Monday 9 September 2024

അദ്ധ്യായം 81-90

 അദ്ധ്യായം - 81. 


വാസുദേവന്‍ കുളികഴിഞ്ഞ് പുറത്തുവന്നതും വിജയം കുളിക്കാന്‍ കയറി. സുദേവന്‍ പുറത്തുപോയിരിക്കുന്നു. മിക്കവാറും ഭക്ഷണം വാങ്ങാനായിരിക്കും. അയാള്‍ തലമുടി ചീകിയൊതുക്കി മുഖത്ത് പൌഡറിട്ടു.


''അച്ഛാ'' മകന്‍ വിളിച്ചു ''എനിക്കൊരു കാര്യം പറയാനുണ്ട്''അവന്‍റെ അടുത്തേക്ക് കസേല നീക്കിയിട്ട് വാസുദേവന്‍ ഇരുന്നു.


''എന്താ മകനെ'' അയാള്‍ ചോദിച്ചു.


''ആസ്പത്രീല്‍ ഒരുപാട് പൈസ ചിലവായി അല്ലേ''.


''അത് സാരൂല്യാ. പൈസ ചിലവായാലും നിനക്ക് ഭേദംകിട്ട്യാല്‍ മതി''.


''ഞാന്‍ കാരണം ഇന്നാള് അച്ഛന്‍റെ കുറെ പൈസ പോയി. ഇപ്പൊ ഇതാ വീണ്ടും പോണൂ''.


''നോക്ക് മകനേ. അച്ഛന്‍റെ പൈസാന്ന് പറയാതെ. എന്‍റേല് ഉള്ളതെല്ലാം നിനക്കും നിന്‍റെ ഏട്ടനും ഉള്ളതാണ്. അതാണ് ചിലവാക്കുണത്''.


''നമ്മടേല് എന്തെങ്കിലും തെറ്റുപറ്റ്യാല്‍ എന്താ ചെയ്യാ''.


''സത്യം പറഞ്ഞാല്‍ എനിക്കും അതറിയില്ല. ഓരോ രസത്തിന്ന് ഞാനും എന്തൊക്ക്യോ ചെയ്തിട്ടുണ്ട്. അതൊക്കെ തെറ്റാണെന്ന തോന്നലുംകൂടി ഉണ്ടായിട്ടില്ല. ഒരുകാര്യം ഇപ്പൊ എനിക്ക് മനസ്സിലായി. നമ്മളെന്ത് തെറ്റ് ചെയ്താലും ഒരുനിഴലിനെപ്പോലെ അതിന്‍റെ ദോഷം എന്നുംനമ്മടൊപ്പം ഉണ്ടാവും''.


''ഞാന്‍ ചെയ്തത് ആലോചിക്കുമ്പൊ എനിക്ക് സമാധാനം കിട്ടുണില്ല''.


''മകനെ. ഇതന്യാണ് എന്‍റീം അവസ്ഥ. ചെയ്ത പലതും വേണ്ടീരുന്നില്ല എന്ന് എനിക്കും തോന്നുണുണ്ട്''.


''അച്ഛന്‍റെ മനസ്സിലുള്ള സങ്കടം എനിക്ക് മനസ്സിലാവുണുണ്ട്. അച്ഛന്‍റെ കയ്യൊന്ന് കാണിക്ക്യോ''. വാസുദേവന്‍ എഴുന്നേറ്റ് വലത്തുകൈ നീട്ടി. സുരേന്ദ്രന്‍ തന്‍റെ ഇടതുകൈകൊണ്ട് അതില്‍ പിടിച്ചു.


''ജീവനോടെ ഇരുന്നാല്‍ എന്‍റെ അച്ഛന് വരുത്ത്യേനഷ്ടം എപ്പഴായാലും ഞാന്‍ ഉണ്ടാക്കിത്തരും'' അവന്‍ പറഞ്ഞു.


''നീ ഒന്നും തരണ്ടാ. എപ്പഴും നീ എന്‍റെ കൂടെ ഉണ്ടായാ മതി. അല്ലാണ്ടെ ഒന്നും വേണ്ടാ''. പൊടുന്നനെ അവന്‍ അച്ഛന്‍റെ കയ്യില്‍ ചുംബിച്ചു. ആ രംഗം കണ്ടുകൊണ്ട് വന്ന വിജയത്തിന്‍റെ കണ്ണുനിറഞ്ഞു.


()()()()()()()()()()


സുഹ്രയും അബുവും അയാളുടെ ഉമ്മയുംമക്കളും കയറിയ ഓട്ടോറിക്ഷ കണ്ണില്‍നിന്ന് മറഞ്ഞു.


''ഇനി ഞങ്ങള് ഇറങ്ങട്ടെ'' ജബ്ബാര്‍ ഉമ്മയോടും വാപ്പയോടും യാത്രാനുമതി ചോദിച്ചു.


''ശരി പോയിട്ട് വരിന്‍'' കുഞ്ഞഹമ്മദ് സമ്മതിച്ചു. പടിക്കല്‍വരെ ഭര്‍ത്താവിന്‍റെ പിന്നാലെ ചെന്ന ആരീഫ എന്തോ മറന്നതുപോലെ തിരിച്ചുവന്നു.


''വാപ്പാ ഞാന്‍ പോണൂ'' അവള്‍ പറഞ്ഞു. കുഞ്ഞഹമ്മദ് ഒന്നും പറയാതെ വെറുതെ ചിരിച്ചു. അടുത്തുനില്‍ക്കുന്ന പാത്തുമ്മയെ ഒട്ടുംഗൌനിക്കാതെ അവള്‍ നടന്നകന്നു.


''കണ്ടില്ലേ ആ പെണ്ണ് കാട്ട്യേത്'' പാത്തുമ്മ പറഞ്ഞു ''എന്നോടാണ് ഇപ്പഴും അവള്‍ക്ക് ദേഷ്യം. നിങ്ങള് മോളേ കുട്ട്യേ എന്നൊക്കെ വിളിക്കുണതോണ്ട് അവള്‍ നിങ്ങളടെ അടുത്ത് മിണ്ടുണൂന്നേ ഉള്ളൂ''.


''നീയത് കാര്യാക്കണ്ടാ. അതിന് അത്രയ്ക്കേ ബുദ്ധീള്ളൂന്ന് കരുത്യാമതി''.


''ബൂദ്ധീല്ലായ ഒന്ന്വോല്ല. അത്ര മതീന്ന് വെച്ചിട്ടാ. എന്താ അവള് അബൂന്‍റെ ഉമ്മടടുത്ത് ഒരുകൊഞ്ചലും കൊഴയലും. പിള്ളര് രണ്ടാളേം എടുക്കുണൂ, കൊഞ്ചിക്കുണൂ. വിരുന്നുവന്നോരടെ മുമ്പില് അവള് മര്യാദക്കാരി''.


''അതന്നെ സമാധാനം. അവരോട് മുഖം കറുപ്പിച്ചാ നമുക്കാ മാനക്കേട്''.


നോമ്പുതുറയ്ക്ക് അബുവും കുടുംബവും എത്തുന്നതിന്ന് തൊട്ടുമുമ്പാണ് ജബ്ബാറും ആരീഫയും എത്തിയത്. 


''ഇവള്‍ക്കെന്തോ ഒരു തലചുറ്റല്. അതാ വൈക്യേത്'' വന്നെത്തിയതും അവന്‍ പറഞ്ഞു.


''അതൊന്ന്വോല്ല. നേര്‍ത്തെ വന്നാല്‍ എന്തെങ്കിലും പണീണ്ടാവുംന്ന് ആ പെണ്ണിനറിയാം. സമയത്തിന് വന്നാല്‍ അത് ചെയ്യണ്ടല്ലോ'' രണ്ടുപേരും അകത്ത് ചെന്നതും പാത്തുമ്മ ഭര്‍ത്താവിനോട് പരാതിപ്പെട്ടു.


''ഒന്നും മിണ്ടണ്ടാടി പാത്ത്വോ. എന്തോ ചെയ്തുപോട്ടെ'' കുഞ്ഞഹമ്മദ് ഭാര്യയെ ആശ്വസിപ്പിച്ചു.


കഴിഞ്ഞുപോയ രണ്ടുമണിക്കൂറിലേറെ സമയത്ത് നടന്ന കാര്യങ്ങളാണ് ഇരുവരുടേയും മനസ്സില്‍. ഇത്രനെഗളിപ്പുള്ള പെണ്ണിനെവിളിച്ച് തിന്നാന്‍ കൊടുക്കണ്ട കാര്യൂണ്ടായിരുന്നില്ല എന്ന് പാത്തുമ്മ ചിന്തിച്ചു. തന്നോട് മാത്രമല്ല സുഹ്രയോടും അവള്‍ വലിയഅടുപ്പംകാണിച്ചില്ല. മുഖത്തൊന്ന് നോക്കി ചിരിച്ചു. ഒന്നോരണ്ടോ വാക്ക് മിണ്ടി. അത്രതന്നെ.


എന്തൊക്കെ ആയാലും മരുമകള്‍ വന്നല്ലോ. വിരുന്നുകാരടെ അടുത്ത് നന്നായി പെരുമാറുംചെയ്തു. വലുതായീന്നേ ഉള്ളൂ. പെണ്ണിന് വിവരം വെച്ചിട്ടില്ല. ഒന്നോരണ്ടോ മക്കളൊക്കെ ആവുമ്പഴയ്ക്ക് വിവരംവെക്കും. അതുവരെ ഇങ്ങന്യോക്കെപോട്ടെ എന്ന് കുഞ്ഞഹമ്മദ് കരുതി. പാത്തുമ്മ ഉണ്ടാക്കിയ സാധനങ്ങളൊക്കെ നന്നായിട്ടുണ്ട്. എല്ലാവര്‍ക്കും ധാരാളം വിളമ്പി. ഒരുപാട് ബാക്കി വന്നിട്ടുണ്ടോ ആവോ.


''പാത്ത്വോ, ഉണ്ടാക്ക്യേ സാധനങ്ങള് നല്ലോണം ബാക്കിവന്നിട്ടുണ്ടോ'' അയാള്‍ ചോദിച്ചു.


''കുറെ ഞാന്‍ സുഹ്രടെ കയ്യില്‍ കൊടുത്തയച്ചു. വേണ്ടത് എടുത്തോടാന്ന് പറഞ്ഞപ്പൊ ജബ്ബാറും പെണ്ണുംകൂടി അവര്‍ക്ക് വേണ്ടതെടുത്തു. പെണ്ണിന് അതിനൊക്കെ നല്ല സാമര്‍ത്ഥ്യാണ്''.


''ആരോ കൊണ്ടുപോയി തിന്നോട്ടെ. കേടുവന്ന് പോവാതെ കഴിഞ്ഞില്ലേ. എത്ര നല്ലസാധനൂം തൊണ്ടേന്ന് കീപ്പട്ടിറങ്ങ്യാല്‍ ഒന്നന്നെ'' കുഞ്ഞഹമ്മദ് പറഞ്ഞു. പാത്തുമ്മ അകത്തേക്ക് പോയി ടോര്‍ച്ചുമായി വന്നു.


''പള്ളിക്ക് പോവാറായി. ഇതാ ടോര്‍ച്ച്'' അവള്‍ ഭര്‍ത്താവിന്ന് ടോര്‍ച്ച് കൈമാറി.


അദ്ധ്യായം - 82. 


ആരോടും യാത്രപറയാതെ ആഴ്ച ഒന്ന് എവിടേയോ പോയിമറഞ്ഞു. ശ്രിധരമേനോന്‍റെ വീട്ടിലെ വിരുന്നുകാര്‍തിരിച്ചുപോയതും വാസുവിന്‍റെ മകന്‍ ഡിസ്ചാര്‍ജ്ജായി ആസ്പത്രിവിട്ടതുമൊഴിച്ചാല്‍ പറയാന്‍ മാത്രം യാതൊന്നും ഉണ്ടായില്ല. രണ്ടുതവണ കുഞ്ഞഹമ്മദും ചാക്കോയുംകൂടി വാസുദേവന്‍റെ വീട്ടിലെത്തി പ്ലാസ്റ്ററിട്ട് കിടക്കുന്ന അയാളുടെ പുത്രനെ കാണുകയുണ്ടായി.


''അമ്മാ, ഇങ്ങിനെ നനഞ്ഞതോര്‍ത്തോണ്ട് മേത്ത് തുടക്കിണതോണ്ടൊന്നും ഒരുസുഖൂല്യാ. എനിക്കൊന്ന് കുളിക്കണം'' ഒരുദിവസം അവന്‍ പറഞ്ഞു. 


''കയ്യ് നനഞ്ഞാല്‍ ബുദ്ധിമുട്ടാവില്ലേടാ'' വിജയം ചോദിച്ചു.


''പ്ലാസ്റ്റിക്ക് കടലാസോണ്ട് പൊതിഞ്ഞുകെട്ടീട്ട് കുളിച്ചാ മതി. നനയില്ല'' സംഭാഷണംകേട്ടുകൊണ്ടെത്തിയ വാസു പറഞ്ഞു.


''തല കുളിക്കണോ'' വിജയം വീണ്ടും ചോദിച്ചു.


''ആ എണ്ണക്കുപ്പി ഇങ്ങിട്ട് തരൂ. ഞാന്‍ തലേല് തേച്ചോളാം. ചുടുവെള്ളം തന്നാല്‍ കുളിപ്പിക്കും ചെയ്യാം'' വാസു സന്നദ്ധത അറിയിച്ചു.


''അതൊന്നും വേണ്ടാ. ഞാനുള്ളപ്പൊ നിങ്ങള് ബുദ്ധിമുട്ടണ്ടാ'' ഭാര്യ ആ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു.


''അമ്മാ, വയ്യാത്തോടത്ത് നിങ്ങള് ബുദ്ധിമുട്ടണ്ടാ. അച്ഛന്‍ കുളിപ്പിച്ചോട്ടെ'' മകന്‍റെ വാക്കുകള്‍ രണ്ടുപേരേയും അത്ഭുതപ്പെടുത്തി. വിജയം വെള്ളം ചൂടാക്കി കുളിമുറിയിലെത്തിച്ചു. ഉള്ളംകയ്യില്‍ എണ്ണയെടുത്ത് അവര്‍ മകന്‍റെ തലയിലും ദേഹത്തും പുരട്ടി.


