Monday 9 September 2024

അദ്ധ്യായം 21-30

 അദ്ധ്യായം - 21.


''നാലഞ്ച് ദിവസായല്ലോ നിങ്ങളെ നടക്കാന്‍ കണ്ടിട്ട്'' കുഞ്ഞഹമ്മദിനെ കണ്ടതും ചാക്കൊ പറഞ്ഞു ''പണി കിട്ടിയപ്പോള്‍  തിരക്കായി കാണും എന്ന് ഞാന്‍ വിചാരിച്ചു''.


''അങ്ങിനെ അല്ല അച്ചായോ'' കുഞ്ഞഹമ്മദ് പറഞ്ഞു ''മകന്‍ ജബ്ബാര്‍ വന്നു. അത് കൂടാതെ മക്കള്‍ക്കൊരു കല്യാണാലോചനീം വന്നു''.


''അപ്പോള്‍ നല്ലകാലം ഒന്നിച്ചുവന്നു എന്ന് പറ. ശരി എന്തൊക്കെയാണ് വിശേഷങ്ങള്‍''.


അബുവിനെക്കുറിച്ചും അവന്‍റെ ചുറ്റുപാടുകളെക്കുറിച്ചും കുഞ്ഞഹമ്മദ് വിസ്തരിച്ച് പറഞ്ഞു.


''സായ്‌വേ, തെറ്റിദ്ധരിക്കരുത്. രണ്ട് പിള്ളരുള്ളതാണ്. മകള്‍ക്ക് ഇതിന് പൂര്‍ണ്ണസമ്മതം തന്നെയല്ലേ''.


''അതെ. അവള്‍ ആ കുട്ട്യേളെ സ്വന്തം മക്കളെപ്പോലെ നോക്കാന്ന് പറഞ്ഞു''.


''എങ്കില്‍ കൊള്ളാം. ആരാന്‍റെ മക്കളാണ് ആ കുട്ടികള്‍ എന്ന് തോന്നിയാല്‍ കാര്യം ബുദ്ധിമുട്ടാവും ''. 


''അങ്ങിനെ ആവില്ല എന്ന് പറഞ്ഞിട്ടുണ്ട്. നമുക്ക് അത്ര്യല്ലേ അറിയൂ''.


''എന്നേക്കാ കല്യാണം''. 


''ഇന്നേക്ക് അഞ്ചാം പക്കം''.


''അപ്പോള്‍ സംഗതി അടുത്തല്ലോ''.


''ഉവ്വ്. രണ്ടാം കല്യാണം ആയതോണ്ട് ഗംഭീരായിട്ടൊന്നും നടത്തിണില്യാ. ളുഹര്‍ നമസ്ക്കാരത്തിന്ന് ബാങ്ക് കൊടുക്കണതിന്ന്മുമ്പ് പള്ളീല് വെച്ച് നിക്കാഹ് നടത്തും. നമസ്ക്കാരം കഴിഞ്ഞശേഷം ചെക്കന്‍റെ പെങ്ങമ്മാരും അളിയന്മാരും ചെക്കനുംകൂടി വന്ന് പെണ്ണിനെ കൂട്ടീട്ട് പോവും''.


''ആരേയും വിളിക്കുന്നില്ലേ''.



''ഞാന്‍ പറഞ്ഞില്ലേ. ഇത് രണ്ടാമത്തെ അല്ലേ. സിമ്പിളായിട്ട് നടത്ത്യാല്‍ മതീന്നാ തീരുമാനം. നിക്കാഹ് കഴിഞ്ഞാല്‍ അപ്പൊ പള്ളീലുള്ളോര്‍ക്ക് എന്തെങ്കിലും വെള്ളൂം ചെറുറുതായിട്ട് ഒരു കടിം കൊടുക്കണം''. 


''അതുമാത്രം മതിയാവ്വോ''


''ചെക്കനും കൂട്ടരും പെണ്ണിനെകൂട്ടീട്ട് പോവാന്‍ വരുമ്പൊ അവര്‍ക്ക് വല്ലതും കൊടുക്കണ്ടേ. പത്തുമുപ്പത്തഞ്ച് ആളുകള്‍ക്ക് ബിരിയാണി ഏര്‍പ്പാടാക്കിയിട്ടുണ്ട്. അതന്നെ ഉള്ളൂ''.


''മകളുടെകൂടെ ആരൊക്കെയാ പോവുന്നത്''.


''ജബ്ബാറും അവന്‍റെ കെട്ട്യോളും പോവും''.


''അവര് രണ്ടാളും എപ്പോഴും തമ്മില്‍ത്തല്ലുന്നു എന്ന് പറഞ്ഞതല്ലേ''.


''എന്തോ. ഇപ്പൊ കുറച്ച് ദിവസായിട്ട് വലിയ കുഴപ്പൂല്യാ''. 


''ഒന്നുകില്‍ മകള് കെട്ടിച്ച് പോവുന്നതുകൊണ്ടാവും. അല്ലെങ്കില്‍ അവര് മാറിത്താമസിക്കാന്‍ പോവുന്നതല്ലേ. അതാവും കാരണം''.


''എന്തോ പടച്ചോനേ അറിയൂ''.  


''വിളിക്കാനുള്ളവരെ വിളിച്ചില്ലേ''.


''പള്ളിക്കാരടടുത്ത് ഞാന്‍  പറഞ്ഞിട്ടുണ്ട്,  പിന്നെ അഞ്ചാറ് ബന്ധുക്കളടെ അടുത്തും. അച്ചായനീം വാസൂനീം വിളിക്കിണുണ്ട്. നിങ്ങള് വരണം''.


''ഞാന്‍ വരാം. വാസു എത്തുമോന്ന് അറിയില്ല''.


''അതെന്താ അങ്ങനെ''.


''നിങ്ങള് അവന്‍റെ കാര്യം അറിഞ്ഞില്ലേ''.


''ഇല്ല. ഈ തിരക്ക് കാരണം ഒന്നും അന്വേഷിക്കാന്‍ പറ്റീലാ''.


''എന്നാല്‍ കേട്ടോളിന്‍. വാസൂന്‍റെ വീട്ടില്‍ ഊക്കന്‍ പ്രശ്നം ഉണ്ടായിട്ടുണ്ട്''.


''ആരായിട്ട്. എന്താകാര്യം''.


''വാസൂന്‍റെ സ്വഭാവംതന്നെ പ്രശ്നം. അവന്‍റെ മൂത്ത പയ്യന്‍ ആളൊരു പാവത്താനാണ്. പക്ഷെ രണ്ടാമന്‍ വസൂനേക്കാളും തനി തറ പാര്‍ട്ടി. കഴിഞ്ഞാഴ്ച രണ്ടാളുംകൂടി ഊക്കന്‍ തല്ലായി''.


''അപ്പനും മകനും തമ്മിലോ''.


''അതെ. അവര്‍ തമ്മില്‍ത്തന്നെ''.


''അതെന്തിനാ അച്ചായോ''.


''കേട്ടപ്പോള്‍ എനിക്ക് ചിരിയാ വന്നത്. വാസൂന് പുതിയ ഒരു കീപ്പുണ്ട്. ചെക്കന്‍ അവളുടെ വീട്ടില്‍ പോയി പെണ്ണിനോട് എന്തോ വേണ്ടാതീനം പറഞ്ഞു. അവളെന്തൊ മറുപടി പറഞ്ഞപ്പോള്‍ നിനക്ക് എന്‍റെ അപ്പനെ മാത്രേ പറ്റുള്ളു, എനിക്കായിക്കൂടേ എന്നൊരു ചോദ്യം. ആ പെണ്ണ് അത് വാസുവിനോട് പറഞ്ഞു. അതു പറഞ്ഞ് അപ്പനും മകനും തെറ്റി''.


വല്ലാത്ത നാണക്കേടായല്ലോ അച്ചായാ. ഇനി അവന്‍ എങ്ങന്യാ മനുഷ്യരടെ മുഖത്ത് നോക്ക്വാ''.


''അവനതൊന്നും കാര്യൂല്യാ. എന്നാലും പുള്ളി നല്ലോണം പേടിച്ചിട്ടുണ്ട്. പിറ്റേന്ന് അവന്‍ ഭാര്യയേയുംകൂട്ടി ഗുരുവായൂരിലേക്ക് പോയതാണ്. എന്നുവരും എന്നറിയില്ല''.  


''എന്തായാലും അങ്ങിനേങ്കിലും ഭാര്യേകൂട്ടി നടക്കാന്‍ തോന്ന്യേലോ''. 


ചായപ്പീടികയുടെ മുന്നിലെത്തിയപ്പോള്‍ അവര്‍ നിന്നു.


''അച്ചായോ. ഒന്നുംകൂടി പറയ്യാണ്. ഇനി ചെലപ്പൊ കാണാന്‍ പറ്റീന്ന് വരില്യ. നിങ്ങള് വരണംട്ടോ''. അയാള്‍ ചായപ്പീടികയിലേക്ക് കയറി, ചാക്കോ വീട്ടിലേക്ക് നടക്കുകയും ചെയ്തു.


()()()()()()()()()()()()


''കണ്ണന്‍കുട്ടി വന്നിരുന്നു. കല്യാണക്കുറി തന്നിട്ട് ഇപ്പൊ പോയതേള്ളൂ'' കുഞ്ഞഹമ്മദ് നടന്നെത്തിയതും ഭാര്യ പാത്തുമ്മ പറഞ്ഞു.


''സുഹ്രാന്‍റെ നിക്കാഹിന്‍റെ തലേന്നാണ് ആ കുട്ടിടെ കല്യാണം. അവന്‍ എന്നെക്കണ്ട് പറഞ്ഞത് പോരാഞ്ഞിട്ട് വന്ന് പറയുംചെയ്തു. എന്താ ചെയ്യണ്ട് എന്നാ ഞാന്‍ ആലോചിക്കിണത്'' അയാള്‍  ഉമ്മറത്തിണ്ടില്‍ ഇരിപ്പുറപ്പിച്ചു


''എന്താ ആലോചിക്കാന്‍. കല്യാണത്തിന്ന് പോവാതെ പറ്റില്ലല്ലോ''


''അതല്ല പാത്ത്വോ. ഒന്നാമത് മുതലാളിടടുത്ത് നിക്കാഹിന് ഒരുദിവസത്തെ ലീവ് എങ്ങന്യാ ചോദിക്ക്യാന്ന് വെച്ചിട്ടിരിക്ക്യാണ് ഞാന്‍. അതിന്‍റെടേല് ഒരുദിവസത്തെ ലീവുകൂടി ചോദിക്കാന്‍ പറ്റ്വോ''.


''വേണ്ടാ. തലേദിവസം പോയി ആളെ കാട്ടി വര്വാ. വിവരം പറഞ്ഞാല്‍ അവരക്ക് മനസ്സിലാവ്വോലോ''.


''രണ്ടാമത് വെറും കയ്യോണ്ട് പോവ്വാന്‍ പറ്റ്വോ. എന്തെങ്കിലും ആ കുട്ടിടെ കയ്യില്‍ കൊടുക്കണ്ടേ''.


''സുഹ്രടെ കല്യാണത്തിന്ന് അവന്‍റമ്മ ഇവിടെവന്ന് അവള്‍ക്ക് ഓരോ പവന്‍റെ രണ്ട് വള കൊടുത്തു. നമ്മളെക്കൊണ്ട് അത്രയ്ക്കൊന്നും ആവില്ല. എന്നാലും പൈസ ആയിട്ട് വല്ലതും കൊടുക്കണം''.


''ഞാനൊരു പത്തുറുപ്പിക കൊടുക്കണംന്ന് വിചാരിച്ചതാ. അപ്പഴയ്ക്കല്ലേ നിക്കാഹ് വന്നത്. ഞാന്‍ കുട്ട്യാല്‍ ഒരുവഴീം കാണുണില്ല''.


''നിങ്ങള് തന്ന നാലായിരം എന്‍റേലുണ്ട്. പത്തോ എണ്ണൂറോ ഉറുപ്പിക വേറീംകാണും. ജബ്ബാറിന്‍റേന്ന് ഇരുന്നൂറ് ഉറുപ്പികവാങ്ങാം. അങ്ങനെ അഞ്ച് തികച്ച് കൊടുക്കാം''.


