Monday, 9 September 2024

അദ്ധ്യായം 11-20

 അദ്ധ്യായം - 11.


എട്ടേകാല്‍ ആവുമ്പോഴേക്കും കുഞ്ഞഹമ്മദ് കുളിച്ച് വൃത്തിയായ വസ്ത്രം ധരിച്ച് ഹാജിയാരുടെ വീടിന്‍റെ മുന്നിലെത്തി. ഗെയിറ്റിന്‍റെ  അടുത്ത് നില്‍ക്കുന്ന വാച്ച്മാനോട് താന്‍ ഡ്രൈവര്‍ പണിക്ക് വന്ന കുഞ്ഞഹമ്മദാണെന്ന് അറിയിച്ചു. അയാള്‍ ഫോണില്‍ അകത്തേക്ക് വിളിച്ചുചോദിച്ചിട്ട് ഉള്ളിലേക്ക് ചെല്ലാന്‍ അനുവദിച്ചു.


മുന്നിലെ പോര്‍ച്ചിലൊരു ബി.എം.ഡബ്ലിയു നില്‍പ്പുണ്ട്, ഷെഡ്ഡിലൊരു ഇന്നോവയും. ഇതില്‍ ഏതാണാവോ തനിക്ക് ഓടിക്കാനുള്ളത്. ഒട്ടും പഴക്കം വരാത്ത വണ്ടികളാണ് രണ്ടും. 


''നിങ്ങള്  പിന്നാലയ്ക്ക് വരിന്‍'' കാഴ്ചയ്ക്ക് വേലക്കാരനെപ്പോലെ തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ വന്നുപറഞ്ഞു. അവന്‍റെ പുറകെ വീടിന്‍റെ പുറകിലേക്ക് ചെന്നു.


''നിങ്ങള് ഇതിമ്പില് ഇരുന്നോളിന്‍'' അവന്‍ ചൂണ്ടിക്കാണിച്ച ബെഞ്ചില്‍ അയാളിരുന്നു. പിന്‍വാതിലിലൂടെ അകത്തേക്ക് ചെന്ന അവന്‍ കയ്യില്‍ ഒരുപ്ലേറ്റുമായിട്ടാണ് തിരിച്ചെത്തിയത്.


''ഇതാ. ഇത് കഴിച്ചോളിന്‍. അപ്പഴയ്ക്കും ഞാന്‍ ചായ കൊണ്ടുവരാം'' അവന്‍ വീണ്ടും അകത്തേക്ക് പോയി. കുഞ്ഞഹമ്മദ് പ്ലേറ്റിലേക്ക് നോക്കി. നൂല്‍പ്പിട്ടും കറിയുമാണ്. കറിയില്‍ മുക്കി അയാളത് കഴിക്കാന്‍ തുടങ്ങി. പയ്യന്‍ ചായയുമായി എത്തി.


''നിങ്ങള് കള്ളുകുടിക്ക്യോ'' പെട്ടെന്നായിരുന്നു അവന്‍റെ ചോദ്യം. ഇല്ലെന്ന് തലയാട്ടി.


''ബീഡ്യോ സിഗററ്റോ വലിക്കാറുണ്ടോ'' എന്താണ് പറയേണ്ടത് എന്ന് ഒരു നിമിഷം ആലോചിച്ചു. സത്യം മറച്ചുവെക്കണ്ടാ.


''ബീഡി വലിക്കാറുണ്ട്''.


''എന്നാ നിങ്ങള് മടങ്ങിപൊയ്ക്കോളിന്‍. ഈ പണി നിങ്ങക്ക് കിട്ടില്ല''.


''എന്താ കുട്ട്യേ സംഗതി''.


''കാര്യം ഹാജ്യാര് നല്ല ആളന്ന്യാണ്. പക്ഷെ കള്ളുകുടി, പുകവലി, മുറുക്ക് ഒക്കീള്ള ആള്‍ക്കാരെ മൂപ്പരുക്ക് കണ്ണിനുനേരെ കണ്ടൂടാ''.


''ഞാന്‍ വലിക്കിണില്യാന്ന് വെച്ചാലോ''.


''എന്നാല്‍ കുഴപ്പൂല്യാ. പക്ഷെ ബീഡിടെ മണം ഉണ്ടാവാന്‍ പാടില്ല. പണി അപ്പൊ തെറിക്കും''.


''നീ പറഞ്ഞുതന്നത് നന്നായി. ഇനി ഇങ്ങിട്ട് വരുമ്പൊ ഞാന്‍ വലിക്കില്ല'' അയാള്‍ പറഞ്ഞു ''ഞാന്‍ വരുമ്പഴയ്ക്കും ചായീം പലഹാരൂം തന്നല്ലോ. ഇവിടെ ഇങ്ങന്യാണോ''.


''ബംഗ്ലാവില് പണിക്ക് വരുന്നോരക്ക് രാവിലേം ഉച്ചയ്ക്കും ഇവിടുന്നാ ആഹാരം. നോമ്പുകാലത്ത് ഉണ്ടാവില്ല''.


''അതെനിക്കറിയാലോ''


''എന്നാ മുമ്പില് നിന്നോളിന്‍. കുറച്ചുകഴിയുമ്പൊ നിങ്ങളെ വിളിക്കും''.


''രണ്ട് കാറ് കണ്ടു. അതിലേതിലാ പണീന്ന് നിനക്കറിയ്യോ''.


''രണ്ടില്വോല്ല. പുത്യേ വണ്ടി വാങ്ങീട്ടുണ്ട്. അതിലാ''. 


''നിന്‍റെ പേരെന്താ കുട്ട്യേ''.


''ഉസ്മാന്‍. പീടിക സാധനങ്ങള് മൊത്തത്തില്‍ കൊണ്ടുവരും. എന്നാലും ചിലപ്പൊ ചിലത് വേണ്ടിവരും. അത് വാങ്ങാന്‍ പോവ്വാ, അടുക്കളേല് സഹായിക്ക്യാ, തോട്ടം നനയ്ക്കാ ഒക്ക്യാണ് എന്‍റെ പണി''.


''എന്നാ ശരി. ഞാന്‍ ഉമ്മറത്തേക്ക് പോട്ടെ''.


''കണ്ടറിഞ്ഞ് നിന്നോളിന്‍. ഇഷ്ടപ്പെട്ടാല്‍ എന്ത് സഹായൂം ചെയ്യും''.


കുറച്ചുനേരം കഴിഞ്ഞിട്ടാണ് അകത്തേക്ക് വിളിച്ചത്. കുഞ്ഞഹമ്മദ് എത്രയോ പ്രാവശ്യം ഹാജിയാരെ പല ദിക്കിലുംവെച്ച് കണ്ടിട്ടുണ്ട്. എങ്കിലും അന്യോന്യം സംസാരിക്കേണ്ട ആവശ്യംവന്നിട്ടില്ല. അതിന്‍റെ ചെറിയൊരു പരിഭ്രമം ഉള്ളിലുണ്ട്.


''കുഞ്ഞാപ്പു എല്ലാ വിവരൂം പറഞ്ഞിട്ടുണ്ട്. പേര് കുഞ്ഞഹമ്മദ് അല്ലേ''


''അതെ'' 


''വാപ്പാന്‍റെ പേര്''.


''ബീരാന്‍''.


''എത്ര വയസ്സായി''.


''അറുപത്തിരണ്ട്''.


''അപ്പൊ എന്നേക്കാളും പത്തുപതിനാല് വയസ്സ് കുറവുണ്ട്''. ഹാജ്യാരെ കണ്ടാല്‍ അത്രയും പ്രായം തോന്നില്ല. കൂടിവന്നാല്‍ അറുപത് വയസ്സ് തോന്നും. അത് കഷ്ടപ്പാടില്ലാത്ത ജീവിതം ആയതുകൊണ്ടാവും. 


''എനിക്ക് ചിലദിവസം കൊയമ്പത്തൂരില് പോവാനുണ്ടാവും. ചിലപ്പൊ തൃശൂരിലിക്കും മലപ്പുറത്തിക്കും പോണ്ടിവരും . എവിടെ പോയാലും രാത്രി വീടെത്തും. മനസ്സിലായോ''.


''ഉവ്വ്''.


''ചെറുപ്പം പിള്ളരെ വേണ്ടാന്ന് വെച്ചിട്ടാ. പാകത്തില്‍ ഓടിച്ചാ മതി''.


''അങ്ങിനെ ചെയ്തോളാം''.


''ഇന്ന് ഉച്ചയ്ക്ക് കോട്ടക്കലിലിക്ക് പോവാനുണ്ട്. അതുവരെ ഒരുഭാഗത്ത് ഇരുന്നോ''. കുഞ്ഞഹമ്മദ് ഇന്നോവ നില്‍ക്കുന്ന ഷെഡ്ഡിലേക്ക് ചെന്നു. അതിനു പുറകിലായി കവറിട്ട് മൂടിനിര്‍ത്തിയ വാഹനം കണ്ടു. തനിക്ക് ഓടിക്കാനുള്ള വാഹനം.


()()()()()()()()()()


പത്തുമണി ആവാറായിട്ടും ആര്‍.കെ. മേനോന്‍ പോവാനൊരുങ്ങിയില്ല. ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകി അയാള്‍ പാട്ട് കേട്ടുകൊണ്ട് കിടന്നു. രമണി നോക്കുമ്പോള്‍ ഭര്‍ത്താവ് ജോലിയുടെ കാര്യം മറന്ന് പാട്ടില്‍ മുഴുകിയിരിക്കുകയാണ്. ഭാര്യയെ കണ്ടതും അയാള്‍ ഇയര്‍ഫോണ്‍ ഊരിമാറ്റി.


''ഇന്ന് പോണില്ലേ'' അവര്‍ ചോദിച്ചു. 


''ഇല്ല. ഇന്നൊരു കള്ള ലീവ്'' അയാള്‍ ചിരിച്ചു.


''എന്താ പാട്ടില്‍ ലയിച്ചുകിടക്കാനാണോ''.


''ആകപ്പാടെ ഒരു സന്തോഷം. അതാണ്''.


''എന്താ ഇത്ര സന്തോഷം തോന്നാന്‍''.


''വക്കീല്  വിളിച്ചിരുന്നു. ഞാന്‍ പറഞ്ഞുകൊടുത്തതെല്ലാം മധു അയാളെ പറഞ്ഞുബോദ്ധ്യപ്പെടുത്തീട്ടുണ്ട്. വേറെഒന്നുരണ്ട് സംശയം ചോദിച്ചതിന്ന് ശരിയായ മറുപടിയും പറഞ്ഞുകൊടുത്തു. ഇന്നതിന്‍റെ സന്തോഷത്തിലാ ഞാന്‍''.


''എന്നാല്‍ പാട്ട് കേട്ടോളൂ. ഞാന്‍ പോണൂ''.


''രമണീ. താഴെ ചെന്നിട്ട് തനിക്കെന്തെങ്കിലും പണീണ്ടോ''.


''ഇല്ല. പണ്യോക്കെ അടുക്കളക്കാരി ചെയ്തോളും''.


''എന്നാ ഇവിടെ ഇരിക്കൂ. കുറച്ചുനേരം പാട്ടുകേള്‍ക്കാം''. ആര്‍.കെ. മേനോന്‍ കിടക്കുന്നകട്ടിലിന്‍റെ ഒരു ഓരത്ത് ഭാര്യയിരുന്നു. അയാള്‍ ഹെഡ്ഫോണ്‍ മാറ്റി. പഴയൊരു മലയാളംപാട്ടാണ് വെച്ചിരുന്നത്. യേശുദാസിന്‍റെ മനോഹരമായ ഗാനം മുറിയില്‍ നിറഞ്ഞു.


''രാമന്‍കുട്ട്യേട്ടന് യേശുദാസിന്‍റെ പാട്ട് മാത്രാണോ ഇഷ്ടം'' രമണി ചോദിച്ചു ''എപ്പഴും അതുമാത്രം കേള്‍ക്കുണതോണ്ട് ചോദിച്ചതാ''.


''എല്ലാരുടെ പാട്ടും എനിക്കിഷ്ടാണ്. പക്ഷെ യേശുദാസിന്‍റെ പാട്ടിനോടാണ് കൂടുതല്‍ താല്‍പ്പര്യം''.


''അതെന്താ അങ്ങനെ''.


''അദ്ദേഹത്തിന്‍റെ പാട്ടുകള്‍ കേട്ടുകൊണ്ടാണ് എന്‍റെ കൌമാരപ്രായൂം യൌവനൂം കടന്നുപോയത്. ഇന്നും പഴയപാട്ട് കേള്‍ക്കുമ്പൊ എനിക്ക്   പണ്ടത്തെകാലം ഓര്‍മ്മവരും, ഒപ്പം പൊയ്പ്പോയ നാളുകളെക്കുറിച്ച്  സങ്കടൂം''. ഒന്നിനു പുറകെ ഒന്നായി പാട്ടുകള്‍ വന്നുകൊണ്ടേയിരുന്നു. ഗാനമാധുരിയില്‍ ലയിച്ചിരുന്ന അയാള്‍ അറിയാതെ ഭാര്യയുടെ കയ്യില്‍ തലോടി. 


അദ്ധ്യായം - 12.


ബംഗ്ലാവില്‍ തിരിച്ചെത്തിയപ്പോള്‍ സമയം ആറുമണി കഴിഞ്ഞു. കാര്‍ ഷെഡ്ഡില്‍ കയറ്റിനിര്‍ത്തി കവറിട്ടുമൂടി ചാവി ഹാജിയാരെ ഏല്‍പ്പിച്ചു.


''എങ്ങന്യാ വീട്ടിലിക്ക് പോണത്'' അയാള്‍ ചോദിച്ചു.


''ബസ്സ് കിട്ട്വോന്ന് നോക്കട്ടെ. ഇല്ലെങ്കില്‍ നടന്നുപോവും ''കുഞ്ഞഹമ്മദ് മറുപടി പറഞ്ഞു.


''ഉസ്മാനേ. ഇവിടെ വാടാ'' ഹാജിയാര്‍ ഉറക്കെ വിളിച്ചു. അകത്തുനിന്ന് രാവിലെ പരിചയപ്പെട്ട പയ്യനെത്തി.


''നീ കുഞ്ഞാമതിനെ ബൈക്കില്‍ കൊണ്ടാക്കീട്ട് വാ'' അയാള്‍ കല്‍പ്പിച്ചു.


ഹാജിയാര്‍ നല്ല മനുഷ്യനാണ്. ബൈക്കില്‍ വീട്ടിലേക്ക് തിരിക്കുമ്പോള്‍ അയാള്‍ കരുതി. പൈസക്കാരനാണ് എന്ന ഒരുഭാവവും ഇല്ല. ഉച്ചയ്ക്ക് യാത്രതുടങ്ങി തിരിച്ചെത്തുന്നതിനുള്ളില്‍ ''വണ്ടി എങ്ങനീണ്ട്'' എന്ന ഒരു ചോദ്യം മാത്രമേ ഉണ്ടായുള്ളു. തൂവെള്ളനിറത്തിലുള്ള ഫോര്‍ച്ച്യൂണര്‍ കാര്‍ നല്ലവണ്ടിയാണ്. നാളെ രാവിലെ അല്‍പ്പം നേരത്തെപോണം. എന്നിട്ട് വണ്ടി കഴുകി തുടയ്ക്കണം. കാറിന്‍റെ റജിസ്ട്രേഷന്‍ കഴിഞ്ഞിട്ടേയുള്ളു. ഒരുപോറല്‍ വീഴാതെ എന്നും ആ സാധനം പുത്തനെപ്പോലെ ഇരിക്കണം. വീട്ടിലേക്ക് തിരിയാറായപ്പോള്‍ ഉസ്മാനോട് ബൈക്ക് നിര്‍ത്താന്‍ പറഞ്ഞു.


''നിങ്ങളെ ഹാജ്യാര്‍ക്ക് ബോധിച്ചൂന്ന് തോന്നുണൂ'' അവന്‍ പറഞ്ഞു.


''എന്താ നീ അങ്ങനെ പറയാന്‍ കാരണം''.


''ഇഷ്ടായില്ലെങ്കില്‍ ചാവി വാങ്ങ്യേതും ഇന്നത്തെ കൂലിതന്ന് വേണച്ചാല്‍ അറിയിക്ക്യാന്ന് പറഞ്ഞ് ആളെ ഒഴിവാക്കും. ആ സ്ഥാനത്ത് നിങ്ങളെ വീടെത്തിക്കാനാ പറഞ്ഞത്''. പടച്ചോനെ മനസ്സില്‍ പ്രാര്‍ത്ഥിച്ചു. എല്ലാം അവിടുത്തെ കൃപ.


''എന്നാല്‍ ഞാന്‍ പോട്ടെ'' അവന്‍ തിരിച്ചുപോയി.


ഒരുബീഡി വലിക്കണമെന്നുണ്ട്. പകല്‍ മുഴുവന്‍ വലിക്കാന്‍ കഴിയാത്തത് കാരണം അസ്വസ്ഥത ഉണ്ടായിരുന്നു. കയ്യില്‍ കരുതിയിരുന്ന ബീഡിക്കെട്ട് രാവിലെ പയ്യന്‍പറഞ്ഞതോടെ ബംഗ്ലാവിന്‍റെ മതിലിന്ന് പുറത്തേക്ക് ഒരേറ്. ഒരു സിഗററ്റ് വാങ്ങി വലിച്ചേക്കാം. ബീഡിയാവുമ്പോള്‍ കൂടുതല്‍ എണ്ണം വാങ്ങാന്‍ തോന്നും. 


ഉള്ളശീലം നിര്‍ത്താനേ പാട്. അതിനിടേല് വേറൊന്ന് വേണ്ടാ. ഇത്രനേരം വലിക്കാതെ ഇരുന്നതല്ലേ. കുറച്ചുനേരംകൂടി പോവട്ടെ. വീട്ടില്‍ മൂന്നോ നാലോ ബീഡി ഇരിപ്പുണ്ട്. അത്ര നിര്‍ബ്ബന്ധം തോന്നിയാല്‍ രാത്രി കഞ്ഞി കുടിച്ച് കിടക്കുമ്പോള്‍ അതില്‍നിന്ന് ഒന്നെടുത്ത് വലിക്കാം. കടയില്‍ കേറാതെ കുഞ്ഞഹമ്മദ് നേരെ വീട്ടിലേക്ക് നടന്നു. ഇട്ട വസ്ത്രം മാറ്റുന്നതിനിടെ ഭാര്യയെത്തി.


''ഇന്നിനി പള്ളീലിക്ക് പോവാന്‍ നേരൂണ്ടോ'' പാത്തുമ്മ ചോദിച്ചു.


''നിസ്ക്കരിക്കല്  ഇവിടെവെച്ചാവാം'' അയാള്‍ പറഞ്ഞു.


''കുറച്ചുമുമ്പ് കാദര്‍ വന്നിരുന്നു''. മകള്‍ക്ക് പറ്റിയ ഒരാളെ കണ്ടെത്താന്‍ അവനോട് പറഞ്ഞിരുന്നതാണ്.


