അദ്ധ്യായം - 51.
''അച്ചായോ, നമ്മടെ വാസൂന്‍റെ രണ്ടാമത്തെചെക്കന്‍ കാട്ടിക്കൂട്ട്യേ പണി അറിഞ്ഞ്വോ'' കാലത്ത് നടക്കാനിറങ്ങിയ കുഞ്ഞഹമ്മദ് ചാക്കോവിനെ കണ്ടതും ചോദിച്ചു.
''ഏതോ തമിഴത്തിപ്പെണ്ണിനെ ആ ചെറുക്കന്‍ കേറിപിടിച്ചതും ഒരുത്തന്‍റെ തല തല്ലിപ്പൊളിച്ചതും അല്ലേ''.
''അപ്പൊ നിങ്ങള് വിവരം അറിഞ്ഞിരിക്കുണൂ. ബാക്കി നിങ്ങക്കറിയ്യോ''.
''വേറൊന്നും എനിക്കറിയത്തില്ല''.
''പോലീസ് ആ ചെക്കനെ പിടിച്ചോണ്ടുപോയി. കേസ്സുംകൂട്ടൂം ആക്കാണ്ടെ കഴിക്കാന്‍ വല്യേതുക ചിലവായീന്നാ കേട്ടത്''.
''അതാ വാസു ഇന്നലെ നടക്കാന്‍ വരാഞ്ഞത്. ഇന്ന് കാണുമ്പോള്‍ നമുക്ക് വിശദമായി ചോദിച്ച് അറിയാന്നേ''. എന്നാല്‍ പതിവുസ്ഥലത്ത് വാസു ഉണ്ടായിരുന്നില്ല.
''ഇന്നും ആ മൂപ്പരെ കാണാനില്ലല്ലോ'' കുഞ്ഞഹമ്മദ് പറഞ്ഞു.
''സായ്‌വേ. നമുക്ക് വാസുവിന്‍റെ വീട്ടിലേക്ക് പോയാലോ. ഒരു മനുഷ്യന്‍ സങ്കടപ്പെട്ടിരിക്കുമ്പോള്‍ ആശ്വസിപ്പിക്കേണ്ടത് കൂട്ടുകാരുടെ കടമയല്ലേ''.
''അവനെന്തെങ്കിലും തോന്ന്വോ''.
''എന്തു തോന്നാനാ. നമ്മള്‍ പോവുന്നു, കാണുന്നു, വിവരം തിരക്കുന്നു, തിരിച്ചുപോരുന്നു. അല്ലാതെ കടം ചോദിക്കാന്‍ പോവുന്നതല്ലല്ലോ''.
കൂട്ടുകാര്‍ വാസുവിന്‍റെ വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു.
''ഇത്ര പുലര്‍ച്ചെ ചെല്ലുണത് ഇഷ്ടാവ്വോ എന്ന് എനിക്കൊരു സംശയം '' കുഞ്ഞഹമ്മദ് തന്‍റെ മനസ്സില്‍ തോന്നിയത് തുറന്നുപറഞ്ഞു.
''ഇപ്പോള്‍ പോയില്ലെങ്കില്‍ പിന്നെ സൌകര്യപ്പെടില്ല. നിങ്ങള്‍ക്ക് പണിക്ക് പോവാനുള്ളതാണ്''. പിന്നെ അയാള്‍ എതിരൊന്നും പറഞ്ഞില്ല. അവര്‍ എത്തുമ്പോള്‍ വാസുദേവന്‍ വീട്ടുമുറ്റത്ത് നടക്കുകയാണ്. കൂട്ടുകാര്‍ക്ക് കാര്യം മനസ്സിലായി. നാണക്കേടുകൊണ്ടാണ് വീടിന്‍റെ വെളിയിലേക്ക് വാസു ഇറങ്ങാത്തത്.
''വാസുവേ, ഇങ്ങോട്ടൊന്ന് നോക്കിക്കേ'' ചാക്കോ ഉറക്കെ വിളിച്ചു. ഗെയിറ്റിനടുത്ത് ചാക്കോയും കുഞ്ഞഹമ്മദും നില്‍ക്കുന്നതാണ് വാസുദേവന്‍ കണ്ടത്. അയാള്‍ അവരുടെ അടുത്തേക്ക് ചെന്നു.
''എന്താ രണ്ടാളുംകൂടി ഈ നേരത്ത്'' അയാള്‍ ചോദിച്ചു.
''നിങ്ങളെ കാണാന്‍തന്നെ. ഇന്നലേയും നടക്കാന്‍ കണ്ടില്ല, ഇന്നും കണ്ടില്ല. അപ്പോള്‍ അന്വേഷിച്ചിറങ്ങിയതാണ്'' ചാക്കോ പറഞ്ഞു.
''വരിന്‍ . ഉള്ളിലിരിക്കാം'' വാസുദേവന്‍ കൂട്ടുകാരെ ക്ഷണിച്ചു.
''അതൊന്നും വേണ്ടാ. നമുക്ക് ഇവിടെ ഇരിക്യാ'' കുഞ്ഞഹമ്മദ് അടുത്തുള്ള കുട്ടിമതിലില്‍ ഇരുന്നു, തൊട്ടടുത്ത് വാസുവും ചാക്കോവും.
''എന്താ നിങ്ങള് നടക്കാന്‍ വന്നില്ല'' കുഞ്ഞഹമ്മദ് ചോദിച്ചു.
''ആകക്കൂടി ഒരു സുഖൂല്യാ. അതാ ഇറങ്ങാഞ്ഞത്''വാസു പറഞ്ഞത്.
''ഞങ്ങള് ഏതാണ്ടൊക്കെ കേട്ടു. അതാ വന്നത്. എന്താ സംഗതി''. വാസു ഒന്ന് മടിച്ചുനിന്നു.
''ഇഷ്ടൂല്യെങ്കില്‍ പറയണ്ടാ''.
വാസു ആലോചിച്ചു. നാണക്കേട് നാട് മുഴുവന്‍ അറിഞ്ഞു. ഇനിയെന്ത് മറച്ചുവെക്കാന്‍. മാത്രമല്ല, പറഞ്ഞില്ലെങ്കില്‍ ഇവര്‍ക്ക് തന്നോട് നീരസം തോന്നാനും മതി. വാസു സംഭവം മുഴുവന്‍ വിവരിച്ചു.
''ഇവനെക്കൊണ്ട് തീരെ തോറ്റു. എന്താ വേണ്ടത് എന്നറിയാതായി'' വാസു സങ്കടം പറഞ്ഞു.
''കുറ്യോക്കെ പ്രായത്തിന്‍റെ കേടാണ്. ചിലപ്പൊ അവന് വേണ്ടാത്തത് പറഞ്ഞുകൊടുക്കാന്‍ ചില ചങ്ങാത്യേളുണ്ടാവും. കൂട്ടുകെട്ട് വിട്ടാല്‍ തന്നെനന്നാവും''.
''എന്തോ കണ്ടന്നെഅറിയണം. മനുഷ്യരടെ മുഖത്ത് നോക്കാന്‍പറ്റാണ്ടായി. അതല്ലേ പറയണ്ടൂ'' വാസുവിന്‍റെ വാക്കുകളില്‍ ദുഃഖമുണ്ട്.
''നോക്ക് വാസ്വോ. എല്ലാ ദോശേലും ഓട്ടീണ്ട്. ഓരോരുത്തര്‍ക്ക് ഓരോ പ്രയാസങ്ങള്''.
''ഞാന്‍ നോക്കുമ്പൊ ഇങ്ങനത്തെ ഗതികേട് എനിക്കേ ഉള്ളൂ''.
''അത് തോന്നലാണ്. നാട്ടിലിറങ്ങി അന്വേഷിച്ചു നോക്കണം. അപ്പൊ അറിയാം മക്കള് കാരണം സങ്കടപ്പെടുണ ആളുകള് എത്രീണ്ടെന്ന്''
''എനിക്ക് രണ്ട് പെണ്‍കുട്ടികള്‍ ആയത് ഒരുകണക്കിന് നന്നായി. രണ്ട് ചെറുക്കന്മാരെ കണ്ടെത്തി കെട്ടിച്ചുവിട്ടതോടെ മനപ്രയാസം തിര്‍ന്നു''.
''ഒന്നും പറയാന്‍ പറ്റില്ല എന്‍റച്ചായോ, ശ്വാസം നില്‍ക്കിണവരെ എന്തും ഉണ്ടാവാം.പിള്ളരെക്കൊണ്ട് ദുഖിക്കണ്ട അവസ്ഥവരാതെ പോയിക്കിട്ട്യാ മതി''.
''വീട്ടില്‍ ചടഞ്ഞുകൂടി ഇരിക്കുമ്പോള്‍ ഉള്ള ദുഃഖം കൂടും. പുറത്തിറങ്ങി പത്തുപേരെ കാണ്. അവരോട് സംസാരിക്ക്. പകുതി വിഷമം അങ്ങിനെ തീരും''.
''അച്ചായാ, ഉള്ളകാര്യം പറയാലോ. ഇത്രകാലം കൃഷിപ്പണീം നോക്കി വീട്ടില് കൂട്യേതാണ് ഞാന്‍. അതിന്‍റെ അറിവേ എനിക്കുള്ളു. പാടത്ത് പണിക്കാരും ഓരോ ആവശ്യത്തിന്ന് വരുന്നോരും അല്ലാതെ ദിവസൂം കാണും സംസാരിക്കും ചെയ്യുണ രണ്ടേ രണ്ടുപേര് നിങ്ങളാണ്''.
''ഞങ്ങള്‍ക്കും അത്രവല്യേ ലോകപരിചയൂല്യാ. എന്നാലും പറയ്യാണ്. നിങ്ങള് ഇങ്ങിനെ വീട്ടില്‍ ഒതുങ്ങികൂടാണ്ടെ വെളീലിറങ്ങിന്‍. നാട്ടില് ചിലതൊക്കെ വരാന്‍ പോണുണ്ട്. അതില് നിങ്ങളെക്കൊണ്ട് ആവുണ പോലെ സഹകരിക്കിന്‍''.
''അതെന്താ സായ്‌വേ. വരാന്‍ പോണത്'' ചാക്കോ ചോദിച്ചു. സ്കൂളും ആസ്പത്രിയും ഉണ്ടാക്കാന്‍ ഹാജിയാര്‍ ഉദ്ദേശിക്കുന്ന കാര്യം അയാള്‍ വെളിപ്പെടുത്തി.
''സംഗത്യോക്കെ നന്ന്. പക്ഷെ അവരൊക്കെ വല്യേവല്യേ ആള്‍ക്കാരാ. നമ്മളെ കണ്ണില്‍പിടിക്കില്ല'' വാസു മനസ്സിലുള്ളത് അറിയിച്ചു.
''അത് വെറുതെതോന്ന്വാണ്. കൂടെകൂടി ചതിക്കാന്‍ പാടില്ല. ഹാജ്യാരുക്ക് അതേ വേണ്ടൂ''.
''സമയം ആവുമ്പൊ പറയിന്‍. എന്താ വേണ്ടേച്ചാല്‍ ചെയ്യാം'' വാസു ഏറ്റു.
''എന്നാ ഞങ്ങള് പോട്ടെ. നാളെ മുതല്‍ക്ക് നടക്കാന്‍ വരണം'' കൂട്ടുകാര്‍ എഴുന്നേറ്റു.
''ചായ ആയിട്ടുണ്ട്. വരിന്‍'' വിജയം വിളിച്ചതുകേട്ട് വാസു കൂട്ടുകാരെ നിര്‍ബ്ബന്ധിച്ച് ഉമ്മറത്തേക്ക് കൂട്ടിക്കൊണ്ട് നടന്നു. തിട്ടിലിരുന്ന് മൂന്നാളും ചായ കുടിച്ചു.
''അപ്പൊ ഇനി യാത്രീല്യാ. നാളെ കാണാം'' കുഞ്ഞഹമ്മദ് എഴുന്നേറ്റു.
''വീട്ടില്‍ പ്ലാവുണ്ടോ'' വാസു ചോദിച്ചു ''ഇല്ലെങ്കില്‍ നല്ല ഇടിച്ചക്കീണ്ട്. കൊണ്ടുപോയി കൂട്ടാന്‍ വെച്ചോളിന്‍''. മതിലോരത്തെ പ്ലാവില്‍ നിന്ന് അയാള്‍ നാല് ഇടിച്ചക്ക പറിച്ചു. കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലപറിച്ച് മുളഞ്ഞ് ആവാതിരിക്കാന്‍ അയാള്‍ ഞെട്ടിയില്‍ പറ്റിച്ചു.
''രണ്ടാളും എടുത്തോളിന്‍. ഇടയ്ക്ക് വന്നാല്‍ ചക്ക്യോ മാങ്ങ്യോ എന്താ എന്നുവെച്ചാല്‍ കൊണ്ടുപോവാം'' വാസുദേവന്‍ പറഞ്ഞു. രണ്ടുകയ്യിലും ഇടിച്ചക്കയുമായി കൂട്ടുകാര്‍ തിരിച്ചുനടന്നു.
അദ്ധ്യായം - 52.
''ശ്രീധരാ, ഇനി രണ്ടേരണ്ടുദിവസേള്ളൂ. നാളെ പതിനാല്. മറ്റന്നാള്‍ പുല പോവും. അത് കഴിഞ്ഞാല്‍ പിന്നെ എന്താവേണ്ടത് എന്നാലോചിക്കണ്ടേ'' രാവിലെ ആഹാരം കഴിഞ്ഞിരിക്കുമ്പോള്‍ ഏട്ടന്‍ അയാളോട് ചോദിച്ചു. അനിയത്തിയുടെ ഇനിയുള്ള ജീവിതത്തെക്കുറിച്ചാണ് ഏട്ടന്‍ പറയുന്നത്. അവളെ സംരക്ഷിക്കേണ്ട ചുമതല രണ്ടുപേര്‍ക്കുമുണ്ട്. വാസ്തവത്തില്‍ ഇത്രദിവസവും അയാളും ഈ കാര്യം ആലോചിക്കുകയായിരുന്നു.
''ഞാനും ഈ കാര്യം ആലോചിക്കായ്കയില്ല. എങ്ങിനെ വേണംന്ന് ഏട്ടന്‍ തീരുമാനിച്ചോളൂ'' അയാള്‍ പറഞ്ഞു.
''ഒരുമാസോങ്കിലും നമ്മളാരെങ്കിലും അടുത്തുവേണ്ടേ. അത് കഴിഞ്ഞാല്‍ അവള്‍ എന്‍റ്യോ നിന്‍റ്യോ കൂടെ കഴിയട്ടെ. ഈ നാട്ടില് അവളെ ഒറ്റയ്ക്ക് വിടാന്‍ നമുക്ക് പറ്റ്വോ''.
''നമ്മള് രണ്ടാളും ഉണ്ടായിട്ട് അവള് അനാഥേപ്പോലെ കഴിയാന്‍ പാടില്ല''.
''അതന്നെ എന്‍റെ മനസ്സിലും ഉള്ളത്. എന്നാ പിന്നെ നമുക്ക് അങ്ങിന്യങ്ങിട്ട് തീരുമാനിക്ക്യാല്ലേ''.
''ഏടത്ത്യേമ്മടെ അടുത്ത് ചോദിക്കണ്ടേ''.
''ആയിക്കോട്ടെ. സുമതീം ഉണ്ടല്ലോ. പാര്‍വ്വതിടേം അവളടേം അഭിപ്രായം ചോദീക്കാം''.
''നല്ലകാലത്തിന് ഇപ്പൊ പുറമെ ആരൂല്യാ. നമ്മടെ കാര്യം നമുക്ക് ആരേം അറിയിക്കാതെ സംസാരിക്കാക്കാന്‍ പറ്റും''.
''പാര്‍വ്വതീ'' ഏട്ടന്‍ നീട്ടി വിളിച്ചു ''സുമത്യേംകൂട്ടി താന്‍ ഒന്നിങ്ങട്ട് വരൂ''. ഏടത്തിയമ്മയും സുമതിയും ഉമ്മറത്ത് വന്നുനിന്നു.
''ഇരിക്കിന്‍. നിങ്ങടെ അഭിപ്രായം അറിയാനാവിളിച്ചത്'' ഏട്ടന്‍ പറഞ്ഞു ''രണ്ടുദിവസം കഴിഞ്ഞാല്‍ ചടങ്ങൊക്കെ തീരും. പിന്നെ ലക്ഷ്മി ഇവിടെ ഒറ്റയ്ക്കാവും. അവളെ തനിയെ വിടാന്‍ പറ്റ്വോ''.
''എന്നിട്ട് എന്താ ഉദ്ദേശിച്ചിരിക്കിണ്'' ഏടത്തിയമ്മ ചോദിച്ചു.
''ഒരുമാസം തികയുന്നവരെ നമ്മള് രണ്ടുകൂട്ടര് മാറിമാറി നില്‍ക്ക്വാ. അത് കഴിഞ്ഞ് അവള് ആരെങ്കിലും ഒരാളടെകൂടെ കഴിയട്ടെ''.
''അപ്പൊ ഈ വീടും സ്ഥലൂം ഒക്കെ എന്താ ചെയ്യാ''.
''തല്‍ക്കാലം പൂട്ടിയിട്വാ. പിന്നെ പാകംപോലെ വിറ്റ് കാശാക്ക്വാ''.
''ലക്ഷ്മിടെ അഭിപ്രായം ചോദിക്കണ്ടേ''.
