അദ്ധ്യായം - 41.
ആറുമണി കഴിഞ്ഞിട്ടേ പ്രൊഫസര്‍ ഇറങ്ങിയുള്ളു. ദീപാരാധനയ്ക്ക് ഇനിയും സമയമുണ്ട്. അത് കഴിഞ്ഞിട്ട് തിരിച്ചുപോന്നാല്‍ മതി.
അമ്പലത്തില്‍ പതിവായി എത്താറുള്ള കുറച്ചുപേരല്ലാതെ മറ്റാരുമില്ല.
''കുറച്ചുദിവസായി ഈ വഴിക്ക് കണ്ടിട്ട്. സ്ഥലത്തുണ്ടായിരുന്നില്ലേ'' ഒരു പരിചയക്കാരന്‍ ചോദിച്ചു. തന്‍റെ അസാന്നിദ്ധ്യം മറ്റുള്ളവര്‍ ശ്രദ്ധിച്ചിട്ടുണ്ട്.
''ഇവിടെത്തന്നെ ഉണ്ടായിരുന്നു'' പ്രൊഫസര്‍ പറഞ്ഞു.
''കൂടെ വരാറുള്ള സാറിനീം കാണാറില്ല'' വേറൊരാള്‍ പറഞ്ഞു.
''അയാളടെ അളിയന്‍ മരിച്ചിട്ട് അങ്ങിട്ട് പോയിരിക്ക്യാണ്. നിങ്ങളത് അറിഞ്ഞില്ലേ'' ആദ്യത്തെയാള്‍ അതിന്ന് മറുപടി നല്‍കി.
''എന്താ മൊട്ടയടിച്ചത്. പഴനിക്കോ തിരുപ്പതിക്കോ പോയിരുന്നോ'' വേറൊരാള്‍ക്ക് അതാണ് അറിയേണ്ടത്.
''പഴനിക്ക് പോയിരുന്നു''.
''വളരെ നല്ലതാ ആ വഴിപാട്. ഞാനെന്ന ഭാവം ഇല്ലാതാക്കാനും ജ്ഞാനം ലഭിക്കാനും വേണ്ടീട്ടാ അത് ചെയ്യുണത്''.
''അത് നമ്മളെപ്പോലീള്ള മൂഢന്മാര്‍ക്ക്. പ്രൊഫസറെപ്പോലെ അറിവും വിവരൂം ഉള്ളോര്‍ക്ക് അതിന്‍റെ ആവശ്യൂല്യാ''.
പ്രൊഫസര്‍ക്ക് തന്നോടുതന്നെ പുച്ഛം തോന്നി. അറിവും വിവരൂം ഉണ്ടായിട്ട് ഇത്രയും കാലം സ്വന്തം ഭാര്യയുടെ മനസ്സ് അറിയാന്‍ ശ്രമിക്കാത്തവന് എന്ത് ജ്ഞാനമാണുള്ളത്.
''അതൊന്നും ആലോചിച്ചിട്ടല്ല. അവിടെ ചെന്നപ്പൊ മുടി കളഞ്ഞാലോ എന്നുതോന്നി. പിറ്റേന്ന് അത് ചെയ്തു'' അയാള്‍ പറഞ്ഞു.
മൂന്നുതവണ ശംഖനാദം മുഴങ്ങി. വീക്കുചെണ്ടയില്‍ കോല്‍ പതിച്ചു. ദീപാരാധനതുടങ്ങി. തൊഴാനുള്ളവരോടൊപ്പം നടമറയാതെ ഒരുവശം ചേര്‍ന്ന് കൈകള്‍ കൂപ്പി കണ്ണടച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടുനിന്നു.
ശ്രീകോവിലിനകത്തുനിന്ന് കുടമണിയുടെ ഇടമുറിയാതുള്ള ശബ്ദം കേട്ടു. നട തുറക്കുകയാണ്. പെട്ടെന്ന് ശ്രീകോവിലിന്‍റെ വാതില്‍തുറന്നു. അകലെ തിരിനാളങ്ങള്‍ സ്വര്‍ണ്ണപ്രഭകൊണ്ട് വിഗ്രഹത്തെ ഉഴിയുകയാണ്.
ഭക്തര്‍ക്ക് കല്‍പ്പൂരനാളമെടുക്കാന്‍ ഒരാള്‍ പുറത്തേക്ക് കൊണ്ടുവന്നു. പ്രൊഫസര്‍ കൈപ്പത്തി നാളത്തിന്നുമീതെകാണിച്ച് മുഖത്തോടടുപ്പിച്ചു. ഒന്നുകൂടി തൊഴുത് പുറത്തേക്ക് നടന്നു.
മതില്‍ക്കെട്ടിന്ന് പുറത്തെത്തിയപ്പോള്‍ ആര്‍.കെ. മേനോന്‍ സ്പീഡില്‍ സ്കൂട്ടറോടിച്ചുവരുന്നു.
''ദീപാരാധന കഴിഞ്ഞ്വോ'' അയാള്‍ ചോദിച്ചു.
''ഇപ്പോള്‍ കഴിഞ്ഞതേയുള്ളു''മറുപടി പറഞ്ഞു.
''പ്രൊഫസര്‍, രണ്ടുമിനുട്ട് നില്‍ക്കൂ. ഞാനൊന്ന് തൊഴുത് വരാം. എനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്'' സ്കൂട്ടര്‍ മതില്‍ക്കെട്ടിന്ന് പുറത്തുവെച്ച് ആര്‍.കെ. മേനോന്‍ ധൃതിയില്‍ അകത്തേക്ക് പോവുന്നത് നോക്കിനിന്നു.
അമ്പലത്തെസംബന്ധിച്ച എന്തെങ്കിലും കാര്യം പറയനാവുമെന്ന് ഊഹിച്ചു. മേനോന് ആ കാര്യത്തില്‍ വലിയ താല്‍പ്പര്യമാണ്. പറയാന്‍ തുടങ്ങിയാല്‍ കക്ഷി പെട്ടെന്നൊന്നുംനിര്‍ത്തില്ല. പോയിട്ട് പ്രത്യേകിച്ച് പണിയൊന്നുമില്ല. കുറെസമയം അങ്ങിനെ ചിലവഴിക്കാം.
''എന്താ മുട്യോക്കെ കളഞ്ഞ്'' അമ്പലത്തില്‍നിന്ന് വെളിയിലെത്തിയതും മേനോന്‍ ചോദിച്ചു. പ്രൊഫസര്‍ വിസ്തരിച്ച് മറുപടി നല്‍കി.
''പ്രൊഫസറേ വരിന്‍. നമുക്ക് ആല്‍ത്തറേലിരിക്കാം'' മേനോന്‍റെ പുറകെ അയാള്‍ നടന്നു.
''മിനിഞ്ഞാന്ന് ഞാന്‍ ഹാജ്യാരടെവീട്ടില്‍ പോയിരുന്നു. ഞങ്ങള് സ്കൂളില് ഒരേസമയത്ത് പഠിച്ചോരാണ്. മുമ്പൊക്കെ ഇടയ്ക്കിടയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും പോക്കും വരവും ഉണ്ടായിരുന്നു. കുറച്ചായിട്ട് രണ്ടാള്‍ക്കും നേരം കിട്ടാറില്ല. കുറച്ചുകാലത്തിന്നുശേഷം ഇപ്പഴാ ഒന്ന് ഒത്തുകൂട്യേത്''. മുഖവുര കേട്ടപ്പോള്‍ രസം തോന്നി. എന്തായാലും അമ്പലക്കാര്യമാവില്ല പറയാന്‍ പോവുന്നത്.
''എന്തോ കാര്യം പറയാനുണ്ട് എന്നുപറഞ്ഞല്ലോ''.
''അതിലേക്കാണ് കടക്കാന്‍ പോണത്. പ്രൊഫസര്‍ക്കിപ്പൊ എഴുപത് വയസ്സാവില്ലേ. ഈ ജീവിതത്തില്‍ എന്തുചെയ്തൂന്ന് ചോദിച്ചാല്‍ നിങ്ങള്‍ക്ക് ആന്‍സറുണ്ട്. രണ്ടുമക്കളുണ്ടായി, അവരെ പഠിപ്പിച്ച് വലുതാക്കി, കല്യാണം കഴിപ്പിച്ചു, പേരക്കുട്ട്യേളായി എന്നൊന്നും അല്ലാണ്ടെ ഒരുപരപ്പ് കുട്ട്യേളെ പഠിപ്പിച്ച് കണ്ണുതെളിയിച്ചുവിട്ടൂന്ന് ധൈര്യായിട്ട് പറയാം. പക്ഷെ ഭൂരിഭാഗം ആള്‍ക്കാര്‍ക്കും അങ്ങിനെ പറയാന്‍ പറ്റില്ല''.
''അത് ആ തൊഴിലിന്‍റെ പ്രത്യേകതകൊണ്ടല്ലേ''.
''അല്ലാന്ന് പറയിണില്യാ. എന്നാലും ഞങ്ങള്‍ക്കൊന്നും അങ്ങന്യൊരു അവകാശം പറയാന്‍ പറ്റില്ല''. മേനോന്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്നറിയുന്നില്ല.
''എന്താ ഞാന്‍ ചെയ്യേണ്ടത്''.
''പറയാം. നാട്ടുകാര്‍ക്ക് ഉപകാരൂള്ള എന്തെങ്കിലും കാര്യം ചെയ്യണംന്ന് ഹാജിയാര്‍ക്കുണ്ട്. എന്നേം കൂടെ ചേരാന്‍ പറഞ്ഞു''.
''എന്താ പദ്ധതി''.
''ഒന്നും തീരുമാനിച്ചിട്ടില്ല. എന്നെന്നേക്കും നില നില്‍ക്കണം, നാട്ടിലെ എല്ലാരേം ഉള്‍പ്പെടുത്തണം, പത്തുറുപ്പികതരുണോനും പത്തുലക്ഷം തരുണോനും ഒരേ അവകാശൂള്ള ഒന്നാവണം എന്നൊക്ക്യാണ് ആ മനുഷ്യന്‍റെ മനസ്സില്''.
''സംഗതി നന്ന്. പക്ഷെ നല്ലോണം ആലോചിക്കാനുണ്ട്''.
''ഞാനും അത് പറഞ്ഞു. ഹാജ്യാര്‍ക്ക് പരിചയൂള്ള ഫൈസല് മാഷുണ്ട്. അയാളോട് ഹാജ്യാര് പറയ്യാന്ന് പറഞ്ഞു. ഞാന്‍ പ്രൊഫസറുടേം ആര്‍. ഡി. ഓ വിന്‍റേയും പേരുപറഞ്ഞിട്ടുണ്ട്''.
''എന്നിട്ട്''.
''നമ്മളൊക്കെക്കൂടി ആലോചിച്ച് ഒരുതീരുമാനത്തിലെത്ത്വാ. എന്നിട്ട് മതി നാട്ടുകാരെ അറിയിക്കാന്‍''.
''അതാ നല്ലത്''.
''ഒഴിവോടെ നമുക്കൊന്ന് കൂടണം. ഞാന്‍ വിളിക്കാം'' മേനോന്‍ സ്കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി.
''കേറിക്കോളിന്‍. ഞാന്‍ കൊണ്ടുപോയി വിടാം''.
''വേണ്ടാ. പൊയ്ക്കോളൂ. ഞാന്‍ മെല്ലെ നടന്നോളാം''. മേനോന്‍ യാത്രയായി, ഫ്രൊഫസര്‍ മെല്ലെ നടന്നു. പഞ്ചമി ചന്ദ്രന്‍ അയാളോടൊപ്പം നീങ്ങി.
()()()()()()()()
''എത്രദിവസായി ഇങ്ങനെമിണ്ടാണ്ടെ ഇരിക്കിണൂ. വെറുതെ ഇരുന്നാല്‍ കാര്യങ്ങളെങ്ങന്യാ നടക്ക്വാ'' വാസുദേവനെ സമീപിച്ച് ഭാര്യ ചോദിച്ചു. അയാളൊന്നും പറഞ്ഞില്ല. ഗുരുവായൂരില്‍നിന്ന് വന്നതിന്നുശേഷവും അയാള്‍ വീട്ടില്‍നിന്ന് അനങ്ങിയിട്ടില്ല.
''ചക്ക കൊടുക്കുണ്വോന്ന് ചോദിച്ച് ആള്‍ക്കാര് വന്നിട്ടുണ്ട്. അടയ്ക്ക പറിച്ചത് അങ്ങനെത്തന്നെകിടക്കുണൂ. തേങ്ങ ഇടീക്കണം, ഒന്നുകൂടി കള നോക്കിക്കണം, പൊടി ഇടീക്കണം, പുഴുക്കേടുണ്ടെന്ന് പണിക്കാര് വന്ന സമയത്ത് പറഞ്ഞു. അങ്ങിന്യാണച്ചാല്‍ മരുന്നടിക്കണം'' ഭാര്യ ഒരോരോ പണികള്‍ അറിയിച്ചു.
''നോക്കെടി വിജയം. എനിക്കെന്തോ ഒരു മടി''.
''എന്താ കാരണംന്ന് എനിക്കറിയാം. എന്നെങ്കിലും എന്‍റെ മനസ്സിലെ സങ്കടം അറിഞ്ഞിട്ടുണ്ടോ. ഞാന്‍ ഒരു പാവക്കുട്ട്യേപോലെ ഇതിന്‍റെ ഉള്ളില് കൂടും. വെളീലിറങ്ങ്യാല്‍ നിങ്ങള് ഒത്തകൂത്ത് നടത്തും''.
''കഴിഞ്ഞത് കഴിഞ്ഞു. ഇനി അങ്ങനെ ഉണ്ടാവില്ല''.
''ഉണ്ടായാല്‍ നിങ്ങള്‍ക്കന്നെ നല്ലത്. മക്കള് വലുതായി. ആ ഓര്‍മ്മവേണം''. വാസുദേവന്‍ ഒന്നും പറയാതെ തലകുനിച്ചിരുന്നു.
''നിങ്ങളെന്തൊക്കെ തോന്നിയവാസം കാണിച്ചാലും ഞാന്‍ നിങ്ങളെ വിട്ടു നിന്നിട്ടില്ല. ഇനീം വിട്ടുനില്‍ക്കില്ല. മടിയ്ക്കാണ്ടെ വേഗംചെന്ന് അവരോട് കാര്യങ്ങള്‍ ചോദിക്കിന്‍''.
ഭാര്യയുടെ നിര്‍ബ്ബന്ധം സഹിക്കാതായപ്പോള്‍ വാസുദേവന്‍ എഴുന്നേറ്റു.
അദ്ധ്യായം - 42.
വീടിന്ന് അഡ്വാന്‍സ് കൊടുത്തകാര്യമാണ് അന്ന് കുഞ്ഞഹമ്മദിനോട് ചാക്കോ പറഞ്ഞത്. വളരെനാളുകള്‍ക്ക് ശേഷമാണ് ഇരുവരും കണ്ടു മുട്ടുന്നത്.
''അച്ചായോ. അത് നന്നായി. എപ്പഴായാലും അടച്ച് കിടക്കാന്‍ ഒരുവീട് വേണം. നമ്മടെ കൈക്കൊതുങ്ങ്യേത് കിട്ട്യേത് വല്യേകാര്യാണ്. നിങ്ങള് വാങ്ങീട്ട സ്ഥലം വെറുത്യാവും എന്നൊരു വിഷമേ ഉള്ളൂ''.
''ആ സ്ഥലം കൊടുക്കാന്‍ പോവ്വാണ്. കിട്ടുന്നതുക ഞങ്ങള്‍ രണ്ടാളുടെ പേരില്‍ ബാങ്കിലിടും''.
''അതും നല്ലതന്നെ. എപ്പഴാ പത്തുറുപ്യടെ ആവശ്യം വര്വാന്ന് അറിയില്ല. അപ്പൊ ആരാന്‍റെ മുമ്പില് കൈനീട്ടാതെ കഴിയാലോ''.
''അതുതന്നെ ഞങ്ങളുടെ മനസ്സിലുള്ളതും. ഇത്രയുമാണ് എന്‍റെ കഥ. ഇനി നിങ്ങളുടെ വിശേഷങ്ങള്‍ പറയിന്‍''.
''മകനും മരുമകളും എപ്പഴാ മാറിതാമസിക്കിണത് എന്ന് എന്‍റെ വീട്ടുകാരി ചോദിച്ചു''.