''എന്താ അവന്‍ പറഞ്ഞത്''.


''ഒരു കേസുണ്ട്. പ്രായംകൊണ്ട് സുഹ്രയ്ക്ക് ചേരും. നമ്മടെ ചുറ്റുപാട് പറഞ്ഞപ്പൊ ചെക്കന്‍ മതീന്ന് സമ്മതിച്ചു, അവന്‍ സുഹ്രാനെ കണ്ടിട്ടുണ്ട് എന്നൊക്കെ പറഞ്ഞു. എന്നാലും''.


''പിന്നെന്താ ഒരു എന്നാലും''.


''അയാളടെ ഭാര്യ ക്യാന്‍സര്‍ പിടിച്ച് കഴിഞ്ഞകൊല്ലം മരിച്ചു. അഞ്ചും മൂന്നും വയസ്സുള്ള രണ്ട് പെണ്‍കുട്ട്യേളുണ്ട്''.


''പിന്നെ ആരൊക്കീണ്ട്''.


''വാപ്പ മരിച്ചു. ഉമ്മ മാത്രേള്ളൂ''.


''കൂടപ്പിറപ്പ്''.


''രണ്ട് പെങ്ങമ്മാരുണ്ട്. രണ്ടിനേം വാപ്പ ഉള്ളപ്പൊത്തന്നെ കെട്ടിച്ചുവിട്ടു''. കാര്യം തരക്കേടില്ല. പക്ഷെ സുഹ്രയുടെ അഭിപ്രായം ചോദിച്ചറിയണം.  വാപ്പയാണെങ്കിലും മകളുടെ മനസ്സിലുള്ളത് അറിയാതെ വാക്ക് കൊടുത്തു കൂടാ.


''ഞാന്‍ നിസ്ക്കരിച്ചിട്ട് വരട്ടെ. അവളോട് ചിലത് ചോദിക്കാനുണ്ട്'' അയാള്‍ പറഞ്ഞു.


''ഞാന്‍ അവളോട് ചോദിച്ചു. വിരോധൂല്യാന്നാ പറഞ്ഞത്''.


''അതുപോരാ. വേറീം ചിലത് ചോദിച്ചറിയാനുണ്ട്. ആദ്യം നീയൊരു ചായീണ്ടാക്ക്''. 


കുഞ്ഞഹമ്മദ് നിസ്ക്കരിച്ച് വരുമ്പോഴേക്കും പാത്തുമ്മ ചായയുമായി നില്‍പ്പുണ്ട്.


''നീ സുഹ്രാനെ വിളിക്ക്'' അയാള്‍ പറഞ്ഞു. ഭാര്യ ചെന്ന് മകളെക്കൂട്ടി മുന്നിലെത്തി.


''ഉമ്മ നിന്നോടൊരു കാര്യം പറഞ്ഞല്ലോ. എന്താ നിന്‍റെ അഭിപ്രായം''.


''ഞാനത് ഉമ്മാനോട് പറഞ്ഞിട്ടുണ്ട്''.


''എന്നാലും ഒന്നുംകൂടി പറയ്. ഞാനും കേള്‍ക്കട്ടെ''.


''എനിക്ക് വിരോധൂല്യാ''.


''നല്ലോണം ആലോചിച്ചിട്ടന്യാണോ ഈ പറഞ്ഞത്''.


''അതെ''.


''അവന് രണ്ട് കുട്ട്യേളുണ്ട്. അഞ്ചും മൂന്നും വയസ്സുള്ള പെണ്‍കുട്ട്യേള്''.


''ഉമ്മ പറഞ്ഞിരുന്നു''. 


''നിനക്ക് അവിറ്റിങ്ങളെ സ്വന്തം കുട്ട്യേളായി കാണാന്‍ പറ്റ്വോ''.


''കാണാതെ പറ്റില്ലല്ലോ''.


''അതുപോരാ. അവിറ്റേള്‍ക്ക് ബുദ്ധി ഉറയ്ക്കും മുമ്പ് പെറ്റതള്ള പോയി. ഇനി നീയാവണം അവരടെ ഉമ്മ. അതിന് പറ്റുംന്ന് ഉറപ്പുണ്ടെങ്കില്‍ മതി ഇതിന് പുറപ്പെടാന്‍. അല്ലാണ്ടെ നീ കാരണം ആ കുട്ട്യേളടെ കണ്ണിന്ന് ഒരു തുള്ളി വെള്ളം വീഴാന്‍ പാടില്ല''.


''അങ്ങിനെ ഉണ്ടാവില്ല വാപ്പാ''.


''നമ്മളെന്ത് ചെയ്യുണതും പടച്ചോന്‍ കാണുണുണ്ട്. അത് ഓര്‍മ്മവേണം''.


''ശരി വാപ്പാ''.


''എന്നാ നീ അകത്തിക്ക് പൊയ്ക്കോ''. സുഹ്ര അകത്തേക്ക് പോവുന്നതും നോക്കി അയാളിരുന്നു.


''ഇന്യേന്താവേണ്ടത്''.


''നാളെ ജബ്ബാറ് വര്വോലോ. കാര്യങ്ങള്‍ മുറപോലെ നടക്കട്ടെ. പറ്റ്യാല്‍ അവന്‍ പോവുമ്പഴയ്ക്കും ഇത് നടത്തണം''.


''നാളെ അവന്‍ വരുമ്പൊ നിങ്ങളിവിടെ ഉണ്ടാവില്ലേ''.


''അത് എങ്ങിന്യാടി പാത്തുമ്മാ. ഇന്ന് പണിക്ക് ചേര്‍ന്നിട്ട് നാളെ ലീവ് പറയാന്‍ പറ്റ്വോ. അവനെത്തട്ടെ. ഞാന്‍ സന്ധ്യക്ക് മുമ്പ് എത്ത്വോലോ''. 


''അവന്‍ വന്നാല് എന്നാ അവര് വീട് മാറ്വാന്ന് അറിയില്ല''.


''എപ്പഴോ മാറട്ടെ. നമ്മളതില് തലീടണ്ടാ''.


''നമ്മടെ സങ്കടം പടച്ചോന്‍ കണ്ടൂന്ന് തോന്നുണു. പണി ശര്യായി. പെണ്ണിന് ആലോചന വന്നു. മകന്‍ നാളെ എത്തുണൂ. മരുമകളടെ മനസ്സ് മാറ്വോന്ന് അറിയില്ല''.


''വേണ്ടാ പാത്തുമ്മ. വെളീല് പോണംന്ന് നിനവ് വന്നാല് എപ്പഴായാലും കയറ് പൊട്ടിച്ച് പോവും. അത് നേരത്തെ ആയാല്‍ അത്രീം നന്ന്''.


''പണി എങ്ങനീണ്ട്''. കുഞ്ഞഹമ്മദ് അന്നത്തെ അനുഭവങ്ങള്‍ വള്ളിപുള്ളി വിടാതെ വര്‍ണ്ണിച്ചു.


''ഒരൊറ്റ പ്രശ്നേള്ളൂ. ബീഡി വലിക്കാന്‍ പറ്റില്ല. ഹാജ്യാരക്കത് ഇഷ്ടൂല്യാ. ബീഡി വലിക്കുണൂന്ന് അറിഞ്ഞാല്‍ അന്ന് പണീന്ന് പിരിച്ചുവിടും എന്നാ അവിടുത്തെ പോര്‍ത്തിക്കാരന്‍ ചെക്കന്‍ പറഞ്ഞത്''.


''അത് നന്നായി. അങ്ങനേങ്കിലും അത് വിട്വോലോ''.


''മൂന്നു നാലെണ്ണം ഇവിടെ ഇരിപ്പുണ്ട്. രാത്രി കഞ്ഞികുടി കഴിഞ്ഞിട്ടു വേണം ഒന്ന് വലിക്കാന്‍''.


''അത് ഇരുന്ന് പൂത്തുപോയിട്ടുണ്ട്. ഞാനതൊക്കെ എടുത്തുകളഞ്ഞു''.


അയാള്‍ ഒന്നും പറഞ്ഞില്ല. ബീഡിവലി നിര്‍ത്തണം എന്നത് പടച്ചോന്‍റെ കല്‍പ്പന്യാവും എന്നയാള്‍ കരുതി.


അദ്ധ്യായം - 13.


ജബ്ബാര്‍ എത്തിക്കഴിഞ്ഞതും കുഞ്ഞഹമ്മദുമെത്തി. കാലത്ത് പണിക്ക് വന്നതും ഹാജിയാര്‍ വിളിച്ച് കൊയമ്പത്തൂരിലേക്ക് പോവാനുണ്ടെന്ന് പറഞ്ഞു. അതിനാല്‍ നേരത്തെ വിചാരിച്ചതുപോലെ വണ്ടി കഴുകാന്‍ പറ്റിയില്ല. പ്രാതല്‍കഴിച്ച ഉടനെ പുറപ്പെട്ടു. അതുകൊണ്ട് ആവശ്യങ്ങള്‍ കഴിഞ്ഞ് രണ്ടുമണിയോടെ ബംഗ്ലാവിലെത്തി.


''ഇന്നിനി വേറെഓട്ടൂല്യാ. ഭക്ഷണംകഴിച്ച് പൊയ്ക്കോ'' എന്ന് അദ്ദേഹം പറഞ്ഞതുകൊണ്ട് നേരത്തെ എത്താനായി. ഉസ്മാന്‍റെ ബൈക്ക് കണ്ണില്‍ നിന്ന് മറഞ്ഞതും വീട്ടിലേക്ക് കയറി.


''ജബ്ബാറെത്തി'' പാത്തുമ്മ അറിയിച്ചു.


''എപ്പൊ വന്നു''.


''ഇതാ എത്ത്യേതേള്ളൂ. കുപ്പായം മാറ്റാന്‍ മുറീലിക്ക് പോയിട്ടുണ്ട്''.


''എന്‍റെ തുണീങ്ങിട്ട് എടുത്തിട്ട് വാ'' അയാള്‍ പറഞ്ഞു. കുഞ്ഞഹമ്മദ് ഉമ്മറത്തുനിന്നുതന്നെ വസ്ത്രം മാറ്റി.


''ഇത് കയ്യോടെനനച്ചോ. ദിവസൂം അലക്ക്യേതുണി ഇട്ടിട്ടുവേണം പണിക്ക് പോവാന്‍''. അയാള്‍ തോര്‍ത്തുകൊണ്ട് ഉമ്മറത്തിണ്ടിലെ പൊടിതട്ടിയിരുന്നു. കുറച്ചു കഴിഞ്ഞതും ജബ്ബാറെത്തി.


''വാപ്പ പണിക്ക് പോയീന്ന് പറഞ്ഞു''.


''പണീന്ന് പറയാന്‍ പറ്റില്ല. ഹാജ്യാര് പുത്യോരു കാറ് വാങ്ങി. മൂപ്പരക്ക് ചെറുപ്പം പിള്ളരടേല് വണ്ടികൊടുക്കാന്‍ ഇഷ്ടൂല്യാ. അതോണ്ട് എന്നെ വിളിച്ചതാ. ഞാന്‍ നോക്ക്യേപ്പൊ കാര്യായിട്ട് പണീല്യാ. നേരൂംപോവും ചെയ്യും. അതാ വേണ്ടാന്ന് പറയാഞ്ഞത്''.


''വാപ്പ കഷ്ടപ്പെടാന്‍ പാടില്ല. അതേ എനിക്കുള്ളു''.


''ഒരു കഷ്ടപ്പാടൂല്യാ. നമ്മടെ പെരേല് ഇരിക്കിണ മാതിര്യേന്നേ. അവടെ പോയിരിക്കിണൂന്ന് മാത്രം''.


''ഇനി എന്താ വാപ്പാ വേണ്ട്''.


''ഞാന്‍ പറഞ്ഞുതന്നില്ലേ. അതുപോലെ ചെയ്യ്''.


''ഞാനൊന്ന് അവളോട് പറഞ്ഞുനോക്കണോ''.


''വേണ്ടാടാ. സുഹ്രാനുക്ക് ഇന്നലെ ഒരാലോചന വന്നിട്ടുണ്ട്''.


''എവിടുന്നാ വാപ്പാ''. കുഞ്ഞഹമ്മദ് എല്ലാ വിവരവും അറിയിച്ചു.


''സംഗതി കുഴപ്പോന്നൂല്യാ. പക്ഷെ രണ്ട് അയാള്‍ക്ക് കുട്ട്യേളുള്ളതാണ്. അത് ശര്യാവ്വോ''.


''ഞാനവളോട് എല്ലാ കാര്യൂം പറഞ്ഞു. അവള് ആ കുട്ട്യേളേ സ്വന്തം മക്കളെപ്പോലെ നോക്കാന്നാ പറയുണത്''.


''എന്തോ. എവിടേങ്കിലും അവള് സമാധാനത്തോടെ കഴിഞ്ഞാ മതി''.


''എല്ലാം ശരിയാവ്വാണച്ചാല്‍ നീ പോവുംമുമ്പ് നടത്താന്നാ കരുതുണ്''.


''എന്നാ അതിന് വേണ്ടത് ഉടനെ ഏര്‍പ്പാടാക്ക്വാ''.


''രണ്ടാം കല്യാണായതോണ്ട് ചടങ്ങ് നടത്ത്യാല്‍ മതി. പള്ളീന്ന് കുറച്ചാളെ വിളിക്കണം. അവരടെ ആള്‍ക്കാരും കുറച്ചുമതി. ഒക്കെക്കൂടി  നാല്‍പ്പത് നാല്‍പ്പത്തഞ്ച് ആള്‍കാര്. അതിന്ന് ഒട്ടും അധികാവണ്ടാ''.


''ഞാന്‍ നാളെ കാദറിനെ കണ്ട് സംസാരിക്കാം. എന്നിട്ട് വേണ്ടത് ചെയ്യാം''.


''മാര്‍ക്കറ്റില് നല്ല മീന്‍ വന്നിട്ടുണ്ടാവും. ഞാന്‍ പോയി വാങ്ങീട്ട് വരാം. എന്‍റെ മകന്‍ ഇത്തിരി കിടന്നോ''.


''ഞാന്‍ വാങ്ങീട്ട് വരാം വാപ്പാ''.


''വേണ്ടാടാ. നിനക്ക് പുഴമീന്‍ വേണോ, കടല്‍ മീന്‍ വേണോ''. 


''ഏതായാലും കുഴപ്പൂല്യാ''.


കുഞ്ഞഹമ്മദ് ഷര്‍ട്ടെടുത്തിട്ട് മാര്‍ക്കറ്റിലേക്ക് നടന്നു.


()()()()()()()()()


പഠിക്കാനെത്തിയത് ആകെ എട്ടുപേര്‍മാത്രം. ചിലദിവസങ്ങളില്‍ രണ്ടിരട്ടി കുട്ടികളുണ്ടാവും . വിവിധ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളായതുകൊണ്ട് ഒന്നിച്ച് പറഞ്ഞുകൊടുക്കാന്‍ കഴിയില്ല എന്നൊരുബുദ്ധിമുട്ടുണ്ട്. എങ്കിലും എല്ലാവരുടേയും സംശയങ്ങള്‍ തീര്‍ത്തുകൊടുക്കാനായി. 


കുട്ടികളെല്ലാം പോയി കഴിഞ്ഞപ്പോള്‍ മണി അഞ്ചര. ചായയ്ക്ക് വെള്ളം തിളയ്ക്കാന്‍ വെച്ചു. പയ്യന്‍ ഭൂരിമസാല കൊണ്ടുവന്നത് ഇരിപ്പുണ്ട്. അതൊന്ന് ചൂടാക്കണം. പ്രൊഫസര്‍ പണികളിലേക്ക് കടന്നു.


ആറുമണി കഴിഞ്ഞാല്‍ നടക്കാന്‍ പോവണം. കൃത്യമായ വ്യായാമവും പാകത്തിനുള്ളഭക്ഷണവും ആയതിനാല്‍ പറയത്തക്കഅസുഖമൊന്നുമില്ല. രാവിലെ നടക്കാനിറങ്ങാന്‍ ശ്രീധരന്‍ പറയാറുണ്ട്. എന്തുകൊണ്ടോ അതിന് താല്‍പ്പര്യം തോന്നുന്നില്ല.


ചായകുടി കഴിഞ്ഞ് പാത്രങ്ങള്‍ കഴുകിവെച്ചു. അപ്പോഴാണ് മൊബൈല്‍ ശബ്ദിക്കുന്നത്. എടുത്തുനോക്കി. മകനാണ്. വല്ലപ്പോഴും വിളിക്കാറുള്ളത് നേരം വെളുക്കുമ്പോഴാണ്. ഇന്നെന്താ ഈ സമയത്ത്? ഫോണെടുത്തു.


''അമ്മു വിളിച്ചിരുന്നു'' അവന്‍ പറഞ്ഞു. ന്യൂസ് ലാന്‍ഡില്‍നിന്ന് പെങ്ങള്‍ ആങ്ങളയെ വിളിച്ച കാര്യമാണ്.


''എന്താ അപ്പൂ വിശേഷിച്ച്''.


''അവള്‍ കുറെ പരാതി പറഞ്ഞു. അച്ഛന്‍ അങ്ങോട്ട് വിളിക്കാറേ ഇല്ല. ഇങ്ങോട്ടവള്‍  വിളിച്ചാല്‍ അച്ഛന്‍ ഒന്നോ രണ്ടോ വാക്കില്‍ സംസാരം അവസാനിപ്പിക്കും. നാട്ടിലെ ഒരുവാര്‍ത്തയും അറിയാറില്ല എന്നൊക്കെ''.


''ടീ. വീ. ല്  എത്ര വാര്‍ത്താചാനലുകളാ ഉള്ളത്. അത് നോക്ക്യാ പോരേ''.


''അതല്ല ആ പറഞ്ഞതിന്‍റെ അര്‍ത്ഥം. അച്ഛന്‍റെ വിവരങ്ങള്‍ ഒന്നും അച്ഛന്‍ പറയുന്നില്ല. ബന്ധുക്കളുടെ വിവരങ്ങളും അറിയാറില്ല. അതാ അവള്‍ പറഞ്ഞത്''.


''എനിക്ക് പറയത്തക്ക ഒരുവിശേഷൂം ഇല്ല.  പിന്നെ ബന്ധുക്കളുടെ കാര്യം. ഞാനതൊട്ട് അന്വേഷിക്കാറും ഇല്ല''.


''ഇന്നാള് അമ്മേ വീഡിയോവില്‍കാട്ട്യേപ്പൊ അച്ഛനത് കട്ടാക്കീന്ന് അവള് പറഞ്ഞു''.


''എനിക്ക് വേഷക്കെട്ടൊന്നും കാണാന്‍ താല്‍പ്പര്യൂല്യാ. അത് കാണിക്കാന്‍ വേണ്ടി എന്നെ വിളിക്കും വേണ്ടാ''.


''എത്രകൊല്ലം നിങ്ങള്‍ രണ്ടാളും ഒന്നിച്ച് കഴിഞ്ഞതാണ്''.