''ഓ. അങ്ങിന്യൊരുകാര്യൂണ്ടല്ലോ. അവളെ വിളിക്ക്. ഇവിടീപ്പൊ പുറമെ ആരൂല്യല്ലോ''. ഏടത്തിയമ്മ അകത്തുചെന്ന് ലക്ഷ്മിയെ കൂട്ടിവന്നു. ഏട്ടന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ലക്ഷ്മി എല്ലാം ശ്രദ്ധിച്ചുകേട്ടു.
''ഇതൊക്ക്യാണ് ഞങ്ങള് കണ്ടിരിക്കുണ്. ഇനി മോളടെ അഭിപ്രായംപറയ്''.
''എന്‍റെ കാര്യത്തില്‍ ഏട്ടന്മാര്‍ക്കുള്ള ശുഷ്ക്കാന്തികാണുമ്പൊ സത്യത്തില്‍ എനിക്ക് വലിയ സന്തോഷൂണ്ട് എന്നാലും എന്തെങ്കിലും ചെയ്യുമ്പൊ പല കാര്യങ്ങളും ആലോചിക്കണ്ടേ''.
''വേണോലോ. അതല്ലേ നിന്‍റടുത്ത് ചോദിക്കുണത്''.
''കല്യാണം കഴിഞ്ഞ് ഈ നാട്ടില് ഞാന്‍ എത്തീട്ട് പത്തുനാല്‍പ്പത് കൊല്ലം കഴിഞ്ഞു. ഇപ്പൊ എന്‍റെ നാട് ഏതാന് ചോദിച്ചാല്‍ ഇതാണന്നേ പറയൂ''.
''അതോണ്ടെന്താ''.
''എനിക്ക് ഇവിടംവിട്ട് വരാന്‍ പറ്റില്ല. എന്നെ ദ്രോഹിച്ചിട്ടേ ഉള്ളൂച്ചാലും മോഹനേട്ടന്‍റെ ആത്മാവ് ഇവിടെത്തന്നേണ്ടാവും. ഞങ്ങള്‍ക്ക് ഈശ്വരന്‍ മക്കളെ തന്നില്ല. അതോണ്ട് പോയ ആളെക്കുറിച്ച് ആലോചിച്ച് കഴിയാന്‍ ഞാനേ ഉള്ളൂ. ഞാനുംകൂടി പോയാല്‍ ആ ആത്മാവ് അനാഥാവില്ലേ''.
''എന്നിട്ട് എന്താ നിന്‍റെ ഉദ്ദേശം ''.
''ഞാനിവിടെ കഴിയും''.
''ഒറ്റയ്ക്കോ''.
''കാര്‍ത്ത്യായിനി കൂടെനില്‍ക്കാന്ന് പറയുണുണ്ട്''.
''നിന്നെ ഇവിടെ വിട്ടിട്ട് ഞങ്ങളെങ്ങന്യാ സമാധാനത്തില്‍ കഴിയ്യാ''.
''ഏട്ടന്‍ വിഷമിക്കണ്ടാ. മോഹനേട്ടന്‍ മരിക്കുമ്പൊ ഞാന്‍ ഒറ്റയ്ക്കേ ഉള്ളൂ. എന്നിട്ടും ഞാന്‍ പിടിച്ചുനിന്നില്ലേ ഏട്ടാ. ഇരിക്കുമ്പൊ സ്നേഹിക്കുന്നോര് മരിച്ചാല്‍ ദ്വേഷിക്കും, ദ്രോഹിച്ചോര് സഹായിക്കും എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങിന്യാണച്ചാല്‍ മോഹനേട്ടന്‍ എന്നെ സഹായിക്കും''.
''ചുറ്റുഭാഗത്തുള്ളോരെയൊക്കെ മോഹനന്‍ വെറുപ്പിച്ചിട്ടുണ്ട്. അവരുടെ സഹായം കിട്ട്വോ''.
''കിട്ടും. മോഹനേട്ടന്‍ മരിച്ചൂന്ന് തോന്ന്യെപ്പോ ഞാന്‍ നേരെ ഓടിചെന്നത് നാരായണന്‍ മാഷടെ വീട്ടിലിക്കാണ്. ഒന്നും പറയാതെ അദ്ദേഹം എന്‍റെ കൂടെ വന്നു. ഈ പടി ചവിട്ടില്ലാന്ന് പറഞ്ഞ പലരും അന്നെത്തി''.
''ഞങ്ങള് എന്താ ചെയ്യണ്ട്''.
''ഏട്ടന്മാര് പൊയ്ക്കോളിന്‍. ഞാനിവിടെ കഴിഞ്ഞോളാം. എന്തെങ്കിലും ആവശ്യൂണ്ടെങ്കില്‍ ഫോണുണ്ട്. വിളിക്കും പറയും ചെയ്യാലോ''.
''നിങ്ങള് രണ്ട് പെണ്ണുങ്ങള് ആണ്‍തുണ ഇല്ലാതെ എങ്ങിനെ കഴിയും''.
''കാര്‍ത്ത്യായിനിടെ ബാലമാമ അവളടെ വീട്ടില്‍ കഴിയും. എല്ലാദിവസൂം അയാള്‍വന്ന് ഞങ്ങടെ കാര്യങ്ങള്‍ അന്വേഷിക്കും. രാത്രി അവിടെപോയി കിടക്കും''.
''നിന്നെ ഞങ്ങള്‍ രണ്ടാളും ഞങ്ങടെ വീട്ടിലിക്ക് കൂട്ടീട്ട് പോണുണ്ട്. നല്ല ദിവസം നോക്കി കൂട്ടീട്ട് പോയാലേ എന്തെങ്കിലും ആവശ്യൂണ്ടെങ്കില്‍ നിനക്ക് വരാന്‍ പറ്റു''.
''അതിന് വിരോധൂല്യാ. ഞാന്‍ രണ്ടാളടെ വീട്ടിലും വരുണുണ്ട്. കുറച്ചു ദിവസം ഇരുന്നിട്ട് ഇങ്ങിട്ടന്നെ പോരും''.
''ഞങ്ങള് നിനക്കുവേണ്ടി എന്തെങ്കിലും ചെയ്യാനുണ്ടോ''.
''അപ്പറത്ത് കാണുണ മൊട്ടക്കുന്നില്ലേ. അത് മോഹനേട്ടന്‍ കേസ്സ് കൊടുത്ത് നേട്യേതാണ്. അത് കയ്യില്‍ വന്നശേഷം സൂക്കട് ഒഴിഞ്ഞ നേരൂല്യാ. അത് അവര്‍ക്ക് മടക്കികൊടുക്കണംന്നുണ്ട്. അതൊന്ന് ശര്യാക്കിത്തരണം''.
''അത് ചെയ്യാലോ. ഇനി എന്തെങ്കിലൂണ്ടോ''. ലക്ഷ്മി ആലോചനയിലായി. അവളുടെ കണ്ണുകള്‍ നിറഞ്ഞു.
''എന്താ മോളേ ഒരു സങ്കടം''.
''പത്തുപന്ത്രണ്ട് കൊല്ലംമുമ്പ് ശബരിമലയ്ക്ക് ഒരു നെയ്ത്തേങ്ങ കൊടുത്തയക്കണം എന്നൊരു മോഹം തോന്നി. അടുത്തുള്ളൊരു ഗുരുസ്വാമിടടുത്ത് ഞാന്‍ ആ വിവരം പറഞ്ഞു. കുട്ടി ഒരുതേങ്ങീം നെയ്യുംഒരുക്കിവെച്ചോളൂ. ഞാന്‍ കൊണ്ടുപോവാന്ന് ഗുരുസ്വാമി പറയുംചെയ്തു. ഞാന്‍തന്നെ പാലുവാങ്ങി ശുദ്ധായ നെയ്യുണ്ടാക്കി. നാളികേരൂംഒരുക്കി. അപ്പഴാ മോഹനേട്ടന്‍ ആ വിവരം അറിയിണ്''. ലക്ഷ്മി വീണ്ടും കണ്ണുതുടച്ചു.
''എന്നിട്ടെന്തുണ്ടായി''.
''ആരോട് ചോദിച്ചിട്ടാടി നീയിതൊക്കെചെയ്തത് എന്നുചോദിച്ച് എന്നെ പൊതിരെതല്ലി. നാളികേരം എറിഞ്ഞുപൊട്ടിച്ചു. നെയ്യെടുത്ത് ദോശചുട്ട് തിന്നു. അന്ന് പ്രാര്‍ത്ഥിച്ചതാ എന്നെങ്കിലും കെട്ടുനിറച്ച് നെയ്ത്തേങ്ങയും ആയിട്ട് ഞാന്‍ ചെല്ലുംന്ന്. അതൊന്ന് എന്‍റെ ഏട്ടന്മാര് സാധിപ്പിച്ച് തരണം. ഇവിടുന്ന് ആള്‍ക്കാര് പോവാഞ്ഞിട്ടല്ല. എന്നാലും എന്‍റെ ഏട്ടന്മാരുടെ കൂടെ പോണ സന്തോഷം കിട്ടില്ലല്ലോ''.
''അത് പ്രയാസൂള്ള കാര്യോല്ല. എന്നാലും എന്തിനാ മോഹനന്‍ അങ്ങിനെ ചെയ്തേന്ന് മനസ്സിലാവുണില്യാ''.
''ഒന്നാമത് താനൊരു നിരീശ്വരവാദിയാണെന്ന തോന്നലാണ്. ഭാര്യീം അങ്ങിനെ വേണംന്ന് നിര്‍ബ്ബന്ധൂം ഉണ്ട്. രണ്ടാമത് എല്ലാം ചോദിച്ച് സമ്മതംവാങ്ങീട്ടേ ചെയ്യാവൂ എന്നൊരു ചിട്ട്യാണ്. അത് തെറ്റിച്ചില്ലേ''.
''നീ ഇങ്ങന്യോക്കെ പറഞ്ഞാലും എനിക്കൊരു സമാധാനൂല്യാ. രണ്ടോ മൂന്നോ ദിവസം കൂടുമ്പൊ ഞാനോ ശ്രീധരനോ ഇവിടെവന്ന് നിന്‍റെ കാര്യങ്ങള്‍ അന്വേഷിക്കും''.
''ധാരാളായി. ചോദിക്കാനും പറയാനും ആളുണ്ടെന്ന് മനസ്സിലായാല്‍ ആരും എന്നെ ഒന്നും ചെയ്യില്ല''.
വീട് അടിച്ചുതുടയ്ക്കാന്‍ പോയ കാര്‍ത്ത്യായിനിയും കൂടെ ചെന്ന ബാലചന്ദ്രനും തിരിച്ചുവരുന്നത് കണ്ടു. സംഭാഷണം അവസാനിപ്പിച്ച് ലക്ഷ്മി അകത്തേക്ക് പോയി
അദ്ധ്യായം - 53.
പന്ത്രണ്ടുമണിയോടെയാണ് ഹാജിയാരും ഭാര്യയും ആര്‍.കെ.മേനോന്‍റെ വീട്ടിലെത്തിയത്. മക്കളും ഭാര്യമാരും പേരകിടാങ്ങളും ഉണ്ടാവില്ല എന്ന് നേരത്തെ അയാള്‍ വിളിച്ചറിയിച്ചിരുന്നു.
''ഇന്ന് ഇവളുടെ കുടുംബത്തില്‍പ്പെട്ട ഒരുനിക്കാഹുണ്ട്. ഇങ്ങട്ട് വരാന്ന് പറയുമ്പൊ അതിന്‍റെ ഓര്‍മ്മീല്ല. ചെന്നില്ലെങ്കില്‍ പ്രമാണിമാരായതോണ്ട് ചെന്നില്ലാന്നേ പറയൂ. ആ കുറ്റംപറയണ്ടാ. എല്ലാരുംകൂടി നിക്കാഹിന്ന് ചെന്നു. ഞങ്ങള് രണ്ടാളൊഴിച്ച് ബാക്കി എല്ലാരേം അവിടെ നിര്‍ത്തീട്ട് ഞങ്ങള് പോന്നു'' വീട്ടില്‍ കേറുമ്പൊത്തന്നെ ഹാജിയാര്‍ പറഞ്ഞു.
''എന്നാല്‍ ഇന്യൊരുദിവസം ആവായിരുന്നു. അപ്പൊ എല്ലാര്‍ക്കുംകൂടി വരാലോ'' മേനോന്‍ പറഞ്ഞു.
''അതിന് കുഴപ്പൂല്യാ. ഇന്യൊരുദിവസം ഞങ്ങളെല്ലാരുംകൂടി വരാം. വാക്ക് പറഞ്ഞത് വാക്കായിരിക്കണം. അതാ ഇന്നന്നെ വന്നത്''.
''അത് നന്നായി. അപ്പൊ രണ്ടുതവണ ഇവിടെ കൂടാന്‍ പറ്റ്വോലോ''.
''ചായകുടിച്ച് കുറച്ചുനേരം വര്‍ത്തമാനം പറഞ്ഞിരുന്നിട്ട് ഉണ്ണാല്ലേ'' മേനോന്‍റെ ഭാര്യ രമണി ചോദിച്ചു.
''ചായ കുടിച്ച് കുടിച്ച് ചായാന്ന് കേക്കുമ്പൊത്തന്നെ മടുപ്പായി. എനിക്ക് എന്തെങ്കിലും വെള്ളം മതി'' ഹാജിയാരുടെഭാര്യ അവരോടൊപ്പംചെന്നു.
''കൊയമ്പത്തൂരുപോയി ഡോക്ടറെ കണ്ടു. പ്രത്യേകിച്ചൊന്നും ഉണ്ടായിട്ടല്ല. പതിവ് നോട്ടം. അത്രേള്ളൂ'' ഹാജിയാര്‍ പറഞ്ഞു.
''എന്തെങ്കിലും കുഴപ്പൂണ്ടോ''.
''കൊളസ്ട്രോള്‍ ലേശം കൂടുതലാണ്. ഷുഗറില്ല. ബീ. പീം ഉണ്ട്''.
''നിങ്ങള് നല്ലോണം ശ്രദ്ധിച്ച് കഴിയിണ ആളല്ലേ. പിന്നെന്താ പറ്റ്യേത്''.
''ഇപ്പൊ കുറച്ചായിട്ട് ഉറക്കം കുറവാണ്. ഒന്ന് ഉറങ്ങിക്കഴിഞ്ഞ് ഉണര്‍ന്നാല്‍ പിന്നെ കണ്ണില്‍കുത്ത്യാല്‍ ഉറക്കം വരില്ല. ഓരോന്ന് ആലോചിച്ചോണ്ട് കിടക്കും''.
''ആലോചിച്ചാല്‍ ഉറക്കം വരില്ല. അത് ശര്യാണ്. പക്ഷെ നിങ്ങള്‍ക്ക് എന്താത്ര ആലോചിക്കാന്‍ എന്നാ അറിയാത്തത്''.
''രാമന്‍കുട്ട്യേ. ഒക്കെ ഒരു പോളീഷന്നേ ഉള്ളൂ. തനിക്ക് ഒരു ചെക്കന്‍ മാത്രായതോണ്ട് അറിയില്ല. എന്‍റെ കാര്യം അതല്ലല്ലോ. ഞാന്‍ ജീവനോടെ ഇരിക്കുമ്പൊത്തന്നെ ഇത് നിന്‍റെ, ഇതവന്‍റെ എന്നൊക്കെ ആക്കീലെങ്കില്‍ പിന്നെ ബുദ്ധിമുട്ടാവും. ഇപ്പൊ ഒരുവിധം ധാരണ ആക്കീട്ടുണ്ട്. അന്ന് പറഞ്ഞപോലെ മൂന്ന് വീടുണ്ടാക്കണം. അതിനെക്കുറിച്ചാ ആലോചന''.
''നിങ്ങള് മക്കളെ വിളിച്ചിരുത്തി കാര്യം പറയിന്‍. അപ്പൊ അവരടെ മനസ്സിലിരുപ്പറിയാം. അതനുസരിച്ച് നീങ്ങ്വേന്നെ''.
''അടുത്താഴ്ച നോമ്പ് തുടങ്ങ്വാണ്. അത് കഴിഞ്ഞതും എന്തെങ്കിലും ചെയ്യണം''.
''ഈ തിരക്കിന്‍റെ എടേലാണോ സ്കൂളിന്‍റേം ആസ്പത്രിടീം കാര്യം ആലോചിക്കിണ്''.
''നോക്കിന്‍ മേന്‍ന്നേ. റോഡില് നൂറായിരം വണ്ടീണ്ട്. അതൊക്കെ പോയിട്ട് നമുക്ക് പോവ്വാന്ന് വിചാരിച്ചാല്‍ പോവാന്‍ പറ്റ്വോ. അതില്ല. അപ്പൊന്താ ചെയ്യാ. നമ്മളതിന്‍റെ എടേല്‍ക്കൂടി പോവും. അതുപോലെത്തന്നെ ഇതും''.
''നല്ല ഉപമ. അങ്ങിന്യാണച്ചാല്‍ നമുക്ക് മീറ്റിങ്ങ് വിളിച്ചുകൂട്ട്വാ. അടുത്ത പടി തുടങ്ങ്വാ''.
''ഞാന്‍ മന്ത്രിടടുത്ത് സംസാരിച്ചിരുന്നു. ഗവര്‍മ്മെണ്ടിന്‍റെ കയ്യില്‍ കാശില്ല എന്ന സ്ഥിരം പരാതി പറഞ്ഞു. തൊട്ടടുത്ത ഹൈസ്കൂളിലിക്ക് നമ്മടെ ഇവിടുന്ന് എട്ടുകിലോമീറ്റര്‍ ദൂരൂണ്ടെന്ന് ഞാനും പറഞ്ഞു''.