''ഇനി നീ ഒരുഭാഗത്ത് ഇരുന്നോ. ഞാന്‍ കുളിപ്പിച്ചോളാം'' പ്ലാസ്റ്റിക്ക് കടലാസുമായി എത്തിയ വാസു പറഞ്ഞു.


''കുളിച്ചോളാനൊക്കെ ഡോക്ടര്‍ പറഞ്ഞതാ. നിങ്ങളെ ബുദ്ധിമുട്ടിക്കണ്ടാന്ന് വെച്ച് ഞാന്‍ കുളിക്കാതിരുന്നതാ'' കയ്യില്‍ പ്ലാസ്റ്റിക്ക് കടലാസുകൊണ്ട് ചുറ്റി പൊതിയുമ്പോള്‍ മകന്‍ പറഞ്ഞു.


''മക്കള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണ്ടിവന്നാല്‍ അത് ബുദ്ധിമുട്ടായി ആരും കരുതില്ല മകനേ'' വാസു പറഞ്ഞു.


''തൊടേലും കാലിന്‍റെവണ്ണേലും കണ്ണങ്കാലിലുംമുറീണ്ട്. അതൊക്കെനനയ്യോ അച്ഛാ'' അവന്‍ ചോദിച്ചു.


''അതിനല്ലേ ഈ സാധനം'' വാസു ആ മുറിവുകളും മൂടിക്കെട്ടി.


''മുറി പഴുക്കാതിരുന്നാ മത്യായിരുന്നു'' വിജയം വിഷമം അറിയിച്ചു.


''മുറ്യോക്കെ വാട്ടം കൊടുത്തിട്ടുണ്ട്'' വാസു ഭാര്യയെ ആശ്വസിപ്പിച്ചു.


വിജയം ചുടുവെള്ളത്തില്‍ പാകത്തിന് തണുത്തവെള്ളം ചേര്‍ത്തുവെച്ചു. വാസുഅത് കപ്പില്‍ക്കോരി മകന്‍റെ ദേഹത്തൊഴിച്ചു. സോപ്പുതേച്ചശേഷം വെള്ളമൊഴിച്ചത് കഴുകികഴിഞ്ഞ് മകന്‍റെ തലയില്‍ വെള്ളമൊഴിക്കാന്‍ അയാളൊരുങ്ങി.


''തല ഞാന്‍ തോര്‍ത്താം. വെള്ളം പോയില്ലെങ്കില്‍ ചീരാപ്പ് പിടിക്കും'' വിജയം തലതോര്‍ത്താന്‍ തയ്യാറായി. 


തോര്‍ത്തികഴിഞ്ഞശേഷം മുറിവില്‍ തെറിച്ചുവീണ വെള്ളത്തിന്‍റെ നനവ് വിജയം ഉണങ്ങിയതുണികൊണ്ട് ഒപ്പിയെടുത്തു. മുടിചീകി വസ്ത്രംമാറി സുരേന്ദ്രന്‍ ഹാളില്‍ വന്നിരുന്നു. വിജയം മുറിവുകളില്‍  നെബാസള്‍ഫ് പൌഡറിട്ടു.


''ഹോര്‍ലിക്സ് കൊണ്ടുവരട്ടേടാ മകനെ'' അവള്‍ ചോദിച്ചു.


''അമ്മാ, അച്ഛനും ഹോര്‍ലിക്സ് കൊണ്ടുവരിന്‍'' സുരേന്ദ്രന്‍ പറഞ്ഞു. വിജയം അടുക്കളയിലേക്ക് നടന്നു.


()()()()()()()()()()()()()()()()


''ചാക്കോസാറിന്‍റെ വീടല്ലേ ഇത്'' പടിക്കല്‍ ബൈക്ക് നിര്‍ത്തി ഇറങ്ങിവന്ന ചെറുപ്പക്കാരന്‍ ചോദിച്ചു.


''അതെ. ആരാ നിങ്ങള്‍ ' മേരിക്കുട്ടി പത്രം താഴെവെച്ച് ചോദിച്ചു.


''മതില്  പണിയാനുണ്ടെന്ന് പറഞ്ഞു''.


മേരിക്കുട്ടിക്ക് കാര്യം പിടികിട്ടി. കോണ്‍ക്രീറ്റ് സ്ലാബ് ഉപയൊഗിച്ച് മതിലുണ്ടാക്കാന്‍ ഉദ്ദേശിച്ചിരുന്നു.  ആരോടൊക്കെയോ ആ കാര്യം സംസാരിച്ചിട്ടുണ്ടെന്ന് പറഞ്ഞതാണ്. 


''ഉവ്വ്. മതില് പണിയാനുണ്ട്. എന്താ അതിന്‍റെ നിരക്ക്''.


''മീറ്ററിന് ഇത്ര ഉറുപ്പിക എന്ന കണക്കിലാണ്. പൈസ വാങ്ങാറ്. പലതരത്തില് മതിലുണ്ട്. കനംകുറഞ്ഞ സ്ലാബുള്ളതിന് ഒരുവില. ഡിസൈനുള്ളതിന് വേറൊരു വില. നല്ല കനൂള്ള സ്ലാബുള്ളതിന്ന് കാശുകൂടും''. 


''ലാഭംനോക്കി ബലമില്ലാത്തത് വെക്കാനൊക്കത്തില്ല. നല്ലബലമുള്ള സ്ലാബിടണം''.


''അതിന് വിരോധൂല്യാ. എത്ര മീറ്ററുണ്ടാവും''.


''ടേപ്പ് കൊണ്ടുവന്നിട്ടുണ്ടോ. ഉണ്ടെങ്കില്‍ അളന്നുനോക്ക്''.


ചെറുപ്പക്കാരന്‍ ടേപ്പെടുത്തു. മേരിക്കുട്ടി അതിന്‍റെ ഒരറ്റം പിടിച്ചു. അയാള്‍ അളവെടുത്ത് ഒരു കടലാസ്സില്‍ കുറിച്ചുകൊണ്ടിരുന്നു.


''ഈ ഗെയിറ്റ് മാറ്റണം. ഓട്ടോറിക്ഷ കടക്കാന്‍തന്നെ വല്യേ പാടാ''.


''എത്ര വലുപ്പം വേണം''.


''എട്ടടിയെങ്കിലും വേണ്ടേ''.


''അത്രയും ഭാഗം മതില് ഒഴിവാക്കാം''.


''ഗെയിറ്റ് ഏതിലാ ഉറപ്പിക്കുക''.


''രണ്ടുവശത്തും ഇരുമ്പുപൈപ്പ് ഉറപ്പിക്കും. അതിലാ ഗെയിറ്റ് വെക്ക്യാ''.


''അത് കാണാന്‍ കൊള്ളത്തില്ല. രണ്ടുഭാഗത്തും ഇഷ്ടികകൊണ്ട് തൂണ് കെട്ടണം. അതില്‍ ഉറപ്പിച്ചാല്‍ മതി''.


''ചെങ്കല്ലും സിമന്‍റും ഒക്കെ വേണ്ടിവരില്ലേ''.


''ഒമ്പതിഞ്ച് വലുപ്പത്തിലുള്ള തൂണുമതി. ഒരടിക്ക് എട്ടുകല്ല് വേണം. രണ്ടുവശത്തേക്കുംകൂടി നൂറ് കല്ലുണ്ടെങ്കില്‍ ധാരാളം മതി''.


''ചെങ്കല്ല് കെട്ട് നിങ്ങള് ചെയ്യിക്ക്യോ. അതോ ഞാന്‍ ചെയ്യണോ''.


''നിങ്ങള്‍ ചെയ്തേച്ചാ മതി. എല്ലാംകൂടി എത്രവരും''. ചെറുപ്പക്കാരന്‍ കണക്കുകൂട്ടി തുക പറഞ്ഞു.


''കുറച്ച് ഇളവ് ചെയ്യിന്‍'' മേരിക്കുട്ടി പറഞ്ഞു.


''ഇത് ചെറ്യേ വര്‍ക്കല്ലേ. ഇതിന്ന് കുറവുചെയ്താല്‍ മുതലാവില്ല''.


''ഞാന്‍ അതില്‍നിന്ന് മുവ്വായിരംരൂപ കുറവ് ചെയ്യുന്നു. അത്രയും മതി''.


''അയ്യോ. അങ്ങിനെ പറയണ്ടാ. ഒരഞ്ഞൂറ് ഉറുപ്പിക കുറച്ചോളിന്‍''.


കുറച്ചുനേരം രണ്ടുപേരും തര്‍ക്കിച്ചുനിന്നു. ഒടുവില്‍ രണ്ടായിരം രൂപ കുറച്ച് കരാര്‍ ഉറപ്പിച്ചു.


''നിങ്ങളുടെ മൊബൈല്‍ നമ്പര്‍ താ'' മേരിക്കുട്ടി പറഞ്ഞു. അയാള്‍ ഒരു വിസിറ്റിങ്ങ് കാര്‍ഡ് നല്‍കി.


''എന്നേക്ക് പണി തീര്‍ക്കാനാവും'' മേരിക്കുട്ടി ചോദിച്ചു.


''ഒരാഴ്ച. അതുമതി''.


''എന്നാല്‍ പണി ഏറ്റെടുത്തോ''.


''അഡ്വാന്‍സ് പതിനായിരം തരിന്‍'' കരാറുകാരന്‍ പറഞ്ഞു. മേരിക്കുട്ടി അകത്തുചെന്ന് പണവുമായി എത്തി.


''ഇതില്‍ അയ്യായിരം ഉണ്ട്. ഇപ്പോള്‍ ഇത്രയേ ഇവിടെയുള്ളു'' അയാള്‍ പണംവാങ്ങി സ്ഥലംവിട്ടു. 


ആള് ഏതുതരക്കാരനാണെന്ന് അറിയില്ല. നാളെ ആവശ്യം വന്നാലോ. മേരിക്കുട്ടി അയാളുടെ ബൈക്കിന്‍റെ നമ്പര്‍ കുറിച്ചുവെച്ചു. 


അദ്ധ്യായം - 83.


''കുഞ്ഞാമതേ, ഇന്നാള് കൂട്ടുമുക്കിന്‍റടുത്തുവെച്ച് ബസ്സ് സ്കൂട്ടറില്‍ ഇടിച്ചില്ലേ. ആ ചെക്കന് ഇപ്പൊ എങ്ങനീണ്ട്. നീ വല്ലതും കേട്ട്വോ'' ഹാജിയാര്‍ കുഞ്ഞഹമ്മദിനോട് അന്വേഷിച്ചു.


''കയ്യ് ഓപ്പറേഷന്‍ കഴിഞ്ഞ് വീട്ടിലുണ്ട്. കാലില് രണ്ടുമൂന്ന് ഭാഗത്ത് മുറീണ്ട്. അത് ഒണങ്ങാന്‍ തുടങ്ങി''.


''നീ എങ്ങന്യാ ഇത്ര കൃത്യായി അറിഞ്ഞത്''.


''ഞാന്‍ രണ്ടുതവണ അവനെപോയി കണ്ടു''.


''നിനക്ക് ആ ചെക്കനെ പരിചയൂണ്ടോ''.


''അവന്‍റെ അച്ഛന്‍ വാസൂനെ അറിയും. ദിവസൂം രാവിലെ എന്‍റെകൂടെ നടക്കാന്‍ വരുണ ആളാണ് വാസു''.


''അത് ശരി. ആയസ്സിന് നീളൂള്ളതോണ്ട് ചെക്കന്‍ രക്ഷപ്പെട്ടു. അല്ലാതെന്താ പറയ്യാ''.


''ശര്യാ മുതലാളി. ടയറിന്‍റെ അടീല്‍പ്പെട്ടാല്‍ ആട്ടങ്ങ പൊട്ടുണപോലെ പൊട്ടീട്ടുണ്ടാവും''.

 

''കുഞ്ഞാമതേ, ചിലസമയത്ത് ഓരോന്ന് ആലോചിച്ചാല്‍ അന്തംകിട്ടില്ല. ഓരോരുത്തര്‍ക്ക് ഓരോ സമയത്ത് ഓരോന്ന് വരുണൂ. ഒന്നിനും ഒരു അര്‍ത്ഥൂല്യാ''. 


''ശര്യാ മുതലാളീ. നമ്മളെന്തൊക്ക്യോ വിചാരിക്കുണൂ. വേറെന്തൊക്ക്യോ വരുണൂ''.


''എന്താ ഇപ്പൊ നിന്‍റെ മരുമകളടെ അവസ്ഥ''.


''അവളും അവനുംകൂടി ഫ്ലാറ്റില് കഴിയുണൂ''.


''അവന്‍ പോയാലോ. ആരാ തുണയ്ക്ക്''.


''തൊട്ട ഫ്ലാറ്റില് അവളടെ മൂത്തതുണ്ട്. അതില്‍ത്തന്യാണ് അവളടെ  ഉമ്മേം വാപ്പേം അനുജനും ഉള്ളത്''.


''അതിനൊക്കെകൂടി എത്ര പൈസ്യായി''.


ആരീഫയുടെ വാപ്പ വീട് പൊളിച്ച് വില്‍ക്കുന്നതും അങ്ങിനെകിട്ടുന്ന തുകയും സ്ഥലത്തിന്‍റെ വില കണക്കാക്കി അതും കഴിച്ച് പോരാത്ത സംഖ്യ ഫ്ലാറ്റിന്‍റെ ഉടമയായ അയാളുടെ അനുജന്ന് കൊടുക്കേണ്ടതും അതിനുശേഷം മാത്രമേ റജിസ്ട്രേഷന്‍ കഴിക്കൂ എന്നുള്ളതും അയാള്‍  ഹാജിയാരെ അറിയിച്ചു.


''എന്ത് പൊട്ടത്തരാണ് അയാള് കാട്ട്യേത്''.