''അത് ഞാന്‍ മാത്രം ഒര്‍ത്താല്‍ പോരല്ലോ''.


''ഇനിയെന്താ ചെയ്യണ്ട്''.


''പ്ലീസ്. ദയവുചെയ്ത് നിങ്ങളാരും എന്നെ വിളിക്കരുത്. എനിക്കൊന്നും പറയാനില്ല. ഒന്നും കേള്‍ക്കും വേണ്ടാ''.


കാള്‍ കട്ടാക്കി നോക്കുമ്പോള്‍ ശ്രീധരമേനോന്‍ ഗെയിറ്റ് കടന്നുവരുന്നു. അമ്പലത്തിലേക്ക് പോവാനാവും. അയാളോട് അല്‍പ്പനേരം ഇരിക്കാന്‍ പറഞ്ഞ് ദേഹശുദ്ധിവരുത്താന്‍ പോവണം. പ്രൊഫസര്‍ ചിരിച്ചുകൊണ്ട് കൂട്ടുകാരനെ സ്വാഗതം ചെയ്തു.


അദ്ധ്യായം - 14.


ഉച്ചഭക്ഷണം കഴിഞ്ഞ ഉടനെ കാദറിനെ കാണാനിറങ്ങിയ ജബ്ബാര്‍ തിരിച്ച് വീടെത്താന്‍ വൈകി. അപ്പോഴേക്കും കുഞ്ഞഹമ്മദ് ജോലികഴിഞ്ഞ് തിരിച്ചെത്തിയിരുന്നു. മകനെ കാത്ത് ഉമ്മറത്തിണ്ടിലിരുന്ന അയാളുടെ സമീപം അവന്‍ വന്നിരുന്നു.


''പോയ കാര്യം എന്തായെടാ'' കുഞ്ഞഹമ്മദ് മകനോട് ചോദിച്ചു.


''കാദറിനെ കണ്ട് കിട്ടാന്‍ ലേശം വൈകി. അയാള് എല്ലാ കാര്യങ്ങളും പറഞ്ഞു. എന്നിട്ട് എന്നോട് നീ വാ കാട്ടിത്തരാന്ന് പറഞ്ഞു''.


''എന്നിട്ട് നീ പോയ്യോ''.


''പോയി വാപ്പ. ഞാന്‍ അബൂനീം അവന്‍റെ മക്കളീം ഉമ്മാനീം കണ്ടു''.


''എങ്ങനീണ്ട് ആള്‍ക്കാര്''.


''സത്യം പറയാലോ വാപ്പാ, ആ കുട്ട്യേളടെ അവസ്ഥ കണ്ടപ്പൊ എന്‍റെ കണ്ണ് നിറഞ്ഞു. ആരക്കും ഇമ്മാതിരി വന്നൂടാ. അനാഥകുട്ട്യേളേപ്പോലീണ്ട് ആ രണ്ട് മക്കളും. എണ്ണതേക്കാതീം ചീന്തിക്കെട്ടാതീം ചെടപിടിച്ചപോലത്തെ മുടി. നേരാമണ്ണം അവിറ്റേളെ കുളിപ്പിക്കാറും കൂടീല്യാന്നാ തോന്നുണ്''.


''അവന്‍റെ ഉമ്മ ഉണ്ടായിട്ടെന്താ ഇങ്ങനെ''.


''അതിന് ആ തള്ളയ്ക്ക് തന്നെ നില്‍ക്കാനേ വയ്യ. പിന്നേല്ലേ കുട്ട്യേളെ കുളിപ്പിക്കിണത്''.


''അപ്പൊ വീട്ടുപണ്യോക്കെ ആരാ ചെയ്യാ''.


''ഒരു പെണ്ണിനെ പണിക്ക് നിര്‍ത്തീട്ടുണ്ട്. അത് ചോറും കഞ്ഞീം ഒക്കെ വെച്ചുകൊടുക്കും. കുട്ട്യേളെ കുളിപ്പിക്ക്യേ അവരടെ ഉടുപ്പും തുണീം തിരുമ്പിക്കൊടുക്ക്വേ ഒക്കെചെയ്യുണുണ്ടാവും. എന്നാലും അവനോന്‍റെ കുട്ട്യേളെ നോക്കുണപോലെ നോക്ക്വോ''.


''അബു എന്താ ചെയ്യുണ്''.


''അവന് റെയില്‍വേലാ പണി. ഇന്ന് കുട്ടിക്ക് വയ്യാണ്ടെ ലീവാണ്''.


''എന്താ അതിന്''.


''നാലഞ്ച് ദിവസായി വിട്ട് വിട്ട് പനിക്കിണുണ്ടേന്ന് പറഞ്ഞു. ആസ്പത്രീല്‍ കാണിച്ച് മരുന്ന് വാങ്ങീന്നാ പറഞ്ഞത്''.


''ആ തള്ള്യോ''.


''പത്തറുപത് വയസ്സായിട്ടുണ്ടാവും എന്നാ കാദര്‍ പറഞ്ഞത്. കാഴ്ചയ്ക്ക് ഒരു എണ്‍പത് വയസ്സ് തോന്നിക്കും''.


''നീ അതിന്‍റടുത്ത് സംസാരിച്ച്വോ''.


''ഉവ്വ്. മരിച്ചുപോയ മരുമകളെപ്പറ്റി പറയുമ്പഴയ്ക്ക് ആ ഉമ്മ കരയാന്‍ തുടങ്ങി. എന്‍റെ മകളെപ്പോലെ ഞാനവളെ സ്നേഹിച്ചതാണെന്ന് പറഞ്ഞു''.


''അങ്ങനീം നല്ല മനുഷ്യരുണ്ട് ഈ ലോകത്തില്''.


''ജബ്ബാറേ. നീ നിന്‍റെ പെങ്ങളെ ധൈര്യായിട്ട് അയച്ചോ. ഇവടെ ഞാനെന്‍റെ മകളെപ്പോലെ നോക്കും, അബു തനിപാവാണ്, ഒരു ദേഷ്യപ്പെടലുംകൂടി അവന്‍റെ ഭാഗത്തുന്ന് ഉണ്ടാവില്ല എന്നൊക്കെ പറഞ്ഞു''.


''കേള്‍ക്കുമ്പൊ തരക്കേടില്യാന്ന് തോന്നുണൂ. എന്താ വേണ്ട്. നീ പറയ്യ്''.


''വാപ്പാ. ഞാന്‍ നോക്കുമ്പൊ എന്‍റെ പെങ്ങള് സുഹ്രയ്ക്ക് ഒരു ജീവിതം കിട്ടുണതിനേക്കാള്‍ ആ പിഞ്ചുമക്കളുക്ക് ഒരു ഉമ്മാനെ കിട്ടുണ കാര്യാ ഇത്. അവള് ആ കുട്ട്യേളെ നല്ലോണം നോക്കി വളര്‍ത്ത്യാല്‍ പടച്ചോന്‍റെ അനുഗ്രഹൂണ്ടാവും''. 


''വീടും കുടീം ഒക്കെ എങ്ങനീണ്ടടാ'' പാത്തുമ്മ മകനോട് ചോദിച്ചു.


''നല്ല ഒന്നാന്തരം വീട്. ഉണ്ടാക്കീട്ട് നാലോ അഞ്ചോ കൊല്ലേ ആയിട്ടുള്ളു. വേണ്ടപോലെ നോക്കാതെ മുഷിഞ്ഞ് കിടക്കുണുണ്ട്''.


''നോക്കിനടത്താന്‍ ഉടമസ്ഥന്‍ വേണം. അതില്ലാതായാല്‍ ഇങ്ങന്യോക്കെ വരും''.


''തൊടീം പറമ്പ്വോക്കെ ഉണ്ടോ''.


''പത്തിരുപത്തഞ്ച് സെന്‍റെങ്കിലും ഉണ്ടാവും. അതില് തെങ്ങും പ്ലാവും മൂച്ചീം പുളീം ഒക്കീണ്ട്''.


''എന്താടി പാത്ത്വോ. ഒരുവീട്ടില് കേറിച്ചെല്ലുമ്പഴയ്ക്കും ആരെങ്കിലും ഇതൊക്കെ ചോദിക്ക്യോ'' ഭാര്യയുടെ ചോദ്യങ്ങള്‍  കുഞ്ഞഹമ്മദിന്ന് ഇഷ്ടപ്പെട്ടില്ല.


''നമ്മടെ മകള് കേറിച്ചെല്ലണ്ട വീടാ അത്. അപ്പൊ എല്ലാകാര്യൂം നമ്മള് അറിഞ്ഞിരിക്കണ്ടേ''.


''ഇന്ന്യേന്താ അടുത്ത പടി''.


''അവന്‍ വന്ന് കാണട്ടെ. എന്നാ നമുക്ക് സൌകര്യം എന്നറിയിച്ചാ അന്ന് അവന്‍ വരും''.


''ഹാജ്യാരുംകുടുംബൂം നാളെരാവിലെ കോഴിക്കോടൊരുകല്യാണത്തിന്ന് പോവ്വാണ്. കുഞ്ഞാമതേ, നീ നാളെ റെസ്റ്റ് എടുത്തോന്ന് എന്നോട് പറഞ്ഞു. അവന് പറ്റുംച്ചാല്‍ നാളത്തന്നെ വന്നോട്ടെ''.


''എന്നാ ഞാന്‍ കാദറിനേം അബൂനേം വിളിച്ച് പറയാം''. 


''ശരി. അവന്‍ വന്ന് കണ്ടിട്ട് എങ്ങന്യാച്ചാ അതുപോലെ തീരുമാനിക്കാം''.  ജബ്ബാര്‍ വസ്ത്രം മാറാന്‍ അകത്തേക്ക് പോയി. ആലോചനയില്‍ മുഴുകി കുഞ്ഞഹമ്മദ് അവിടെത്തന്നെയിരുന്നു.


()()()()()()()()()


അമ്പലത്തില്‍ന്ന് ഉച്ചഭാഷിണിയിലൂടെ ഒഴുകിവന്നിരുന്ന ഭക്തിഗാനം പൊടുന്നനെ നിലച്ചു. പകരം വീക്കുചെണ്ടയില്‍ കോലുപതിയുന്ന ഒച്ച കേള്‍ക്കാന്‍ തുടങ്ങി. ദീപാരാധനയ്ക്ക് നട അടച്ചുകാണും. 


ലക്ഷ്മി ബാത്ത്റൂമിലേക്ക് നടന്നു. ദേഹശുദ്ധിവരുത്തി പൂജാമുറിയില്‍ വിളക്ക് കത്തിക്കണം. എന്തിന് ഇതൊക്കെ ചെയ്യണം എന്ന് തോന്നാറുണ്ട്. എല്ലാ ദേവീദേവന്മാരും ഇപ്പോള്‍ പ്രസാദിച്ചിരിക്കുകയാണല്ലോ. പിന്നെ പ്രാര്‍ത്ഥിക്കേണ്ട കാര്യമെന്താ. എന്നാലും മുടക്കാന്‍തോന്നുന്നില്ല. ഏതോ ഒരു നിയോഗംപോലെ അത് ചെയ്തുവരുന്നു.


മുഖവും കൈകാലുകലും കഴുകിവന്ന് പൂജാമുറിയില്‍ കയറി. ഭസ്മം തൊട്ടശേഷം വിളക്കുകൊളുത്തി ഒരു ചന്ദനത്തിരി കത്തിച്ചുവെച്ചു. എനിക്ക് ഈ കണ്ണറാതി കാണാന്‍വയ്യാണ്ടായി ഭഗവാനേ'' എന്ന സങ്കടം ഉണര്‍ത്തിച്ചു.


ഇങ്ങോട്ടില്ല എന്ന് ഉറപ്പായാല്‍ എത്രയും പെട്ടെന്ന് കൊണ്ടുപോവണേ എന്ന് പ്രാര്‍ത്ഥിക്കുകയാണ് വേണ്ടത് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ശ്വാസം വലിച്ച് ദിവസങ്ങളോളം ഒരുമനുഷ്യന്‍ കിടക്കുമ്പോള്‍ തൃപ്രങ്ങോട്ടപ്പന് ശംഖാഭിഷേകവും കയറുമാണ് വേണ്ടപ്പെട്ടവര്‍ വഴിപാട് ചെയ്യാമെന്ന് പ്രാര്‍ത്ഥിക്കാറ്. എന്തോ അങ്ങിനെ പ്രാര്‍ത്ഥിക്കാനാവുന്നില്ല. മാത്രമല്ല ഒന്നിലുംവിശ്വാസമില്ലാത്ത ആളാണ് കിടക്കുന്നത്. ആ മനുഷ്യനുവേണ്ടി വഴിപാട് നേരണോ? അറിഞ്ഞുകൂടാ. ആരോടാണ് അത് ചോദിക്കേണ്ടത്. വല്യേട്ടന് എല്ലാകാര്യവുമറിയാം. നാളെ ചോദിച്ചുനോക്കണം. ഇപ്പോള്‍ നെറ്റിയില്‍ ഭസ്മം തൊട്ടുകൊടുക്കാം.


തള്ളവിരലിന്‍റേയും ചൂണ്ടുവിരലിന്‍റേയും ഇടയിലുള്ള ഭസ്മവുമായി ഭര്‍ത്താവ് കിടക്കുന്ന മുറിയിലേക്കുചെന്നു. ഒരുമാത്ര ആ മുഖത്തേക്ക് നോക്കി. സദാ മുകളിലേക്ക് തുറിച്ചുനോക്കിക്കൊണ്ടിരുന്ന കണ്ണുകള്‍ അടഞ്ഞിരിക്കുന്നു. മാറത്തെ രോമങ്ങളുടെ ചലനം കാണുന്നില്ല. 


ഈ വീട്ടില്‍, ഈ ലോകത്ത് താന്‍ ഒറ്റപ്പെട്ടു എന്നതോന്നല്‍ മനസ്സില്‍ കയറി.      ആ നിമിഷം ലക്ഷ്മിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. 


ഇനിയെന്തുചെയ്യണം എന്ന ചിന്ത പെട്ടെന്നുണ്ടായി. അയല്‍പക്കകാര്‍ ആരും ഇങ്ങോട്ട് കടക്കാറില്ല. എങ്കിലും ഈ അവസരത്തില്‍ അവരുടെ സഹായംകൂടാതെ പറ്റില്ലല്ലോ. ലക്ഷ്മി ഇറങ്ങി അടുത്ത വീട്ടിലേക്കോടി. റിട്ടയേര്‍ഡ് ഹെഡ്മാസ്റ്ററും ഭാര്യയും മക്കളുമാണ് അവിടെ.


ലക്ഷ്മി കയറിച്ചെല്ലുമ്പോള്‍ നാരായണന്‍ മാസ്റ്ററുടെ ഭാര്യ മാധവിയമ്മ മുറ്റത്ത് നില്‍പ്പുണ്ട്.


''എന്താ പതിവില്ലാതെ ഈ വഴിക്ക്'' അവര്‍ ചോദിച്ചു.


''മോഹനേട്ടന്‍ പോയി. ഞാന്‍ ഭസ്മം തൊടീക്കാന്‍ ചെന്നപ്പൊ കണ്ണടച്ച് കിടപ്പാണ്''. 


''ഒന്നിങ്ങോട്ട് വരൂ'' എന്ന് അവര്‍ വിളിച്ചുപറഞ്ഞതോടെ മാസ്റ്റര്‍ വീടിന്‍റെ മുന്നിലെത്തി. ഭാര്യ വിവരങ്ങള്‍ അദ്ദേഹത്തെ ബോധിപ്പിച്ചു.


''എന്താ വേണ്ടത്'' അവര്‍ ചോദിച്ചു.


''വൈരാഗ്യൂം ശത്രുതേം ഇരിക്കുമ്പഴേ ഉള്ളു'' മാസ്റ്റര്‍ പറഞ്ഞു ''മരിച്ചു കഴിഞ്ഞാല്‍ എല്ലാം തീര്‍ന്നു. വരൂ. നമുക്കങ്ങിട്ട് പോവാം. മക്കളോട് അയല്‍പ്പക്കത്തൊക്കെ വിവരം കൊടുക്കാന്‍ പറയൂ''.


മാസ്റ്റര്‍ ഷര്‍ട്ടിട്ട് ഇറങ്ങി, മക്കളെ ചുമതലയേല്‍പ്പിച്ച് ഭാര്യയും. അവര്‍ ലക്ഷ്മിയോടൊപ്പം മോഹനന്‍റെ വീട്ടിലേക്ക് കയറിച്ചെന്നു. അനവധി വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ വീട്ടിലേക്ക് വരുന്നത്. അതിന്‍റെ ഒരു വിമ്മിഷ്ടം ഇരുവര്‍ക്കുമുണ്ട്. മോഹനന്‍കിടക്കുന്ന മുറിയിലേക്കവര്‍ ചെന്നു. 


രോഗിയുടെ മുക്കിന്ന് മുന്നിലായി മാഷ് കൈപ്പത്തി കാണിച്ചു. ശ്വാസം എടുക്കുന്നുണ്ടോ എന്നൊരു സംശയം. അയാള്‍  കൈത്തണ്ടയില്‍ പിടിച്ചു.


''കഴിഞ്ഞിട്ടില്ല. പള്‍സുണ്ട്'' അയാള്‍ പറഞ്ഞു. നെഞ്ഞിന്‍കൂട് ചെറുതായി ചലിക്കുന്നുണ്ടോ എന്ന് ലക്ഷ്മിക്ക് തോന്നി.


''ഡോക്ടറെ വിളിക്കണോ'' അയാള്‍ ചോദിച്ചു.


''ഇനി ചികിത്സ വേണ്ടാന്നാ ഡോക്ടര്‍ പറഞ്ഞത്''.


''മരുന്ന് വല്ലതൂണ്ടോ''. 


''ഞാന്‍ രണ്ടുനേരൂം വായുഗുളിക വെള്ളത്തില്‍ അലിയിച്ച് കൊടുക്കും.  ഗ്ലൂക്കോസിട്ട പാലിന്‍വെള്ളം സ്പൂണോണ്ട് കോരിക്കൊടുക്കുണൂണ്ട്''.

 

നിമിഷങ്ങള്‍ക്കകം പത്തിരുപത്തഞ്ചുപേര്‍ കാണാനെത്തി.  അവരോട് മാഷ് വിവരം പറഞ്ഞു.


''ഇനിയെന്താ വേണ്ടത്'' ആരോ ചോദിച്ചു.


''ലക്ഷ്മ്യേ ഇങ്ങിട്ട് വിളിക്കൂ'' മാഷ് പറഞ്ഞു. അകത്തുനിന്ന് ലക്ഷ്മി ഉമ്മറത്തെത്തി.


''ഏട്ടന്മാരെ വിവരം അറിയിക്കണ്ടേ'' അയാള്‍ ചോദിച്ചു.


''വേണ്ടാ. ആ മിടിപ്പ് നിന്നിട്ടുമതി അവര്‍ക്ക് വിവരംകൊടുക്കാന്‍'' അവള്‍ അറിയിച്ചു. ആരും ഒന്നും പറഞ്ഞില്ല. എല്ലാവര്‍ക്കും ലക്ഷ്മി  അങ്ങിനെ പറയാനുള്ള കാരണമറിയാം.


