടിക്കാണ്ടെ വര്‍ത്തമാനം പറയാലോ'' വെള്ളംകൊടുത്തശേഷം പാത്തുമ്മ പറഞ്ഞു ''ആരീഫാന്‍റെ കാര്യത്തില് എന്താ വേണ്ട്''.


കുറച്ചുദിവസമായി ആ കാര്യം ആലോചിക്കാറില്ല. സുഹ്ര പോയതോടെ വീട്ടിലെ കടിപിടി തീര്‍ന്നൂന്ന് കരുതി ഇരിക്യാണ്. 


''ഇപ്പൊന്താ വിശേഷിച്ച്. കുഴപ്പം വല്ലതൂണ്ടോ''.


''കുഴപ്പം ഉണ്ടായിട്ടല്ല. ഉണ്ടാവാണ്ടെ ഇരിക്കാനാ''.


''എന്താ വേണ്ടത്. നീ വിവരം മാതിരി പറഞ്ഞു താ''.


''ജബ്ബാറ് വന്നാല് വേറെ താമസിക്കാന്‍ പോണൂന്ന് പറഞ്ഞതല്ലേ. ഇനി മാറി താമസിച്ചോട്ടെ''.


''അതിന് സുഹ്ര പോയില്ലേ''.


''നാളെ എന്നെ പറ്റാതെ വന്നാലോ. അപ്പൊ വീണ്ടും തമ്മിത്തല്ല് ആവില്ലേ. അതിലും ഭേദം അവര് വേറെ താമസിക്കിണതാണ്''.


''നീ ഒരുകാര്യം ചെയ്യ്. ജബ്ബാറിനെ മയത്തില് കാര്യം പറഞ്ഞുമനസ്സിലാക്ക്. അവന്‍ പറ്റില്യാന്നൊക്കെ പറയും. സമ്മതിക്കണ്ടാ. താമസം മാറ്റ്യാലും വാപ്പീം ഞാനും ഒന്നരാടം ദിവസം അവളെ കാണാന്‍ ചെല്ലാന്ന് പറയ്''.


''അതൊന്നും നടക്കുണ കാര്യോല്ല. നാല് ദിവസം മുടങ്ങ്യാല്‍ പിന്നെ അതാവും വര്‍ത്തമാനം''.


''അത് ശര്യാണ്. നീ പാകംപോലെ പറഞ്ഞ് ശര്യാക്ക്. ഞാന്‍ പറഞ്ഞാ ശര്യാവില്ല''.


''ശരി. നാളെ അവര് വരട്ടെ. ഞാന്‍ വേണ്ടപോലെ പറഞ്ഞോളാം''.


ഇനി എന്തെല്ലാം പ്രശ്നങ്ങളാണ് ഉണ്ടാവുക എന്നോര്‍ത്ത് കുഞ്ഞഹമ്മദ് വഴിയിലേക്ക് നോക്കിയിരുന്നു.


()()()()()()()()()()()


നാരായണന്‍ മാസ്റ്ററും കൂട്ടുകാരും സാധാരണ തിരിച്ചുപോവാറുള്ള സമയത്തേക്കാള്‍ കുറെക്കൂടി വൈകിയാണ് അന്ന് തിരിച്ചുപോയത്. അതുവരെ എല്ലാവരുംകൂടി സംസാരിച്ചിരിക്കുന്നത് ശ്രദ്ധിച്ചുകൊണ്ട് അയാളിരുന്നു. 


പാര്‍വ്വതിയുടെ ഭര്‍ത്താവും അയാളുടെ അനുജനുമാണ് തന്നോടൊപ്പം ഉണ്ടായിരുന്നതെന്നും അവരുടെ അനുജത്തി ലക്ഷ്മിയുടെ വീടാണ് ഇതെന്നും അവളുടെ ഭര്‍ത്താവ് മോഹനനാണ് മരിച്ചവ്യക്തിയെന്നും കാര്‍ത്ത്യായിനി മരിച്ചമോഹനന്‍റെ അച്ഛന്‍റെ അകന്നബന്ധുവാണെന്നും ഇതിനകം മനസ്സിലാക്കാന്‍ കഴിഞ്ഞു. മോഹനന്‍ ഭാര്യയോട് കാണിച്ച ക്രൂരതകളാണ് പറഞ്ഞുകൊണ്ടിരുന്നത്. ഇത്രയും സഹനശക്തിയുള്ള സ്ത്രീകളുണ്ടോ എന്ന സംശയം അത് കേട്ടപ്പോള്‍ തോന്നി.


അപൂര്‍വ്വം ചില സ്ത്രീകളൊഴിച്ച് ബാക്കിയെല്ലാവരും നല്ല മനസ്സിന്ന് ഉടമകളാണ്. ആ അപൂര്‍വ്വത്തില്‍ അമ്മയും ഭാര്യയും പെട്ടു എന്നത് ദൌര്‍ഭാഗ്യമായി. അമ്മ ചെയ്തതിന്നുള്ള ശിക്ഷ അമ്മ അനുഭവിച്ചു. കിടക്കപ്പായില്‍നിന്ന് എഴുന്നേല്‍ക്കാനാവാതെ ഒരുകൊല്ലത്തിലേറെ കിടന്ന് ദേഹം പൊട്ടിയളിഞ്ഞിട്ടാണ് അമ്മ മരിച്ചത്. എന്നും പ്രാകി പൊലിച്ചിട്ടാണ് അനിയന്‍റെ ഭാര്യ അമ്മയ്ക്ക് എന്തെങ്കിലുംആഹാരം കൊടുത്തിട്ടുള്ളത്. ഇനിയുള്ളത് ഭാര്യയുടെ ഊഴമാണ്. പറഞ്ഞാല്‍ കേള്‍ക്കാത്ത മക്കള്‍ അവളെ സംരക്ഷിക്കുമോ എന്നറിയില്ല.


പാര്‍വ്വതി സ്നേഹത്തോടെ പെരുമാറുന്നതില്‍ അത്ഭുതമില്ല. ചെറ്യേമ്മാമ വളരെ നല്ല മനുഷ്യമാണ്. അതിന്‍റെ ഗുണം അവളില്‍ കാണുന്നുണ്ട്. പക്ഷെ കാര്‍ത്ത്യായിനി. അവള്‍ ശരിക്ക് കണ്ടിട്ടുപോലുമില്ല. ഒരിക്കല്‍പ്പോലും ശാരദചേച്ചിയെ കാണാന്‍പോവുകയോ അവരുടെകുട്ടിക്ക് എന്തെങ്കിലും കൊടുക്കുകയോ ചെയ്തിട്ടില്ല. രണ്ടോമൂന്നോ തവണ അമ്മയെ കാണാന്‍ ചെന്നപ്പോള്‍ മുത്തശ്ശന്‍റെ വീട്ടിലേക്കവള്‍ വന്നതുകൊണ്ട് കാണാനൊത്തു.  അതുകഴിഞ്ഞ് കൊല്ലം എത്രയായി. എന്നിട്ട് ഇപ്പോഴും അവള്‍ ബാലമാമ എന്നുവിളിച്ച് സ്നേഹത്തോടെ പെരുമാറുന്നു. മനുഷ്യസ്വഭാവംപോലെ മനസ്സിലാക്കാന്‍ പറ്റാത്ത മറ്റൊന്നില്ല. 


സന്ധ്യക്കുമുമ്പ് മേല്‍ക്കഴുകി വന്ന കാര്‍ത്ത്യായിനി പന്തലിലേക്ക് നോക്കി. മറ്റുള്ളവര്‍ സംസാരിക്കുന്നതുകേട്ട് ബാലമാമ നിശ്ശബ്ദനായിരിക്കുകയാണ്. വളരെകുറച്ചുപ്രാവശ്യമേ ബാലമാമയെ  കാണാന്‍ സാധിച്ചിട്ടുള്ളു. അത് മുത്തശ്ശനെ കാണാന്‍ചെന്ന അവസരങ്ങളിലാണ്. അമ്മയുടെമുമ്പില്‍ ഒന്നും പറയാതെ കുറച്ചുനേരമിരുന്ന് ഇറങ്ങിപോയിരുന്ന ആ മനുഷ്യന്‍റെ മുഖം എന്നും വിഷാദപൂര്‍ണ്ണമായിരുന്നു. 


അച്ഛന്‍ എന്‍റെ ജീവിതൂം നശിപ്പിച്ചു, ബാലന്‍റെ ജീവിതൂം നശിപ്പിച്ചു എന്ന് അമ്മ എപ്പഴും പറയാറുള്ളതാണ്.  ബാലമാമയെ വളര്‍ത്തിവലുതാക്കിയ അമ്മാമന്‍റെ മകളെ കല്യാണം കഴിക്കാന്‍ നിശ്ചയിച്ചതായിരുന്നു, അച്ഛന്‍റെ കൂട്ടംകേട്ട് ബാലമാമടെ അമ്മ നിര്‍ബ്ബന്ധിച്ച് വേറൊരുപെണ്‍കുട്ടിയുമായി  വിവാഹംനടത്തിച്ചുവെന്നും അയമ്മടെ അത്യാഗ്രഹംകാരണം കൈക്കൂലി വാങ്ങി കേസ്സില്‍പ്പെട്ട് ജോലിപോയി ജയിലില്‍കിടന്നുവെന്നും അമ്മ പല തവണ പറഞ്ഞിട്ടുണ്ട്. 


ആരുമില്ലാത്തവന് ദൈവംതുണ എന്ന് പറയുംപോലെ ബലമാമയെ ദൈവം കൊണ്ടുവന്ന് തന്നതാണ്. വയസ്സായാലും ഒരുസ്ത്രീക്ക് ഒറ്റയ്ക്ക് കഴിയാന്‍ പറ്റില്ല. ചോദിക്കാനും പറയാനും ഒരാളുണ്ടെങ്കില്‍ അതൊരു വിലയാണ്. ശേഷിക്കുന്നകാലം ബാലമാമ ഒപ്പമുണ്ടായാല്‍ നന്ന്. അതിന് അദ്ദേഹത്തിന്ന് തോന്നണേ. മനസ്സുകൊണ്ട് കാര്‍ത്ത്യായിനി ദൈവത്തോട് പ്രാര്‍ത്ഥിച്ചു.


()()()()()()()()()()


''ചെല്ലന്‍ പിന്നെ എന്തെങ്കിലും പറഞ്ഞാരുന്നോ'' രാത്രിഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ മേരിക്കുട്ടി ഭര്‍ത്താവിനോട് ചോദിച്ചു.


''അവനൊന്നും പറഞ്ഞില്ല''.


''നമ്മള്‍ ഇരുപത്തയ്യായിരം കൊടുക്കാമെന്ന് പറഞ്ഞതല്ല്യോ. പിന്നെ എന്നതാ കുഴപ്പം''.


''കുഴപ്പമൊന്നും കാണത്തില്ല. നാളെ ഞാന്‍ അവനെ കാണാം''.


''ഫോണ്‍ നമ്പറുണ്ടേല്‍ വിളിക്കമായിരുന്നു''. 


''ഫോണ്‍ നമ്പറുണ്ട്''


''എന്നാല്‍ മുദ്രപേപ്പറ് വാങ്ങി കരാറെഴുതാന്‍ പറ. നാളെ ശനി, മറ്റന്നാള്‍ ഞായര്‍. തിങ്കളാഴ്ച ബാങ്കില്‍ പോയി പണയംവെച്ച് പൈസാ ഉണ്ടാക്കി കൊടുക്കാം''.


''തിങ്കളാഴ്ച വൈകീട്ട് പൈസാ കൊടുക്കാമെന്ന് പറയാം. അതുപോരേ''. മേരിക്കുട്ടി സമ്മതിച്ചു. ചാക്കോ ചെല്ലനെ വിളിച്ചുവിവരം പറഞ്ഞു.


''തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് മൂന്നുമണ്യോടെ ഞാന്‍ പേപ്പറുംകൊണ്ടെത്തും'' ചെല്ലന്‍ സമ്മതിച്ചു. ചാക്കോ ഭാര്യയോട് വിവരം പറഞ്ഞു.