''മൂത്തമകളടെ കെട്ട്യോന് കാര്യായിട്ട് ആരൂല്യാ. അവനെ പറഞ്ഞ് പിരികേറ്റി അവന്‍റെ വീട് വില്‍പ്പിച്ചു. ആ കാശ് പെണ്ണ് വാപ്പാന്‍റേല് കൊടുത്തിട്ടുണ്ട്. എന്‍റെ മരുമകളും ഞങ്ങടെ വീട് വിറ്റിട്ട് ആ പണം ഫ്ലാറ്റിന്ന് മുടക്കാന്നും പറഞ്ഞ് നില്‍ക്ക്വേണ്ടായി. ഞാനും കെട്ട്യോളും സമ്മതിച്ചില്ല''.


''അത് ഏതായാലും നന്നായി. അടച്ചുകിടക്കുണ വാതില് ആരാന് കൊടുത്തിട്ട് പട്ട്യേ ആട്ടാന്‍ ഇരിക്കിണപോലെ ആവും വീട് വിറ്റ് ആരടേങ്കിലും കൂടെപോയാല്‍''.


''പൊളിക്കിണവീടിന്‍റെ പേരില് മരുമകളടെവാപ്പേം എളാപ്പേംതമ്മില് കേസ്സുംകൂട്ടൂം മുമ്പ് ഉണ്ടായിട്ടുണ്ട്. മൂത്തപെണ്ണിന്‍റെ നിക്കാഹിന് ആ ചങ്ങത്യേ ഇവര് വിളിച്ചതൂല്യാ, അയാള് വന്നതൂല്യാ. എന്‍റെ  മകന്‍ ആരീഫാനെ നിക്കാഹ് കഴിക്കിണ സമയത്താ ഒക്കെപറഞ്ഞുതീര്‍ത്ത് ലോഹ്യായത്''.


''എന്നാ ഒരുകാര്യം ഒറപ്പിച്ചോ. ആ ഫ്ലാറ്റ് കിട്ടാന്‍ പോണില്ല''.


''ഇരിക്കിണ വീട് പൊളിച്ച് കളയും ചെയ്താല്‍ എന്താ ആവ്വാ''.


''ബന്ധു ശത്രു ആവുമ്പഴും ശത്രു ബന്ധു ആവുമ്പഴും സൂക്ഷിക്കണംന്ന് പണ്ടുള്ളോര് പറയും. അത് സത്യാണ്''.


''തലേലെഴുത്യേത് അനുഭവിക്കാതെ പറ്റില്ലല്ലോ''.  


''മനുഷ്യര് എന്തൊക്ക്യോകാട്ടുണൂ. ആളുകള് എന്‍റെ സ്വത്ത് എന്‍റെ മുതല് എന്നൊക്കെ പറയിണില്യേ. അതൊന്നും സ്വന്തം അല്ലാന്ന് മനസ്സിലാക്കണം.  തന്ന ആളക്ക് എപ്പൊവേണച്ചാലും അതൊക്കെ തിരിച്ചെടുക്കാന്‍പറ്റും. ഈ ഭൂമീല് നമ്മള് കഴിയിണത് വാടകയ്ക്ക് ഇരിക്കിണപോല്യാണ്. പടച്ചോന്‍ എന്ന് ഒഴിയണംന്ന് പറഞ്ഞ്വോ അന്ന് ഒഴിയണം''.


അനന്തമായി നീണ്ടുകിടക്കുന്ന റോഡിലേക്കുനോക്കി കുഞ്ഞഹമ്മദ് നെടുവീര്‍പ്പിട്ടു. 


()()()()()()()()()


ദീപാരാധന തൊഴാന്‍ ശ്രീധരമേനോനും സുമതിയും പ്രൊഫസറും കൌസല്യയും എത്തിയതാണ്. വളരെനാളുകള്‍ക്കുശേഷം അവര്‍ ആര്‍.കെ. മേനോനെ അവിടെവെച്ച് കണ്ടു.


''കുറെദിവസമായല്ലോ കണ്ടിട്ട്'' പ്രൊഫസര്‍ അയാളോട് ചോദിച്ചു.


''പെട്ടെന്നൊരു യാത്രപോയി. എന്‍റെ രണ്ടുബന്ധുക്കള്‍ നോര്‍ത്ത് ഇന്ത്യാ ടൂറിന് പോണൂ. വരുന്ന്വോന്ന് ചോദിച്ചു. ഇടയ്ക്കൊരു മാറ്റംവേണ്ടേ. എന്നാപോവ്വാന്ന് നിശ്ചയിച്ചു. ഞാനും രമണീം അവരടെകൂടെ പോയി''.


''അത് നന്നായി. എന്നും ബിസിനസ്സുംഅതിന്‍റെ ടെന്‍ഷനും ആയി നിങ്ങള്‍ കഴിയ്യേല്ലേ. ഒരുമാറ്റം നല്ലതാ''.


''അതന്യാ വിചാരിച്ചത്. പത്തുദിവസം എല്ലാം മകനെ ഏല്‍പ്പിച്ച് ഒന്ന് ചുറ്റിവന്നു''.


''എവിടെയൊക്കെ കണ്ടു''.


''രമണിക്ക് തണുപ്പ് പറ്റില്ല. അതൊണ്ട് മഞ്ഞുവീഴുണ ഭാഗങ്ങള്‍ ഞങ്ങള് ഒഴിവാക്കി ബാക്കിസ്ഥലങ്ങള് മാത്രം കണ്ടിട്ട് പോന്നൂ'' ആര്‍.കെ.മേനോന്‍ പോയ സ്ഥലങ്ങളും കണ്ട കാഴ്ചകളും വര്‍ണ്ണിക്കാന്‍ തുടങ്ങി. സ്ത്രീകള്‍ അകത്തേക്ക് നടന്നു. പ്രൊഫസറും ആര്‍.ഡി. ഓ. യും കേള്‍വിക്കാരായി. അമ്പലത്തിനകത്തുനിന്ന് ശംഖനാദം മുഴങ്ങി.


''ദീപാരാധന തുടങ്ങാറായി'' പ്രൊഫസര്‍ പറഞ്ഞു.


''ഒരുമിനുട്ട്. എന്നെ ഹാജ്യാര്‍ വിളിച്ചിരുന്നു. നമുക്കൊന്ന് കൂടണംന്ന് മുമ്പ് പറഞ്ഞിരുന്നല്ലോ. ഈ ആഴ്ച പറ്റ്വോന്ന് ചോദിച്ചു. നിങ്ങള്‍ രണ്ടാള്‍ക്കും തിരക്കൊന്നും ഇല്ലല്ലോ''.


''ഇല്ല'' രണ്ടുപേരും അറിയിച്ചു.


''എന്നാല്‍ ഹാജിയാരടടുത്ത് ചോദിച്ച് സ്ഥലൂം സമയൂം ഡേറ്റും ഞാന്‍ അറിയിക്കാം''.


''ഞങ്ങള്‍ ദിവസവും അമ്പലത്തില്‍ വരും അപ്പോള്‍ നേരില്‍ കാണാം''.


''അങ്ങന്യൊരു കാര്യൂണ്ടല്ലോ'' അയാള്‍ ചിരിച്ചുകൊണ്ട് മുമ്പേ നടന്നു. പുറകെ മറ്റുള്ളവരും.  



അദ്ധ്യായം - 84.


''മേരിക്കുട്ട്യേ. മതില് പണിയാനൊള്ള പൈസാ ഉണ്ടോ നമ്മളുടെ കയ്യില്‍'' ചാക്കോ വൈകുന്നേരം ചെടികള്‍ക്ക് വെള്ളം ഒഴിക്കാന്‍ മേരിക്കുട്ടിയെ സഹായിക്കുമ്പോള്‍ ചോദിച്ചു.


''എന്താ അങ്ങനെ ചോദിച്ചത്'' അവള്‍ മറുചോദ്യം ചോദിച്ചു.


''എനിക്ക് കിട്ടിയ പൈസാ അറിയാവല്ലോ. അതില്‍നിന്ന് വീട് വാങ്ങാന്‍ ചിലവാക്ക്യേതുക കുറയ്ക്ക്''.


''കുറച്ചു''


''പിന്നീട് നമ്മള്‍ കട്ടില്‍ അലമാറ തുടങ്ങിയസാധനങ്ങള്‍ വാങ്ങിച്ചില്ലായോ. അതിന്‍റെ തുക കുറച്ചാലോ''.


''അതും കുറച്ചു''.


''മതില് പണിയാന്‍ കരാറുകാരന്‍ എത്രയാ ചോദിച്ചത്''. മേരിക്കുട്ടി തുക പറഞ്ഞു.


''അപ്പോള്‍ കയ്യിലുള്ള തുക തികയത്തില്ലല്ലോ''.


''ഇല്ല'' മേരിക്കുട്ടി പരിഭ്രമംകൂടാതെ പറഞ്ഞു.


''പിന്നെ എന്തോ ചെയ്യും''.


''പേടിക്കണ്ടാ. കാശൊക്കെ ഒണ്ട്''.


''എവിടുന്നാ നമ്മളുടെ കയ്യില്‍ വേറെ പൈസാ''.


''എന്തിനാ അതെല്ലാം അറിയുന്നത്''.


'' അല്ലെങ്കില്‍ മനസ്സമാധാനം ഉണ്ടാവത്തില്ല''.


''കഴിഞ്ഞകൊല്ലം ഒരുചിട്ടി വട്ടമെത്തികിട്ടിയ തുക ബാങ്കിലുണ്ട്. മാസം അഞ്ഞൂറ് രൂപവെച്ച് പോസ്റ്റാഫീസില് ഇടാറുണ്ട്. കാലാവധി തീര്‍ന്ന് മുതലും പലിശയുംചേര്‍ത്ത് കഴിഞ്ഞമാസംകിട്ടി. അതും ബാങ്കിലുണ്ട്''.


ചാക്കോവിന്ന് സമാധാനമായി. എന്നാലും ഇവള്‍ക്ക് ഇതിനൊക്കെയുള്ള പൈസ എവിടെനിന്ന് കിട്ടി എന്നറിയുന്നില്ല.


''മേരിക്കുട്ട്യേ. എവിടുന്നാടി നിനക്ക് ഇതെല്ലാം അടക്കാനുള്ള പൈസ കിട്ടിയത്'' അയാള്‍ ചോദിച്ചു. മേരിക്കുട്ടി ചിരിച്ചു.


''പെണ്ണുങ്ങളായാല്‍ കുറച്ച് കാര്യപ്രാപ്തി വേണം'' അവള്‍ പറഞ്ഞു'' കുടുംബത്തിലെ ചിലവിന് നിങ്ങള്‍ തരുന്ന പൈസായില്‍നിന്ന് ഞാന്‍ മിച്ചം പിടിക്കും. അതുകൊണ്ടാ ഇതെല്ലാം അടച്ചിരുന്നത്''.


''എന്നിട്ട് നീ ഇത്രയുംകാലം എന്നോട് പറഞ്ഞില്ലല്ലോ''.


''പറഞ്ഞാല്‍ ആ പൈസാ എടുത്ത് എന്തിനെങ്കിലും ചിലവാക്കീട്ടുണ്ടാവും. കുറച്ചൊക്കെ ആണുങ്ങളറിയാതെ പെണ്ണുങ്ങള്‍ സൂക്ഷിച്ചുവെക്കണം. ആ പൈസാ അത്യാവശ്യം വരുമ്പോള്‍ ഉപകരിക്കും'' 


''സത്യത്തില്‍ നിന്‍റെ കഴിവുകൊണ്ടാണ് നമ്മളിങ്ങിനെ പ്രയാസപ്പെടാതെ കഴിയുന്നത്'' ചാക്കോ ഭാര്യയെ പ്രശംസിക്കാന്‍ മടി കാണിച്ചില്ല. 


()()()()()()()()()()()()


ദീപാരാധന കഴിഞ്ഞ് പ്രൊഫസറും ആര്‍.ഡി. ഓ.യും ഭാര്യമാരോടൊത്ത് അമ്പലത്തില്‍നിന്ന് ഇറങ്ങിയപ്പോഴാണ് ആര്‍.കെ. മേനോന്‍ എത്തിയത്.


''ഈ വരുണ ഞായറാഴ്ച രാവിലെ പത്തുമണിക്കാണ് നമ്മള് നേരത്തെ പറഞ്ഞ മീറ്റിങ്ങ്. രണ്ടാളും എത്തണം'' അയാള്‍ അറിയിച്ചു.


''എവിടെ വെച്ചിട്ടാ യോഗം കൂടുന്നത്'' പ്രൊഫസര്‍ ചോദിച്ചു.


''ഹാജ്യാരടെ ടെക്സ്ടൈല്‍സിനോട് ചേര്‍ന്ന് ചെറിയൊരു ഹാളുണ്ട്. അതില്‍വെച്ച് കൂടാന്ന് തീരുമാനിച്ചു''.


''ഞങ്ങള്‍ എത്തിക്കോളാം'' അവര്‍ യാത്രപറഞ്ഞ് പിരിഞ്ഞു.


''ഇന്ന് കൌസല്യേ കാണാന്‍ എങ്ങനീണ്ട്'' അന്ന് രാത്രി കിടക്കുമ്പോള്‍ സുമതി ഭര്‍ത്താവിനോട് ചോദിച്ചു.


''എന്താ അങ്ങിനെ ചോദിക്കാന്‍'' ശ്രീധരമേനോന്‍ കാരണം തിരക്കി.


''അല്ല. വീതീല് കസവുള്ള മുണ്ടും വേഷ്ടീം അതിന് യോജിച്ച ജാക്കറ്റും നെറ്റീലെ ചന്ദനക്കുറീം ഒക്കെക്കൂടികണ്ടാല്‍ രവിവര്‍മ്മവരച്ച ഏതോ ദേവിടെ ചിത്രംപോലീണ്ട്''.


''വെറുതെ കണ്ണുവെക്കണ്ടാ. അയമ്മ തലപൊങ്ങാതെ കിടക്കും''.


''സത്യം പറഞ്ഞാല്‍ നിങ്ങളടെ പേഴ്സനാലിറ്റി നോക്കുമ്പൊ നിങ്ങള്‍ക്ക് എന്നേക്കാളും മാച്ച് അവരാണ്''. ശ്രീധരമേനോന്‍ ഞെട്ടി. എത്ര വലിയ വിഡ്ഢിത്തരമാണ് ഇവള്‍ എഴുന്നള്ളിച്ചത്. ആരെങ്കിലുംകേട്ടാല്‍ ഒന്നല്ല രണ്ട് കുടുംബമാണ് തകരുക.