''ഭൂമീലെ ബന്ധം വിട്ടിട്ടുവേണ്ടേ പോവാന്‍. എന്നാലും ഇനി അധികനേരം ഉണ്ടാവില്ല'' മാഷ് അറിയിച്ചു ''ഇവളെ ഒറ്റയ്ക്കാക്കാന്‍ പാടില്ല. മാധവി ഇവളോടൊപ്പം രാത്രി ഇവിടെകൂടട്ടെ. വേറീം ഒന്നോ രണ്ടോ പെണ്ണുങ്ങള് നില്‍ക്കിന്‍ . മൂന്നോ നാലോ ചെറുപ്പക്കാരും''. നില്‍ക്കാന്‍ താല്‍പ്പര്യമുള്ള ആളുകള്‍ സന്നദ്ധത അറിയിച്ചു. 


''എന്നാല്‍ നിങ്ങളൊക്കെ പോയി വേഗം വീട്ടിന്ന് ആഹാരം കഴിച്ച് വരിന്‍. ഇവള്‍ക്ക് എന്തെങ്കിലും കൊണ്ടുവരും ചെയ്യണം''.


''എനിക്കൊന്നും വേണ്ടാ. ഇതൊക്കെത്തന്നെ വല്യേ ഉപകാരാണ്''.


''ലക്ഷ്മി അങ്ങനെ കണക്കാക്കണ്ടാ. ഇതൊക്കെ മനുഷ്യന്‍ കണ്ടറിഞ്ഞ് ചെയ്യണ്ടതാണ്. പിന്നെ ഭക്ഷണം വേണ്ടാന്ന് വെച്ചിട്ടെന്താ. പോണോര് അവരടെ പാട്ടിന് പോവും''. 


ഭക്ഷണം കഴിച്ച് കാവലിന്നുള്ളവര്‍ എത്തുന്നതുവരെ മാഷും എട്ടുപത്ത് ആളുകളും അവിടെകൂടി. 


''എന്തെങ്കിലും ഉണ്ടായാല്‍ അപ്പൊ എന്നെ വിളിക്കണം'' മാഷ് അവരെ ചുമതലപ്പെടുത്തി വീട്ടിലേക്ക് നടന്നു. ലക്ഷ്മി മറ്റു സ്ത്രീകളോടൊപ്പം മോഹനന്‍റെ മുറിയുടെ മുന്നില്‍ കാലുംനീട്ടിയിരുന്നു.


അദ്ധ്യായം - 15.


രാവിലെ അഞ്ചുമണിക്കുമുമ്പുതന്നെ നാരായണന്‍ മാസ്റ്റര്‍ മോഹനന്‍റെ വീട്ടിലെത്തി. ഉമ്മറത്തവിടവിടെയായി അഞ്ചാറുപേര്‍ കിടക്കുന്നുണ്ട്. അയാള്‍ ശബ്ദമുണ്ടാക്കാതെ അകത്തേക്ക് ചെന്നു.


രണ്ടുസ്ത്രീകള്‍ വെറുംനിലത്ത് കിടപ്പുണ്ട്. നല്ല ഉറക്കത്തിലാണ് അവര്‍. മാധവി കീഴാലും കുമ്പിട്ടിരിക്കുന്നുണ്ട്, തൊട്ടടുത്ത് ലക്ഷ്മിയും. ഒരു നിമിഷം അവരെ ഉണര്‍ത്തണോ എന്നാലോചിച്ചു. വെറുതെ അവരുടെ ഉറക്കംകെടുത്തേണ്ടാ. മോഹനന്‍ കിടക്കുന്നകട്ടിലിനരികിലേക്ക് ചെന്നു. ഇപ്പോള്‍ നെഞ്ഞിന്‍കൂടിന്‍റെ ചലനം നന്നായി അറിയുന്നുണ്ട്.


എന്‍റെ ഈശ്വരാ, അയാള്‍ മനസ്സില്‍ കരുതി. ജനിക്കാനും മരിക്കാനും അല്‍പ്പം ഭാഗ്യമൊക്കെ വേണം. ഇതുപോലെ ഒരാളും കഷ്ടപ്പെടരുത്. ചെയ്തുകൂട്ടിയപാപങ്ങളുടെ ഫലം. പാവം ലക്ഷ്മി. അവള്‍ ഒരുപാട് സഹിച്ചിട്ടുണ്ട്. ഇതുപോലൊരു മുരടന്‍റെ ഭാര്യയാവേണ്ടിവന്നത് ഏതു ജന്മം ചെയ്ത പാപത്തിന്‍റെ ഫലമാണോ ആവോ.


വസ്തുതര്‍ക്കത്തെതുടര്‍ന്ന് മോഹനന്‍ കുടുംബക്കാര്‍ക്കെതിരെ കൊടുത്ത സിവില്‍കേസ്സ് നടക്കുന്നകാലത്താണ് തന്നോടയാള്‍ അലോഹ്യത്തിലായത് എന്ന് മാഷ് ഓര്‍ത്തു. എതിരാളികള്‍ക്കെതിരെ ഒരുക്രിമിനല്‍ കേസ്സുകൂടി ആയാല്‍ കാര്യങ്ങള്‍ എളുപ്പമാവുമെന്ന് ആരോ പറഞ്ഞുകൊടുത്തതിന്‍റെ അടിസ്ഥാനത്തിലാണ് മോഹനന്‍ അതിനിറങ്ങിയത്. ബന്ധുക്കള്‍ വീടുകേറി അക്രമിക്കാന്‍ വന്നത് കണ്ടു എന്ന് സാക്ഷി പറയാനയാള്‍  ആവശ്യപ്പെട്ടു. അതിന് വിസമ്മതംപറഞ്ഞതിന്ന്കടുത്തശിക്ഷയാണ് തന്നത്. അക്രമിക്കാന്‍ വന്നബന്ധുക്കളോടൊപ്പം നാരായണന്‍മാസ്റ്ററും ഉണ്ടായിരുന്നു എന്നതായി പോലീസ് കേസ്സ്. അതിന്ന് പറ്റിയ രണ്ട് സാക്ഷികളേയും അയാളുണ്ടാക്കി. കേസ്സ് തള്ളിപ്പോയെങ്കിലും കോടതി കയറേണ്ടിവന്നതിന്‍റെ നാണക്കേട് ഇന്നുമുണ്ട്. ഒന്നുകൂടി മോഹനന്‍റെ മുഖത്തേക്ക് നോക്കി  ഉമ്മറത്തേക്ക് നടന്നു.


''മാഷ് എപ്പഴേ എത്ത്യേത്'' ലക്ഷ്മി ഉണര്‍ന്നിരിക്കുന്നു.


''ഇതാ വന്നതേള്ളൂ'' അയാള്‍ പറഞ്ഞു ''രാത്രി എന്തെങ്കിലും വിശേഷിച്ച്....''.


''ഒന്നൂണ്ടായില്ല. ഇതേ കിടപ്പന്നേ''.


''ഒന്നുംകൂടി ചോദിക്ക്യാണ്. ഏട്ടന്മാരെ അറിയിക്കണ്ടേ കുട്ട്യേ''.


''ഞാന്‍ രാത്രി ഒരായിരം തവണ ഇവളോട് പറഞ്ഞു. വേണ്ടാന്നാ മറുപടി'' മാധവിയമ്മ ഉണര്‍ന്നുകഴിഞ്ഞു.


''ഇന്ന് ഒന്നാം തിയ്യതീം ആയി. നാളെ എന്‍റമ്മടെ തൊണ്ണൂറാം പിറന്നാളാണ്. എന്നെ വിളിച്ചിട്ടൂല്യാ, പറഞ്ഞിട്ടൂല്യാ. എങ്കിലും അത് കഴിയിണതുവരെ ഒന്നും വരുത്തരുതേന്നാ എന്‍റെ പ്രാര്‍ത്ഥന. ഇരിക്കുമ്പൊ അവര്‍ക്ക് സങ്കടേ ഉണ്ടാക്കീട്ടുള്ളു. പോവുമ്പഴെങ്കിലും അത് കൂടാതെ കഴിഞ്ഞാ മതി''.


'''ലക്ഷ്മിടെ മനസ്സിലുള്ളത് എനിക്ക് മനസ്സിലാവുണുണ്ട്. പ്രാര്‍ത്ഥിക്ക്യാ. അതല്ലേ ചെയ്യാന്‍ പറ്റൂ''.


''അതന്നെ ചെയ്യുണത്. ഇത്രദിവസം വേഗം കൊണ്ടുപോണേന്നാ ഞാന്‍ പ്രാര്‍ത്ഥിച്ചത്. ഇപ്പൊ ആ ചടങ്ങിന്‍റെ വക്കത്തെത്തി. ഇവിടെവെച്ച് അത് മുടങ്ങാന്‍ പാടില്ല. ഇനി കഷ്ടിച്ച് മുപ്പത്തിമൂന്ന് മണിക്കൂര്‍. അത് കടത്തി തരണേന്നാ ഇപ്പൊ എന്‍റെ മനസ്സില്''.


''ഓരോരുത്തരായി വീട്ടില്‍പോയി കുളീംകാര്യങ്ങളും കഴിഞ്ഞ് വേഗം വരും. നിനക്കുള്ളത് കൊണ്ടുവരും ചെയ്യും. ആരൂല്യാനുള്ള തോന്നല് ഇനി വേണ്ടാട്ടോ''.


ആ നിമിഷം ലക്ഷ്മി മാസ്റ്ററുടെ കാല്‍ക്കല്‍ വീണു.ആ പാദങ്ങളില്‍ കെട്ടിപ്പിടിച്ച് അവള്‍ ഉറക്കെ കരയാന്‍ തുടങ്ങി. ഉറക്കത്തില്‍നിന്നും എല്ലാവരും ഉണര്‍ന്നു.


''എന്തിനാ സങ്കടപ്പെടുണ്. നിനക്ക് ഞങ്ങളൊക്കീല്ലേ'' അവളെ അയാള്‍ ചേര്‍ത്തുപിടിച്ചു.


()()()()()()()()()


പതിനൊന്നുമണിയോടെ കാദര്‍ അബുവിനേയും കൂട്ടിയെത്തി. കൂടെ മറ്റാരും ഉണ്ടായിരുന്നില്ല.


''പെങ്ങമ്മാരേം അളിയമ്മാരേം വിളിക്കണ്ടേന്ന് ഞാന്‍ ചോദിച്ചതാ. ഒന്നും വേണ്ടാന്ന് പറഞ്ഞു'' കാദര്‍ ആരെങ്കിലും എന്തെങ്കിലും ചോദിക്കുന്നതിന്ന് മുമ്പേ വിവരം പറഞ്ഞു. 


''അത് സാരൂല്യാ. കണേണ്ടവര്‍ കാണട്ടെ. അതല്ലേ വേണ്ടത്'' കുഞ്ഞഹമ്മദ് ചിരിച്ചുകൊണ്ട് പറഞ്ഞു. അയാള്‍  അബുവിനെ നോക്കിക്കൊണ്ടിരുന്നു. കാണാന്‍ സുന്ദരനാണ്. ഒരുപാട് വേഷക്കെട്ടലൊന്നൂല്യാ. മുഖത്ത് എന്തോ ഒരുസങ്കടംതോന്നുണുണ്ട്. ചിലപ്പൊ ഭാര്യമരിച്ചതോണ്ടാവും. പെണ്ണുകെട്ടി സന്തോഷോക്കെ ആവുമ്പൊ ഇതൊക്കെ മാറും.


''എനിക്ക് മക്കളായിട്ട് ഇവനും അവളും മാത്രേ ഉള്ളൂ. അവളുടെ കാര്യം ഇങ്ങിനെയൊക്കെയാവുംന്ന് വിചാരിച്ചില്ല'' കുഞ്ഞഹമ്മദ് മനസ്സിലുള്ള സങ്കടം മറച്ചുവെച്ചില്ല.


''എല്ലാവരടെ കാര്യൂം അങ്ങനെത്തന്നെ. ഇങ്ങിനെ വരുംന്ന് ഞാനും കരുതീലാ'' അബു മറുപടിനല്‍കി. അയാള്‍ തന്‍റെ ജോലിയെക്കുറിച്ചും ആദ്യഭാര്യമരണപ്പെട്ടതിനെക്കുറിച്ചും വിവരിച്ചുകൊണ്ടിരുന്നു.


ജബ്ബാര്‍ നേരത്തെ വാങ്ങിവെച്ചിരുന്ന ബേക്കറിസാധനങ്ങളോടൊപ്പം ചായയുമായി സുഹ്രയും പാത്തുമ്മയുമെത്തി. ആഗതര്‍ക്കുമുന്നിലെ ടീപ്പോയിയില്‍ അവരത് നിരത്തിവെച്ചു.


''കഴിക്കിന്‍'' കുഞ്ഞഹമ്മദ് ആതിഥേയനായി. ചായകുടിയോടൊപ്പം സംഭാഷണവും പുരോഗമിച്ചു.


''അവര് തമ്മില്‍ എന്തെങ്കിലും സംസാരിക്കണച്ചാല്‍ ആയ്ക്കോട്ടെ'' കാദര്‍ പറഞ്ഞതും എല്ലാവരും അവിടെനിന്ന് മാറി.


''എന്താണ് പറയ്യണ്ടേന്ന് എനിക്കറിയിണില്യാ. എന്നെ ഇഷ്ടായ്യോന്ന് ചോദിക്കിണൂല്യാ'' അബു പറഞ്ഞു ''വളരെ കഷ്ടാണ് എന്‍റെ കാര്യം. ചെറുത് മുലകുടിക്കിണ പ്രായത്തിലാ അതിന്‍റമ്മ പോയത്. അത്വേളെ വളര്‍ത്താന്‍ ഒരുസഹായം വേണം. അത് തരാന്‍ പറ്റ്വോ''.


സുഹ്ര ആ ചോദ്യം തീരെ പ്രതീക്ഷിച്ചതായിരുന്നില്ല . ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്തിന്ന് മുമ്പ് സ്വന്തംദുരവസ്ഥ തുറന്നുപറയണമെങ്കില്‍ ആ മനുഷ്യന്‍ അനുഭവിക്കുന്ന ദുഃഖം എത്രമാത്രം വലുതായിരിക്കുമെന്ന് അവളോര്‍ത്തു.


''എന്‍റെ കാര്യം അറിയണ്ടേ'' സുഹ്ര പറഞ്ഞു ''ഞാന്‍ പരമാവധി ഒത്തു പോവാന്‍ നോക്കി. നമ്മളെ വേണ്ടാന്ന് ബോദ്ധ്യപ്പെട്ടാല്‍ പിന്നവിടെ നിക്കണോ''.


''അതൊന്നും സാരൂല്യാ.ഞാനതൊട്ട് ചോദിക്കൂം ഇല്ല. എന്‍റെ കുട്ട്യേളെ മക്കളായി കാണാന്‍ പറ്റുംച്ചാല്‍ ഇത് ഉറപ്പിക്കാന്‍ പറയാം. പിന്നെ ഞാനും എന്‍റെ ഉമ്മീം ഒരുകാലത്തും സങ്കടപ്പെടുത്തില്ല. അതൊറപ്പ്''.


''എനിക്ക് മക്കളുണ്ടായാലും അവരെ എന്‍റെ മൂത്തമക്കളായിട്ടേ കരുതൂ''.


''എന്നാ ഞാന്‍ വാക്ക് കൊടുക്കാന്‍ പോവ്വാണ്''. 


എല്ലാവരും ഒത്തുചേര്‍ന്നപ്പോള്‍ അബു തന്‍റെ ഇഷ്ടം അറിയിച്ചു.


''ഇവന്‍റെ ലീവ് കഴിഞ്ഞ് പോവുമ്പഴയ്ക്കും ആയാല്‍ സൌകര്യായി'' കുഞ്ഞഹമ്മദ് പറഞ്ഞു.


''എത്രീണ്ട് ലീവ്'' കാദര്‍ ചോദിച്ചു.


''ഒരു മാസം'' ജബ്ബാര്‍ മറുപടി നല്‍കി.


''അത്ര്യങ്ങിട്ട് നീട്ടണ്ടാ. അടുത്ത ആഴ്ചേന്നെ ആയാലോ''.


''വിരോധൂല്യാ. വേണ്ടപ്പെട്ടോരെ മാത്രം ഒന്നറിയിക്കണം. പിന്നെ നമ്മടെ പള്ളിക്കാരേം''.


''എന്നാ അടുത്താഴ്ച ഇതേദിവസം നിക്കാഹ്. അങ്ങിനെ തീരുമാനിക്കാം''. 


കാദര്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി. അബു അതിന്‍റെ പുറകില്‍ കയറി. ബൈക്ക് പോവുന്നതും നോക്കി എല്ലാവരും നിന്നു.


അദ്ധ്യായം - 16.


അമ്മയുടെ പിറന്നാളാഘോഷത്തിന്നുചെന്ന ശ്രീധരമേനോന്‍ സദ്യകഴിഞ്ഞ ഉടനെ വീട്ടിലേക്ക് തിരിച്ചുപോരാനൊരുങ്ങി. എന്താടോ ഭാര്യീം മക്കളും പിറന്നാളിന്ന് വന്നില്ല എന്ന ആളുകളുടെ ചോദ്യത്തിന്ന് മറുപടി നല്‍കി അയാള്‍ മടുത്തിരുന്നു. ഏട്ടനോട് വിവരംപറഞ്ഞ് അമ്മയുടെ കാല്‍തൊട്ടു വന്ദിച്ച് ബാഗുമായി വിട്ടില്‍നിന്നിറങ്ങുമ്പോള്‍ രണ്ട് ദുഃഖങ്ങളായിരുന്നു അയാളുടെ മനസ്സ് മുഴുവന്‍. എല്ലാ ബന്ധുക്കളും പങ്കെടുത്ത ഇത്രയേറെ ഗംഭീരമായ ആഘോഷത്തില്‍ തന്‍റെ ഭാര്യയും മക്കളും പങ്കെടുത്തില്ലല്ലോ എന്നതും പെങ്ങളെ വിളിക്കാന്‍ കഴിയാഞ്ഞതുമാണ് അവ രണ്ടും.


ബസ്സിലിരിക്കുമ്പോഴും ചിന്തകള്‍ അയാളുടെ സമാധാനം കെടുത്തി. ഒരു പെങ്ങളേയുള്ളൂ. അതിന്‍റെ ഒരുയോഗം. മോഹനന്‍റെ അവസ്ഥ ഇപ്പോള്‍ എന്തായിരിക്കുമോ എന്തോ. രാത്രി അവളെ വിളിച്ചന്വേഷിക്കണം.