''കാലാവധി എത്രയാ വെക്കുന്നത്'' മേരിക്കുട്ടി ചോദിച്ചു.


''മൂന്നുമാസം വെക്കാം അല്ലേ'' ചാക്കോ ചോദിച്ചു.


''രണ്ടുമാസംകൊണ്ട് പൈസാ കിട്ടുമെന്നല്ലേ പറഞ്ഞത്. അപ്പൊ പ്രമാണം റജിസ്റ്റര്‍ ചെയ്യാം. എന്നാലും കരാറില്‍ ആറുമാസം എന്ന് കാണിക്കാം''.


''അത് എന്നാത്തിനാ''.


''പൈസാ കിട്ടാന്‍ വൈകിയാല്‍ അവധി ചോദിക്കാതെ കഴിയും. അഥവാ കിട്ടിയാലോ അന്നേരം റജിസ്റ്റര്‍ ചെയ്യാം''.


''എന്നാല്‍ അവനോട് ഇതുകൂടി പറയട്ടെ'' ചാക്കോ മൊബൈലെടുത്തു.  


അദ്ധ്യായം - 35.


മൊബൈല്‍ അടിച്ചതും പ്രൊഫസര്‍ എടുത്തുനോക്കി.സമയം അഞ്ചര ആയിട്ടേയുള്ളു. ആരാണ് ഈ നേരത്ത് വിളിച്ചത്.


''അങ്കിള്‍, വിപിനാണ്. ഉണര്‍ത്താന്‍ വിളിച്ചതാ'' മറുഭാഗത്തു നിന്നുള്ള സംഭാഷണംകേട്ടതും മനസ്സിലായി. ശ്രീധരമേനോന്‍റെ മകനാണ് വിപിന്‍. പോവാനുള്ള കാര്യം സംസാരിക്കാനായിരിക്കും.


''എന്താ മോന്‍'' അയാള്‍ ചോദിച്ചു.


''ഏഴുമണിക്കുതന്നെ ഇറങ്ങാമെന്നാണ് അമ്മ പറഞ്ഞത്. അപ്പോഴേക്കും തയ്യാറാവാന്‍വേണ്ടി വിളിച്ചതാണ്''.


''ശരി. ഞാന്‍ ഷാര്‍പ്പ് എഴിന്ന് വീട്ടിലുണ്ടാവും''.


''അതുപോരാ അങ്കിള്‍. ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ട് ഇറങ്ങാമെന്ന് അമ്മ പറഞ്ഞു. അതുകൊണ്ട് നേരത്തെയെത്തണം''.


''ശരി. അങ്ങിനെ ആവട്ടെ''. ഫോണ്‍ കട്ടായി. ശ്രീധരനെ കാണാന്‍പോവുന്ന കാര്യം ഉറപ്പിച്ചതോടെ ഭക്ഷണം വേണ്ടാ എന്ന് പയ്യനെ അറിയിച്ചിരുന്നു. പോവുന്നവഴിക്ക് എവിടെനിന്നെങ്കിലും കഴിക്കാമെന്ന് കരുതിയിതാണ്.


പല്ലുതേപ്പും ഷേവിങ്ങും കുളിയും എല്ലാം കഴിഞ്ഞപ്പോള്‍ സമയം ആറര. വേഗം വസ്ത്രംമാറ്റി വീട് അടച്ചുപൂട്ടി ഇറങ്ങി. ശ്രീധരന്‍റെ വീട്ടിലെ കാര്‍ ഷെഡ്ഢില്‍നിന്ന് ഇറക്കി നിര്‍ത്തിയിരിക്കുന്നു. 


''ഇതെന്താ ഇങ്ങിന്യൊരുവേഷം'' പ്രൊഫസറെ കണ്ടതും ചിരിച്ചുകൊണ്ട് സുമതി ചോദിച്ചു.


''പഴനിക്ക് പോയിരുന്നു'' അയാള്‍ പറഞ്ഞു. 


ഭക്ഷണംകഴിഞ്ഞ് കൈകഴുകി അയാള്‍ സിറ്റൌട്ടില്‍ ഇരുന്നു. വൈകാതെ എല്ലാവരുമെത്തി.


''പ്രൊഫസര്‍ മുന്നിലിരുന്നോളൂ'' സുമതി പറഞ്ഞു. കാര്‍ നീങ്ങി. 


''എന്താ മുടി കളയാന്‍ നേര്‍ച്ച വല്ലതും ഉണ്ടായിരുന്ന്വോ'' പൊടുന്നനെ സുമതി ചോദിച്ചു.


''പഴനിക്ക് പോവാന്‍ തന്നെ എനിക്ക് ഉദ്ദേശം ഉണ്ടായിരുന്നില്ല. ഏട്ടനും ഏടത്ത്യേമ്മീം മകനും മരുമകളും കുട്ടീം കൂടി വന്നിരുന്നു. പഴനിക്ക് പോവുന്നവഴിക്ക് ഇവിടെവന്നതാണ്. അവര് പോവുമ്പോള്‍ എന്നോട് വരുന്നോ എന്ന് ചോദിച്ചു. ഞാന്‍ കൂടെ പോയി. അപ്പോഴും പഴനീല് മുടികളയണം എന്നുണ്ടായിരുന്നില്ല''.


''പിന്നെന്താ അങ്ങിനെ ചെയ്തത്''.


''മലയുടെ നിറുകില്‍ എത്തിയപ്പോള്‍ ഒരു കാഴ്ച കണ്ടു. ഏതോ ഒരു ചെറുപ്പക്കാരനും അയാളുടെ ഭാര്യയും മുടികളഞ്ഞ് വന്നിരിക്കുന്നു. തൊഴുതുകഴിഞ്ഞ് അമ്പലമുറ്റത്തിരിക്കുമ്പോള്‍ ഏടത്തിയമ്മ അതിനെ സംബന്ധിച്ച കുറച്ചുകാര്യങ്ങള്‍ പറഞ്ഞു. എല്ലാമനുഷ്യരുടെ ഉള്ളിലും ഞാന്‍ എന്നതോന്നലുണ്ടാവും. ഞാന്‍ ചെയ്യുന്നതും പറയുന്നതുംമാത്രം  ശരി, മറ്റുള്ളവര്‍ചെയ്യുന്നതും പറയുന്നതുമൊക്കെതെറ്റ് എന്നതോന്നല്‍ ചിലര്‍ക്ക് കൂടുതലായിട്ട് ഉണ്ടാവും. ഞാനെന്ന ആ ഭാവം ഉപേക്ഷിക്കാന്‍ പറ്റിയസ്ഥലം പുണ്യസ്ഥലങ്ങളാണ്, അതിന്‍റെ ഭാഗമായാണ് മനസ്സിലുള്ള സൌന്ദര്യബോധംകളഞ്ഞ് തീര്‍ത്ഥാടകര്‍ തലമുണ്ഡനം ചെയ്യുന്നത് എന്ന് ഏടത്തിയമ്മ പറഞ്ഞുതന്നപ്പോള്‍ അത് ശരിയാണെന്ന് തോന്നി''.


''പ്രൊഫസര്‍ക്ക് ഈഗോ ഉണ്ടായിരുന്ന്വോ''.


''നമ്മുടെ തെറ്റുകള്‍ പലപ്പോഴും നമുക്ക് മനസ്സിലാവില്ല. ആരെങ്കിലും ചൂണ്ടികാണിക്കുമ്പോഴല്ലേ നമ്മളറിയൂ''.


''അത് എനിക്കും തോന്നാറുണ്ട്. പക്ഷെ പ്രൊഫസറുടെ ഭാഗത്ത് എന്താ തെറ്റ്''.


''ഞാന്‍ എന്‍റെ ഭാര്യയെ ശരിക്ക് മനസ്സിലാക്കിയില്ല. ഞാന്‍ ചിന്തിക്കുന്നതു പോലെ ആവണം അവളെന്ന് കരുതി. അവളുടെ വ്യക്തിത്വം ഞാന്‍ ഒട്ടും മാനിച്ചില്ല''.


''ചോദിക്കുമ്പോള്‍ തെറ്റിദ്ധരിക്കരുത്. പ്രൊഫസറുടെ ഭാര്യ ഇനി തിരിച്ചു വരില്ലേ''.


''വരും. താമസിയാതെതിരിച്ചെത്തും. അപ്പോഴേക്കും എന്‍റെ പിടിവാശികള് മാറ്റിത്തരണേ എന്നുപ്രാര്‍ത്ഥിച്ചാണ് ഞാന്‍ മുടി ഉപേക്ഷിച്ചത്''.


''പ്രൊഫസറും എന്‍റെ ഹസ്ബന്‍റും വലിയ അടുപ്പത്തിലല്ലേ. എന്നെപ്പറ്റി അദ്ദേഹം എന്തെങ്കിലും കുറ്റങ്ങള്‍ പറയാറുണ്ടോ''.


''ശ്രീധരന്‍ മനസ്സുതുറന്ന് ഒന്നും പറയില്ല. പക്ഷെ എന്തോ ചില ദുഃഖങ്ങള്‍ അയാള്‍ക്കുണ്ട് എന്ന് എനിക്കറിയാം''.


''അതെങ്ങിനെ മനസ്സിലായി''.


''എപ്പോഴും ആ മുഖത്ത് കാണുന്നത് ദുഃഖഭാവം ആയതോണ്ട്''.


കുറച്ചുനേരത്തേക്ക് സംഭാഷണം നിലച്ചു. ഗാഢമായ ആലോചനയില്‍ രണ്ടുപേരും മുഴുകി. 


''ശ്രീധരേട്ടന്‍റെ ഈ ശീലം കൊണ്ടാണ് ഞങ്ങള്‍ തമ്മില്‍ അകല്‍ച്ച വന്നത്. ഒരുകാര്യം മനസ്സ് തുറന്ന് പറയില്ല. അതോടെ ഞാനും പറച്ചില്‍ നിര്‍ത്തി. മടിച്ചുമടിച്ചാണ് അളിയന്‍ മരിച്ചവിവരം എന്നോട് പറഞ്ഞത്. അതെന്‍റെ മനസ്സില്‍ തട്ടി. വേണ്ടപ്പെട്ട ഒരാള്‍ മരിച്ചവിവരം സങ്കോചത്തോടെ സ്വന്തം ഭാര്യയോട് പറയേണ്ടിവരുന്ന ഭര്‍ത്താവിന്‍റെ മാനാസീകാവസ്ഥ അപ്പോള്‍ ഞാന്‍ മനസ്സിലാക്കി. പക്ഷെ എന്‍റെ മനസ്സില്‍കൊണ്ടത് അതല്ല''.


''പിന്നെന്താണ്''.


''ലക്ഷ്മിചേച്ച്യേ ഭര്‍ത്താവ് നല്ലകാലത്ത് ദ്രോഹിച്ചിട്ടേ ഉള്ളൂ. എന്നിട്ടും അയാള്‍ വയ്യാതെ കിടന്നപ്പോള്‍ അവര്‍ പരിചരിച്ചു. വേണങ്കില്‍ അത് ഭാര്യടെ കടമ എന്നുപറയാം. എന്നാല്‍ ശവത്തിന്ന് പട്ടിട്ടശേഷം അവര്‍ പൊട്ടിക്കരഞ്ഞത് ഹൃദയത്തില്‍ തട്ടുന്നതായിരുന്നു. അതിന്നുശേഷം      ഞാന്‍ ആലോചിച്ചു. പരമദുഷ്ടനായിരുന്നു മോഹനേട്ടന്‍. തൊട്ടതിനെല്ലാം ഭാര്യയെ ദ്രോഹിച്ചവന്‍. എന്നിട്ടും അയാളുടെവേര്‍പാട് ലക്ഷ്മിചേച്ച്യേ വേദനിപ്പിച്ചു. ജീവിതത്തില്‍ ഒരിക്കല്‍പ്പോലും എന്നെ വേദനിപ്പിക്കാത്ത എന്‍റെ ഭര്‍ത്താവിനോടുള്ള എന്‍റെ പെരുമാറ്റം വളരെയധികം തെറ്റായി എന്നെനിക്ക് തോന്നി''.