''അവരെന്തിനാ ഇനി മാറുന്നത്. നിങ്ങളുടെ മകള് കെട്ടിയവന്‍റെ വീട്ടിലല്ലേ. തമ്മില്‍ത്തല്ലാന്‍ ആളില്ലല്ലോ''.
''ഞാനും അതാ വിചാരിച്ച്. പക്ഷെ എന്‍റെ വീട്ടുകാരി സമ്മതിക്കിണില്യാ. ആ പെണ്ണ് എപ്പഴായാലും വിട്ടുപോവും. അടിപിടികൂടീട്ട് പോവുന്നതില്‍ ഭേദം കളിച്ച് ചിരിച്ച് പിരിയ്യല്ലേന്ന് ചോദിച്ചു. ഒന്നുനോക്കുമ്പൊ അവള് പറഞ്ഞതില്‍ കാര്യൂണ്ട്''.
''മകനെന്തു പറഞ്ഞു. അവന് നിങ്ങളെ വിട്ടുപോവാന്‍ പറ്റത്തില്ല''.
''അച്ചായോ. ഒക്കെ നമ്മള് വെറുതെ കരുതുണതാണ്. രണ്ടേ രണ്ടുദിവസം അവനും ഭാര്യീം അവളടെ വീട്ടിലിക്ക് പോയി. മടങ്ങിവന്നപ്പഴാ അവന്‍റെ ഉമ്മ അവനോട് വീട് മാറുണകാര്യം പറഞ്ഞത്. വാടകയ്ക്ക് പോവുംന്നാ ഞങ്ങള് കരുത്യേത്. അവളടെ വീട്ടിന്‍റടുത്തൊരുഫ്ലാറ്റ് വാങ്ങികൊടുക്കാന്ന് കെട്ട്യോളടെ വാപ്പ പറഞ്ഞൂന്ന് അപ്പഴാ അവന്‍ പറയുണ്. ചെക്കന്‍റെ മനസ്സ് ആ സമയംകൊണ്ടവര് മാറ്റി''.
''അവര് മുന്‍കൂട്ടി തീരുമാനിച്ചതാവും. ഒരു കാര്യം ഞാന്‍ പറയാം. കെട്ട്യോളടെ വീട്ടില്‍ താമസിച്ചാല്‍ മകന്‍റെ ഉള്ളവിലകൂടി പോവും''.
''പാത്തുമ്മയ്ക്ക് അത് മനസ്സിലായിട്ടുണ്ട്. ഞങ്ങള്‍ രണ്ടാളും ചത്താല്‍ ഇപ്പഴത്തെ ഞങ്ങടെ വീട് നിനക്കന്യാണ് എന്നവള്‍ പറഞ്ഞിട്ടുണ്ട്''.
''അവര്‍ക്ക് കാര്യങ്ങള്‍ അറിയാം''. സ്റ്റോപ്പിലെത്തുമ്പോള്‍ വാസുദേവന്‍ കാത്തുനില്‍ക്കുന്നു. അയാള്‍ വിസ്തരിച്ച് തലയില്‍ കെട്ടിയിട്ടുണ്ട്.
''എന്താ സുഹൃത്തേ. നിങ്ങള്‍ ഈ നാട്ടില്‍ത്തന്നെ ഉണ്ടോ'' ചാക്കോ ചോദിച്ചു.
''കുറെ കാലായി ഗുരുവായൂര് കുറച്ചുദിവസം ഭജനം ഇരിക്കണംന്ന് വിചാരിച്ചിട്ട്. നടീലും പണീം കഴിഞ്ഞു. വല്യേ പണിത്തിരക്കില്ല. അപ്പൊ ഭാര്യേംകൂട്ടി പോയി ആ മോഹം സാധിച്ചു''.
''അത് നന്നായി. വീട്ടിലുള്ള പെണ്ണുങ്ങള്‍ക്കും ആഗ്രഹങ്ങള്‍ കാണുമല്ലോ''.
''എന്താ പതിവില്ലാണ്ടെ ഒരുതലേക്കെട്ട്. മുടി കേടാവില്ലേ'' കുഞ്ഞഹമ്മദ് ചോദിച്ചു.
''ഇനി കേടായാലെന്താ. വയസ്സായില്ലേ''.
''വയസ്സാവ്വേ. പ്രേംനസീറിനെപോലെ നിത്യഹരിതനായകനല്ലേ നിങ്ങള്‍'' ചാക്കോ പറഞ്ഞതുകേട്ട് മറ്റുരണ്ടുപേരും ചിരിച്ചു.
()()()()()()()()
നടത്തംകഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുന്നതാണ് ചാക്കോ കണ്ടത്. മേരിക്കുട്ടി രാവിലെ മീനാക്ഷിയുടെ വീട്ടിലേക്ക് പോവുമെന്ന് പറഞ്ഞിരുന്നു. എന്നാലും ഇത്രയുംനേരത്തെ അവള്‍ പോവുമെന്ന് വിചാരിച്ചില്ല.
''പെന്‍ഷന്‍പാസ്സായ കല്‍പ്പന അയച്ചു എന്ന് നേതാവ് അന്വേഷിച്ചു പറഞ്ഞു. കിട്ടാനുള്ളസംഖ്യവൈകാതെ കിട്ടുമത്രേ. സ്ഥലം എത്രയും പെട്ടെന്ന് റജിസ്റ്റര്‍ ചെയ്യണം. ഇപ്പോഴുള്ള സ്ഥലത്തുനിന്ന് മാറണം. വേലിമാറ്റി കോണ്‍ക്രീറ്റ് മതിലാക്കണം എന്ന് മേരിക്കുട്ടി പറഞ്ഞു. അതാവുമ്പോള്‍ കല്ലും മണലും ഒന്നും അന്വേഷിച്ച് ബുദ്ധിമുട്ടണ്ടാ.
മീനമാസം ആവട്ടെ, സ്ഥലം വിറ്റുതരാം എന്ന് ചെല്ലന്‍ പറഞ്ഞിട്ടുണ്ട്. അതിന്‍റെ വില കിട്ടുമ്പോള്‍ മേരിക്കുട്ടിക്ക് സ്വര്‍ണ്ണം വാങ്ങണമെന്ന ആവശ്യം പറഞ്ഞിരുന്നു. വാങ്ങിക്കോട്ടെ. ആവശ്യം വരുമ്പോള്‍ പണയം വെക്കാമല്ലോ.
അകലെനിന്ന് മേരിക്കുട്ടി വരുന്നുണ്ട്. മീനാക്ഷിയുടെ കെട്ട്യോനെ കണ്ടുകാണും. ഏത് വക്കീലിനെ കാണാനാണോ പറഞ്ഞിട്ടുള്ളത്. ആരേയായാലും പോയി കാണുകതന്നെ. അഞ്ഞൂറോ ആയിരമോ കൊടുക്കേണ്ടതായിവരും. സാരമില്ല. പിന്നീട് കുഴപ്പം ഉണ്ടാവാന്‍ പാടില്ലല്ലോ.
''നടത്തം കഴിഞ്ഞുവന്നിട്ട് കുറെ ആയോ'' മേരിക്കുട്ടി എത്തിയതും ചോദിച്ചു.
''ഇല്ല. എത്തിയതേയുള്ളൂ. നീ പോയ കാര്യം എന്തായി''.
''വാ. അകത്തിരുന്ന് സംസാരിക്കാം'' മേരിക്കുട്ടി വാതില്‍ തുറന്നു. രണ്ടുപേരും അകത്തെത്തി.
''ഞാന്‍ കടലാസ്സൊക്കെ കയ്യില്‍വെച്ചിരുന്നു. അയാളെകണ്ട് വിവരങ്ങള്‍ പറഞ്ഞു. ഒന്നുരണ്ട് വക്കീലന്മാരടെ പേര് അയാള്‍ പറഞ്ഞു''.
''ആരേയാ നമ്മള്‍ കാണുന്നത്''.
''പെടയ്ക്കാതെ. നമ്മള്‍ കാണാന്‍ പോയാല്‍ വക്കീലന്മാര് തോന്നിയ ഫീസ് ചോദിക്കും. അവരാവുമ്പോള്‍ കുറച്ചെന്തെങ്കിലും കൊടുത്താല്‍ മതി''.
''അതുകൊണ്ട് എന്താ തീരുമാനിച്ചത്''.
''ഞങ്ങള്‍ക്ക് വേണ്ടി ഏതെങ്കിലും വക്കീലിനെ കാണിച്ച് ചോദിക്കാവോ എന്ന് ഞാന്‍ ചോദിച്ചു. പുള്ളിക്കാരന്‍ പേപ്പറൊക്കെ എന്‍റെ കയ്യില്‍നിന്ന് വാങ്ങി''.
''പൈസാ കൊടുത്തുവോ''.
''ഞാന്‍ അന്വേഷിച്ച് വിവരം പറയാം എന്നയാള്‍ പറഞ്ഞു. പൈസ ഒന്നും വാങ്ങിയില്ല''.
നല്ല കാലം. ചാക്കോ മനസ്സില്‍ കണക്കാക്കി. അഞ്ഞൂറെങ്കില്‍ അഞ്ഞൂറ് ലാഭം. മേരിക്കുട്ടിയെ അയാള്‍ ഉള്ളാലെ അനുമോദിച്ചു.
അദ്ധ്യായം - 43.
''കുഞ്ഞാമതേ, നമ്മള് നാട്ടുകാര്‍ക്കുവേണ്ട ഒരു നല്ലകാര്യം ചെയ്യുണൂന്ന് വെക്ക്. എന്താ നമ്മള് ചെയ്യണ്ട്'' ഹാജിയാരുടെ പൊടുന്നനെയുള്ളചോദ്യം അയാളെ ആശയക്കുഴപ്പത്തിലാക്കി. മുതലാളി ഇപ്പോള്‍ത്തന്നെ ഒരുപാട് നല്ലകാര്യങ്ങള്‍ ചെയ്യുന്നുണ്ട്. പിന്നെന്താ ഇങ്ങിനെയൊരു ചോദ്യം.
ഹാജിയാരുടെ മനസ്സില്‍ മറ്റൊന്നായിരുന്നു. സാധാരണക്കാരന്‍റെ ആവശ്യം അത്തരത്തില്‍പ്പെട്ട ഒരാളില്‍നിന്നുതന്നെ അറിയണം. അല്ലാതെ പഠിപ്പും അറിവും ഉണ്ട് എന്ന ഒറ്റക്കാര്യം പരിഗണിച്ച് അത്തരക്കാരോട് ഇതേ ചോദ്യം ചോദിച്ചാല്‍ ശരിയായ മറുപടി കിട്ടില്ല. കുഞ്ഞഹമ്മദ് ഒന്നും പറഞ്ഞില്ല.
''നീയെന്താ ഒന്നും പറയാത്തത്. നമ്മടെ നാട്ടിലെ ജനങ്ങള്‍ക്ക് ഉപകാരൂള്ള അവര്‍ക്ക് ആവശ്യൂള്ള പലതും ഉണ്ടാവില്ലേ. അങ്ങിനെ വല്ലതും പറ''.
ഇത്തവണ കുഞ്ഞഹമ്മദിന്ന് ചോദ്യംവ്യക്തമായി. അയാളുടെ മനസ്സില്‍ ഒരുപാട് കാര്യങ്ങള്‍ കടന്നുവന്നു.
''മുതലാളി. എന്‍റെ നോട്ടത്തില് ചില കാര്യങ്ങളൊക്കീണ്ട്. അതില്‍ പ്രധാനം സ്കൂളും ആസ്പത്രീം ആണ്. എത്രകുട്ട്യേളാ ബസ്സില്‍തൂങ്ങിപ്പിടിച്ച് എന്നും സ്കൂളിലേക്ക് പോണത്. അതുപോലെ ആസ്പത്രീല്യാത്തതോണ്ട് പെട്ടെന്ന് ആരക്കെങ്കിലും വയ്യായവന്നാല്‍ ടൌണിലിക്കന്നെ കൊണ്ടുപോണ്ടേ''.
ഹാജിയാര്‍ക്ക് സന്തോഷമായി. കൃത്യമായ മറുപടിയാണ് കിട്ടിയത്. ഇനി അതുമായി മുന്നോട്ട് പോയാല്‍ മതി.
കാറ് ഓടിക്കൊണ്ടിരുന്നു. കുളത്തിനരികിലെ വളവിനോട് ചേര്‍ന്ന ബസ്സ് സ്റ്റോപ്പിന്ന് സമീപം ആളുകള്‍ കൂടി നില്‍ക്കുന്നു. എന്തോ അപകടം പറ്റി കാണണം.
''മുതലാളീ, എന്തോ അപകടം പറ്റീന്ന് തോന്നുണൂ'' അയാള്‍ പറഞ്ഞു.
''നിര്‍ത്ത്. എന്താന്ന് അന്വേഷിച്ചിട്ട് പോവാം''. കുഞ്ഞഹമ്മദ് ഒരു ഓരത്ത് വണ്ടി നിര്‍ത്തി.
''''എന്താ സംഗതി'' കണ്ണാടി പൊക്കി ഹാജിയാര്‍ അടുത്തുകണ്ട ഒരാളോട് ചോദിച്ചു.
''സ്കീളിലിക്ക് പോണ ഒരുകുട്ടി ബസ്സിന്ന് തെറിച്ചുവീണൂ''.
''എന്തെങ്കിലും പറ്റ്യോ''.
''കാലൊടിഞ്ഞൂന്നാ തോന്നുണ്''.
''എന്നിട്ട് കുട്ട്യെവിടെ''.
''ഓട്ടോറിക്ഷേല് ആസ്പത്രിക്ക് കൊണ്ടുപോയി''.
''എവിടുത്ത്യാ കുട്ടി''.
''അതൊന്നും അറിയില്ല. കൂടേള്ള കുട്ട്യേള് ഒരു ഓട്ടോവില് അവന്‍റെ വീട്ടിലിക്ക് വിവരംപറയാന്‍ പോയി''
''അതിനാണോ ബസ്സിനെ തടഞ്ഞിട്ടത്''.
''കുട്ട്യേള് കേറുംമുമ്പ് ബെല്ലടിച്ചു. അങ്ങന്യാ വീണത്. ഇവരെ ഒരുപാഠം പഠിപ്പിച്ചില്ലെങ്കില്‍ നാളേം ഇതന്നെ ചെയ്യും''. കാറ് നീങ്ങി.
''കുഞ്ഞാമതേ, നീ പറഞ്ഞതാ ശരി. സ്കൂളും ആസ്പത്രീം വേണ്ടതന്നെ'' ഹാജിയാര്‍ ആവശ്യം അംഗീകരിച്ചു.
()()()()()()()()()()()
ഒമ്പതരമണിയായിട്ടും സുമതിയേയും മകനേയും കാണാനില്ല. ശ്രീധര മേനോന്‍റെ ശ്രദ്ധ റോഡില്‍ത്തന്നെയാണ്. കാലത്ത് ഏഴുമണിയോടെ ഇറങ്ങിയാലും എത്തേണ്ടസമയം കഴിഞ്ഞു. വിളിച്ച് അന്വേഷിച്ചാല്‍ സുമതിക്ക് ഇഷ്ടമായി എന്നുവരില്ല. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അറിയിക്കേണ്ടതാണ്. അതുണ്ടാവാത്തതിനാല്‍ കുഴപ്പമൊന്നുമില്ലെന്ന് kq2MO,4കരുതാം.
''എന്താ സുമതീം വിപിനും വരുന്നൂന്ന് പറഞ്ഞിട്ട്. കാണാനില്ലല്ലോ'' ഏട്ടന്‍ പറഞ്ഞപ്പോള്‍ വാച്ചില്‍ നോക്കി. സമയം പത്തേകാല്‍.
''വരും എന്ന് ഉറപ്പിച്ച് പറഞ്ഞതാണ്. എന്താ പറ്റ്യേത് എന്നറിഞ്ഞില്ല''.
''ഒന്ന് വിളിച്ചന്വേഷിക്ക്. അതനല്ലേ ഫോണ്‍''. ശ്രീധരമേനോന്‍ മൊബൈല്‍ കയ്യിലെടുത്തു. വിളിച്ച ഉടനെ സുമതി ഫോണെടുത്തു.
''ഞങ്ങള്‍ എത്താറായി. ഒരു പത്തുമിനുട്ട്. ബാക്കി വന്നിട്ട് പറയാം''. അയാള്‍ വിവരം എട്ടനോട് പറഞ്ഞു.