വീടെത്തിയപ്പോള്‍ പടി പൂട്ടിയിരിക്കുന്നതാണ് കണ്ടത്. ഷഷ്ടിപൂര്‍ത്തിക്ക് പോയവര്‍ തിരിച്ചെത്തിയിട്ടില്ല. ഓടിപ്പാഞ്ഞുവന്നത് വെറുതെയായി. വീട്ടുകാര്‍ എത്തുന്നതുവരെറോഡില്‍ നില്‍ക്കാനാവില്ലല്ലോ. അതുവരെ പ്രൊഫസറുടെ വീട്ടിലിരിക്കാം. അയാള്‍ പ്രൊഫസറുടെ വീട്ടിലേക്ക് നടന്നു. 


കാളിങ്ങ്ബെല്ലടിച്ച് ഉമ്മറത്ത് കാത്തുനിന്നു. പ്രൊഫസര്‍ വന്ന് വാതില്‍ തുറന്നപ്പോള്‍ കണ്ടത് കൂട്ടുകാരന്‍. അയാള്‍ അമ്പരന്നു. ഇയാളെന്താ ഈ നേരത്ത് ഈ വേഷത്തില്‍ ബാഗുമായിനില്‍ക്കുന്നത്. എവിടേയോ പോയിട്ട് വരുന്നതുപോലെയുണ്ട്. അമ്മയുടെ തൊണ്ണൂറാം പിറന്നാളിന്ന് പോവുന്ന കാര്യം പറഞ്ഞിരുന്നതാണ്. അവിടെനിന്ന് വരുന്ന വഴിയാണോ എന്തോ. എങ്കില്‍ വീട്ടില്‍കയറാതെ ഇങ്ങോട്ട് പോന്നതെന്തേ. എന്തായാലും ആദ്യം അകത്തേക്ക് വിളിക്കാം. പിന്നീട് ചോദിച്ചറിയാം.


''ശ്രീധരന്‍ വരൂ'' പ്രൊഫസര്‍ ക്ഷണിച്ചു ''താന്‍ എവിടുന്നോ വരുന്നപോലെ തോന്നുന്നു''.


''ശരിയാണ്.  ഇന്ന് അമ്മടേ തൊണ്ണൂറാം പിറന്നാളാണെന്ന് ഞാന്‍ ഇന്നാള് പറഞ്ഞില്ലേ. അതിന് പോയിട്ട് വര്വാണ്''.


''അപ്പോള്‍ വീട്ടില്‍ കയറീലേ''.


''ഇല്ല. ഗെയിറ്റ് പൂട്ടിയിരിക്കുന്നു''. 


''അവരൊക്കെ എവിടേക്ക് പോയി''.


സുമതിടെ കുടുംബത്തില്‍ ഒരുകുട്ടിടെ ഇരുപത്തെട്ടാണ്. അവരൊക്കെ അതിന് പോയി''.


''അമ്മടെ പിറന്നാളിന്ന് ആരും വന്നില്ലേ''. 


പറഞ്ഞത് അബദ്ധമായി എന്ന് ശ്രീധരമേനോന് തോന്നി. എന്നായാലും എല്ലാം ഇയാളറിയും. ഉള്ളത് പറഞ്ഞാല്‍ മനസ്സമാധാനമെങ്കിലും കിട്ടും.


''വിളിക്കാഞ്ഞിട്ടല്ല. അവര്‍ക്ക് അതിലേറെ താല്‍പ്പര്യം ഇരുപത്തെട്ടാണ്''.


''എഞ്ചിനീയറുടെ കൂടപ്പിറപ്പിന്‍റെ കുട്ടിടേതാണോ''.


''എന്നാല്‍ നന്നായിരുന്നു. ഇത് ബന്ധത്തില്‍പ്പെട്ട ഏതോ ചേച്ചിടെ മകളടെ മകളുടെ കുട്ടിടെ ഇരുപത്തെട്ടാണ്. പറഞ്ഞിട്ടെന്താ. അവര്‍ക്കതാ വലുത്''.


''കഷ്ടം. ഭര്‍ത്താവിന്‍റെ അമ്മ എന്നുപറഞ്ഞാലാരാണ്. സ്വന്തംഅമ്മയ്ക്ക് തുല്യമായ സ്ഥാനമല്ലേ''.


''എന്നെത്തന്നെ ആവശ്യൂല്യാ. പിന്ന്യല്ലെ എന്‍റെ അമ്മ''.


''എനിക്ക് പലപ്പഴുംതോന്നാറുണ്ട് ശ്രീധരന് എന്തോ വിഷമൂണ്ടെന്ന്. സത്യം പറഞ്ഞാല്‍ ആര്‍ക്കാടോ വിഷമം ഇല്ലാത്തത്. എനിക്ക്യൂണ്ട് എന്‍റേതായ സങ്കടങ്ങള്''. 


''മാഷക്കെന്താ വിഷമം. രണ്ട് മക്കളുള്ളത് ലോകത്തിന്‍റെ രണ്ടുകോണില് സുഖമായി കഴിയുണൂ. നിങ്ങള് രണ്ടാള്‍ക്കും മാറിമാറി അവരടെകൂടെ നില്‍ക്കാം''.


''എത്ര സിമ്പിളായി പറഞ്ഞു. അതന്ന്യാണ് എന്‍റെ പ്രശ്നൂം'' പ്രൊഫസര്‍ തന്‍റെ ഭാഗം വിസ്തരിക്കാന്‍ തുടങ്ങി. മകന്‍റേയും മകളുടേയും കൂടെ ഒന്നിലേറെതവണ താമസിച്ചിട്ടുണ്ട്. എവിടെയായാലും അവനവന്‍റെ ഇഷ്ടത്തിനനുസരിച്ച് കഴിയാനാവില്ല. ഒരു സ്വാതന്ത്ര്യമില്ലായ്മ തന്നെ കാരണം. കുറെകഴിഞ്ഞപ്പോള്‍ അച്ഛന്‍ ഒരാളുടെകൂടെ അമ്മ ഒരാളുടെ കൂടെ എന്ന ചിന്ത മക്കള്‍ക്കുണ്ടായി. അവരത് തുറന്ന് പറയുംചെയ്തു. ഒരുകാലത്തും ആര്‍ക്കും ഭാരമാവാതെ കഴിയുമെന്ന് അന്ന് ഞാനൊരു തീരുമാനമെടുത്തു. 


''ഇതൊന്നും ആര്‍ക്കും അറിയില്ല. പ്രൊഫസറ് ഭാര്യേം മക്കളേം വേണ്ടാന്ന് വെച്ച് കഴിയ്യാണെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്''.


''ആള്‍ക്കാര്‍ക്ക് എന്താ പറയാന്‍ വയ്യാത്തത്. സത്യം നമുക്കല്ലേ അറിയൂ. എനിക്ക് ഈ വീട് കൂടാതെ കോളേജിന്‍റടുത്ത് വേറൊന്നൂണ്ട്. ഇപ്പോഴത് വാടകയ്ക്ക് കൊടുത്തിരിക്ക്യാണ്. രണ്ടുവീടുംവിറ്റ് മക്കള്‍ക്ക് ഒപ്പൊപ്പം തരണംന്ന് രണ്ടാളും പറഞ്ഞു. ശ്രീധരന്‍ പറയൂ, അങ്ങിനെ ചെയ്താല്‍ എനിക്കെന്താ ഒരു ആസ്പദം''.


''അത് ചെയ്യാതിരുന്നത് നന്നായി. പക്ഷെ ഭാര്യ എന്താ അവിടെ കൂട്യേത്''.


''അവളിങ്ങനെ ആയിരുന്നില്ല. എന്നെ ജീവനായിരുന്നു. രണ്ടുതവണ മകന്‍ വിളിച്ചിട്ട് ഞങ്ങള് രണ്ടാളും അമേരിക്കേലിക്ക് പോയി. മൂന്നുപ്രാവശ്യം മകളെ കാണാന്‍ ന്യൂസ് ലാന്‍ഡിലേക്കും. മൂന്നാമത്തെതവണ അവിടെനിന്ന് തിരിച്ചുപോരാന്‍ വിളിച്ചപ്പൊ ഞാനില്ല നാട്ടിലിക്ക് എന്നുപറഞ്ഞു. ഇത് ഒരുനാടാണോ എന്നാ ഇപ്പഴത്തെചോദ്യം. അവള്‍ക്ക് അവിടം അത്രയ്ക്ക് ഇഷ്ടപ്പെട്ടു''.


''എത്ര ആയാലും അത് അന്യനാടല്ലേ. ഇവിടം ഉപേക്ഷിക്കാന്‍ പറ്റ്വോ''.


''അതല്ലെ ഉണ്ടായത്. കാണണംന്നുണ്ടെങ്കില്‍ അങ്ങോട്ട് ചെല്ലാനാ എന്നോട് പറഞ്ഞിരിക്കുന്നത്. അതിന് വേറെ ആളെ നോക്കണം''.   


''ഇങ്ങന്യായാല്‍ എന്താ ഉണ്ടാവ്വാ''.


''ഞാനിവിടെ ഇപ്പഴത്ത മട്ടില്‍ കഴിയും. തീരെ വയ്യാതാവുന്ന സമയത്ത് ഏതെങ്കിലും വൃദ്ധസദനത്തില്‍കൂടും. അവിടെവെച്ച് മരിക്കുംചെയ്യും. എനിക്ക് ഏതെങ്കിലും രാജ്യത്ത് കിടന്ന് ചാവാന്‍വയ്യ. അത് നമ്മുടെ ഈ പുണ്യഭൂമിയില്‍വെച്ചാവണം''. 


''ഞാന്‍ നോക്കുമ്പൊ ഒട്ടുമിക്ക വയസ്സായോര്‍ക്കും ഇമ്മാതിരീള്ള ഓരോ പ്രയാസങ്ങളുണ്ട്. ആരും അതൊന്നും തുറന്നുപറയിണില്യാന്നേയുള്ളു'' ശ്രീധരമേനോന്‍ പറഞ്ഞു. രണ്ടുപേരും കുറച്ചുസമയം മിണ്ടാതിരുന്നു. 


''ശ്രീധരന്‍റെ വീട്ടുകാരി എന്തേ ഇങ്ങനെ ആയത്'' പ്രൊഫസര്‍ ചോദിച്ചു.


''അവളുടെ അന്തസ്സിന്ന് പോരാഞ്ഞിട്ടന്നെ'' അയാള്‍ സങ്കടങ്ങള്‍ നിറച്ച ഭാണ്ഡത്തിന്‍റെ കെട്ടഴിച്ചു. ഒരു ഇടത്തരം കര്‍ഷകകുടുംബത്തിലെ മുന്നുമക്കളിലെ രണ്ടാമന് അത്ര സുഖകരമായ ജീവിതമായിരുന്നില്ല. എങ്ങിനേയോ ഏട്ടനും അനുജനും കഷ്ടപ്പെട്ടു പഠിച്ച് ബിരുദമെടുത്തു. ഏട്ടന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ ക്ലാര്‍ക്കായപ്പോള്‍ അനുജന് ലഭിച്ച ജോലി വില്ലേജ് അസ്സിസ്റ്റന്‍റായിട്ട്. ഏക അനുജത്തി ടി.ടി.സി പാസ്സായി വെറുതെ വീട്ടിരിക്കുമ്പോഴാണ് അവളുടെ വിവാഹം നടക്കുന്നത്. പിന്നീടവള്‍ക്ക് ഭര്‍ത്താവിന്‍റെ വീടിനടുത്ത് ടീച്ചറായി ജോലി കിട്ടി.


''അത് കഴിഞ്ഞിട്ടാണോ ഏട്ടന്‍റെ വിവാഹം''.


''അതെ. അനിയത്തിയുടെ കല്യാണം കഴിഞ്ഞ് മൂന്നുമാസം തികയുംമുമ്പ് ഞങ്ങളുടെ അച്ഛന്‍ മരിച്ചു. അതിനടുത്ത കൊല്ലമാണ് ഏട്ടന്‍ വിവാഹം കഴിഞ്ഞത്''.


''അവരെങ്ങിനെ''.


''എന്താ പറയ്യാ. ഇത്രനല്ല കൂട്ടരെ കാണാന്‍ കിട്ടില്ല. ഏടത്ത്യേമ്മ ശരിക്കും ഞങ്ങളുടെ ഏടത്ത്യാണ്. ഇന്നും ഞങ്ങളടെ അമ്മേ അവര് മകളെപ്പോലെ നോക്കുണുണ്ട്''.


''അവരെങ്കിലും നന്നായി പെരുമാറുന്നുണ്ടല്ലോ. അത് വലിയ സമാധാനം''.


''മാഷക്ക് കേള്‍ക്കണോ. സുമതിയെ പെണ്ണുകണ്ട് വന്നപ്പൊ ഏടത്ത്യേമ്മ ഇത് നമുക്ക് വേണ്ടാന്ന് പറഞ്ഞതാണ്''.


''അതെന്താ കാരണം''.


''ഒന്നാമത് അവര് വലിയ ആള്‍ക്കാര്. നമ്മടെ തരത്തിനൊത്ത പാര്‍ട്ട്യല്ല. പിന്നെ  എന്‍റെ അന്നത്തെ ഭംഗിക്ക് സുമതി പോരാന്ന് ഏടത്ത്യേമ്മയ്ക്ക് തോന്നും ചെയ്തു''.


''അങ്ങിന്യാണച്ചാല്‍  എന്തിനാ ആ ബന്ധം എടുത്തത്''.


''അച്ഛന്‍ ഉണ്ടെങ്കില്‍ സമ്മതിക്കില്യായിരുന്നു. അമ്മടെ ആങ്ങളാരാണ് രക്ഷിതാക്കളായി നിന്നത്. അവര് സമ്പത്ത് മാത്രേ നോക്ക്യോളൂ''.


''ഓരോരുത്തരുടെ തലവിധി ഓരോവിധത്തില്''.


''ശരിയാണ്. പെങ്ങളുടെ ഭര്‍ത്താവ് എന്നും പ്രശ്നക്കാരനായിരുന്നു. നല്ലകാലത്ത് അയാളുടെ തല്ലുകൊള്ളാനേ അവള്‍ക്ക് നേരൂള്ളൂ. ഇപ്പൊ അളിയന്‍ മരിക്കാന്‍ കിടക്ക്വാണ്. എപ്പഴാന്നേ അറിയണ്ടു''.


''ഇനി ഒന്നും പറഞ്ഞിട്ട് കാര്യൂല്യാ. വരുമ്പോലെ വരട്ടെ. അതേ ഞാന്‍ കരുതുണുള്ളൂ'' പ്രൊഫസര്‍ പറഞ്ഞുനിര്‍ത്തി.


ശ്രീധരമേനോന്‍റെ കണ്‍മുന്നിലൂടെ അയാളുടെ വീട്ടിലെ കാറ് കടന്നുപോയി. വീട്ടുകാര്‍ എത്തിയെന്ന് അയള്‍ക്ക് മനസ്സിലായി.


''അവരെത്തീന്ന് തോന്നുണൂ. ഞാന്‍ ഇറങ്ങട്ടെ'' അയാള്‍ പ്രൊഫസറോട് യാത്രപറഞ്ഞിറങ്ങി.


അദ്ധ്യായം - 17.


കിണറ്റിന്‍പള്ളയ്ക്കരികിലെ അലക്കുകല്ലില്‍ സുഹ്ര മുഷിഞ്ഞതുണികള്‍ തിരുമ്പുകയാണ്. വാപ്പയും ഇക്കയും പള്ളിയിലേക്ക് പോയിരിക്കുന്നു. നിസ്ക്കാരിക്കുന്നതോടൊപ്പം പള്ളിക്കാരോട് നിക്കാഹിന്‍റെ കാര്യങ്ങള്‍ സംസാരിക്കാനുമാണ് അവര്‍ പോയത്.


''നോക്ക് സുഹ്രാ'' ശബ്ദംകേട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ തൊട്ടുപിന്നില്‍ ആരീഫ. നാത്തൂന്‍റെ പതിവില്ലാത്ത വിളി അവളെ അമ്പരപ്പിച്ചു. എന്തോ ഒരു അത്ഭുതം കണ്ടതുപോലെ അവള്‍ നാത്തൂനെ നോക്കി. 


''നിനക്ക് പുയ്യാപ്ളാനേ പിടിച്ചോടീ'' ആരിഫ ചോദിച്ചു. സുഹ്ര ഒന്നും പറഞ്ഞില്ല. അവള്‍ നാത്തൂന്‍റെ മുഖത്തേക്ക് നോക്കിനിന്നു.


''നല്ല സ്വഭാവൂള്ള ആള്‍ക്കാരാന്നാ നിന്‍റെ ഇക്ക പറഞ്ഞത്. നിനക്കവടെ കഷ്ടപ്പെടണ്ടി വരില്ല''.


ഇത്രദിവസം താന്‍ അനുഭവിച്ച കഷ്ടപ്പാടിനേക്കാള്‍ വലുതൊന്നും ഇനി ഉണ്ടാവില്ലെന്ന് പറയാന്‍ തോന്നി. അവളൊന്നും മിണ്ടിയില്ല.


''രണ്ട് പെണ്‍കുട്ട്യേളുണ്ട്. അവരടെ കാര്യം നോക്കണ്ടിവരും''. അതിനും അവളൊന്നും പറഞ്ഞില്ല.


''നിനക്ക് മക്കളുണ്ടാവുമ്പഴും അവരെ നോക്കാണ്ടിരിക്കരുത്''.


''ഇതൊക്കെ അറിഞ്ഞിട്ടന്ന്യാണ് ഞാന്‍ സമ്മതിച്ചത്'' സുഹ്ര പറഞ്ഞു.


''നമ്മടെ ബുദ്ധിമോശംകൊണ്ട് നീ എന്നേം ഞാന്‍ നിന്നേം എന്തൊക്ക്യോ പറഞ്ഞിട്ടുണ്ട്. നമ്മളതൊന്നും മനസ്സില്‍ കരുതണ്ടാ''.


സുഹ്ര നാത്തുനെ നോക്കി ചിരിച്ചു. ഒരുപാട് അര്‍ത്ഥങ്ങളുണ്ടായിരുന്നു ആ ചിരിയ്ക്ക്.


()()()()()()()()()


സന്ധ്യ കഴിഞ്ഞതും ശ്രീധരമേനോന്‍ അനിയത്തിയെ വിളിച്ചു. തീരെ വയ്യ. നേരത്തെ ഭക്ഷണം കഴിച്ചുകിടക്കണം. അത്രയ്ക്ക് ക്ഷീണമുണ്ട്. റിങ്ങടിച്ച ഉടനെ കാളെടുത്തിരിക്കുന്നു. പെങ്ങള്‍ മൊബൈല്‍ഫോണ്‍ കയ്യില്‍ത്തന്നെ വെച്ചിരിക്കുകയാവും.


''എങ്ങനീണ്ട് മോളേ'' അയാള്‍ ചോദിച്ചു.


''ഒരു മാറ്റൂല്യാ ചെറ്യേട്ടാ. അങ്ങിനെത്തന്നെ കിടക്കുണുണ്ട്'' അവള്‍ പറഞ്ഞു  .


''ആരുണ്ട് നിന്‍റെ കൂടെ''.