''നോക്കൂ. ഇതുതന്നെയാണ് എല്ലാവരുടേയും അവസ്ഥ. മാറിചിന്തിച്ചാല്‍ തീരുന്ന പ്രശ്നങ്ങളെ ഉള്ളൂ ഓരോ കുടുംബത്തിലും''. 


''കയ്യില്‍ കിട്ടിയ കനകത്തിനെ കരിക്കട്ടപോലെ ഞാന്‍ കണക്കാക്ക്യേലോ എന്നൊരുകുറ്റബോധം എനിക്ക് തോന്നുന്നു. സത്യം പറഞ്ഞാല്‍ കഴിഞ്ഞ അഞ്ചാറ് ദിവസായി ഞാന്‍ രാത്രി ശരിക്കൊന്ന് ഉറങ്ങീട്ട്''.


''സമാധാനമായി ഇരിയ്ക്കൂ. ചടങ്ങുകള്‍ കഴിഞ്ഞാല്‍ ശ്രീധരന്‍ തിരിച്ചു വരും. അപ്പോള്‍ ഇതുവരെ നല്‍കാത്തസ്നേഹം വാരിക്കോരികൊടുക്കൂ. യഥാര്‍ത്ഥ ദാമ്പത്യം അങ്ങിനെ തുടങ്ങട്ടെ''. 


''ഇതൊന്നും പറഞ്ഞുതരാന്‍ ആരും ഉണ്ടായിരുന്നില്ല. അതാണ് ഇങ്ങിനെ പാളിച്ച പറ്റ്യേത്''.


''എന്‍റെ ഏടത്തിയമ്മയാണ് എന്‍റെ കുറവുകള്‍ മനസ്സിലാക്കിയത്. ഒരു ഡോക്ടറായ അവരേക്കാള്‍ എന്‍റെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ കഴിവുള്ളത് എന്‍റെ ഏട്ടനാണ്. അദ്ദേഹം എന്‍റെ കാര്യം  ഭാര്യയെ ഏല്‍പ്പിക്കുകയാണ് ചെയ്തത്. പക്ഷെ ഏട്ടന്‍ മറ്റൊന്ന് ചെയ്തു. എന്നോടുള്ള ഏട്ടന്‍റെ സ്നേഹം ഞാനപ്പോള്‍ മനസ്സിലാക്കി''.


''ഏട്ടന്‍ എന്തുചെയ്തു''.


''എനിക്കുവേണ്ടി എന്നോടൊപ്പം ഏട്ടനും മുടി കളഞ്ഞു''.


''പ്രൊഫസറുടെ ഏട്ടനെക്കുറിച്ച് എന്‍റെ ഹസ്ബന്‍റ് മുമ്പൊക്കെ പറയാറുണ്ട്. അദ്ദേഹം കലക്ടറായിരുന്നപ്പോള്‍ ഹസ്ബന്‍റിന്ന് കലക്ടറേറ്റിലായിരുന്നു ജോലി''.


വീണ്ടും മൌനം കാറിനകത്ത് ഇടം പിടിച്ചു. ദൂരം ഏറെ പിന്നിട്ടു. 


''ഞാനൊരു കാര്യം പറയട്ടെ'' പൊടുന്നനെ പ്രൊഫസര്‍ ചോദിച്ചു.


''പറയൂ'' സുമതി സമ്മതിച്ചു.


''കുറച്ചുദിവസം കഴിഞ്ഞാല്‍ കൌസല്യ എത്തും. നിങ്ങളും അവളും തമ്മില്‍ അടുപ്പത്തിലാവണം. തന്നത്താന്‍ പരിഹരിക്കാന്‍ കഴിയാത്ത സ്വന്തംപ്രശ്നങ്ങള്‍ ഒരോരുത്തരും അന്യോന്യംപറയണം. നിങ്ങളിലൂടെ ഞങ്ങളത് അറിഞ്ഞാല്‍ ആ പ്രശ്നങ്ങള്‍ തീര്‍ന്നിരിക്കും''. 


''ഇതിന് ഒരുവശംകൂടീണ്ട്. നിങ്ങള്‍ പുരുഷന്മാര്‍ക്ക് പരിഹരിക്കാന്‍ പറ്റാത്തവ നിങ്ങള്‍ അന്യോന്യം പറഞ്ഞോളിന്‍. നിങ്ങളില്‍നിന്ന് ഞങ്ങള്‍ സ്ത്രീകള്‍ അറിയട്ടെ.  ആ പ്രശ്നം ഞങ്ങള്‍ തീര്‍ക്കും''.


''എന്തിനാ അങ്കിള്‍ ഇങ്ങിനെ വളഞ്ഞ് മൂക്കുപിടിക്കുന്നത്. ഒരോരുത്തരും അവനവന്‍റെ പ്രയാസം സ്വന്തം ഇണയോട് പറയുക. രണ്ടുപേരുംകൂടി ആലോചിച്ച് പരിഹാരം കാണുക. അതല്ലേ നല്ലത്''. 


പ്രൊഫസര്‍ക്കും സുമതിക്കും മറുപടി ഉണ്ടായില്ല.


()()()()()()()()()()()()


രാവിലെ ബാലചന്ദ്രന്‍ എഴുന്നേറ്റപ്പോഴേക്കും കാര്‍ത്ത്യായിനി എത്തി.


''ബാലമാമ പല്ലുതേപ്പും കുളീം കഴിക്കൂ. അപ്പഴയ്ക്കും ചായ തരാം'' അവള്‍ പറഞ്ഞു. ബ്രഷില്‍ അല്‍പ്പം പേസ്റ്റ് തേച്ചതും ഒരുതോര്‍ത്തും അവള്‍ അയാള്‍ക്ക് കൊടുത്തു.


''അടുത്ത് പൊഴീണ്ടോ'' അയാള്‍ ചോദിച്ചു.


''കുളിമുറീണ്ട്. ഇല്ലെങ്കില്‍ കൊളൂണ്ട്''.


''എന്നാ ഞാന്‍ കുളത്തിലിക്ക് പോവാം''. അയാള്‍ കുളിക്കാന്‍ പോയപ്പോള്‍ അവള്‍ ലക്ഷ്മിയുടെ അടുത്തെത്തി.


''ബാലമാമ കുളിക്കാന്‍ പോയിട്ടുണ്ട്. മാറ്റാന്‍ തുണീണ്ടോന്ന് അറിയില്ല''.


''ഒരലമാറ നിറയെ മോഹനേട്ടന്‍റെ തുണ്യേളുണ്ട്. അയാള് ഇഷ്ടംപോലെ എടുത്തോട്ടെ''.


''അതെങ്ങന്യാ ബാലേട്ടന് കൊടുക്ക്വാ. മരിച്ച ആളടെ തുണി നായാടിക്ക്യല്ലേ കൊടുക്കണ്ട്''.


''അതിനിപ്പൊ നായാട്യോന്നും വരാറില്ല. അനാഥന്മാര്‍ക്ക് കൊടുക്കാനാണ് കുഷ്ഠരോഗികള്‍ക്ക് കൊടുക്കാനാണ് എന്നൊക്കെ പറഞ്ഞ് ആള്‍ക്കാര് പഴേ തുണി വാങ്ങാന്‍ വരും. അവര്‍ക്ക് കൊടുക്കാം''.


''മരിച്ച ആളടെ തുണികള് ഇഷ്ടംപോലീണ്ട്. അതെങ്ങന്യാ ബാലമാമയ്ക്ക് തര്വാ. നായാടി വരുമ്പൊ കൊടുത്തോട്ടെ. ഞാന്‍ രണ്ടുജോഡി തുണി വാങ്ങി ത്തരാം'' ബാലചന്ദ്രന്‍ കുളിച്ചെത്തിയപ്പോള്‍ കാര്‍ത്ത്യായിനി ആ വിവരം പറഞ്ഞു. 


''ഞാനേ ഒരു നായാട്യാണ്. പിന്നെന്താ തന്നാല്'' അയാള്‍ മറുപടി നല്‍കി.


കാര്‍ത്ത്യായിനി അകത്തേക്ക് പോയി. പിന്നെ അവള്‍ വന്നത് മോഹനന്‍റെ അലക്കിത്തേച്ച വസ്ത്രങ്ങളുമായിട്ടാണ്


അദ്ധ്യായം - 36.


''എന്തെങ്കിലും പണീണ്ടെങ്കില്‍ ഞാന്‍ ചെയ്യാട്ടോ'' രാവിലത്തെ ഭക്ഷണം കഴിക്കുമ്പോള്‍ ബാലചന്ദ്രന്‍ കാര്‍ത്ത്യായിനിയോട് പറഞ്ഞു.


''അതിനിവിടെ പണ്യോന്നൂല്യാ'' കാര്‍ത്ത്യായിനി പറഞ്ഞു ''ലക്ഷ്മിടെ രണ്ടാമത്തെ നാത്ത്വോനും കുടുംബൂം വരുണുണ്ടത്രേ. പാര്‍വ്വതിടെ വീട്ടിന്നും ആളുണ്ടാവും. അവരൊക്കെ ഊണുകഴിഞ്ഞിട്ടേ പോവൂ. അതോണ്ട് ഇന്ന് അടുക്കളേല് എനിക്ക് നല്ല പണീണ്ടാവും''.


''ഒറ്റയ്ക്ക് ബുദ്ധിമുട്ടണ്ടാ. ഞാന്‍ സഹായിക്കാം''.


''പാത്രം മോറലും വെപ്പുപണീം ചെയ്യാന്‍ ആണുങ്ങള്‍ക്കാവ്വോ''.


''എന്താ ആവാണ്ടേ. ജയിലില് ഞാന്‍ ആഹാരം ഉണ്ടാക്കും. നല്ല രുച്യാണ് എന്നാ എല്ലാരും പറയാറ്''.


''എന്നാലും വേണ്ടാ. ഞാന്‍ ചെയ്തോളാം''.


''വെറുതെ ഉണ്ടും ഉറങ്ങീം കഴിയാന്‍ എനിക്ക് മടീണ്ട്. തിന്നുണചോറിന് എന്തെങ്കിലും ചെയ്യണ്ടേ''.


''ഞാന്‍ ചോദിച്ചുനോക്കട്ടെ'' അവള്‍ അകത്തേക്ക് ചെന്നു.


''ബാലേട്ടന്‍ അന്യനാണെന്ന് കരുതണ്ടാ. മിണ്ടാതെ ഒരുഭാഗത്ത് ഇരുന്നാല്‍ത്തന്നെ മതി'' പാര്‍വ്വതി വന്നുപറഞ്ഞു.


''മോളേ. വളരെ കാലായിട്ട് ഞാന്‍ ഒന്നും ചെയ്യാറില്ല. നിങ്ങളൊക്കെ എന്നെ സ്വന്തം ആളായിട്ട് കണക്കാക്കുണുണ്ട്. അപ്പൊ ഇത് സ്വന്തംവീടുപോലെ കണക്കാക്കി എന്തെങ്കിലും ചെയ്യാന്‍ ഒരു മോഹം''.


''ബാലേട്ടന് എന്താ ചെയ്യാന്‍ വയ്ക്കാ''.


''കാര്‍ത്ത്യായിനിടെകൂടെ അടുക്കളേല് എന്തെങ്കിലും ചെയ്യാം''. 


''ബാലേട്ടന് അങ്ങിന്യൊരു മോഹൂണ്ടെങ്കില്‍ ചെയ്തോളൂ. ഞങ്ങള്‍ക്കൊരു വിരോധൂല്യാ.പക്ഷെ ഒരിക്കലും ഇന്നത് ചെയ്യണംന്ന് ഞങ്ങളാരുംപറയില്ല''. ബാലചന്ദ്രന്‍ അടുക്കളയിലേക്ക് ചെന്നു.