''എന്ത് ഭ്രാന്താ സുമതി പറഞ്ഞത്. ആരെങ്കിലും ഈ പറഞ്ഞത് കേട്ടാല്‍ എന്താവും അവസ്ഥ''.


''അതിന് ആരും കേള്‍ക്കില്ലല്ലോ''.


''ഒരുകാര്യം മനസ്സിലാക്കൂ. സംശയത്തിന്‍റെ ചെറ്യൊരുവിത്ത് മനസ്സില്‍ വീണാ മതി. അത് പൊട്ടിമുളച്ച് വളര്‍ന്നുവലുതാവും''. 


''അതിന് എനിക്ക് സംശയോന്നൂല്യാ. എനിക്ക് നിങ്ങളെ അറിയില്ലേ''.


''ഇനി ഒരിക്കലും ഇമ്മാതിരി ചിന്ത ഉണ്ടാവരുത്''.


''ഞാന്‍ ഇപ്പൊ പറഞ്ഞത് തുപ്പലുതൊട്ട് മായ്ച്ചൂ. അതുപോരേ''. ശ്രീധര മേനോന്‍ ചിരിച്ചു, ഒപ്പം സുമതിയും.


()()()()()()()()()()()


''വാപ്പാ, പെരുനാള് കഴിഞ്ഞ് അടുത്തതിന്‍റെ അടുത്തദിവസം ഞാന്‍ പണിസ്ഥലത്തിക്ക് മടങ്ങിപ്പോവും. അത് കഴിഞ്ഞാലത്തെ കാര്യം ആലോചിക്കുമ്പൊ ഒരു വിഷമം''. 


നോമ്പുതുറ കഴിഞ്ഞ് കുഞ്ഞഹമ്മദ് പള്ളിയിലേക്ക് പോവുന്നതുവരെ കാത്തിരുന്ന് അയാളോടൊപ്പം പോയതായിരുന്നു ജബ്ബാര്‍.


''എന്താ നിനക്ക് വിഷമം''.


''ആരീഫ ഉമ്മാനോട് കാട്ട്യേത് വാപ്പ കണ്ടതല്ലേ. അവള്‍ക്കെന്തെങ്കിലും ആവശ്യം വന്നാല്‍ ഉമ്മ തിരിഞ്ഞുനോക്ക്വോ''.  


''അതിനെന്താ. അവളടെ ആള്‍ക്കാര് അടുത്തുണ്ടല്ലോ''.


''എന്നാലും നമ്മടെ ഒരു നോട്ടം ഉണ്ടാവണ്ടേ''.


''അതൊക്കീണ്ടാവും. അതാലോചിച്ച് നീ വിഷമിക്കണ്ടാ''.


''അവളെന്തെങ്കിലും കാര്യത്തിന്ന് വാപ്പാനെ വിളിച്ചാല്‍ വാപ്പ പോവ്വോ''.


''പോവും. അതിലെന്താ ഇത്ര സംശയം''.


''എനിക്കത് മതി'' പൊടുന്നനെ അവന്‍ കുഞ്ഞഹമ്മദിന്‍റെ കൈപിടിച്ച് തന്‍റെ മുഖത്തോട് ചേര്‍ത്തുവെച്ചു. ആ കൈപ്പത്തി അവന്‍റെ കണ്ണീരില്‍ നനഞ്ഞു. 



അദ്ധ്യായം - 85.


മതില് പണിയാന്‍ കരാറേറ്റവന്‍ പറഞ്ഞതിന്‍റെ തലേദിവസംതന്നെ സാധനങ്ങള്‍ എത്തിച്ചത് മേരിക്കുട്ടിയെ സന്തോഷിപ്പിച്ചു.


''പറ്റ്യാല്‍ നാളത്തന്നെ വരും. ഇല്ലെങ്കില്‍ മറ്റന്നാള്‍ ഉറപ്പ്'' എന്നുപറഞ്ഞ് അവന്‍ തിരിച്ചുപോയി.


''ആ ചെറുക്കന്‍ മര്യാദക്കാരനാണെന്നാ തോന്നുന്നത്'' മേരിക്കുട്ടി അവനെ വിലയിരുത്തി. പിറ്റേന്ന് പതിവിലുംനേരത്തെ എഴുന്നേറ്റ് വീട്ടുപണികള്‍ തീര്‍ത്ത് അവള്‍ പണിക്കാര്‍ വരുന്നതും കാത്തുനിന്നു. അവരെത്തിയാല്‍ കൂടെത്തന്നെ നില്‍ക്കണം. കള്ളപ്പണി ചെയ്യുന്നവരാണ് അധികപേരും. കരാര്‍ പണിയാണെന്നുവെച്ച് എന്തെങ്കിലും ചെയ്താല്‍ പോരല്ലോ.


ഒമ്പതുമണി കഴിഞ്ഞിട്ടും പണിക്കാരെ കാണാഞ്ഞപ്പോള്‍ ഇന്നവര്‍ വരില്ല എന്ന് മേരിക്കുട്ടികണക്കാക്കി. ചിലപ്പോള്‍ ഇന്ന് ഉണ്ടാവില്ല എന്ന് ഇന്നലെ സൂചിപ്പിച്ചതിനാല്‍ അവള്‍ക്ക് വിഷമംതോന്നിയില്ല. എന്നാല്‍ അല്‍പ്പനേരം കഴിഞ്ഞതും പണിയായുധങ്ങളുമായി ജോലിക്കാരെത്തി.


''പണി ചെയ്തിരുന്ന വീട്ടില് കുറച്ച് ബാക്കി വന്നു. അത് തീര്‍ത്തിട്ടാണ് പോന്നത്'' കരാറുകാരന്‍ പറഞ്ഞു.


''അതില്‍ തെറ്റില്ല. ഒരുപണി ബാക്കിവെച്ചേച്ച് വേറൊന്നിന്ന് പോവുന്നത് തെറ്റാണ്'' മേരിക്കുട്ടി സമ്മതിച്ചു.


''ചാക്കോ സാറ് എവിടെ''.


''പുള്ളിക്കാരന്‍ ബാങ്കിലോട്ട് പോയിരിക്കുന്നു''.


''പോസ്റ്റിടാന്‍ കുഴി ഉണ്ടാക്ക്വാണ്. നിങ്ങള് നോക്കിക്കോളിന്‍'' 


മേരിക്കുട്ടി പണിക്കാരോടൊപ്പംനിന്ന് കുഴികള്‍ എടുക്കാനുള്ള സ്ഥലം അടയാളപ്പെടുത്തി.


''ഇനി നിങ്ങള്‍ ഇരുന്നോളിന്‍. ഞങ്ങള്‍ ചെയ്തോളാം'' ഒരു പണിക്കാരന്‍ പറഞ്ഞപ്പോള്‍ അവള്‍ കുറച്ചുമാറി മരത്തണലില്‍ കസേലയിട്ട് ഇരുന്നു. കുഴികുഴിക്കുന്നതും കോണ്‍ക്രീറ്റിട്ട് കാലുകള്‍ ഉറപ്പിക്കുന്നതും സ്ലാബ് ഇടുന്നതും അവള്‍ ശ്രദ്ധിച്ചു.


''ഞങ്ങള്‍ ചായ കുടിച്ചിട്ടുവരാം'' കുറെ കഴിഞ്ഞപ്പോള്‍ ജോലിക്കാര്‍ പോയി.


വര്‍ക്ക് ഏരിയയുടെ പുറകിലായി ചുമരിനോട് ചേര്‍ന്ന് വലിയൊരു ദ്വാരമുള്ള കാര്യം മേരി ഓര്‍ത്തു. ഒരുപക്ഷെ അത് പെരുച്ചാഴി തുരന്ന് ഉണ്ടാക്കിയതാവും. പാമ്പെങ്ങാനും കയറി അതില്‍ താമസമാക്കിയാല്‍ കുഴപ്പമാവും. കുറച്ച് കോണ്‍ക്രീറ്റുണ്ടെങ്കില്‍ അത് അടയ്ക്കാനാവും. പിന്നെ താമസിച്ചില്ല. മേരിക്കുട്ടി എഴുന്നേറ്റുചെന്ന് ഇരുമ്പുചട്ടിയില്‍ കുറച്ച് കോണ്‍ക്രീറ്റെടുത്തു. പണിക്കാരുടെ കരണ്ടിയും ചട്ടിയുമായി അവള്‍ ചെന്ന് പോട് അടയ്ക്കുമ്പോഴാണ് ചാക്കോ എത്തിയത്.


''എന്നതാ നീ ഈ ചെയ്യുന്നത്'' അയാള്‍ ചോദിച്ചു.


''കാണാന്‍ മേലേ'' അവള്‍ തിരിച്ചുചോദിച്ചു.


''അവരിത് കണ്ടുകൊണ്ട് വന്നാലോ. കോണ്‍ക്രീറ്റും പണി സാധനങ്ങളും അവരുടേതല്ലേ''.


''അവരെന്നെ പിടിച്ച് തിന്നുകേലാ'' പണിതീര്‍ത്ത് കരണ്ടിയും ചട്ടിയും അതാതിടങ്ങളില്‍ അവള്‍ കൊണ്ടുപോയിവെച്ചു.


''തുണി മാറ്റീട്ട് വാ. ഞാന്‍ കാപ്പി തരാം'' മേരിക്കുട്ടി അടുക്കളയിലേക്ക് നടന്നു.


()()()()()()()()()()


കാലത്ത് എഴുന്നേല്‍ക്കുമ്പോഴേ ലക്ഷ്മിക്ക് നല്ല സുഖമുണ്ടായിരുന്നില്ല. വല്ലാത്തക്ഷീണം. കൈകാലുകള്‍കുഴയുന്നതുപോലേയും തലചുറ്റുന്നതു പോലേയും അവള്‍ക്ക് തോന്നി.


''ഞാന്‍ മൂന്നുനാല് പ്രാവശ്യം വന്നുനോക്കി. നല്ല ഉറക്കത്തിലായതോണ്ട് വിളിച്ചില്ല'' കാര്‍ത്ത്യായിനി പറഞ്ഞു.


''എന്തോ വല്ലാത്ത ക്ഷീണം. തല പൊങ്ങിണില്ല''.


''എന്നാ ചായ കുടിച്ച് കിടന്നോളൂ''.


''കുളിക്കട്ടെ. എന്നിട്ട് ചായ കുടിക്കാം''.


''വയ്യെങ്കില്‍ എന്തിനാ കുളിക്കിണ്. പിന്നെപോരേ''എന്ന് കാര്‍ത്ത്യായിനി ചോദിച്ചുവെങ്കിലും ലക്ഷ്മി തോര്‍ത്തുമായി കുളിമുറിയിലേക്ക് നടന്നു.


കുളികഴിഞ്ഞ് വസ്ത്രംമാറി ലക്ഷ്മി വന്നതും പ്രഭാതഭക്ഷണവുമായി കാര്‍ത്ത്യായിനിയെത്തി. സേവയും സാമ്പാറും ചട്ടിണിയുമാണ് അവള്‍ കൊണ്ടുവന്ന വിഭവങ്ങള്‍. എല്ലാം ലക്ഷ്മിക്ക് ഇഷ്ടപ്പെട്ടവതന്നെയാണ്. എങ്കിലും അല്‍പ്പം കഴിച്ചപ്പോഴേക്കും അവള്‍ക്ക് മടുത്തു.


''മതി. എടുത്തോളൂ'' അവള്‍ പറഞ്ഞു.


''ഒരുനുള്ളേ തിന്നുള്ളു. അപ്പഴയ്ക്കും വേണ്ടാന്ന് പറഞ്ഞാലോ''.


''കഴിച്ചാല്‍ ഛര്‍ദ്ധിക്കും''.


''അത് സാരൂല്യാ. ഞാന്‍ കോരി കളഞ്ഞോളാം''.


ലക്ഷ്മി അതിനൊന്നും പറഞ്ഞില്ല. അവള്‍ റൂമില്‍ചെന്ന് കിടന്നു. കുറെ കഴിഞ്ഞപ്പോള്‍ കാര്‍ത്ത്യായിനി ചെന്നുനോക്കി. ലക്ഷ്മി തളര്‍ന്നപോലെ കിടക്കുകയാണ്.


''എന്തേ തീരെ വയ്യേ'' അവള്‍ ചോദിച്ചു. 


''സാരൂല്യാ. കുറെ കഴിയുമ്പൊ ഭേദാവും''.


''ഒന്ന് ഡോക്ടറെ കണ്ടാലോ''.


''വേണ്ടാ. അത്രയ്ക്കൊന്നൂല്യാ''.


പക്ഷെ കാര്‍ത്ത്യായിനിക്ക് സമാധാനമായില്ല. അവള്‍ ബാലചന്ദ്രനോട് വിവരം പറഞ്ഞു. അയാള്‍ അകത്തുചെന്നു.


''പനിക്കുന്നുണ്ടോന്ന് നോക്ക്'' അയാള്‍ കാര്‍ത്ത്യായിനിയോട് പറഞ്ഞു. അവള്‍ ലക്ഷ്മിയുടെ നെറ്റിയിലും മാറത്തും തൊട്ടുനോക്കി.


''പനീണ്ട് ട്ടോ''.


''വെച്ചോണ്ടിരുന്ന് അധികാക്കണ്ടാ. നമുക്കൊരു ഡോക്ടറെ കാണ്വാ''.


''അത്രയ്ക്കൊന്നും ഇല്ല ബാലേട്ടാ'' എന്നവള്‍ പറഞ്ഞുവെങ്കിലും കുറച്ചു നേരം കഴിഞ്ഞതും അവള്‍ ഛര്‍ദ്ധിച്ചു. ഇത്തവണ ലക്ഷ്മിയുടെ സമ്മതം ചോദിക്കാനൊന്നും അവര്‍ മിനക്കെട്ടില്ല. ബാലചന്ദ്രന്‍ വേഗം ഓടിപ്പോയി മോഹനന്‍റെ മരുമക്കളെ വിവരം അറിയിച്ചു. ബന്ധുക്കള്‍ ഓടിയെത്തി.