''അയല്‍പക്കത്തുള്ള കുറച്ചാളുകള് ഇവടീണ്ട്''. സമാധാനം. അവളവിടെ ഒറ്റയ്ക്കല്ലല്ലോ.


''നാളെ രാവിലെ ഞാന്‍ വരുണുണ്ട്''.


''ബുദ്ധിമുട്ടാവ്വോ ചെറ്യേട്ടന്''.


''ഏയ്. എന്ത് ബുദ്ധിമുട്ട്. ഉറപ്പായിട്ടും ഞാനെത്തും''.


പോവുമ്പോള്‍ ഒന്നോ രണ്ടോ ജോഡി ഡ്രസ്സ് കയ്യില്‍ കരുതണം. വേണ്ടി വന്നാല്‍ ഒന്നോ രണ്ടോ ദിവസം അവളുടെ വീട്ടില്‍ കൂടണം. ഇപ്പോള്‍ അയല്‍ക്കാര്‍കൂടെയുണ്ട്. അതല്ലല്ലോ ശരി. ഉത്തരവാദപ്പെട്ട ആരെങ്കിലും വേണ്ടേ. ഏട്ടന്‍ അത്ര കര്‍ക്കശക്കാരനല്ല. എങ്കിലും അളിയന്‍ ജീവനോടെ ഇരിക്കുമ്പോള്‍ ആ പടി കേറില്ല എന്ന് സത്യംചെയ്യിച്ച് പെങ്ങള്‍ ഏട്ടനെ അയച്ചതാണ്.


അനിയത്തിയെ അളിയന്‍ ക്രൂരമായി ഉപദ്രവിക്കുന്നുണ്ട് എന്നറിഞ്ഞ് അന്വേഷിക്കാന്‍ ചെന്നതാണ് ഏട്ടന്‍. ഏട്ടന്‍റെ മേല്‍ അസഭ്യം ചൊരിഞ്ഞു എന്നു മാത്രമല്ല അദ്ദേഹം കാണച്ചലെ അവളെ മര്‍ദ്ദിക്കുകയും ചെയ്തു. തടുക്കാന്‍ചെന്ന ഏട്ടനെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും കടന്നുപോടാ എന്ന് ആക്രോശിച്ച് കഴുത്തില്‍പ്പിടിച്ച് തള്ളുകയുമുണ്ടായി. ഏട്ടന്‍ ആ  പടി ഇറങ്ങുംമുമ്പ് മച്ചിലെഭഗവതിയെപ്പിടിച്ച് ഏട്ടനെക്കൊണ്ട് അവള്‍ സത്യംചെയ്യിച്ചാണ് പറഞ്ഞയച്ചത്.  


''ഞാന്‍ നാളെരാവിലത്തെ ബസ്സിന്ന് ലക്ഷ്മിടടുത്തേക്ക് പോവും'' ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ അയാള്‍ ഭാര്യയോട് പറഞ്ഞു ''ചിലപ്പൊ ഒന്നോ രണ്ടോ ദിവസം ഞാനവിടെ കൂടും. അളിയന്‍റെ കാര്യം വളരെ മോശാണ്''. യാതൊരു പ്രതികരണവും ഭാര്യയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഭക്ഷണം കഴിഞ്ഞ് കൈകഴുകി അയാള്‍ ഉമ്മറത്തിരുന്നു. സങ്കടംസഹിക്കുന്നില്ല. ഈ അവഗണന സഹിക്കാവുന്നതിന്ന് അപ്പുറമാണ്. എന്തെങ്കിലും എതിര്‍പ്പ് പറഞ്ഞാല്‍പോലും ഇത്രയധികം വിഷമം തോന്നില്ല. അല്ലെങ്കിലേ ഉറക്കം കമ്മിയാണ്. ഇന്ന് ഒട്ടും ഉറങ്ങാന്‍ പറ്റുമെന്ന് തോന്നുന്നില്ല.


മുറ്റത്തെ കുട്ടിമതിലില്‍ റോഡിലേക്കും നോക്കി അയാളിരുന്നു. ഭാര്യയും മകനും ടി.വി. കാണുകയാണ്. പത്തുമണികഴിഞ്ഞിട്ടേ അവര്‍ ഉറങ്ങാന്‍ പോവൂ. മൊബൈല്‍ അടിച്ചപ്പോള്‍ എടുത്തു. ഏട്ടനാണ്.


''മോഹനന്‍ പോയി'' ഏട്ടന്‍ പറഞ്ഞു.


''എപ്പഴാ ഉണ്ടായത്''.


''ഇതാ ഇപ്പൊ. ഒമ്പതുമണിക്ക്''.


''എന്താ ചെയ്യണ്ട്''.


''എനിക്കിവിടുന്ന് അടുത്തല്ലേ. ഞങ്ങള് പോവ്വാണ്. നീ രാവിലെ നേര്‍ത്തെ വാ''.


''എപ്പഴാ എടുക്ക്വാ''.


''ആരും വരാനൊന്നൂല്യല്ലോ. വെച്ച് താമസിപ്പിക്കണ്ടാ. പത്തുമണിക്ക് ആവാന്നാ കരുതുണ്''.


 ''ശരി. ഞാന്‍ എത്തിക്കോളാം''. കാള്‍ കട്ടായി. അയാള്‍ അകത്തേക്ക് നടന്നു.


''സുമതി. മോഹനന്‍ മരിച്ചു'' അയാള്‍ പറഞ്ഞു.


''എപ്പൊ''.


''ഇതാ കഴിഞ്ഞതേ ഉള്ളൂ''.


''എപ്പഴാ സംസ്ക്കരിക്കുണ്''.


''രാവിലെ പത്തുമണ്യാവും''.


''എന്നാ നമുക്ക് ആറുമണിക്ക് പോയാ പോരേ. കാറിലല്ലേ. ഒന്നൊന്നര മണിക്കൂറോണ്ട് എത്തും''. 


''അത്ര നേരത്തെ കുട്ട്യേള് എഴുന്നേല്‍ക്ക്വോ''.


''അതിന് നാളെ അവളും കുട്ട്യേളും വരണ്ടാ. പിന്നെ വന്ന് കണ്ടോട്ടെ''. 


''മോളടടുത്ത് വിവരം പറയണ്ടേ''.


''പിന്നെ വേണ്ടേ. ഞാന്‍ പറഞ്ഞോളാം. അവള്‍ക്കവിടുന്ന് അടുത്തല്ലേ. രാവിലെ വന്ന് കണ്ടിട്ട് പൊയ്ക്കോട്ടെ''.


''പതിനഞ്ചുദിവസം എനിക്കവിടെ നില്‍ക്കണ്ടിവരുംന്ന് തോന്നുണൂ''.


''അത് സാരൂല്യാ. ശവം എടുത്തതും ഞങ്ങളിങ്ങോട്ട് വരും. ശനിയാഴ്ച കണ്ണൂക്കിന്ന് വരുണുണ്ട്. അപ്പൊ എന്താകൊണ്ടുവരണ്ടതേന്ന് പറഞ്ഞാ അതുംകൊണ്ട് ഞങ്ങളെത്താം. സുധേം കുട്ട്യേളേം അന്ന് കൊണ്ടുവരാം''. ശ്രീധരമേനോന് സമാധാനമായി. അയാള്‍ മാറത്തൊന്ന് ഉഴിഞ്ഞു. എന്നിട്ട് വസ്ത്രങ്ങള്‍ ബാഗില്‍ എടുത്തുവെക്കാന്‍ പോയി. 


അദ്ധ്യായം - 18.


അഞ്ചുമണിക്ക് അലാറംഅടിച്ചതും ശ്രീധരമേനോന്‍ എഴുന്നേറ്റ് താഴേക്ക് ചെന്നു. അടുക്കളയില്‍ വെളിച്ചംകാണുന്നുണ്ട്. അയാള്‍ അവിടേക്ക് നടന്നു. ഭാര്യ ചായ ഉണ്ടാക്കിക്കഴിഞ്ഞ് പ്രാതല്‍ തയ്യാറാക്കുകയാണ്. 


''കഴിഞ്ഞ പ്രാവശ്യം എവിടുന്നാ അരി വാങ്ങ്യേത്'' ഭാര്യ ചോദിച്ചു ''പലഹാരത്തിന് പറ്റ്യേ അര്യാണ്. അപ്പഴയ്ക്കും അത് തീരാറായി. കുറച്ചുദിവസം നിങ്ങളുണ്ടാവില്ലല്ലോ. ഞാന്‍ കാറുംകൊണ്ട് പോയി വാങ്ങീട്ട് വന്നോളാം''. അയാള്‍ സ്ഥലം പറഞ്ഞുകൊടുത്തു. 


''ഭക്ഷണംകഴിച്ചിട്ട് പോവാം. എപ്പഴാ ശവം എടുക്ക്വാന്ന് അറിയില്ലല്ലോ'' സുമതി പറഞ്ഞു.


''കുളിക്കണോ'' അയാള്‍ ചോദിച്ചു.


''ശവദഹനം കഴിഞ്ഞാല്‍ എന്തായാലും കുളിക്കണം. കുളി അപ്പൊ മതി. ഞാനും ഇവിടെ വന്നിട്ടേ കുളിക്കിണുള്ളു''.


''സുധയ്ക്കും കുട്ട്യേള്‍ക്കും ആഹാരം ഉണ്ടാക്കിവെക്കണ്ടേ''.


''അതിനൊക്കെ മിനക്കെടാന്‍ നിന്നാല്‍ നേരാവും. അവള് സമയാവുമ്പൊ ഉണ്ടാക്കിക്കോട്ടെ''.


''എന്നാ ഞാന്‍ പുറപ്പെടാന്‍ നോക്കട്ടെ''.


''അതിന് മുമ്പ് ഭക്ഷണം കഴിച്ചോളൂ. ഇന്നലെ ഇട്ട ഡ്രസ്സന്നെ ഇപ്പൊ ഇട്ടാ മതി. ഏതായാലും നനയ്ക്കണം. ഞാനും അതാ ചെയ്യാന്‍ പോണ്''.


ഈശ്വരാധീനം. ഇന്നലെ അളിയന്‍റെ മരണവിവരം പറഞ്ഞതിന്നുശേഷം മൃദുവായ സമീപനമാണ് ഭാര്യയുടേത്. ഇത് നിലനിന്നുകിട്ടിയാല്‍ മതി.


ഏഴുമണികഴിഞ്ഞതും അളിയന്‍റെ വീടിന്നുമുന്നില്‍ കാറെത്തി. പടിക്കലും മുറ്റത്തുമൊക്കെ ആളുകള്‍ നില്‍ക്കുന്നുണ്ട്. അവര്‍ക്കിടയിലൂടെ മൂന്നാളും അകത്തേക്ക് നടന്നു. ഉമ്മറത്ത് ഒരു കസേലയില്‍ ഏട്ടന്‍ ഇരിപ്പുണ്ട്. ഒപ്പം മൂന്നുനാല് വയസ്സന്മാരും.


''ഉള്ളില്‍ പോയി കണ്ടിട്ടുവാ'' ഏട്ടന്‍ പറഞ്ഞു. സുമതിയേയും മകനേയും കൂട്ടി അയാള്‍ അകത്തേക്ക് ചെന്നു.


മോഹനന്‍റെ ശരീരം വെള്ളത്തുണികൊണ്ട് കഴുത്തുവരെമൂടി തളത്തില്‍ കിടത്തിയിരിക്കുന്നു. മൂക്കിന്‍റെ ദ്വാരങ്ങളില്‍ പഞ്ഞി തിരുകിയിട്ടുണ്ട്. കീഴ്ത്താടിയെ മുകളിലേക്ക് വലിച്ചുകെട്ടിയ തുണിക്കഷ്ണത്തിന്‍റെ തുമ്പ് തലയ്ക്ക് മുകളിലായികെട്ടിയിരിക്കുന്നു. മൃതദേഹത്തില്‍നിന്ന് അല്‍പ്പം വിട്ട് ചുറ്റോടും ഭസ്മംകൊണ്ട് വരച്ചിരിക്കുന്നു. തലയ്ക്ക് മേല്‍ഭാഗത്ത് നിലവിളക്ക് കത്തിച്ചുവെച്ചിട്ടുണ്ട്. അതിന് തൊട്ടടുടുത്തായി നെല്ലുനിറച്ച ഇടങ്ങഴിയും അതിനുമുകളില്‍ അരിനിറച്ച നാഴിയുമുണ്ട്. അരിയില്‍ കുത്തിനിര്‍ത്തിയ ചന്ദനത്തിരികളുടെ പുക ചുരുളുകളായി മേല്‍പ്പോട്ട് നീങ്ങുകയാണ്. 


തലയ്ക്കല്‍ ചുമരുംചാരിയിരിക്കുന്ന അനിയത്തിയ്ക്ക് പ്രത്യേകിച്ച് ഭാവഭേദമില്ല. ഏടത്തിയമ്മ അവളോട് ചേര്‍ന്നിരിപ്പുണ്ട്. അവരുടെ അടുത്തേക്കുചെന്ന സുമതി അവരുടെ സമീപമിരുന്നു. സ്വല്‍പ്പനേരം അവിടെനിന്നശേഷം അയാള്‍ പുറത്തേക്ക് നടന്നു.


''നിങ്ങളിവിടെ ഇരിക്കിന്‍'' ഏട്ടന്‍റെ തൊട്ടടുത്തിരുന്ന ആള്‍ കസേലയില്‍ നിന്ന് എഴുന്നേറ്റ് സ്ഥലം നല്‍കി.


''ആരെങ്കിലും വരാനുണ്ടാവ്വോ'' അയാള്‍ ഏട്ടനോട് ചോദിച്ചു.


''പെന്‍ഷന്‍കാരടെ യൂണിയന്‍റെ നേതാക്കന്മാര് വരുണുണ്ട്. പൂക്കട തുറന്ന് റീത്ത് വാങ്ങീട്ടേ അവര് വരൂ''.


''എവിടെ വെച്ചിട്ടാ ശവസംസ്ക്കാരം''.


''തൊടീല് ഇഷ്ടംപോലെ സ്ഥലൂണ്ടല്ലോ. അവിടെ മതീന്ന് പറഞ്ഞിട്ടുണ്ടത്രേ''.


''അപ്പൊ മാവ് മുറിക്കണ്ടേ''.


''എന്തിന്. ഐവര്‍മഠക്കാരെ ഏല്‍പ്പിച്ചിട്ടുണ്ട്. അവര് വരുമ്പൊ എല്ലാം കൊണ്ടുവന്ന്വോളും. ഒന്നും നമ്മളറിയണ്ടാ''.


ഒരു ചെറുപ്പക്കാരന്‍ കടലാസ്സ് കപ്പില്‍ ചായയുമായി എത്തി. ഏട്ടന്‍ ഒന്ന് വാങ്ങി അയാളുടെ നേരെ നീട്ടി, എന്നിട്ട് ഒന്ന് അദ്ദേഹവുമെടുത്തു.


''നീ വല്ലതും കഴിച്ചിട്ടാണോ വന്നത്'' ഏട്ടന്‍ ചോദിച്ചു. അതെയെന്നയാള്‍ മറുപടി നല്‍കി.


''നന്നായി. ഇവിടെ തൊട്ടവീട്ടിലൊരു മാഷുണ്ട്. അയാളടവിടെ ഉപ്പുമാവ് ഉണ്ടാക്കുണുണ്ട്. വേണ്ടോരക്ക് കഴിക്കാം''.


''ഏട്ടന്‍ പോയി കഴിച്ചിട്ട് വരൂ. ഞാനിവിടെ ഇരിക്കാം''.


''വരട്ടെ. എന്‍റെ കൂടെ മൂത്തമകനാണ് വന്നിട്ടുള്ളത്. ഇണത്തോര്‍ത്തും പട്ടും സാധനങ്ങളും വാങ്ങാന്‍ അവന്‍ പോയിട്ടുണ്ട്. അവന്‍ വരട്ടെ''. 


ഗെയിറ്റ് കടന്ന് അകത്തെത്തിയ ബൈക്ക് മുറ്റത്തെത്തുന്നതിന്നുമുമ്പ് വഴിയോരത്ത് നിര്‍ത്തി. മകളും മരുമകനും അതില്‍നിന്ന് ഇറങ്ങി വരുന്നത് അയാള്‍ കണ്ടു.


''അച്ഛനെപ്പൊ എത്തി'' മകള്‍ അടുത്തുവന്ന് ചോദിച്ചു.


''കഷ്ടിച്ച് അരമണിക്കൂറാവും'' അയാള്‍ പറഞ്ഞു ''നിങ്ങള് പോരുമ്പൊ കുട്ട്യേള് ശാഠ്യം പിടിച്ചില്ലേ''.


''അവര് ഉണരുംമുമ്പേ ഞങ്ങളിറങ്ങി. അമ്മ നോക്കിക്കോളും''. മകളും മരുമകനും അകത്തേക്ക് പോയി.  തിരിച്ചുവന്ന മരുമകനെ കൈപിടിച്ച് കൂട്ടിക്കൊണ്ട് മകന്‍ പുറത്തേക്ക് നടന്നു.


''അളിയനും അളിയനും നല്ലകൂട്ടാണ് അല്ലേ'' ഏട്ടന്‍ ചോദിച്ചു. അതെയെന്ന് മറുപടി നല്‍കി.


''അങ്ങിനെ വേണം. ഒത്തൊരുമ ഉണ്ടെങ്കിലേ കുടുംബം നന്നാവൂ''.


സമയം നീങ്ങിക്കൊണ്ടിരുന്നു. ഏട്ടന്‍റെ മകന്‍ സാധനങ്ങളുമായി എത്തി, പുറകെ  പെട്ടിഓട്ടോയില്‍ സാധനങ്ങളുമായി ഐവര്‍മഠത്തില്‍നിന്നു വന്നവരും. ചിതകൂട്ടാനുള്ള സ്ഥലം കാണിച്ചുകൊടുക്കാന്‍ വന്നവര്‍ ആവശ്യപ്പെട്ടു.


''ഇഷ്ടംപോലെ സ്ഥലോല്ലെ കിടക്കുണൂ. പിന്നാപ്പുറത്ത് വേലിടരികില് ആവാലോ'' ആരോ പറയുന്നത് കേട്ടു.


 ''അത് പറ്റില്ല. ചിതടെ കാല്‍ക്കലും തലയ്ക്കലും ഓരോ ഫാന്‍ വെക്കും. അത് തിരിയാന്‍ കറണ്ട് വേണം. ചിത ഒരുപാട് ദൂരെ ആയാല്‍ നീളൂള്ള വയറ് വേണം. ഞങ്ങളടെ കയ്യിലുള്ള വയറിന് അത്ര നീളം പോരാ''.


''എന്നാല്‍ നിങ്ങളന്നെ പാകംപോലെ നിശ്ചയിച്ചോളിന്‍'' നേരത്തെ പറഞ്ഞ ആള്‍ സമ്മതം നല്‍കി.