കാറെത്താന്‍ പത്തുമിനുട്ടൊന്നും വേണ്ടിവന്നില്ല. സുമതി ഇറങ്ങിയതും ഡിക്കിയില്‍നിന്ന് ഒരു ബാഗെടുത്തു, മകന്‍ ഒരു ബിഗ്ഷോപ്പറും.
''എന്തേ വൈക്യേത്'' ഏട്ടന്‍ അവളോട് ചോദിച്ചു.
''ഞങ്ങളടെകൂടെ ഇവന്‍റെ ഭാര്യീം കുട്ടീം ഉണ്ടായിരുന്നു. അവളെ അവളടെ വീട്ടിലാക്കീട്ടാണ് ഞങ്ങള്‍ പോന്നത്''.
''ഇങ്ങോട്ടുള്ള വഴീന്ന് കുറെദൂരം മാറിപോവ്വേണ്ടേ''.
''ഉവ്വ് വല്യേച്ചാ, ഇരുപത്തിരണ്ടും ഇരുപത്തിരണ്ടും നാല്‍പ്പത്തിനാല് കിലോമീറ്റര്‍ അധികം ഓടേണ്ടിവന്നു''.
''അതാവും എത്താനിത്ര വൈക്യേത്'' ഏട്ടന്‍ പറഞ്ഞു. അവര്‍ അകത്തേക്ക് ചെന്നു.
ഉച്ചഭക്ഷണം കഴിക്കുന്നതിന്ന് തൊട്ടുമുമ്പാണ് സുമതി ശ്രീധരമേനോനെ സമീപിച്ചത്.
''നോക്കൂ, വിപിന്‍ ആദ്യംകഴിച്ചിട്ട് പൊയ്ക്കോട്ടെ. പോണവഴിക്ക് അവന് അവളേം കുട്ടീം കൂട്ടീട്ട് പോണ്ടതല്ലേ'' അവര്‍ പറഞ്ഞു.
''ബിഗ്ഷോപ്പറും ബാഗും കണ്ടല്ലോ. എന്താ ഇത്രയധികം സാധനങ്ങള്‍''.
''ബാഗില്‍ എന്‍റെ ഡ്രസ്സ്. സഞ്ചീല് മിക്സ്ചറും വറ്റലും''.
''അതെന്തിനാ''.
''എന്‍റൊപ്പം ജോലിചെയ്തിരുന്ന ജയലക്ഷ്മ്യേ മിനിഞ്ഞാന്ന് കണ്ടിരുന്നു. മരിച്ചവീട്ടിലിക്ക് ഇപ്പൊ ഇതൊക്കെ കൊണ്ടുപോവാറുണ്ടെന്ന് അവളാ പറഞ്ഞത്''.
''അങ്ങിന്യോക്കെ ഉണ്ടോ. എനിക്കറിയില്ല''.
''അടുക്കളേല് പുത്യോരു വെപ്പുകാരനെ കണ്ടു. ആരാ അയാള്''.
''അത് വിസ്തരിച്ച് പറയാനുണ്ട്. ഊണുകഴിഞ്ഞിരിക്കുമ്പൊ പറഞ്ഞു തരാം''. സുമതി അകത്തേക്ക് ചെന്നു, അയാള്‍ പന്തലിലേക്കും.
അദ്ധ്യായം - 44.
''മേന്‍ന്നേ, നിങ്ങളെവിട്യാ'' തിരിച്ചുപോരുമ്പോള്‍ ആര്‍.കെ. മേനോനെ ഹാജിയാര്‍ വിളിച്ചു.
''ഇപ്പൊ സാമില്ലിലുണ്ട്'' മറുപടി കിട്ടി.
''എന്നാ എങ്ങട്ടും പോണ്ടാ. പത്തുമിനുട്ടോണ്ട് ഞാനെത്തും''. അയാള്‍ കുഞ്ഞഹമ്മദിനോട് സാമില്ലിലേക്ക് കാറ് വിടാന്‍ പറഞ്ഞു. മേനോന്‍ നോക്കിയിരുന്ന കണക്കുപുസ്തകങ്ങള്‍ മാറ്റിവെച്ച് സുഹൃത്തിനെ സ്വീകരിക്കാന്‍ തയ്യാറായി.
മില്ലിന്ന് വെളിയില്‍ കാര്‍ നിര്‍ത്തിയതും ഹാജിയാര്‍ ഇറങ്ങിനടന്നു. മേനോന്‍ അയാളെ ഓഫീസ് റൂമിലേക്ക് കൂട്ടിക്കൊണ്ട് നടന്നു. കുറച്ചു നേരം ഇരുവരും ബിസിനസ്സ് കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നു.
''ഞായറാഴ്ച നമ്മള് സംസാരിക്കുമ്പൊ എന്താ വേണ്ടത് എന്നറിയാതെ ഒരു പ്ലാനിട്ടു. ഇന്നിപ്പൊ എനിക്ക് ചെറ്യോരു ധാരണീണ്ട്''. രാവിലെ കാറില്‍വെച്ച് കുഞ്ഞഹമ്മദിനോട് സംസാരിച്ചതും കിട്ടിയ മറുപടിയും ബസ്സില്‍നിന്ന് സ്കൂള്‍ക്കുട്ടി വീണതും അയാള്‍ വിവരിച്ചു.
''തെക്കോട്ടായാലും വടക്കോട്ടായാലും എട്ടുപത്ത് നാഴിക പോയാലേ കുട്ട്യേള്‍ക്ക് പഠിക്കാന്‍ പറ്റൂ. നമ്മടെ നാട്ടില് ഒരുസ്ക്കൂള് ഉണ്ടെങ്കില്‍ കുട്ട്യേള്‍ടെ ചീരെഴച്ചില് ഒഴിവാകും''.
''സംഗതി നല്ലതാണ്. നമ്മള് പഠിക്കുമ്പൊ ഇത്രീം കൂടി സൌകര്യൂല്യാ. പത്തുമണിക്ക് സ്കൂളിലെത്താന്‍ ഏഴരടെ ബസ്സിന് പോണം. എന്നിട്ടും സമയത്തിനെത്തില്ല. വഴിനീളെ ആള്‍ക്കാര് അങ്ങാടീലിക്ക് കായ്‌കറീം ആയി കാത്തുനിക്കുണുണ്ടാവും. ഒരുലോറീല് കേറ്റണ്ടപച്ചക്കറ്യാവും ബസ്സിന്‍റെ മോളില് കേറ്റ്വാ''.
''എനിക്ക് വാപ്പ ഒരു സൈക്കിള് വാങ്ങിത്തന്നിരുന്നു. അതിലാ ഞാന്‍ സ്ക്കൂളിലിക്ക് വരുംപോവും ചെയ്യാറ്''.
''എനിക്ക് നല്ല ഓര്‍മ്മീണ്ട്. ഒരു ഹെര്‍ക്കുലീസ് സൈക്കിള്. ഒരുപാട് പ്രാവശ്യം ഞാനതിന്‍റെ പിന്നാലെ ഇരുന്നിട്ടുണ്ട്''.
''രാമന്‍കുട്ട്യേ, ആ കാലം മറക്കാന്‍ പറ്റ്വോ''.
''എങ്ങന്യാ മറക്ക്വാ. ബസ്സിന്ന് കൊടുക്കണ്ട കാശിന്ന് ഓറഞ്ച് വാങ്ങും . ഞാന്‍ ഓരോഅല്ലി എടുത്ത് നിങ്ങള്‍ക്ക് തരും. നിങ്ങളത് തിന്നുംകൊണ്ട് സൈക്കിള് ചവിട്ടും. കയറ്റത്തില്‍കൂടി ഡബിള്‍സിലാ യാത്ര''.
''ഇന്ന് അതൊക്കെ ആലോചിക്കുമ്പൊ ഉള്ളിലൊരു വിങ്ങല് തോന്നും. എത്രപെട്ടന്നാ ആ കാലം പോയത്. സത്യം പറഞ്ഞാല്‍ ഒരിക്കല്‍ക്കൂടി അങ്ങിനെ ജീവിക്കണംന്നുണ്ട്'' ഹാജിയാരുടെ തൊണ്ടയിടറി.
''നമ്മടെ മക്കളടെ കാലം ആയപ്പഴയ്ക്കും കുറെക്കൂടി ഭേദപ്പെട്ടു. ഇഷ്ടം പോലെ ബസ്സായി. എന്നാലും കുട്ട്യേളെ കേറ്റില്ല''.
''എത്ര പ്രാവശ്യം കുട്ട്യേളും ബസ്സുകാരും തമ്മില്‍ അടീണ്ടായിട്ടുണ്ട്''.
''മകന്‍റെ കഷ്ടപ്പാട് കണ്ടിട്ട് ഞാനൊരുബൈക്ക് വാങ്ങിക്കൊടുത്തു''മേനോന്‍ പറഞ്ഞു.
''ഇന്നും കുട്ട്യേളടെ കാര്യത്തില്‍ മാറ്റൂല്യാ. കഷ്ടപ്പാടന്നെ അവര്‍ക്ക്'' രണ്ടുപേരും ആലോചനയില്‍ മുഴുകി.
''ഇവിടെ സ്കൂളുണ്ടായാല്‍ അവരടെ കഷ്ടപ്പാട് തീരും. പക്ഷെ അതിന് ഒരുപാട് കടമ്പീണ്ട് കടക്കാന്‍'' ഹാജിയാര്‍ മൌനം മുറിച്ചു.
''സംഗതി ശര്യാണ്. ആദ്യം പറ്റ്യേ സ്ഥലം കണ്ടെത്തണം. പിന്നെ കെട്ടിടം. ഉണ്ടാക്കണം. ഫര്‍ണീച്ചര്‍ വേണം. ഇതൊക്കെ ആയാലും സര്‍ക്കാറിന്‍റെ സമ്മതംവേണ്ടിവരും. അതിനാ പാട്'' മേനോന്‍ ബുദ്ധിമുട്ടുകള്‍നിരത്തി.
''അതിനൊക്കെ വഴീണ്ടാവും. സ്ഥലം നമ്മടേല് ഉണ്ടെന്ന് കൂട്ടിക്കോളിന്‍. ബാക്കി ആലോചിച്ചാ മതി''.
''എല്ലാ രാഷ്ട്രീയക്കാരും ഓരോ ആവശ്യത്തിന്ന് വരാറുള്ളതല്ലേ. ഈ കാര്യത്തിന്ന് നമുക്കവരടെ സഹായം ചോദിക്കാം''.
''അതന്നെ എന്‍റെ മനസ്സിലും''.
''എന്നാ മീറ്റിങ്ങ് കൂടണ്ടത് എന്ന് നിശ്ചയിക്കണം''.
''അതിനുമുമ്പ് അന്നുപറഞ്ഞ ആള്‍ക്കാരെ ഒന്ന് കാണണ്ടേ. എന്നിട്ടാവാം മീറ്റിങ്ങ്''.
''ഇന്നലെ ഞാന്‍ പ്രൊഫസറെ കണ്ടിരുന്നു. മറ്റേ ആള് സ്ഥലത്തില്ല. അയാള് വന്നതും ഞാന്‍ കാണാം''.
''എന്നാലങ്ങിനെ'' ഹാജിയാര്‍ യാത്ര പറഞ്ഞു.
()()()()()()()()()
ബന്ധുക്കളായ കുറച്ചുപേര്‍ക്കൊപ്പം വിപിനും നേരത്തെ ഭക്ഷണംകഴിച്ചു. അവനോടൊപ്പം ഏട്ടന്‍റെ അളിയനും തിരിച്ചുപോയി. നാട്ടിലേക്കുള്ള ബസ്സ് അടുത്ത കൂട്ടുപാതയില്‍നിന്ന് അയാള്‍ക്ക് കിട്ടും. കണ്ണൂക്കിന്ന് വന്ന ചില ബന്ധുക്കള്‍ ഭക്ഷണംകഴിക്കാനുണ്ടായിരുന്നു. അവരൊക്കെ യാത്രപറഞ്ഞ് ഇറങ്ങിയശേഷമാണ് ശ്രീധരമേനോനും ഏട്ടനും ഉണ്ണാനിരുന്നത്.
ഏടത്തിയമ്മയോടൊപ്പം സുമതി ഭക്ഷണംവിളമ്പാന്‍വന്നതില്‍ അയാള്‍ക്ക് സന്തോഷംതോന്നി. ബാലചന്ദ്രനുണ്ടാക്കിയവിഭവങ്ങള്‍ക്ക് നല്ലരുചിയാണ്. ഭക്ഷണം കഴിഞ്ഞ ഉടനെ ശ്രീധരമേനോന്‍ പതിവുപോലെ വിശ്രമിക്കാന്‍ ചെന്നു. ഏറെനേരം കഴിയുന്നതിന്നുമുമ്പ് സുമതിയെത്തി.
''വെപ്പുകാരനെക്കുറിച്ച് ചോദിച്ചപ്പൊ ഉച്ചയ്ക്ക് പറയാന്ന് പറഞ്ഞില്ലേ. ആരാ ആള്'' അവര്‍ ചോദിച്ചു.
''അയാള്‍ അടുക്കളപ്പണിക്ക് വന്നആളല്ല. ഏടത്ത്യേമ്മടെ അച്ഛന്‍റെ വകേലെ ഒരു മരുമകനാണ് അയാള്‍''.
''എന്താ അയാളിങ്ങനെ ഇരിക്കിണത്''. ബാലചന്ദ്രനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അയാള്‍ ഭാര്യയോട് പറഞ്ഞു.
''വെപ്പുപണി കഴിഞ്ഞ് അയാള് അടുക്കളടെ പിന്നില് ഒരു പുസ്തകം വായിച്ചിരിക്കിണത് കണ്ടു. കാര്‍ത്ത്യായിനി വിളിച്ചപ്പൊ പുസ്തകം അവിടെവെച്ച് അയാള്‍ എണീട്ട് പോയി. ഞാന്‍ പുസ്തകം എടുത്തു നോക്ക്യേപ്പൊ അത് ഇംഗ്ലീഷിലുള്ള ഭഗവത് ഗീത്യാണ്. അപ്പൊ എനിക്ക് മനസ്സിലായി ആള് വെപ്പുപണിക്കാരനല്ലാന്ന്''.
''ഓരോരുത്തരുടെജീവിതം കഷ്ടപ്പെടാന്‍വേണ്ടി മാത്രായിട്ടാവും ദൈവം ഉണ്ടാക്കീട്ടുണ്ടാവ്വാ''.
''എപ്പഴങ്കിലും ഭര്‍ത്താവ് ഭാര്യേ അറിയണം, അതുപോലത്തന്നെ ഭാര്യ ഭര്‍ത്താവിനേം. ഇല്ലെങ്കില്‍ ഇതൊക്ക്യാവും ഉണ്ടാവ്വാ''.
''പരസ്പരം മനസ്സിലാക്കാതെ എത്രയോ ആള്‍ക്കാര് എന്നും സങ്കടപ്പെട്ട് കഴിയിണുണ്ട്''.
''നമ്മളെപ്പോലെ അല്ലേ''. ശ്രീധരമേനോന്‍ ഒന്നും പറഞ്ഞില്ല. അയാള്‍ വെറുതെ ചിരിച്ചു.
''എന്നാല്‍ ഇനി അങ്ങനീണ്ടാവില്ലട്ടോ'' സുമതി ഭര്‍ത്താവിന്‍റെ മാറത്ത് കൈവെച്ചു
അദ്ധ്യായം - 45.
രണ്ടുദിവസം വാസുദേവന്‍ മൂടിപ്പുതച്ചുകിടക്കാതെ കാലത്ത് നടക്കാനിറങ്ങിയിരുന്നു. അന്നയാള്‍ നടപ്പുകഴിഞ്ഞ് വന്നതും വിജയം ഒരുപാത്രം നിറയെ കാപ്പിയുമായി വന്നു.
''ഇതങ്ങിട്ട് കുടിച്ചിട്ട് അതേവെശേല് പോയി പാടംനോക്കീട്ട് വരിന്‍ '' അവള്‍ പറഞ്ഞു. വളരെനാളായി പാടത്തുചെന്നുനോക്കിയിട്ട്. പഞ്ച എങ്ങിനെയുണ്ടോ ആവോ. ഒരുവീര്‍പ്പിന്ന് കാപ്പി വലിച്ചുകുടിച്ചിട്ട് അയാള്‍ പാടത്തേക്ക് നടന്നു.