''അമ്മായീ. നമുക്ക് ഡോക്ടറെ കാണാം. വെച്ചിരുന്ന് സൂക്കട് കൂടണ്ടാ'' മരുമക്കള്‍ പറഞ്ഞതിനെ അവള്‍ എതിര്‍ത്തില്ല.


''ഞാനും കൂടെ വരുണുണ്ട്'' കാര്‍ത്ത്യായിനി വസ്ത്രം മാറി വന്നു.


കാറെത്തി. കാര്‍ത്ത്യായിനിയും ലക്ഷ്മിയും മോഹനന്‍റെ മരുമകളും പുറകില്‍ കയറി, ആണുങ്ങള്‍ മുന്നിലും. കാര്‍ ആസ്പത്രിയിലേക്ക് കുതിച്ചു. 



അദ്ധ്യായം - 86.


''എന്തൊക്കെ  ബുദ്ധിമുട്ടാണ് നിങ്ങള്‍ക്ക് തോന്നുന്നത്'' ലക്ഷ്മിയോട് ഡോക്ടര്‍ ചോദിച്ചു. പ്രായംചെന്ന ഒരാളാണ് ഡോക്ടര്‍.


''ആകെക്കൂടി എനിക്ക് വയ്യ'' അവള്‍ പറഞ്ഞു. ഡോക്ടര്‍ അവളുടെ ശരീരോഷ്മാവ് പരിശോധിച്ചു.


''ചെറിയ ചൂടുണ്ട്. അത് സാരമില്ല. ഛര്‍ദ്ധിക്കാന്‍ തോന്നുന്നുണ്ടോ''.


''വീട്ടിന്ന് ഛര്‍ദ്ധിച്ചു'' കാര്‍ത്ത്യായിനി പറഞ്ഞുകൊടുത്തു.


''എന്താ ഭക്ഷണം കഴിച്ചത്''


''ഒന്നും വേണംന്ന് തോന്നുണില്ല''.


''ക്ഷീണം തോന്നുന്നുണ്ടോ''


''ഉവ്വ്. തല പൊങ്ങുണില്ല''.


തലവേദന ഉണ്ടോ''


''ചെറുതായിട്ടുണ്ട്''.


''വയറ് ഇളകി പോണുണ്ടോ''.


''ഇല്ല''.


''പറ്റാത്ത ഭക്ഷണം എന്തെങ്കിലും കഴിച്ചിരുന്നോ''.


''കടേന്ന് വാങ്ങ്യേ കൂണ് കറിവെച്ച് കൂട്ടി''.


''സാധാരണഗതിയില്‍ അത് കുഴപ്പം വരില്ല. പഴക്കംചെന്ന കൂണാണോ കറിവെച്ചത്''.


''കുറച്ചായി വാങ്ങീട്ട്. കേടുവരാന്‍ വഴീല്ല. ഫ്രിഡ്ജില്‍ വെച്ചിരുന്നു''.


''കൈ നീട്ടി വെക്കൂ. ബി.പി. നോക്കട്ടെ'' ഡോക്ടര്‍ ബി.പി. പരിശോധിച്ചു


''ബി.പി.കൂടുതലാണല്ലോ. എന്തെങ്കിലും മരുന്ന് കഴിക്കുന്നുണ്ടോ''.


''ഇല്ല''.


''ഇന്നിവിടെ കിടക്കട്ടെ. വീട്ടില്‍ ചെന്നിട്ട് എന്തെങ്കിലുംവിഷമംതോന്ന്യാല്‍ ബുദ്ധിമുട്ടാവും''.


''ഏട്ടന്മാരെ വിവരം അറിയിക്കണ്ടേ'' റൂമിലെത്തിയപ്പോള്‍ മരുമകള്‍ ചോദിച്ചു.


''വേണ്ടാ മോളേ. വെറുതെ അവരെ ബേജാറാക്കണ്ടാ''. 


''അമ്മായീ. ഞാന്‍ വീട്ടില്‍പ്പോയി ഡ്രസ്സെടുത്തിട്ട് വരാം'' അവള്‍ പറഞ്ഞു.


''വേണ്ടാ. നിനക്ക് ചെറ്യേകുട്ടീള്ളതല്ലേ. ഇവിടെ കാര്‍ത്ത്യായിനീണ്ടല്ലോ''.


''ഞങ്ങള് ആരെങ്കിലും ഒരാള് ഇവിടെ നില്‍ക്കാം. എന്തെങ്കിലും ആവശ്യം വന്നാലോ'' മൂത്തമരുമകന്‍ പറഞ്ഞു ''ഇവനിപ്പൊപോയി രാത്രി ഇങ്ങോട്ട് വരും. എന്നിട്ടേ ഞാന്‍ പോവൂ''. ലക്ഷ്മി വേണ്ടാ എന്ന് പറഞ്ഞുവെങ്കിലും അയാള്‍ ആസ്പത്രിയില്‍നിന്നു.


''ഞാന്‍ പോയി അമ്മായിക്കുള്ള കഞ്ഞീം ഇവര്‍ക്കുള്ള ഭക്ഷണൂം വാങ്ങീട്ട് വരാം'' കുറെകഴിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു.


''നോക്കൂ. എന്താ ആ കുട്ട്യേളടെ ഒരു സ്നേഹം'' അയാള്‍ പോയപ്പോള്‍ കാര്‍ത്ത്യായിനി പറഞ്ഞു. 


ലക്ഷ്മിയും അതുതന്നെ ആലോചിക്കുകയായിരുന്നു.


()()()()()()()()()()()()()


''അച്ചായോ, ഇന്ന് ഞങ്ങളടെ ഇരുപത്തേഴാം രാവാണ്'' പ്രഭാതത്തിലെ നടപ്പിനിടയില്‍ കുഞ്ഞഹമ്മദ് ചാക്കോയോട് പറഞ്ഞു.


''സായ്‌വേ. എന്നതാ അതിന് വിശേഷം'' ചാക്കോ ചോദിച്ചു.


''നിങ്ങള്‍ക്ക് ഇഷ്ടാണച്ചാല്‍ എനിക്കറിയിണത് ഞാന്‍ പറഞ്ഞുതരാം''.


''മനുഷ്യനായാല്‍ നല്ലകാര്യങ്ങള്‍ കണ്ടുംകേട്ടും മനസ്സിലാക്കണം. നിങ്ങള്‍ പറയിന്‍. കേള്‍ക്കട്ടെ''.


''ഞങ്ങള് നോമ്പെടുക്കിണില്ലേ. അതില്‍ ചിലകാര്യങ്ങളുണ്ട്. റമദാനിലെ ആദ്യത്തെ രണ്ട് പത്തുദിവസം വ്രതം എടുക്കുന്നതോണ്ട് വിശ്വാസിക്ക് അള്ളാഹുവിന്‍റെ കാരുണ്യൂം പാപമോചനൂം കിട്ടും. അവസാനത്തെ പത്തില്‍പ്പെട്ട ഇരുപത്തേഴാംനാളിലെ രാത്രിക്ക് ലൈലത്തുല്‍ ഖദ്‌ര്‍ എന്ന് പറയും. ഈ രാത്രീലെ പ്രാര്‍ത്ഥന പ്രധാനപ്പെട്ടതാണ്. ഈ  പ്രാര്‍ത്ഥനേല് പങ്കുകൊള്ളുന്നവര്‍ക്ക് പാപങ്ങളില്‍നിന്ന് മോചനൂം സ്വര്‍ഗ്ഗത്തിലിക്ക് പ്രവേശനൂം കിട്ടും''.


''അപ്പോള്‍ ഇന്നത്തെരാത്രി വിശേഷപ്പെട്ടതാണല്ലോ''.


''അതെ. എല്ലാം പടച്ചോനില്‍ സമര്‍പ്പിച്ച് വിശ്വാസികള്‍ ഭക്തിയോടെ ഈ രാത്രി പ്രാര്‍ത്ഥനയുമായി കഴിയും. ഈ രാത്രി മലക്കുകള്‍ വിശ്വാസിടെ അടുത്തെത്തും. അതുപോലെ മരിച്ചുപോയ ബന്ധുക്കളുടെ ആത്മാവും എത്തുംന്നാ വിശ്വാസം''.  


''അപ്പൊ നിങ്ങള് രാത്രി വീട്ടിലോട്ട് പോവത്തില്ലേ''.


''ഇല്ല. നോമ്പുതുറ കഴിഞ്ഞ് പള്ളീലിക്ക് വന്നാല് രാവിലത്തെ സുബഹി നമസ്ക്കാരംകഴിഞ്ഞിട്ടേ പള്ളീന്ന് പോവൂ. രാത്രീല് കുറെപ്രാര്‍ത്ഥനീണ്ട്. അതൊക്കെ ആയിട്ട് പള്ളീല് കൂടും''.


''അപ്പൊ നിങ്ങളുടെ വീട്ടുകാരിയോ''.


''അവള്‍ വീട്ടില്‍ പ്രാര്‍ഥിച്ചോണ്ടിരിക്കും''.


''നാളെ നിങ്ങള് നടക്കാന്‍ ഉണ്ടാവില്ലല്ലോ''.


''ഉണ്ടാവില്ല''. 


''മകന്‍ എന്തുപറയുന്നു''.


''അവന്‍റെ ലീവ് തീരാറായി. പെരുനാള് കഴിഞ്ഞതും അവന് മടങ്ങി പോണം''.


''അവന്‍ പോയാല്‍ മരുമകള്‍ വീട്ടിലോട്ട് വരുമോ''.


''തോന്നുണില്ല. എല്ലാരുക്കും വാശീം വൈരാഗ്യൂം അല്ലേ അച്ചായോ. ഇനി നമ്മള് പറഞ്ഞാല്‍ ആരാ കേള്‍ക്ക്വാ. നമുക്ക് വയസ്സായില്ലേ''. 


''എല്ലാവരുടെ അവസ്ഥയും ഇതുതന്നെ സായ്‌വേ. കുട്ടിക്കാലംപോല ത്തന്നെ വയസ്സാന്‍കാലവും. നമ്മള്‍ പറയുന്നത് ആരുംകേള്‍ക്കത്തില്ല. അവര്‍ പറയുന്നത് നമ്മള്‍ കേട്ടോണം''.


കുറച്ചകലെ വാസു അവരെ കാത്തുനില്‍ക്കുന്നത് കണ്ടു. അവര്‍ സംഭാഷണം അവസാനിപ്പിച്ചു


അദ്ധ്യായം - 87.


മതിലുപണി അടുത്തദിവസംതന്നെ തിര്‍ത്തിട്ടാണ് കരാറുകാരന്‍ പോയത്.


''കാല് കെട്ട്യേതും കോണ്‍ക്രീറ്റ് ഇട്ടതും നാലുദിവസം നനച്ചുകൊടുക്കിന്‍'' എന്നയാള്‍ ഏല്‍പ്പിച്ചിരുന്നു. കരാറുകാരന്‍ ചോദിച്ചതുക മേരിക്കുട്ടി മടി കൂടാതെ കൊടുത്തു.


''കര്‍ത്താവിന്‍റെ കൃപകൊണ്ട് എല്ലാകാര്യവും ഭംഗിയായിതീര്‍ന്നു'' അവള്‍ ഭര്‍ത്താവിനോട് പറഞ്ഞു. 


ചാക്കോവിന്‍റെ സന്തോഷത്തിനും അളവില്ല. വീട് സ്വന്തമാക്കുക എന്ന സ്വപ്നം സാധിച്ചു. എല്ലാ കാര്യത്തിന്നും  മേരിക്കുട്ടി വേണ്ടതൊക്കെ മുന്നില്‍നിന്നു ചെയ്തതുകൊണ്ട് പ്രയാസമൊന്നും ഉണ്ടായില്ല. ഈ സമാധാനവും സന്തോഷവും എന്നും നിലനിന്നാല്‍ മതി. 


പതിവുപോലെ പുലര്‍ച്ചെ അയാള്‍ നടക്കാനിറങ്ങി. കഴിഞ്ഞദിവസം സായ്‌വ് ഉണ്ടാവില്ല എന്നുപറഞ്ഞതുകൊണ്ട് മടിപിടിച്ച് കിടന്നിരുന്നു.


''അച്ചായോ. ഇന്നലെ നിങ്ങള് നടക്കാന്‍ വന്ന്വോ'' ചാക്കോവിനെ കണ്ടതും കുഞ്ഞഹമ്മദ് ചോദിച്ചു.


''നിങ്ങള്‍ ഉണ്ടാവില്ല എന്നുപറഞ്ഞതുകൊണ്ട് ഞാനും വന്നില്ല. വാസു വന്നോ എന്ന് അറിയത്തില്ല''.


''അവന്‍റടുത്ത് ഒറ്റയ്ക്ക് നടക്കണ്ടാന്ന് പറയണം സൂക്ഷിച്ചില്ലെങ്കില്‍ എന്താ ഉണ്ടാവ്വാന്ന് പറയാന്‍ പറ്റില്ല''.


''അതെന്താ സായ്‌വേ പ്രശ്നം''.


''കേശവന്‍ ജയിലിന്ന് ഇറങ്ങീന്ന് പറയുണത് കേട്ടു''.


''ആരാ സായ്‌വേ ഈ കേശവന്‍. എന്നാത്തിനാ അയാള്‍ ജയിലില്‍ പോയത്. അയാളും വാസൂം തമ്മില്‍ എന്താ പ്രശ്നം'' ചാക്കോ സംശയങ്ങള്‍ ഒന്നിച്ച് അവതരിപ്പിച്ചു.


''നിങ്ങള്‍ക്കത് അറിയാന്‍ വഴീല്യാ. അന്ന് നിങ്ങള് ഈ നാട്ടില്‍ വന്നിട്ടില്ല'' കുഞ്ഞഹമ്മദ് പറഞ്ഞുതുടങ്ങി ''ഭാര്യേ വെട്ടിക്കൊന്നതിന്ന് ജീവപര്യന്തം ശിക്ഷകിട്ട്യേതാ അവന്. ഭാര്യടെപേരില്‍ സംശയംതോന്നീട്ട് അവനതിനെ വെട്ടിക്കൊന്നതാണ്. നമ്മടെ വാസ്വാണ് കാരണക്കാരന്‍ എന്നാ അവന്‍റെ വിശ്വാസം. ജയിലിന്ന് വന്നാല്‍ വാസൂന്‍റെ തലഎടുക്കുംന്ന് കേശവന്‍ പല ആളുകളോടും പറഞ്ഞിട്ടുണ്ടേന്നാ ആ കാലത്ത് കേട്ടിട്ടുള്ളത്''.