''എന്നാല്‍ നിങ്ങളാരെങ്കിലും ഒപ്പം വരിന്‍''. നാലഞ്ചുപേര്‍ അവരോടൊപ്പം നടന്നു. ഏട്ടനോടൊപ്പം അവരുടെകൂടെ ചെന്നു. വീടിന്‍റെ പുറകില്‍ പറ്റിയ ഇടം നിശ്ചയിച്ചു. ചെറിയരണ്ട് വാഴത്തൈകള്‍ വെട്ടിമാറ്റിയതോടെ സ്ഥലം ശരിയായി.


''ഇത് ഇപ്പൊ ശര്യാവും. എടുക്കാനുള്ളോര് കുളിക്കാന്‍ നോക്കിക്കോട്ടെ'' ചിതയൊരുക്കുന്നവര്‍ പറഞ്ഞതോടെ മൂന്നുനാലുപേരൊഴികെ ബാക്കി എല്ലാവരും തിരികെ പോന്നു.


ആരോ ഒരു നെടുനീളന്‍ വാഴയില വെട്ടി മുന്‍വശത്ത് വെച്ചിട്ടുണ്ട്. ഒരു മണ്‍പാനിയില്‍ വെള്ളം നിറച്ച്  അതില്‍ മഞ്ഞളും മാവിന്‍റെതൊലിയും ചതച്ചത് ഇട്ടുവെച്ചിട്ടുണ്ട്.


പടിക്കല്‍ ഒരു ഓട്ടോ വന്നുനിന്നു. അതില്‍നിന്ന് കയ്യിലൊരുറീത്തുമായി ഒരാളിറങ്ങി, കൂടെ രണ്ടുപേരും.


''യൂണിയന്‍കാര് വന്നൂട്ടോ'' ഒരാള്‍ പറഞ്ഞു. ആഗതര്‍ അകത്തേക്ക് ചെന്നു. റീത്ത് മൃതദേഹത്തിന്നുമീതെവെച്ച് അവര്‍ തിരിച്ചെത്തി.


''എന്തായിരുന്നു സൂക്കട്'' വന്നവരിലൊരാള്‍ ചോദിച്ചു.


''കുറച്ചായിട്ട് കിടപ്പാണ്''.


''പോയതിന്‍റെ മുമ്പത്തെ മാസം സൂചനാസമരത്തിന്ന് വന്നപ്പൊ കണ്ടതാണ്'' അയാള്‍ പറഞ്ഞതിനെ ആരും തിരുത്താന്‍ ശ്രമിച്ചില്ല. മോഹനന്‍ വയ്യാതെ കിടപ്പിലായിട്ട് അതിലേറെ കാലമായിട്ടുണ്ട്.


''റീത്ത് കിട്ടാന്‍ കുറച്ചുവൈകി. അതാ പറ്റ്യേത്. ഇനീം യൂണിയന്‍റെ രണ്ട് മെമ്പര്‍മാര് വയ്യാതെ കിടക്കുണുണ്ട്. എപ്പഴാ പോവ്വാന്ന് അറിയില്ല''. 


അയല്‍പക്കക്കാരായ പത്തുപന്ത്രണ്ട് ചെറുപ്പക്കാര്‍ തോര്‍ത്തുമായി കുളത്തിലേക്ക് നടന്നു. മുറ്റത്ത് നിരത്തിയിട്ട് പ്ലാസ്റ്റിക്ക് കസേലകള്‍ രണ്ടുമൂന്നുപേര്‍ ചേര്‍ന്ന് ഒരുഭാഗത്തേക്ക് മാറ്റാന്‍ തുടങ്ങി. നനഞ്ഞ തുണികളുടുത്ത് കുളിക്കാന്‍ പോയവര്‍ തിരിച്ചെത്തി. 


''സ്ത്രീകളൊക്കെ പുറത്തേക്ക് മാറ്വാ'' ആരോ പറയുന്നതുകേട്ടു.


വെള്ളത്തുണിയില്‍ പൊതിഞ്ഞുകെട്ടിയ മൃതദേഹവും ചുമന്ന് ചെറുപ്പക്കാര്‍ പുറത്തെത്തി. 


''ആ എലടെ ചുറ്റും മൂന്നുതവണ പ്രദക്ഷിണം വെച്ചോള്വാ''


''ഈ ഭാഗത്തെ ആള്‍ക്കാര് എലടെ ഈ ഭാഗത്തും ആ ഭാഗത്തെ ആള്‍ക്കാര് എലടെ ആ ഭാഗത്തും വരുണപോലെ നില്‍ക്കിന്‍''.


''മൂന്നുപ്രാവശ്യം മേല്‍പ്പോട്ട് ആഞ്ചീട്ട് എലേല്‍ കിടത്ത്വാ'' നിര്‍ദ്ദേശങ്ങള്‍ ഒന്നിനുപുറകെ ഒന്നായി എത്തിക്കൊണ്ടിരുന്നു.


പാനിയിലെ വെള്ളം മൂന്നുപ്രാവശ്യമായി തലമുതല്‍ അടിവരെ ഒഴുക്കി.


''ശേഷം മുറിച്ചുവെച്ചിട്ടില്ലേ'' ഒരു വയസ്സന്‍ അന്വേഷിച്ചു.


''ആരാ അത് കെട്ട്വാ''.


''ക്രിയയ്ക്കല്ലേ അത് വേണ്ടൂ. ഇപ്പൊ ആരെങ്കിലും അതുകൊണ്ടുവന്ന് ഒരു ഭാഗത്ത് വെക്കട്ടെ''.


''ലക്ഷ്മി വന്ന് വലംവെച്ച് പട്ട് ഇട്ടോട്ടെ'' ഏടത്തിയമ്മയും സുമതിയും ചേര്‍ന്ന് അനിയത്തിയെ മുറ്റത്തേക്ക് കൂട്ടിക്കൊണ്ടുവന്നു. യാന്ത്രികമായി അവള്‍ മൃതദേഹത്തിനെ വലംവെച്ചു.


''ഇനി പട്ട് ഇട്ടോള്വാ''. അവള്‍ ചുവന്നതുണി ആ ദേഹത്തിലിട്ടു.


''നമസ്ക്കരിച്ചോളൂ'' 


കാല്‍തൊട്ടുവന്ദിച്ച അനിയത്തി അലറികരയുന്നതാണ്  കണ്ടത്.


''ഇത്രകാലം ആ കുട്ടി ഉള്ളിലൊതുക്ക്യേ സങ്കടം ഒന്നിച്ച് പുറത്തുവന്നതാണ്. അതിനെ ഉള്ളില്‍കൊണ്ടുപോയി ഒരിടത്ത് കിടത്തിന്‍'' വയസ്സന്‍ സ്ത്രീകളെ ചുമതലപ്പെടുത്തി.


ഫാനിന്‍റെ കാറ്റുകാരണം പെട്ടെന്ന് ചിതയില്‍ തീ പടര്‍ന്നുകയറി. ഏതാനും നിമിഷങ്ങള്‍ക്കകം മോഹനന്‍ കഥയായിമാറുകയാണ്. അയാള്‍ എരിയുന്ന ചിതയിലേക്ക് നോക്കിനിന്നു.


''ഞങ്ങള് ഇറങ്ങ്വാണ്. അച്ഛന്‍റെ ബാഗ് വലിയമ്മടേല് കൊടുത്തിട്ടുണ്ട്'' മകന്‍ യാത്ര പറയാന്‍ വന്നു. ഏടത്തിയമ്മ ഇവിടെ നില്‍ക്കുന്നുണ്ടെന്ന് തോന്നുന്നു. സുമതിയുംനില്‍ക്കേണ്ടതാണ്. അവളോട് അത് പറയാന്‍ വയ്യ. ഈ ചെയ്തതന്നെ വലിയ കാര്യം. മകന്‍റെ പുറകെ അയാള്‍ നടന്നു. സുമതി മുറ്റത്ത് കാത്തുനില്‍പ്പുണ്ട്.


''ഞങ്ങള്‍ ഇറങ്ങുണൂ. ശനിയാഴ്ച കാണാം''ഭാര്യ പറഞ്ഞപ്പോള്‍ അയാള്‍ തലയാട്ടി. അവര്‍ ഗെയിറ്റ് കടന്ന് പുറത്തേക്കിറങ്ങി. കാര്‍ സ്റ്റാര്‍ട്ടാവുന്ന ശബ്ദം കേട്ടു.


അദ്ധ്യായം - 19.


ഹാജിയാര്‍ ഉണര്‍ന്നെഴുന്നേറ്റുവരുമ്പോള്‍ താഴെ മുറ്റത്തേക്ക് നോക്കി. പൈപ്പില്‍നിന്ന് വെള്ളം പിടിച്ച് കുഞ്ഞഹമ്മദ് കാറ് കഴുകുകയാണ്. സമയം ഏഴ് കഴിഞ്ഞിട്ടേയുള്ളു. ഇത്രനേരത്തെവന്ന് പറയാത്ത പണി കണ്ടറിഞ്ഞ് ചെയ്യുന്ന കുഞ്ഞഹമ്മദിനോട് അയാള്‍ക്ക് സ്നേഹവും ബഹുമാനവും തോന്നി. മനുഷ്യനായാല്‍ ആത്മാര്‍ത്ഥത വേണം . അത് ഇയാള്‍ക്ക് ധാരാളമുണ്ട്.


''ഹാജ്യാര് നിങ്ങളോട് നാസ്ത കഴിഞ്ഞിട്ട് കാണാന്‍ പറഞ്ഞു'' ഭക്ഷണം കഴിക്കാന്‍ പുറകിലേക്ക് ചെന്ന കുഞ്ഞഹമ്മദിനോട് ഉസ്മാന്‍ പറഞ്ഞു. എന്തുപറയാനാണോ ഹാജിയാര്‍ വിളിക്കുന്നത്. അറിഞ്ഞുകൂടാ. ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് ഉറപ്പാണ്. ഭക്ഷണം കഴിക്കാനുള്ള താല്‍പ്പര്യം ഇല്ലാതായി. കഴിച്ചുഎന്നുവരുത്തി എഴുന്നേറ്റു.


കുഞ്ഞഹമ്മദ് ചെല്ലുമ്പോള്‍ ഹാജിയാര്‍ പത്രം നോക്കിയിരിക്കുകയാണ്.


''കാണണംന്ന് പറഞ്ഞു'' കുഞ്ഞഹമ്മദ് അറിയിച്ചു.


''പറഞ്ഞിരുന്നു'' ഹാജിയാര്‍ പോക്കറ്റില്‍ കയ്യിട്ട് രണ്ടായിരത്തിന്‍റെ രണ്ടു നോട്ടുകള്‍ എടുത്തുനീട്ടി.


പണി പോയി എന്ന് കുഞ്ഞഹമ്മദിന്ന് മനസ്സിലായി. മാസം ആവുംമുമ്പ് പണംതന്നാല്‍ പണീന്ന് പിരിച്ചുവിട്ടൂന്ന് കരുത്യാല്‍ മതീന്നാണ് ഉസ്മാന്‍  പറഞ്ഞത്. വലിയ ആള്‍ക്കാരാണ്. എന്താണ് കാരണം എന്ന് ചോദിക്കാന്‍ കൂടി പറ്റില്ല.


''കഴിഞ്ഞമാസം രണ്ടുദിവസം നീ പണിക്ക് വന്നു. പിന്നെ ഇന്നലീം. അത് കണക്കാക്കണ്ടാ. ഒന്നാംതിയ്യതി മുതല്‍ക്കുള്ളത് മാസംതികയുമ്പൊതരാം'' കുഞ്ഞഹമ്മദിന്ന് ആശ്വാസമായി. മലപോലെ വന്നത് മഞ്ഞുപോലെ പോയി. 


''നമ്മള് ദിവസൂം പോണത് ഓരോരോ വല്യേ ആള്‍ക്കാരെ കാണാനാണ്. ഹാജ്യാരടെ ഡ്രൈവറാവുമ്പൊ അതിന് തക്ക ഡ്രസ്സ് വേണം. നിനക്കത് മനസ്സിലായോ''. 


''ഉവ്വ്'' എന്താണ് ഉദ്ദേശിച്ചത് എന്നറിയില്ലെങ്കിലും അറിഞ്ഞതായി നടിച്ചു. ചിലപ്പോള്‍ നല്ലതുണി വാങ്ങിക്കാനാവും പൈസ തന്നത്.


''നാലോ അഞ്ചോ ജോഡി ഷര്‍ട്ടും മുണ്ടും വാങ്ങിച്ചോ. വെള്ള മതി''.


''വാങ്ങിച്ചോളാം ''.


''ഉസ്മാന്‍റെകൂടെ നമ്മടെ തുണിക്കടേല് ചെന്നാ മതി. വേണ്ടത് അവിടുന്ന് വാങ്ങിച്ചോ''.


''ശരി. മുതലാളി''


''കുറച്ചുകഴിഞ്ഞാല് നമുക്ക് പൊള്ളാച്ചീലിക്ക് ഒന്നുപോണം .അവിടന്ന് വന്നിട്ട് പോയി വാങ്ങിച്ചോ. അല്ലെങ്കിലോ ഉസ്മാനോട് പറഞ്ഞാ മതി. അവന്‍ വാങ്ങിവെക്കും''.


''ഉസ്മാന്‍ വാങ്ങിച്ചോട്ടെ. അതാ നല്ലത്''.


''കുഞ്ഞാമതേ, നിന്നെപ്പൊലേന്യാണ് ഞാനും. എനിക്കും തുണി വാങ്ങാന്‍ അറിവ് പോരാ''ഹാജിയാര്‍ ചിരിച്ചു''നമ്മള് രണ്ടാള്‍ക്കും വയസ്സായില്ലേ. ചെറുപ്പക്കാരെപ്പോലെ ഇപ്പഴത്തെ ഫാഷനൊക്കെ നമുക്കറിയ്യോ''.


ഗൌരവക്കാരന്‍ എന്നുകരുതിയ ഹാജിയാര്‍ എത്ര പാവമാണ്. കേവലം നാലുദിവസംമുമ്പ് പണിക്കുവന്നതന്നോട് അദ്ദേഹം ഇത്രസ്നേഹത്തോടെ പെരുമാറുന്നുണ്ടെങ്കില്‍ കൊല്ലങ്ങളായി അദ്ദേഹത്തോടൊപ്പം നിന്നവരെ എത്ര കാര്യമായിരിക്കും.


''എന്നാ ഞാന്‍ പൊയ്ക്കോട്ടെ മുതലാളി'' കുഞ്ഞഹമ്മദ് സമ്മതം ചോദിച്ചു.


''ശരി. ഒരുഭാഗത്ത് പോയി ഇരുന്നോ. പോവാറാവുമ്പൊ വിളിക്കാം''.


കുഞ്ഞഹമ്മദ് ഷെഡ്ഡിലേക്ക് നടന്നു. അയാളുടെ മനസ്സില്‍ സന്തോഷം നിറഞ്ഞിരുന്നു.


()()()()()()()()()()()()


അഞ്ചുജോഡി ഷര്‍ട്ടും മുണ്ടുമടങ്ങുന്ന രണ്ടുവലിയ ബാഗുകളുമായാണ് കുഞ്ഞഹമ്മദ് വൈകുന്നേരം വീട്ടിലെത്തിയത്. വീടെത്തിയതും അയാളത് ഭാര്യയെ വിളിച്ച് ഏല്‍പ്പിച്ചു.


''മോളടെ നിക്കാഹാവുമ്പഴയ്ക്കും വാപ്പ തുണീംകൊണ്ടെത്തി'' പാത്തുമ്മ പറഞ്ഞു.


''അതല്ലാടി. നീയതൊന്ന് തുറന്നുനോക്ക്'' അയാള്‍ ആവശ്യപ്പെട്ടു. പാത്തുമ്മ ഉമ്മറത്തിണ്ടില്‍ അയാള്‍ക്ക് സമീപമിരുന്ന് ഓരോന്നായി പരിശോധിച്ചു.


''ഇതു മുഴുവനും നിങ്ങള്‍ക്കുള്ളതാണല്ലോ. അതും വെള്ളനിറം. വേറെ നെറോന്നും കിട്ടീലേ''.


''പണിക്ക് ചെല്ലുമ്പൊ നല്ല വൃത്തീല് ഇതും ഇട്ടോണ്ട് ചെല്ലാനാ മുതലാളി പറഞ്ഞത്''.


''ഇതൊക്കെ വാങ്ങാന്‍ എവിടുന്നാ നിങ്ങടേല് കാശ്''.


''അതിന് ആരാ കാശ് കൊടുത്തത്. മുതലാളി പറഞ്ഞിട്ട് അവരടെ കടേന്ന് പണിക്കാരന്‍ ഉസ്മാന്‍ വാങ്ങീട്ട് വന്നതാ''.


''പടച്ചോനേ. ഇത്ര നല്ല മനുഷ്യന്മാരോ'' അവര്‍ മാറത്ത് കൈവെച്ചു.


''അതേ പാത്തുമ്മ. മുതലാളിക്ക് ഇഷ്ടായാല്‍ എന്തുംകൊടുക്കുംന്ന് പണിക്ക് ആദ്യംപോയ ദിവസം ഉസ്മാന്‍ പറയ്യേണ്ടായി''.


''ഈ പണി പടച്ചോന്‍ തന്നതാന്ന് കരുതിക്കോളിന്‍. ചെലപ്പൊ ഹാജ്യാര് മര്യാദയ്ക്കുള്ള ശമ്പളൂം തരും. നിങ്ങള് അവരടെ ഇഷ്ടത്തിനനുസരിച്ച് നിന്നോളിന്‍''.

 

''കഴിഞ്ഞമാസം രണ്ടുദിവസം പണിക്ക് പോയില്ലേ. ആ വകേല് വെച്ചോ, കണക്കൊന്നും നോക്കണ്ടാന്ന് പറഞ്ഞ് നാലായിരം ഉറുപ്പികേം തന്നു''.


''അത് നന്നായി. നിക്കാഹായിട്ട് തുണി വാങ്ങണ്ടെ. ഞാന്‍ ജബ്ബാറിനോട് പറഞ്ഞിരുന്നു. അവന്‍ ചെയ്യാനുംപറഞ്ഞിട്ടുണ്ട്. എന്നാലും നമ്മടെവക എന്തെങ്കിലും വേണ്ടേ''.


''ഈ പൈസ നീ അവന്‍റേല് കൊടുക്ക്. സുഹ്രയ്ക്കുള്ള തുണി അബൂന്‍റെ വീട്ടിന്ന് കൊണ്ടുവരും. പിന്നെ ആരക്കാ വേണ്ടത്ച്ചാല്‍ പാകംപോലെ വാങ്ങിച്ചോളിന്‍''. 


''അവളടെ ഒരു വള പൊട്ടിക്കിടക്കുണുണ്ട്. അത് നേരാക്കിത്തര്വോന്ന് ചോദിച്ചു''.


''കൊടുത്തുമാറ്റണംച്ചാല്‍ പൈസവരും. വിളക്കിച്ചാല്‍ പോരേ''.


''എന്തോ എനിക്കറിയില്ല. ഞാന്‍ ജബ്ബാറിനോട് ചോദിക്കട്ടെ''.