നെല്ലിന്‍റെ ഓലകളില്‍ മഞ്ഞനിറം കാണുന്നുണ്ട്. ചിലതിന്‍റെ തലപ്പ് കരിഞ്ഞിരിക്കുന്നു. ഇതിന്ന് മരുന്നടിച്ചിട്ട് കാര്യമില്ല. ഒറ്റമാര്‍ഗ്ഗം മാത്രമേയുള്ളു. ബ്ലീച്ചിങ്ങ് പൌഡര്‍ വാങ്ങി ചെറിയകിഴികളാക്കി കെട്ടിയിട്ട് പാടത്തിന്‍റെ പലഭാഗങ്ങളിലായി ഇടുക. ആരെയെങ്കിലും അയച്ച് ഇന്നുതന്നെ അത് വാങ്ങിക്കണം.
ഞണ്ടുകുത്തിയപോട്ടിലൂടെ വെള്ളം ഒഴുകിപോവുന്നുണ്ട്. പാടത്തിറങ്ങി കാലിന്‍റെ കുതികൊണ്ട് പലഭാഗങ്ങളിലും അമര്‍ത്തിച്ചവിട്ടി. തല്‍ക്കാലം വെള്ളംനിന്നു. അതുപോരാ. കൈക്കോട്ടുകൊണ്ടുവന്ന് പോടിന്‍റെ ഭാഗം വെട്ടിയടയ്ക്കണം.
''നടീല് കഴിഞ്ഞശേഷം നിങ്ങളെ കാണാനില്ലല്ലോ'' അടുത്ത പാടത്തിന്‍റെ ഉടമസ്ഥന്‍ കാശുവാണ്. ഇനി അയാളെ കാരണം ബോധിപ്പിക്കണം. ഗുരുവായൂരില്‍ ഭജനം ഇരിക്കാന്‍ പോയീന്ന് പറഞ്ഞാല്‍ ഇയാള്‍ക്ക് വിശ്വാസമാവില്ല.
''ഭാര്യക്ക് കാലിന്‍റെ മുട്ടിനൊരു വേദന. കോട്ടക്കല്‍ കൊണ്ടുപോയി കാണിച്ചു. രണ്ടാഴ്ച അവിടെ കിടന്നു''.
''അവിടെ അത്രപെട്ടെന്ന് അഡ്മിറ്റ് ചെയ്യില്ലാന്നാ കേട്ടിട്ടുള്ളത്''.
''അത് ശര്യാണ്. ഞങ്ങള് കാണിച്ചുകൊടുക്കാന്‍ പോയപ്പൊത്തന്നെ ബുക്ക്ചെയ്തു. നാലുമാസം കഴിഞ്ഞിട്ടാ റൂം കിട്ട്യേത്''.
''വീടുവിട്ട് മാറാത്ത ആളായതോണ്ട് ചോദിച്ചതാണ്. ഒന്നും തോന്നണ്ടാ''
''എന്താ തോന്നാനുള്ളത്. ഓരോ ആവശ്യം വരുമ്പൊ കൂടാണ്ടെകഴിയ്യോ'' കൂടുതല്‍ വിസ്തരിക്കാന്‍നിന്നില്ല. വര്‍ത്തമാനം നീണ്ടുപോയാല്‍ ഒന്നിനു മേല്‍ഒന്നായി നുണപറഞ്ഞുകൊണ്ടേ ഇരിക്കണം.
തിരിച്ചുവീടെത്തിയതും കുളിച്ചു. പത്തുമണിയോടെ ബാങ്കിലൊന്ന് പോണം. കഴിഞ്ഞതവണ നെല്ലളന്നതിന്‍റെ പണം ഇനിയും കിട്ടിയിട്ടില്ല. അക്കൌണ്ടില്‍ അത് വന്നിട്ടുണ്ടോ എന്ന് അന്വേഷീക്കണം.
''ഇന്നല്ലെ ബാലേട്ടന്‍റെ പേരക്കുട്ടിടെ കല്യാണം''ഭാര്യ ചോദിച്ചപ്പോഴാണ് അത് ഓര്‍മ്മവന്നത്.
''പറഞ്ഞത് നന്നായി. ഞാനത് മറന്നു''.
''ഞാന്‍ കലണ്ടറില് എഴുതീട്ടുണ്ട്. പത്തിനും പത്തരയ്ക്കും ഇടയ്ക്കാണ് മുഹൂര്‍ത്തം''.
''ഏതാ മണ്ഡപം''. ഭാര്യ മണ്ഡപത്തിന്‍റെ പേരുപറഞ്ഞു.
''എന്നാല്‍ അപ്പഴയ്ക്കും ഒരുങ്ങിക്കോ. ഞാനൊരു ടാക്സി ഏര്‍പ്പാടാക്കാം'' വീട്ടിലെ കാറ് രണ്ടാമന്‍ കൊണ്ടുപോയി ഇലക്ട്രിക് പോസ്റ്റിലിടിച്ച് വര്‍ക്ക് ഷോപ്പിലാണ്.
ഒമ്പതര കഴിഞ്ഞതും ടാക്സിയെത്തി. ഭാര്യയേയും കൂട്ടി വേഗമിറങ്ങി. മണ്ഡപത്തില്‍ വലിയ തിരക്കാണ്. ബാലേട്ടന്‍റെ അന്തസ്സിനനുസരിച്ച് അത് സ്വാഭാവികം.
പ്രവേശനകവാടത്തില്‍ ബാലേട്ടനും ഭാര്യയും നില്‍പ്പുണ്ട്. അവരുടെ അടുത്തുചെന്ന് കൈകൂപ്പി.
''ഉള്ളില്‍ചെന്ന് ഇരുന്നോളൂ. ചെക്കനുംകൂട്ടരും ഇപ്പൊ എത്തും'' ബാലേട്ടന്‍ അയാളുടെ കൈപിടിച്ച് കുലുക്കി. കല്യാണവും സദ്യയും കഴിഞ്ഞിറങ്ങുമ്പോള്‍ ഒരുമണിയായി. തിക്കിത്തിരക്കി അകത്തുകേറി ഉണ്ണുന്നത് ഇഷ്ടമല്ല. അല്‍പ്പംവൈകിയാലും സമാധാനത്തോടെകഴിക്കണം.
''ഏതായാലും വൈകിയില്ലേ. എനിക്ക് ഒന്നുരണ്ട് സാധനങ്ങള്‍ വാങ്ങാനുണ്ട്'' ഭാര്യ പറഞ്ഞപ്പോള്‍ എന്താണെന്ന് മനസ്സിലായില്ല.
''തുണി വാങ്ങാനല്ല. മാര്‍ജിന്‍ ഫ്രീയില്‍ കേറണം. വീട്ടിലിക്ക് വേണ്ട ചിലതൊക്കെ വാങ്ങണം. കുറച്ചായില്ലേ വാങ്ങീട്ട്''.
കാര്യം ശരിയാണ്. ഗുരുവായൂരിലേക്ക് പോവുന്നതിന്ന് പത്തിരുപത് ദിവസംമുമ്പ് വാങ്ങിയതാണ്. സാധനങ്ങള്‍ മിക്കതും തീര്‍ന്നിട്ടുണ്ടാവും.
ഉച്ചനേരമായതുകൊണ്ടാവും മാര്‍ജിന്‍ ഫ്രീ മാര്‍ക്കെറ്റില്‍ തിരക്കില്ല. വിജയം ഒരുബാസ്ക്കറ്റില്‍ സാധനങ്ങള്‍ എടുത്തുവെക്കുന്നുണ്ട്. അയാള്‍ സാധനങ്ങള്‍ അടുക്കിവെച്ച റാക്കുകള്‍ക്കിടയിലൂടെ അവരുടെ പുറകെ നടന്നു. പെട്ടെന്ന് മൊബൈല്‍ അടിച്ചു. മൂത്തമകനാണ് വിളിക്കുന്നത്.
''അച്ഛാ, എവിട്യാ നിങ്ങള്'' മകന്‍ ചോദിക്കുന്നത് കേട്ടു.
''ടൌണിലുണ്ട്. എന്താ വിശേഷം''.
''വേഗം വരിന്‍. ഇവിടെ ആകെ കുഴപ്പത്തിലാണ്''.
''എന്താടാ കാര്യം''.
''വേഗം എത്തിന്‍. ബാക്കി വരുമ്പൊ അറിയാം'' മകന്‍ ഫോണ്‍ കട്ട് ചെയ്തു. അയാള്‍ ഭാര്യയുടെ അടുത്തേക്ക് ചെന്നു.
''മൂത്തവന്‍ വിളിച്ചു. വീട്ടിലെന്തോ പ്രശ്നൂണ്ട്. വേഗം വരാന്‍ പറഞ്ഞു''.
''ആ തലതെറിച്ചോനെക്കൊണ്ട് ഞാന്‍ തീരെ തോറ്റു'' ഭാര്യ കൊട്ടയുമായി ബില്ലടിപ്പിക്കാന്‍ നടന്നു.
()()()()()()()()()()
കാര്‍ത്ത്യായിനി ഒരുപാട് നിര്‍ബ്ബന്ധിച്ചിട്ടാണ് ബാലചന്ദ്രന്‍ മുടിവെട്ടിക്കാമെന്ന് സമ്മതിച്ചത്.
''അതിന് എന്‍റെ തലേല് മുടീല്ലല്ലോ'' എന്നാണയാള്‍ ആദ്യം പ്രതികരിച്ചത്.
''നിറുകില് മുടീല്ലെങ്കിലും ചുറ്റോടും ഉണ്ടല്ലോ. അത് വെട്ടി ഒരുമേനിപ്പെടുത്തു ബാലമാമേ'' എന്നവള്‍ നിര്‍ബ്ബന്ധിച്ചു.
അയാള്‍ പോവാനൊരുങ്ങിയപ്പോള്‍ നൂറിന്‍റെ ഒരുനോട്ട് അവളയാളെ ഏല്‍പ്പിച്ചു. കാശില്ലാത്തതോണ്ട് മുടിവെട്ടിക്കാണ്ടെ ഇരിക്കണ്ടാ. വെയിലാറി തുടങ്ങിയതോടെ അയാളിറങ്ങി.
''നോക്കൂ കാര്‍ത്ത്യായിനി. ഇന്നലെ ബാലമാമടെ കയ്യില് ഒരുപുസ്തകം കണ്ടു'' സുമതി അവളോട് പറഞ്ഞു.
''സുമത്യമ്മയ്ക്ക് അത് നോക്കണോ'' കാര്‍ത്ത്യായിനി ചോദിച്ചു.
''കിട്ട്യാല്‍ നോക്കായിരുന്നു''. ഇന്നലെ പുസ്തകം കണ്ടെങ്കിലും അതെടുത്ത് നോക്കിയില്ല. ചിലപ്പോള്‍ അയാള്‍ക്കത് ഇഷ്ടപ്പെട്ടില്ലെങ്കിലോ.
''ഇതാ ഇപ്പൊ കൊണ്ടുവരാം'' അവള്‍ അകത്തേക്ക് പോയി.
''ഇത് ഇംഗ്ലീഷ് പുസ്തകാണ്'' തിരിച്ചുവന്ന അവള്‍ പുസ്തകം സുമതിയെ ഏല്‍പ്പിച്ച് പറഞ്ഞു. സുമതി അതുവാങ്ങി തുറന്നുനോക്കി. അകത്ത് ഒരു പ്ലാസ്റ്റിക്ക് കവര്‍ ഇരിപ്പുണ്ട്. കവര്‍ തുറന്നപ്പോള്‍ അതിനകത്ത് പഴയൊരു പേപ്പര്‍കട്ടിങ്ങ്. സുമതി അതെടുത്ത് തുറന്നുനോക്കി.
അമ്പതാംവിവാഹവാര്‍ഷികം ആഘോഷിക്കുന്ന ദമ്പതികളുടെഫോട്ടോ ആണത്. അവളതിലേക്ക് സൂക്ഷിച്ചുനോക്കി. ഏടത്തിയമ്മയുടെ അച്ഛനും അമ്മയും അല്ലേ ഇത്. ചുവടെ ഗോപാലന്‍ നായര്‍ ഗൌരിയമ്മ എന്ന് എഴുതിയിട്ടുമുണ്ട്. അവള്‍ ആ കടലാസ്സ് തുണ്ടുമായി അകത്തേക്കോടി.
''ഏടത്ത്യേമ്മേ, ഇതുനോക്കൂ'' അവള്‍ ആ പേപ്പര്‍ കഷ്ണം നീട്ടി.
പാര്‍വ്വതി അത് കൈനീട്ടി വാങ്ങി. പതിനെട്ട്കൊല്ലം മുമ്പുകൊടുത്ത പരസ്യത്തിലെ ഫോട്ടോ. തന്‍റെ അച്ഛനും അമ്മയും.
''ഇതെവിടുന്ന് കിട്ടി'' അവര്‍ ചോദിച്ചു.
''അയാളുടെ സഞ്ചീല് ഒരു പുസ്തകം കണ്ടു. അതിനകത്തുള്ളതാ''.
പാര്‍വ്വതിക്ക് തന്‍റെ അച്ഛനോടും അമ്മയോടുമുള്ള ബാലചന്ദ്രന്‍റെ സ്നേഹം മനസ്സിലായി. അവരുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി.
അദ്ധ്യായം - 46.
സമയം സന്ധ്യയോടടുത്തിട്ടും വിജയം കിടന്നകിടപ്പില്‍നിന്ന് എഴുന്നേറ്റില്ല. ടൌണില്‍നിന്ന് വന്നപ്പോള്‍ കേട്ട വാര്‍ത്ത അവളെ വല്ലാതെ ഉലച്ചിട്ടുണ്ട്. ഉടുത്തവസ്ത്രംപോലുംമാറ്റാതെ കിടക്കയില്‍ കമഴ്ന്നടിച്ചുകിടന്ന അവള്‍ കുറെനേരം തേങ്ങിക്കരഞ്ഞിരുന്നു. ആശ്വസിപ്പിക്കാന്‍ചെന്ന തന്നെയവള്‍ തട്ടിമാറ്റി.
ടാക്സിക്കാരനെ വാടകകൊടുത്ത് ഒഴിവാക്കുമ്പോഴേക്കും വിജയം വാങ്ങിയസാധനങ്ങളുമായി വീട്ടിലേക്ക് നടന്നു നീങ്ങി. മൂത്തമകന്‍ ഉമ്മറത്തുതന്നെയുണ്ട്. വേഗംചെന്ന് അവനോട് വിവരം ചോദിച്ചു.
''പോലീസ് ഇവിടെ വന്ന് പ്രവീണിനെ കൊണ്ടുപോയി''. അവന്‍ പറഞ്ഞു. രണ്ടാമത്തെ മകനെക്കുറിച്ചാണ് അവന്‍ പറയുന്നത്. എന്ത് തെറ്റാണാവോ കുരുത്തംകെട്ടോന്‍ ചെയ്തിട്ടുണ്ടാവുക.
''എപ്പഴാ സംഭവം''.
''പോലീസുകാര് ഇറങ്ങ്യേ ഉടനെ ഞാന്‍ നിങ്ങളെ വിളിച്ചു''. അപ്പോള്‍ അധികം സമയമായിട്ടില്ല.
''എന്താ അവന്‍റെ പേരിലുള്ള കേസ്സ്''.
''പറയാന്‍ കൊള്ളാത്ത പണ്യാണ് അവന്‍ കാട്ട്യേത്'' അവന്‍ സംഭവം വിവരിച്ചു.
കൂലിപ്പണിക്ക് വന്ന തമിഴന്മാരിലെ ഒരുചെറുപ്പക്കാരി വെളിക്കിരിക്കാന്‍ പുഴമ്പളേലിക്ക് പോണത് ഇവന്‍ കണ്ടു. അവള് തിരിച്ചുവരുണത് കാത്തു നിന്ന് ആളില്ലാത്തോടത്തുവെച്ച് അവളെ കേറിപ്പിടിച്ചിട്ട് കൈതപൊന്തടെ മറവിലിക്ക് വലിച്ചോണ്ട് പോയി. ആദ്യം പെണ്ണ് പേടിച്ചെങ്കിലും അവന്‍റെ കയ്യ് കടിച്ചുമുറിച്ച് ഓടിപ്പോയി കൂടേള്ളോരടെ അടുത്ത് ചെന്ന് വിവരം പറഞ്ഞു. ഇവനപ്പഴയ്ക്കും സ്ഥലംവിട്ടു. ധൃതീല് ചെന്നെത്ത്യേത് അവര് പണ്യെടുക്കിണസ്ഥലത്ത്. പെണ്ണ് ഇവനെ കൂടെപണിയിണ ആള്‍ക്കാര്‍ക്ക് കാണിച്ചുകൊടുത്തു. അവര് ഇവനോട് പകരം ചോദിക്കാന്‍ ചെന്നു. ആ നേരത്ത് അടീംകാലും പിടിച്ച് തടികഴിച്ചിലാക്കുണതിന്ന് പകരം ചെക്കന്‍ അവരോട് ലഹള കൂടാന്‍ നിന്നു. ഒന്നും രണ്ടും പറഞ്ഞ് വാക്കുതര്‍ക്കം കയ്യാങ്കളീലെത്തി. ഇവന്‍ കൈക്കോട്ട് തായകൊണ്ട് ഒരുത്തന്‍റെ തലേലിക്ക് ഒറ്റ അടി. അവനെ ആസ്പത്രീലാക്കീട്ടുണ്ട്. ആരോ അവരെകൂട്ടിക്കൊണ്ട് പോലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി കൊടുപ്പിച്ചു.