''ഇതിലെന്തെങ്കിലും സത്യമുണ്ടോ''.


''വാസൂന്ന് ഇമ്മാതിരി സ്വഭാവൂണ്ടെങ്കിലും ഇതില്‍ അവന് പങ്കില്ലാന്നാ അറിവ്''. വാസുവിനെ കണ്ടതോടെ അവര്‍ വിഷയം മാറ്റി.


ചാക്കോ വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ മേരിക്കുട്ടി വിറക് കീറുകയാണ്.


''കൊച്ചുവെളുപ്പാന്‍ കാലത്ത് എന്നതാ ഈ കാട്ടുന്ന്'' അയാള്‍ ഭാര്യയോട് ചോദിച്ചു.


''കാണാന്‍ മേലേ'' മേരിക്കുട്ടി പണി തുടര്‍ന്നു. മതില്‍ പണിയാനായി വേലി മാറ്റിയപ്പോള്‍ അതിരിലുണ്ടായിരുന്ന ചെറുമരങ്ങള്‍ മുറിച്ചിരുന്നു. അതാണ് മേരിക്കുട്ടി വിറകാക്കുന്നത്.


''ഞാന്‍ സഹായിക്കണോ'' അയാള്‍ ചോദിച്ചു.


''പറ്റാത്ത പണിക്ക് പുറപ്പെടേണ്ട. നോക്കിക്കൊണ്ട് വെറുതെ ഇരുന്നേച്ചാ മതി. ചാക്കോ ഒരു കസേലകൊണ്ടുവന്നിട്ട് സമീപത്തിരുന്നു.


''ഇത് കഴിഞ്ഞിട്ടുവേണം ചെറിയ കമ്പുകള്‍ കീറിവെക്കാന്‍. എല്ലാംകൂടി വെയിലത്ത് ഉണക്കി ടെറസ്സില്‍ എടുത്തുവെക്കണം. ഗ്യാസിന്ന് മുടിഞ്ഞ വിലയാണ്''. കുറച്ചുനേരം കഴിഞ്ഞപ്പോഴേക്കും ചാക്കോവിന്ന് മടുത്തു. അയാള്‍ എഴുന്നേറ്റു.


''ചായ ഇരുപ്പുണ്ട്. എടുത്തുകുടിച്ചോ'' മേരിക്കുട്ടി പറഞ്ഞു. ചാക്കോ ഒന്നും പറയാതെ നടന്നു.


()()()()()()()()()()


എട്ടുമണിയോടെ ശ്രീധരമേനോന്‍റെ കാര്‍ ആസ്പത്രിയിലെത്തി. സുമതി കാര്‍ നിര്‍ത്തിയതും അയാളിറങ്ങി നടന്നു, ഒപ്പം അയാളുടെ ഏട്ടനും ഏടത്തിയമ്മയും. വീട്ടില്‍നിന്ന് വരുന്നവഴി ഏട്ടനേയും ഭാര്യയേയും കൂട്ടിയിട്ട് വരികയായിരുന്നു അവര്‍.


ഏട്ടന്മാരെ വിവരമറിയേണ്ടാ എന്ന് ലക്ഷ്മി പറഞ്ഞതനുസരിച്ച് ആരും അവര്‍ക്ക് വിവരംകൊടുത്തില്ല. പതിവുപോലെ ഗോപിനാഥന്‍ പെങ്ങളെ രാത്രി വിളിച്ചപ്പോള്‍ അവളുടെ മൊബൈല്‍ഫോണ്‍ സ്വിച്ചോഫായിരുന്നു. വീട്ടിലെ ലാന്‍ഡ്ഫോണ്‍ എടുത്തത് ബാലചന്ദ്രന്‍. ലക്ഷ്മി ആസ്പത്രിയില്‍ അഡിമിറ്റായ വിവരം പറഞ്ഞത് അയാളാണ്.   


''എന്താ ഈ ചെയ്തത്'' ഗോപിനാഥന്‍ ലക്ഷ്മിയോട് ചോദിച്ചു'' ഒറ്റയ്ക്ക് കഴിയുമ്പൊ സൂക്കടുവന്നാല്‍ ആദ്യം എന്താചെയ്യണ്ട്. വേണ്ടപ്പെട്ടോരുക്ക് വിവരം കൊടുക്ക്വാ. അതോ ചെയ്തില്ല. ആസ്പത്രീല്‍ അഡ്മിറ്റായപ്പൊ അറിയിക്കണോ, വേണ്ട്യോ. അതും ചെയ്തില്ല. എന്താ നിനക്ക് ഞങ്ങള് രണ്ടാളും വേണ്ടാന്നായ്യോ''.


''അതല്ല വല്യേട്ടാ. ഒന്നാമത് അത്രവല്യേ സൂക്കടൊന്ന്വോല്ല. അതുപറഞ്ഞ് നിങ്ങളെ വിഷമിപ്പിക്കണ്ടാന്ന് കരുതി''.


''വിവരം പറയാഞ്ഞതാണ് വിഷമം ഉണ്ടാക്ക്യേത്. വല്യേട്ടന്‍ ഇന്നലെ രാത്രി ഒരുപോള കണ്ണടച്ചിട്ടില്ല''. ഏടത്തിയമ്മ പറഞ്ഞു.


''എന്താ മോളേ നിന്‍റെ അസുഖം'' ശ്രീധരമേനോന്‍ കിടക്കയില്‍ ഇരുന്നു.


''ഫുഡ് പോയ്സണ്‍ ആവാനാ സാദ്ധ്യതാന്ന് പറഞ്ഞു. ബീ.പീം കൂടീട്ടുണ്ട്''.


''നീ വേണ്ടാതെ ഓരോന്ന് ആലോചിച്ച് ബി.പി.കൂട്ടണ്ടാ. സമാധാനമായി ഇരിക്ക്. നിന്‍റെ എന്താവശ്യത്തിനും ഈ ഏട്ടന്മാരില്ലേ''.


''അതെനിക്ക് അറിയാം ചെറ്യേട്ടാ'' അവള്‍ ഏട്ടന്‍റെ കയ്യില്‍ പിടിച്ചു.


''ആരാ നിന്‍റെ കൂടേള്ളത്''.


''കാര്‍ത്ത്യായിനീണ്ട്, പിന്നെ മരുമകനും. അവള് കുളിക്ക്യാണ്''.


''ഇപ്പൊ എങ്ങനീണ്ട് നിനക്ക്''.


''ഭേദൂണ്ട്. നല്ലവിശപ്പ് തോന്നുണൂ. മരുമകന്‍റടുത്ത് പറഞ്ഞപ്പൊ അവന്‍ ഡോക്ടറോട് ചോദിച്ച് ഇഡ്ഢലി വാങ്ങാന്‍ പോയിരിക്കുണൂ''.


''എത്ര ദിവസം ഇവിടെ കിടക്കണ്ടിവരും''.


''ഉച്ചയ്ക്ക് മുമ്പ് പോവ്വാറാവുംന്നാ പറഞ്ഞത്''.


''നീ ഞങ്ങള് ആരടേങ്കിലുംകൂടെ വാ. നാലുദിവസംകഴിഞ്ഞിട്ട് വിട്ടില്‍ കൊണ്ടാക്കാം''.


''എന്തിനാ ഏട്ടാ വേണ്ടാണ്ടെ ബുദ്ധിമുട്ടുണ്. എനിക്ക് അത്രയ്ക്കൊന്നും ഇല്ല. പോരാത്തതിന്ന് മരുമക്കള് ഒപ്പം തന്നീണ്ട്''.


''ആ കുട്ട്യേളടെ നന്മകൊണ്ടാ ഇതൊക്കെ ചെയ്യുണ്. മോഹനന്‍ ചെയ്ത പണിക്ക് വേറെ ആരെങ്കിലും ആണച്ചാ തിരിഞ്ഞുനോക്കില്ല'' ഏട്ടന്‍ പറഞ്ഞു.


''എപ്പഴാ നിങ്ങളെത്ത്യേ'' ഫ്ലാസ്ക്കില്‍ ചായയും പലഹാരപ്പൊതിയുമായി മരുമകനെത്തി.



അദ്ധ്യായം - 88.


തനിക്കും ഭാര്യയ്ക്കുമുള്ള പുതുവസ്ത്രങ്ങളുമായിട്ടാണ് കുഞ്ഞഹമ്മദ് വൈകുന്നേരം ജോലികഴിഞ്ഞ് വീട്ടിലെത്തിയത്. പെരുന്നാള്‍ പ്രമാണിച്ച് ഹാജിയാര്‍ പണിക്കാര്‍ക്കെല്ലാം പുതിയ വസ്ത്രങ്ങള്‍ നല്‍കാറുണ്ട്. ആ കൂട്ടത്തില്‍ കുഞ്ഞഹമ്മദിന്ന് കൊടുക്കുമ്പോള്‍ അയാളുടെഭാര്യക്കും ഒരു ജോഡി വസ്ത്രം നല്‍കി എന്നുമാത്രം. 


''ഇനി പെരുന്നാള് കഴിഞ്ഞിട്ടേ എനിക്ക് പണിക്ക് പോണ്ടൂ'' ടിവി.എസില്‍ നിന്ന് ഇറങ്ങുമ്പോള്‍ കുഞ്ഞഹമ്മദ് ഭാര്യയെ അറിയിച്ചു.


''അത് നന്നായി. നാളെ നമുക്ക് പീടീന്ന് സാമാനങ്ങള് വാങ്ങണം. നിങ്ങക്ക് രണ്ടുദിവസം വീട്ടിലിരിക്കും ചെയ്യാലോ'' അയാളില്‍നിന്ന് ബിഗ്ഷോപ്പര്‍ വാങ്ങുമ്പോള്‍ പാത്തുമ്മ പറഞ്ഞു.


''പെരുനാളിന്ന് ജബ്ബാര്‍ ഉണ്ടാവ്വോ''.


''വര്വാണച്ചാല്‍ വരട്ടെ. അല്ല ഭാര്യടെകൂടെ കൂട്വാണച്ചാല്‍ കൂടിക്കോട്ടെ''.


''സത്യം പറ. നിനക്ക് അവന്‍ വരണംന്നില്ലേ''.


''നോക്കിന്‍. ഉമ്മാന്‍റീം വാപ്പാന്‍റീം സ്നേഹം മക്കളറിയില്ല. മകനെപ്പറ്റി ആലോചിച്ച് സങ്കടപ്പെടണ്ടാ. വന്നാ വരട്ടെ, ഇല്ലെങ്കിലോ വേണ്ടാ''. 


''അവനും പെണ്ണും ഒക്കീണ്ടെങ്കില്‍ എത്ര സന്തോഷം ഉണ്ടാവും. നമുക്ക് ഭാഗ്യൂല്യാ''.


''ഭാര്യേവിട്ടിട്ട് ഇവിടെ നിക്കേന്ന് പറയാന്‍ പാട്വോ. ഒക്കെ കണ്ടറിഞ്ഞ് ചെയ്യണ്ടതാണ്''.


കുഞ്ഞഹമ്മദ് പിന്നെ ഒന്നും പറഞ്ഞില്ല. അയാള്‍  വസ്ത്രം മാറിവന്ന് തിണ്ടിലിരുന്നു. പതിവുപോലെ ജബ്ബാര്‍ നോമ്പ് തുറക്കാനുള്ള സമയം ആവുമ്പോഴേക്കെത്തി.


''എന്താ നിന്‍റെ മുഖത്തൊരു വയ്യായ'' പാത്തുമ്മ മകനോട് ചോദിച്ചു.


''ഒന്നൂല്യാ ഉമ്മാ'' അവന്‍ പറഞ്ഞു.


''ലീവ് കഴിഞ്ഞ് പോവാറായില്ലേ. അതാവും'' കുഞ്ഞഹമ്മദ് പറഞ്ഞു.


''പോണതോണ്ടൊന്നും അല്ലാ വാപ്പാ. ആകപ്പാടെ സുഖൂല്യാ''.


''നീയാപ്പെണ്ണിന്‍റെ കാര്യം ആലോചിച്ച് വിഷമിക്കണ്ടാ. കുറ്റിച്ചൂലിനെ ഒരു മുക്കില് ഇടില്ലേ. അതുപോലെ അതിനെ മനസ്സിന്ന് മാറ്റിവെക്ക്''.


''പാത്ത്വോ. നീ എന്തു കൂട്ടാ ഈ കൂടുണത്. അവനങ്ങിനെ ചെയ്യാന്‍ പറ്റ്വോ'' കുഞ്ഞഹമ്മദ് ഇടപെട്ടു.


''അല്ലെങ്കില്‍ അനുഭവിക്ക്വേന്നെ നിവൃത്തീള്ളൂ''.


''ഞായറാഴ്ച്യാണ് പെരുനാള് വരുണ്ച്ചാല്‍ രണ്ടുദിവസംകൂടി എനിക്ക് നാട്ടിലിരിക്കാന്‍ പറ്റും. ബുധനാഴ്ച്യാണ് പോണ്ടത്''.


''പെരുനാളിന്ന് നീയുണ്ടാവ്വോ'' പാത്തുമ്മ മകനോട് ചോദിച്ചു.


''എന്താ ഉമ്മാ നിങ്ങളിങ്ങിനെ പറയുണത്. ഉമ്മാന്‍റേം വാപ്പാന്‍റേം കൂടെ അല്ലാണ്ടെ ഞാന്‍ പെരുനാള് കൂട്വോ''.


''ആരീഫ വര്വോടാ മകനേ''.


''അവളടെ കാര്യം എനിക്കറിയില്ല വാപ്പാ. അവള് ബോധിച്ചപോലെ ചെയ്തോട്ടെ''.


''നോമ്പുതുറയ്ക്കുള്ള സമയം ആവുണൂ. വര്‍ത്താനം പറച്ചില് നിര്‍ത്തിന്‍'' പാത്തുമ്മ സംഭാഷണം അവസാനിപ്പിച്ചു.