''കോപ്പറേറ്റീവ് ബാങ്കില് എന്‍റെ കണക്കില് ഏഴെട്ട് ഉറുപ്പീണ്ട്. മുപ്പത്തഞ്ച് ബിരിയാണിക്ക് പറയിണുണ്ട്. നൂറ്റമ്പതുറുപ്പിക വെച്ചുകൂട്ട്യാല്‍ മൂന്നരീം ഒന്നെമുക്കാലും അഞ്ചേകാലുറുപ്പിക്ക വേണ്ടേ. ബാക്കി രണ്ടോ രണ്ടര്യോ കാണും. അതെടുക്കാം. എന്നാലും പോരല്ലോ''.


''നിങ്ങടെ കൂട്ടുകാരനില്ലേ അച്ചായന്‍. അയാളോട് പോരാത്തത് വായ്പ്പ വാങ്ങിന്‍. ശമ്പളം കിട്ടുമ്പൊ മടക്കിക്കൊടുക്ക്വാലോ''.


''അച്ചായന് പെന്‍ഷന്‍ കിട്ടാന്‍ തുടങ്ങീട്ടില്ല. കിട്ടാന്‍ തുടങ്ങ്യാല്‍ അയാള്‍ ഉറപ്പായിട്ടും തന്നിട്ടുണ്ടാവും''.


''മറ്റേയാളില്ലേ. വാസൂ. ഇഷ്ടംപോലെ കാശുള്ള ആളല്ലേ. അവനോടൊന്ന് ചോദിച്ചു നോക്കിന്‍ ''.


''ഇന്നേവരെ ഞാന്‍ അവനോട് ഒന്നുംചോദിച്ചിട്ടൂല്യാ, വാങ്ങീട്ടൂല്യാ. ഇനി ചെയ്യാന്ന് വെച്ചാല്‍ത്തന്നെ അവന്‍ സ്ഥലത്തൂല്യാ''.


''ഇനി എന്താ ചെയ്യാ''.


''കുഞ്ഞാപ്പൂനോട് ഒന്ന് ചോദിച്ചുനോക്കട്ടെ''.


''എന്നാ എളുപ്പം കുളിച്ച് പോവാന്‍ നോക്കിന്‍'' ഭാര്യ പറഞ്ഞതും അയാള്‍ എഴുന്നേറ്റു നടന്നു.


അദ്ധ്യായം - 22.


നിക്കാഹിന് ഒരു ദിവസത്തെ ലീവ് വേണം. തലേദിവസം മുതലാളിയുടെ അടുത്ത് വിവരംപറഞ്ഞാല്‍ മതിയോ അതോ മുന്‍കൂട്ടിപറയണോ എന്ന് കുഞ്ഞഹമ്മദിന്ന് ആശയക്കുഴപ്പമുണ്ടായി. ഇപ്പോഴാണെങ്കില്‍ മുതലാളി ഒറ്റയ്ക്കെ ഉള്ളൂ. ഒന്നു പറഞ്ഞുനോക്കിയാലോ. കാര്‍ ഹൈവേയിലൂടെ ഓടുകയാണ്.


''നാലുദിവസം കഴിഞ്ഞാല്‍ എനിക്കൊരുദിവസത്തെ ലീവ് വേണ്ടീരുന്നു'' അയാള്‍ മടിച്ചുമടിച്ച് പറഞ്ഞു.


''എന്തിനാ നിനക്കിപ്പൊ ലീവ്'' ഹാജിയാര്‍ ചോദിച്ചു.


''മോളടെ നിക്കാഹാണ്''.


''അതുശരി. എന്നിട്ടാ നീ ഇതുവരെ പറയാഞ്ഞത്. എവിടുന്നാ ചെക്കന്‍''. കുഞ്ഞഹമ്മദ് എല്ലാകാര്യങ്ങളും വിസ്തരിച്ച് പറഞ്ഞു.


''അത് നന്നായി. നീ നാളെ വയ്യാണ്ടെ കിടക്ക്വേ, അല്ലെങ്കില്‍ ചത്തുപോവ്വേ ചെയ്താല്‍  മകള് അനാഥയായി എന്നൊരവസ്ഥ പാടില്ല. പാകംപോലെ ഒരുബന്ധം കിട്ടീന്ന് സമാധാനിച്ചോ''.


''അതന്യാണ് എന്‍റെ മനസ്സിലുള്ളത്''.


''പിന്നെ ആ പെണ്‍കുട്ടീല്ലേ, നിന്‍റെ മരുമകള്. ഇനി അവളോട് ഉള്ളോണ്ട് അലോഹ്യം വേണ്ടാ. അതിന്‍റെ ബുദ്ധിമോശാണെന്ന് കരുത്യാല്‍ മതി''.


''അതന്നെ ഞാനും വിചാരിക്കിണ്''.


''ചിലവിന് നീ എന്താ വഴി കണ്ടിരിക്കിണത്''.


'' കുറച്ച് തുണി വാങ്ങാനുള്ളത് ഇന്ന് മകന്‍ പോയി വാങ്ങുണുണ്ട്''.


''അത് മാത്രം പോരല്ലോ''.


''അവളടെ സ്വര്‍ണ്ണോക്കെ അവളടേലുണ്ട്. ഒരു വളപൊട്ട്യേത് മാറ്റണംന്ന് പറഞ്ഞു. അതിന് കുറെകാശാവും. വിളക്കിച്ചാമതീന്ന് ഞാനും പറഞ്ഞു. ഉച്ചനേരത്താണ് പെണ്ണിനെ കൂട്ടീട്ട് പോവാന്‍ വരുണത്. വരുന്നോരക്ക് കൊടുക്കാന്‍  മുപ്പത്തഞ്ച് ബിരിയാണി ഏര്‍പ്പാടാക്കുണുണ്ട്''.  


''കുഞ്ഞാമതേ, ഒരു പെണ്‍കുട്ടിടെ കല്യാണംനടത്തികൊടുക്കുണപോലെ വേറൊരു പുണ്യൂല്യാ. നീ നമ്മടെ രാമന്‍കുട്ടി മേനോന്‍റെ സ്വര്‍ണ്ണകടേല് പോയി പൊട്ടവള മാറ്റി എടുത്ത്വോ. ഞാന്‍ പറയാം. നിക്കാഹ് ദിവസം ഉച്ചയ്ക്ക് നാല്‍പ്പത്ത് ബിരിയാണി നിന്‍റെ വീട്ടിലെത്തും. അത് പോരേ''. 


''ധാരാളായി. എന്താ പറയണ്ടേന്ന് എനിക്കറിയിണില്യാ''.


''എനിക്ക് കെട്ടിച്ചുവിടാന്‍ പെണ്‍കുട്ട്യേള് ഉണ്ടായില്ല. നാല് മക്കളുണ്ടായി. നാലും ആണ്. പെണ്‍കുട്ട്യേളടെ കല്യാണത്തിന്ന് ആരു വിളിച്ചാലും ഞാന്‍ പോവും. അതില് ജാതീം മതൂം ഒന്നും നോക്കില്ല. ആ കുട്ട്യേളടെ അച്ഛന്‍റേം അമ്മടേം മുഖത്തെ സന്തോഷം ഞാന്‍ നോക്കിക്കൊണ്ടിരിക്കും''. 


മുതലാളിയെ മകളുടെ നിക്കാഹിന്ന് വിളിച്ചാലോ എന്നതോന്നല്‍ പെട്ടെന്ന് കുഞ്ഞഹമ്മദിനുണ്ടായി.


''എന്‍റെ കുട്ടിടെ നിക്കാഹിന് മുതലാള്യേ വിളിക്കാന്‍ പാട്വോന്ന് എനിക്ക് അറിയില്ല. എന്നാലും ഞാന്‍ മുതലാള്യേ വിളിക്ക്യാണ്. ദേഷ്യംതോന്നരുത്'' അയാള്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു.


''എന്തിനാ ദേഷ്യം. നീയെന്നെ മകളടെ നിക്കാഹിന്ന് വിളിച്ചു. അത് നിന്‍റെ കടമ. നിന്‍റവിടെ എത്തണ്ടത് എന്‍റെ കടമ. ഞാന്‍ ഉറപ്പായും എത്തും''.


മുതലാളി തന്‍റെ മകളുടെ നിക്കാഹിന്ന് വരുന്നുണ്ട്. കുഞ്ഞഹമ്മദിന്‍റെ മനസ്സ് സന്തോഷംകൊണ്ട് നിറഞ്ഞു. 


''കുഞ്ഞാമതേ, ഒരു കാര്യം കേക്കണോ നിനക്ക്. നാലാമത് പെറ്റ കുട്ടീം ആണാണ് എന്നറിഞ്ഞപ്പൊ എന്‍റെ ഭാര്യ ഒറ്റകരച്ചില്. എനിക്കൊരു പെണ്‍കുട്ട്യേ വളര്‍ത്താനുള്ള ഭാഗ്യം ഉണ്ടായില്ല എന്നവള്‍ എപ്പഴും പറയും. നാല് പെണ്‍കുട്ട്യേളെ കല്യാണം കഴിച്ച് എന്‍റെ വീട്ടില് കൊണ്ടു വന്നിട്ടുണ്ട്. അവര് നാലാളേം ഞങ്ങളടെ മക്കളായിട്ടാ കരുതുണ്. ഇപ്പൊ ഞങ്ങള്‍ക്ക് പത്ത് പേരമക്കളുണ്ട്. അതില്‍ നാലെണ്ണം പെണ്‍കുട്ട്യേളാണ് . അവരെ ചീത്ത പറയാനോ തല്ലാനോ ഞാനും ഭാര്യീം സമ്മതിക്കില്ല.''.


''ഒക്കെ പടച്ചോന്‍ തരുണതല്ലേ മുതലാളി. ആണായാലും പെണ്ണായാലും നന്നായിരുന്നാ മതി''.


''അത് ശര്യാണ്. എന്നാലും ഇല്ലാത്തതിനോട് വാത്സല്യം കൂടും. അതാ ഞാന്‍ നിന്‍റടുത്ത് മരുമകളോട് ദേഷ്യം വേണ്ടാന്ന് പറയാന്‍ കാരണം''.


''എനിക്ക് മനസ്സിലാവുണുണ്ട്''.


''കുഞ്ഞാമതേ. ഈ ജീവിതംന്ന് പറയുണത് ഉള്ളിടെ തൊലിപോല്യാണ്. അതിന്‍റകത്ത് ഒന്നൂല്യാ. ഉള്ളിടെ തൊലി പൊളിച്ചാല്‍ ഉള്ളില് വേറൊന്ന് കാണും. അത് പൊളിച്ചാല്‍ വേറൊന്ന്. അങ്ങനെ ഒടുക്കം ഒന്നുല്യാത്ത അവസ്ഥ്യാവും. മനസ്സിലാവുണുണ്ടോ നിനക്ക്''. 


''ഉവ്വ്. മനസ്സിലായി''.


''നമ്മള് മൂക്കില്‍ക്കൂടി എടുക്കുണ ഈ കാറ്റുണ്ടല്ലോ. അത് നിന്നാ മതി. ആ സെക്കന്‍ഡില് എല്ലാം കഴിഞ്ഞു''.


''ശര്യാണ് മുതലാളി''.


''പിന്നെന്തിനാ നമ്മള് വല്യേ ആളാണ്, മറ്റുള്ളോര് ചെറുതാണ് എന്നൊക്കെ കരുതുണ്. എല്ലാരും ഒരുപോലെത്തന്ന്യാണെന്ന് കരുത്വാ. കഴിയുന്നതും ഒരാളേം ഉപദ്രവിക്കാതിരിക്ക്യാ, നമ്മളെക്കൊണ്ട് ആകാവുന്ന സഹായം ചെയ്യാ, അതൊക്കേ ഇരിക്കുമ്പൊ ചെയ്യാനുള്ളു''.


''അതെ. നല്ലത് ചെയ്യാന്‍ പറ്റീലെങ്കിലും ദ്രോഹം ചെയ്യാന്‍ പാടില്ല''.


''നീ നിക്കാഹ് ദിവസൂം അതിന്‍റെ തലേദിവസൂം പണിക്ക് വരണ്ട. ഒക്കെ വേണ്ടതുപോലെ നോക്കിനടത്ത്. പറഞ്ഞപോലെ ഞാന്‍ എത്തിക്കോളാം. കല്യാണാവശ്യത്തിന്ന് നമ്മടെ ഇന്നോവ എടുത്തോ. അതിന്‍റെ ഡ്രൈവറ് സെയ്തലവിയോട് ഞാന്‍ പറയാം''.


''എന്നാല്‍ ഒരുപാട് ഉപകാരാവും''.


''ചില്ലറച്ചിലവിന് പതിനായിരം ഉറുപ്പിക ഞാന്‍ തരുണുണ്ട്. പോരാച്ചാല്‍ ചോദിച്ചോ''. 