''എത്രാളുണ്ടാവും ഉണ്ണാന്‍ '' അയാള്‍ ചോദിച്ചു.


''ഇവടീപ്പൊ ആറാളുണ്ട്. ലക്ഷ്മിടെ ചെറ്യേട്ടന്‍റെ വീട്ടിന്ന് അഞ്ച് വല്യേ ആള്‍ക്കാരും ഒരുകുട്ടീം വരുണുണ്ട്. ഗോപ്യേട്ടന്‍റെ വീട്ടിന്ന് രണ്ടോ മൂന്നോ ആളുണ്ടാവും. എന്‍റെ മകനും മരുമകളും അനുജനും ഭാര്യീം ഒക്കെ വരും. ചെറ്യേട്ടന്‍റെ മകളും ഭര്‍ത്താവുംഎത്തും.പിന്നാരെങ്കിലും ഉണ്ടാവ്വോന്ന് അറിയില്ല''.


''ഒരു ഇരുപത്തഞ്ച് ആള്‍ക്കുള്ളത് ഉണ്ടാക്കാല്ലേ''.


''ധാരാളം''.


''സാമ്പാറും ഒരു കറീം ഉപ്പേരീം മാത്രം പോരേ''.


''അതൊക്കെ മതി''.


''എന്നാല്‍ കഷ്ണങ്ങളൊക്കെ എടുത്തോളൂ'' അയാള്‍ കാര്‍ത്ത്യായിനിയോട് പറഞ്ഞു.


''ചേന ഇവിടീണ്ട്. തൊടീല് മൂത്തുനിക്കിണ കായ കണ്ടിരുന്നു. അതിന്ന് കുറച്ച് കൊണ്ടുവരാം. അതുരണ്ടും പോരേ ഉപ്പേരിക്ക്''.


''അതോണ്ട് കറീണ്ടാക്കാം. ഇടിച്ചക്ക കണ്ടു. പൊടിത്തൂവലുണ്ടാക്കാന്‍ നല്ലപാകം. അതാ നല്ലത്'' ബാലചന്ദ്രന്‍ ഭേദഗതി വരുത്തി.


''ബാലമാമ എങ്ങന്യാച്ചാല്‍ അങ്ങനെ ചെയ്തോളൂ''. 


ബാലചന്ദ്രന്‍ ഒരു പഴയലുങ്കി വാങ്ങി മുണ്ടുമാറ്റി. തോളിലൊരു തോര്‍ത്തിട്ട് അയാള്‍ പാചകക്കാരനായി.


()()()()()()()()()()()()()


എട്ടര കഴിഞ്ഞതും ബാലചന്ദ്രന്‍റെ വീട്ടിലെ കാര്‍ വീടിന്നുമുന്നിലെത്തി. പ്രൊഫസറാണ് ആദ്യം ഇറങ്ങിയത്. അയാളുടെ മൊട്ടത്തല കണ്ട് ശ്രീധരമേനോന്‍ അന്തം വിട്ടു.


''എന്താ ഇത് ഇങ്ങന്യൊരു വേഷം'' അയാള്‍ പ്രൊഫസറെ സമീപിച്ച് ചോദിച്ചു.


''പഴനീല് പോയിരുന്നു''.


അയാള്‍ കൂടുതലൊന്നും ചോദിച്ചില്ല. മകന്‍ കാറിന്‍റെ ഡിക്കി തുറന്നു. അതിനകത്തുനിന്ന് വലിയൊരുബിഗ്ഷോപ്പര്‍ സുമതി എടുത്തു. മകന്‍ വലിയൊരു നേന്ത്രക്കുലയും.


''തന്നോളൂ. ഞാനെടുക്കാം'' ശ്രീധരമേനോന്‍ ഭാര്യയുടെ കയ്യില്‍നിന്ന് ബിഗ് ഷോപ്പര്‍ ഏറ്റുവാങ്ങി. 


''അതേയ്, ചിലദിക്കില്‍ കണൂക്കിന്ന് നേന്ത്രപ്പഴം കൊണ്ടുപോവുംന്ന് കേട്ടു. അതാ വാങ്ങ്യേത്'' ഭാര്യ അയാളോട് പറഞ്ഞു.


നാട്ടുകാര്‍ ഒന്നുംരണ്ടും പേരായി വന്നുതുടങ്ങി. പ്രതീക്ഷിച്ച ബന്ധുക്കളും വന്നുചേര്‍ന്നു. കാര്‍ത്ത്യായിനിക്ക് അടുക്കളയില്‍നിന്ന് ചായയുമായി വരാനേ നേരമുള്ളു. നേരം പതിനൊന്നര ആയികാണും. ഭാര്യ ഉമ്മറത്ത് പ്രത്യക്ഷപ്പെട്ടു.


''ഒന്നുവരൂ'' അവള്‍ വിളിച്ചതും ശ്രീധരമേനോന്‍ എഴുന്നേറ്റുചെന്നു. വീടിന്‍റെ പുറകിലേക്ക് നടന്ന ഭാര്യയോടൊപ്പം അയാള്‍ ചെന്നു.


''ഞാന്‍ ഇവിടെ ഇരിക്ക്യായിരുന്നു അല്ലേ'' അവര്‍ ചോദിച്ചപ്പോള്‍ അയാള്‍ക്ക് അത്ഭുതമാണ് തോന്നിയത്.


''സാരൂല്യാ''.


''ഏടത്ത്യേമ്മ ഇരുന്നതുപോലെ ഞാനും ഇരിക്കണ്ടതായിരുന്നു. വീഴ്ച പറ്റി. ബുധനാഴ്ച ഞാന്‍ വരുണുണ്ട്. പിന്നെ ചടങ്ങൊക്കെ കഴിഞ്ഞിട്ടേ പോവൂ''.


''അപ്പൊ വീട്ടിലാരാ''.


''മകനും മരുമകളും ഇല്ലേ. കുറച്ചുദിവസം അവരവിടെ കഴിയട്ടെ. ഒരു പരിശീലനം ആയ്ക്കോട്ടെ''. അയാളൊന്നും പറഞ്ഞില്ല.


''എന്താ ഒന്നും പറയാത്തത്. ഇനി മുതല്‍ മനസ്സിലുള്ളത് മറച്ചുവെക്കാതെ എന്നോട് പറയണം. ഞാനും അത് ചെയ്യും''.


''ശരി'' അയാള്‍ പുഞ്ചിരിച്ചു.


()()()()()()()()()()()()


നേരത്തെ നിശ്ചയിച്ചിരുന്നതിന്ന് പുറമേ ബാലചന്ദ്രന്‍ രസം കൂടി ഉണ്ടാക്കിയിരുന്നു. കാര്‍ത്ത്യായിനിയോടൊപ്പംചെന്ന് അയാള്‍ തൊടിയില്‍നിന്ന് ഇല മുറിച്ചുകൊടുത്തു. വര്‍ക്ക് ഏരിയയിലിരുന്ന് നനഞ്ഞതുണികൊണ്ട് വാഴയിലകള്‍ തുടച്ചു വൃത്തിയാക്കി.


''അടുക്കളേല്‍ കേറിയിട്ട് കുറെകാലായി. എങ്ങിനെ ഉണ്ടാവ്വോന്ന് അറിയില്ല'' അയാള്‍ പറഞ്ഞു.


കാര്‍ത്ത്യായിനി സ്പൂണ്‍കൊണ്ട് എല്ലാം കുറേശ്ശെയെടുത്ത് രുചിച്ചു നോക്കി.


''ബാലമാമേ. ഇത് രാമയ്യര് വെക്കിണപോലെ ഉണ്ടല്ലോ'' അവള്‍ പറഞ്ഞു. ഭക്ഷണം കഴിഞ്ഞശേഷം  എല്ലാവരും അതേ അഭിപ്രായം പറഞ്ഞതോടെ ബാലചന്ദ്രന്ന് ആത്മവിശ്വാസം തോന്നി.


''പ്രൊഫസര്‍ കൂടെ ഉള്ളതല്ലേ. ഞങ്ങളിനി വൈകിക്കിണില്ല'' സുമതി ഭര്‍ത്താവിനെവിളിച്ച് വിവരംപറഞ്ഞു ''പറഞ്ഞപോലെ ബുധനാഴ്ച ഞാനെത്തും''.


ശ്രീധരമേനോന്‍ അവരെ യാത്ര അയയ്ക്കാന്‍ ചെന്നു. കാര്‍ കണ്ണില്‍നിന്ന് മറയുന്നതുവരെ അയാള്‍ ഗെയിറ്റിന്ന് മുന്നില്‍ നിന്നു. 


അദ്ധ്യായം - 37.


''നമ്മള് തീരുമാനിച്ച പരിപാടീല് മാറ്റൂല്യല്ലോ'' ഞായറാഴ്ച രാവിലെ  ഹാജിയാര്‍ ആര്‍.കെ. മേനോനെ വിളിച്ചു ചോദിച്ചു. ഭാര്യയേയുംകൂട്ടി ഞായറാഴ്ച ഹാജിയാരുടെവീട്ടിലേക്ക് ചെല്ലാമെന്ന് മേനോന്‍ നേരത്തെ സമ്മതിച്ചിരുന്നതാണ്.


''ചെറിയൊരു മാറ്റൂണ്ട്. മകന്‍ കോഴിക്കോടൊരു കല്യാണത്തിന്ന് ഇന്ന് പുലര്‍ച്ചെ പോയി. അവനെത്തുമ്പൊ വൈകുന്നേരാവും. രണ്ടാളുംകൂടി വന്നാല്‍ മരുമകള് ഒറ്റയ്ക്കാവില്ലേ. അതോണ്ട് ഞാന്‍ ഒറ്റയ്ക്ക് വന്നാല്‍ പോരെ''.


''അതെന്തൊരു വര്‍ത്താനാണ്. നിങ്ങള് കുട്ടീനീം കൂട്ടീട്ട് വരിന്‍. അതിനെ ഒറ്റയ്ക്കാക്കണ്ടാ''.


''എന്നാശരി. ഞാന്‍ ചോദിച്ചിട്ട് വിളിക്കാം''. മേനോന്‍  ഭാര്യയെ വിളിച്ചു.


''നോക്കൂ, രമണി. ഹാജിയാര്‍ വിളിച്ചു. മകന്‍ കല്യാണത്തിന്ന് പോയി, മരുമകളെ ഒറ്റയ്ക്കാക്കി വരാന്‍ പറ്റില്ല. ഞാനൊറ്റയ്ക്ക് വന്നാ പോരേന്ന് ചോദിച്ചു. അയാള് അവളേം കൂട്ടീട്ട് വരാന്‍ പറഞ്ഞു. എന്താ വേണ്ടത്''.


''രാമന്‍കുട്ട്യേട്ടന്‍റെ പഴേ കൂട്ടുകാരനല്ലേ. പറഞ്ഞിട്ട് കേട്ടിലാന്ന് വേണ്ടാ. എല്ലാരുക്കുംകൂടി പോവാം''.


''എന്നാല്‍ ഞാന്‍ വിവരം പറയട്ടെ'' മേനോന്‍ കൂട്ടുകാരനെ മൊബൈലില്‍ വിളിച്ചു കാര്യംപറഞ്ഞു.


''ഇത്തിരി നേരത്തെ പോരിന്‍'' ഹാജിയാര്‍ക്ക് സന്തോഷമായി. 


ആര്‍.കെ. മേനോനും കുടുംബവും പത്തുമണിയ്ക്കുമുമ്പെ പുറപ്പെട്ടു. കാര്‍ നിര്‍ത്തുമ്പോഴേക്ക് ഹാജിയാര്‍ അടുത്തെത്തി.


''വരിന്‍ വരിന്‍ '' അയാള്‍ അവരെ അകത്തേക്ക് ക്ഷണിച്ചു. ഹാജിയാരുടെ ഭാര്യ ഉമ്മറത്തുവന്ന് രമണിയേയും മരുമകളേയും അകത്തേക്ക് വിളിച്ചു കൊണ്ടുപോയി.