''വേറൊരു കാര്യത്തിന് ഞാന്‍ മുഖ്യനെ കാണുണുണ്ട്. അപ്പൊ ഞാനും സംസാരിക്കാം''.
''ഞാന്‍ ഫൈസല് മാഷോട് സംസാരിച്ചു. നിങ്ങള് പ്രൊഫസറുടടുത്തും ആര്‍.ഡി.ഓ. വിന്‍റെ അടുത്തും പറഞ്ഞ്വോ''.
''പ്രൊഫസറെ ഞാന്‍ ഇന്നാള് കണ്ടിരുന്നു. മറ്റെ ആള് അളിയന്‍ മരിച്ച് പോയിരിക്ക്യാണ്''.
''ആരാ നമ്പൂരി മാഷ്. എന്‍റെ ഡ്രൈവറ് കുഞ്ഞാമത് പറഞ്ഞതാ''.
''മാഷേ പരിചയൂല്യേ. സാധുമനുഷ്യനാ അദ്ദേഹം''.
''കമ്മിറ്റീല് എടുക്കാന്‍ പറ്റ്യേ ആളാ നമ്പൂരിമാഷ് എന്നാ കുഞ്ഞാമത് പറഞ്ഞത്''.
''അതില് മറിച്ചൊരഭിപ്രായം പറയാന്‍ പറ്റില്ല. എനിക്കയാളെ നന്നായി അറിയും. മാഷടെ കഥ അറിയ്യോ നിങ്ങള്‍ക്ക്''.
''ഇങ്ങന്യൊരു ആളുണ്ട് എന്നല്ലാതെ എനിക്കൊന്നും അറിയില്ല''.
''എന്നാ കെട്ടോളിന്‍. ഒന്നൂല്യാത്ത ഒരു ഇല്ലത്തിലാ നമ്പൂരിമാഷ് ജനിച്ചത്. അച്ഛന്‍ ഏതോ വരുമ്പടീല്യാത്ത അമ്പലത്തിലെ ശാന്തിക്കാരനായിരുന്നു. നിത്യവൃത്തിക്ക് വഴീല്ലാത്ത കുടുംബം. എങ്ങന്യോക്കെ കഷ്ടപ്പെട്ട് ആള് പത്താംക്ലാസ്സ് പാസ്സായി. പൂജചെയ്തും ട്യൂഷനെടുത്തും കാശുണ്ടാക്കി പഠിച്ച് ടി.ടി.സീം.പാസ്സായി. പിന്നെ ആള് എല്‍.പി. സ്കൂളില് മാഷായി. അപ്പഴാ മര്യാദയ്ക്ക് ഉരുളപിടിച്ച് ഉണ്ണാന്‍ തുടങ്ങ്യേത്''.
''അത്ര കഷ്ടായിരുന്നോ''.
''അതൊന്നും പറയാന്‍ പറ്റില്ല. ആ സമയത്ത് സഹായത്തിന്ന് ആരൂല്യാ. ഒരുകാര്യം നമുക്കറിയാലോ, നമ്പൂര്യായാലും നായരായാലും നായാടി ആയാലും കയ്യില്‍ കാശുണ്ടെങ്കിലെ വെലീള്ളൂ. അല്ലാത്തോരെ ആര്‍ക്ക് വേണം. രാവിലീം വൈകുന്നേരൂം രണ്ടുംരണ്ടും നാല് നാഴിക നടക്കും. അങ്ങന്യാ സ്കൂളിലിക്ക് പോയി വര്വാ. ജോലി ആയീന്നുവെച്ച് മാഷ് മിണ്ടാതിരുന്നില്ല. ഒഴിവുള്ളപ്പൊ പൂജയ്ക്കും ഹോമത്തിനും പോവും. കൂട്ടത്തില്‍ പ്രൈവറ്റായിപഠിച്ച് ഡിഗ്രിസമ്പാദിച്ചു. രണ്ട് പെങ്ങമ്മാരെ കല്യാണംകഴിപ്പിച്ചു. അതിന്‍റെടേല് അച്ഛന്‍ നമ്പൂരി മരിച്ചു. വീഴാറായ വീടുനന്നാക്കി. കല്യാണം കഴിച്ചു. ബി.എഡ്. പാസായി ഹൈസ്കൂള്‍ മാഷും ആയി''.
''കേമനാണല്ലോ അദ്ദേഹം''.
''എന്താ സംശയം. ഹൈസ്കൂളിലിക്ക് ബസ്സില്‍ പോവില്ല. സൈക്കിളുണ്ട്. രാവിലീം വൈകുന്നേരൂം അതിലാസവാരി. എത് വേനലാണച്ചാലും ശരി, എത്രവല്യേ മഴ്യാണച്ചാലും ശരി. അതിന് മാറ്റൂല്യാ''.
''ആളടെ സ്വഭാവം എങ്ങന്യാ''.
''പരമസാധു. ആരോടും മുഖം കറുപ്പിച്ച് മാഷ് ഒരുവാക്ക് പറയില്യാ. ആരുടേന്നും അര്‍ഹതില്ലാത്ത ഒന്നും വാങ്ങൂല്യാ. പൂജയ്ക്ക് പോയാല്‍ കണക്ക് പറഞ്ഞ് ദക്ഷിണ വാങ്ങില്ല. അയാളൂണ്ട്. അയാളടെ കാര്യൂണ്ട്. അങ്ങിന്യൊരു മനുഷ്യന്‍''.
''നമ്മടെ കൂടെ കൂട്ട്യാല്‍ എങ്ങനീരിക്കും''.
''അമ്പലകാര്യങ്ങളില്‍ അഭിപ്രായം പറയുണത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. കാര്യങ്ങള്‍ മനസ്സിലാക്കാനും സംസാരിക്കാനും ഒക്കെ നല്ലകഴിവുള്ള ആളാണ്''.
''എന്നാല്‍ അയാളെ ഒന്ന് കൂട്ടിക്കോളിന്‍''.
''ഇനി ഊണുകഴിഞ്ഞിട്ടാവാം വര്‍ത്തമാനം പറച്ചില്'' മേനോന്‍റെ ഭാര്യ വന്നു പറഞ്ഞു.
''രമണി പറഞ്ഞാല്‍ അതിന് അപ്പീലില്ല''ആര്‍.കെ.മേനോന്‍ ചിരിച്ചുകൊണ്ട് എഴുന്നേറ്റു, ഒപ്പം ഹജിയാരും
അദ്ധ്യായം - 54.
നാലരമണി അവുമ്പോഴേക്കും നാരായണന്‍മാഷും കൂട്ടുകാരും വന്നു.
''ഇന്ന് ഞായറാഴ്ച ആയിട്ട് ആരെങ്കിലും വര്വേണ്ടായോ'' മാഷ് ചോദിച്ചു.
''ഇത്രദിവസത്തിനുള്ളില്‍ ആരുംവരാത്ത ദിവസം ഇന്നേള്ളൂ''.
''നാളെ പതിനാലും മറ്റന്നാള്‍ പുലപോക്കും അല്ലേ. അതാ ഇന്നാരേം ഇങ്ങിട്ട് കാണാഞ്ഞത്''.
''ഒരുകാര്യം ഞങ്ങള്‍ക്ക് നിങ്ങളെയൊക്കെ അറിയിക്കാനുണ്ട്. മോഹനനും അയാള്‍ക്ക് വേണ്ടപ്പെട്ടവരും തമ്മില്‍ എങ്ങന്യായിരുന്നു ഉണ്ടായിരുന്നത് എന്ന് ഞങ്ങള് പറണ്ടേയാന്നെ നിങ്ങള്‍ക്കറിയാല്ലോ. ഞങ്ങടെ പെങ്ങള്‍ക്ക് അതിലൊരു പങ്കൂല്യാ. മോഹനന്‍ അയാളടെവഴിക്ക് പോയി. ഇന്യേന്തിനാ വൈരാഗ്യം മനസ്സില്‍വെച്ചോണ്ട് കഴിയിണത്''.
''വാസ്തവം പറഞ്ഞാല്‍ ഒരാവശ്യൂല്യാ. പക്ഷെ ആര്‍ക്കും വേണ്ടാതെ കിടക്കുണ ആ മൊട്ടക്കുന്ന് കേസ്സ് നടത്തി കൈവശപ്പെടുത്ത്യേതില്‍ ആ സ്ഥലം കൈവശംവെച്ച് ഇരുന്നോര്‍ക്ക് നല്ല ഈര്‍ഷ്യീണ്ട്. അതെങ്ങന്യാ തീര്‍ക്ക്വാന്ന് അറിയില്ല''.
''ഇന്ന് ലക്ഷ്മി ഞങ്ങളടെ അടുത്ത് ഒരുകാര്യം പറഞ്ഞു. അവര്‍ക്ക് ആ സ്ഥലം വിട്ടുകൊടുക്കണംന്ന് അവള്‍ക്ക് മോഹൂണ്ട്. അതൊന്ന് ശര്യാക്കി തരണംന്ന് ഞങ്ങളോട് പറഞ്ഞു''.
''ഈ പറഞ്ഞത് അവരറിഞ്ഞാല് ലക്ഷ്മ്യേ പൂവിട്ട് പൂജിക്കും. ആ സ്ഥലം പോയതില്‍ അവര്‍ക്ക് അത്രയ്ക്ക് മനസ്താപൂണ്ട്''.
''പൂജിക്ക്വോന്നും വേണ്ടാ. ഞങ്ങള്‍ക്കിവിടെ സ്ഥിരായിട്ട് നില്‍ക്കാന്‍ പറ്റില്ല. ഇതൊക്കെ വിറ്റ് അവളെ കൂടെകൊണ്ടുപോവ്വാന്നാ ഞങ്ങള് വിചാരിച്ചത്. പക്ഷെ അവള്‍ക്ക് ഇവിടം വിട്ടിട്ട് പോരാന്‍ മനസ്സില്ല. വേണ്ടപ്പെട്ടോര് അടുത്തുണ്ടെങ്കില്‍ ഞങ്ങള്‍ക്കൊരു സമാധാനൂണ്ട്''.
''അല്ലെങ്കിലും എന്ത് ആവശ്യൂണ്ടെങ്കിലും ഞങ്ങള് നാലഞ്ചാള് ലക്ഷ്മിടെ ഒപ്പം ഉണ്ടാവും. വസ്തുകൈമാറ്റം ചെയ്താല്‍ കുടുംബക്കാര് മുഴുവന്‍ അവളടെകൂടെ കാണും''.
''കാര്‍ത്ത്യായിനി ഇവിടെത്തന്നെകൂടാന്ന് പറഞ്ഞിട്ടുണ്ട്. ബാലചന്ദ്രനും ഉണ്ടാവും. ആഴ്ചയ്ക്ക് ഒന്നോ രണ്ടോ പ്രാവശ്യം ഞാനോ അനിയനോ വരും. ബാക്കി ആവശ്യങ്ങള്‍ക്ക് നിങ്ങളടെ സഹായം വേണം''.
''അതാലോചിച്ച് വേവലാതിപ്പെടണ്ടാ. എന്തിനും ഞങ്ങളുണ്ട്''.
''എന്നാല്‍ നാളത്തീം മറ്റന്നാളത്തീം കാര്യങ്ങളെക്കുറിച്ച് ആലോചിക്കാം''.
''അതൊന്നും സാരൂല്യാ. ഇപ്പൊ പഴേപോലെ വല്ലതൂണ്ടോ'' മാഷ് പറഞ്ഞു ''പേരിനൊരു കാട്ടിക്കൂട്ടലല്ലേ ഉള്ളൂ''.
''മുമ്പൊക്കെ ആരെങ്കിലും മരിച്ചാല്‍ ദിവസൂം ക്രിയചെയ്യും. പിന്നെപ്പിന്നെ അത് പതിനാലിനാക്കി. പതിനഞ്ചാം പക്കം എവിടേങ്കിലും പോയി അസ്ഥി ഒഴുക്കികളഞ്ഞാല്‍ പണി കഴിഞ്ഞു'' കേശവന്‍നായര്‍ പഴയകാലത്തേയും ഇപ്പോഴത്തേയും ചടങ്ങുകളെ താരതമ്യംചെയ്തു.
''ഓ. അതൊന്നും പറയണ്ടാ. ക്രിയ ചെയ്യിക്കാന്‍ വരുണോര് തരുണ ലിസ്റ്റ് പ്രകാരം എന്തൊക്കെ സാധനങ്ങളാ ഒരുക്കിവെക്കണ്ടത്. പുല കേറ്റാനും ഇറക്കാനും ക്ഷൌരംചെയ്യുന്നോന്‍ വേണം, പച്ചച്ചട്ടീം പാനീം ചെറ്യോരു ചട്ടീംതരാന്‍ കുശവന്‍ വേണം, ഓലക്കുട കൊണ്ടുവരാന്‍ പാണന്‍ വേണം . ഇവര്‍ക്കൊക്കെ മരിച്ച ആളടെ വീട്ടുകാര് അവകാശം കൊടുക്കണം''.
''കഴിഞ്ഞില്ല. മാറ്റ് കൊണ്ടുവരാന്‍ മണ്ണാത്തി വേണ്ടേ. പതിനഞ്ചാം പക്കം രാവിലെനേരത്തെ മുങ്ങിക്കുളിക്കുമ്പൊ തളിക്കാന്‍ ആള് വരണ്ടേ. ഇതിന് പുറമ്യാണ് വെലീടീക്കാന്‍ വരുണ എളേത്''.
''ഇന്നത്തെകാലത്ത് പിണ്ഡസദ്യക്ക് ആരെങ്കിലും വര്വോ. മുമ്പ് ഇതാണോ അവസ്ഥ. അതാത് അംശത്തിലെ എല്ലാ വീട്ടിലും വിളിക്കും. ഒന്നും രണ്ടും ചാക്ക് അരിവെക്കും.സാമ്പാറും പപ്പടൂം ഉണ്ടാവില്ല. പകരം രസകാളനാ ഉണ്ടാക്ക്വാ''.
''പതിനാലാംപക്കം പട്ടനാട്ടിക്രിയചെയ്യും. സഞ്ചയനകളത്തില്‍ കടന്നാല്‍ അവിടുന്ന് പോരാന്‍ ഒരു നേരൂണ്ട്. പുഴേലാണച്ചാല്‍ ക്രിയ ചെയ്യാന്‍ സൌകര്യൂണ്ട്. മണല് വാരി തിട്ടുണ്ടാക്കി അതിലാ നാക്കലേല് കറുക വെക്ക്വാ. ഒരുദിവസത്തെ ക്രിയ കഴിഞ്ഞാല്‍ ഒന്ന് മുങ്ങണം. എന്നിട്ടേ അടുത്തദിവസത്തെ ചെയ്യൂ''.
''ദഹിപ്പിച്ചസ്ഥലം വെടുപ്പാക്കി അസ്ഥിപെറുക്കി പാലില്‍ മുക്കിയെടുത്ത് പച്ചച്ചട്ടീല്‍ ഇടും. പല്ലും ചെറ്യേ വല്ല അസ്ഥീം ചെറ്യേകുടത്തിലാക്കും. തിരുന്നാവായക്കോ, രാമശ്വരത്തേക്കോ കൊണ്ടുപോവാനാ അത്. പിന്നെ ദഹിപ്പിച്ച സ്ഥലത്തെ ചാല് തട്ടിമൂടി തിട്ടുണ്ടാക്കി അതിന്‍റെ നടുവില്‍ ഒരു വാഴതയ്യ് വെക്കും. അതില്‍ കുരുത്തോലകഷ്ണൂം ചുവന്നപുവും കുത്തി അലങ്കരിക്കും. അസ്ഥിനിറച്ച പച്ചച്ചട്ടി തുണീല്‍പൊതിഞ്ഞ് സംഗമസ്ഥാനം അടുത്തെങ്ങാനും ഉണ്ടച്ചാല്‍ അവിടെയ്ക്ക് കൊണ്ടുപോവും. ഇല്ലെങ്കില്‍ പുഴേല് പറ്റ്യേസ്ഥലം നോക്കി സ്ഥാപിക്കും''.
''ഇതൊക്കെ കഴിഞ്ഞുവരുമ്പോള്‍ ഗോതമ്പ് കഞ്ഞ്യാണ്. വാഴപ്പോള തടംപോലെ ഉണ്ടാക്കി അതില് വാഴടെ എലവെച്ചിട്ടാ കഞ്ഞിവിളമ്പ്വാ. കഞ്ഞികുടിക്കാന്‍ പ്ലാവിന്‍റെല കുമ്പിള് കുത്ത്യേതുണ്ടാവും''.
''ഇനി അതൊന്നും പറഞ്ഞിട്ട് കാര്യൂല്യാ. ആ കാലോക്കെ പോയി. നമുക്ക് നാളയ്ക്കും മറ്റന്നാളയ്ക്കും എന്താ വേണ്ടതേന്ന് ആലോചിക്കാം''.
''നാളെ ചെയ്യാനൊന്നൂല്യാ. ഏഴാംപക്കംതന്നെ അസ്ഥിപെറുക്കി എടുത്തു വെച്ചതോണ്ട് സൌകര്യായി. മറ്റന്നാള്‍ പുലര്‍ച്ചെ ഐവര്‍ മഠത്തിലിക്ക് അതും ആയിട്ട് പോണം. അവിടെ ചീട്ടാക്ക്യാല്‍ ക്രിയ ചെയ്യിക്കാന്‍ ആള് വരും. അവര് പറയുണപോലെ ചെയ്തിട്ട് ദക്ഷിണ കൊടുത്ത് കുളിച്ച് പോര്വാ. വരുമ്പൊ അമ്പലത്തില്‍ തൊഴുതോട്ടെ. അതൊക്കെ മതി''.