''അത് ധാരാളം മതി''.


പുറകിലിരിക്കുന്ന ആള്‍ എത്രയോ വലിയ മനുഷ്യനാണെന്ന് അയാള്‍ക്ക് മനസ്സിലായി.


()()()()()()()()()()


ശ്രീധരമേനോന്‍ എഴുന്നേറ്റുവരുമ്പോള്‍ നേരം നാലര കഴിഞ്ഞു. ഏട്ടന്‍ ഉമ്മറത്ത് ഒറ്റയ്ക്കിരിപ്പുണ്ട്. അടുക്കളയില്‍നിന്ന് ആരുടേയോ ശബ്ദം കേള്‍ക്കുന്നുണ്ട്. ഏടത്തിയമ്മ ചായ ഉണ്ടാക്കുകയാവും.  സമയത്തിന് ചായ കിട്ടണം എന്ന നിര്‍ബ്ബന്ധം ഏട്ടനുണ്ട്. അയാള്‍ ഏട്ടന്‍റെ സമീപത്ത് ചെന്നിരുന്നു.


''നന്നായി ഉറ്ങ്ങീന്ന് തോന്നുണൂ'' ഏട്ടന്‍ പറഞ്ഞു.


''വെറുതെ കിടന്നതാണ്. അറിയാതെ ഉറങ്ങിപ്പോയി''.


''ഞാന്‍ ഉച്ചയ്ക്ക് ഉറങ്ങാറില്ല. ഉറങ്ങ്യാല്‍ രാത്രി ഉറക്കം വരില്ല''.


ഏടത്തിയമ്മ ചായയുമായി എത്തി. ഏട്ടന്‍ അതുവാങ്ങി ഒരിറക്ക് കഴിച്ചു. ശ്രീധരമേനോന്‍ ചായയുടെ ചൂടാറാന്‍ കാത്തിരുന്നു.


''ഡെത്ത് സര്‍ട്ടിഫിക്കറ്റ് വേണ്ടേ. പഞ്ചായത്തില്‍ ആരെങ്കിലും വിവരം കൊടുത്തിട്ടുണ്ടാവ്വോ'' ഏട്ടന്‍ ചോദിച്ചു.


''അറിയില്ല. സമയത്തിന് കൊടുത്തില്ലെങ്കില്‍ ഫൈന്‍ വരും''.


''അത് കീട്ട്യാലുംപോരാ. ലീഗല്‍ ഹെയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും വാങ്ങണ്ടി വരും''.  


''അതിന് സമയം എടുക്കും. ഗസറ്റിലൊക്കെ വന്നിട്ടേ കിട്ടൂ''.


''വൈകുന്നേരം നാരായണന്‍ മാഷ് വരുമ്പൊ നമുക്ക് ചോദിച്ചുനോക്കാം. ചിലപ്പൊ അദ്ദേഹത്തിന്ന് പരിചയൂള്ള ആരെങ്കിലും കാണും''.


''ഒരുപക്ഷെ താസില്‍ദാര്‍ എനിക്കറിയാവുന്ന ആരെങ്കിലും ആയിരിക്കും . ഞാന്‍ ഒന്ന് അന്വേഷിച്ചുനോക്കട്ടെ''.


''പറയുമ്പോലെ ഞാനത് മറന്നു. നീ ആര്‍.ഡി.ഓ. ആയിരുന്നതല്ലേ. നീ  ആ കാര്യം ശര്യാക്ക്''. ഗെയിറ്റ് തുറന്ന് ഒരു സ്ത്രീ വന്നു. നല്ലപോലെ പ്രായം തോന്നുന്നുണ്ട്. ലക്ഷ്മിയെ കാണാന്‍ വരുന്നതാവും.


''ഉള്ളിലിക്ക് ചെന്നോളൂ'' അവര്‍ അടുത്തെത്തിയപ്പോള്‍ ഏട്ടന്‍ പറഞ്ഞു.


''ഞാന്‍ കേശവന്‍ നായര് പറഞ്ഞിട്ട് വന്നതാണ്'' ആ സ്ത്രീ പറഞ്ഞു. 


''എന്താ പേര്''.


''കാര്‍ത്ത്യായനി''.  


കാര്യം മനസ്സിലായി. കഴിഞ്ഞദിവസം മോഹനന്‍റെ അകന്ന് ബന്ധുവായ ഒരുസ്ത്രീയെക്കുറിച്ച് പറഞ്ഞിരുന്നു. ലക്ഷ്മിക്ക് ഒരുകൂട്ടായിട്ട് അവരെ നിര്‍ത്താമെന്ന അഭിപ്രായം കേശവന്‍ നായരുടേതാണ്.


''മോഹനന്‍റെ അച്ഛന്‍റെ വീട്ടിലെ അല്ലേ''.


''അതൊക്കെ വെറുംപറച്ചിലാണ്. ഒരുഗതീം ഇല്യാത്ത എന്നെ ആരെങ്കിലും ബന്ധ്വാണെന്ന് പറയ്യോ''.


''എന്നാലും അതല്ലേ സത്യം''.


''എന്ത് സത്യം. അതും പറഞ്ഞുങ്ങൊണ്ട് ചെന്നാ മതി. ചൂലുംകെട്ടെടുത്ത് ഓടിക്കാന്‍''.


''ശരി. എന്നാല്‍ ഉള്ളിലിക്ക് ചെന്നോളിന്‍''.


''ചെല്ലാം. അതിനുമുമ്പ് ഒരുകാര്യം പറയാനുണ്ട്. എനിക്ക് കാശും പണൂം ഒന്നൂല്യാ. സഹായിക്കാന്‍ വേണ്ടപ്പെട്ടോരും ഇല്ല. എന്നാലും ഞാന്‍ ഒരു സാധനൂം കക്കില്ല. ആരക്കും ഒരു ഉപദ്രവൂം ചെയ്യില്ല. വിശക്കുമ്പൊ ഒരു പിടി വറ്റ്. കീറുമ്പൊ നാണംമറയ്ക്കാന്‍ ഒരുതുണ്ട് തുണി. രാത്രി നേരത്ത് അടച്ചുകിടക്കാന്‍ ഒരിടം. അതേ വേണ്ടൂ. അല്ലാണ്ടെ ഒരു പൈസ എനിക്ക് വേണ്ടാ''.


ആ സ്ത്രീയുടെ പരാധീനത കേട്ടപ്പോള്‍ സങ്കടം തോന്നി. ഓരോരുത്തരുടെ യോഗം. ലക്ഷ്മിക്ക് അവരെക്കൊണ്ട് ഒരുവിധ ഉപദ്രവവും ഉണ്ടാവില്ല എന്നത് ഉറപ്പാണ്.


''എന്താ വേണ്ടത്ച്ചാല്‍ ചെയ്യാം. സന്ധ്യക്ക് കേശവന്‍നായര്‍ വരും. അപ്പൊ എന്താ വേണ്ടേന്ന് തീരുമാനിക്കാം''.


''അങ്ങിന്യാണെങ്കില്‍ മൂന്നുനാല് മുണ്ടും ജാക്കറ്റും റേഷന്‍ കാര്‍ഡും വെച്ച ഒരു പെട്ടീണ്ട്. പോയിട്ട് അതെടുത്ത് വരണം''.


''പറഞ്ഞില്ലേ, കേശവന്‍ നായര് വരട്ടെ.  എന്താ വേണ്ടത് എന്നുവെച്ചാല്‍ ചെയ്യാം. ഇപ്പൊ നിങ്ങള്‍ അകത്തേക്ക് ചെല്ലിന്‍''.


ആ സ്ത്രീ എന്തോ ആലോചിച്ച് കുറച്ചുനേരം നിന്നു. പിന്നെ അകത്തേക്ക് നടന്നു.  


അദ്ധ്യായം - 23.


കുഞ്ഞഹമ്മദ് അതീവ സന്തുഷ്ടനായിട്ടാണ് വീട്ടിലെത്തിയത്. മുറ്റത്ത് എത്തിയതും അയാള്‍ ഭാര്യയെ വിളിച്ചു.


''പാത്ത്വോ. ഇന്നൊരുകാര്യൂണ്ടായി''അരികിലെത്തിയ ഭാര്യയോടയാള്‍ പറഞ്ഞുതുടങ്ങി. 


''സുഹ്രടെ നിക്കാഹിന്ന് ഒരുദിവസത്തെ ലീവ് വേണംന്ന് പറയാന്‍ ഉദ്ദേശിച്ചതാ. വര്‍ത്തമാനം പറയുണ കൂട്ടത്തില്‍ ഞാന്‍ മുതലാള്യേ നിക്കാഹിന്ന് വിളിച്ചു. മൂപ്പര് വരാന്ന് പറയുംചെയ്തു''ഹാജിയാര്‍ നിക്കാഹിന്ന് വരുന്നകാര്യം അവര്‍ക്ക് വിശ്വസിക്കാനായില്ല.


''അതു മാത്രോല്ല പാത്ത്വോ. അവളടെ പൊട്ട്യേവള രാമന്‍കുട്ടിമേനോന്‍റെ സ്വര്‍ണ്ണക്കടേല്‍ കൊടുത്ത് മാറ്റിവാങ്ങിക്കോളാന്‍പറഞ്ഞിട്ടുണ്ട്. കടേല് മുതലാളി വിളിച്ചുപറഞ്ഞോളും''.


''അവളടെ ആ മോഹം സാധിപ്പിക്കാന്‍ പറ്റില്യാന്ന് കരുത്യേതാ''.


''നിക്കാഹ് ദിവസം ഉച്ചയ്ക്ക് നാല്‍പ്പത് ബിരിയാണി ഇവിടെ എത്തിക്കാന്‍ ഏര്‍പ്പാടാക്കാന്ന് പറഞ്ഞിട്ടുണ്ട്''. 


''അപ്പൊ നമ്മള് വാങ്ങണ്ടേ''.


''വേണ്ടാ. അത് മൂപ്പരടെ വക. അത്വോല്ല. നീയിത് പിടിച്ചോന്ന് പറഞ്ഞ് എന്‍റേല് പതിനായിരം ഉറുപ്പിക തരുംചെയ്തു''.


''ഇന്ന് രാവിലെ നമ്മള് പൈസയ്ക്ക് എന്താ വഴീന്ന് ആലോചിച്ചതാ. അപ്പഴയ്ക്കും പടച്ചോന്‍ ഒരു നിവൃത്തിമാര്‍ഗ്ഗം ഉണ്ടാക്കി''.


''ഇങ്ങിട്ട് വരുമ്പൊ ഉസ്മാന്‍റടുത്ത് ഈ കാര്യങ്ങള് പറഞ്ഞു. കാശില്ലാത്ത വീട്ടിലെ പെണ്‍കുട്ട്യേളെ കെട്ടിക്കാനും, സ്കൂള്‍ കുട്ട്യേളെ പഠിപ്പിക്കാനും, വയ്യാണ്ടെ കിടക്കുണോരടെ ചികിത്സയ്ക്കും മുതലാളി ഒരുമടീം ഇല്ലാതെ പണംകൊടുക്കുണുണ്ടെന്ന് അവന്‍ പറഞ്ഞു''.


''പടച്ചോനാ നിങ്ങളെ ആ മുതലാളിടെ അടുത്തെത്തിച്ചത്. നമുക്ക് ആ കാശ് കണ്ണന്‍കുട്ടിടെ മരുമകള്‍ക്ക് കൊടുത്താലോ''.


''അതന്യാ എന്‍റെ ഉള്ളിലും ഉള്ളത്''.


''മറ്റന്നാള്‍ നിങ്ങള്‍ പണി കഴിഞ്ഞ് വന്നതും നമുക്കുപോയി കുട്ടിടേല്‍ അത് കൊടുത്തിട്ട് വരാം''. 


''ശരി. അങ്ങനെ ആവട്ടെ''.


''നിങ്ങള് ഈ മുണ്ടും ഷര്‍ട്ടും മാറ്റിക്കോളിന്‍. അപ്പഴയ്ക്കും ഞാന്‍ ചായ കൊണ്ടുവരാം'' പാത്തുമ്മ അടുക്കളയിലേക്ക് നടന്നു,  കുഞ്ഞഹമ്മദ് അകത്തേക്കും. 


()()()()()()()()()()()()


സന്ധ്യയാവുംമുമ്പുതന്നെ നാരായണന്‍ മാസ്റ്ററും കൂട്ടുകാരും എത്തി.