''എത്ര കൊല്ലായി നമ്മളിങ്ങനെ കൂടീട്ട്'' ഹാജിയാര്‍ ഉറക്കെ ആത്മഗതം ചെയ്തു..


''എന്‍റെ ഈ മരുമകള്‍ക്ക് കല്യാണം കഴിഞ്ഞുവന്നപ്പൊ നിങ്ങള് വിരുന്നു കൊടുത്തില്ലേ. അതാണ് ലാസ്റ്റ്''.


''അപ്പൊ നാലുകൊല്ലം കഴിഞ്ഞിട്ടുണ്ടാവും''.


''അഞ്ച് കഴിഞ്ഞു. ഇന്നലെ കഴിഞ്ഞപോലെ തോന്നുണുണ്ട്. എത്ര പെട്ടെന്നാ കാലം പോയത്''.


''ഉള്ളിലിക്ക് വരിന്‍. ചായ കുടിക്ക്യാ'' ഹാജിയാരുടെ ഭാര്യ വീണ്ടുമെത്തി.


''ഞങ്ങള് കഴിച്ചിട്ടാ പോന്നത്''.


''കഴിച്ചിട്ടുണ്ടാവും. എന്നാലും ഓരോ വെള്ളം കുടിക്കാം''.


ഹാജിയാരോടൊപ്പം മേനോന്‍ ചെന്നു. ഡൈനിങ്ങ് ടേബിളില്‍ പലതരം പലഹാരങ്ങളും പഴങ്ങളും നിരത്തിയിട്ടുണ്ട്. രമണിയും മരുമകളും എതിര്‍വശത്തിരിക്കുന്നു. കുഞ്ഞിന്‍റെ കയ്യില്‍ ഒരാപ്പിളുണ്ട്. 


''എവിടെ മക്കളും മരുമക്കളും'' മേനോന്‍ ചോദിച്ചു.


''എല്ലാരുംകൂടി ഒരുനിക്കാഹിന് പോയിട്ടുണ്ട്. നിക്കാഹ് കഴിയാനൊന്നും നില്‍ക്കില്ല. പുയ്യാപ്ല ഇറങ്ങ്യാല്‍ അവര് തിരിച്ചുവരും''.


''നാലുമക്കളും മരുമക്കളും കുട്ട്യേളും ഒക്കെ ആവുമ്പൊ അതൊരു രസം തന്നെ. ഞങ്ങളടെ പെണ്‍മക്കള്‍ രണ്ടാളും എത്തുമൊ എല്ലാരുംകൂടി ഒരു ഉത്സവാവും''.


''നന്നെങ്കില്‍തന്നെ ഒക്കെ രസൂള്ളൂ. ലേശം തെറ്റ്യാല്‍ എല്ലാം തകരും''.


''എന്താ അങ്ങിനെ പറയാന്‍. എന്തെങ്കിലും പ്രശ്നൂണ്ടോ''.


''പടച്ചോന്‍ സഹായിച്ചിട്ട് ഇപ്പൊ പ്രശ്നോന്നൂല്യാ. നാളെ ഉണ്ടാവാണ്ടെ നോക്കണ്ടത് നമ്മടെ ചുമതല''.


''എന്തോ പ്ലാനിട്ടിട്ടുണ്ട് എന്ന് തോന്നുണൂ''.


''ബിസിനസ്സ് വെവ്വേറെ ആക്കീട്ടുണ്ട്. ഭൂമീം ഓരോരുത്തര്‍ക്കുള്ളത് എഴുതിവെച്ചു. മൂത്തവന് ഈ വീടുംസ്ഥലൂം. മൂന്നാള്‍ക്ക് വെവ്വേറെ വീടുണ്ടാക്കണം''.


''അത് തെറ്റില്ല. എവിട്യാ. ഇവിടെത്തന്ന്യാണോ''.


''അതില് അര്‍ത്ഥൂല്യാ. ഓരോന്നും തമ്മില്‍ അരകിലോമീറ്ററെങ്കിലും അകലം വേണം. എന്നാ ഉള്ള സ്നേഹം നിലനില്‍ക്കും''.


''അടുത്ത് പണിതുടങ്ങ്വോ''.


''ഒരുമാസം കഴിഞ്ഞാ തുടങ്ങാന്നാ വിചാരം. മൂന്നിനൂള്ള ചെങ്കല്ല് അടിച്ചിട്ടു.  മരത്തിന്‍റെ കാര്യാണ് അടുത്തത്. അത് നിങ്ങളുള്ളപ്പൊ ഒരുവിഷയേ അല്ല''.


''എന്‍റേലുള്ളത് ഹാജ്യാരടേതാണ് എന്ന് വിചാരിച്ചോളിന്‍. പറഞ്ഞാ     മതി, ഏതുസൈസ്സ് മരം വേണച്ചാലും എന്‍റെ മില്ലിന്ന് എത്തിക്കാം''.


''അതെനിക്കറിയില്ലേ. വയറിങ്ങിന്‍റേം പ്ലംബിങ്ങിന്‍റേം സാധനങ്ങള് നമ്മളടെ അടുത്തുണ്ട്. മാര്‍ബിളോ, ടൈല്‍സോ, ഗ്രനേറ്റോ വാങ്ങാനും ആരടടുത്തും പോണ്ടാ. നോക്കിനടത്താനാണ് പാട്''.


''അതിന് പറ്റ്യേ ആള്‍ക്കാരെ ഞാന്‍ ഏര്‍പ്പാടാക്കാം''.


തണുത്ത പാനീയവും മറ്റും കഴിച്ച് ഇരുവരും സ്വീകരണമുറിയിലേക്ക് നീങ്ങി. പുതിയതരം സോഫയാണ് ഇട്ടിരിക്കുന്നത്.


''പുതുതാണല്ലേ'' മേനോന്‍ ഒന്നുനോക്കിയശേഷം ചോദിച്ചു.


''ഇളയവന്‍റെ ഫര്‍ണ്ണീച്ചര്‍ കടേന്ന് കൊണ്ടുവന്നതാ''. ബിസിനസ്സിനെക്കുറിച്ച് ഇരുവരും കുറെ സംസാരിച്ചു.


''രാമന്‍കുട്ട്യേ. കുറച്ചുദിവസായിട്ട് എന്‍റെ മനസ്സില് ഒരു തോന്നലുണ്ട്'' ഹാജിയാര്‍ പൊടുന്നനെ വിഷയം മാറ്റി.


''എന്താദ്'' മേനോന്‍ ചോദിച്ചു.


''എനിക്ക് എഴുപത് വയസ്സ് ആയി. നിങ്ങള്‍ക്ക് രണ്ടോമൂന്നോ കുറയും. നമ്മള് ദുനിയാവില് ഇത്രകാലം ഇരുന്നിട്ട് എന്തുചെയ്തൂന്ന് ചോദിച്ചാ എന്താ പറയ്യാ''. മേനോന്‍ ആവിഷയം ചിന്തിച്ചിട്ടേ ഇല്ല.


''കച്ചോടം ചെയ്ത് കുറെ കാശുണ്ടാക്കി. കല്യാണം കഴിച്ച് മക്കളൂണ്ടായി. വീടും കാറും ഭൂമീം ഒക്കെ ഉണ്ടാക്കി. ഈ നാട്ടില് നമ്മടെകൂടെ കഴിയിണ ആള്‍ക്കാര്‍ക്ക് വേണ്ടി എന്താ നമ്മള് ചെയ്തത്''.


''നമ്മളെക്കൊണ്ട് ആവുണമട്ടില്‍ സഹായിക്കാറില്ലേ''.


''ഇല്ലാന്ന് ഞാന്‍ പറയിണില്യാ. എന്നാലും അത് പോരാ. എന്നെന്നേക്കും കാണത്തക്ക എന്തെങ്കിലും ഉണ്ടാക്കീടണം''.


''എന്താ മനസ്സില്. സ്കൂളോ, വായനശാല്യോ, അതോ പള്ള്യോ എന്താന്ന് പറയിന്‍''.


''പള്ളീം അമ്പലൂം ഒന്ന്വോല്ല. അത് ആവശ്യത്തിനൊക്കീണ്ട്. ആള്‍ക്കാര്‍ക്ക് ആവശ്യൂള്ള എന്തെങ്കിലും ആവണം''.


''വാപ്പടെ ഓര്‍മ്മയ്ക്ക് ആവും അല്ലേ''.


''അതിന് ഇത്ര ബുദ്ധിമുട്ടണ്ട കാര്യൂല്യാ. കുറച്ചുകാശ് ബാങ്കിലിട്ട് അതിന്‍റെ പലിശ്യോണ്ട് സ്കൂള്‍ കുട്ട്യേള്‍ക്കൊരു സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്ത്യാല്‍ പോരേ. നമുക്ക് എന്നെന്നെക്കുംകാണുണ ഒരുസംഗതി വേണം. അത് ഞാന്‍ ഒറ്റക്ക്യല്ല. നിങ്ങളും നാട്ടിലെ പറ്റുണ ആള്‍ക്കാരും ചേര്‍ന്ന് ഉണ്ടാക്കണം. പത്തുറുപ്പിക കൊടുക്കുണോനും പത്തുലക്ഷം കൊടുക്കുണോനും ഒരേ പോലെ ഞങ്ങടേന്ന് പറയാന്‍ പറ്റുണ ഒരു സ്ഥാപനം''.


''സംഗതി തരക്കെടില്ല. ഞാനും എന്താച്ചാ ചെയ്യാം. പക്ഷെ ഒരുകാര്യൂണ്ട്. നല്ലോണം ആലോചിച്ചിട്ട് വേണം ചാടി പുറപ്പെടാന്‍''.


''അത് ശര്യാണ്. ഞാന്‍ ഫൈസല് മാഷടെ അടുത്ത് സൂചിപ്പിച്ചു. അയാള് എന്തിനും കൂടേണ്ടാവും. അതുപോലെ വിവരൂള്ള കുറച്ച് ആള്‍ക്കാര് വേണം''.


''പ്രൊഫസര്‍ കൃഷ്ണദാസുണ്ട്. അതെപോലെ റിട്ടയേര്‍ഡ് ആര്‍.ഡി.ഓ. ശ്രീധരമേനോനുണ്ട്. അതുപോലെ കുറെ ആള്‍ക്കാരെ വിളിച്ചുകൂട്ടീട്ട് വേണ്ടത് ചെയ്യാം''.


''എന്നാപ്പിന്നെ അതിന് ഇറങ്ങ്വേല്ലേ''.


''എന്താ സംശയം. നിങ്ങള് പറയിണ എന്തിനും ഞാനുണ്ടാവ്വോലോ''.   


''ഇനി എപ്പഴാ ഇതുപോലെ ഒത്തുകൂട്വാ''.


''അടുത്ത ഞായറാഴ്ച രമണിടെ പിറന്നാളാണ്. എല്ലാരുംകൂടി അങ്ങിട്ട് വരിന്‍''.


''അതിനെന്താ. ഞങ്ങള് വരാലോ''. പുറത്ത് കാറുകളുടെ ശബ്ദംകേട്ടു.


''അവര് എത്തീന് തോന്നുണു'' ഹാജിയാര്‍ സംഭാഷണം അവസാനിപ്പിച്ചു. വാതില്‍ കടന്ന് മക്കളും മരുമക്കളും പേരക്കുട്ടികളും അകത്തെത്തി.


അദ്ധ്യായം - 38.


രാവിലെ ഒമ്പതതരയ്ക്ക് മുമ്പുതന്നെ മേരിക്കുട്ടി തയ്യാറായി കഴിഞ്ഞു. പണയംവെക്കാനുള്ള വളകളും ബാങ്ക് പാസ്സ്ബുക്കും അവള്‍ ബാഗില്‍ സൂക്ഷിച്ചുവെച്ചു.