()()()()()()()()()()()


ആസ്പത്രിയില്‍നിന്ന് ഡിസ്ചാര്‍ജ്ജായി ലക്ഷ്മിയുടെ വീടെത്തുമ്പോള്‍ നേരം ആറര കഴിഞ്ഞു. 


''രാത്രിക്ക് എന്താ ഉണ്ടാക്കണ്ട്'' കാര്‍ത്ത്യായിനി അന്വേഷിച്ചു.


''ഏട്ടന്മാരും ഏടത്ത്യേമ്മമാരും പോവ്വോന്ന് അറിയില്ല'' ലക്ഷ്മി പറഞ്ഞു.


''അതൊന്ന് അന്വേഷിച്ച് പറഞ്ഞാല്‍ എന്താച്ചാല്‍ ഉണ്ടാക്കായിരുന്നു''.


ലക്ഷ്മി ഏട്ടന്മാരുടെ അടുത്തേക്ക് ചെന്നു. അവര്‍ ഭാര്യമാരോടൊപ്പം എന്താ വേണ്ടത് എന്ന് ആലോചനയിലാണ്.


''ഇനി വൈക്യാല്‍ വീടെത്താന്‍ ബുദ്ധിമുട്ടാവില്ലേ'' അവള്‍ ചോദിച്ചു.


''നിന്നെ ഇവിടെ വിട്ടിട്ട് പോവാന്‍ വയ്യ'' ഏട്ടന്‍ പറഞ്ഞു ''ശ്രീധരനും സുമതീം പൊയ്ക്കോട്ടെ. അവടെ ചെറ്യേകുട്ടീള്ളതല്ലേ''.


''അത് സാരൂല്യാ ഏട്ടാ'' സുമതി പറഞ്ഞു ''ഒരുദിവസം അവര് അഡ്ജസ്റ്റ് ചെയ്യട്ടെ''.


''എന്തിനാ ഏടത്ത്യേമ്മേ അവരെ ബുദ്ധിമുട്ടിക്കിണ്. ഇപ്പൊ എനിക്ക് അസുഖോന്നൂല്യാ. ധൈര്യായിട്ട് പൊയ്ക്കോളിന്‍''. അപ്പോഴാണ് മോഹനന്‍റെ വീട്ടുകാര്‍ എത്തിയത്.


''വയ്യാണ്ടെ കിടക്കുണ ആളെ കാണാന്‍ വരുമ്പൊ ആളതാ ഉമ്മറത്ത് വര്‍ത്തമാനംപറഞ്ഞോണ്ട് നില്‍ക്കുണൂ'' മോഹനന്‍റെ വലിയമ്മയുടെ മകള്‍ അത് പറഞ്ഞുകൊണ്ടാണ് വന്നത്.


''എന്നെ വിട്ടിട്ട് പോവാന്‍ വയ്യാന്ന് ഇവര് പറയ്യാണ്'' ലക്ഷ്മി പറഞ്ഞു ''എനിക്കിപ്പൊ ഒന്നൂല്യാന്ന് ഞാനും പറഞ്ഞു''.


''അതവരടെ സ്നേഹംകൊണ്ടാണ്''.  


''അത് അറിയാഞ്ഞിട്ടല്ല. വിവരം അറിഞ്ഞപാടെ നേരം വെളുക്കുമ്പൊ ഓടിപ്പാഞ്ഞ് വന്നതാണ്. മാറ്റാനുള്ള തുണീംകൂടി എടുത്തിട്ടുണ്ടാവില്ല. വല്യേട്ടനാണെങ്കില്‍ രണ്ടുമൂന്ന് ഗുളികീം കഴിക്കണം''.


''ഞാനൊരുകാര്യം പറഞ്ഞാല്‍ ഒന്നുംതോന്നരുത്. ലക്ഷ്മി പറഞ്ഞതിലും കാര്യൂണ്ട്. നിങ്ങള് രണ്ടുകൂട്ടരും പൊയ്ക്കോളിന്‍. ഞാനും ചെറ്യേമകനും ഇവിടെകിടന്നോളാം. നിങ്ങള് എടുക്കാനുള്ളതൊക്കെ എടുത്ത് സൌകര്യം പോലെ വന്നാ മതി''.


''വല്യേട്ടാ, ചേച്ചി പറഞ്ഞത് കേട്ടില്ലേ. അങ്ങിനെ ചെയ്താ മതി'' ലക്ഷ്മി പിന്താങ്ങി.


''ഏഴുമണി ആവാറായി. സുമതിക്ക് രാത്രിനേരത്ത് വണ്ടി ഓടിക്കാന്‍ ബുദ്ധിമുട്ടാവ്വോ'' ഏട്ടന്‍ ചോദിച്ചു.


''അതൊന്നും പ്രശ്നൂല്യാ'' സുമതി തയ്യാറായി.


''വീടെത്ത്യേതും വിളിക്കണേ'' ലക്ഷ്മി പറഞ്ഞു. എല്ലാവരും ഇറങ്ങി. കാര്‍ ഗെയിറ്റ് കടന്ന് റോഡിലേക്കിറങ്ങി.


അദ്ധ്യായം - 89.


മൊബൈല്‍ അടിക്കുന്നശബ്ദം കേട്ടതും ലക്ഷ്മി എഴുന്നേറ്റ് അതെടുത്തു. ചെറിയ ഏടത്തിയമ്മയാണ്. ഇത്രനേരത്തെ എന്താണാവോ വിളിച്ചത്. . 


''എന്താ ഏടത്ത്യേമ്മേ'' അവള്‍ കാള്‍ എടുത്തു.


''ഇപ്പൊ എങ്ങനീണ്ട്''.


''കുഴപ്പൂല്യാ. രാത്രി നന്നായി ഉറങ്ങി. ഏടത്ത്യേമ്മ വിളിച്ചിട്ടാ ഉണര്‍ന്നത്''.


''ഞാന്‍ പതിവായി ഈ നേരത്ത് എണീക്കും. പ്രത്യേകിച്ച് പണീണ്ടായിട്ടല്ല. അതൊരു ശീലം''.


''ചെറ്യേട്ടന്‍ എവിടെ''.


''എണീറ്റിട്ടില്ല. ഇന്നലെ രാത്രി ഓരോന്ന് ആലോചിച്ച് കിടക്ക്വായിരുന്നു''.


''ഇപ്പൊ ഏട്ടന്മാരടെ സങ്കടം ഞാനാണ്. ഞാന്‍ ഒറ്റയ്ക്കാണല്ലോ എന്ന വിഷമം അവര് രണ്ടള്‍ക്കൂണ്ട്''.


''ലക്ഷ്മി ആരെങ്കിലും ഒരാളടെകൂടെ നിന്നാലേ അത് മാറൂ''.


''ഇപ്പൊ ഇങ്ങനെപോട്ടേ ഏടത്ത്യേമ്മേ. വയ്യാന്ന് തോന്നുമ്പൊ ആരടേങ്കിലും കൂടെ ഞാന്‍ കൂടും''.


''ലക്ഷ്മി എപ്പൊ വേണച്ചലും ഇങ്ങിട്ട് വന്നോളൂ. കൂടപ്പിറപ്പിനെപ്പോലെ ഞാന്‍ നോക്കും''.


''അതെനിക്കറിയാം. അതാ എന്‍റെ സമാധാനം''.


''അടുത്താഴ്ച ഒരുദിവസം ഞങ്ങള് വരുണുണ്ട്''. 


''വരുണത് സന്തോഷംതന്നെ. എന്നാലും എന്തിനാ ബുദ്ധിമുട്ടുണത്''.


''ഒരു ബുദ്ധിമുട്ടൂല്യാ''.


''ചെറ്യേട്ടന്‍ ഉണര്‍ന്നാല്‍ എനിക്കൊന്നൂല്യാന്ന് പറയൂ''.


''ശരി. പറയാം''. കാളവസാനിപ്പിക്കുമ്പോള്‍ ചെറ്യേ ഏടത്ത്യേമ്മ നല്ലോണം മാറീട്ടുണ്ട് എന്ന് ലക്ഷ്മി കരുതി.


()()()()()()()()()()()


''അച്ചായന്‍ എത്തീട്ട് കുറെനേരായോ'' കുഞ്ഞഹമ്മദ് വന്നതും ചോദിച്ചു.


''ഇല്ല. എത്തിയതേ ഉള്ളൂ'' ചാക്കോ മറുപടി പറഞ്ഞു.


''ഇനി പെരുന്നാള് കഴിഞ്ഞിട്ടേ എനിക്ക് പണീള്ളൂ. അപ്പൊ ഒരുമടി. അതാ എണീക്കാന്‍ വൈക്യേത്''.


''എന്നയ്ക്കാ പെരുനാള്''.


''ചിലപ്പൊ നാള്യാവും. അല്ലെങ്കില്‍ മറ്റന്നാള്''.


''മക്കളും മരുമക്കളും ഉണ്ടാവ്വോ''.


''ഒന്നും അറിയില്ല അച്ചായോ. ജബ്ബാര്‍ ഉണ്ടാവുംന്ന് പറഞ്ഞു. അതന്നെ സമാധാനം''.


''വരാന്‍ തയ്യാറല്ലാത്തവരെക്കുറിച്ച് വിഷമിക്കരുത്. ബോധിച്ചപോലെ അവര്‍ ചെയ്യട്ടെ''.


''അതന്ന്യാ ഞാനും കരുതുണ്. 


''നാളെ പെരുനാളാണ് എന്നറിഞ്ഞാല്‍ ഉച്ചയ്ക്ക് കഴിക്കാനുള്ളത് നിങ്ങള് ഉണ്ടാക്കണ്ടാ. ഞാന്‍ കൊണ്ടുവന്ന് തരാം''.


''എന്തിനാ സായ്‌വേ ബുദ്ധിമുട്ടുണത്. അതൊന്നും വേണ്ടാ''.


''എനിക്കൊരു ബുദ്ധിമുട്ടൂല്യാ. നിങ്ങളെന്‍റെ ദോസ്താണ്. ഉച്ചയ്ക്ക് ഞാന്‍ കൊണ്ടുവരും''. 


''എങ്കില്‍ ഞാന്‍ എതിര്‍പ്പ് പറയില്ല''. വാസു അവരെ കാത്തുനില്‍ക്കുന്നത് കണ്ടു. 


''ഇനി ബാക്കി പോവുമ്പൊ പറയാം'' കുഞ്ഞഹമ്മദ് അവസാനിപ്പിച്ചു.


()()()()()()()()()()()


''നാളെ രാവിലെ മീറ്റിങ്ങ് കൂടാന്നല്ലേ ഞാന്‍ പറഞ്ഞത്. ചിലപ്പൊ നാളെ പെരുനാളാവും. അങ്ങിന്യാണച്ചാല്‍ പിന്നൊരുദിവസത്തേക്ക് മാറ്റാന്ന് കരുതി ഹാജിയാരടടുത്ത് ചോദിച്ചു. ഒരുകാര്യത്തിന്ന് ഇറങ്ങുണതന്നെ മുടക്കംവരുത്തിക്കൊണ്ട് ആവണ്ടാന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം . മീറ്റിങ്ങ് കൂടുണതിന്ന് വിരോധൂല്യാന്ന് അദ്ദേഹം പറഞ്ഞാലും നമുക്ക് അങ്ങനെ ചെയ്യാന്‍ പാട്വോ. ഒടുക്കം അദ്ദേഹത്തെക്കൊണ്ട് രാവിലത്തെ മീറ്റിങ്ങ് വൈകുന്നേരത്തിക്ക് മാറ്റിക്കോളാന്‍ ഞാന്‍ സമ്മതിപ്പിച്ചു'' ആര്‍. കെ. മേനോന്‍ ശ്രീധരമേനോനോടും പ്രൊഫസറോടും വൈകുന്നേരത്ത് പറഞ്ഞു.


''പെരുനാളായിട്ടെന്താ മീറ്റിങ്ങ് വെച്ചതേന്ന് അമ്പലത്തില്‍നിന്ന് തിരിച്ചു പോയശേഷം ഞാനും ആലോചിച്ചു'' പ്രൊഫസര്‍ പറഞ്ഞു.


''വീട്ടിലെത്തി കുറെകഴിഞ്ഞപ്പൊ ഏട്ടന്‍റെ ഫോണ്‍. പെങ്ങളെ ആസ്പത്രീല്‍ അഡ്മിറ്റാക്കിന്ന് എട്ടന്‍ പറഞ്ഞു. അതുകേട്ടതോടെ ഉള്ള സമാധാനംകൂടി പോയി. വെളുക്കുണതിന് മുമ്പ് വീട്ടിന്നിറങ്ങീട്ട് രാത്രീലാതിരിച്ചെത്ത്യേത്. അതോണ്ട് ഇതൊന്നും ആലോചിക്കാന്‍ എനിക്ക് പറ്റീലാ''.


''എന്താ പെങ്ങള്‍ക്ക്'' ആര്‍. കെ. മേനോന്‍ ചോദിച്ചു.


''ഫുഡ് പോയിസന്‍ ആണെന്നാ പറഞ്ഞത്''.


''ഒരു സാധനം വിശ്വസിച്ച് വാങ്ങികഴിക്കാന്‍ പറ്റാണ്ടായി. സര്‍വ്വത്ര മായം. നമ്മടെ കുട്ടിക്കാലത്തെ കഞ്ഞീം ചമ്മന്തീംതന്നെ നല്ലത്. കഴിച്ചാ ഒരുകേടും ഉണ്ടാവില്ല''.


''അതിന് ഇന്നത്തെ കാലത്ത് ആരാ കഞ്ഞികുടിക്ക്യാ''.


''അതും ശര്യാണ്''.


''നമുക്ക് അകത്തുകയറി തൊഴുതാലോ'' പ്രൊഫസര്‍ പറഞ്ഞതും മൂവരും സംഭാഷണം അവസാനിപ്പിച്ച് നടന്നു.


അദ്ധ്യായം - 90.