''എത്ര ആളാ ഉണ്ടാവ്വാ. പോവാന്‍ വണ്ടി ഏര്‍പ്പാടാക്കണ്ടേ''.
''മോഹനന് മക്കളില്ല. ആ സ്ഥാനത്ത് ക്രിയചെയ്യാന്‍ വല്യേമ്മടെ മകളുടെ മക്കളുണ്ട്. അവരുടെ പേരിലാ മോഹനന്‍ മുമ്പ് കേസ്സ് കൊടുത്ത് സ്ഥലം ഒഴിപ്പിച്ചെടുത്തത്. എന്നിട്ടും മരിച്ചപ്പൊ ഞങ്ങളൊക്കെ പറഞ്ഞ് അവര് ശവം എടുക്കാന്‍ കൂടി. ക്രിയ ചെയ്യാനും അവര് വേണം. അത് ഞങ്ങള് ഏര്‍പ്പാടാക്കാം. ലക്ഷ്മി പറഞ്ഞ കാര്യം പറഞ്ഞാല്‍ സന്തോഷത്തോടെ അവര് വരും''.
''വണ്ടിടെ കാര്യോ''.
''എത്ര ആളുണ്ടാവുംന്ന് നമുക്ക് നോക്ക്വാ. എന്നിട്ട് പോരേ ആ കാര്യം ആലോചിക്കല്''.
''എപ്പഴാ അതറിയ്യാ''.
''ഇപ്പൊത്തന്നെ ഞങ്ങള് നാലാളുംകൂടി അവരെ വീട്ടില്‍പോയി കണ്ട് സംസാരിക്കാം'' നാരായണന്‍ മാഷോടൊപ്പം കൂട്ടുകാര്‍ മൂന്നുപേരും ഇറങ്ങി.
അരമണിക്കൂറിന്ന് ശേഷമാണ് പോയവര്‍ തിരിച്ചുവന്നത്. മോഹനന്‍റെ ബന്ധുക്കളായ അഞ്ച് പുരുഷന്മാരും രണ്ട് സ്ത്രീകളും അവരോടൊപ്പം ഉണ്ടായിരുന്നു. മുറ്റത്തെപന്തലില്‍ കസേലയിട്ട് ആണുങ്ങളിരുന്നു. ഒപ്പം വന്ന സ്ത്രീകള്‍ അകത്തേക്ക് പോയി.
''അമ്മ മേല്‍കഴുക്വാണ്. അത് കഴിഞ്ഞതും ചെറ്യേമ്മേക്കൂട്ടി അമ്മവരും'' കൂട്ടത്തിലൊരാള്‍ പറഞ്ഞു.
''ഞങ്ങളെ തെറ്റിദ്ധരിക്കരുത്. ഞങ്ങടെ മുതല് മോഹനമാമ അന്യായമായി തട്ടിപ്പറിച്ചതാണ്. അതിന്‍റെ ദേഷ്യം ഞങ്ങള്‍ക്ക് മോഹനമാമയോടുണ്ട്. ആ കാര്യത്തില്‍ അമ്മായിക്ക് പങ്കില്ലാന്ന് ഞങ്ങള്‍ക്കറിയാം. അതോണ്ട് ഇന്നു വരെ അമ്മായിയേപ്പറ്റി ഒരക്ഷരം ഞങ്ങള്‍ പറഞ്ഞിട്ടില്ല''.
''അതൊക്കെ ഞങ്ങള്‍ക്കറിയാം. കഴിഞ്ഞത് കഴിഞ്ഞു. മോഹനന്‍ ചെയ്ത തെറ്റ് ലക്ഷ്മി തിരുത്താന്‍ പോവ്വാണ്. ഇനിമുതല്‍ അവള്‍ക്ക് നിങ്ങളുടെ സഹായം വേണം''.
''അതാലോചിച്ച് ഒട്ടും വേവലാതിപ്പെടണ്ടാ. അമ്മായിക്ക് വേണ്ടതൊക്കെ ഞങ്ങള്‍ ചെയ്തോളാം''.
''ഐവര്‍മഠത്തിലിക്ക് പോവാന്‍ വണ്ടി ഏര്‍പ്പാടാക്കണ്ടേ''.
''ഇനി അതെല്ലാം ഞങ്ങളടെ ചുമതല. ഒന്നുരണ്ട് ആളുംകൂടി വരാനുണ്ട്. അവരോടുംകൂടി ആലോചിച്ച് നാളെ വണ്ടി ഏല്‍പ്പിക്കാം''.
രണ്ട് സ്ത്രീകള്‍ ഗെയിറ്റ് കടന്നെത്തി.
''മഹാപാപ്യാണെങ്കിലും ഞങ്ങളെ പറഞ്ഞയച്ച് പോണ്ടോനാണ്. ഞങ്ങളെ ഇരുത്തി മുമ്പേക്കൂട്ടിപോയില്ലേ'' പ്രായംചെന്ന സ്ത്രീ ഉറക്കെ കരഞ്ഞു.
അദ്ധ്യായം - 55.
''വാസ്വോ, പ്രശ്നങ്ങളൊക്കെ ഒരുവിധം തീര്‍ന്ന്വോ'' കാലത്തെ നടപ്പിന്നിടെ കുഞ്ഞഹമ്മദ് കൂട്ടുകാരനോട് ചോദിച്ചു.
''എന്‍റെ കയ്യിലെ രണ്ട് രണ്ടര ഉറുപ്പിക പോയീന്നല്ലാതെ കുടുംബത്തിലിക്ക് വേറെഗുണ്വോന്നും ഞാന്‍ കണ്ടില്ല''.
''അതെന്താ വാസ്വോ അങ്ങനെ''.
''ചെവീലൊരു കുന്ത്രാണ്ടൂംതിരുകി മൊബൈലും വെച്ച് സര്‍വ്വസമയൂം സോഫേല് മലര്‍ന്ന് കിടപ്പന്നെ. എന്നെ കണ്ടാല്‍ ആ നിമിഷം അവിടുന്ന് എണീറ്റ് എങ്ങട്ടെങ്കിലും മാറും''.
''നിനക്ക് മുഖം തരാന്‍ വയ്യാഞ്ഞിട്ടാവും. എന്തൊക്ക്യായാലും അവന്‍റെ ഉള്ളില് തെറ്റ് ചെയ്തൂന്ന് തോന്നാണ്ടിരിക്ക്വോ''.
''നിങ്ങക്ക് വല്ല പ്രാന്തൂണ്ടോ. അത് അത്ര നല്ല സൈസൊന്ന്വോല്ല. ഇന്യേന്താ കുണ്ടാമണ്ടി ഒപ്പിക്കണ്ട് എന്ന ആലോചന്യാവും അതിന്‍റെ തലേല്''.
''ഇത് ഇങ്ങിനെ വിട്ടാല്‍ പറ്റ്വോ. ആരേക്കൊണ്ടെങ്കിലും അവനെ പറഞ്ഞു മനസ്സിലാക്കിപ്പിച്ച് മാറ്റി എടുക്കണ്ടേ''.
''ആര് പറഞ്ഞാലും ആ തെമ്മാടി കേള്‍ക്കില്ല''.
''എന്‍റെ അഭിപ്രായത്തില്‍ അവനെ കൌണ്‍സിലിങ്ങ് ചെയ്യിച്ചാല്‍ സ്വഭാവം മാറ്റിയെടുക്കാന്‍ കഴിയും'' ചാക്കോ പറഞ്ഞു.
''വേറേം ചിലര് ഇത് പറയ്യേണ്ടായി. അപ്പഴയ്ക്കും ആണ് ഭാര്യയ്ക്കൊരു തോന്നല്''.
''എന്താ അവരുടെ മനസ്സില്''.
''ചെക്കന്‍റെ ജാതകൂംകൊണ്ട് നല്ലൊരു പണിക്കരെ പോയി കാണണോത്രെ. ചിലദശാകാലത്ത് വേണ്ടാത്ത തോന്നലുണ്ടാവുംന്ന് പറയുണൂ. അല്ലെങ്കില്‍ ശത്രുദോഷോ ദൃഷ്ടിദോഷോ ഉണ്ടാവും, അതാ കാരണം എന്നാ അവളുടെ അഭിപ്രായം''.
''അങ്ങിന്യാണച്ചാല്‍ അത് ചെയ്യ്. അതിന് വല്യേ ചിലവൊന്നും ഇല്ലല്ലോ. ഇന്നന്നെ പോയി കാണിന്‍''.
''എന്തായാലും ഇന്നുപോയി കാണുണുണ്ട്''.
''എല്ലായ്പ്പോഴും ഇതും ആലോചിച്ചുകൊണ്ടിരിക്കരുത്. എന്തെങ്കിലും മാറി ചിന്തിക്കണം. ഇല്ലെങ്കില്‍ കുഴപ്പമാവും. ഞാന്‍ പറഞ്ഞേക്കാം''. ചാക്കോ വാസുവിനെ ഉപദേശിച്ചു.
''പറയുമ്പോലെ സ്കൂള് ഉണ്ടാക്കുണകാര്യം ആലോചിക്കാന്‍പോണൂ. നല്ല ആള്‍ക്കാരടെ പേര് പറയാന്‍ മുതലാളി എന്നോട് പറഞ്ഞു. ഞാന്‍ നമ്മടെ നമ്പൂരി മാഷടെ പേര് പറഞ്ഞു'' കുഞ്ഞഹമ്മദ് ഇടയ്ക്കുകയറി പറഞ്ഞു ''അവരൊക്കെ ചേര്‍ന്നിട്ടാ കമ്മിറ്റി ഉണ്ടാക്ക്വാ''.
''നമ്പൂരി എന്‍റൊപ്പം ഒരേ ക്ലാസ്സില്‍ പഠിച്ച ആളാണ്. അന്നേ ബുദ്ധീള്ള കൂട്ടത്തില്‍ പെട്ടതാ നമ്പൂരി. പഠിക്കാന്‍ ബഹുമിടുക്കന്‍. കണക്കില്‍ എപ്പഴും നൂറില്‍നൂറ് വാങ്ങും. പക്ഷെ കഴിഞ്ഞുകൂടാന്‍ വകീല്ലാത്ത വീട്ടീലത്യാ. മഴക്കാലത്ത് ഈറന്‍ഷര്‍ട്ടും ട്രൌസറും ആയിട്ടാവര്വാ. അത്രകണ്ട് കഷ്ടപ്പാടായിരുന്നു''.
''അങ്ങേരുടെ അച്ഛന് എന്നതാ ജോലി''.
''അമ്പലത്തില് പൂജ. അധികം ആരും ചെല്ലാത്ത ദിക്കില് വരുമാനം ഉണ്ടാവില്ലല്ലോ. പക്ഷെ നമ്പൂരി കഷ്ടപ്പെട്ടുപഠിച്ച് ഒരു നിലേലെത്തി''. വാസു നമ്പൂരിയുടെ ഭൂതകാലം വിവരിച്ചു.
''ഇങ്ങിനെവേണം മനുഷ്യരായാല്‍'' ചാക്കോ അഭിപ്രായപ്പെട്ടു.
''ഇതിന്‍റെ ബാക്കികേട്ടാല്‍ നിങ്ങള്‍ അന്തം വിടും. മനുഷ്യരുടെ ഓരോ അവസ്ഥേ''.
''അതെന്താ അങ്ങിനെ''.
''ഞാന്‍ വല്യേയോഗ്യനൊന്ന്വോല്ല. എന്‍റെ മകന്‍ തലതിരിഞ്ഞുപോവാന്‍ അതാ കാരണംന്ന് പറയാം. ആ സാധുമനുഷ്യന്‍റെ മക്കള് കുരുത്തംകെട്ട് പോയതാ അതിശയം''.
''എന്താ അവരടെ പ്രശ്നം '' കുഞ്ഞഹമ്മദ് ചോദിച്ചു.
''അത് വിസ്തരിച്ച് പറയാനുണ്ട്. ഇന്ന് പറഞ്ഞാല്‍ തീരില്ല. നാളെ ഞാന്‍ പറഞ്ഞുതരാം''. വാസുവിന്‍റെ വീട്ടിലേക്കുള്ള തിരിവിലെത്തി. അയാള്‍ യാത്ര പറഞ്ഞുനടന്നു.
()()()()()()()()()()()()()()()
പ്രാതല്‍ കഴിച്ച് കൈകഴുകി ശ്രീധരമേനോനും ഏട്ടനും ഉമ്മറത്തേക്ക് വന്നതേയുള്ളു. തലേന്ന് വൈകീട്ടെത്തിയ മോഹനന്‍റെ ബന്ധുക്കളായ ചെറുപ്പക്കാര്‍ വരുന്നത് കണ്ടു.
''വരൂ വരൂ'' ഗോപിനാഥന്‍ അവരെ ക്ഷണിച്ചു.
''ഐവര്‍ മഠത്തിലേക്ക് പോവുന്ന കാര്യം സംസാരിക്കാന്‍ വന്നതാണ്'' കൂട്ടത്തിലൊരാള്‍ പറഞ്ഞു.
''നന്നായി. ഞങ്ങളതറിയാന്‍ കാത്തിരിക്ക്യാണ്''.
''ഇവിടുന്ന് ആരൊക്കെ ഉണ്ടാവും''.
''ഞാനും അനിയനും ഉണ്ടാവും. ബാക്കി ആരടെ അടുത്തും ചോദിച്ചിട്ടില്ല''.
''അമ്മായിയെ വിളിക്ക്വോ''.
''അതിനെന്താ'' മേനോന്‍ അകത്തുചെന്ന് ലക്ഷ്മിയെ കൂട്ടിക്കൊണ്ടുവന്നു.
''അമ്മായീ, നാളെ ക്രിയചെയ്യാന്‍ പോവുന്ന കാര്യം സംസാരിക്കാന്‍ വന്നതാണ്. എത്ര ആളുണ്ട് എന്നറിഞ്ഞാലല്ലേ അതിനനുസരിച്ച് വണ്ടി ഏര്‍പ്പാടാക്കാന്‍ പറ്റൂ''.
''എനിക്ക് ക്രിയചെയ്യാന്‍ പാടില്ല. എന്നാലും ഞാന്‍ വരുണുണ്ട്. ഈശ്വരനെ പ്രാര്‍ത്ഥിച്ച് ഞാനവിടെ നിന്നോളാം. പോയ ആള്‍ക്ക് മോക്ഷംകിട്ടട്ടെ''.
''അമ്മായിടെ ഏടത്ത്യേമ്മമാര് ഉണ്ടാവ്വോ''.
''ഞാന്‍ ചോദിച്ചില്ല. ചോദിച്ചിട്ട് പറയാം''.
''ഞങ്ങള്‍ എട്ടുപേരുണ്ട്. ഇവിടുന്ന് മൂന്ന്. എന്തായാലും ഒരുവണ്ടീല്‍ കൊള്ളില്ല. രണ്ടെണ്ണം വിളിച്ചാല്‍ സ്ഥലം ബാക്കിവരും''.
''ലക്ഷ്മീ, പാര്‍വ്വതീം സുമതീം വിളിയ്ക്കു"' ഏട്ടന്‍ ആവശ്യപ്പെട്ടു. അനിയത്തിയോടൊപ്പം അവരെത്തി.
''നാളെ ക്രിയ ചെയ്യാന്‍ പോവുമ്പൊ ലക്ഷ്മി വരുണൂന്ന് പറഞ്ഞു. നിങ്ങള് വരുണുണ്ടോ''.
''പറഞ്ഞില്ലാന്നേ ഉള്ളൂ. ക്രിയ കഴിഞ്ഞാല്‍ അവിടുത്തെ അമ്പലത്തിലും തൊഴുകാം. തിരുവില്വാമലയിലും ചെല്ലാം. രണ്ടുദിക്കിലും പോണംന്ന് മോഹൂണ്ട്''.
''സുമതിക്കോ''.
''ഞാനും വരാം''.
''രണ്ടുവണ്ടി ഏല്‍പ്പിക്കുന്നുണ്ട്. ക്രിയ കഴിഞ്ഞ് അമ്പലത്തില്‍ തൊഴുതാല്‍ അവിടെത്തന്നെ ഹോട്ടലുണ്ട്. അവിടെനിന്ന് കാലത്തെ ഭക്ഷണംകഴിക്കാം. അല്ലെങ്കിലോ തിരുവില്വാമല സെന്‍ററില്‍ ചെന്നിട്ടാവാം''.
''അത് നമുക്ക് പാകംപോലെ ചെയ്യാം''.
''ശരി. ഇനി ഉച്ചത്തെ കാര്യം. പിണ്ഡസദ്യ ഒന്നും വേണ്ടാ. എന്നാലും ഒന്നും ഇല്ല എന്ന് വരുത്തിക്കൂടാ. വേണ്ടപ്പെട്ടോര്തന്നെ പത്തമ്പത് പേരുണ്ട്. അത് കൂടാതെ ഇവിടേള്ളോര്. ദിവസവും വരുന്ന മാഷും കൂട്ടുകാരും വേണ്ടേ. അവരുടെ വീട്ടുകാരെ ഒഴിവാക്കാന്‍ പറ്റില്ലല്ലോ. നൂറാളുക്കുള്ള ഭക്ഷണം വേണം''.
''എങ്ങന്യാ. ഇവിടെ ഉണ്ടാക്കാനാണോ ഉദ്ദേശം''.
''അതൊക്കെ ബുദ്ധിമുട്ടാണ്. നമുക്ക് കാറ്ററിങ്ങ്‌കാരെ ഏല്‍പ്പിക്കാം''.
''ഞങ്ങള്‍ക്ക് എത്ര്യാ സന്തോഷം എന്ന് പറയാനാവില്ല''.