''ഇപ്പോള്‍ ഇറങ്ങിയാലേ പത്തുമണിക്ക് ബാങ്കിലെത്തു'' ചാക്കോവിനെ അവള്‍ ഓര്‍മ്മപ്പെടുത്തി.


''ഒരു മിനുട്ട്. ഇതാ ഇറങ്ങുന്നു'' ചാക്കോ കുറച്ചുപൌഡറെടുത്ത് മുഖത്ത് തേച്ചുപിടിപ്പിച്ചു, അതിലിരട്ടി ഷര്‍ട്ടിലും തൂവി.


''എന്തിനാ ഇങ്ങിനെ പൌഡര്‍ വാരിപൊത്തുന്ന്'' അവള്‍ ചോദിച്ചു.


''നല്ല ചൂട് അല്ലായോ. വിയര്‍ക്കും''.  വാതില്‍ പൂട്ടി അവര്‍ പുറപ്പെട്ടു.


തിങ്കളാഴ്ച ആയതുകൊണ്ടാവും ബാങ്കിന്‍റെ മുന്നില്‍ നല്ല തിരക്ക്. മുന്നിലെ വാതില്‍ തുറക്കുന്നതേയുള്ളു.


''മേരിക്കുട്ട്യേ. മുടിഞ്ഞ തെരക്കാ'' ചാക്കൊ പറഞ്ഞു.


''ഇതിയാന്‍ ക്ഷമിക്ക്. വഴിയുണ്ടാക്കാം''.


എന്താണ് വഴിയെന്ന് അയാള്‍ക്ക് മനസ്സിലായില്ല. ബാഗുമായി മേരിക്കുട്ടി ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞു. ഗെയിറ്റിനരികില്‍ മതിലും ചാരി ചാക്കോ ചുറ്റുപാടും നോക്കിനിന്നു. കുറച്ചുകഴിഞ്ഞതും മുന്നിലെവാതില്‍ തുറന്നു. അതോടെ അകത്തേക്ക് ആളുകളുടെ ഇരച്ചുകയറ്റമായിരുന്നു.


തിരക്ക് മുഴുവന്‍ കഴിഞ്ഞപ്പോള്‍ അയാള്‍ അകത്തേക്ക് കയറി. വിവിധ കൌണ്ടറുകളില്‍ ആളുകള്‍ വരിയായി നില്‍ക്കുന്നുണ്ട്. ഗോള്‍ഡ് ലോണ്‍ കൌണ്ടറിന്‍റെ മുന്നിലുള്ളവരിയില്‍ ഒന്നാമതായി മേരിക്കുട്ടി നില്‍ക്കുന്നത് അയാള്‍ കണ്ടു.


നിരനിരയായി ഇട്ട ഇരിപ്പിടങ്ങളിലൊന്നില്‍ ചാക്കോ ഇരുന്നു. ചില കൌണ്ടറുകള്‍ക്ക് മുന്നില്‍നിന്ന ആളുകള്‍ ആവശ്യംകഴിഞ്ഞ് തിരിച്ചു പോരുന്നുണ്ട്. അരമണിക്കൂര്‍ കഴിഞ്ഞതും മേരിക്കുട്ടിയെത്തി.


''ചെല്ലനെ വിളിച്ച് വരാന്‍ പറ'' അടുത്തെത്തിയതും മേരിക്കുട്ടി പറഞ്ഞു. വെളിയിലിറങ്ങിയതും അയാളത് ചെയ്തു.


''ഒരുമണിക്ക് കടലാസ്സുംകൊണ്ട് വരാമെന്ന് ചെല്ലന്‍ പറഞ്ഞു'' ചാക്കോ ഭാര്യയെ അറിയിച്ചു. 


ഇരുവരും റോഡിലേക്കിറങ്ങി. ആകാശത്ത് മേഘശകലങ്ങള്‍ സൂര്യനെ മറച്ച് അവര്‍ക്ക് തണലേകി.


()()()()()()()()()()()


കാര്‍ത്ത്യായിനി മുന്നിലും ബാലചന്ദ്രന്‍ പിന്നിലുമായി വയല്‍വരമ്പിലൂടെ നടന്നു. പാടത്ത് ചിനച്ചുകൂടിയ നെല്‍ച്ചെടികളില്‍ കതിരുവരാന്‍ ഇനിയും ഒരു മാസമെങ്കിലും വേണം. കാര്‍ത്ത്യായിനി വീടുകാണാന്‍ ബാലമാമയെ കൂട്ടിക്കൊണ്ടുപോവുകയാണ്.


തലേന്ന് വൈകുന്നേരം പോവാമെന്ന് തീരുമാനിച്ചതാണ്. ഓര്‍ക്കാപ്പുറത്ത് ലക്ഷ്മി പഠിപ്പിച്ച സ്കൂളിലെ ടീച്ചര്‍മാര്‍ കാണാനെത്തിയതുകൊണ്ട് അത് മാറ്റിവെക്കേണ്ടിവന്നു. പാടം കടന്ന് തോടിനരികിലെത്തി. 


''ഇനി സൂക്ഷിച്ചുനടന്നോളൂ. ചിലപ്പൊ വഴുക്കും'' അവള്‍ മുന്നറിയിപ്പ് നല്‍കി. ചിലദിക്കില്‍ പാടത്തിന്‍റെ വരമ്പ് കവിഞ്ഞ് വെള്ളം തോട്ടിലേക്ക് ഒഴുകുന്നുണ്ട്.


''പാതേലിക്കിനി ഇത്തിര്യേള്ളൂ. തോട്ടുപാലത്തിന്‍റെ അടുത്തന്യാ എന്‍റെ വീട്''. അല്‍പ്പദൂരം നടന്നതും തോട് വലത്തോട്ട് തിരിഞ്ഞു. കണ്‍മുന്നില്‍ റോഡിലൂടെ വാഹനങ്ങള്‍ പാഞ്ഞുപോകുന്നു.


റോഡിനടുത്ത് തോടിനോടുചേര്‍ന്നുനില്‍ക്കുന്ന ചെറിയൊരു ഓട്ടുപുര കണ്ണില്‍പ്പെട്ടു. പുര എന്ന് പറയാനാവില്ല. ചെറിയൊരു ഷെഡ്ഡ് എന്നു വേണമെങ്കില്‍ പറയാം. ചുറ്റുംകമ്പിവേലിയുണ്ട്. ചെറിയൊരു ഇരുമ്പു ഗെയിറ്റുള്ളത് പൂട്ടിയ നിലയിലാണ്. കാര്‍ത്ത്യായിനി പൂട്ട് തുറന്നു.


''ഇതാ എന്‍റെ വീട്. എങ്ങനീണ്ട്'' അവളുടെ വാക്കുകളില്‍ അഭിമാനം തുളുമ്പി. ബാലചന്ദ്രന്‍ ചുറ്റുപാടും കണ്ണോടിച്ചു. തോടിന്‍റെ ഭാഗത്തായി തൊടിയിലൊരു കുഴി കണ്ടു.


''എന്താ ഇത്'' അയാള്‍ ചോദിച്ചു.


ഇത് കിണറ്. കാശില്ലാത്തതോണ്ട് കെട്ടിക്കാന്‍ പറ്റീലാ. എന്നാലും മുന്നൂറ്റിയറുപത്തഞ്ച് ദിവസൂം വെള്ളം കിട്ടും. തൊട്ടത് തോടല്ലേ''.


''എത്ര സ്ഥലൂണ്ട്''.


''നാലുസെന്‍റ്. കമ്പിവേലി ഇടുമ്പൊ ഞാനിത്തിരി ഇറക്കി കെട്ടിച്ചു.    ഇപ്പൊ അഞ്ചിന് മീതെ കാണും''. കാര്‍ത്ത്യായിനി വാതില്‍ തുറന്ന് അകത്തുകയറി.


''ബാലമാമ വരൂ'' അവള്‍ വിളിച്ചു. ബാലചന്ദ്രന്‍ അകത്തുകയറി. തട്ടിടാത്തപുരയില്‍ കഴുക്കോലിന്ന് പകരം തേക്കിന്‍കുഴകളാണ്. അകത്തേക്ക് കയറുന്നത് ചെറിയവരാന്തയിലേക്കാണ്.  കഷ്ടിച്ച് പത്തടിനീളവും അഞ്ചടി വീതിയും കാണും. അതിന്‍റെ നടുവിലെ     വാതില്‍ തുറന്നാല്‍ അടുക്കളയായി. നിലത്തൊരു കോണില്‍ ഒരു കുഴിയടുപ്പുണ്ട്. ഇടതുവശത്തെ വാതില്‍ തുറന്നാല്‍ സാമാന്യം വലുപ്പമുള്ളൊരു കിടപ്പുമുറി. ഒരു ഓരത്ത് കിടക്കപ്പായ മടക്കി വെച്ചിരിക്കുന്നു. അടുക്കളയില്‍നിന്ന് പുറത്തേക്കിറങ്ങുന്നത് ഒരു ചായ്പ്പാണ്. അതിന്‍റെ അങ്ങേതലയ്ക്കില്‍ കുളിമുറിയും കക്കൂസും. ബാക്കിഭാഗത്ത് അമ്മി, ആട്ടുകല്ല്, കുറച്ച് വിറക്, രണ്ട് പ്ലാസ്റ്റിക്ക് കുടങ്ങള്‍, ഒരു ബക്കറ്റും കയറും എന്നിവ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.


തിരിച്ചു പോരുമ്പോള്‍ ബാലചന്ദ്രന്‍ വരാന്തയിലിട്ട പ്ലാസ്റ്റിക്ക് കസേലയിലിരുന്നു. ചുമരില്‍ തൂക്കിയ കലണ്ടറിലെ കൃഷ്ണന്‍റെ ഫോട്ടോയ്ക്ക് താഴെ ഒരു കൊച്ചുസ്റ്റാന്‍ഡില്‍ ഒറ്റത്തിരിവിളക്കും ചന്ദനത്തിരി സ്റ്റാന്‍ഡും വെച്ചിട്ടുണ്ട്. പാവം കാര്‍ത്ത്യായിനി. ഒറ്റയ്ക്കിവിടെ കഴിയുമ്പോള്‍ തനിക്ക് കൂട്ടിന് ഭഗവാനുണ്ട് എന്ന ആശ്വാസം അവള്‍ക്കുണ്ടാവും. 


''കുറച്ച് കേടൊക്കീണ്ട്. കുറച്ചു പട്ടികീം അഞ്ചാറ് കൊഴീം ചിതല് കേറി. വീഴുണതിന്ന് മുമ്പ് എങ്ങിനേങ്കിലും ഇതൊന്ന് നന്നാക്കണം'' മനസ്സിലുള്ള മോഹം കാര്‍ത്ത്യായിനി അറിയിച്ചു.


ആരെങ്കിലും സഹായിച്ചാലല്ലാതെ അവള്‍ക്കതിന്ന് കഴിയില്ല. സര്‍ക്കാര്‍ വീടുണ്ടാക്കാനും നന്നാക്കാനും സഹായധനം നല്‍കുന്നുണ്ട്. അങ്ങിനെ എന്തെങ്കിലും കിട്ടുമോ എന്ന് അന്വേഷിക്കട്ടെ.


''അടിയന്തരോക്കെ കഴിഞ്ഞ് എല്ലാരും പോയാല്‍ ബാലമാമ ഇവിടെ കൂടിക്കോളൂ. എന്നെക്കൊണ്ട് ആവുണപോലെ നോക്കാം''. ആ ഉറപ്പ് ബാലചന്ദ്രന്‍റെ മനസ്സ് കുളിര്‍പ്പിച്ചു.



അദ്ധ്യായം - 39.