''നീ അവനെ ഒന്ന് വിളിക്ക്''. പാത്തുമ്മ അകത്തുചെന്ന് മകനെക്കൂട്ടി വന്നു.


''നോക്ക്, ജബ്ബാറേ. നിക്കഹിന്ന് എന്തൊക്ക്യാ വേണ്ടത്ച്ചാല്‍ ചെയ്തോ. ഇപ്പൊ എന്‍റേല് കുറച്ച് കാശേ ഉള്ളൂ. ബാക്കി എന്താച്ചാല്‍ ഞാന്‍ തന്ന് വീട്ടിക്കോണ്ട്''.


''എന്താ വാപ്പ നിങ്ങള് ഇങ്ങിനെ പറയുണ്. സുഹ്ര എന്‍റെ പെങ്ങളല്ലേ. ഞാനല്ലേ അവളടെ നിക്കാഹ് നടത്തണ്ട ആള്‍ ''.


''എന്നാലും നിനക്കൂല്യേ ബുദ്ധിമുട്ടും പ്രാരബ്ധൂം. കോപ്പറേറ്റീവ് ബാങ്കില് ഞാന്‍ കുറച്ച് കാശിട്ടുണ്ട്. അതെടുത്ത് തരാം''.


''വാപ്പ ഒന്നോണ്ടും പേടിക്കണ്ടാ. ഒക്കെ ഞാന്‍ ചെയ്തോണ്ട്''.


''വാപ്പ തന്നതാണ്. ഇത് കയ്യില്‍വെച്ചോ. തുണി വാങ്ങാന്‍ പോവുമ്പൊ അത്രകണ്ട് ആയല്ലോ'' പാത്തുമ്മ നാലായിരംരൂപ മകന് നേരെ നീട്ടി.


''അത് നിങ്ങളന്നെ കയ്യില്‍ വെച്ചോളിന്‍. നിക്കാഹിന് വേണ്ടതൊക്കെ എന്‍റേലുണ്ട്''. 


''എന്നാ തുണി വാങ്ങിക്കുണത്''.


''നാള്യോ മറ്റന്നാളൊ വാങ്ങാം'' അപ്പോഴാണ് ഉമ്മറത്തുവെച്ച തുണികള്‍ ജബ്ബാര്‍ കാണുന്നത്.


''ഇതേതാ തുണി'' അവന്‍ ചോദിച്ചു.


''വാപ്പാന് ഹാജ്യാര് കൊടുത്തത്. പണിക്ക് പോവുമ്പൊ ഇടാനുള്ളതാ''.


അവന്‍ തുണികളെടുത്ത് പരിശോധിച്ചു.


''ഇതൊക്കെ വെള്ള്യാണല്ലോ'' അവന്‍ പറഞ്ഞു.


''അത് മതീന്നാ മുതലാളി പറഞ്ഞത്''.


''മുഷിഞ്ഞമുണ്ടുടുത്ത ആരടേം അടുത്തുകൂടി നിങ്ങള് പോണ്ടാ. തുണീല് ചളി പിടിക്കും''. അവന്‍ ഉറക്കെ ചിരിച്ചു. വാപ്പയും ഉമ്മയും അതില്‍ പങ്കുചേര്‍ന്നു.


അദ്ധ്യായം - 20.


നേരം സന്ധ്യയാവുന്നു. വെയിലിന്‍റെ ചൂടവസാനിച്ചുവെങ്കിലും ഇരുട്ട് വരാന്‍ ഇനിയും കഴിയണം. ഇടയ്ക്ക് തെങ്ങിന്‍തോപ്പിലൂടെ ഇളംകാറ്റ് കടന്നുവരുന്നുണ്ട്. മുറ്റത്തിട്ട ഷാമിയാനപ്പന്തല്‍ പൊളിച്ചു മാറ്റിയിട്ടില്ല. വാടകയ്ക്ക് കൊണ്ടുവന്ന പ്ലാസ്റ്റിക്ക് കസേലകള്‍ അടുക്കിവെച്ച മട്ടില്‍ ഇരിപ്പുണ്ട്. പന്തലില്‍ ഏട്ടന്‍ ഒറ്റയ്ക്കിരിപ്പാണ്. ശ്രീധരമേനോന്‍ ഒരു കസേല നീക്കി ഏട്ടന്‍റെ സമീപമിരുന്നു.


''കാലത്തും ഉച്ചയ്ക്കും നാരായണന്‍ മാഷടെ വീട്ടിനാണ് ഭക്ഷണം. ഇനി അവരെ ബുദ്ധിമുട്ടിക്കാന്‍ പാടില്ല'' ഏട്ടന്‍റെ അഭിപ്രായംതന്നെയാണ് അയാള്‍ക്കുമുള്ളത്.


''പതിനഞ്ച് ദിവസോങ്കിലും നമ്മളിവിടെ ഉണ്ടാവും. അതുവരേയ്ക്ക്  എന്തെങ്കിലും ഏര്‍പ്പാടുണ്ടാക്കണം''.


''എന്താ വേണ്ടത്ച്ചാല്‍ ഏട്ടന്‍ പറഞ്ഞോളൂ. ഇപ്പോത്തന്നെ ഞാന്‍ പോയി അറേഞ്ച് ചെയ്യാം''.


''നീ ഏടത്ത്യേമ്മേ വിളിക്ക്. അവളോട് ചോദിക്കട്ടെ''. അനിയത്തിയുടെ അടുത്തിരുന്ന ഏടത്തിയമ്മയെ അയാള്‍ ചെന്നുവിളിച്ചു.


''നോക്കൂ. രാത്രീലിക്ക് എന്തെങ്കിലും വേണ്ടേ'' ഏട്ടന്‍ ചോദിച്ചു. 


''വേണം'' അവര്‍ പറഞ്ഞു ''നാളെ മുതല്‍ എന്തെങ്കിലും വെച്ചുകഴിക്കണ്ടേ. അതിനുള്ളതും വാങ്ങണം''.


''എന്താ വേണ്ടത്ച്ചാല്‍ ഒരു ലിസ്റ്റ് തരൂ. ശ്രീധരന്‍ വാങ്ങീട്ടുവരും''.


''അതുവേണോ. വേറെ ആരേങ്കിലും അയച്ചാ പോരേ''.


'' ആരേണ് അയക്ക്യാ. നമുക്കിവിടത്തെ ആരേം അറിയില്ലല്ലോ''.


''ഞാന്‍ ലക്ഷ്മിടടുത്ത് ചോദിക്കട്ടെ. എന്തായാലും അഞ്ചോ പത്തോ കിലോ പഞ്ചസാരേം രണ്ടുകിലോ ചായപ്പൊടീം വാങ്ങിവെച്ചോളൂ. ആരെങ്കിലും കാണാന്‍ വരുമ്പൊ ചായ കൊടുക്കണ്ടേ''. 


''അപ്പൊ പാലിനോ''.


''തല്‍ക്കാലം കുറച്ച് പാക്കറ്റ് പാല്‍ വാങ്ങ്വാ. പിന്നെ അടുത്തുന്ന് കിട്ടാന്‍ വഴീണ്ടോന്ന് നോക്കാം.''


''രാത്രിക്ക് എന്താ വേണ്ട്''.


''രണ്ട് പാക്കറ്റ് ദോശമാവ് വാങ്ങട്ടെ. ബാക്ക്യോക്കെ നോക്കീട്ട് നമുക്ക് നാളെ വാങ്ങാം''. 


റോഡിലിറങ്ങിയതും ഒരു ഓട്ടോറിക്ഷ കിട്ടിയത് നന്നായി. അതുകൊണ്ട് വേഗംപോയി സാധനങ്ങള്‍വാങ്ങി തിരിച്ചുവരാനായി. ഏടത്തിയമ്മയെ സാധനങ്ങള്‍ ഏല്‍പ്പിച്ചശേഷം മുറ്റത്തെ ലൈറ്റിട്ട് ഏട്ടന്‍റെ അടുത്തിരുന്നു.  നാരായണന്‍മാസ്റ്ററും വേറെരണ്ടു വയസ്സന്മാരും വരുന്നുണ്ട്. എഴുന്നേറ്റ് അവരെ സ്വീകരിച്ചിരുത്തി.


''രാത്രികഴിക്കാനുള്ള ഭക്ഷണം കുറച്ചുകഴിയുമ്പോഴേക്കും എത്തും'' മാഷ് പറഞ്ഞു.


''ബുദ്ധിമുട്ടണ്ടീരുന്നില്ല. ഇവിടെ ഉണ്ടാക്കാന്‍ പോവ്വാണ്'' ഏട്ടന്‍ മറുപടി നല്‍കി.


''ഇതൊരു ബുദ്ധിമുട്ടായി കരുതണ്ടാ. മനുഷ്യര് തമ്മില് ഇങ്ങന്യോക്കെ വേണ്ടേ''.


''അനുജന്‍ പോയി ദോശമാവ് വാങ്ങീട്ട് വന്നിട്ടുണ്ട്''.


''അതവിടെ ഇരിക്കട്ടെ. ഇന്നെക്കുള്ളത് ഉണ്ടാക്കീട്ടുണ്ട്''.


''ശ്രീധരാ, ഏടത്ത്യേമ്മടടുത്ത് ഈ വിവരം പറയ്''. മാഷ് പറഞ്ഞ വിവരം അവരെ അറിയിച്ചു. 


ഏട്ടനും മാഷും അനന്തരനടപടികള്‍ ആലോചിക്കുകയാണ്. അല്‍പ്പംമാറി അവര്‍ പറയുന്നത് ശ്രദ്ധിച്ചുകൊണ്ടിരുന്നു.


''എന്തൊക്ക്യാ ഇനീള്ള ഉദ്ദേശം''.


''അടിയന്തരം കഴിക്കിണ കാര്യോല്ലെ.അത് നിങ്ങളോടൊക്കെ ചോദിച്ചിട്ട് ചെയ്യാന് വിചാരിച്ച് ഇരിക്ക്യാണ്''.


''ഇവിടുന്ന് അസ്ഥി പെറുക്കി പതിനാനാലാം ദിവസം പുലര്‍ച്ചെ ക്രിയ ചെയ്യാനുള്ളോരൊക്കെ ഐവര്‍മഠത്തിലിക്ക് ചെല്ലട്ടെ. അവട്യാവുമ്പൊ അവര് വേണ്ടപോലെ ചെയ്യിക്കും''.


''പതിനാലിന് ഇവിടെ ക്രിയ ചെയ്ത് പതിനഞ്ചിന് അങ്ങോട്ട് പോയാലോ എന്ന് രണ്ടുമൂന്ന് ആളുകള്‍ ചോദിച്ചു''.


''എന്നാല്‍ അങ്ങിന്യാവാം. പുല കഴിയും ചെയ്യോലോ. വരുന്ന വഴിക്ക് അവിടുത്തെ അമ്പലത്തിലും തിരുവില്വാമല ക്ഷേത്രത്തിലും തൊഴുതിട്ട് വരുംചെയ്യാം''.


''എന്നാ പിന്നെ അങ്ങിനെ നിശ്ചയിക്ക്യാ അല്ലേ. അടിയന്തരത്തിന്ന് സദ്യ നടത്തണ്ടേ''.


''ഞാന്‍ പറയ്യാച്ചാല്‍ വേണ്ടാന്നേ പറയൂ. ഇന്നത്തെകാലത്ത് പിണ്ഡസദ്യ ഉണ്ണാന്‍ ആരും വരില്ല. വെറുതെ ചോറുവെച്ച് കളയണ്ടാ''.


''അപ്പൊ എന്താ ചെയ്യണ്ട്''.


'എത്ര ആളുണ്ടാവുംന്ന് ഞാനൊന്ന് അന്വേഷിച്ചുനോക്കട്ടെ. എന്നിട്ട് വേണ്ട മാതിരി ചെയ്യാം''.


''അടിയന്തരത്തിന്ന് കാര്‍ഡടിച്ച് എല്ലാരുക്കും എത്തിക്കണ്ടേ''.


''അത് വേണം. നാളെത്തന്നെ പ്രസ്സില്‍ കൊടുക്കാം. രണ്ടുദിവസംകൊണ്ട് കിട്ടും. ആദ്യം വിളിക്കണ്ടോരടെ ഒരുലിസ്റ്റുണ്ടാക്കാം. കാര്‍ഡെത്തിക്കാന്‍ ആരേങ്കിലും ഏല്‍പ്പിക്കും ചെയ്യാം''.


''നിങ്ങളൊക്കെ അടുത്തുള്ളതോണ്ട് ഒരു സമാധാനം. അല്ലെങ്കില്‍ ഞങ്ങള്‍ കഷ്ടത്തിലായേനെ''.


''അതൊന്നും ഒരുവിഷയമായി കാണ്വേ ചെയ്യണ്ടാ. ഒരുകാര്യം വന്നാല്‍  മനുഷ്യര് തമ്മില്‍ത്തമ്മില്‍ സഹകരിക്കണ്ടേ''.


''തീര്‍ച്ചയായും. നിങ്ങളെല്ലാരടേം നല്ലമനസ്സ് ഇന്നലെമുതല്‍ കാണുണുണ്ട്. എന്‍റെ അളിയന്‍ നിങ്ങള്യോക്കെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്. അതൊന്നും കണക്കാക്കാതെ നിങ്ങള്‍ വന്ന് സഹകരിച്ച് എല്ലാം നടത്ത്യേതിന് എത്ര നന്ദി പറഞ്ഞാലും പോരാ''.    


''വാസ്തവംപറഞ്ഞാല്‍ മോഹനനെ കരുതീട്ടല്ല, നിങ്ങളുടെ പെങ്ങളില്ലേ, ആ പാവം കുട്ട്യേ കരുതീട്ടാണ് ഞങ്ങളൊക്കെ വന്നത്. ആപത്തില്‍ ഒരു സ്ത്രീയെ സഹായിക്കണ്ട ചുമതല ആണുങ്ങള്‍ക്കുണ്ട്. ഓടിപ്പാഞ്ഞ് അവള്‍ വന്നപ്പോള്‍ പണ്ടുനടന്നതല്ല, അവളുടെ നിസ്സഹായതയാണ് ഞാന്‍ നോക്ക്യേത്''.


''ഭാവിയിലും നിങ്ങളുടെയൊക്കെ സഹായം അവള്‍ക്കുണ്ടാവണം''.


''ഇത് പറഞ്ഞതോണ്ട് മാത്രം ചോദിക്ക്യാണ്. നിങ്ങടെ കുടംബകാര്യത്തില്‍ ഇടപെട്ടൂന്ന് തോന്നരുത്. എന്താ ലക്ഷ്മിടെ കാര്യത്തില്‍ നിങ്ങള് ചെയ്യാന്‍ പോണത്''.


''സത്യം പറഞ്ഞാല്‍ എനിക്കൊരുപിടീം ഇല്ല. ഇതുവരെ അതിനെക്കുറിച്ച് ആലോചിച്ചിട്ടും ഇല്ല. അന്യനാട്ടില്‍ ഞങ്ങളടെ അനിയത്തി ആരൂല്യാത്ത ഒരാളായി കഴിയാന്‍ പാടില്ല എന്നുണ്ട്''.


''അങ്ങന്യാച്ചാല്‍ രണ്ട് വഴ്യേ ഉള്ളൂ. ഒന്നുകില്‍ നിങ്ങള് ലക്ഷ്മ്യേ കൂടെ കൊണ്ടുപോണം. അല്ലെങ്കില്‍ ഉത്തരവാദിത്തൂള്ള ആരെങ്കിലും ഇവിടെ താമസിക്കണം''.


''അതേ മാര്‍ഗ്ഗൂള്ളൂന്ന് എനിക്കും തോന്നുണുണ്ട്. ഇനി അവളടെ മനസ്സില്‍ എന്താന്ന് ചോദിച്ചറിയണം''.


''മെല്ലെ മതി. പത്തുപതിനഞ്ച് ദിവസം നിങ്ങള് ഇവിടെ ഉണ്ടാവ്വോലോ. സൌകര്യംപോലെ ചോദിച്ചറിയിന്‍''.


''ഞാനൊരു കാര്യം പറഞ്ഞോട്ടെ'' മാഷടെ കൂടെവന്ന ഒരാള്‍ പറഞ്ഞു ''മോഹനന്‍റെ അച്ഛന്‍റെ കുടുംബത്തിലെ ഒരു പെണ്ണുണ്ട്. പത്തമ്പത്തഞ്ച് വയസ്സാവും. അത് ഒരുഗതീം ഇല്ലാതെ കഴിയ്യാണ് അത്. ഇരിക്കാന്‍ വീടൂല്യാ, നോക്കാന്‍ ആളൂല്യാ. വേണച്ചാല്‍ അവള് ലക്ഷ്മിടെകൂടെ നിന്നോട്ടെ. അവള്‍ക്കൊരു ഉപകാരാവും, ലക്ഷ്മിക്ക് തൊണേം ആവും''.


''ആരടെ കാര്യാ നിങ്ങള് പറയുണ്'' മാഷ് ചോദിച്ചു.


''കാര്‍ത്ത്യായനിടെ. പുഴയ്ക്ക് ഇറങ്ങുണഭാഗത്ത് കുടിലുപോലെ ഒരു വീടില്ലെ. അവിടുത്തെ''.


''ഇപ്പൊ ആളെ  മനസ്സിലായി. അത് തെറ്റില്ലാട്ടോ. ഒരു പാവാണ്  അവള്. കെട്ട്യോന്‍ ഡ്രൈവറായിരുന്നു. എന്നും കുടിച്ചുവന്നിട്ട് അതിനെ തല്ലും. കുടിച്ച് ബോധംകെട്ട് കാറോടിച്ച് ഒരു മരത്തിലിടിച്ച് മറിച്ചു. അവടെ വെച്ചന്നെ അവന്‍ മരിച്ചു''.


''മക്കളൊന്നൂല്യേ''.


''ഒരു മകളുണ്ടായിരുന്നു. അത് ഏതോ ഒരുത്തന്‍റെകൂടെ പോയി. ഇപ്പൊ അടച്ചൊറപ്പില്ലാത്ത വീട്ടില് രാത്രി ഒറ്റയ്ക്ക് കെടക്കാന്‍ വയ്യാണ്ടെ അടുത്ത ഏതെങ്കിലും വീട്ടിലാ പോയി കിടക്ക്വാണ്''.


''നാലുദിവസം കഴിയട്ടെ. നമുക്ക് ലക്ഷ്മ്യോട് ചോദിച്ചുനോക്കാം'' ഏട്ടന്‍ അറിയിച്ചു.


മാഷടെ വീട്ടില്‍നിന്ന് പാത്രങ്ങളിലായി രാത്രിഭക്ഷണം എത്തി.


''നിങ്ങള് കഴിച്ചിട്ട് കിടന്നോളിന്‍. ഇന്നലെ ഉറങ്ങാത്തതല്ലേ'' മാഷ് യാത്ര പറഞ്ഞു. ആഹാരം കൊണ്ടുവന്നവരോടൊപ്പം അദ്ദേഹമിറങ്ങി, കൂടെ മറ്റുള്ളവരും 


No comments:

Post a Comment