''ഞങ്ങള് ഞങ്ങളുടെ അമ്മായിക്കുവേണ്ടിചെയ്യുന്നു എന്ന് വിചാരിച്ചാല്‍ മതി''.
''എന്‍റെ കുട്ട്യേളേ. നിങ്ങളെ വേദനിപ്പിച്ചത് ആലോചിക്കുമ്പൊ....'' ലക്ഷ്മി പൊട്ടിക്കരഞ്ഞു.
''അമ്മായി ഒട്ടും ഖേദിക്കരുത്. അമ്മായി ഒരുതെറ്റും ചെയ്തിട്ടില്ലാ എന്ന് ഞങ്ങള്‍ക്കറിയില്ലേ''.
''എന്നാല്‍ കുറച്ച് പൈസ ഏല്‍പ്പിക്കാം. പിന്നെ എന്താണച്ചാല്‍ പറഞ്ഞാ മതി''.
''കാശിന്‍റെ കാര്യം ആലോചിക്കണ്ടാ. ഞങ്ങള് നാരായണന്‍ മാഷെ കണ്ട് സംസാരിച്ച് എല്ലാംഅറേഞ്ച് ചെയ്യട്ടെ''. ആ ചെറുപ്പക്കാര്‍ ഇറങ്ങിപ്പോയി.
''കഷ്ടം. ഇത്രനല്ല ആള്‍ക്കാര്യാണ് മോഹനന്‍ വെറുപ്പിച്ചത്''. ഗോപിനാഥന്‍ ആരോടെന്നില്ലാതെ പറഞ്ഞു.
അദ്ധ്യായം - 56.
പതിനൊന്നുമണിക്കുശേഷം വീട്ടില്‍നിന്നിറങ്ങിയ ഹാജിയാര്‍ രണ്ടുമണി കഴിഞ്ഞതും തിരിച്ചെത്തി. ഒറ്റപ്പാലത്ത് ഒന്നുരണ്ട് ആളുകളെ കാണുക മാത്രമേ അന്നുണ്ടായുള്ളു.
''കുഞ്ഞാമതേ, നീ ഊണുകഴിച്ചിട്ട് വീട്ടിലിക്ക് പൊയ്ക്കോ. നാളെ വന്നാ മതി'' വീടെത്തിയതും അയാള്‍ പറഞ്ഞു. ഭക്ഷണം കഴിച്ച് കാര്‍ തുടച്ചു വൃത്തിയാക്കിയിട്ടേ അയാള്‍ ഇറങ്ങിയുള്ളൂ.
കുഞ്ഞഹമ്മദ് ടി.വി.എസ് നിര്‍ത്തി സ്റ്റാന്‍ഡിലിട്ട് ഉമ്മറത്തേക്ക് നടന്നു. മുന്‍വാതില്‍ അടച്ചിരിക്കുകയാണ്. കാളിങ്ങ് ബെല്ലിന്‍റെ സ്വിച്ചമര്‍ത്തി. അകത്ത് കിളിചിലയ്ക്കുന്ന ശബ്ദംകേട്ടു. വാതില്‍ തുറന്നത് ആരീഫയാണ്.
''ഉമ്മ എവിടെ'' അയാള്‍ ചോദിച്ചു.
''നബീസത്താത്ത കുളിമുറീല് വഴുക്കിവീണൂന്ന് കേട്ട് നോക്കാന്‍ പോയി''.
''ജബ്ബാറോ''.
''ഷംസൂന്‍റെകൂടെ ബൈക്കില്‍ കേറിപ്പോയി''. ജബ്ബാറിന്‍റെ അടുത്ത കൂട്ടുകാരനാണ് ഷംസുദ്ദീന്‍ . രണ്ടുംകൂടി സിനിമയ്ക്കോ മറ്റോ പോയതാവും. കുഞ്ഞഹമ്മദ് അകത്തുചെന്ന് വസ്ത്രംമാറി ഉമ്മറത്ത് വന്നിരുന്നു.
''വാപ്പാ, ഇത് കുടിച്ചോളിന്‍'' ഒരുഗ്ലാസ്സ് നിറയെ തണുത്ത പാനീയവുമായി മരുമകളെത്തി.
''എന്താദ് കുട്ട്യേ'' അയാള്‍ ചോദിച്ചു.
''നന്നാരി സര്‍ബ്ബത്ത്. മാര്‍ക്കെറ്റില്‍ പോയപ്പൊ ഒരുകുപ്പി വാങ്ങീരുന്നു''.
കുഞ്ഞഹമ്മദ് അത് രുചിച്ചുനോക്കി. നന്നായിട്ടുണ്ട്. അയാളത് മെല്ലെ മെല്ലെ നുണഞ്ഞു.
''ഫ്ലാറ്റ് വാങ്ങുണകാര്യം ഞാന്‍ ഉമ്മാനോട് പറഞ്ഞിരുന്നു'' ആരീഫ സംസാരിക്കാന്‍ തുടങ്ങിയപ്പോഴേ അയാള്‍ക്ക് കാര്യം മനസ്സിലായി. അയാള്‍ ഒന്നു മൂളി.
''എന്താ വാപ്പാന്‍റെ അഭിപ്രായം''.
''നല്ലതന്നെ''.
''അതല്ല. ഈ വീട് വിറ്റാലോന്ന് പറഞ്ഞത്''.
''മോളേ, എനിക്ക് എട്ട് വയസ്സായപ്പഴാണ് എന്‍റെ വാപ്പ മയ്യത്തായത്. അന്ന് ഉമ്മീം ഞാനും താഴെ രണ്ട് പെണ്‍കുട്ട്യേളും മാത്രേള്ളൂ. ആകെക്കൂടീള്ളത് ഈ ഒരു തുണ്ട് ഭൂമ്യാണ്. മുളങ്കാലില്‍ കെട്ടിപ്പൊക്കീട്ട് പനമ്പട്ടക്കൊണ്ട് മോള് മേഞ്ഞ് ചുറ്റോടുംമറച്ച കുടിലാണ് അന്നുണ്ടായിരുന്നത്. പിറ്റേത്തെ കൊല്ലം ഞാന്‍പണിക്ക് പോവാന്‍തുടങ്ങി. ഇന്നപണീനില്ല. എന്നെക്കൊണ്ട് ആവുന്നതെന്തും ചെയ്യും. ഇരുപത് വയസ്സാവുമ്പഴയ്ക്കും ചെറുക്കനെ ഒരു പെര തല്ലിക്കൂട്ടി. അന്ന് ഞാന്‍ ലോറീല് ക്ലീനറാണ്. പുര പണിതപ്പൊ പെങ്ങമ്മാരെ കെട്ടിക്കാറായി. പിന്നെ അതിനുള്ള പാച്ചിലായി. ഒര്യാതി അതും നടത്തി. പിന്ന്യാണ് പാത്തുമ്മാനെ കെട്ടുണത്. അതോടെ മക്കളായി കുട്ട്യേളായി പ്രാരബ്ധ്വോയി. അതിന്‍റെടേല് വീട് നേരാക്കണംന്ന് തോന്നല് വരും. കയ്യിലെ കാശിന്‍റെ സ്ഥിതിക്കനുസരിച്ച് ഒരോഭാഗായിട്ട് പൊളിച്ച് പുതുക്കിപണിയും. ഒടുവില് കുഞ്ഞാമതിന്‍റെ വീടുപണിപോലെ എന്ന് ആള്‍ക്കാര് പറഞ്ഞ് ചിരിക്കാന്‍ തുടങ്ങി. സുഹ്രാന്‍റെ കല്യാണത്തിന്ന് മുമ്പാണ് കഴിക്കോലും പട്ടികീം മാറ്റി ഇരുമ്പോണ്ടാക്കി ഓടുമേഞ്ഞത്''.
''അത് ഞാന്‍ പറഞ്ഞുകേട്ടിട്ടുണ്ട്''.
''എന്‍റീം പാത്തൂന്‍റീം വിയര്‍പ്പിന്‍റെ വെള്ളം വീണിട്ടാണ് ഈ പുര പൊങ്ങ്യേത്. ഇത് വിട്ട് എവിടെപ്പോയി കിടന്നാലും ഞങ്ങള്‍ക്ക് ഉറക്കം വരില്ല''.
''കുറച്ചുംകൂടി സൌകര്യൂള്ള ഒന്നാവ്വോലോന്ന് വിചാരിച്ച് ഞാന്‍ പറഞ്ഞതാണ്''.
''അതിന് വിരോധൂണ്ടായിട്ടല്ല. പക്ഷെ ഞങ്ങള്‍ക്കതിന് കഴിയില്ല. ഞങ്ങള് രണ്ടും ഇവിടെ കിടന്നിട്ടന്നെ ചാവും. അപ്പൊ ഈ മുതല് ജബ്ബാറിന്‍റ്യാവും. അവനിത് വില്‍ക്ക്വേ എവിടെക്കെങ്കിലും പോവ്വേ എന്തുവേണച്ചാലും ആ കാലത്ത് ചെയ്തോട്ടെ''.
''വാപ്പാന് എന്നോട് ദേഷ്യം തോന്നുണുണ്ടോ''.
''എന്തിന്. മോള് മോള്‍ക്ക് തോന്ന്യേത് പറഞ്ഞു. ഞങ്ങടെ മനസ്സിലുള്ളത് ഞാനും പറഞ്ഞു. അതേള്ളൂ''. ഒഴിഞ്ഞഗ്ലാസ്സ് കുഞ്ഞഹമ്മദ് നീട്ടി. ആരീഫ അതുവാങ്ങി അകത്തേക്ക് നടന്നു.
()()()()()()()()()()()()
നാരയണന്‍ മാഷ് ഒറ്റയ്ക്ക് വരുന്നത് കണ്ടപ്പോള്‍ ഗോപിനാഥനും ശ്രിധര മേനോനും അത്ഭുതംതോന്നി. എല്ലായ്പ്പോഴും അദ്ദേഹത്തോടൊപ്പം മൂന്ന് സുഹൃത്തുക്കള്‍ ഉണ്ടാവാറുണ്ട്.
''ആരും അറിയാതെ പറയണ്ട ചില കാര്യങ്ങളുണ്ട്. അതാ ഞാന്‍ നേര്‍ത്തേ വന്നത്'' അയാള്‍ പറഞ്ഞു.
''ഇരിയ്ക്കൂ മാഷേ. എന്താ പ്രത്യേകിച്ച് പറയാനുള്ളത്'' ഗോപിനാഥന്‍ ചോദിച്ചു.
''രാവിലെ ഇവിടെ വന്ന ചെറുപ്പക്കാരില്ലേ, മോഹനന്‍റെ ബന്ധുക്കള്. ആ കുട്ട്യേള് എന്‍റടുത്ത് വന്നിരുന്നു''.
''മാഷെ കണ്ട് സംസാരിച്ചിട്ടുവേണം നാളത്തെ പരിപാടി നിശ്ചയിക്കാന്‍ എന്നുപറഞ്ഞാണ് ഇവിടുന്ന് ഇറങ്ങ്യേത്''.
''അതാ ഞാന്‍ പറഞ്ഞോണ്ട് വരുണത്. എന്തൊരു ഉത്സാഹാണ് അവര്‍ക്ക്''.
''ചിലവിനുള്ള കാശ് തരാന്ന് ഞാന്‍ പറഞ്ഞു. അവരത് വാങ്ങീലാ''.
''കാശും പണൂം ഒന്ന്വോല്ലല്ലോ വലുത്. സ്നേഹ്വോല്ലെ. അതുണ്ട്. അതുമതി''.
''ഞങ്ങള്‍ക്കും അത് ബോദ്ധ്യായി''.
''ലക്ഷ്മിടെ തീരുമാനാണ് ഇതിനൊക്കെ കാരണം. അമ്മയിയെപ്പറ്റി എന്തു മതിപ്പാ ആ കുട്ട്യേളക്ക്''.
''ചില കാര്യങ്ങളുണ്ട് എന്നു പറഞ്ഞത്''.
''ആ കുന്നിന്‍റെ ചോട്ടില് പതിനഞ്ച് സെന്‍റ് സ്ഥലൂണ്ട്. അതില് മോഹനനും അവകാശൂണ്ട്, അതെന്താ വേണ്ടതേന്ന് ചോദിച്ചു''.
''ഞങ്ങള്‍ക്കതൊന്നും അറിയില്ല. ലക്ഷ്മ്യോട് ചോദിക്കട്ടെ''. ശ്രീധരമേനോന്‍ ലക്ഷ്മിയെ കൂട്ടിക്കൊണ്ടുവന്നു. നാരായണന്‍ മാഷ് വിവരങ്ങള്‍ പറഞ്ഞു.
''ലക്ഷ്മിക്ക് ഇതിനെക്കുറിച്ച് എന്തെങ്കിലും അറിയ്യോ'' അയാള്‍ ചോദിച്ചു.
''പണംകൊടുത്ത് അവര്‍ക്കുള്ള അവകാശം ഒഴിമുറിവാങ്ങണംന്ന് പോയ ആള് എപ്പഴും പറയും. കേസ്സ് നടത്തി അലോഹ്യം ആയതോണ്ട് അവരോട് സംസാരിക്കാന്‍ പറ്റീല്യാ. അപ്പഴയ്ക്കും വയ്യാണ്ടെ കിടപ്പിലായി''.
''ആ വസ്തു എന്താ ചെയ്യണ്ട്''.
''അവരെടുത്തോട്ടെ. എനിക്ക് വേണ്ടാ''.
''മനസ്താപൂള്ള സ്ഥലാണ്. പാതി അമ്മായിക്ക് കൊടുക്കണംന്ന് അവര് പറഞ്ഞു''.
''എന്തിനാ മാഷേ എനിക്ക് ആ ഭൂമി. ഉള്ളതന്നെ നോക്കി നടത്താന്‍ എനിക്ക് കഴിയില്ല''.
''ഞാന്‍ ഒരുകാര്യം പറഞ്ഞാല്‍ എന്തെങ്കിലും തോന്ന്വോ''.
''ഇല്ല. മാഷ് പറഞ്ഞോളൂ''.
''പതിനഞ്ച് സെന്‍റില്‍ ഏഴര അവര്‍ക്കും ഏഴര ലക്ഷ്മിക്കും എന്നാ അവരടെ കണക്ക്. രണ്ടും വേണ്ടാ. പത്ത് സെന്‍റ് അവരെടുത്തോട്ടെ''.
''ബാക്കി അഞ്ചോ''.
''അത് ആ കാര്‍ത്ത്യായിനിക്ക് കൊടുത്താലോ. മോഹനന്‍റെ അച്ഛന്‍റെ വകേല്‍പ്പെട്ട കുട്ട്യല്ലേ അവള്''.
''ഇപ്പൊ ഉള്ള വീടോ''.
''അതിനെ വീടേന്ന് പറയാന്‍ പറ്റ്വോ. തോടിന്‍റെ വക്കത്താ പൊളിഞ്ഞു വീഴാറായ ആ വീട്. മഴപെയ്ത് തോട്ടില്‍ വെള്ളം കൂട്യാല്‍ മുറ്റത്ത് വെള്ളം കേറും. അത് മാത്രോല്ല. താമസം അടുത്താക്ക്യാ അവള്‍ക്ക് പോവാനും നോക്കാനും സൌകര്യാവ്വോലോ''.
''എനിക്ക് വിരോധൂല്യാ. ഈ തിരക്ക് കഴിഞ്ഞാല്‍ മാഷ് അവളോട് ചോദിച്ചുനോക്കൂ. ശരീന്ന് പറഞ്ഞാല്‍ ആളായിനിന്ന് ഒക്കെ ശര്യാക്കി തരൂ''.
ലക്ഷ്മി അകത്തേക്ക് പോയി. മാഷടെ കൂട്ടുകാര്‍ വരുന്നുണ്ടായിരുന്നു.
അദ്ധ്യായം - 57.
''നമ്പൂരിമാഷടെ പിള്ളാരുടെ കാര്യം ഇന്ന് പറയാമെന്ന് ഇന്നലെ വാസു ഏറ്റതാണ്. അതങ്ങോട്ട് പറയ്'' വാസുവിനെകണ്ടതും ചാക്കോ പറഞ്ഞു.
''അച്ചായന് അതറിയാതെ ഇന്നലെരാത്രി ഒരുപോള കണ്ണടയ്ക്കാന്‍ പറ്റീലാ എന്നാ കേട്ടത്'' കുഞ്ഞഹമ്മദ് ചാക്കോവിനെ കളിയാക്കി.
''അല്ലെങ്കിലും മറ്റുള്ളോരടെ രഹസ്യം അറിയാന്‍ മനുഷ്യര്‍ക്ക് എന്നും നല്ല താല്‍പ്പര്യാണ്'' വാസു പറഞ്ഞു.
''സ്വന്തംകാര്യം എല്ലാവര്‍ക്കുംഅറിയമല്ലോ. അതുപോലാണോ അന്യരുടെ കാര്യം. അത് അറിയത്തില്ല. അപ്പോള്‍ സ്വാഭാവികമായും അതറിയാന്‍ താല്‍പ്പര്യം കാണും''.