''ഞാന്‍ ഇന്നുപോയി ആ കാര്‍ത്ത്യായിന്യെ കണ്ടു. അവള് ഇങ്ങിട്ട് വരാന്ന് പറഞ്ഞു. വന്ന്വോ അവള്'' കേശവന്‍ നായര്‍ ചോദിച്ചു.


''വന്നു. അകത്തുണ്ട്'' ഏട്ടന്‍ പറഞ്ഞു.


''ഒന്നവളെ ഇങ്ങിട്ട് വരാന്‍ പറയൂ'' നരായണന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. ശ്രീധരമേനോന്‍ അകത്തുപോയി ഏടത്തിയമ്മയോട് വിവരം പറഞ്ഞു.


''ഇപ്പൊ വരും അവള്. ചെറ്യോരു പണി ഏല്‍പ്പിച്ചിട്ടുണ്ട്''. ആ സ്ത്രീ വന്നുകേറുമ്പോഴേക്കും എന്തുപണിയാണ് ഏല്‍പ്പിച്ചിട്ടുണ്ടാവുക.


''രാത്രി പലഹാരത്തിന്ന് ചട്ട്ണി ഉണ്ടാക്കാനൊരു നാളികേരംപൊതിച്ച് ചിരകാന്‍ പറഞ്ഞു. അതാണ്''. പുറത്തുചെന്ന് വിവരം പറഞ്ഞു.


''ഞാന്‍ പറഞ്ഞില്ലേ, പണ്യെടുക്കാന്‍ അവള്‍ക്ക് മട്യോന്നൂല്യാ. എന്തു പണീം ചെയ്തോളും'' കേശവന്‍ നായര്‍ക്ക് കാര്‍ത്ത്യായിനിയുടെ ആ പ്രവര്‍ത്തി ഇഷ്ടപ്പെട്ടു. അഞ്ചുമിനുട്ട് കഴിഞ്ഞതും ആ സ്ത്രീ എത്തി.


''നിനക്കെന്നെ അറിയ്യോ'' മാഷ് ചോദിച്ചു.


''നാരായണന്‍ മാഷല്ലേ. ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ പഠിച്ചത് വേറെസ്കൂളില്  ആയതോണ്ട് നേരിട്ടറിയില്ല''.


''ആള്‍ക്കാര്യോക്കെ കണ്ടില്ലേ. നീ സമാധാനത്തോടെ നിന്നോ. നിനക്കൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല''  കേശവന്‍ നായര്‍ പറഞ്ഞു.


''വല്യേ ആള്‍ക്കാരാവുമ്പൊ എന്താ അവരടെ ശീലംന്ന് പറയാന്‍ പറ്റില്ല . അതോണ്ടൊരു പേടീണ്ടായിരുന്നു''.


''ഇപ്പൊ നിന്‍റെ പേടി മാറ്യോ''.


''ഓ. ഇപ്പൊ സമാധാനായി''.


''നിനക്കിവിടെ നില്‍ക്കാന്‍ വിരോധൂല്യല്ലോ''.


''എവിടേങ്കിലും കഴിയണ്ടേ. ഇവിടെ കുഴപ്പൂല്യാന്ന് തോന്നുണൂ''. 


''ശരി. എന്താ നിനക്ക് ശമ്പളം തരണ്ടത്''.


''ഞാന്‍ വന്നതും എന്‍റെ കാര്യം പറഞ്ഞു. എനിക്ക് കാശോ പണോ ഒന്നും വേണ്ടാ. ഇവിടെ കഴിയാന്‍ സമ്മതിച്ചാ മതി''.


''എന്നാലും പണിയെടുക്കുമ്പൊ അതിനുള്ള കൂലി വാങ്ങണം''.


''എന്തിന്? ആരക്ക് കൊടുക്കാനാ ഞാന്‍ ഉണ്ടാക്കുണത്. താലി കെട്ട്യോന്‍ എന്നെ ഉപദ്രവിച്ചിട്ടേ ഉള്ളൂ. നോക്കീട്ടില്ല. എന്നാലും കഷ്ടപ്പെട്ട് ഞാനൊരു മക്കളുണ്ടായതിനെ വളര്‍ത്തി വലുതാക്കി. ഒടുക്കം അവള് മൂടുംതട്ടി ഏതോ ഒരുതമിഴന്‍റെ കൂടെപോയി'' തോളിലിട്ട തോര്‍ത്തുകൊണ്ട് അയമ്മ കണ്ണുതുടച്ചു ''മഹാപാപി. അവള്‍ക്കും മക്കളുണ്ടാവ്വോലോ. അവള് എന്നെ ചെയ്തതിനുള്ള ശിക്ഷ അവര് അവള്‍ക്ക് കൊടുത്തോളും''.


''തൃസന്ധ്യനേരത്ത് നീ അതിനെ ശപിക്കാതെ. എവിടേങ്കിലും അവള് സന്തോഷായി കഴിയട്ടെ'' മാഷ് കാര്‍ത്ത്യായിനിയെ സമാധാനിപ്പിച്ചു.


''അന്യന്‍റെ എച്ചില്‍പ്പാത്രം കഴുകാന്‍ പോയിട്ട് ഞാന്‍ ഏഴെട്ട് പവന്‍റെ മുതല് ഉണ്ടാക്കിവെച്ചിരുന്നു. അതും എടുത്തിട്ടാ അവള് പോയത്''.


''സാരൂല്യാ. എപ്പഴായാലും അവള്‍ക്ക് കൊടുക്കാന്‍വേണ്ടി വെച്ചതല്ലേ. അങ്ങിനെ സമാധാനിക്ക്യാ''.


''എന്ത് സമാധാനം. രാത്രി കിടന്നാ ഉറക്കം വരില്ല എനിക്ക്. എന്‍റേന്ന് പറയാന്‍ ഒരാളൂല്യല്ലോ എന്ന് ചിന്തിച്ചാല് കണ്ണ് നിറയും. പുലരുന്നത് വരെ ഉറങ്ങാതെ കിടന്ന എത്ര്യോ ദിവസൂണ്ട്''.


''ഇനി ലക്ഷ്മിക്ക് കൂട്ടായി നീയിവിടെ നിന്നോ. കൂടപ്പിറപ്പിനെപ്പോലെ അവള് നിന്നെ നോക്കും''.


''എന്നെ ഒന്ന് സ്നേഹിച്ചാല്‍ ഞാന്‍ നൂറ് അങ്ങോട്ട് സ്നേഹിക്കും . അത് ഉറപ്പാണ്''.


''എന്നാല്‍ നീ ഉള്ളിലിക്ക് പൊയ്ക്കോ''. ആ സ്ത്രീ അകത്തേക്ക് ചെന്നു.


''അവള് വേണ്ടാന്ന് പറഞ്ഞാലും നമ്മളെന്തെങ്കിലും കൊടുക്കണം. എത്ര്യാ വേണ്ടത്'' മാഷ് ചോദിച്ചു.


''എന്‍റെ വീട്ടില് മുറ്റ്വോടിക്കാന്‍ ഒരു പെണ്ണ് വരുണുണ്ട്. അരികിലും മുക്കിലും ചൂല് തട്ടില്ല. ഒരു വഴിപാടുപോലെ എന്തെങ്കിലും കാട്ടീട്ട് പോവും. അതിനവള്‍ക്ക് എഴുന്നൂറ്റമ്പത് ഉറുപ്പിക കൊടുക്കുണുണ്ട്''.  


''നമുക്കൊരു ആയിരം ഉറുപ്പിക കൊടുക്കാം. എന്താ വിരോധൂണ്ടോ'' കേശവന്‍ നായര്‍ ചോദിച്ചു.


''നിങ്ങളെന്ത് പറയുണ്വോ അത് കൊടുക്കാം'' ഏട്ടന്‍ സമ്മതിച്ചു. ആ സ്ത്രീ അഞ്ചുകപ്പ് ചായയുമായി വീണ്ടുമെത്തി.


''നിനക്കെന്തെങ്കിലുംവീട്ടിന്ന് എടുക്കാനുണ്ടോ'' കേശവന്‍നായര്‍ ചോദിച്ചു.


''എന്‍റെ പെട്ടീണ്ട് അവടെ. പിന്നെ അഞ്ചാറ് പാത്രങ്ങളും. രാവിലെ പത്തു മണ്യോടെ ഞാന്‍പോയി പെട്ടി എടുത്തിട്ട് വരും''.


''തുണി എന്തെങ്കിലും വേണച്ചാ പറഞ്ഞ്വോ. വാങ്ങിത്തരാം''.


''ഇപ്പൊന്നും വേണ്ടാ. കീറുമ്പൊ മതി''.


''എന്ത് ആവശ്യൂണ്ടെങ്കിലും നേരെ മുമ്പില് മാഷടെ വീടുണ്ട്. അവടെ ചെന്നാ മതി''.


''ശരി''.


''എന്നാല്‍ കാര്‍ത്ത്യായനി പൊയ്ക്കോളൂ''. ഒഴിഞ്ഞ കപ്പുകളുമായി അവര്‍ തിരിച്ചുപൊയി.


അദ്ധ്യായം - 24.


''ഇതാ ചായ'' കാര്‍ത്ത്യായനി ചായയുമായി ലക്ഷ്മിയുടെ അടുത്തെത്തി. കുളി കഴിഞ്ഞ് വസ്ത്രം മാറിയിട്ട് അവര്‍ മോഹനന്‍ കിടന്ന മുറിയില്‍ ഇരിപ്പാണ്. ഏടത്തിയമ്മ കുളിക്കാന്‍ പോയിരിക്കുന്നു.


''കാര്‍ത്ത്യായിനി പത്തുമണിയാക്കാന്‍ നില്‍ക്കണ്ടാ. നേരത്തെ വീട്ടില്‍ പോയി മടങ്ങിവന്നോളൂ''.


''അപ്പൊ ചോറും കൂട്ടാനും വെക്കണ്ടേ''.


'' അതിന് ഏടത്ത്യേമ്മ ഉണ്ടല്ലോ. വീട്ടില്‍പ്പോയി വന്നശേഷം സഹായിച്ചാ മതി''.


''എന്താ ഏടത്ത്യേമ്മടെ പേര്''.


''പാര്‍വ്വതി''.


''ആങ്ങളാരല്ലേ ഇവിടെ കണ്ട രണ്ടാളും''.


''അതെ. എന്‍റെ ഏട്ടന്മാരാണ്. മൂത്ത ആള് ഗോപിനാഥന്‍. ഞാന്‍ വല്യേട്ടാന്ന് വിളിക്കും. ചെറ്യേട്ടന്‍റെ പേര് ശ്രീധരന്‍''.


''ഒന്നൂല്യാ. അറിഞ്ഞിരിക്കാന്‍ വേണ്ടി ചോദിച്ചതാ''. 


''വടക്കുഭാഗത്ത് ചെറ്യോരു മുറീണ്ട്. ആരും അത് ഉപയോഗിക്കാറില്ല. കാര്‍ത്ത്യായിനി അത് എടുത്തോളൂ''.


''ശരി''.


''മാറാലീം പൊടീം ഒക്കെ ഉണ്ടാവും. നല്ലോണം അടിച്ചുതുടയ്ക്കണം''.


''ചെയ്തോളാം''.


''അതിലൊരു ചെറ്യേ കട്ടിലുണ്ട്. ആരെങ്കിലും വരുമ്പൊ കിടക്കാന്‍ കൊടുക്കണംന്ന് വിചാരിച്ച് ഉണ്ടാക്ക്യേതാ. ആരും വരാനുണ്ടായില്ല''.


''അതെങ്ങന്യാ. നിങ്ങടെ ഭര്‍ത്താവിന്‍റെ ശീലത്തിന്ന് ഒത്തുപോവാന്‍ ആരക്കും പറ്റില്യാന്നാ ആള്‍ക്കാര് പറയാറ്''.


ലക്ഷ്മിക്ക് കാര്‍ത്ത്യായിനിയോട് ഒട്ടും അപ്രിയം തോന്നിയില്ല. പോയ ആള് അത്ര നല്ല പേരാണ് ഉണ്ടാക്കിവെച്ചിരിക്കുന്നത്.


''ഏട്ടന്മാര്‍ക്ക് ചായ കൊടുത്ത്വോ''.


''അവര് എണീറ്റ് പല്ലുതേക്കിണേള്ളൂ''.