പോലീസിന്‍റെ കയ്യില്‍നിന്ന് നാല് കിട്ടട്ടെ എന്ന് കരുതിയതാണ്. മൂത്തവന്‍ സമ്മതിച്ചില്ല.
''ആരേങ്കിലും പിടിച്ച് കേസ്സ് ഒഴിവാക്കാന്‍ നോക്കൂ അച്ഛാ. നമുക്കവനെ പട്ടാളത്തിലിക്ക് വിട്വേ, ഗള്‍ഫിലിക്ക് അയക്ക്യേ എന്തെങ്കിലും ചെയ്യാം. കേസ്സായാല്‍ ഒന്നും പറ്റില്ല'' അവന്‍ പറഞ്ഞു. അങ്ങിനെയാണ് നേതാവിനെ വിളിച്ചത്. പോലീസ് സ്റ്റേഷനിലും ആസ്പത്രീലും ചെന്നുനോക്കി വേണ്ടത് ചെയ്യാമെന്നയാള്‍ വാക്കുതന്നിട്ടുണ്ട്. ഇത്ര നേരമായിട്ടും വിവരമൊന്നും കിട്ടിയിട്ടില്ല. വാസുദേവന്‍ എഴുന്നേറ്റ് ഭാര്യയുടെ അടുത്തേക്ക് ചെന്നു.
''വിജയം, നേരം സന്ധ്യായി. വിളക്ക് വെക്കണ്ടേ'' അയാള്‍ ചോദിച്ചു.
''വിളക്കും വേണ്ടാ, ഒന്നും വേണ്ടാ. മൂധേവികേറി ഒക്കെ നശിച്ചുപൊട്ടെ'' അവള്‍ പ്രതികരിച്ചു.
''വിഷമിക്കാതെ. നമുക്ക് ആലോചിച്ച് എന്തെങ്കിലും ഒരു വഴീണ്ടാക്കാം''.
''എന്തുവഴി. ഞാന്‍ നോക്കീട്ട് ഒരു വഴീം കാണുണില്ല'' ഭാര്യ എഴുന്നേറ്റു.
''ആദ്യം കേസ്സ് കൂടാതെ ഇറക്കട്ടെ. പിന്നെ നമുക്കവനെ ഗള്‍ഫിലിക്കോ, പട്ടാളത്തിലോ വിടാം''.
''അങ്ങിന്യേന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഞാനവനെ വിഷം കൊടുത്ത് കൊല്ലും''.
''വാ വിളക്ക് വെക്ക്. അത് മുടക്കണ്ടാ''.
വിജയം എഴുന്നേറ്റ് ബാത്ത്റൂമിലേക്ക് നടന്നു. അയാള്‍ ഉമ്മറത്തേക്കും.
()()()()()()()()()()()()
ബാലചന്ദ്രന്‍ തിരിച്ചുവരുമ്പോഴേക്ക് ഇരുട്ടിത്തുടങ്ങിയിരുന്നു. അയാളെ കാണാഞ്ഞപ്പോള്‍ കാര്‍ത്ത്യായിനിക്ക് അങ്കലാപ്പായി. ബാലമാമ ആരോടും ഒന്നുംപറയാതെ സ്ഥലംവിട്ടുകാണുമോ എന്നവള്‍ ചിന്തിച്ചു. അട്ടേപ്പിടിച്ച് മെത്തേല്‍ കിടത്ത്യേപോലെ ആവുമോ എന്നവള്‍ ഭയന്നു.
''എന്തുപറ്റി ബാലമാമേ. ക്ഷൌരക്കടേല് തിരക്കായിരുന്നോ'' അവള്‍ ചോദിച്ചു.
''തിരക്കുണ്ടായിരുന്നു. പക്ഷെ അതല്ല വൈക്യേത്'' കയ്യിലുള്ള നോട്ടുകള്‍ അവളെ ഏല്‍പ്പിച്ച് അയാള്‍ തുടര്‍ന്നു ''വരുമ്പൊ ലൈബ്രറി കണ്ടു. അപ്പൊ ഒരുമോഹം തോന്നി. പിന്നെ ആലോചിച്ചില്ല. അവിടെകേറി കുറച്ചുനേരം വീക്കിലീം മാസികീം വായിച്ചു. അതാ വൈക്യേത്''.
''എന്താ പറ്റ്യേത് എന്നറിയാണ്ടെ ഞാന്‍ പേടിച്ചു''. തന്നെക്കുറിച്ചോര്‍ത്ത് ദുഖിക്കാന്‍ ഒരാളുണ്ടല്ലോ എന്നയാള്‍ കരുതി.
''മേത്തൊക്കെ മുടി ആയിട്ടുണ്ട്. ഞാന്‍ പോയി കുളിച്ചിട്ടുവരട്ടെ'' അയാള്‍ കുളത്തിലേക്ക് പുറപ്പെട്ടു.
''ബാലമാമ കുളത്തിലിക്കൊന്നും പോണ്ടാ. കുളിമുറീല് വയ്യെങ്കില്‍ ഞാന്‍ തെങ്ങിന്‍റെ ചോട്ടില് രണ്ടുപാത്രം വെള്ളം നിറച്ചുവെക്കാം''.
''എന്തിനാ ബുദ്ധിമുട്ടുണത്. ഞാന്‍ വേഗം വരാം'' അയാള്‍ പറഞ്ഞു.
''ആ കുട്ടി പറയുണത് കേള്‍ക്കൂ'' മുറ്റത്തുനിന്ന് നാരായണന്‍മാഷ് വിളിച്ചു പറഞ്ഞു. ബാലചന്ദ്രന്‍ പിന്നെ എതിര്‍ത്തില്ല. പതിവുസംഘം കുളികഴിഞ്ഞു വരുമ്പോഴേക്കും പോയിക്കഴിഞ്ഞിരുന്നു. അയാള്‍ വസ്ത്രം മാറിവന്നു.
''ബാലേട്ടാ, ഒരുകാര്യം പറയട്ടെ. ബാലേട്ടന്‍ ഇല്ലാത്തപ്പൊ ഞങ്ങളൊരു കാര്യംചെയ്തു'' പാര്‍വ്വതി ബാലചന്ദ്രനോട് പറഞ്ഞു. അയാള്‍ക്കൊന്നും മനസ്സിലാവില്ല.
''ഞങ്ങള് ബാലേട്ടന്‍റെ സഞ്ചീന്ന് ഒരുസാധനം എടുത്തു''. ഒരുപുസ്തകവും പഴയ കുറെതുണികളുമല്ലാതെ അതിലൊന്നുമില്ല.വിലപിടിപ്പുള്ള ഒന്നും തനിക്കില്ലല്ലോ
''എന്താ ഒന്നും പറയാത്തത്. പുസ്തകത്തിന്‍റെ ഉള്ളില് ബാലേട്ടന്‍ വെച്ച പേപ്പറിന്‍റെ തുണ്ട് ഞങ്ങള് കണ്ടു''.
അയാളുടെ മനസ്സൊന്ന് പിടച്ചു. ജയിലില്‍നിന്നിറങ്ങി അധികം വൈകാതെ ഗുരുവായൂരിലേക്ക് ഭഗവാനെ കാണാന്‍ചെന്നതാണ്. ഭക്ഷണത്തിന്ന് ക്യൂ നില്‍ക്കുമ്പോള്‍ തൊട്ടടുത്തുനിന്ന ആള്‍ വായിക്കുന്ന പത്രത്തില്‍ കണ്ട ആ ഫോട്ടോയില്‍ കണ്ണുകളുടക്കി. ചെറ്യേമ്മാമയും അമ്മായിയും ആണ് ആ ഫോട്ടോയിലുള്ളത്. അവരുടെ അമ്പതാം വിവാഹവര്‍ഷികമാണ് അന്ന്. ആ നല്ലദിവസം ഭഗവാനെ കാണാനും പ്രസാദ ഊട്ട് ഉണ്ണാനും കഴിഞ്ഞു. അങ്ങിനെയൊരു യോഗമുണ്ടായതിന്ന് ഭഗവാനെ സ്തുതിച്ചു.
ഊണുകഴിഞ്ഞിറങ്ങിയതും നേരെപോയി പരസ്യംകണ്ട പത്രംവാങ്ങി. മനസ്സില്‍ ഒരായിരം തവണ മാപ്പുപറഞ്ഞുകൊണ്ട് അതിലെ ഫോട്ടോ നോക്കിനിന്നു. ഒന്നുമല്ലാതിരുന്ന തന്നെ വളര്‍ത്തി വലുതാക്കിയ ആ രണ്ടുപേരേയും വേദനിപ്പിച്ചല്ലോ എന്നോര്‍ത്തപ്പോള്‍ കണ്ണുനിറഞ്ഞു. പിന്നെ ഒന്നും ആലോചിച്ചില്ല. നേരെ ക്ഷേത്രത്തിനകത്തേക്ക് ചെന്നു. കയ്യിലുള്ള സംഖ്യ മുഴുവന്‍ ഭണ്ഡാരത്തിലിട്ട് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു.
''എന്താ ആലോചിക്കിണത്'' വീണ്ടും പാര്‍വ്വതിയുടെ ശബ്ദം കേട്ടു.
''ആ ഒരു ഫോട്ടോവിന്‍റെ ബലത്തിലാണ് ഞാന്‍ ജീവിച്ചുവരുന്നത്. എന്നെ നോക്കി വളര്‍ത്തിയവരാണ് അവര്‍ രണ്ടാളും. ഞാനൊരു മഹാപാപി. ഇരിക്കിണകൊമ്പ് മുറിച്ചവന്‍. എത്രജന്മം കഴിഞ്ഞാലും തീരാത്തപാപം ചെയ്തവന്‍''. അയാള്‍ വെറും നിലത്തിരുന്നു. എന്നിട്ട് വാവിട്ട് കരഞ്ഞു.
അദ്ധ്യായം - 47.
സമയം കടന്നുപോവുംതോറും വാസുദേവന്ന് ആധിയായി. നേതാവ് വിളിക്കാമെന്നുപറഞ്ഞിട്ട് ഇനിയും വിളിച്ചിട്ടില്ല. തലയ്ക്കടിയേറ്റവന്ന് എന്തെങ്കിലും പറ്റികാണുമോ. അവന്‍ മരിച്ചാല്‍ കാര്യംഗൌരവമാവും . കൊലക്കേസ് നിസ്സാരമായകാര്യമല്ല. അതില്‍നിന്ന് രക്ഷപ്പെടാന്‍ കുറച്ച് ബുദ്ധിമുട്ടേണ്ടിവരും.
''ഇയാളെന്ത് മനുഷ്യനാണ്. ഒരുവിവരൂം തരാതെ'' വിജയം പരിഭവം പറഞ്ഞു.
''പോലീസ് സ്റ്റേഷനില്‍ ചെന്നാല്‍ പെട്ടെന്ന് ഇറങ്ങിവരാന്‍ പറ്റ്വോ'' അയാള്‍ മറുപടി നല്‍കി.
''എന്നാല്‍ ഒന്ന് വിളിച്ചുപറയ്യേങ്കിലും വേണ്ടേ''.
''ചിലപ്പോള്‍ തിരക്കോണ്ട് ആയിരിക്കും''.
''ഒരു കാര്യം ചെയ്യിന്‍. ഒന്നങ്ങോട്ട് വിളിക്കിന്‍ ''.
വാസുദേവന്‍ മൊബൈലെടുത്ത് വിളിച്ചു. പെട്ടെന്നുതന്നെ മറുവശത്ത് ഫോണെടുത്തു.
''ഞാന്‍ പത്തുമിനുട്ടിനുള്ളില്‍ എത്താം. കാര്യങ്ങള്‍ വിസ്തരിച്ച് സംസാരിക്കാനുണ്ട്. ഫോണില്‍ക്കൂടി പറഞ്ഞാല്‍ ശര്യാവില്ല''.
വാസുദേവനും ഭാര്യയും വീടിന്നുപുറത്ത് മുറ്റത്ത് കസേലയിട്ട് ഇരുന്നു. വല്ലപ്പോഴും ഇങ്ങിനെ ഇരിക്കാറുണ്ട്. എപ്പോഴും ഒറ്റയ്ക്കാ യിരിക്കും. ഭാര്യ ഒന്നുകില്‍ അടുക്കളപ്പണിയിലാവും, അല്ലെങ്കിലോ ഹാളില്‍ ടി.വി. കണ്ട് ഇരിപ്പാവും.
അകലെനിന്ന് ഹെഡ് ലൈറ്റിന്‍റെ പ്രകാശംകണ്ടു. ഒരുവാഹനം വരുന്നുണ്ട്. ഒരുപക്ഷെ നേതാവായിരിക്കും. കണക്കു കൂട്ടിയത് ശരിയായി. ടാക്സി കാര്‍ മുറ്റത്തുവന്നുനിന്നു. നേതാവ് മുന്‍വാതില്‍ തുറന്നിറങ്ങി, പിന്നിലെ വാതില്‍ തുറന്ന് രണ്ട് അനുചരന്മാരും. അവരേയും കൂട്ടി അകത്തേക്ക് ചെന്നു.
''എന്താ മകന് പറ്റ്യേത്. ഞാന്‍ ഇങ്ങിന്യോന്നും അല്ല കരുത്യേത്'' നേതാവ് സംഭാഷണത്തിന്ന് തുടക്കംകുറിച്ചു.
ഒന്നുംപറയാനില്ല. വയസ്സ് ഇരുപത്തിരണ്ട് ആയതേയുള്ളു. അപ്പോഴേക്കും എല്ലാ ചീത്തപ്പേരും ഉണ്ടാക്കിവെച്ചു.
''തമിഴന്മാര് ആകെ ചൂടായിട്ടാണ്'' നേതാവ് പറഞ്ഞു ''മകന്‍ അവരുടെ പെണ്‍കുട്ട്യേ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതുംപോരാ, ചോദിക്കാന്‍ചെന്ന ഒരുത്തന്‍റെ തല തല്ലിപ്പൊളിക്കുംചെയ്തു. അവനെ വെളീല് കണ്ടാല്‍ കുത്തിക്കൊല്ലുംന്നാ അവര് പറഞ്ഞത്''.
''കൊല്ലട്ടെ. വരുണത് അനുഭവിക്കാതെ പറ്റില്ലല്ലോ''.
''ഞാന്‍ ഒരുവിധം പറഞ്ഞുശര്യാക്കീട്ടുണ്ട്. പക്ഷെ കുറച്ച് കാശ് വരും''.
''അത് സാരൂല്യാ. എത്ര വേണ്ടിവരും'' ഭാര്യയാണ് ചോദിച്ചത്.
''ആസ്പത്രി ചിലവ് നമ്മള് വഹിക്കണം'' അത് ന്യായമായ കാര്യംതന്നെ.
''എക്സ് റേയും സ്കാനിങ്ങും ഒക്കെ ചെയ്തിട്ടുണ്ട്. ഐ.സി.യു. വിലാണ് കിടക്കുന്ന്. പൈസ കുറച്ചുവരും''.
''എത്രയാണച്ചാലും അടച്ചോളാം''.
''അടികൊണ്ടവന് അടുത്തകാലത്തൊന്നും പണിക്ക് പോവാന്‍ പറ്റില്ല. രണ്ടുകൊല്ലത്തെ കൂലി തരണംന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു പറഞ്ഞ് ഒരുലക്ഷത്തിലൊതുക്കി''. വാസുദേവന്‍ മനസുകൊണ്ട് മകനെ ശപിച്ചു. മഹാപാപി. കഷ്ടപ്പെട്ട് സമ്പാദിച്ചത് നശിപ്പിക്കാന്‍വേണ്ടി ഉണ്ടായവന്‍.