''ബാലമാമേ. ഞാന്‍ മുറ്റോന്ന് അടിച്ചു മാടീട്ട് വരട്ടെ'' കാര്‍ത്ത്യായിനി ചായ്‌പ്പില്‍നിന്ന് ചൂലുമെടുത്ത് പുറത്തേക്കിറങ്ങി. ബാലചന്ദ്രന്‍ പുറത്തിറങ്ങി ചുറ്റുപാടും കണ്ണോടിച്ചു. കുലച്ചിട്ടില്ലാത്ത ഏഴെട്ട് വാഴകളുണ്ട്. വേലിയരികില്‍ സാമാന്യം വലിയ മുരിങ്ങയും രണ്ട് തൈത്തെങ്ങുകളും അല്ലാതെ മറ്റൊന്നുമില്ല. വീടിന്‍റെ പുറകുവശത്ത് ചീരകൃഷിചെയ്തത് നന്നായി വളര്‍ന്നിട്ടുണ്ട്. 


''പ്ലാവും മാവും വെച്ചൂടേ'' ബാലചന്ദ്രന്‍ അവളോട് ചോദിച്ചു.


''വെച്ചിട്ടുണ്ടായിരുന്നു. പ്ലാവ് വലുതായി എന്‍റെ അരയ്ക്കൊപ്പം വന്നതാ. അന്ന് വേലീണ്ടായിരുന്നില്ല. ആരട്യോ ആട് വന്ന് തിന്നുപോയി''.


''വേലി കെട്ടീട്ട് എത്ര്യായി''.


''കഴിഞ്ഞ കന്നീലാന്നാ ഓര്‍മ്മ. പോസ്റ്റാഫീസില് മാസത്തില് ഇരുന്നൂറ്റമ്പത് ഉറുപ്പികകണ്ട് ഇട്ടിരുന്നു. അത് തീര്‍ന്നപ്പൊ കിട്ട്യേ കാശോണ്ട് കെട്ട്യേതാ''.


''മഴക്കാലത്ത് നല്ല മാവിന്‍റെ തെയ്യ് വാങ്ങിവെച്ചാല്‍ മതി''.


''ചക്കപ്പഴത്തിന്‍റെ കഷ്ണം കിട്ട്യാല്‍ തിന്നിട്ടതിന്‍റെ കുരുകുത്തീട്ടാല്‍ മതി. അതുപോലെ മാങ്ങടെ അണ്ടീം കുത്തീടണം''.


പെട്ടെന്ന് കാര്‍ത്ത്യായിനിയുടെ മുറ്റമടികഴിഞ്ഞു. അടുത്തപണി വീടിനകം അടിച്ചുതുടയ്ക്കലായിരുന്നു.


കുറച്ച് ചീരീം മുരിങ്ങടെലീം പൊട്ടിച്ചുകൊണ്ടുപോവാം'' തോട്ടിയെടുത്ത് കാര്‍ത്ത്യായിനി മുരിങ്ങയില വലിക്കാന്‍ തുടങ്ങി. 


''ഞാന്‍ പൊട്ടിച്ചുതരാം'' ബാലചന്ദ്രന്‍ സഹായിക്കാനൊരുങ്ങി.


''ഒന്നും വേണ്ടാ. ബാലമാമ നോക്കിനിന്നാ മതി''. തിരിച്ചുവീടെത്തുമ്പോള്‍ ഉച്ചയാവാറായി.


വൈകുന്നേരം പതിവുസന്ദര്‍ശകര്‍ വന്നസമയത്ത് കാര്‍ത്ത്യായിനിയുടെ വീട്ടിലേക്ക് ബാലചന്ദ്രന്‍ ചെന്നവിവരം സംഭഷണത്തിലെത്തി.


''എങ്ങനീണ്ട് അവളടെ വീട്'' നാരായണന്‍ മാഷ് ചോദിച്ചു. ബാലചന്ദ്രന്‍ വീടിന്‍റെ ശോചനീയാവസ്ഥ വിവരിച്ചു.    


''ആരെങ്കിലും സഹായിച്ചില്ലെങ്കില്‍ ഈ വരുണ മഴക്കാലത്ത് അത് വീഴും'' അയാള്‍ പറഞ്ഞു.   


''ഇപ്പൊ സര്‍ക്കാറിന്‍റെ സഹായം ഉണ്ടല്ലോ'' മാഷ് അറിയിച്ചു.


''ഉവ്വ്. പ്രധാനമന്ത്രി ആവാസ് യോജന ഉണ്ട്. കേരള സര്‍ക്കാറിന്‍റെ ലൈഫ് മിഷന്‍ പ്രോജക്ട് ഉണ്ട്. നാലുലക്ഷം രൂപവരെ സഹായധനം ലഭിക്കും'' ശ്രിധരമേനോന്‍ പറഞ്ഞു. 


''എന്നാല്‍ ആരേങ്കിലും പിടിച്ച് നമുക്കത് അവള്‍ക്ക് വാങ്ങികൊടുക്കണം'' മാഷ് പറഞ്ഞു.


''അതിന് പറ്റ്യേ ആരെങ്കിലൂണ്ടോ''.


''ആളൊക്കീണ്ട്. പക്ഷെ പണം കിട്ട്യാല്‍ പണി ചെയ്യിക്കണ്ടേ. അതിനാരാ ഉള്ളത്''.


''ബാലചന്ദ്രന്‍ ഇവിടെ ഉണ്ടാവില്ലേ. അദ്ദേഹം നോക്കിനടത്തട്ടെ'' കേശവന്‍ നായര്‍ അഭിപ്രായപ്പെട്ടു. 


പുതിയൊരു ദൌത്യം തന്നെ കാത്തിരിക്കുന്നുണ്ടെന്ന് ബാലചന്ദ്രന്ന് മനസ്സിലായി.

                                                        

()()()()()()()()()()()


ഒരുമണിക്ക് വരാമെന്നുപറഞ്ഞ ചെല്ലന്‍ എത്തുമ്പോള്‍ മണി ആറ് കഴിഞ്ഞു. അതിനകം ചാക്കോ പലവട്ടം അയാളെ വിളിച്ചു. ഇതാ, ഇപ്പൊഎത്തും എന്ന് ഒന്നുരണ്ടു പ്രാവശ്യം അയാള്‍ പറഞ്ഞതോടെ മേരിക്കുട്ടിയുടെ ക്ഷമയറ്റു.


''താനെന്താ മനുഷ്യനെ കളിപ്പിക്കുകയാണോ'' എന്ന് മൊബൈലിലൂടെ അവള്‍ ചോദിച്ചതും സംഗതി പന്തികേടാണെന്ന് ചെല്ലന് മനസ്സിലായി.


''വീടിന്‍റെ ഉടമസ്ഥന്‍ എലപ്പുളീലിക്ക് ഒരു മരിപ്പിന് പോയിരിക്ക്യാണ്. ഞാന്‍ അയാളെത്താന്‍ കാത്തിരിക്ക്യാണ്. വന്നതും കടലാസ്സ് ഒപ്പിടീച്ച് എത്തും''  ചെല്ലന്‍ സത്യം പറഞ്ഞു.


മുദ്രപേപ്പറില്‍ ടൈപ്പ് ചെയ്ത കരാര്‍ ചെല്ലനില്‍നിന്ന് മേരിക്കുട്ടി വാങ്ങി. അകത്തുനിന്ന് കണ്ണടകൊണ്ടുവന്ന് അവളത് വായിച്ചു.


''സ്ഥലത്തിന്‍റെ ആധാരം, മുന്നാധാരം, പട്ടയം, വില്ലേജിലും പഞ്ചായത്തിലും ടാക്സ് അടച്ചതിന്‍റെ രശീതി ഇതൊക്കെഉണ്ടാവില്ലേ. അതിന്‍റെ ഫോട്ടോസ്റ്റാറ്റ് വാങ്ങിത്തരണം'' അവള്‍ ആവശ്യപ്പെട്ടു.


''അതിപ്പൊ രണ്ട് മാസംകൊണ്ട് റയിഷാക്കില്ലെ. പിന്നെന്തിനാ ഇതൊക്കെ''.


''റജിസ്റ്റര്‍ ചെയ്യുന്നത് വേറെ കാര്യം. കരാറെഴുതുമ്പോള്‍ ഈ രേഖകള്‍ വേണ്ടതാണ്. അതാ അതിന്‍റെ രീതി''.


''അത് കിട്ട്യാലേ നിങ്ങള് പൈസ തരൂ''.


''പൈസ ഞാന്‍ ഇപ്പോള്‍ത്തന്നെ തരും. നാളെ നിങ്ങള് രേഖകള്‍ ഇവിടെ എത്തിക്കണം''.


''ആ കാര്യം ഞാനേറ്റു'' ചെല്ലന്‍ പൈസ വാങ്ങി എണ്ണിനോക്കി.


''ഇരുപത്തഞ്ചുണ്ട്'' അയാള്‍ പറഞ്ഞു.


''ഇത് കയ്യില്‍ വെച്ചോ. ഫോട്ടോസ്റ്റാറ്റ് എടുക്കാനും ഓട്ടോറിക്ഷയ്ക്ക് കൊടുക്കാനും ആയിട്ടാ'' മേരിക്കുട്ടി ഇരുന്നൂറ് രൂപ കൊടുത്തു. അത് വാങ്ങി ചെല്ലന്‍ സ്ഥലംവിട്ടു.


''ഒന്നുംകൊടുത്തില്ല എന്ന് പറയരുതല്ലോ. അതാകൊടുത്തത്. ഫോട്ടോസ്റ്റാറ്റ് അവര് തരേണ്ടതാ''. അവള്‍ ചക്കോവിനോട് പറഞ്ഞു.


''എന്നാത്തിനാ രേഖകളുടെ ഫോട്ടോസ്റ്റാറ്റ്'' ചാക്കോ ചോദിച്ചു.


''അതെല്ലാം ഏതെങ്കിലും ഒരു വക്കീലിന്ന് കാണിച്ചുകൊടുക്കണം. അതില് കുഴപ്പം എന്തെങ്കിലും ഉണ്ടോന്ന് നോക്കിക്കണം. സ്ഥലം വാങ്ങുന്നവര് ഇതെല്ലാം ചെയ്യണംഎന്ന് മാസികേല് വക്കീലിനോട് ചോദിക്കാംഎന്നതില് ഞാന്‍ വായിച്ചിട്ടുണ്ട് പിന്നീടെന്തെങ്കിലുംപ്രശ്നം ഉണ്ടാവാന്‍ പാടില്ലല്ലോ''. മേരിക്കുട്ടിയുടെ കാര്യപ്രാപ്തിയില്‍ അയാള്‍ക്ക് അഭിമാനം തോന്നി. 


അദ്ധ്യായം - 40.


പറഞ്ഞതില്‍നിന്ന് ഒരുദിവസംകൂടി കഴിഞ്ഞാണ് ജബ്ബാറും ആരീഫയും എത്തിയത്. കുഞ്ഞഹമ്മദ് ജോലിക്ക് പോയികഴിഞ്ഞിരുന്നു. പാത്തുമ്മ ഉച്ചഭക്ഷണം ഉണ്ടാക്കാന്‍ തുടങ്ങുന്നതേയുള്ളൂ.


''ഉമ്മാ, നിങ്ങള് ചോറുവെക്ക്യോന്നുംവേണ്ടാ'' മകന്‍ ഉമ്മയോട് പറഞ്ഞു.


''എന്നിട്ട് ഉച്ചയ്ക്ക് എന്താ ചെയ്യാ''.


''ഞാന്‍ പോയി ഹോട്ടലിന്ന് ബിരിയാണി വാങ്ങീട്ട് വരാം''. മകനത് പറഞ്ഞതോടെ പാത്തുമ്മ മുഷിഞ്ഞതുണികളെടുത്ത് അലക്കാന്‍ പോയി. 


കുഞ്ഞഹമ്മദിന്ന് ദിവസവൂം അലക്കിത്തേച്ച തുണി. വേണം. പ്ലാസ്റ്റിക്ക് വട്ടയില്‍ പകുതിയോളം വെള്ളംനിറച്ച് ഒരു കൈ നിറയെ സോപ്പുപ്പൊടി വാരിയിട്ടു. എന്നിട്ടത് നന്നായി ഇളക്കിയശേഷം മുഷിഞ്ഞതുണികളതില്‍ എടുത്തിട്ടു. കുറച്ചുനേരം അതവിടെ കിടക്കട്ടെ. എന്നിട്ട് തിരുമ്പിയാല്‍ മതി.