പന്ത്രണ്ട് മണിക്കുമുമ്പ് കുഞ്ഞഹമ്മദിന്‍റെ ടി.വി.എസ്. ചാക്കോയുടെ വീടിന്‍റെ മുമ്പിലെത്തി. ശബ്ദംകേട്ട് ചാക്കോ പുറത്തിറങ്ങിയപ്പോള്‍ കൂട്ടുകാരന്‍ എത്തിയിരിക്കുന്നു.


''വണ്ടി ഉള്ളിലോട്ട് കൊണ്ടുവരാം'' അയാള്‍ പറഞ്ഞു.


''വേണ്ടാ. എനിക്ക് ഇപ്പൊത്തന്നെ പോണം''.


അയാള്‍കൊണ്ടുവന്ന ബിഗ്‌ഷോപ്പര്‍ വാങ്ങി ചാക്കോ മേരിക്കുട്ടിയെ ഏല്‍പ്പിച്ചു.


''കേറി ഇരിക്ക്'' അവര്‍ ചിരിച്ചുകൊണ്ട് അതിഥിയെ സ്വീകരിച്ചു. കുഞ്ഞഹമ്മദ് അകത്തേക്ക് കയറി.


''വരിന്‍. ഏല്ലാ ഇടവും ഒന്ന് നോക്കി കാണിന്‍'' ചാക്കോ ക്ഷണിച്ചു. രണ്ടുപേരുംകൂടി വീടും പരിസരവും നടന്നുകണ്ടു. 


''കുറച്ചുസ്ഥലമേ ഉള്ളൂ. മുറികളും ചെറുതാണ്'' ചാക്കോ പറഞ്ഞു.


''എന്തിനാ അച്ചായാ കുറെസ്ഥലം. അടച്ച് കിടക്കാന്‍ ഒരു സൌകര്യം വേണം. അതേ ആവശ്യൂള്ളൂ. ഇതൊക്കെ ധാരാളം മതി''.


''അകത്തേക്ക് വരൂ'' മേരിക്കുട്ടി പറഞ്ഞതും ഇരുവരും അകത്തുവന്നു. രണ്ടുഗ്ലാസ്സില്‍ നാരങ്ങവെള്ളവും ഒരുപ്ലേറ്റില്‍ ബിസ്ക്കറ്റും മേരിക്കുട്ടി ഒരുക്കിവെച്ചിരുന്നു.


''ഇതിന്‍റ്യോന്നും ആവശ്യൂല്ല'' കുഞ്ഞഹമ്മദ് പറഞ്ഞു.


''ആദ്യമായിട്ട് വരുന്നതല്ലേ'' മേരിക്കുട്ടി പറഞ്ഞു ''കയറിതാമസിക്കുമ്പോള്‍ വിളിക്കേണ്ടതാണ്. അതിന്ന് സൌകര്യം കിട്ടിയില്ല. ഈസ്റ്റര്‍ കഴിഞ്ഞാല്‍ വീട് വെഞ്ചരിക്കും. അന്നേരം വിളിക്കും. ഭാര്യയേയുംകൂട്ടി വരണം''.


''അതിനെന്താ വരാലോ''.


''നാട് വിട്ടേച്ച് ഞങ്ങള്‍ ഇവിടെ വന്നതാണ്. ബന്ധുക്കളാരും അടുത്തില്ല. എന്തെങ്കിലും ആവശ്യം വരുമ്പോള്‍  നിങ്ങളെപ്പോലെ സുഹൃത്തുക്കള്‍ സഹായിക്കാനുണ്ടാവും എന്ന വിശ്വാസത്തിലാണ് കഴിയുന്ന്''.


''അതിനെന്താ സംശയം. ആവുന്ന സഹായം എപ്പഴൂണ്ടാവും''. കഴുകിയ പാത്രങ്ങള്‍ ബിഗ്‌ഷോപ്പറില്‍വെച്ച് മേരിക്കുട്ടികൊണ്ടുവന്നു. അതുമായി കുഞ്ഞഹമ്മദ് ഇറങ്ങി. അച്ചായന്‍ പറയാറുള്ള ഒരുകുഴപ്പൂം ഇവരില്‍ കാണാനില്ലല്ലോ എന്നയാള്‍ മനസ്സില്‍ പറഞ്ഞു.


()()()()()()()()()()()


പ്രൊഫസറും ശ്രീധരമേനോനും അഞ്ചുമണിയോടെ ആര്‍.കെ.മേനോന്‍ ആവശ്യപ്പെട്ടപ്രകാരം ഹാജിയാരുടെ ടെക്‌സ്റ്റയില്‍സിലെത്തി. വരുന്ന ആളുകളെ ഹാളിലേക്കയക്കാന്‍ കുഞ്ഞഹമ്മദ് നില്‍പ്പുണ്ട്. രണ്ടുപേരും അയാള്‍ പറഞ്ഞവഴിയിലൂടെ അകത്തേക്ക് നടന്നു.  മുപ്പതിലേറെപേര്‍ ഹാളിലുണ്ട്. ഹാജിയാരും ആര്‍.കെ.മേനോനും അവരോട് സംസാരിക്കു കയാണ്.


''വരൂ, വരൂ. നേരം ആയപ്പൊ വരില്യേന്ന് സംശയം തോന്നി'' ആര്‍.കെ. മേനോന്‍ പറഞ്ഞു. 


''കൃത്യസമയത്ത് എത്ത്യാമതീന്ന് കരുതി'' പ്രൊഫസര്മറുപടി നല്‍കി.


''പ്രിയപ്പെട്ട നാട്ടുകാരെ, നമ്മളിവിടെ കൂടിയത് ചിലപൊതുകാര്യങ്ങള്‍ ആലോചിക്കാനാണ്'' അല്‍പ്പസമയത്തിന്നുശേഷം ഹാജിയാര്‍ എഴുന്നേറ്റു നിന്ന് പറഞ്ഞു ''ഇന്ന് നമുക്ക് പതിവുരീതിയിലുള്ള സ്വാഗതം പറച്ചിലോ, അദ്ധ്യക്ഷപ്രസംഗമോ, മറ്റുപ്രസംഗങ്ങളോ, നന്ദിപറയലോ ഒന്നുംവേണ്ടാ. പക്ഷെ പ്രാര്‍ത്ഥന വേണം. എന്തിനാണ് അത് എന്നറിയ്യോ. മനുഷ്യരുടെ പ്രയത്നങ്ങള്‍ ഫലംകാണാന്‍ ദൈവത്തിന്‍റെ അനുഗ്രഹംകൂടിയേ കഴിയൂ. അതുകൊണ്ട് എല്ലാവരും ഒരുനിമിഷം എഴുന്നേറ്റുനിന്ന് പ്രാര്‍ത്ഥിക്കണം''. പ്രാര്‍ത്ഥന കഴിഞ്ഞ് എല്ലാവരും ഇരുന്നപ്പോള്‍ ഹാജിയാര്‍ തുടര്‍ന്നു


''ഇനി കാര്യത്തിലിക്ക് കടക്ക്വാണ്. കുറച്ചുദിവസംമുമ്പ് ടൌണിലിക്ക് പോവ്വായിരുന്നു. വഴിക്കൊര് ആള്‍ക്കൂട്ടം. എന്താന്ന് ചോദിച്ചപ്പോ ഒരു സ്കൂള്‍ക്കുട്ടി ബസ്സിന്ന് വീണതാണ്. ആ കുട്ടി കേറുംമുമ്പ് ബസ്സ് നീങ്ങി, അതാ വീണത് എന്നൊക്കെ കേട്ടു. ഞാന്‍ സ്കൂളില്‍ പോയിരുന്ന കാലം ഓര്‍മ്മവന്നു. ആ കാലത്ത് കുട്ട്യേളെ ബസ്സിന്ന് തള്ളിവീഴ്ത്തില്ല, ബസ്സില്‍ കേറാന്‍ സമ്മതിക്കാതിരിക്കില്ല. എന്നാലും വല്യേ ബുദ്ധിമുട്ടാണ്. അത്ര തിരക്കാണ് ബസ്സിലൊക്കെ. എനിക്കൊരുസൈക്കിളുണ്ടായിരുന്നു. ഞാന്‍ അതിലാ സ്കൂളില്‍ പോവ്വാറ്. ചിലപ്പോള്‍ രാമന്‍കുട്ടിമേനോനുണ്ടാവും. രണ്ടാളുംകൂടി ഡബിള്‍സ് പോവും. ഇതൊക്കെ എന്താ പറയുണ്ച്ചാല്‍ ഇന്നും ആ അവസ്ഥേല് മാറ്റം വന്നിട്ടില്ലാന്ന് അറിയാനാണ്. നമ്മളുടെ നാടിന്‍റെ എല്ലാ ഭാഗത്തും സ്കൂളുണ്ട്. പക്ഷെ ഇവടീല്യാ. ഈ നാട്ടിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ പുറമെ എവിടേക്കെങ്കിലും പോണം.  ആ സ്ഥിതി മാറണം. ഇവിടെ പഠിക്കാനുള്ള സൌകര്യംവേണം. അതുപോലെ നമുക്ക് ആസ്പത്രി വേണം. ഇതൊക്കെ ഉണ്ടാക്കാന്‍ നമ്മള്‍ പരിശ്രമിക്കണം. ഈ വയസ്സാന്‍ കാലത്ത് നമ്മള്‍ വിചാരിച്ചാല്‍ ഇത് സാധിക്ക്യോന്ന് സംശയം തോന്നാം, എന്തിനാ ഇതൊക്കെ എന്ന് ആരെങ്കിലും ആലോചിക്കാം. അത് രണ്ടും ഒരുപോലെ തെറ്റാണ്. എന്‍റെ ജീവിതത്തില്‍ ചെയ്യാനുള്ളതൊക്കെ ചെയ്തു. ഇനി ചാവുന്നവരെ ഇങ്ങന്യോക്കെ കഴിഞ്ഞാ മതി എന്നചിന്ത ആദ്യം മാറ്റണം. സ്കൂളുണ്ടാക്കാന്‍ സ്ഥലംവേണം കെട്ടിടങ്ങള്‍ വേണം, സര്‍ക്കാറിന്‍റെ സഹായംവേണം എന്നൊക്കെ തോന്നുണുണ്ടാവും. എല്ലാം ഉണ്ട് എന്ന് മനസ്സിലാക്ക്യാല്‍മതി. തല്‍ക്കാലം ഞാന്‍ നിര്‍ത്തുന്നു. ബാക്കി നമ്മടെ നമ്പൂരിമാഷ് പറയും'' ഹാജിയാര്‍ ഇരുന്നു.


''എല്ലാവര്‍ക്കും എന്‍റെ നമസ്ക്കാരം'' നമ്പൂരിമാഷ് സംസാരിക്കാന്‍ തുടങ്ങി. 


''ഈ യോഗത്തില്‍ പങ്കെടുക്കുന്ന നാമെല്ലാവരും വാര്‍ദ്ധക്യത്തിലേക്ക് കാലൂന്നിയവരാണ്. ജീവിതത്തില്‍ ചെയ്യേണ്ടകാര്യങ്ങള്‍ നിര്‍വ്വഹിച്ച് വിശ്രമജീവിതം നയിക്കേണ്ട കാലമാണ് വാര്‍ദ്ധക്യകാലം. നമ്മളില്‍ ചിലരെങ്കിലും കുടുംബം പുലര്‍ത്താന്‍ വേണ്ടി പണിയെടുക്കുന്നുണ്ട് എന്നവസ്തുത ഞാന്‍ വിസ്മരിക്കുന്നില്ല.  എങ്കിലും പൊതുവെ ഒന്നും ചെയ്യാനില്ലാതെ ജീവിതം തള്ളിനീക്കുകയാണ് ഭൂരിഭാഗം ആളുകളും. നമ്മളെക്കൊണ്ട് കുടുംബത്തിനോ സമൂഹത്തിനോ ആവശ്യമില്ല എന്ന ചിന്തയാണ് പലര്‍ക്കും. അതായത് നമ്മള്‍തന്നെ നമ്മളെ അപ്രസക്തരായി കാണുന്നു എന്നര്‍ത്ഥം''. അദ്ദേഹം ഒന്നുനിര്‍ത്തി എല്ലാവരേയും നോക്കി. സദസ്യര്‍ ശ്രദ്ധയോടെ കേള്‍ക്കുന്നുണ്ട്.


''ഇനി ഞാനൊരുകാര്യം ചോദിക്കട്ടെ. തീരെകിടപ്പിലാവുന്നതുവരെ സ്ത്രീ പുരുഷഭെദം കൂടാതെ വയസ്സായവര്‍ എന്തെങ്കിലുമൊക്കെ പണിചെയ്യും. എന്തെങ്കിലും സാധനംവാങ്ങിക്കാനോ അതുമല്ലെങ്കില്‍ ചെറിയകുട്ടികളെ നോക്കാനോ അതുപോലെ ചെറിയ കാര്യങ്ങള്‍ക്കോ വയസ്സായവരുടെ സേവനം വീട്ടുകാര്‍ ഉപയോഗപ്പെടുത്താറുണ്ട്. അതുപോലെ ചിലതെല്ലാം സമൂഹത്തിന്നുവേണ്ടിയും നമുക്ക് ചെയ്യാന്‍ കഴിയും. അതിന് വേണ്ടത് പ്രവര്‍ത്തിക്കാനുള്ള മനസ്ഥിതിമാത്രമാണ്. നമ്മള്‍ പ്രവര്‍ത്തിക്കണം. ഈ നാടിന്‍റെ ആവശ്യങ്ങള്‍ നമ്മള്‍ സാധിച്ചെടുക്കണം. നമ്മള്‍ അപ്രസക്തരല്ല പ്രസക്തരാണ് എന്ന് തെളിയിക്കണം'' അദ്ദേഹം അവസാനിപ്പിച്ചു. 


ഹാജിയാരും, ആര്‍.കെ. മേനോനും, പ്രൊഫസറും, ശ്രീധരമേനോനും. ഫൈസല്‍ മാഷും. നമ്പൂരിമാഷും. പീറ്ററും ഖാദറും അടങ്ങിയ ഒരു പ്രവര്‍ത്തകസമിതി ഉണ്ടാക്കി അടുത്തയോഗത്തില്‍ തീരുമാനങ്ങള്‍ എടുക്കാമെന്ന ധാരണയോടെ യോഗംപിരിഞ്ഞു.


No comments:

Post a Comment