''ആ പെണ്ണിനെ മാനം കെടുത്താന്‍ മകന്‍ ശ്രമിച്ചില്ലേ. അവളല്ലേ പരാതി പിന്‍വലിക്കണ്ടത്. അതിന് അവള്‍ക്കും വേണം കാശ്''.
''അതെന്ത് വേണ്ടിവരും''.
''പിന്നാലെനിന്ന് അവരെ മൂട്ടിക്കാന്‍ ആള്‍ക്കാരുണ്ട്. ഇനി മര്യാദയ്ക്ക് കല്യാണംനടക്കില്ല. അവളടെ ഭാവിതകര്‍ന്നു. ഇനീള്ളകാലം അവള്‍ക്ക് കഴിഞ്ഞുകൂട്ടാനുള്ളത് കിട്ടണം എന്നൊക്ക്യാ പറഞ്ഞത്''.
''എത്ര കിട്ടണംന്നാ അവരടെ ഉദ്ദേശം ''.
''പത്തുലക്ഷംതരിന്‍ എന്ന് മടികൂടാതെചോദിച്ചു. പിശകിപിശകി ഞാന്‍ അമ്പതിനായിരത്തില്‍ ഉറപ്പിച്ചു''.
''പണ്ടാരകാലന്‍ ചെയ്തുവെച്ച ഒരു ദ്രോഹം കണ്ടില്ലേ'' വിജയം പറഞ്ഞു ''ഇങ്ങന്യോരുത്തനെ പെറ്റുപോയില്ലേ. സഹിക്കാതെ വയ്യല്ലോ''.
''പോലീസ് സ്റ്റേഷനില്‍ എത്ത്യേഅവസ്ഥയ്ക്ക് രണ്ടുകൂട്ടരും അവിടെവെച്ച് ഒപ്പിട്ടു കൊടുത്ത് പ്രശ്നം അവിടുന്നന്നെ തീരണം. അല്‍പ്പസ്വല്‍പ്പം പണം അതിനും വേണ്ടിവരും''.
''അതെത്ര്യാ വേണ്ടിവര്വാ''.
''എന്തുവരുംന്ന് അറിയില്ല. തല്‍ക്കാലം മുപ്പത്തഞ്ചോ നാല്‍പ്പതോ തരിന്‍. പോരാത്തത് പിന്നെ മതി''.
''ഇതോടെ കഴിഞ്ഞല്ലോ. ഇന്യോന്നും വേണ്ടിവരില്ലല്ലോ''.
''ഇന്നത്തെ ചിലവ് വേണ്ടിവര്വോലോ. ഇപ്പൊത്തന്നെ പത്തുറുപ്പികടെ മീതെ ചിലവായിട്ടുണ്ട്''.
''രണ്ടുലക്ഷത്തിന്‍റെ മീതെ ആയി അല്ലേ'' വിജയം ചോദിച്ചു.
''അതില്‍ ഒതുങ്ങിക്കിട്ട്യാല്‍ മതി, നിസ്സാരകാര്യോല്ല നിങ്ങടെ മകന്‍ ചെയ്തത്''.
''ഇത്രീം കാശ് വീട്ടില്‍വെക്കില്ലല്ലോ. നാളെ ബാങ്കിന്ന് എടുത്തുതരാം''.
''അതുമതി. ഞാന്‍ സ്റ്റേഷനില്‍ വിളിച്ചുപറഞ്ഞോളാം''.
''പോലീസുകാര് അവനെ വല്ലതും ചെയ്യോ''.
''ഞാന്‍ ഇടപെട്ടശേഷം ഒന്നും ചെയ്തിട്ടില്ല. അതിന്നുമുമ്പ് ചിലപ്പൊ കിട്ടീട്ടുണ്ടാവും''.
''ഒരു സങ്കടൂല്യാ. കണ്ടോന്‍റെ കയ്യിന്ന് കിട്ടീട്ട് നന്നാവട്ടെ''.
''ചോരതിളക്കിണ കാലോല്ലെ. മെല്ലെക്കണ്ട് നന്നാവും'' നേതാവ് ആശ്വാസം പകര്‍ന്നു. കുറച്ചുനേരം ആരുമൊന്നും പറഞ്ഞില്ല
''ഇപ്പൊ എന്തെങ്കിലും വേണോ, അതോ ഒന്നിച്ചു മത്യോ'' ഭാര്യ ചോദിച്ചു.
''ഇന്ന് ചിലവായത് തരിന്‍. പിന്നെ ടാക്സികൂലീം''.
''എത്ര്യാ ടാക്സിക്ക് കൊടുക്കണ്ട്''.
''അത് നമുക്ക് അവനോടന്നെ ചോദിക്കാം''. നേതാവ് ഡ്രൈവറെ വിളിച്ച് അന്വേഷിച്ചു.
''ഉച്ചയ്ക്ക് തുടങ്ങ്യേ ഓട്ടാണ്. കണക്കൊന്നും പറയുണില്യാ. ആയിരത്തി മുന്നൂറ് തരിന്‍'' അവന്‍ പറഞ്ഞു.
അകത്തുചെന്ന് അലമാറയില്‍നിന്ന് പതിനായിരവും ആയിരത്തിമുന്നൂറും വെവ്വേറെ എടുത്തു. പണം വാങ്ങി നേതാവും പരിവാരവും സ്ഥലം വിട്ടു.
''മക്കളുണ്ടാവ്വാണച്ചാല്‍ ഇങ്ങനീണ്ടാവണം. ദ്രോഹിക്കാനായിട്ടുള്ളത്'' അയാള്‍ ഉറക്കെ ആത്മഗതം ചെയ്തു.
''പാപം ചെയ്തുകൂട്ടുമ്പൊ ആലോചിക്കണം എന്നെങ്കിലും ശിക്ഷീണ്ടാവും ന്ന്'' ഭാര്യ പറഞ്ഞത് അയാള്‍ കേട്ടില്ലെന്ന് നടിച്ചു.
()()()()()()()()()()()
''ഞാന്‍ നമ്മടെ ലക്ഷ്മ്യേടത്തിടെ സ്വഭാവം ആലോചിക്ക്യായിരുന്നു'' രാത്രി കിടക്കുമ്പോള്‍ സുമതി ശ്രീധരമേനോനോട് പറഞ്ഞു.
''എന്താ സംഗതി'' അയാള്‍ ചോദിച്ചു.
''അപ്പുറത്ത് വല്യേ കുന്നില്ലേ. മോഹനേട്ടന്‍ കേസ്സ് കൊടുത്ത് സ്വന്താക്ക്യേത്. അത് അവര്‍ക്ക് വിട്ടുകൊടുക്കാന്‍ പോവ്വാണത്രേ''.
''അതെന്തിനാ''.
''പാപം ചെയ്ത് നേട്യേസ്വത്താണത്രേ. മരിച്ചുപോയോടത്ത് അതിനുള്ള ശിക്ഷ കിട്ടുണത് ഒഴിവാക്കാന്‍ വേണ്ടീട്ടാണെന്നാ പറഞ്ഞത്''.
''ഒക്കെ ഒരോ വിശ്വാസം . എന്താ അങ്ങിന്യേല്ലെ''.
''ആയിരിക്കാം. എന്നാലും മരിച്ചുപോയഭര്‍ത്താവിനോട് ലക്ഷ്മിചേച്ചിടെ മനസ്സിലുള്ള സ്നേഹോല്ലേ ആ പ്രവര്‍ത്തീല്‍ കാണുണത്''.
''അത് ശരിയാണ്''.
''സ്ത്രീകളായാല്‍ ഭര്‍ത്താവിനെ അങ്ങിനെ സ്നേഹിക്കണം. എനിക്കത് ഇപ്പഴാ മനസ്സിലാവുണ്''.
ശ്രീധരമേനോന്‍ ഒന്നും പറഞ്ഞില്ല. അയാള്‍ ഭാര്യയെ ചേര്‍ത്തുപിടിച്ചു.
അദ്ധ്യായം - 48.
വാസുദേവന്‍ ഉണര്‍ന്നപ്പോള്‍ നേരം ഏഴര കഴിഞ്ഞു. ഓരോന്ന് ആലോചിച്ചു കിടന്നതുകൊണ്ട് ഉറക്കംവരാന്‍ വൈകി. ക്ലോക്കില്‍ പതിനൊന്നും പന്ത്രണ്ടും അടിച്ചതൊക്കെ അയാള്‍ കേട്ടിരുന്നു. ഇന്നിനി പാടത്തേക്കൊന്നും പോവുന്നില്ല എന്നയാള്‍ നിശ്ചയിച്ചു. പല്ലുതേച്ച് മുഖംകഴുകി ഹാളിലേക്ക് ചെന്നു. വിജയം ചായയുമായി എത്തി.
''കുറച്ചുനേരം ഇവിടെ ഇരിക്ക്'' അയാള്‍ പറഞ്ഞു. അവര്‍ സോഫയുടെ ഓരത്തിരുന്നു.
''പതിനൊന്നുമണിക്ക് നേതാവ് വരുംന്ന് പറഞ്ഞു. അപ്പഴയ്ക്കും നമുക്ക് ബാങ്കില്‍ പോയിട്ടുവരണം''.
''ഞാന്‍ വേണോ. ഒറ്റയ്ക്ക് പോയാല്‍ പോരേ''.
''രണ്ട് രണ്ടര ലക്ഷം ഉറുപ്പിക വേണം. എന്‍റെ അക്കൌണ്ടില്‍ അത്രയ്ക്ക് പണൂല്യാ''.
''പിന്നെന്താ ചെയ്യാ''.
''നിന്‍റെ പേരിലുള്ള എഫ്. ഡീന്ന് ഒരു ലോണെടുക്കാം . ഇപ്പൊ അതേ നിവൃത്തീള്ളൂ''. എന്തെങ്കിലും അത്യാവശ്യം വന്നാല്‍ ഉപകരിക്കാന്‍ ഭാര്യയുടെ പേരില്‍ കുറച്ചുതുക ഡെപ്പോസിറ്റ് ചെയ്തിരുന്നു. അന്ന് ഇങ്ങിനെയൊരു ആവശ്യം വരുമെന്ന് കരുതിയില്ല.
''എന്നാലും അയാള് പറഞ്ഞസംഖ്യ അധികം തന്ന്യാണ്'' ഭാര്യ പറഞ്ഞു. വാസുദേവനത് തോന്നാഞ്ഞിട്ടല്ല. വേറെ വഴിയില്ലല്ലോ.
''ആരാന്‍റെ കാശെടുത്ത് ചിലവാക്കാന്‍ ബഹുമിടുക്കന്മാരാണ് ഇയാളെ മാതിരിള്ളോര്. അയാള്‍ക്കെന്താ നഷ്ടം. ഒരു വാക്കല്ലേ ചിലവുള്ളൂ''.
''ഈ കാശ് മുഴുവന്‍ അയാള് അവര്‍ക്ക് കൊടുക്ക്വോ'' ഭാര്യക്കൊരു സന്ദേഹം.
''എനിക്ക് തോന്നുണില്യാ. ചക്കരക്കുടത്തില്‍ കയ്യിട്ടാല്‍ നക്കാണ്ടിരിക്ക്വോ ''..
''അയാളേന്തിനാ പറയുണ്. നമ്മടെ സന്താനം നന്നല്ലാത്തതോണ്ടല്ലേ''.
''നോക്ക് വിജയം. ഞാനൊരു കാര്യം പറയട്ടെ. നമുക്ക് ചെക്കനെ പിടിച്ച് കെട്ടിച്ചുവിട്ടാലോ''.
''നിങ്ങളെന്ത് പണ്യാ ഈ പറയുണത്. ചെക്കന് വയസ്സ് ഇരുപത്തിരണ്ട് ആയിട്ടേള്ളൂ. പണീം തൊരൂം ഇല്ല. പത്തുപൈസ വരുമാനൂല്യാ. കെട്ട്യാ മാത്രം മത്യോ. ചിലവിന് കൊടുക്കണ്ടേ''.
''അത് ആലോചിക്കണ്ടാ. നമ്മടെകൂടെ കഴിഞ്ഞോട്ടെ. പെണ്ണൊന്ന് കയ്യില്‍ വന്നാല്‍ ചിലപ്പൊ അടങ്ങിയിരുന്നോളും''.
''അങ്ങന്യോന്നൂല്യാ. ചില ആണുങ്ങള് കല്യാണം കഴിഞ്ഞാലും വേലി ചാടാന്‍ പോവും''. വാസുദേവന്‍ ഒന്നും പറഞ്ഞില്ല. ആ വാക്കുകളിലെ മുന തന്‍റെ നേര്‍ക്കാണെന്ന് അയാള്‍ക്ക് മനസ്സിലായി.
മാനേജരെ പരിചയമുള്ളതൊണ്ട് പത്തരയാവുമ്പോഴേക്കുതന്നെ പണം കയ്യിലെത്തി. ബാങ്കില്‍നിന്ന് പുറത്തിറങ്ങിയതും നേതാവിനെ വിളിച്ചു.
''പത്തുമിനുട്ടോണ്ട് വീട്ടിലെത്താം. ഞാനിപ്പൊ തമിഴന്മാരെ പോലീസ് സ്റ്റേഷനിലിക്ക് അയച്ചുകഴിഞ്ഞു''. പറഞ്ഞതുപോലെ അയാളെത്തി.
''ആസ്പത്രീല്‍ കിടക്കുണോന്‍റെ കാര്യം എങ്ങനീണ്ട്'' പണം കൈമാറുമ്പൊ വാസുദേവന്‍ നേതാവിനോട് ചോദിച്ചു.
''ഡോക്ടറെ പിടിച്ച് എങ്ങനേങ്കിലും അവനെ ഡിസ്ചാര്‍ജ്ജ് ആക്കണം. ആസ്പത്രീന്ന് ഇറങ്ങി അവന്‍ പഴുപ്പ് കേറി ചാവ്വാണച്ചാല്‍ ചത്തോട്ടെ. നമുക്കെന്താ''.
''ഇന്യൊരു പുലിവാല് പിടിക്കാന്‍ വയ്യാ. അതാ ചോദിച്ചത്''.
''നിങ്ങള് പേടിക്കാണ്ടെ ഇരിക്കിന്‍. ഒക്കെ ശരിയാക്കാനേ. ഇപ്പൊ ഞാന്‍ സ്റ്റേഷനിലിക്ക് ചെല്ലട്ടെ. ഒരുമണിക്കൂറോണ്ട് മകനെ കൂട്ടി ഞാനെത്താം''.
പന്ത്രണ്ടരയോടെ കാര്‍ വീണ്ടുമെത്തി. നേതാവ് ഇറങ്ങി, പുറകിലെ കിങ്കരന്മാരോടൊപ്പം മകനും.
''ഇതാ ഞാന്‍ പറഞ്ഞപോലെ കേസുംകൂട്ടൂം ഇല്ലാതെ നിങ്ങളടെ മകനെ കൊണ്ടുവന്നിട്ടുണ്ട്. ഇനി അവന്‍ തെറ്റൊന്നും ചെയ്യില്ല''. അയാളെ ഒന്ന് തുറിച്ചുനോക്കി മകന്‍ അകത്തേക്ക് കേറിപ്പോയി.
''ആസ്പത്രീലെ വിവരം വല്ലതും കിട്ട്യോ''.
''ഞാന്‍ ഡോക്ടറെ വിളിച്ച് സംസാരിച്ചു. അയാള് ഡിസ്ചാര്‍ജ്ജ് എഴുതി കൊടുത്തിട്ടുണ്ട്. അവര് വൈകുന്നേരം നാട്ടിലിക്ക് തിരിച്ചുപോവും''.
''പിന്നെ പ്രശ്നോന്നും വരില്ലല്ലോ''.
''പേഷ്യന്‍റിന് ഡിസ്ചാര്‍ജ്ജ് വേണം, നാട്ടിലിക്ക് കൊണ്ടുപോവ്വാണ് എന്ന് അവരെക്കൊണ്ട് എഴുതികൊടുപ്പിച്ചു. എന്നിട്ടാവിട്ടത്. ഇനി എന്തായാലും നമുക്കൊന്നൂല്യാ''.
''ആസ്പത്രീല് ഇനി എന്ത് വേണ്ടിവരും''.
''അധികോന്നും വരില്ല. കൂടിവന്നാല്‍ ഇരുപത്''. വാസുദേവന്‍ പണം നല്‍കി. നേതാവത് എണ്ണിനോക്കുകകൂടി ചെയ്യാതെ പോക്കറ്റിലിട്ടു.