''ശരി. എന്നാല്‍ പൊയ്ക്കോളൂ''. കാര്‍ത്ത്യായിനി ഒഴിഞ്ഞ ഗ്ലാസ്സും വാങ്ങി അടുക്കളയിലേക്ക് നടന്നു. പതിനഞ്ച് ദിവസം കഴിഞ്ഞാല്‍ എന്താ വേണ്ടത് എന്ന ആലോചനയിലായിരുന്നു ഇന്നലെവരെ. ഈ സ്ഥലം വിട്ടുപോവാന്‍ കഴിയില്ല, ഏട്ടന്മാര്‍ക്ക് ഇവിടെ സ്ഥിരതാമസമാക്കാനും. അപ്പോള്‍ ദൈവം കനിഞ്ഞു. ഒരു അനാഥയ്ക്ക് വേറൊരു അനാഥയെ കൂട്ടിന് തന്നു. 


മുമ്പൊരിക്കല്‍ എന്തോ സഹായം ചോദിച്ചു ചെന്നതിന്ന് മോഹനേട്ടന്‍ കാര്‍ത്ത്യായിനിയെ  ഓടിച്ചുവിട്ടതായി പറഞ്ഞുകേട്ടിട്ടുണ്ട്. അവള്‍ അതിനെക്കുറിച്ചൊന്നും പറഞ്ഞില്ല. ചിലപ്പോള്‍ ആ അവള്‍ സംഭവം മറന്നുകാണും. സ്നേഹത്തോടെ നില്‍ക്കുകയാണെങ്കില്‍ നില്‍ക്കട്ടെ. 


ലക്ഷ്മി ഭാവിയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു. 


()()()()()()()()()


അവിചാരിതമായാണ് ചാക്കോ ചെല്ലനെ കണ്ടത്. പെന്‍ഷന്‍റെ കാര്യം എന്തായി എന്നന്വേഷിക്കാന്‍ പോയി വരുന്നവഴി ചാക്കോ കയറിയ ബസ്സില്‍ ചെല്ലന്‍ കയറിയതായിരുന്നു. ഉച്ചനേരമായതോണ്ട് ബസ്സില്‍ അധികം ആളുകളില്ല.


''ചാക്കോച്ചാ എന്തൊക്കീണ്ട് വിശേഷം'' ചെല്ലന്‍ പുറകില്‍ നിന്ന് വിളിച്ചു ചോദിച്ചു


''ഇവിടെ വാ'' ചാക്കോ അയാളെ വിളിച്ച് അടുത്തിരുത്തി.


''മുമ്പൊക്കെ ഞായറാഴ്ച നിങ്ങള് പള്ളിക്ക് പോവുമ്പൊ കണ്ടിരുന്നു. ഇപ്പൊ നിങ്ങള് ആ വഴിക്ക് വരാറും ഇല്ല, നമ്മള് കാണാറും ഇല്ല''.


''താമസം മാറ്റ്യേതോടെ ഞാന്‍ ആ പള്ളീലല്ല പോവുന്ന്. ഇപ്പോള്‍ ഞാന്‍ താമസിക്കുന്ന ഭാഗത്ത് പള്ളിയുണ്ട്. ഞാന്‍ അവിടെ പോവും''.


''ഇപ്പൊ എവിട്യാ നിങ്ങള്‍ താമസിക്കുണത്''. ചാക്കോ സ്ഥലം പറഞ്ഞു കൊടുത്തു.


''എന്തിനാ ഇങ്ങിട്ട് മാറ്യേത്. നേരത്തെണ്ടായിരുന്നത് നല്ല സ്ഥലായിരുന്നു''.


''ഉടമസ്ഥന്‍ ആവശ്യപ്പെട്ടാല്‍ മാറിക്കൊടുക്കണ്ടേ''.


''അയാള്‍ അങ്ങിനത്തെ ആളല്ല. എട്ടും പത്തും കൊല്ലായിട്ട് ഓരോരുത്തര് അവിടെ കഴിയുണുണ്ട്''. 


''എന്തു ചെയ്യാനാ. എന്നോട് മാറാന്‍ പറഞ്ഞു''.


''നിങ്ങടെ ഭാര്യ ആരെക്ക്യോ എന്തോ വേണ്ടാത്തത് പറഞ്ഞു, അതോണ്ട് വീടൊഴിയാന്‍ പറഞ്ഞൂന്നാ ഞാന്‍ കേട്ടത്'' ഇവന്‍ എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടുണ്ട്. ഇനി മറച്ചുവെക്കാന്‍ കഴിയില്ല.


''എന്ത് ചെയ്യാനാ. അമ്മാതിരി ഒരു കുരിശാ എനിക്ക് കിട്ട്യേത്''.


''നിങ്ങളൊരു കാര്യം ചെയ്യിന്‍. അയല്‍പക്കം ഒന്നൂല്യാത്ത ഒരു വീട് കണ്ടെത്തിന്‍. എന്നാ പിന്നെ തമ്മില്‍തല്ലാന്‍ ആളുണ്ടാവില്ലല്ലോ''.


''അതുതന്നെയാണ് എന്‍റെ മനസ്സില്‍. പെന്‍ഷനായി. ആ വകയില്‍ കുറെ പൈസ കിട്ടാനുണ്ട്. കിട്ടിയാല്‍ ഒരു വീട് വെക്കണം''.


''സ്ഥലം വല്ലതും നോക്കിവെച്ചിട്ടുണ്ടോ''.


''നാല്‍പ്പത്തഞ്ച് സെന്‍റ് സ്ഥലം വാങ്ങി ഇട്ടിട്ടുണ്ട്. അതിലൊരുഭാഗത്ത് പുരവെക്കണം. എട്ടോ പത്തോ സെന്‍റ് സ്ഥലം കഴിച്ച് ബാക്കി മുറിച്ചു വില്‍ക്കണം''.


''അത് നല്ല കാര്യം. അങ്ങനെ ചെയ്താല്‍ വിചാരിക്കാത്ത കാശ് കിട്ടും. എവിട്യാ നിങ്ങടെസ്ഥലം. വാങ്ങാന്‍പറ്റ്യേ പാര്‍ട്ടീണ്ടോന്ന് ഞാനൊന്നു നോക്കട്ടെ''. ചാക്കോ സ്ഥലം പറഞ്ഞുകൊടുത്തതും ചെല്ലന്‍ ചിരിച്ചു.


''അത് കൃഷിഭൂമ്യല്ലേ''.


''അവിടെ കൃഷിചെയ്തിട്ട് ഒരുപാട് കാലം കഴിഞ്ഞു. ഇപ്പോള്‍ തരിശാണ്''.


''അത് പറഞ്ഞിട്ട് കാര്യൂല്യാ. നിങ്ങള് പേപ്പറ് വായിക്കാറില്ലേ. കൃഷി ഭൂമീല് കെട്ടിടം വെക്കാന്‍ പാടില്ല''. 


''കെ.എല്‍.യു. വാങ്ങിച്ചാല്‍ പോരേ''.


''ഇപ്പൊ കിട്ടും കെ.എല്‍.യു. എന്തൊക്കെ പുത്യേ പുത്യേ നിയമാണ്. ആ സ്ഥലത്ത് വീട് കെട്ടാന്‍ ഈ ജന്മത്ത് സാധിക്കില്ല''.


''പിന്നെ എന്നാ ചെയ്യും''.


''നിങ്ങളൊരു കാര്യം ചെയ്യിന്‍. ആ സ്ഥലം വില്‍ക്കിന്‍. ഞാന്‍ പാകംപോലെ ആളേണ്ടാക്കിത്തരാം. നിങ്ങള്‍ക്ക് നല്ലൊരുവീട് വാങ്ങിത്തരും ചെയ്യാം ''.


''എവിടേയാ നീ പറഞ്ഞ വീട്''.


''ഒരുപാട് വീടുണ്ട്. നിങ്ങള്‍ക്ക് എത്ര്യാ ബഡ്ജറ്റ്''.


''പത്തുറുപ്പികയില്‍ താഴെ ഓഫീസിന്ന് കിട്ടും. അതില്‍ കവിഞ്ഞ ഒന്നും നമുക്ക് പറ്റത്തില്ല''.


''എന്നാല്‍ നിങ്ങള്‍ക്ക് പറ്റ്യേരു വീടുണ്ട്. നാലോ നാലര്യോ സെന്‍റ് സ്ഥലത്തില് ഒരു വാര്‍പ്പ് കെട്ടിടം. വറ്റാത്ത കിണറുണ്ട്, മൂന്നോ നാലോ തെങ്ങും. പറ്റ്വാണച്ചാല്‍ നോക്കിക്കോളിന്‍ ''.


''എന്താ വില പറയുന്നത്''.


''പത്ത് പറയുണുണ്ട്. എട്ടിനോ എട്ടരയ്ക്കോ മുറിയും''.


''അതാണച്ചാല്‍ നോക്കാം''.


''എന്നാ ഒരുകാര്യം ചെയ്യാം. സ്ഥലം എത്താറാവുണൂ. നമുക്കൊന്ന് പോയി നോക്ക്യാലോ''.


''ഇപ്പോള്‍ത്തന്നെ വേണോ''.


''നല്ല കാര്യത്തിന് ഇറങ്ങുമ്പൊ വൈകിക്കാന്‍ പാടില്ല. നിങ്ങള് എന്‍റെ കൂടെ വരിന്‍''.


ചെല്ലന്‍ എഴുന്നേറ്റു, ഒപ്പം ചാക്കോയും. അവര്‍ വാതിലിനടുത്തേക്ക് നീങ്ങി.


അദ്ധ്യായം - 25.


വീട്ടിലേക്ക് തിരിച്ചുപോരുമ്പോള്‍ ചാക്കോവിന്‍റെ മനസ്സ് നിറയെ സന്തോഷമായിരുന്നു. ചെല്ലന്‍ അയാളെ കൊണ്ടുപോയി കാണിച്ചു കൊടുത്ത വീട് അയാള്‍ക്ക് അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു. കഷ്ടിച്ച് നാലരസെന്‍റ് സ്ഥലമേ ഉള്ളുവെങ്കിലും ഒരു വീടിനുവേണ്ട എല്ലാ സൌകര്യവും അതിലുണ്ട്.


അഞ്ഞൂറ് സ്ക്വയര്‍ ഫീറ്റില്‍ താഴെ വലുപ്പമുള്ള വീടിന്ന് രണ്ടുകിടപ്പു മുറികളും അനുബന്ധസൌകര്യങ്ങളുമുണ്ട്. ടൈല്‍സിട്ട നിലത്തിന്ന് നല്ലഭംഗി തോന്നി. കിണറില്‍ തെളിഞ്ഞവെള്ളം സുഭിക്ഷമായിട്ടുണ്ട്. കായ്ക്കാറായമൂന്ന് തെങ്ങുകള്‍, ഒരുപ്ലാവ്, രണ്ട് മാവ് എന്നിവയും ഒരുതേക്കും അനുഭവങ്ങളായിട്ടുണ്ട്. കിടപ്പുമുറികള്‍ ചെറുതാണ് എന്നൊരുകുറവേയുള്ളൂ. രണ്ടുപേര്‍ക്ക് കഴിഞ്ഞുകൂടാന്‍ അതൊക്കെ ധാരാളമാണ്.


ഉച്ചവെയിലുംകൊണ്ട് നടക്കുമ്പോള്‍ അയാള്‍ ഉള്ളുകൊണ്ട് ദൈവത്തെ സ്തുതിക്കുകയായിരുന്നു. നല്ലൊരുവീട് കിട്ടി. സമാധാനപുര്‍ണ്ണമായൊരു ജീവിതമാണ് ഇനി ലഭിക്കേണ്ടത്. മേരിക്കുട്ടി നന്നായാല്‍ പ്രശ്നങ്ങളെല്ലാം തീരും. കര്‍ത്താവ് അവള്‍ക്ക് നല്ലബുദ്ധി തോന്നിക്കട്ടെ.


''മേരിക്കുട്ട്യേ, ഇവിടെ വാടി'' ചാക്കോ വീട്ടിലെത്തിയതും ഭാര്യയെ വിളിച്ചു.


''എന്നാത്തിനാ വന്നുകേറുമ്പോഴേക്കും മേരിക്കുട്ടീന്ന് കാറുണത്'' ഭാര്യക്ക് അയാള്‍ വിളിച്ചത് ഇഷ്ടപ്പെട്ടില്ല.


''കര്‍ത്താവ് നമ്മുടെ പ്രാര്‍ത്ഥന കേട്ടു'' അയാള്‍ പറഞ്ഞു.


''എന്താ ക്രിസ്തുമസ്സ് ബമ്പര്‍ ലോട്ടറി കിട്ടിയോ''.


''ലോട്ടറി അല്ലെങ്കിലും അതുപോലെ ഒന്ന്. ചുളുവിലയ്ക്ക് നല്ലൊരു വീട് കിട്ടാന്‍ പോവുന്നു''.