''ഇനി അതിനെക്കുറിച്ച് തര്‍ക്കം വേണ്ടാ. ഞാനിതാ പറയാന്‍ പോണൂ'' വാസു നമ്പൂരിമാസ്റ്ററുടെ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി ''ഇന്നലെ ഞാന്‍ അയാളടെ ആദ്യകാലത്തെ ബുദ്ധിമുട്ടുകള്‍ പറഞ്ഞുതന്നു. ഇനി അതുകഴിഞ്ഞുള്ളത് കേട്ടോളിന്‍. ഉദ്യോഗംകിട്ടി ബാദ്ധ്യതകള്‍ ഏതാണ്ട് തീര്‍ത്തിട്ടാണ് മാഷ് കല്യാണം കഴിച്ചത്. അതോ ഒരു സാധുപെണ്‍കുട്ടി. അതിനും പഞ്ചായത്തില് പണീണ്ടായിരുന്നു. ജീവിതം മെല്ലെ ഭേദപ്പെട്ടു. നാല് മക്കളുണ്ടായി. മൂത്തത് രണ്ടുംആണ്‍കുട്ട്യേള്. നമ്പൂരിടെ മക്കളല്ലേ. ഞാനോ മീതെ നീയോ മീതെ എന്ന മട്ടില് പഠിച്ചുകേറി. പെണ്‍കുട്ട്യേളടെ പഠിപ്പ് കഴിഞ്ഞ് ജോല്യായി, കെട്ടിച്ചുവിട്ടു. മൂത്തമകന്‍ റെയില്‍വേല് എഞ്ചിനീയറ്, രണ്ടാമത്തോന്‍ വക്കീല്. എങ്ങനീണ്ട് അവസ്ഥ''.
''ഇതില്‍ എന്നതാ കുഴപ്പം'' ചാക്കോ ചോദിച്ചു.
''ഒരു കുഴപ്പൂല്യാ. അത് ആണ്‍മക്കളടെ കല്യാണം കഴിയിണവരെ മാത്രം. പിന്ന്യല്ലേ വിശേഷങ്ങള് തുടങ്ങുണത്''വാസു തുടര്‍ന്നു''മൂത്തമകന്‍റെ ഭാര്യ ഹോമിയോഡോക്ടറ്. ഒരുപരമസാധു. രണ്ടാമന്‍ ഇഷ്ടപ്പെട്ട് കെട്ട്യേതാണ്. അത് നമ്പൂരി അല്ലാത്രേ. പെണ്ണും വക്കീലാണ്. പുതുമോടി കഴിഞ്ഞതും തമ്മില്‍ത്തല്ല് തുടങ്ങി. നമ്പുരി മാഷടീം ഭാര്യടീം സ്വഭാവഗുണംകൊണ്ട് എങ്ങന്യോക്കെ അഞ്ചാറുകൊല്ലം ഒന്നിച്ച് കഴിഞ്ഞു. സഹിക്കവയ്യാണ്ടെ ആയപ്പൊ മൂത്തമകനും ഭാര്യീം തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം വാങ്ങിപോയി''.
''അതോടെ പ്രശ്നം തീര്‍ന്നുകാണും അല്ലേ വാസൂ'' ചാക്കോ ചോദിച്ചു.
''എവിടുന്ന്. പിന്ന്യങ്ങോട്ട് നമ്പൂരീം ഭാര്യീം കൊട്ടയാട്ടീട്ടുണ്ട്. പാവങ്ങള് ആരോടെങ്കിലും പറയാന്‍ പറ്റ്വോ. നരകം തന്ന്യായിരുന്നു രണ്ടാള്‍ക്കും''.
''പിന്നെ എങ്ങനാ തീര്‍ന്നത്''.
''തീരെ നിവര്‍ത്തില്യാതെ വന്നപ്പൊ നമ്പൂരി സ്വന്തക്കാരെ വിളിച്ചുക്കൂട്ടി മൂത്തമകനീം വരുത്തി രണ്ടുമക്കളോടും സംസാരിപ്പിച്ചു. രണ്ടാമത്തോന്‍ അന്നന്നെ ഭാര്യേംകൂട്ടി ഇറങ്ങി. നിങ്ങള് ചത്താലും ഞാനിങ്ങിട്ട് കടക്കില്ല എന്ന് പറഞ്ഞിട്ടാണ് ആ ദുഷ്ടന്‍ പോയത്''.
''അച്ഛനും അമ്മേം നന്നായതോണ്ട് മക്കള്‍ നന്നാവില്യാന്ന് ഇതാ പറഞ്ഞത്. ഒക്കെ പടച്ചോന്‍ നിശ്ചയിക്കിണമാതിരി നടക്കും''.
''ആ നമ്പൂരിച്ചിക്ക് പേരക്കുട്ട്യേള് എന്നുപറഞ്ഞാല്‍ ജീവനാണ്. അവറ്റടെ കയ്യും പിടിച്ച് മക്കള് ഇറങ്ങിപോയപ്പൊ അയമ്മ നെഞ്ഞത്ത് തല്ലി. എത്ര കാലം ചെന്നാലും അതവര്‍ക്ക് കിട്ടാതെ വരില്ല. ഇന്നും പേരക്കുട്ട്യേളടെ കാര്യം പറഞ്ഞാല്‍ അയമ്മടെ കണ്ണ് നിറയും''.
''എന്നാല്‍ മൂത്തമകന് അവരെ നോക്കിക്കൂടേ''.
''അത്രപെട്ടെന്ന് സ്ഥലം മാറ്റം കിട്ടില്ലാന്ന് പറയുണൂ. സംഗതി അതൊന്ന്വോല്ല. പകല് കണ്ട കിണറ്റില് രാത്രി ആരെങ്കിലും ചെന്ന് ചാട്വോ. അവര് വന്നൂന്ന് കേട്ടാല്‍ രണ്ടാമന്‍ വന്ന് പിന്നീം കുണ്ടാമണ്ടി ഉണ്ടാക്ക്യാലോ''.
''എങ്ങന്യാ വാസ്വോ, നീയിതൊക്കെ ഇത്ര വിസ്തരിച്ചറിഞ്ഞത്''.
''അയമ്മീം എന്‍റെ ഭാര്യീം ദിവസൂംകാണും. അവര് നല്ല അടുപ്പത്തിലാണ്. അങ്ങിനെ അറിഞ്ഞ കഥ്യാ ഇതൊക്കെ''.
''വയസ്സാന്‍ കാലത്ത് മക്കളുടെ സംരക്ഷണത്തില്‍ കഴിയാന്‍ ഭാഗ്യം വേണം. അതില്ലെങ്കില്‍ ഒരുഗതീം പരഗതീം ഉണ്ടാവില്ല'' ചാക്കോ ഒരു പൊതുതത്വം പറഞ്ഞു.
വീട്ടിലേക്കുള്ള വഴിയെത്തി. വാസു യാത്രപറഞ്ഞ് നടന്നു.
()()()()()()()()
ഭാരതപ്പുഴയില്‍ മോഹനന്‍റെ മരണാനന്തരക്രിയകള്‍ നടക്കുകയാണ്. ലക്ഷ്മി ഒരുപുല്‍ത്തിട്ടില്‍ നിന്നു. കുറച്ചകലെ പാലത്തിലൂടെ ധാരാളം വാഹനങ്ങള്‍ ഇരുവശത്തേക്കും നീങ്ങുന്നു. വടക്കുഭാഗത്ത് ലക്കിടി റെയില്‍വേ സ്റ്റേഷനില്‍ ഒരു ചരക്കുവണ്ടി ചലനമറ്റുകിടപ്പുണ്ട്.
നിറഞ്ഞുതുളുമ്പുന്ന തടയണയില്‍നിന്ന് അല്‍പ്പാല്‍പ്പം വെള്ളം ഒഴുകിയിറങ്ങുന്നതുകൊണ്ട് മുങ്ങിക്കുളിക്കാന്‍ പ്രയാസമില്ല. പലഭാഗത്തായി ക്രിയചെയ്യാനെത്തിയ സംഘങ്ങള്‍ തങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി ബലിയിടുന്നു. ചേങ്ങോല്‍ നിറഞ്ഞ തുരുത്തുകളില്‍ കാക്കകള്‍ ബലിശേഷം കൊത്തിത്തിന്നുന്നുണ്ട്.
ജീവിതത്തിലെ ഭൂരിഭാഗം കാലവും ഒരുമിച്ചുകഴിഞ്ഞ് ആള്‍ വിസ്മൃതിയിലേക്ക് മാറ്റപ്പെടുകയാണ്. ഒരിക്കലും ആ വ്യക്തി മനസ്സറിഞ്ഞ് തന്നെ സ്നേഹിച്ചിട്ടില്ല. എങ്കിലും ആണ്‍തുണ എന്ന കവചംകൊണ്ട് നല്‍കിയ സംരക്ഷണത്തിന്ന് കടപ്പെട്ടിരിക്കുന്നു. അതില്ലാതായി എന്ന അറിവ് സഹിക്കാനാവുന്നില്ല. കണ്ണുകള്‍ നിറഞ്ഞുതുളുമ്പുന്നു. വിതുമ്പലടക്കാന്‍ ലക്ഷ്മി പ്രയാസപ്പെട്ടു.
''മോള് സങ്കടപ്പെടണ്ടാ'' മൂത്ത ഏടത്തിയമ്മ ചേര്‍ത്തുപിടിച്ചു.
കാലുകളുടെ ശക്തി ചോരുന്നു. ശരീരം ദുര്‍ബ്ബലമാവുകയാണ്. ലക്ഷ്മി ചളിപിടിച്ച പുല്‍ത്തിട്ടില്‍ അഭയം തേടി. സാരികൊണ്ട് മുഖം പൊത്തി കീഴാലും കുമ്പിട്ട് അവളിരുന്നു. സമയം കടന്നുപോവുന്നുണ്ട്.
''മോളേ, എണീക്ക്. എല്ലാം കഴിഞ്ഞു. ഇനി കുളിക്ക്യാ'' ഏടത്തിയമ്മ കയ്യില്‍പിടിച്ചു.
ആളുകളുടെ ചവിട്ടേറ്റ് അടിത്തട്ടിലെ ചളി പൊങ്ങി പടര്‍ന്നിട്ടുണ്ട്. കിഴക്കോട്ട് തിരിഞ്ഞ് മൂന്നുതവണ മുങ്ങി. ഒരു ജന്മത്തിലെ ബന്ധം അവസാനിപ്പിച്ച് ലക്ഷ്മി കരയ്ക്ക് കയറി.
''സോപ്പ് വേണോ'' എന്ന് സുമതി ചോദിച്ചപ്പോള്‍ അവള്‍ വേണ്ടെന്ന് തലയാട്ടി. തോര്‍ത്തുകൊണ്ട് തലമുടിയിലെ വെള്ളം കളഞ്ഞു. ഇട്ട വസ്ത്രങ്ങള്‍ ഓരോന്നായി മാറ്റി ദേഹം തുടച്ച് മാറ്റാനുള്ളവ ധരിച്ചു. നനഞ്ഞവ പിഴിഞ്ഞെടുത്ത് കയ്യില്‍കരുതിയ പോളിത്തീന്‍ കവറിലിട്ടു.
''പോവ്വേല്ലേ'' ആരോ ചോദിച്ചു. ഒറ്റയടിപാതയിലൂടെ ഓരോരുത്തരും പുറകെ പുറകെയായി നടന്നു. പുഴയില്‍നിന്ന് തിട്ടിലേക്ക് കയറുന്ന ഭാഗത്ത് ഈറന്‍തുണികളില്‍നിന്നുവീണ വെള്ളം തട്ടി വഴുക്കലുണ്ട്.
''അമ്മായി വീഴണ്ടാ'' കയ്യില്‍ ബലമായി പിടിച്ച യുവാവിനെ നോക്കി. മോഹനേട്ടന്‍റെ വലിയമ്മയുടെ മകള്‍ നിര്‍മ്മലയുടെ മൂത്തമകന്‍ വിനോദ്. ഇനിയുള്ള കാലം അമ്മായി വീഴാതെ നോക്കേണ്ടത് ഇവരൊക്കെയാണ്.
അമ്പലത്തില്‍ വലിയ തിരക്കില്ല. ഭഗാവാന്‍റെ മുന്നില്‍ കൈകൂപ്പി നിന്നു. പിരിഞ്ഞുപോയ ആളുടെ ആത്മാവിന്ന് മോക്ഷം നല്‍കണേ എന്നവള്‍ പ്രാര്‍ത്ഥിച്ചു.
''തിലഹോമത്തിനൊക്കെ ഏര്‍പ്പാടാക്കീട്ടുണ്ട്. ഇനി നമുക്ക് പോവാംഅല്ലേ '' നാരായണന്‍ മാഷ് ചോദിച്ചു. പുറമെനിന്നുള്ള ഒരേഒരാള്‍ അദ്ദേഹമാണ്. വല്യേട്ടന്‍റെ ആവശ്യപ്രകാരം വന്നതാണ് മാഷ്.
''ആഹാരം ഇവിടെനിന്ന് കഴിക്കണോ'' ആരോ ചോദിച്ചു.
''വേണ്ടാ. നേരം എട്ട് കഴിഞ്ഞിട്ടല്ലേ ഉള്ളൂ. നമുക്ക് തിരുവില്വാമലയില്‍ ചെന്നുതൊഴുതിട്ട് കഴിക്കാം. അതുപോരേ'' മാഷ് മറുപടി പറഞ്ഞു.
ഓരോരുത്തരായി വണ്ടിയില്‍ കയറി. വാഹനം നീങ്ങിയപ്പോള്‍ ലക്ഷ്മി തിരിഞ്ഞുനോക്കി. മോഹനേട്ടന്‍ അവിടെ നില്‍പ്പുണ്ടെന്ന് അവള്‍ക്ക് തോന്നി.
അദ്ധ്യായം - 58.
പന്തല്‍ സാമഗ്രികളും പ്ലാസ്റ്റിക്ക് കസേലകളും തലേദിവസം കൊണ്ടുവന്ന ഊണ്‍മേശകളും കയറ്റിയ പെട്ടിഓട്ടോ ഗെയിറ്റ് കടന്ന് റോഡിലേക്കിറങ്ങി. ഉച്ചഭക്ഷണം കഴിഞ്ഞ് ബന്ധുമിത്രാദികള്‍ എപ്പോഴോ സ്ഥലം വിട്ടിരുന്നു.
''അങ്ങിനെ അതുംകഴിഞ്ഞു'' ആദ്യാവസാനക്കാരനായിനിന്ന നാരായണന്‍ മാഷ് പറഞ്ഞു.
''ഈ സഹായത്തിന്ന് നിങ്ങളോട് എങ്ങന്യാ നന്ദിപറയണ്ട് എന്നറിയില്യാ'' ഗോപിനാഥന്‍ പറഞ്ഞു ''വാസ്തവത്തില്‍ ഇതുവരെക്കും ഒരുബുദ്ധിമുട്ടും ഞങ്ങളറിഞ്ഞിട്ടില്ല''.
''നന്ദി പറച്ചിലിന്‍റ്യോന്നും ആവശ്യൂല്യാ. ഒറ്റപ്പെട്ട ഒരു സ്ത്രീ ഭര്‍ത്താവ് മരിച്ച് എന്താവേണ്ടേന്നറിയാതെനിക്കുമ്പൊ സഹായിക്കണ്ടത് അടുത്ത് താമസിക്കുണോരടെ കടമ്യാണ്. അത് ചെയ്തൂ. അത്രേള്ളൂ''.
''ഇനീം നിങ്ങളുടെ ഒക്കെ സഹായം വേണം. അവള്‍ ഒറ്റയ്ക്കേ ഉള്ളൂ''.
''അതാലോചിച്ച് നിങ്ങള് വിഷമിക്കണ്ടാ. ഇപ്പൊ ലക്ഷ്മിടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ബന്ധുക്കളായി. എന്നാലും ഞങ്ങളുടെ ശ്രദ്ധീണ്ടാവും''.
''അകലെ കഴിയിണ ഞങ്ങള്‍ക്ക് അതാ ഒരാശ്വാസം''.
''രാവിലെ നേര്‍ത്തേ എണീറ്റതല്ലേ. പോയി ഇത്തിരിനേരം തല ചായ്ക്കട്ടെ. ലക്ഷ്മ്യേ ഒന്നു വിളിയ്ക്കൂ. അവളോട് പറഞ്ഞിട്ട് പോവാനാ''. ലക്ഷ്മി ഉമ്മറത്തെത്തി.
''കുട്ടീ, ഞാന്‍ ഇറങ്ങുണൂ. എന്ത് ആവശ്യം ഉണ്ടെങ്കിലും പറയാന്‍ മടി കാണിക്കണ്ടാ. ഇനി എന്തെങ്കിലും ഞാന്‍ ചെയ്യാനുണ്ടോ''.
''ഉണ്ട്'' ലക്ഷ്മി തുറന്നുപറഞ്ഞു.
''എന്താ ഉള്ളത്''.
''മോഹനേട്ടന്‍ മരിച്ചനേരം മുതല്‍ ഈ നിമിഷം വരെ ഒരുപാട് ചിലവ് വന്നിട്ടുണ്ട്. ഒരുപൈസ ഞാന്‍ കൊടുത്തിട്ടില്ല. ചിലവായതിന്‍റെ കണക്ക് പറഞ്ഞാല്‍ പൈസ ഞാന്‍ തരാം''.
''എന്താ കുട്ടി ഈ പറയുണ്. അന്യരൊന്നും അല്ലല്ലോ ചിലവാക്ക്യേത്''.
''അല്ല. ഒക്കെ വേണ്ടപ്പെട്ടോരന്നെ ചെയ്തത്. എന്നാലും അതറിയണം. അതില്‍ കാര്യൂണ്ട്''.
''എന്ത് കാര്യം. അത് പറയ്''.