''ചെയ്ത ഉപകാരം മറക്കില്ല. ഇതിരിക്കട്ടെ'' അയാള്‍ കുറച്ചുനോട്ടുകള്‍ നേതാവിന്‍റെ നേരെ നീട്ടി.
''എന്താ വാസ്വോട്ടാ ഇത്.നിങ്ങളെന്നെ അങ്ങിന്യാണോകാണുണത്'' നേതാവ് ആ പണം വാങ്ങിയില്ല.
''കുറെ ബുദ്ധിമുട്ട്യേതല്ലേ. ഇത് കയ്യില്‍ വെക്കിന്‍''.
''നമ്മള് തമ്മിലുള്ള സ്നേഹത്തിന് ഇത് പറ്റില്ല. നിങ്ങള് എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ആള്. ഇനീം എന്ത് പ്രശ്നൂണ്ടെങ്കിലും ഞാന്‍ നിങ്ങളടെ ഒപ്പം ഉണ്ടാവും''. ടാക്സിക്കാശും വാങ്ങി നേതാവും ശിങ്കിടികളും പോയി.
വാസുദേവന്‍ അകത്തേക്ക് നടന്നു. അമ്മ മകനോട് ദേഷ്യപ്പെടുകയാണ്. അവന്‍ ഒരക്ഷരം മിണ്ടാതെ എല്ലാം കേട്ടിരിക്കുന്നു.
''എന്താ നിന്‍റെ ഉദ്ദേശം. കുടുംബം കുളം കോരാനാണോ'' അയാളുടെ ഒച്ച പൊങ്ങി. പുത്രന്‍ ഒന്നും പറയാതെ തലകുമ്പിട്ട് ഇരിക്കുകയാണ്.
''കുടുംബത്തിന്‍റെ നല്ലപേര് നീയായിട്ട് കളഞ്ഞുകുളിക്കും. മുടിപ്പിക്കാന്‍ പിറന്ന മഹാപാപി'' മനസ്സിലുള്ള ദേഷ്യം വാസുദേവന്‍റെ വായില്‍നിന്ന് വാക്കുകളായി ഒഴുകി.
''ഈ പറയുണത് കേട്ടാല്‍ തോന്നും ആദ്യായിട്ടാ ഈ വീട്ടില് ചീത്തപ്പേര് ഉണ്ടാവുണതെന്ന്'' പ്രവീണ്‍ പ്രതികരിച്ചു.
''എന്താടാ നീ പറയുണ്'' വിജയം മകനോട് കയര്‍ത്തു.
''നിങ്ങളല്ലാണ്ടെ ഏതെങ്കിലും സ്ത്രീ ഇത്രകാലം ഈ പെണ്ണുപിടിയന്‍റെ കൂടെ ജീവിക്ക്വോ'' അവന്‍ തിരിച്ചടിച്ചു. അടുത്തനിമിഷം വിജയത്തിന്‍റെ കൈ മകന്‍റെ കവിളില്‍ പതിച്ചു.
''തല്ലിക്കോ, ഇനീം തല്ലിക്കോ. വേണച്ചാല്‍ കൊല്ലും ചെയ്തോ. എന്നാലും പറയാനുള്ളത് ഞാന്‍ പറയും'' അവന്‍ തുടര്‍ന്നു ''സ്കൂളില്‍ പഠിക്കുമ്പൊ കൂടേള്ള കുട്ട്യേള് എന്നെ കോഴിക്കുട്ടീന്ന് വിളിച്ച് ചിരിക്കും. എന്തിനാണ് അവരങ്ങിനെ പറയുണത് എന്ന് എനിക്കറിയില്ല. ഞാനും അവരോടൊപ്പം ചിരിക്കും. ചാത്തന്‍കോഴീനെപ്പോലെ കണ്ണില്‍കണ്ട പെണ്ണുങ്ങളെ സംബന്ധം വെക്കാന്‍ പോണതോണ്ടാ ഇയാളെ അങ്ങിനെ വിളിക്കിണതേന്ന് പിന്ന്യല്ലെ ഞാന്‍ അറിയിണ്. അതോടെ ഞാനിയാളെ വെറുത്തു''.
''വേണ്ടാത്ത കൂട്ടം കൂടണ്ടടാ ദ്രോഹി'' വിജയം ഉറക്കെ പറഞ്ഞു.
''അമ്മേ, ഞാനൊന്ന് ചോദിക്കട്ടെ. നിങ്ങള് കണ്ണില്‍ക്കണ്ട ആണുങ്ങളുടെ കൂടെ കിടന്നാല്‍ ഇയാള് സമ്മതിക്ക്വോ''.
വിജയത്തിന്ന് പറയാന്‍ വാക്കുകളില്ലാതായി. ഇടിവെട്ടേറ്റവനെപ്പോലെ വാസുദേവന്‍ നിന്നു.
''നീ സങ്കടപ്പെടണ്ടാ. ഏട്ടന്‍റെ കൂടെ വാ'' അനുജന്‍റെ കയ്യില്‍പ്പിടിച്ച് മൂത്ത മകന്‍ നടന്നുപോവുന്നത് അയാളും ഭാര്യയും നോക്കിനിന്നു.
()()()()()()()()()()()()
''മേരിക്കുട്ട്യേ'' നട്ടുച്ചയ്ക്ക് വീട്ടിലെത്തിയതും ചാക്കോ ഭാര്യയെവിളിച്ചു. ഓഫീസില്‍നിന്ന് മടങ്ങിവന്നതാണ് അയാള്‍.
''എന്തോ'' മേരിക്കുട്ടി അകത്തുനിന്നെത്തി.
''എടീ, എന്‍റെ പെന്‍ഷന്‍ പാസ്സായി വന്നു''.
''കടലാസ്സ് നിങ്ങള് കണ്ടേച്ചാണോ പറയുന്ന്''.
''കണ്ടു. അതിന്‍റെ കോപ്പി വാങ്ങുംചെയ്തു''.അയാള്‍ കവര്‍ ഭാര്യയുടെ നേരെനീട്ടി. മേരിക്കുട്ടി കണ്ണടകൊണ്ടുവന്ന് പേപ്പറിലൂടെ കണ്ണോടിച്ചു.
''എപ്പഴാ പണം കയ്യിലെത്തുക''.
''മിക്കവാറും അടുത്തമാസം ആദ്യത്തെ ആഴ്ച കിട്ടും''.
''കര്‍ത്താവനുഗ്രഹിച്ച് അത് കിട്ടീട്ടുവേണം വാടകവീട്ടിലെ പൊറുതി മാറാന്‍''.
ചാക്കോ വസ്ത്രം മാറാന്‍ പോയി, മേരിക്കുട്ടി അടുക്കളയിലേക്കും.
അദ്ധ്യായം - 49.
മൂന്നുമണിയായിട്ടും ആരും ഭക്ഷണം കഴിച്ചിട്ടില്ല. മരണംനടന്ന വീടിന്‍റെ മട്ടിലൊരുമൂകത അവിടെ നിറഞ്ഞുനിന്നു. വാസുദേവന്‍ തലയ്ക്കടിയേറ്റ പാമ്പിനെപ്പോലെ ചുരുണ്ടുകിടന്നു. അയാളാകെ തളര്‍ന്നുപോയി. സ്വന്തം മകനാണ് തന്‍റെ പ്രവര്‍ത്തികളെ ചോദ്യം ചെയ്തിരിക്കുന്നത്. എങ്ങിനെ ഇനി മറ്റുള്ളവരുടെ മുഖത്ത് നോക്കും. മരിച്ചാലോ എന്നുവരെ അയാള്‍ ചിന്തിച്ചു. ഇങ്ങിനെ ജീവിക്കുന്നതിലും ഭേദം അതാണ്. ഒന്നും കാണേണ്ടി വരില്ലല്ലോ. ആരോ വാതില്‍ തുറക്കുന്നുണ്ട്. അയാള്‍ അങ്ങോട്ടു നോക്കി. ഭാര്യയാണ് വരുന്നത്.
''സമയം എത്ര്യായീന്ന് അറിയ്യോ. എണീക്കിന്‍. ഊണു കഴിക്കണ്ടേ'' ഭാര്യ ചോദിച്ചു.
''എനിക്ക് വേണ്ടാ'' അയാള്‍ പറഞ്ഞു.
''ചോറിനോട് വിരോധം കാട്ടണ്ടാ. അന്നം മഹാലക്ഷ്മ്യാണ്''.
''എനിക്ക് ജീവിതംതന്നെ മടുത്തു. പിന്ന്യല്ലേ ചോറ്. ഞാന്‍ എങ്ങിനേങ്കിലും ചാവ്വാണ്''.
''ഓഹോ.അതുനന്നായി. നിങ്ങള്‍ക്ക് ചെറ്യോരുവേദന വരുമ്പഴയ്ക്കും ജീവിതം വേണ്ടാ. അപ്പൊ എന്‍റെ കാര്യം ആലോചിച്ചാലോ. കല്യാണം കഴിഞ്ഞ് ഒരു പെണ്‍കുട്ടി വരുമ്പൊ എന്തൊക്കെ മോഹൂണ്ടാവും. ആ സ്ഥാനത്ത് എനിക്കെന്താ കിട്ട്യേത്. കണ്ണില്‍ക്കണ്ട പെണ്ണുങ്ങളോടൊപ്പം ഭര്‍ത്താവ് കഴിയിണൂന്ന് കേട്ടാല്‍ ഏത് പെണ്ണാ സഹിക്ക്യാ. ആദ്യാദ്യം ഞാന്‍ ലഹളകൂടിനോക്കി. രണ്ടുമൂന്ന് പ്രാവശ്യം പെണങ്ങി ഞാനെന്‍റെ വീട്ടിലിക്കും പോയിട്ടുണ്ട്. പിന്നെപ്പിന്നെ ഞാന്‍ നിങ്ങടെ കാലുപിടിച്ച് കരഞ്ഞു പറഞ്ഞിരുന്നു. അന്നൊന്നും നിങ്ങള് ഞാന്‍ പറഞ്ഞത് കേട്ടതേ ഇല്ല. ഇതാണെന്‍റെ തലേലെഴുത്ത് എന്നുംപറഞ്ഞ് ഞാന്‍ ഒതുങ്ങിക്കൂടി. അല്ലാതെ ഞാന്‍ ചാവാനൊന്നും പോയില്ല''.
വാസുദേവന്‍ ഒന്നും പറഞ്ഞില്ല. അയാള്‍ ഭാര്യയുടെ മുഖത്തേക്ക് നോക്കിക്കിടന്നു.
''എന്‍റെ സങ്കടംതീര്‍ക്കാന്‍ ആരും ഉണ്ടായില്ല. ഇപ്പൊ നിങ്ങള് സങ്കടപ്പെടുണു. ഈ സമയത്ത് ഞാന്‍ നിങ്ങളെ വിട്ടുനില്‍ക്കില്ല. എന്തിനും ഏതിനും ഞാന്‍ നിങ്ങളുടെ ഒപ്പൂണ്ട്'',
''എന്താ ഞാന്‍ ചെയ്യണ്ട്. അത് പറ''.
''ഞാനെന്താ പറയണ്ട്. അത് പറയിന്‍. പത്തുമാസം വയറ്റിലിട്ടതൊന്നും കണക്കാക്കണ്ട. നിങ്ങടെ നേരെ അവന്‍ വിരല് ചൂണ്ട്യാല്‍ ഞാനാ കയ്യ് വെട്ടും. ഇനി എണീക്കിന്‍. നമുക്ക് ഊണുകഴിക്കാം''.
ഭാര്യയോടൊപ്പം വാസുദേവന്‍ ഡൈനിങ്ങ് റൂമിലേക്ക് നടന്നു. അവിടെ മേശപ്പുറത്ത് മക്കള്‍ രണ്ടാളും കഴിച്ച എച്ചില്‍പ്പാത്രങ്ങള്‍ ഉണ്ടായിരുന്നു.
()()()()()()()()()()
പള്ളിയില്‍നിന്ന് തിരിച്ചെത്തിയ കുഞ്ഞഹമ്മദ് ഉമ്മറത്തിണ്ടിലിരുന്നു. പാത്തുമ്മ അടുക്കളയിലായിരിക്കും. മകനെ കാണാനില്ല. ഒരുപക്ഷെ അവന്‍ അങ്ങാടിയിലേക്ക് പോയിരിക്കും. ഈ നേരത്താണ് കൂട്ടുകാര്‍ ഒത്തുകൂടാറ്. അവന്‍ വീടുമാറുന്നകാര്യം പാത്തുമ്മപറഞ്ഞിരുന്നു. ഈ നേരംവരെ ഒരുവാക്ക് അവന്‍ പറഞ്ഞിട്ടില്ല. പറഞ്ഞില്ലെങ്കിലും യാതൊരു വിരോധവുമില്ല. എവിടേയോ അവന്‍ സമാധാനത്തില്‍ കഴിയട്ടെ. മകന്‍ നല്ലനിലയില്‍ കഴിയുന്നു എന്ന് നാലാള് പറഞ്ഞുകേള്‍ക്കുന്നത് വാപ്പയ്ക്ക് അഭിമാനമാണ്.
പാത്തുമ്മ പുറത്തുവന്നപ്പോള്‍ ഭര്‍ത്താവ് ഉമ്മറത്തുണ്ട്. ഒറ്റയ്ക്കിരുന്ന് മൂപ്പരെന്തോ ആലോചിക്കുകയാണ്. പാവം. മകന്‍റെ കാര്യം ആലോചിച്ച് വിഷമിക്കുകയാവും.
''എവിടെ മകനും മരുമകളും'' അയാള്‍ ചോദിച്ചു.
''പുറത്തിക്ക് പോയി. പീടീലിക്കാണെന്ന് തോന്നുണൂ''.
''സന്ധ്യടെ മൂട്ടിലാ പീടീക്ക് പോക്ക്''.
''എന്തോ കാട്ടട്ടെ. ഇനി കുറച്ചുദിവസ്വോല്ലെ ഉള്ളൂ. നമ്മളായിട്ട് അതിന്‍റെ എടേല് പറഞ്ഞൂന്നും പറയിപ്പിച്ചൂന്നും വേണ്ടാ''.
''എന്താ പോണ്ട കാര്യം വല്ലതും പറഞ്ഞ്വോ''.
''മകനൊന്നും പറഞ്ഞില്ല. പക്ഷെ മരുമോള് പറഞ്ഞു''.
''എന്താ അവള് പറഞ്ഞത്. ഫ്ലാറ്റ് വാങ്ങ്യോ''.
''അതന്ന്യാണ് പറയാന്‍ പോണത്. അവളടെ മനസ്സിലിരുപ്പ് കേള്‍ക്കണോ. ഇന്ന് പെണ്ണ് എന്‍റടുത്ത് വന്ന പറയ്യാണ്. ഉമ്മാ, എപ്പഴായാലും ഈ വീട് മകനുള്ളതാണെന്നല്ലേ പറഞ്ഞത്. നമുക്കിത് വില്‍ക്ക്വാ. എന്നിട്ട് ആ കാശ് ഫ്ലാറ്റ് വാങ്ങുമ്പൊ അതില്‍ ചേര്‍ത്ത്യാല്‍ നമുക്ക് വല്യോരുഫ്ലാറ്റ് വാങ്ങാം. ആ ഫ്ലാറ്റില് നിങ്ങള് രണ്ടാള്‍ക്കും ഞങ്ങളടെ ഒപ്പം കൂടുംചെയ്യാം''.
''എന്നിട്ട് നീയെന്താ പറഞ്ഞത്''.
''ആ കട്ടില് കണ്ട് എന്‍റെ മോള് പനിക്കണ്ടാ . ഞങ്ങള് രണ്ടാളും ജീവനോടെ ഇരിക്കുമ്പൊ ഈ വീട് വിറ്റിട്ടുള്ള ഒരുപരിപാടീം നടക്കില്ലാന്ന് പറഞ്ഞു''.
''അവള്‍ക്ക് എന്തെങ്കിലും തോന്ന്വോ''.
''തോന്ന്യാല്‍ തോന്നിക്കോട്ടെ. അവളടെ ചിലവിലല്ലല്ലോ നമ്മള് കഴിയുണ്''.
''പടച്ചോന്‍ സഹായിച്ച് എത്രീം പെട്ടെന്ന് അവര് പോയിക്കിട്ട്യാ മതി'' കുഞ്ഞഹമ്മദ് മാറത്ത് കൈവെച്ചു.