''വീടോ. എവിടെ'' മേരിക്കുട്ടി അന്വേഷിച്ചു. ചാക്കോ മുഴുവന്‍വിവരവും പറഞ്ഞു.


''അപ്പോള്‍ നമ്മള്‍ വീടുവെക്കാന്‍ വാങ്ങിയ സ്ഥലമോ''.


''അത് നമുക്ക് വില്‍ക്കാം. ചെല്ലന്‍ പറ്റിയ ആള്‍ക്കാരെ കൊണ്ടുവരാമെന്ന് പറഞ്ഞിട്ടുണ്ട്''.


''എന്നാത്തിനാ അത് കൊടുക്കുന്ന്. നമുക്കവിടെ വീടുവെച്ചാല്‍പോരേ''.


''കൃഷിഭൂമിയില്‍ വീടുവെക്കാന്‍ പാടില്ല എന്നാണ് നിയമം''.


''നമ്മള്‍ പൈസാ കൊടുത്ത് വാങ്ങിയ സ്ഥലത്ത് നമ്മളുടെ ഇഷ്ടംപോലെ ചെയ്യും. ആരാ അത് പാടില്ല എന്നുപറയാന്‍''.


''സര്‍ക്കാറിന്‍റെ ഉത്തരവുണ്ട് എന്നാ കേട്ടത്''.


''പോവാന്‍പറ സര്‍ക്കാറിനോട്. നമ്മള്‍ നമ്മളുടെസ്ഥലത്ത് വീടുവെക്കും''. 


''വീടുപണിയാന്‍ അനുമതി കിട്ടില്ലെങ്കിലോ''.


''അനുമതി തരാത്തവനെ മേരിക്കുട്ടി പോയി കണ്ടേച്ച് അനുമതിവാങ്ങും. ആദ്യം മര്യാദയ്ക്ക് പറഞ്ഞുനോക്കും. എന്നിട്ടും തരില്ലെങ്കില്‍ മേരിക്കുട്ടി ആരാന്ന് മനസ്സിലാക്കി കൊടുക്കും''.


''നീ എന്നാ പോഴത്തരമാ ഈ പറയുന്നത്. സര്‍ക്കാറിനോട് എതിരിടാന്‍ നമുക്ക് പറ്റുമോ''.


''എന്താ പറ്റാതെ. ഒരു സര്‍ക്കാറും മേരിക്കുട്ടിടടുത്ത് മിണ്ടത്തില്ല''.


ഭാര്യയോട് സംസാരിച്ചാല്‍ ശരിയാവില്ല എന്ന് ചാക്കോക്ക് മനസ്സിലായി. വേറെ എന്തെങ്കിലും പറഞ്ഞ് അവളുടെ മനസ്സ് മാറ്റണം.


''ഒരുവീട് പണിയാന്‍ ഒത്തിരിപ്രയാസങ്ങളുണ്ട്. അത് മനസ്സിലാക്കണം''.


''ഇതിയാനല്ലേ പ്രയാസം. എനിക്കൊരു പ്രയാസവുമില്ല. കൂടിവന്നാല്‍ നിങ്ങള്‍ക്ക് കിട്ടുന്നപൈസാ എന്‍റെ ഇച്ചായന്മാരെ ഏല്‍പ്പിക്കും. അവര് വീടല്ല കൊട്ടാരംകൂടി പണിതുതരും ''.


ചാക്കോയുടെ ഉള്ളൊന്ന് പിടച്ചു. ഇത്രയും കാലം കഷ്ടപ്പെട്ടതിന്‍റെ പ്രതിഫലമാണ് കിട്ടാന്‍ പോവുന്നത്. കൊള്ളരുതാത്തവന്മാരുടെ  കയ്യില്‍ അതേല്‍പ്പിച്ചാല്‍ എന്താണ് ഉണ്ടാവുക. ആ തുക മൊത്തം നഷ്ടമാവും.


''അത് ഏതായാലും വേണ്ടാ. വീട് ഞാന്‍ ഉണ്ടാക്കും. എനിക്കാരുടേം സഹായം വേണ്ടാ''.  


അത്രനേരം മനസ്സില്‍ കൊണ്ടുനടന്ന കൊച്ചുവീട് കയ്യെത്താത്ത അകലേക്ക് തെന്നിമാറുന്നത് ചാക്കോ കണ്ടു.


()()()()()()()()()


തീരെ പ്രതീക്ഷിക്കാത്ത സമയത്താണ് പ്രൊഫസര്‍ കൃഷ്ണദാസിന്‍റെ ഏട്ടന്‍ രാമദാസ് ഐ.എ.എസ്. പ്രൊഫസറുടെ വീട്ടിലെത്തിയത്. അദ്ദേഹത്തിന്‍റെ കൂടെ ഭാര്യയും മകനും മരുമകളും ഹൈസ്കൂള്‍വിദ്യാര്‍ഥിയായ കൊച്ചു മകനുമുണ്ട്. ഏട്ടനോട് സ്നേഹവും ബഹുമാനവും ആരാധനയും കലര്‍ന്ന വികാരമാണ് പ്രൊഫസര്‍ക്കുള്ളത്. ഓര്‍ക്കാപ്പുറത്തുള്ള ഏട്ടന്‍റെവരവില്‍ അയാള്‍ക്കാദ്യം അമ്പരപ്പ് തോന്നി.


''സൌമിനിക്ക് പഴനിയിലേക്ക് പോവാനൊരുമോഹം. ട്രെയിനില്‍ എറണാകുളത്തുനിന്ന് പോവാമെന്നാണ് ഞങ്ങളാദ്യം നിശ്ചയിച്ചത്.  കാറാണെങ്കില്‍ കുറച്ചുകൂടി സൌകര്യമാണെന്ന് ഇവര്‍ പറഞ്ഞു. ഇതുവഴി കടന്നുപോവുമ്പോള്‍ ഇവിടെവന്ന് തന്നെ കാണാമല്ലോ          എന്ന് ഞാനും കരുതി''.


''വളരെ സന്തോഷം. ഞാന്‍ അവിടെ വന്ന് ഏട്ടനെ കാണേണ്ടതാണ്''. 


''അത് സാരമില്ല''.


''എന്തൊക്കെയാണ് വിശേഷങ്ങള്‍''


''മൂന്നുനാല് ദിവസംമുമ്പ് ന്യൂസ് ലാന്‍ഡില്‍നിന്ന് കൌസല്യ ഇവളെ വിളിച്ചിരുന്നു. അപ്പോള്‍ത്തന്നെ ഫോണ്‍ ചെയ്ത് ആ വിവരം തന്നെ അറിയിക്കാമായിരുന്നു. അതിലും നല്ലത് നേരില്‍ പറയുന്നതാണെന്ന് കരുതി''.


''എന്താണ് അവള്‍ പറഞ്ഞത്''.


''അത് സൌമിനി പറഞ്ഞുതരും''.


''ദാസ് കൌസല്യയെ വിളിക്കാറില്ല, കുറച്ചായി മക്കള്‍ വിളിച്ചാലും ദാസ് ഫോണെടുക്കുന്നില്ല എന്നൊക്കെ സങ്കടം പറഞ്ഞു''.


''സത്യം പറയൂ ഏടത്ത്യേമ്മേ, സങ്കടമാണോ അതോ പരാതിയോ''. 


''വേണമെങ്കില്‍ എനിക്ക് പരാതി എന്നുപറഞ്ഞ് അവസാനിപ്പിക്കാം. എന്നാല്‍ വാസ്തവം അതല്ല. കൌസല്യയുടെമനസ്സിലെ വേദന അവള്‍ പറഞ്ഞതിലുണ്ട്''.


''അവള്‍ വേദനിക്കാന്‍ ഞാന്‍ യാതൊന്നും പറഞ്ഞിട്ടില്ല, ചെയ്തിട്ടുമില്ല.  അവളുടെ പ്രവര്‍ത്തികളിലൂടെ അവള്‍ക്കിപ്പോള്‍ എന്നെ ആവശ്യമില്ല എന്ന് അറിയിക്കുന്നുണ്ട്. ഞാന്‍ അതനുസരിച്ച് മാറി നില്‍ക്കുന്നു''.


''ദാസേ. ഇതല്ല ജീവിതം. കൌസല്യയുടെ കണക്കുകൂട്ടല്‍ തെറ്റി. ദാസ് കണക്ക് പ്രൊഫസറല്ലേ. ഒരുകുട്ടി ചെയ്ത കണക്ക് തെറ്റിയാല്‍ ദാസ് തിരുത്തിക്കൊടുക്കില്ലേ''. 


''അതുപോലെയാണോ ഏടത്ത്യേമ്മേ ജീവിതം''.


''എന്തുകൊണ്ടല്ല. മുഴുവന്‍ കുറ്റവും കൌസല്യയുടെതാണെന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങള്‍ രണ്ടുപേര്‍ക്കും പ്രായമാവുന്നു. വയസ്സാവുമ്പോള്‍ അടുത്ത് മക്കളുണ്ടാവണം. ഇല്ലെങ്കില്‍ ഒരാള്‍ക്കെന്തെങ്കിലും പറ്റിയാല്‍ കൂടെയുള്ള ആളുടെ അവസ്ഥ എന്താവും എന്നൊക്കെ അവളോട് മക്കള്‍ ചോദിച്ചപ്പോള്‍ അവള്‍ക്കത് ശരിയാണെന്ന് തോന്നി. തിരിച്ചുപോരാന്‍ അവള്‍ മടി കാണിച്ചത് അതുകൊണ്ടാണ്''.


''ഇപ്പോഴും അതുതന്നെയല്ലേ അവസ്ഥ''.


''അടുത്ത ജന്മം മൃഗമാവും എന്നുകരുതി ആരെങ്കിലും ഇപ്പോള്‍ത്തന്നെ നാലുകാലില്‍ നടക്കുമോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ക്കതിന് മറുപടിയില്ല''.


''ഈ നാടിനേക്കാള്‍ നല്ലത് അവിടെയാണ് എന്ന് പറയുന്നതോ''.


''അത് തെറ്റായ ധാരണയാണ്. ഞാനത് പറഞ്ഞുകൊടുത്തു. ഈ നാടിന്‍റെ സവിശേഷതക്കള്‍ മറ്റൊരു നാട്ടിലും കാണാനാവില്ല എന്ന് ഞാനവളോട് പറഞ്ഞു''.


''അതൊന്നും അവള്‍ക്ക് മനസ്സിലാവില്ല''.


''അത് ശരിയാണ്. ഞാനും സമ്മതിക്കുന്നു. പക്ഷെ അതിനവളെ നമുക്ക് കുറ്റപ്പെടുത്താനാവില്ല''.


''എന്താ അങ്ങിനെ പറഞ്ഞത്''.


''രാമേട്ടന്‍ ഐ.എ.എസ് ആണ്, ഞാന്‍ ഗൈനക്കോളജിസ്റ്റും. ദാസ് പ്രൊഫസറാണ്. നമ്മള്‍  മൂന്നുപേര്‍ക്കുമുള്ള അക്കഡമിക്ക് അറിവ് കൌസല്യയ്ക്കുണ്ടോ. ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ദാസ് അവളെ മാരീ ചെയ്തത്. പിന്നെ അവള്‍ വെറും വീട്ടമ്മയായിരുന്നു. അവളുടെ അറിവില്ലായ്മ നമ്മള്‍ മനസ്സിലാക്കണം''. കൃഷ്ണദാസ് ഒന്നും പറയാതെ എല്ലാം കേട്ടുകൊണ്ടിരുന്നു.


''നോക്കൂ ദാസ്. കുറച്ചുകാലം മുമ്പുവരെ ഞാന്‍ സിറ്റിയിലെ തിരക്കുള്ള ഡോക്ടറായിരുന്നു. രാമേട്ടന്‍ കലക്ടര്‍ മുതല്‍ ചീഫ് സെക്രട്ടറിവരെയായി. തൊഴിലിന്‍റെ തിരക്ക് ഞങ്ങളുടെ ദാമ്പത്യത്തിന്ന് കോട്ടം വരുത്താതെ നോക്കാന്‍ ഞങ്ങള്‍ രണ്ടാളും ശ്രമിച്ചിട്ടുണ്ട്''.


''അത് എനിക്കറിയാം''.


''ജീവിതം ഒന്നേയുള്ളൂ. അത് ഈഗോ കാരണം നശിപ്പിക്കരുത്''.


''ഞാനെന്താ വേണ്ടത്. ഏടത്തിയമ്മ പറയൂ''.