''കല്യാണം കഴിഞ്ഞ് വരുമ്പൊ കാശായിട്ട് എന്‍റേല് ഒന്നൂണ്ടായിരുന്നില്ല. ജോലി കിട്ടി ശമ്പളംവാങ്ങാന്‍ തുടങ്ങ്യേമുതല്‍ കിട്ടുണ പൈസ സ്കൂള്‍ മുതല്‍ വീടുവരെ കയ്യില്‍വെക്കാനേ എനിക്ക് യോഗൂണ്ടായിരുന്നുള്ളു. വീടെത്ത്യാല്‍ മോഹനേട്ടന്‍ കൈനീട്ടും ഞാനാപൈസ കയ്യില്‍കൊടുക്കും. അതുകാരണം എന്‍റെകയ്യോണ്ട് മോഹനേട്ടനുവേണ്ടി ജീവിച്ചിരിക്കുമ്പൊ ഒന്നും ചെയ്യാന്‍ പറ്റീട്ടില്ല. ഇതെങ്കിലും ചെയ്തില്ലെങ്കില്‍ പിന്നെ ഞാനെന്ത് ഭാര്യാണ്'' ആരും ഒന്നും പറഞ്ഞില്ല..
''ഒരുകാര്യം കൂടീണ്ട്. ഇരിക്കിണകാലത്ത് ചെയ്യാന്‍ പാടില്യാത്ത പലതും മോഹനേട്ടന്‍ ചെയ്തു. അതൊക്കെ കടമായി കിടക്ക്വാണ്. മരിച്ചപ്പഴത്തെ ചിലവും ആ കണക്കില്‍ ചേര്‍ക്കണോ''.
''ഇന്നലെവരെയ്ക്കുള്ളത് ലക്ഷ്മിടെ ഏട്ടന്മാരാണ് ചെയ്തത്, ഇന്നത്തെ ചിലവ് മുഴുവന്‍ മരുമക്കളും. ഇന്ന് വൈകുന്നേരം അവരോട് ചോദിച്ച് ആ കണക്ക് പറയാം. എന്താ പോരേ''.
''അവര്‍ക്ക് ഒന്നും തോന്നാത്തവിധത്തില്‍ കാശ് വാങ്ങി കൊടുക്കണം''.
''ആ കാര്യം ഞാനേറ്റു'' മാഷ് യാത്ര പറഞ്ഞിറങ്ങി.
''എന്താ ലക്ഷ്മി ഇത്. നീ ഞങ്ങള്‍ക്ക് പൈസ മടക്കിതര്വാണോ'' വല്യേട്ടന്‍ ചോദിച്ചു.
''ആര് തരുണൂ. എന്‍റെ ഏട്ടന്മാര്‍ക്ക് അതൊരു കടമ്യാണ്. മോഹനേട്ടന്‍റെ തെറ്റോണ്ടാണെങ്കിലും ഇന്നലെവരെ മരുമക്കള് അകന്നുനിന്നോരാണ്. അവര് പണം ചെലവാക്കുണത് ശര്യല്ല. ക്രിയയ്ക്കും അടിയന്തരത്തിനും ഞങ്ങളാ കാശ് ചിലവാക്ക്യേതേന്ന് എപ്പഴങ്കിലും ആരുടേങ്കിലും വായിന്ന് വീഴാന്‍ പാടില്ല. അങ്ങനീണ്ടായാല്‍ എനിക്കത് സഹിക്കാന്‍ പറ്റില്ല''.
അനിയത്തിയുടെ മനസ്സിലിരുപ്പ് ഏട്ടന്മാര്‍ക്ക് മനസ്സിലായി. ഉള്ളുകൊണ്ട് അവരവളെ അനുമോദിച്ചു.
()()()()()()()()()()()()()()()
ചാക്കോ ഉച്ചമയക്കം കഴിഞ്ഞ് ഉണര്‍ന്നെഴുന്നേറ്റ നേരത്താണ് ചെല്ലന്‍ എത്തിയത്. സ്ഥലത്തിന്ന് അഡ്വാന്‍സ് കൊടുത്ത് കരാറെഴുതിയതാണ്. പ്രമാണം റജിസ്ട്രാക്കാന്‍ ഇനിയും ഇഷ്ടംപോലെ സമയം കിടക്കുന്നു. ഇപ്പോഴെന്തിനാ ഇയാള്‍ വന്നിരിക്കുന്നത്. ചാക്കോ മനസ്സിലോര്‍ത്തു.
''അച്ചായോ, എന്തൊക്കീണ്ട് വിശേഷം'' അവന്‍ ചോദിച്ചു.
''നമുക്കെന്ത് വിശേഷം. രാവിലെ എഴുന്നേല്‍ക്കുന്നു. എങ്ങിനേയോ രാത്രിയാക്കുന്നു. അല്ലാതെന്ത് വിശേഷം''.
''നിങ്ങള്‍ക്ക് ട്രാന്‍സ്പോര്‍ട്ടിന്ന് കിട്ടാനുള്ളതൊക്കെ കിട്ടാറായോ''.
''പെന്‍ഷന്‍ പാസ്സായി. കിട്ടാനുള്ള തുക വൈകാതെ കിട്ടും''.
''സമയം ആയിട്ടൊന്ന്വോല്ല. ഞാന്‍ വെറുതെ കേട്ടൂന്നു മാത്രം''.
''പൈസ കയ്യില്‍ വന്നാല്‍ ആ സെക്കന്‍ഡില്‍ ഞാന്‍ വിവരംതരും. പിന്നെ വൈകില്ല''.
''അത് എനിക്കറിയില്ലേ. ഞാന്‍ വന്നത് മറ്റേ സ്ഥലം കൊടുക്കണ്ട കാര്യം പറയാന്‍ വേണ്ടീട്ടാ''.
''എന്താ ആരെങ്കിലും സ്ഥലം ചോദിച്ചോ''.
''രണ്ട് പാര്‍ട്ടീണ്ട്. അത് പറയാനാ വന്നത്. നിങ്ങടെ അഭിപ്രായം കേട്ടിട്ട് വേണോലോ അവരടടുത്ത് വിവരം പറയാന്‍''.
''എന്താ സംഗതി. വിവരം തെളിച്ചു പറ'' മേരിക്കുട്ടി രംഗത്തെത്തി.
''ഒന്ന് കയ്യില്‍ നെറയെ കാശുള്ളോനാ. പക്ഷെ അവന്‍ സ്ഥലത്തിന് വെല കാണില്ല. നിങ്ങള് മുടക്ക്യേതില്‍വെച്ച് വലുതായിട്ടൊന്നും കിട്ടില്ല''.
''ശരി. അടുത്തതോ''.
''അവന്‍റേല് കാശ് കമ്മ്യാണ്. എന്നാലും നമ്മള് ചോദിക്കിണത് തരാന്‍ റെഡ്യാ. പക്ഷെ ചില വിട്ടുവീഴ്ച ചെയ്യണ്ടിവരും''.
''എന്ത് വിട്ടുവീഴ്ച''.
''ഇപ്പൊ അഡ്വാന്‍സ് തന്ന് കരാറാക്കും. ഒരുകൊല്ലം കഴിഞ്ഞ് റയിഷ്. അപ്പൊ പകുതി വെല തരും''.
''ബാക്കി പകുതി''.
''അതിന് പ്രോനോട്ട് എഴുതി തരും. രണ്ടോ മൂന്നോ കൊല്ലംകൊണ്ട് തന്നുതീര്‍ക്കും. അതുവരെ മുമ്മൂന്ന് മാസം കൂടുമ്പൊ പലിശ തരും''.
''ചെല്ലോ, അത്തരം കേസ്സുകെട്ട് ഞങ്ങള്‍ക്ക് വേണ്ടാ. പൈസാ കുറവായാലും ഉള്ളത് ഉടനെ കിട്ടണം'' മേരിക്കുട്ടി പറഞ്ഞു ''ആദ്യം പറഞ്ഞവരോട് വരാന്‍ പറ''.
''അവര് സെന്‍റിന് പത്ത് വെച്ച് തരാന്ന് പറഞ്ഞു. അപ്പൊ നാല്‍പ്പത്തഞ്ച് സെന്‍റിന്ന് നാലരലക്ഷം . അതേ കിട്ടൂ''.
''നീയൊരു കാര്യം ചെയ്യ്'' മേരിക്കുട്ടി പറഞ്ഞു ''അവരെ പറഞ്ഞ് ശരിയാക്കി അഞ്ച് തികച്ച് വാങ്ങി താ. നിനക്ക് ഞാനൊരു പത്ത് അറിഞ്ഞുതരാം''.
ചേട്ടത്ത്യാരുടെ നാവ് നന്നല്ലെങ്കിലും കാശിന്‍റെ കാര്യത്തില്‍ ഡീസന്‍റാണ്. പതിനായിരം ഉറുപ്പിക അധികം കിട്ടുന്നതാണ്. എങ്ങിനെയെങ്കിലും പറഞ്ഞു ശരിയാക്കണം. ചെല്ലന്‍ മനസ്സില്‍ പറഞ്ഞു.
''ശരി. ഞാനൊന്ന് പറഞ്ഞുനോക്കട്ടെ'' ചെല്ലന്‍ എഴുന്നേറ്റു.
''ഇരിയ്ക്ക്. ചായ കുടിച്ചേച്ച് പോവാം'' മേരിക്കുട്ടി അടുക്കളയിലേക്ക് നടന്നു.
അദ്ധ്യായം - 59.
''ശ്രീധരാ, വേണച്ചാല്‍ നീ നാളെ സുമതീംകൂട്ടി പൊയ്ക്കോ. ഞങ്ങള് ഒരാഴ്ചകഴിഞ്ഞിട്ടേ വീട്ടിലിക്ക് പോണുള്ളൂ'' അന്ന് വൈകുന്നേരം വെറുതെയിരിക്കുമ്പോള്‍ ഗോപിനാഥന്‍ അനുജനോട് പറഞ്ഞു.
''ഞങ്ങളും ഇവിടെ ഇരിക്കാം ഏട്ടാ'' ശ്രീധരമേനോന്‍ പറഞ്ഞു''ഏട്ടനും ഏടത്ത്യേമ്മീം പോവുമ്പഴേ ഞങ്ങളും പോണുള്ളൂ''.
''അതല്ല ശരി. കുറച്ചുദിവസം നമ്മളിവിടെ വേണം. അവളെ ഒറ്റയ്ക്കാക്കികൂടാ. ഞങ്ങള് പോവുമ്പൊ നിങ്ങള് ഇവിടെ ഉണ്ടായാല്‍ മതി''.
''ഞാനൊന്ന് സുമതിടടുത്ത് ചോദിക്കട്ടെ. അവളുടെ അഭിപ്രായം കൂടി അറിയാലോ''. അയാള്‍ അകത്തുചെന്ന് ഭാര്യയോട് വിവരം പറഞ്ഞു.
''എങ്ങന്യാ വേണ്ടേച്ചാല്‍ അങ്ങിനെ. നാളെ പോയാല്‍ എന്നാ വരണ്ടേന്ന് ഏട്ടനോട് ചോദിക്കൂ'' സുമതി സമ്മതം നല്‍കി.
''നാളെ ബുധനാഴ്ച. നിങ്ങള് പോയി അടുത്ത ബുധനാഴ്ച വരിന്‍. അന്ന് വൈകുന്നേരം ഞങ്ങള് പോവ്വാ''.
''ആ ആഴ്ച ഞങ്ങളിവിടെ ഇരുന്നോളാം''.
''അവളെ നമ്മടെ വീട്ടിലിക്ക് കൊണ്ടുപോവണോലോ. അപ്പൊ അത്രയങ്ങിട്ട് നീട്ടുണില്ല. ബുധനാഴ്ച പോയാല്‍ ഞങ്ങള് ശനിയാഴ്ച്യേന്നെ വരും. അന്ന് നിങ്ങള് പൊയ്ക്കോ. മൂന്നോനാലോ ദിവസം കഴിഞ്ഞാല്‍ ലക്ഷ്മ്യേകൂട്ടീട്ട് ഞങ്ങള് പോവും. ഞങ്ങളുടെകൂടെ നാലഞ്ചുദിവസം ഇരുത്തീട്ട് നിന്‍റടുത്ത് എത്തിക്കാം. അവിടുന്ന് സൌകര്യംപോലെ അവളെ ഇങ്ങിട്ട് കൂട്ടീട്ട് വന്നാ മതി''. സന്ധ്യയോടെ മാഷും പരിവാരങ്ങളും വന്നു.
''ലക്ഷ്മി പറഞ്ഞകാര്യം ഞാന്‍ മരുമക്കളോട് പറഞ്ഞു. അവര്‍ക്ക് കാര്യം മനസ്സിലായി. ചിലവായതിന്‍റെ കണക്ക് ചോദിച്ചറിഞ്ഞു''.
''എത്ര്യാണച്ചാല്‍ പറഞ്ഞോളൂ. ഇപ്പൊത്തന്നെ ഏല്‍പ്പിക്കാം'' മാഷ് തുക പറഞ്ഞു. ഗോപിനാഥന്‍ പണമെടുക്കാന്‍ അകത്തേക്ക് ചെന്നു.
''ആദ്യം ആ കുട്ട്യേള്‍ക്ക് ചെറ്യോരു വിഷമം തോന്നി. ഞങ്ങളടെ പൈസ വേണ്ടാഞ്ഞിട്ടാണോ അമ്മായി അത് തിരിച്ചുതരാന്ന് പറഞ്ഞത് എന്ന് എന്നോട് ചോദിച്ചു. എല്ലാം വിശദീകരിച്ചപ്പോള്‍ അവര്‍ സമ്മതിച്ചു''. ഗോപിനാഥന്‍ കൊണ്ടുവന്ന് കൊടുത്ത പൈസവാങ്ങി എണ്ണിനോക്കി മാഷത് പോക്കറ്റിലിട്ടു.
''ഞാന്‍ പറഞ്ഞ പതിനഞ്ച് സെന്‍റ് സ്ഥലത്തിന്‍റെ കാര്യംസംസാരിച്ചു. വല്യേ ഒരു അരളി ഒരു ദൈവത്തറ കൊക്കര്‍ണ്ണിപോലെ ചെറ്യോരു കുളം ഒക്കെ അതിലുണ്ട്. കാരണോന്മാര്‍ക്കും പരദേവതയ്ക്കും മുമ്പൊക്കെ അവിടെ പൂജ ചെയ്യാറുണ്ടത്രേ. ആ സ്ഥലം കഴിച്ച് ബാക്കീള്ളത് കാര്‍ത്ത്യായിനിക്ക് കൊടുത്തോളാന്‍ പറഞ്ഞു''.
''നാളെ അനുജനും ഭാര്യീം പോവും. ഒരാഴ്ച കഴിഞ്ഞ് അവര് വരുമ്പൊ ഞാനും ഭാര്യീം പോവും. ഞങ്ങള് മടങ്ങിവന്നശേഷം നല്ലദിവസം നോക്കി ലക്ഷ്മ്യേ എന്‍റെ വീട്ടിലിക്ക് കൂട്ടീട്ട് പോവും. മൂന്നുനാലുദിവസം അവിടെ ഞങ്ങളുടെകൂടെ കഴിഞ്ഞിട്ട് അനുജന്‍റടുത്തേക്ക് അവളെ കൊണ്ടുപോവും. ഇതൊക്ക്യാണ് നിശ്ചയിച്ചിരിക്കിണത്''.
''നന്നായി. ഞാനത് പറഞ്ഞുതരാനിരിക്ക്യായിരുന്നു'' മാഷ് അനുകൂലിച്ചു.
()()()()()()()()()()()
രാവിലെ അഞ്ചരയ്ക്ക് നാട്ടിലേക്കൊരു ബസ്സുണ്ട്. പിന്നെ ബസ്സുള്ളത് പതിനൊന്നരയ്ക്കും വൈകുന്നേരം അഞ്ചരയ്ക്കുമാണ്. എല്ലാം തീരെ അസൌകര്യമായ സമയമാണ്. മലഞ്ചോട്ടില്‍ നിന്നുവരുന്ന ആ ബസ്സ് ഓടിയെത്താന്‍ രണ്ടരമണിക്കൂര്‍ വേണം രാവിലെ കാറില്‍ അടുത്ത ടൌണിലെത്തിക്കാമെന്ന് മോഹനന്‍റെ മരുമകന്‍ പറഞ്ഞതിന്ന് സമ്മതം മൂളിയത് അതുകൊണ്ടാണ്.
രാവിലെ നേരത്തെ ശ്രീധരമേനോനും സുമതിയും എഴുന്നേറ്റു. എന്താണ് എന്നറിയില്ല പെങ്ങളെ വിട്ടുപോവാന്‍ ഒരുവിഷമം. കുളികാര്യാദികള്‍ തീര്‍ത്ത് ഭക്ഷണംകഴിക്കുമ്പോഴും അയാള്‍ മൌനിയായിരുന്നു. വസ്ത്രം മാറി ഒരുങ്ങുമ്പോഴേക്കും കാറെത്തി. കൊണ്ടുപോവാനുള്ള ബാഗുകള്‍ സുമതി എടുത്തുവെച്ചു. ഏട്ടന്‍ ഉമ്മറത്തിരുന്ന് പത്രംവായിക്കുകയാണ്. ഏടത്തിയമ്മ കാര്‍ത്ത്യായിനിയോടൊപ്പം അടുക്കളയിലുണ്ട്.
അനിയത്തി കുളികഴിഞ്ഞ് വസ്ത്രം മാറി കഴിഞ്ഞിരിക്കുന്നു. നെറ്റിയില്‍ ഭസ്മംകൊണ്ട് കുറി തൊട്ടിട്ടുണ്ട്. രണ്ടാഴ്ചമുമ്പ് ആ നെറ്റിയില്‍ കുങ്കുമം തൊട്ടിരുന്നതാണ്. വെള്ളവസ്ത്രവും ഭസ്മക്കുറിയുമായി വിധവയാണ് എന്നവള്‍ ഓര്‍മ്മിപ്പിക്കുന്നു.