''നിങ്ങള് ബേജാറാവണ്ടാ. നമ്മള് എങ്ങനീം ജീവിക്കും. ഇവരൊക്കെ പോയാല്‍ ഞാന്‍ പഴേപോലെ തുന്നല്‍കടേല് പണിക്ക് പോവും. വെറുതെ ഇരുന്ന് മടുക്കണ്ടല്ലോ''.
''വെറുതെ വേണ്ടാത്ത എടവാടിന്ന് പോണ്ടാ. അന്നത്തെ പ്രായോല്ല നിനക്ക്. രണ്ടുദിവസം കഴിയുമ്പൊ കയ്യും കാലും വേദനിക്കും''.
''ഇത്രീം പ്രായൂള്ള നിങ്ങള്‍ ലോറിപ്പണിക്ക് പുറപ്പെട്ടതല്ലേ. അത്ര കഷ്ടൂണ്ടോ തുന്നപ്പണിക്ക്''.
''അതല്ല. എനിക്കിപ്പൊ തരക്കടില്ലാത്ത കാശ്കിട്ടും. പിന്നെന്തിനാ വെറുതെ കഷ്ടപ്പെടുണത്''.
''പെന്‍ഷന്‍ കിട്ടുണപണ്യോന്നും അല്ലല്ലോ. നാളെ പണ്യെടുക്കാന്‍ പറ്റാണ്ടെ വരുമ്പൊ കഴിയണ്ടേ. അതിന് വല്ലതും ഉണ്ടാക്കിവെക്കണം''.
പിന്നെ അയാള്‍ ഒന്നും പറഞ്ഞില്ല. പടിക്കല്‍ ഒരു ഓട്ടോ വന്നുനിന്നു. അതില്‍നിന്ന് ജബ്ബാറും ആരീഫയും ഇറങ്ങി
അദ്ധ്യായം - 50.
കുഞ്ഞഹമ്മദ് പതിവിലും നേരത്തെ പണിക്കെത്തി. മുതലാളിക്ക് ഡോക്ടറെ കാണാനുള്ളതാണ്. കൊയമ്പത്തൂരിലിക്ക് പോവണം. അതുകൊണ്ട് കാറ് കഴുകുന്ന പണി തീര്‍ത്തുവെച്ചിട്ടാണ് തലേന്ന് വീട്ടിലേക്ക് മടങ്ങിപ്പോയത്.
നേരത്തെ ഒരുങ്ങിനില്‍ക്കാമെന്നു പറഞ്ഞ മുതലാളിയെ ഉമ്മറത്ത് കാണാനില്ല. പതിവുപോലെ ആഹാരം കഴിക്കാറുള്ള സ്ഥലത്തേക്ക് ചെന്നു.
കൈകഴുകി ഭക്ഷണംകഴിക്കാനിരുന്നതും അടുക്കളപ്പണിക്കാരി ഒരു പ്ലേറ്റില്‍ ഭക്ഷണവുമായി എത്തി. കുറച്ചായിട്ട് ഉസ്മാനല്ല ആഹാരം തരുന്നത്. പുട്ടും കടലക്കറിയുമാണ്, ഒപ്പമൊരു കാച്ചിയ പപ്പടവും ചെറുപഴവും ഒരുഗ്ലാസ്സ് ചായയും. ഭക്ഷണം കഴിച്ച് പാത്രം കഴുകി വെച്ചു. ഉമ്മറത്ത് മുതലാളിയുണ്ട്. പക്ഷെ അദ്ദേഹം ഒരുങ്ങിയിട്ടില്ല
''ഇന്ന് കൊയമ്പത്തൂരില്‍ പോയി ഡോക്ടറെ കാണണംന്ന് പറഞ്ഞിട്ട്'' അയാള്‍ ചോദിച്ചു.
''ശര്യാണ്. പക്ഷെ എന്തോ ഒരു മടി''.
''വയ്യാന്ന് തോന്നുണുണ്ടോ''.
''അതൊന്നൂല്യാ. പക്ഷെ എന്തോ ഒരു ക്ഷീണംപോലെ''.
''അങ്ങിനീള്ളപ്പഴല്ലേ ഡോക്ടറെ കാണണ്ട്''.
''അത് നീ പറഞ്ഞത് കാര്യം. എന്നാ ഇപ്പൊ ഞാന്‍ വരാം'' ഹാജിയാര്‍ അകത്തേക്ക് നടന്നു, കുഞ്ഞഹമ്മദ് കാറിനടുത്തേക്കും.
പത്തുമിനുട്ടിനകം ഹാജിയാരെത്തി, ഒപ്പം അയാളുടെ ഭാര്യയും.
''ഇവള്‍ക്കും ഡോക്ടറെകാണണംന്ന് പറയുണൂ'' കുഞ്ഞഹമ്മദ് പിന്നിലെ വാതില്‍ തുറന്നു. ഹാജിയാരും ഭാര്യയും കയറി. അയാള്‍ വണ്ടിയെടുത്തു. പുതുക്കിപ്പണിതറോഡ് കാറിനടിയിലേക്ക് ഓടിമറഞ്ഞുകൊണ്ടേയിരുന്നു.
''കുഞ്ഞാമതെ. പതിനൊന്നിനാണ് ഡോക്ടറെ കാണണത്. നമുക്ക് മെല്ലെ ഓരോന്ന് പറഞ്ഞുപോവാം''. അയാള്‍ ആക്സിലറേറ്ററില്‍നിന്ന് കാല് ചെറുതായി ഉയര്‍ത്തി. ഇപ്പോള്‍ കാറ് ഓടുന്നതായി തോന്നുന്നതേയില്ല.
''കുഞ്ഞാമതേ, ഇന്നാള് സ്കൂളും ആസ്പത്രീം ഉണ്ടാക്കണ്ടകാര്യം നമ്മള് സംസാരിച്ചില്ലേ. നാട്ടിലെ നല്ലനല്ല ആള്‍ക്കാരെ വിളിച്ചുകൂട്ടി അതിനൊരു കമ്മിറ്റീണ്ടാക്കണം. രാമന്‍കുട്ടിമേനോനും കൂടാന്ന് പറഞ്ഞിട്ടുണ്ട്''.
നാട്ടിലെ പ്രമാണിമാരും കാശുള്ളവരും ആണ് രണ്ടാളും. അവര് ഒരു കാര്യം വിചാരിച്ച് മുന്നോട്ടിറങ്ങ്യാല്‍ അത് നടക്കാതെ വരില്ല എന്ന് കുഞ്ഞഹമ്മദ് ഓര്‍ത്തു.
''കമ്മിറ്റിടെ കാര്യം പറഞ്ഞപ്പൊ ഞാന്‍ ഫൈസല് മാഷടെ പേര് പറഞ്ഞു. നമ്മടെ പഴേ ആര്‍.ഡി.ഓ. ശ്രീധരമേനോന്‍റീം പ്രൊഫസര്‍ കൃഷ്ണദാസിന്‍റീം പേര് അയാളും പറഞ്ഞു. ഇനീം നല്ല സ്വഭാവഗുണം ഉള്ള കുറച്ചുംകൂടി ആള്‍ക്കാര് വേണം. നിന്‍റെ അറിവില്‍പ്പെട്ട അങ്ങിനത്തെ ചിലരടെ പേര് പറ''.
''ആള്‍ക്കാരൊക്കെ ഇഷ്ടംപോലീണ്ട്. പക്ഷെ കൂടെകൂട്ട്യാല്‍ കുണ്ടാമണ്ടീം കൂട്ടൂംകുറീം ഉണ്ടാക്കാത്തോര് വേണ്ടേ''.
''അത് മാത്രോല്ല. കുറച്ച് അറിവും കാര്യപ്രാപ്തീം ഉണ്ടാവണം''.
''എന്‍റെ അറിവില് എല്ലാം തികഞ്ഞ ഒരാള് നമ്മടെ നമ്പൂരി മാഷാണ്''.
''ഏത്. അമ്പലത്തിന്‍റെ അടുത്ത് താമസിക്കിണ മാഷോ''.
''അതെ. എന്‍റെ നോട്ടത്തില്‍ കൂടെകൂട്ടാന്‍ പറ്റ്യേ ആളാണ് ആ മാഷ്''.
''രാമന്‍കുട്ടിമേനോന് ആയാളെ പരിചയൂണ്ടാവും. ഞാന്‍ മേനോന്‍റടുത്ത് പറഞ്ഞോളാം''. പിന്നെ ഹാജിയാര്‍ ഒന്നുംപറഞ്ഞില്ല. കുഞ്ഞഹമ്മദ് ശ്രദ്ധ ഡ്രൈവിങ്ങില്‍ ഒതുക്കി.
പത്തരയോടെ കാറ് ആസ്പത്രിവളപ്പിലെത്തി. അയാള്‍ ഹാജിയാരേയും ഭാര്യയേയും ഹോസ്പിറ്റല്‍ കെട്ടിടത്തിന്നുമുമ്പില്‍ ഇറക്കി കാറുമായി പാര്‍ക്കിങ്ങ്ഗ്രൌണ്ടിലേക്ക് നീങ്ങി തണല് നോക്കി വണ്ടിനിര്‍ത്തി. കുറെ നേരം നിര്‍ത്തിയിടേണ്ടതാണ്. വണ്ടി ചൂടാവരുത്.
പുറത്തിറങ്ങി കുറച്ചകലെയുള്ള സിമിന്‍റ്തിട്ടില്‍ അയാള്‍ പോയി ഇരുന്നു. കുടപോലെ ഒരു തണല്‍മരം അയാള്‍ക്ക് പുറകില്‍ നിവര്‍ന്നുനില്‍പ്പുണ്ട്. മുന്നിലൂടെ പലതരം ആളുകള്‍ കടന്നുപോവുന്നുണ്ട്. ആള്‍ക്കാരെ നോക്കി വെറുതെ ഇരുന്നാല്‍ മതി, സമയം പൊയ്ക്കോളും. മൊബൈല്‍ അടിച്ചത് കേട്ടു. അയാള്‍ എടുത്തുനോക്കി. ജബ്ബാറാണ്. എന്തിനാണ് ഇവനിപ്പോള്‍ വിളിക്കുന്നത്. വീട്ടില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടോ.
''വാപ്പാ, ഇത് ഞാനാണ് ജബ്ബാര്‍''.
''എനിക്ക് മനസ്സിലായി. എന്താ വിശേഷിച്ച്''.
''വാപ്പാ. നമ്മടെ വീട് വില്‍ക്കണ്ടകാര്യം ആരീഫ ഉമ്മാനോട് പറഞ്ഞത് ഞാന്‍ പറഞ്ഞിട്ടല്ല''.
''പിന്നെന്താ അവള് പറയാന്‍ കാരണം''.
''രണ്ട് ദിവസം വീട്ടില്‍നിന്നപ്പൊ കിട്ട്യേ ഐഡിയ്യാണ്. പക്ഷെ ഒരിക്കലും വാപ്പ അവളടെ കൂട്ടംകേട്ട് വീട് വില്‍ക്കരുത്. ഒടുവില്‍ നമ്മളെ അവര് പാതചാലിലിക്ക് ഇറക്കിവിടും''.
''ഇതൊക്കെ അറിഞ്ഞിട്ട് നീയെന്താ ഒന്നും പറയാഞ്ഞ്''.
''ഒന്നോ രണ്ടോ കൊല്ലം കൂടുമ്പൊ രണ്ട് മാസത്തെ ലീവില് വരുണോനാ ഞാന്‍. ആ സമയത്ത് അടിപിടികൂടാന്‍ വയ്യാഞ്ഞിട്ടാ ഒന്നുംപറയാത്തത്. അവളെ നമ്മടെ വീട്ടിന്ന് മാറ്റ്യാല്‍ പിന്നെ പ്രശ്നൂണ്ടാവില്ലല്ലോ''.
''എന്തായി ഫ്ലാറ്റ് വാങ്ങുണ കാര്യം''.
''കയ്യിലുള്ള സ്വര്‍ണ്ണോക്കെ വില്‍ക്ക്വാണ്. പോരാത്തത് അവളടെ വാപ്പ കൊടുക്കുംന്നാ പറയുണ്''.
''എന്നിട്ട് എന്നെക്കാ താമസം മാറ്റുണ്''.
''പത്തുദിവസത്തിന്‍റെ ഉള്ളില്‍ അത് റജിസ്ട്രാക്കി മാറുംന്നാ പറയുണ്''.
''പിന്നെന്താ നിന്‍റെ ഉദ്ദേശം''.
''ആ സാധനത്തിനെ പടിയിറക്കി വിട്ടിട്ട് സമാധാനത്തോടെ എനിക്കൊന്ന് കിടന്നുറങ്ങണം''.
''നീയെന്ത് വര്‍ത്താനാഈ പറയുണ്. കെട്ട്യേപെണ്ണിനെ വീട്ടിന്ന് ആട്ടിവിട്ട് സമാധാനായി ഇരിക്കാന്‍ പറ്റ്വോടാ''.
''ഞാന്‍ നോക്കുമ്പൊ അതേനിവൃത്തീള്ളൂ. ഇത്രകാലംസുഹ്രടടുത്ത് അവള് ലഹളകൂടി. ഇന്യത് ഉമ്മാന്‍റെ അടുത്താവും. അത് ഒഴിവ്വാക്കണച്ചാല്‍ ഒറ്റ വഴ്യേള്ളൂ. അവള് വീടിന്ന് മാറ്വാ''.
''നീ അക്കരയ്ക്ക് പോയാല്‍ അവള്‍ക്കാരാടാ തുണ''.
''വാപ്പ അതറിഞ്ഞില്ലേ. ആ ബില്‍ഡിങ്ങിലെ തൊട്ടഫ്ലാറ്റ് അവളടെ വാപ്പ അവളടെ താത്തയ്ക്ക് വാങ്ങുണുണ്ട്. അപ്പൊ ആളായില്ലേ''. നല്ലകാലം . എങ്ങിന്യേങ്കിലും നന്നായിരുന്നാല്‍ മതി. കുഞ്ഞഹമ്മദിന്ന് ആശ്വാസം തോന്നി.
''എടാ, രണ്ട് ഫ്ലാറ്റ് വാങ്ങാന്‍ പൈസ ഇത്തിരി ആവില്ലേ''.
''ആരീഫാന്‍റെ എളാപ്പാന്‍റ്യാണ് ഫ്ലാറ്റ്. ഇവരടെ വീട് അയാള്‍ക്ക് കൊടുക്കും. കുറെ റബ്ബറുണ്ട്. ആ തോട്ടൂം കൊടുക്കും. എന്നിട്ട് രണ്ട് പെണ്‍മക്കള്‍ക്കും ഓരോ ഫ്ലാറ്റും ആങ്ങളചെക്കന് ചെറുക്കനെ ഒരുവീടും വാങ്ങാനാ പ്ലാന്‍. തികയാത്ത കാശിനാണ് സ്വര്‍ണ്ണം വില്‍ക്കിണത്''.
''എന്നാപ്പിന്നെആ ചെക്കനുംകൂടി ഒരു ഫ്ലാറ്റ് വാങ്ങിച്ചൂടെ''.
''വാപ്പ നോക്കിക്കോളിന്‍. ഈ രണ്ട് പെണ്‍പിള്ളരുടെ കൂട്ടംകേട്ട് അയാള് ആ ചെക്കനെ വെള്ളത്തിലാക്കും. അവന്‍റെ കാര്യം അധോഗതീം വെള്ളിയാഴ്ചീം തന്നെ''.
കഷ്ടം. മനുഷ്യന്‍റെ ബുദ്ധി പോണ പോക്കേ. മര്യാദയ്ക്ക് കഴിയിണത് നശിപ്പിച്ച് വേണ്ടാത്ത പരിപാടിക്ക് ഇറങ്ങ്വേന്നെ.
''വാപ്പാ, എന്താ ഒന്നും പറയാത്തത്'' ജബ്ബാര്‍ ചോദിച്ചു.
''ഞാന്‍ ഓരോ കാര്യം ആലോചിച്ചതാണ്. നീയിപ്പൊ വീട്ടിലാണോ''.
''ഞാനിപ്പൊ അങ്ങാടീലിക്ക് പോയ്‌ക്കൊണ്ടിരിക്ക്യാണ്. വീട്ടിലിരുന്ന് ഇതൊന്നും സംസാരിക്കാന്‍ പറ്റില്ല. അതാ വിളിച്ചത്''.
''സാരൂല്യെട മകനേ. ബേജാറാവാതെ'' അയാള്‍ കാള്‍ അവസാനിപ്പിച്ചു.
No comments:
Post a Comment