''കൌസല്യ തിരിച്ചുവരും. അവളോടൊപ്പം സുഖമായി കഴിയണം. അതിന് ആദ്യം വേണ്ടത് അന്യോന്യം തെറ്റുകുറ്റങ്ങള്‍ പൊറുക്കുക എന്നതാണ്''.


''ഏട്ടനും ഏടത്തിയമ്മയും എന്തുപറഞ്ഞാലും ഞാന്‍ അനുസരിക്കാം''.


''ഞാന്‍ കൌസല്യയെ വിളിച്ചുപറഞ്ഞോട്ടെ''.


''ശരി''.


''താന്‍ ഞങ്ങളുടെകൂടെ പഴനിക്ക് വരുന്നോ'' ഏട്ടന്‍റെ പെട്ടെന്നുള്ള ചോദ്യത്തിന്ന് ഉത്തരം നല്‍കാന്‍ അയാള്‍ വിഷമിച്ചു.


''ജസ്റ്റ് ഫോര്‍ എ ചെയ്ഞ്ച്. ദാറ്റ്സ് ആള്‍''.


''എനിക്ക് ഒരുങ്ങാന്‍ സമയം വേണം. അതുവരെ..''.


''ഞങ്ങള്‍ വെയിറ്റ് ചെയ്യും''.


''എനിക്ക് ഭക്ഷണം കൊണ്ടുവരാറായി. എല്ലാവര്‍ക്കുമുള്ള ഫുഡ് കൊണ്ടു വരാന്‍ പറയട്ടെ''. 


''നമുക്ക് വഴിയില്‍ ഏതെങ്കിലും ഹോട്ടലിന്‍നിന്ന് കഴിച്ചാല്‍ പോരേ''.


''അതുവേണ്ടാ. ഇവിടെനിന്ന് കഴിച്ചിട്ട് പുറപ്പെടാം. ഞാന്‍ ഭക്ഷണത്തിന്ന് വിളിച്ചുപറഞ്ഞിട്ട് ഡ്രസ്സൊക്കെ എടുത്തുവെക്കട്ടെ''. അയാള്‍ എഴുന്നേറ്റ് ഫോണ്‍ ചെയ്യാന്‍ പോയി.


അദ്ധ്യായം - 26.


‘’മുത്തശ്ശാ, ആരോ കാണാന്‍ വന്നിരിക്കുണൂ’’.


‘’ആരാ കുട്ട്യേ’’ ഉമ്മറത്തുനിന്ന് മകൻറെ മകൾ വിളിച്ചു പറയുന്നതുകേട്ട് ഗോപാലൻ മാഷ് വായിച്ചുകൊണ്ടിരിക്കുന്ന ദേവീഭാഗവതത്തിൽനിന്ന് തല പൊന്തിച്ചുകൊണ്ട് ചോദിച്ചു.


‘’മുത്തശ്ശന്യാണ് അന്വേഷിക്കുന്നത്. ഒന്നിങ്ങോട്ട് വരൂ’’.


തൊണ്ണൂറ്റഞ്ചു കഴിഞ്ഞ ഈ വയസ്സനെ കാണാനായിട്ട് ആരായിരിക്കും വന്നിട്ടുണ്ടാവുക. പൊതുകാര്യങ്ങളിലൊക്കെ പങ്കെടുത്തിട്ട് കുറെകാലം കഴിഞ്ഞു. അതുകൊണ്ട് നാട്ടുകാർ എന്തെങ്കിലുംകാര്യവുമായി കാണാന്‍ വരാനുള്ള വഴിയില്ല. വല്ലപ്പോഴും പഴയശിഷ്യന്മാർ കാണാൻ വരാറുണ്ട്. അങ്ങിനെ ആരെങ്കിലും ആവുമോ? മാഷ് പുസ്തകം അടച്ചുവെച്ച് മെല്ലെ ഉമ്മറത്തേക്ക് നടന്നു. 


ആഗതൻ മുറ്റത്ത് കാത്തുനിൽപ്പാണ്. കഷണ്ടികയ്യടക്കിയ തലയുടെചുറ്റും വെളുത്തമുടി കാണാനുണ്ട്. മുഷിഞ്ഞവേഷം ധരിച്ച അയാളുടെ മുഖത്ത് നിഴലിക്കുന്നത് ദൈന്യഭാവമാണ്. തോളിൽ കാക്കിത്തുണികൊണ്ടുള്ള തോൾസഞ്ചി തൂങ്ങിക്കിടക്കുന്നു.


‘’എന്നെ മനസ്സിലായോ’’ ആരാണ് എന്ന് അന്വേഷിക്കുതിന്നുമുമ്പേ ഇങ്ങോട്ട് ചോദ്യം വന്നു. ഓർമ്മയിൽ ഇങ്ങിനെയൊരു രൂപമില്ല. പക്ഷേ ആ ശബ്ദം എപ്പോഴോ കേട്ടതുപോലെ.


‘’എനിക്ക് തീരെ മനസ്സിലായില്ലാട്ടോ. വയസ്സായില്ലേ’’ ക്ഷമാപണമെന്നവണ്ണം പറഞ്ഞു.


‘’അതിന് കുറ്റംപറയാൻ പറ്റില്ല. പത്തുനാൽപ്പത്തഞ്ചുകൊല്ലം കഴിഞ്ഞില്ലേ നമ്മൾ തമ്മിൽ കണ്ടിട്ട്’’.


ആരാവും നാൽപ്പത്തഞ്ചു കൊല്ലത്തിന്നുശേഷം മുന്നിലെത്തിയ ഇദ്ദേഹം. ആലോചിച്ചിട്ട് ഒരു എത്തുംപിടിയും കിട്ടുന്നില്ല.


‘’ഓർമ്മ വരുണില്ല. ആരാന്ന് പറയൂ’’.


‘’ചെറ്യേമ്മാമേ, ഇത് ഞാനാ. ബാലചന്ദ്രൻ’’.


‘’ആര്, ജാന്വേടത്തിടെ മകനോ’’.


‘’അപ്പൊ എന്നെ മറന്നിട്ടില്ല അല്ലേ’’.


മറക്കാനോ? മുന്നിൽനിൽക്കുന്ന ആൾ ജീവിതത്തിൽ ഏൽപ്പിച്ച ആഘാതം അത്ര വലുതല്ലേ. അണക്കെട്ട് തകർന്ന് കുതിച്ചു പായുന്ന വെള്ളംപോലെ കഴിഞ്ഞകാലം നിമിഷനേരംകൊണ്ട് മനസ്സിലെത്തി.


മലയാളം വിദ്വാൻ പരീക്ഷ പാസ്സായി പത്തമ്പത് നാഴിക അകലെയുള്ള ഒരു ഹൈസ്കൂളിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്ന സമയം. രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോഴേ വീട്ടിലേക്ക് ചെല്ലാറുള്ളൂ. അങ്ങിനെ ഒരു തവണ വീട്ടിലേക്ക് ചെന്ന അവസരത്തിലാണ് വകയിലൊരുപെങ്ങളായ ജാന്വേടത്തി അഞ്ചുവയസ്സുകാരനായ മകനുമായി മുന്നിലെത്തുന്നത്.


‘’ഇവൻറച്ഛൻ ഇങ്ങോട്ട് തിരിഞ്ഞുനോക്കീട്ട് കുറച്ചായി. ഇവിടുത്തെ അവസ്ഥ നിനക്കറിയാലോ. ഇതിനെനോക്കാൻ വഴ്യോന്നും കാണാനില്ല. പത്തായപ്പുരടെ ഒരോരത്ത് ചുരുണ്ടുകൂടികിടക്കാം എന്നല്ലാതെ മറ്റുള്ള ആവശ്യങ്ങൾ നടക്കണ്ടേ. എല്ലാരുക്കും അവരവരുടെ കുടുംബംതന്നെ നോക്കാന്‍  പാടാണ്. അതിൻറെ എടേൽ ഞങ്ങളടെ കാര്യം നോക്കാൻ അവർക്കാവ്വോ. ബാദ്ധ്യത ഇല്ലാത്ത ഒരേ ഒരാൾ നീയാണ്. അതോണ്ട് നീ ഒരുവഴി കാണണം’’


കാര്യംശരിയാണ്. അച്ഛനോ അമ്മയോ കൂടപ്പിറപ്പുകളോ ഒന്നുമില്ലാത്ത ഒറ്റത്തടി. ജോലിക്കു പുറമെ അമ്മയുടെ വകയായി അഞ്ചുപറ പാടവും തറവാട്ടിൽ ഓഹരിയും ഉള്ള സമ്പന്നൻ.


‘’എൻറെവക സ്ഥലം ജാന്വേടത്തി നോക്കിനടത്തിക്കോളൂ. കിട്ടുന്ന ആദായം എടുത്തോളൂ. ഞാൻ ഒന്നുംചോദിക്കാൻ വരില്ല’’. 


‘’എന്നെക്കൊണ്ട് അതിനൊന്നും ആവില്ല. നിനക്ക് പറ്റുണത് എന്താണച്ചാൽ അതുതന്ന് സഹായിക്ക്’’.


അന്നുമുതൽ ജാന്വേടത്തിയുടേയും മകൻറേയും സംരക്ഷണം ഇരുപത്തഞ്ച് വയസ്സ് തികയാത്ത സ്കൂൾ‌മാഷ് ഏറ്റെടുത്തു. അതുകഴിഞ്ഞ് രണ്ടുകൊല്ലം തികയുന്നതിന്നുമുമ്പ് അടുത്ത ആവശ്യവുമായി ജാന്വേടത്തി മുന്നിലെത്തി. 


വിവാഹംകഴിഞ്ഞ് സ്കൂളിനടുത്ത് ഭാര്യവീട്ടുകാരുടെവക കെട്ടിടത്തിൽ താമസമാക്കിയ കാലത്തായിരുന്നു അത്. മാസത്തിൽ ഒന്നോരണ്ടോ തവണ വീട്ടിൽ ചെല്ലുന്നതുപോലെയുള്ള ഒരു സന്ദർഭം. തിരിച്ചു പോരുന്നതിന്നു തൊട്ടുമുമ്പാണ് അവരെത്തിയത്.


‘’എനിക്കൊരുകാര്യം പറയാനുണ്ട്. നിന്നോടല്ലാതെ വേറാരോടും എന്‍റെ കാര്യങ്ങള്‍ പറയാറില്ല. എന്ത് അഭിപ്രായാണെങ്കിലും തുറന്നുപറയണം’’ എന്നമുഖവുരയോടെ അവർ പറഞ്ഞുതുടങ്ങി’’ എനിക്കൊരു ആലോചന വന്നിട്ടുണ്ട്. ആള് രണ്ടാം കെട്ടുകാരനാണ്. അതിലയാള്‍ക്ക് രണ്ടുമക്കളും ഉണ്ട്. ആദ്യഭാര്യ മരിച്ചു. കുട്ട്യേളെ നോക്കാൻവേണ്ടി എന്നെ കല്യാണം കഴിക്ക്യാണെന്നു പറയുണൂ. എനിക്ക് കല്യാണം വേണം എന്നൊന്നൂല്യാ. പക്ഷെ കഴിഞ്ഞുകൂടണ്ടേ. എത്രകാലം നിന്നേങ്ങിനെ ബുദ്ധിമുട്ടിച്ചോണ്ട്  കഴിയാനാവും’’.


‘’അപ്പൊ കുട്ടിടെ കാര്യോ?’’.


‘’അതു പറയാനാ വന്നത്. അയാൾക്കൊന്നും വേണ്ടാ. പക്ഷെ കുട്ട്യേ കൂടെ കൂട്ടാന്‍ പാടില്ല. അതിനെ ഉപേക്ഷിച്ച് വന്നാലേ ബന്ധം വേണ്ടൂ എന്നാണ് പറയുണത്’’.


‘’എന്നിട്ട് അവനെ എന്തുചെയ്യാനാ ഭാവം?’’.


''ഇപ്പൊ അവന് വയസ്സ് ഏഴായി. എങ്ങിനേങ്കിലും രണ്ടുമൂന്നുകൊല്ലംകൂടി കഴിഞ്ഞാൽ വല്ല ചായപ്പീടീലിക്കും പണിക്കുവിടായിരുന്നു’’.


‘’അതുവരെ എന്തുചെയ്യും’’.


‘’ഒരുവഴ്യേ ഞാൻ കാണുണുള്ളു. അതുവരെ നീ അവനെ നിങ്ങളടെകൂടെ നിർത്തണം’’.