''മോളേ, ഞങ്ങള്‍ ഇറങ്ങ്വാണ്. അടുത്തയാഴ്ച വരാം'' അയാള്‍ പറഞ്ഞു. അവളുടെ കണ്ണുകളില്‍നിന്ന് ധാരയായി മിഴിനീര്‍ ഒലിച്ചിറങ്ങുന്നത് ആ നിമിഷം അയാള്‍ കണ്ടു.
''എനിക്കുണ്ടായിരുന്ന ആള് പോയി'' അവള്‍ വിതുമ്പി. അയാളവളെ തന്നിലേക്ക് ചേര്‍ത്തുപിടിച്ചു.
''എന്‍റെ മോള് സങ്കടപ്പെടണ്ടാ. നിനക്ക് ഏട്ടന്മാരുണ്ട്, എന്നും എപ്പോഴും'' സുമതി കര്‍ച്ചീഫ് കൊണ്ട് ലക്ഷ്മിയുടെ കണ്ണുനീരൊപ്പി. ഭാര്യയുടെ ആ പ്രവര്‍ത്തി അയാളെ സന്തോഷിപ്പിച്ചു.
''ഒരു മിനുട്ട്. കാര്‍ത്ത്യായിനിയോട് പറഞ്ഞിട്ട് വരാം'' സുമതി നടന്നതും അയാള്‍ ഒപ്പം ചെന്നു.
''കാര്‍ത്ത്യായിനി, അടുത്താഴ്ച കാണാട്ടോ'' ബാഗില്‍നിന്ന് അഞ്ഞൂറിന്‍റെ ഒരുനോട്ടെടുത്ത് അവള്‍ കൈമാറുന്നത് കണ്ടു. അത് കണ്ടതും ബാലചന്ദ്രന്‍ അയാളുടെ മനസ്സിലെത്തി.
''എവിടെ നിങ്ങളടെ ബാലമാമ. ഒന്നുവിളിക്കൂ'' അയാള്‍ പറഞ്ഞു. അവള്‍ പോയി അയാളെ കൂട്ടിയെത്തി.
''ഞങ്ങള്‍ ഇറങ്ങ്വാണ്. പെങ്ങളുടെ കാര്യത്തില്‍ ഒരുശ്രദ്ധ വേണം'' കയ്യില്‍ സൂക്ഷിച്ച നോട്ട് അയാള്‍ ബാലചന്ദ്രന്ന് കൊടുത്തു.
''ഞാന്‍ ഇവിടെത്തന്നെ ഉണ്ടാവും'' ബാലചന്ദ്രന്‍ ഉറപ്പ് നല്‍കി. മരുമകന്‍ ബാഗുകള്‍ വാങ്ങി ഡിക്കിയില്‍ വെച്ചു.
''ബുധനാഴ്ച കാണാം'' അയാള്‍ യാത്രപറഞ്ഞിറങ്ങി. കാര്‍ നീങ്ങിയപ്പോള്‍ തിരിഞ്ഞുനോക്കി. അനുജത്തി മറ്റുള്ളവരോടൊപ്പം മുറ്റത്തുണ്ട്. നിറയാന്‍ തുടങ്ങിയ കണ്ണുകളെ അയാള്‍ കര്‍ച്ചീഫ് കൊണ്ട് മൂടി
അദ്ധ്യായം - 60.
ബസ്സ് സ്റ്റാന്‍ഡിന്‍റെ മുന്നില്‍ കാര്‍ നിര്‍ത്തിയതും ശ്രീധരമേനോന്‍ ഇറങ്ങി. മോഹനന്‍റെ മരുമകന്‍ ഡിക്കിതുറന്ന് എടുത്തുനല്‍കിയ ബാഗുകള്‍ ഏറ്റു വാങ്ങി. യാത്രപറഞ്ഞ് സുമതിയോടൊപ്പം അയാള്‍ ബസ്സ് സ്റ്റാന്‍ഡിലേക്ക് ചെന്നു.
ആലുകളെ കുത്തിനിറച്ച് പുറപ്പെടാന്‍ തയ്യാറായി ഒരു പ്രൈവറ്റ് ബസ്സ് നില്‍ക്കുന്നുണ്ട്. തിക്കിത്തിരക്കി നില്‍ക്കാന്‍ വയ്യ. കുറെദൂരം യാത്ര ചെയ്യാനുണ്ട്. കെ.എസ്.ആര്‍.ടി.സി.യുടെ ഒരു ഫാസ്റ്റ് പാസ്സഞ്ചര്‍ ബസ്സ് അപ്പോഴെത്തി. അതിനെ കണ്ടതും പ്രൈവറ്റ് ബസ്സ് പുറപ്പെട്ടു.
ആളുകള്‍ ഇറങ്ങിയതോടെ ബസ്സ് പകുതി കാലിയായി. വേഗത്തില്‍ കയറി ഒരു സീറ്റ് പിടിച്ചു. ബാഗ്‌വെച്ച് സുമതിക്ക് സ്ഥലമുണ്ടാക്കി.
''വരൂ'' പുറകെവരുന്ന ഭാര്യയെ അയാള്‍ വിളിച്ച് അടുത്തിരുത്തി.
''ഫാസ്റ്റ് പാസ്സഞ്ചര്‍ ആയതോണ്ട് പെട്ടെന്ന് എത്ത്വല്ലേ'' സുമതി ചോദിച്ചു.
''സ്റ്റോപ്പ് കുറവാണ്. എവടീം അധികം നിര്‍ത്തീടില്ല''.
കണ്ടക്ടര്‍ ഡബിള്‍ബെല്ലടിച്ചതോടെ ബസ്സ് നീങ്ങി. അല്‍പ്പനേരം കഴിഞ്ഞതും അയാള്‍ കണ്ണടച്ച് സീറ്റില്‍ ചാരികിടന്നു.
പത്തുമണി കഴിഞ്ഞതും ബസ്സ് സ്റ്റാന്‍ഡിന്‍റെ മുന്നിലെത്തി.
''കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡ്. കൊയമ്പത്തൂര് പോവാനുള്ളവര്‍ ഇവിടെ ഇറങ്ങാം''. കണ്ടക്ടര്‍ വിളിച്ചുപറഞ്ഞതും സുമതി എഴുന്നേറ്റു.
''ഇവിടെ ഇറങ്ങണോ'' അയാള്‍ ചോദിച്ചു.
''ങും'' എന്ന മൂളലായിരുന്നു മറുപടി. ഭാര്യയോടൊപ്പം ശ്രീധരമേനോന്‍ ബസ്സില്‍നിന്നിറങ്ങി.
''കാപ്പികുടിക്കണംന്ന് തോന്നി. അതാണ്'' സുമതി പറഞ്ഞു. ബസ്സ് സ്റ്റേഷന്ന് തൊട്ടടുത്ത് നല്ലൊരു ഹോട്ടലുണ്ട്. ടൌണില്‍ വരുമ്പോഴെല്ലാം സുമതിക്ക് അവിടെനിന്ന് ചായ കുടിക്കണം..
''ഞാനൊന്ന് വിട്ടിലിക്ക് വിളിക്കട്ടെ. ഉച്ചയ്ക്ക് എന്താവള് ഉണ്ടാക്ക്യേത് എന്നറിയാലോ'' കൈകഴുകുമ്പോള്‍ അവള്‍ പറഞ്ഞു.
''എന്നാല്‍ നീ മിണ്ടാതിരുന്നോ. ഞങ്ങള് വരുമ്പൊ ബിരിയാണി വാങ്ങീട്ട് വരാം'' മരുമകളോട് സുമതി പറയുന്നത് കേട്ടപ്പോള്‍ ചിരിവന്നു. ബെസ്റ്റ് അമ്മായിയമ്മ.
''സ്വീറ്റ് പറയട്ടെ. മധുരം ഇഷ്ടൂള്ള ആളല്ലേ'' വെയിറ്റര്‍ മുന്നിലെത്തിയപ്പോള്‍ ഭാര്യ ചോദിച്ചു. അയാള്‍ തലയാട്ടി.
''അവിടെ ഗുലാബ് ജാന്‍, എനിക്ക് ജിലേബി. അവിടെ തൈരുവട, എനിക്ക് സാമ്പാര്‍ വട. രണ്ടാള്‍ക്കും കാപ്പി'' പെട്ടെന്നവള്‍ ഓര്‍ഡര്‍ നല്‍കി. തന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ ഭാര്യ മറന്നിട്ടില്ല.
''നോക്കൂ. ഒന്ന് ബിഗ് ബസാറില്‍ പോണം. ഇന്ന് ബുധനാഴ്ചയല്ലേ. ഓഫര്‍ ഉണ്ടാവും'' ഹോട്ടലില്‍നിന്ന് ഇറങ്ങിയതും ഭാര്യ പറഞ്ഞു. പര്‍ച്ചേസ് കഴിഞ്ഞ് ബിരിയാണിയും വാങ്ങി വീടെത്തുമ്പോള്‍ ഒന്നര മണി.
''വയ്യ തോന്നുണൂ. ഞാനിത്തിരി കിടന്നോട്ടെ'' അയാള്‍ പറഞ്ഞു.
''വേഗം പോയി ഡ്രസ്സ് മാറീട്ട് വരൂ. കൊണ്ടുവന്നത് കഴിച്ചിട്ട് കിടന്നാമതി. ബിരിയാണി തണുത്താല്‍ നന്നല്ല''. അയാള്‍ റൂമിലേക്ക് നടന്നു.
()()()()()()()()()()
വൈകുന്നേരം നാരായണന്‍ മാഷ് മാത്രമേ വന്നുള്ളൂ.
''മരുമക്കള് രണ്ടാള് ഇപ്പൊ വരും. കാര്യങ്ങള്‍ പറഞ്ഞുതീരുമാനിക്കണം എന്നവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്'' അയാള്‍ പറഞ്ഞു.
''സ്ഥലത്തിന്‍റെ കാര്യോല്ലേ'' ഗോപിനാഥന്‍ ചോദിച്ചു.
''അതെ. അല്ലാണ്ടെ വേറൊന്നൂല്യല്ലോ. പക്ഷെ കുറച്ച് കാലതാമസം വരും. മോഹനന്‍റെ അനന്തരാവകാശി ലക്ഷ്മ്യാണ് എന്ന സര്‍ട്ടിഫിക്കറ്റ് കിട്ടണം. എന്നിട്ടത് വില്ലേജില്‍ കാണിച്ച് അവരുടെ രേഖേല് മാറ്റം വരുത്തണം''.
''അത് ശര്യാണ്. എന്നിട്ടേ എന്തെങ്കിലും ചെയ്യാന്‍ പറ്റൂ''.
''ഇപ്പൊ കാര്യങ്ങള്‍ പറഞ്ഞുറപ്പിക്ക്യാ. അപ്പൊ കടലാസ്സിലാക്ക്വാ. അത് പറയാനാ അവര് വരുണത്''.
''അവര് വരട്ടെ. ലക്ഷ്മിക്ക് സ്വത്തില് ഒരുമോഹൂല്യാന്ന് പറഞ്ഞു. അപ്പൊ പ്രശ്നൂല്യല്ലോ''. കുറച്ചുനേരം കഴിഞ്ഞതും മരുമക്കള്‍ രണ്ടുപേരുമെത്തി. ഗോപിനാഥന്‍ ഉള്ളില്‍ചെന്ന് ചായകൊണ്ടുവരാന്‍ ഏല്‍പ്പിച്ചു. ലക്ഷ്മിയെ കൂടെ കൂട്ടിയിട്ടാണ് അയാള്‍ വന്നത്.
''ഇതാ നിങ്ങളടെ അമ്മായി വന്നിട്ടുണ്ട്. പറയണ്ടതൊക്കെ അന്യോന്യം പറഞ്ഞോളിന്‍'' അയാള്‍ പറഞ്ഞു. ചെറുപ്പക്കാര്‍ ഒന്നും പറയാതെ വെറുതെ ചിരിക്കുക മാത്രം ചെയ്തു.
''രണ്ടുകൂട്ടരും എന്‍റടുത്ത് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്'' നാരായണന്‍ മാഷ് പറഞ്ഞു'' ഞാനത് ഇവിടെ പറയ്യാണ്. എന്തെങ്കിലും വ്യത്യാസൂണ്ടെങ്കില്‍ അപ്പൊത്തന്നെ പറയണം. എന്നാല്‍ പറഞ്ഞോട്ടെ''. എല്ലാവരും സമ്മതം അറിയിച്ചു.
''കുന്നിന്‍റെ കാര്യത്തിലാ കേസ്സ് നടന്നത്. അത് മോഹനന്‍റെ കൈവശം വന്നു. ഇവര്‍ക്കൊക്കെ മനസ്താപം ഉണ്ടായിട്ടുണ്ട്. ഇപ്പൊ ലക്ഷ്മി സ്വമനസ്സാലെ അത് ഇവര്‍ക്ക് വിട്ടുകൊടുക്കാന്‍ ഒരുക്ക്വാണ്. എന്താ ശരിയല്ലേ''.
''ശരിയാണ്'' ലക്ഷ്മി സമ്മതിച്ചു.
''പിന്നീള്ളത് കുന്നിന്‍റെ ചോട്ടിലെ പതിനഞ്ച് സെന്‍റ് സ്ഥലം. അതില് ഇവര്‍ക്കും മോഹനനും ഒപ്പോപ്പം അവകാശൂണ്ട്. ഇവര് അത് തുല്യംതുല്യമായി പങ്കിട്ടെടുക്കാന്ന് പറഞ്ഞു. ആ വിവരം ഞാന്‍ ലക്ഷ്മ്യോട് പറഞ്ഞപ്പൊ അവള്‍ക്കത് വേണ്ടാന്ന് പറഞ്ഞു. അതില് അഞ്ചുസെന്‍റ് കാര്ത്ത്യായിനിക്ക് കൊടുക്കാനും ബാക്കീള്ളത് ഇവര് എടുത്തോട്ടേന്നും ഞാന്‍ പറഞ്ഞു. ഇവരടടുത്ത് അത് പറഞ്ഞപ്പൊ അവടീള്ള കാവിന്‍റീം കൂളത്തിന്‍റീം സ്ഥലം ഒഴിച്ച് ബാക്കി മുഴുവന്‍ കാര്‍ത്ത്യായിനിക്ക് കൊടുത്തോളാന്‍ ഇവര് സമ്മതിച്ചു. ആറ് സെന്‍റ് സ്ഥലം അങ്ങിനെ പോയാല്‍ ബാക്കി ഒമ്പത് സെന്‍റുണ്ട്. അതവള്‍ക്കത് കൊടുക്കാം. എന്താ. ആര്‍ക്കെങ്കിലും വിരോധൂണ്ടോ''.
''ഞാനൊരു അഭിപ്രായം പറഞ്ഞോട്ടെ'' ഗോപിനാഥന്‍ സമ്മതം ചോദിച്ചു.
''പറയൂ. എന്നാലല്ലേ അറിയൂ'' മാഷ് പ്രോത്സാഹിപ്പിച്ചു.
''ഇന്നലെ പറഞ്ഞപോലെ അഞ്ച് കാര്‍ത്ത്യായിനിക്ക് കൊടുക്ക്വാ. ബാക്കി ആ സാധൂല്യേ, ബാലചന്ദ്രന്‍. അയാള്‍ക്ക് ദാനായിട്ട് കൊടുത്താലോ''.
ആര്‍ക്കും വിരോധമുണ്ടായില്ല. കാര്‍ത്ത്യായിനിയേയും ബാലചന്ദ്രനേയും ഉമ്മറത്തേക്ക് വിളിപ്പിച്ചു. മാഷ് അവരെ തീരുമാനം അറിയിച്ചു.
''എനിക്ക് വിവരൂല്യാ. നിങ്ങളൊക്കെ എന്ത് പറയുന്ന്വോ, അതുപോലെ ചെയ്യാം'' കാര്‍ത്ത്യായിനി നിലപാട് അറിയിച്ചു.
''ബാലചന്ദ്രന്‍ എന്താ പറയുണ്'' മാഷ് ചോദിച്ചു.
''ഒന്നും തോന്നരുത്'' അയാള്‍ പറഞ്ഞു ''എനിക്ക് ഒന്നിനും മോഹൂല്യാ. സ്ഥലൂം വീടും ഒക്കെ എനിക്കുണ്ടായിരുന്നു. ഒക്കെ പോയി, അതിന്‍റെ കൂടെ എന്‍റെ ജീവിതൂം. ഇനി ആറടി നീളൂം മൂന്നടി വീതീം ഉള്ള ഒരു കഷ്ണം ഭൂമി വേണം. അതല്ലാതെ മറ്റൊന്നും എനിക്ക് വേണ്ടാ''. ആ മനുഷ്യന്‍ തിരിച്ചുപോവുന്നത് എല്ലാവരും വേദനയോടെ നോക്കി.
''എന്നാല്‍ അത് അമ്പലത്തിലിക്ക് ഇരിക്കട്ടെ. എന്നെങ്കിലും ആവശ്യം വന്നാലോ'' മാഷ് പറഞ്ഞതിന്ന് എതിരഭിപ്രായം ഉണ്ടായില്ല. സ്ഥലം കൈമാറുന്നതിന്നുവേണ്ട കാര്യങ്ങള്‍ ശരിപ്പെടുത്താന്‍ മരുമക്കളെ അപ്പോള്‍ത്തന്നെ മാഷ് ചുമതലപ്പെടുത്തി. ചായയുമായി പാര്‍വ്വതി അപ്പോള്‍ അവിടേക്ക് വന്നു.
No comments:
Post a Comment