''ഉമ്മാ. തുണി തിരുമ്പ്വാ''' മകന്‍ അടുത്തെത്തി. വീടുമാറുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ പറ്റിയ സമയമാണ് എന്ന് പാത്തുമ്മ മനസ്സില്‍ കരുതി.


''അവളെവടീണ്ട്'' അവര്‍ മകനോട് ചോദിച്ചു.


''ടി.വി. കാണുണൂ''. ആ കുന്ത്രാണ്ടത്തിന്‍റെ മുമ്പിലിരുന്നാല്‍ ഇപ്പോഴൊന്നും അവള്‍ എഴുന്നേല്‍ക്കില്ല. ഇതുതന്നെ പറ്റിയ സമയം.


''മോനേ, ജബ്ബാറേ, നിന്‍റെ കെട്ട്യോളടെ വീടുമാറുണ കാര്യം എന്തായി'' അവര്‍ ചോദിച്ചു.


''ഇനിയെന്തിനാ ഉമ്മാ മാറുണത്. സുഹ്രീം അവളും കൂടീട്ടല്ലേ ചേരാത്തത്. ആ പ്രശ്നം തീര്‍ന്നില്ലേ''.


''അത് കാര്യൂല്യാ. ഒരാളടെ മനസ്സില്‍ വീട്ടിന്ന് വെളീലിറങ്ങണംന്ന് നിനവ് വന്നാല്‍ എപ്പഴായാലും ഇറങ്ങും. തമ്മില്‍ത്തല്ല് ഉണ്ടാവുംമുമ്പ് മാറ്യാല്‍ രണ്ടുകൂട്ടര്‍ക്കും നല്ലത്''. 


''വാപ്പ എന്ത് പറഞ്ഞു''.


''വാപ്പേന്താ പറയ്യാ. നീയും നിന്‍റെ ഭാര്യീം അല്ലേ നിശ്ചയിക്കണ്ടത്''.


''നിങ്ങള് രണ്ടാളേം ഒറ്റയ്ക്കാക്കി എങ്ങന്യാ പിരിഞ്ഞുപോവ്വാ''.


''അത് നീ വിട്ടളാ. ഞങ്ങള് എങ്ങനേങ്കിലും കഴിഞ്ഞോളും''.


''എന്നാലും എനിക്കൊരു സമാധാനൂല്യാ''.


''നീ ഇടങ്ങറാവണ്ടാ. ഞങ്ങള് ഈ നാട്ടില്‍ത്തന്ന്യെല്ലെ കഴിയിണത്. നമ്മടെ ചുറ്റുവട്ടാരത്ത് അറിയിണോരുണ്ടല്ലോ''. 


''ഫ്ലാറ്റില് വാടകക്കിരിക്ക്യാന്ന് നേരത്തെ പറഞ്ഞിരുന്നു. ഇപ്പൊ അവളടെ വീടിന്‍റടുത്ത് വല്യോരു ഫ്ലാറ്റ് പണികഴിഞ്ഞിട്ടുണ്ട്. അതില് ഒന്ന് വാങ്ങി തരട്ടേന്ന് അവളടെ വാപ്പ ചോദിച്ചൂന്ന് പറഞ്ഞു''.


''അത് നിങ്ങള് സൌകര്യംപോലെ ചെയ്തോളിന്‍. വാപ്പാന്‍റീം എന്‍റീം കാലം കഴിഞ്ഞാ ഇത് നിനക്കുള്ളതാ. ഇതിലാരും അവകാശം പറഞ്ഞ് വരില്ല''.


''ഞാനവളടെ അടുത്തൊന്ന് ചോദിക്കട്ടെ. എന്നിട്ട് പറഞ്ഞാ പോരേ''.


''മതി. പക്ഷെ നിന്‍റെ ലീവ് തീരുണതിന്ന് മുമ്പ് എന്തെങ്കിലും ചെയ്യണം''.


''എനിക്ക് രണ്ട് മാസത്തെ ലീവുണ്ടുമ്മാ. പോവുംമുമ്പ് എന്താച്ചാ ചെയ്യാം'' ജബ്ബാര്‍ പോയി. പത്തുമ്മ തുണികള്‍ തിരുമ്പാനെടുത്തു.


()()()()()()()()()()()


രേഖകളുമായി ചെല്ലന്‍ ഉച്ചയ്ക്കുമുമ്പ് ചാക്കോയുടെ വീട്ടിലെത്തി.


''ഇതാ പിടിച്ചോളിന്‍ നിങ്ങള് പറഞ്ഞ കടലാസ്. ഇത് കിട്ടാതെ ഉറക്കം വരാണ്ടിരിക്കണ്ടാ'' അവന്‍ പറഞ്ഞു.


''ഉറക്കത്തിന്‍റെ കാര്യം പറയണ്ടാ. ഒരുകാര്യം ചെയ്യുമ്പോള്‍ അതിന്‍റെ രീതിപോലെ ചെയ്യണം'' മേരിക്കുട്ടിക്ക് ആ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല.


''ചെല്ലോ. കാര്യംനടന്നല്ലോ. അതുമതി. ഇതിനെചൊല്ലി ഒരു വര്‍ത്താനം വേണ്ടാ''ചാക്കോ ഇടപെട്ടു.


''ഞാന്‍ വെറുതെ പറഞ്ഞതല്ലേ'' ചെല്ലന്‍ പിന്‍വാങ്ങി.


''എനിക്കവന്‍റെ ഒരുമാതിരി വര്‍ത്താനം കേള്‍ക്കുമ്പോള്‍ ചൊറിഞ്ഞു വരുണുണ്ട്'' മേരിക്കുട്ടി അവന്‍ പോവുന്നതുംനോക്കി പറഞ്ഞു. ആ കടലാസ്സുകെട്ടിലെ രേഖകള്‍ ഓരോന്നായി മേരിക്കുട്ടി പരിശോധിച്ചു.


''ഇനി വക്കീലിനെ കാണണ്ടായോ'' കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ചാക്കോ ചോദിച്ചു.


''വേണം'' അവള്‍ പറഞ്ഞു.


''ആരേയാ കാണേണ്ടത്. എപ്പോഴാ കാണാന്‍ പോവുന്നത്''.


''ഇങ്ങേര്‍ക്ക് ഏതെങ്കിലും വക്കീലിനെ അറിയാവോ''.


''എനിക്ക് അറിയത്തില്ല''. മേരിക്കുട്ടി ആലോചനയിലാണ്ടു. 


''വഴിയുണ്ട്. നാളെ ഞാന്‍ പറയാം'' മേരിക്കുട്ടി ആശ്വസിപ്പിച്ചു.


''എന്നതാ വഴീന്ന് പറ''.


''മുമ്പ് പാല് തന്നിരുന്ന മീനാക്ഷിയേ അറിയാവ്വോ. അവളുടെ കെട്ട്യോന് കോടതീലാ പണി. നാളെ രാവിലെ അങ്ങേരെ പോയിക്കണ്ട് തിരക്കാം''. മേരിക്കുട്ടി അത് പറഞ്ഞതോടെ ചാക്കോവിന്ന് സമാധാനമായി. 


()()()()()()()()()()


പഠിക്കാനെത്തിയവര്‍ പോയിക്കഴിഞ്ഞപ്പോള്‍ പ്രൊഫസര്‍ കൃഷ്ണദാസ് അടുക്കളയിലേക്ക് നടന്നു. ചായ വെക്കണം. പയ്യന്‍ കൊണ്ടുവന്നു തന്ന പലഹാരം തണുത്തുകാണും. ദോശക്കല്ലില്‍വെച്ച് അതൊന്ന് ചൂടാക്കണം. കുറച്ചുനേരം ടി.വി. കാണാം. സന്ധ്യയോടെ അമ്പലത്തിലേക്ക് പോവണം. കുറെദിവസമായി അമ്പലത്തില്‍ ചെന്നിട്ട്. അളിയന്‍ മരിച്ചതിന്‍റെ പിറ്റേന്ന്  ശ്രീധരന്‍ പോയതാണ്. കൂട്ടുകാരന്‍ പോയതിന്നുശേഷം അമ്പലത്തിലേക്ക് ചെന്നിട്ടില്ല. 


ചായയും ചൂടാക്കിയ വടയും സുഖിയനുമായി ലിവിങ്ങ് റൂമിലേക്ക് നടന്നു. ടീപ്പോയിയില്‍ അതുവെച്ച് ടി.വി. ഓണ്‍ ചെയ്തു. സ്പോര്‍ട്ട്സ് ചാനല്‍ വെക്കാം. പഴയ എതെങ്കിലും ക്രിക്കറ്റ് മാച്ചിന്‍റെ ഭാഗങ്ങള്‍ കാട്ടാറുണ്ട്. അത് നോക്കിയിരുന്നാല്‍ നേരംപോണത് അറിയില്ല.


ചായഗ്ലാസ്സ് കയ്യിലെടുത്തതേയുള്ളു. അപ്പോഴേക്കും മൊബൈല്‍ അടിച്ചു. നോക്കിയപ്പോള്‍ ഏടത്തിയമ്മയാണ്. ഈ നേരത്ത് വിളിക്കാറില്ല. ഇന്ന് എന്തുപറ്റിയതാണോ ആവോ.


''ഹല്ലോ. ഏടത്ത്യേമ്മ ഇന്ന് ക്ലിനിക്കില്‍ പൊയില്ലേ'' അയാള്‍ ചോദിച്ചു.


''വലിയ തിരക്കില്ല. അതുകൊണ്ട് ഞാന്‍ പോന്നൂ''.


''എന്താ വിശേഷിച്ച്''.


''കൌസല്യ ദാസിനെ വിളിച്ച്വോ''.


''ഉവ്വ്. ഇന്ന് രാവിലെ എന്നെ വിളിച്ചിരുന്നു. രാത്രി ഏടത്ത്യേമ്മേ വിളിച്ച് വിവരം അറിയിക്കാമെന്ന് വിചാരിച്ചു''.കൌസല്യ തിരിച്ചുവരികയാണ്. മകള്‍ക്ക് കൂടെവരാന്‍ പറ്റില്ല. പരിചയത്തിലുള്ള ആരോ കൊച്ചിയിലേക്ക് വരുന്നുണ്ട്. അവരോടൊപ്പം വരാമെന്ന് കരുതുന്നു. മിക്കവാറും ഈ മാസംതന്നെ എത്തും എന്നൊക്കെ അറിയിച്ചിരുന്നു.


''കൌസല്യ എന്നേയും വിളിച്ചിരുന്നു. വിവരങ്ങളെല്ലാം അറിയിച്ചു''.


''ഈ മാസം എത്തുമെന്ന് പറഞ്ഞു''.


''ഉവ്വ്. ദാസിനവിടെ തിരക്കാണോ''.


''എന്തു തിരക്ക്. ഞാനിവിടെ വെറുതെ ഇരിക്യല്ലേ''.


''എന്നാല്‍ ഒരുകാര്യം ചെയ്യൂ. കൌസല്യ വരുന്നതിന്ന് മുമ്പ് ഇങ്ങോട്ട് വരു. അവള്‍ എത്തിയശേഷം പത്തുദിവസം രണ്ടാളും ഞങ്ങളോടൊപ്പം കൂടൂ. അതുകഴിഞ്ഞിട്ട് തിരിച്ചുപോയാല്‍ മതി''.


''അതിനെന്താ. അങ്ങിനെ ചെയ്യാലോ. ഏട്ടന്‍ എവിടെ''.


''ഒരു പ്രഭാഷണത്തിന്ന് പൊയിരിക്കുന്നു. ഇപ്പോള്‍ അതാണ് താല്‍പ്പര്യം''.


''എന്നാല്‍ ഞാന്‍ രാത്രി വിളിക്കാം'' അയാള്‍ കാള്‍ കട്ടാക്കി.


No comments:

Post a Comment