‘’എനിക്ക് പെട്ടെന്നൊന്നും പറയാൻ പറ്റില്ല. വീട്ടിൽചെന്ന് ഗൌരിടടുത്ത് ഞാൻ ആലോചിച്ചിട്ട് പറയാം’’.


ഇരുപതു വയസ്സേ ആയിരുന്നുള്ളുവെങ്കിലും മുതിർന്ന ഒരാളെപ്പോലെ അന്ന് ഭാര്യസംസാരിച്ചു ’’ഗോപാലേട്ടൻറെ കൂടെപ്പിറപ്പിൻറെ മകനാണ് ആ കുട്ടിന്ന് വിചാരിച്ചുനോക്കൂ. പെങ്ങൾ മരിച്ചുപോയാൽ ആ കുട്ട്യേ ഏറ്റെടുക്കില്ലേ. അങ്ങിനെ കരുത്യാ മതി. കുട്ടി കാരണം അവര്‍ക്കൊരു ജീവിതം കിട്ടുണത് ഇല്ലാതാവണ്ടാ’’.


ആ നല്ല മനസ്സിൻറെ പിന്‍ബലത്തിലാണ് അവനെ കൂടെകൂട്ടിയത്. പിന്നീട് അവനെ വളര്‍ത്തി വലുതാക്കിയത് അവളായിരുന്നു. എന്നിട്ടൊടുവില്‍ ?


''ചെറ്യേമ്മാമടെ മനസ്സിലെന്താന്ന് എനിക്കറിയാം. അത്രവല്യേ തെറ്റാണ് ഞാനന്ന് രോഹിണിടടുത്ത് ചെയ്തത്''.


''വെറുതെ അതൊന്നും ഓര്‍മ്മപ്പെടുത്തണ്ടാ. എല്ലാം ഞങ്ങള് മറന്നതാ''.


''നിങ്ങള്‍ക്ക് മറക്കാന്‍ പറ്റ്യാലും എനിക്ക് പറ്റില്ല. എന്‍റെ ഉള്ളിലൊരു തീക്കട്ടീണ്ട്. അതിന്‍റെ ചൂടില് ഞാന്‍ വേവ്വാണ്''.


ബാലചന്ദ്രനെ കൂടെകൊണ്ടുപോയകൊല്ലമാണ് രോഹിണി ജനിച്ചത്. അന്ന് ബാലചന്ദ്രന് എട്ടുവയസ്സ് തികഞ്ഞിട്ടില്ല. ചെറുപ്പം മുതല്‍ക്കുള്ള അവരുടെ അടുപ്പം വളര്‍ന്ന് വേറൊരുതലത്തിലെത്തിയത് കണക്കിലെടുക്കാഞ്ഞത് തെറ്റായിപ്പോയി. മകനെപ്പോലെ കരുതി വളര്‍ത്തി വലുതാക്കിയവനെ മകളുടെ ഭാവിവരനായി കണ്ടതാണ് പിഴച്ചത്. ബിരുദം നേടി സര്‍ക്കാര്‍ ജോലിക്കാരനായപ്പോള്‍ ഒരിക്കല്‍ ഉപേക്ഷിച്ച അമ്മ മകനുമായി ബന്ധം സ്ഥാപിച്ചു. 


''എത്ര്യായാലും പെറ്റമ്മയല്ലേ. അവര് നിശ്ചയിച്ച പെണ്‍കുട്ട്യേ കല്യാണം കഴിക്കാതെ നുവൃത്തിയില്ല'' എന്നുപറഞ്ഞ് ബാലചന്ദ്രന്‍ അകന്നപ്പോള്‍ ഇരുപത്തിനാലുകാരിയായരോഹിണി തകര്‍ന്നു. പിന്നെ അവള്‍ ചിരിച്ചു കണ്ടിട്ടില്ല. ഏറെ വൈകാതെ കിടപ്പിലായ അവള്‍ ആറുകൊല്ലത്തെ നരക യാതനയ്ക്കുശേഷം ദുഃഖങ്ങളില്ലാത്ത ഇടത്തേക്ക് പോയി.


''ഞാന്‍ അകത്തേക്ക് വന്നോട്ടെ'' ബാലചന്ദ്രനോട് വേണ്ടാ എന്നുപറയാന്‍ മാഷക്ക് തോന്നിയില്ല. മാഷടെ ചാരുകസേലയ്ക്ക് സമീപത്തേക്ക് കസേല നീക്കിയിട്ട് ബാലചന്ദ്രന്‍ ഇരുന്നു.


''മണിക്കുട്ടീ. കുടിക്കാനെന്തെങ്കിലും കൊണ്ടുവാ'' മാഷ് വിളിച്ചുപറഞ്ഞു.


''ചെറ്യേമ്മാമേ. എന്നെ ഇങ്ങിനെ സങ്കടപ്പെടുത്തരുത്. എന്നെ കണ്ടതും ആട്ടിപ്പറഞ്ഞയച്ച് പടി അടക്കേണ്ടതാണ്. അത്രയ്ക്ക് കൊള്ളരുതാത്ത ഒരുത്തനാ ഞാന്‍. ഒരുവാക്ക് കുറ്റപ്പെടുത്താത്ത ചെറ്യേമ്മാമന്‍റെ ഈ പെരുമാറ്റം സഹിക്കാന്‍ പറ്റുണില്ല''. 


''ഈ വെള്ളം കുടിയ്ക്ക്'' പേരക്കുട്ടി കൊണ്ടുവന്ന നാരങ്ങാവെള്ളം മാഷ് വാങ്ങി അയാള്‍ക്ക് നീട്ടി.


''ഈ കുട്ടി''.


''എന്‍റെ മകന്‍ രവീന്ദ്രന്‍റെ മകളാണ്''.


''രവീന്ദ്രന്‍റെ ഒരു ചേച്ചീല്ലേ, പാര്‍വ്വതീന്ന് പറഞ്ഞിട്ട്''. 


''ഉവ്വ്. അവളുടെ ഭര്‍ത്താവ് ഗോപീനാഥന്‍റെ അളിയന്‍മരിച്ചു. അന്നുമുതല്‍ അവള്‍ നാത്തൂന്‍റെ വീട്ടിലാ''.


''എവിട്യാ സ്ഥലം''. മാഷ് എല്ലാം വിസ്തരിച്ച് പറഞ്ഞു.


''രോഹിണ്യേക്കാള്‍ രണ്ടുവയസ്സ് താഴ്യാണ് പാര്‍വ്വതി. പിന്നീം മൂന്നു കൊല്ലം കഴിഞ്ഞിട്ടാണ് രവി ജനിച്ചത്''.


''എല്ലാം കൃത്യമായി ഓര്‍ത്തുവെച്ചിട്ടുണ്ടല്ലോ''.


''കുറച്ചായി നിങ്ങളൊക്കെ മാത്രമാണ് എന്‍റെ മനസ്സില്‍. ഇനി പറയൂ, അമ്മായി എവിടെ''.


''ഗൌരിക്ക് ശ്വാസം മുട്ടലിന്‍റെ അസുഖൂണ്ട്. രവി അവളെക്കൂട്ടി ഡോക്ടറെ കാണാന്‍ പോയിരിക്ക്യാണ്''.


''അമ്മായിയെ കാണണംന്നുണ്ട്''.


''അവര് വരാന്‍ സമയാവും''.


''എന്നാല്‍ ഞാന്‍ ഇറങ്ങട്ടെ''.


''കുറച്ചുനേരം ഇരുന്നാല്‍ ഉണ്ടിട്ട് പോവാം''. ആ നിമിഷം ബാലചന്ദ്രന്‍ ഒരു കുട്ടിയെപ്പോലെ തേങ്ങിക്കരയാന്‍ തുടങ്ങി.


''എന്താടോ, എന്താ പറ്റ്യേത്''.


''ചെറ്യേമ്മാമ എന്നെ ഇങ്ങനെസ്നേഹംകൊണ്ട് വീര്‍പ്പ് മുട്ടിക്കരുത്. ഞാന്‍ ഇതൊന്നും അര്‍ഹിക്കുന്നില്ല''.


''ഇവിടെ വരുന്നോര് എന്‍റെ അതിഥികളാണ്. അതിഥിദേവോ ഭവ എന്നല്ലേ പ്രമാണം. ഇനി ബാലചന്ദ്രന്‍റെ അവസ്ഥ പറയൂ''. 


''എന്ത് അവസ്ഥ. അമ്മ കണ്ടെത്ത്യേത് അത്യാഗ്രഹ്യായ പെണ്‍കുട്ട്യാണ്. എന്ത് കൊടുത്താലും തൃപ്തിവരില്ല. ക്രമേണ വഴിവിട്ട് സമ്പാദിക്കാന്‍ തുടങ്ങി. ഒടുവില്‍ അതിനുള്ള പ്രതിഫലം കിട്ടി''.


''മനസ്സിലായില്ല. എന്താ ഉണ്ടായത്''.


''ഒരു കൈക്കൂലിക്കേസ്സില്‍പ്പെട്ടു. ജോലി പോയി. ഏഴുകൊല്ലം ജയിലിലും കിടന്നു''..


''ഭാര്യയും മക്കളും''.


''ജയിലിന്ന് വിട്ടപ്പൊ വീട്ടില്‍ചെന്നു. അവരെന്നെ കേറ്റീലാ. ഞാന്‍ കാരണം മാനക്കേടുണ്ടായീന്ന് പറഞ്ഞ് ആട്ടിവിട്ടു''.


''എന്നിട്ട്''.


''അന്ന് തുടങ്ങ്യേഅലച്ചിലാണ് എന്‍റേത്. ഉണങ്ങാത്ത മുറിവും ആയി ചോരേം ചലവും ഒലിപ്പിച്ച് ശാപമോക്ഷം കിട്ടാതെ അലഞ്ഞുനടക്കുണ അശ്വത്ഥാമാവിനെപ്പോലെ ഞാനും അലയുണൂ''. 


''ബാലചന്ദ്രാ. കര്‍മ്മഫലം അങ്ങന്യാണ്. സഹിച്ചേ പറ്റൂ''.


''ഇപ്പൊ എനിക്കെല്ലാം അറിയാം. രണ്ടുമൂന്ന് തവണ മരിക്കാന്‍വേണ്ടി പുറപ്പെട്ടതാ. ഈ ജന്മത്ത് നേടിയ പാപവൂംകൊണ്ട് വേറൊന്നിലേക്ക് പോണത് ശരിയല്ലാന്ന് പിന്നെ ബോദ്ധ്യായി''.


''ഇനിയെന്താ തന്‍റെ ഉദ്ദേശം''.


''അമ്മായിയേ കാണണം എന്ന മോഹൂണ്ട്. യോഗൂണ്ടെങ്കില്‍ സാധിക്കും. ഇപ്പൊ ഞാന്‍ പോവ്വാണ്''.


''ഞാനോ ഗൌര്യോ മറ്റാരെങ്കില്വോ ബാലചന്ദ്രനെ മനസ്സോണ്ടുപോലും ശപിച്ചിട്ടില്ല. രോഹിണിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടായിരുന്നു. നിനക്ക് ദ്രോഹം വരുണത് അവള്‍ക്ക് സഹിക്കില്ല''. 


''ഞാനത് മനസ്സിലാക്കതെ പോയി''.


''ചില തെറ്റുകള് തിരുത്താന്‍ പറ്റും. ചിലത് പറ്റില്ല. അങ്ങിനെ വരുമ്പൊ മനസ്സോണ്ട് പ്രായശ്ചിത്തം  ചെയ്യാ. അതേ വഴീള്ളൂ. താനത് ചെയ്യുണുണ്ട്. ഇനി പറയൂ, തന്‍റേല് കാശ് വല്ലതൂണ്ടോ. വേണച്ചാല്‍ ഞാന്‍ തരാം''.


''ഒന്നും വേണ്ടാ. ഒന്ന് കാണണംന്ന് തോന്നി. വന്നു, കണ്ടു. ധാരാളായി. ഈ കാട്ടാളന്‍ ഇനി നില്‍ക്കുണില്യാ''. ബാലചന്ദ്രന്‍ ഇറങ്ങി നടന്നു. ഗോപാലന്‍ മാഷ് അയാള്‍ പോവുന്നതും നോക്കി വാതില്‍ക്കല്‍ത്തന്നെ നിന്നു.


അദ്ധ്യായം - 27.


വിഞ്ചിലാണ് പ്രൊഫസര്‍ കൃഷ്ണദാസും സംഘവും പഴനിമലകയറിയത്.  ഏട്ടന് പടവുകളുംകയറ്റവും കേറാന്‍ പ്രയാസമായതിനാലാണ് അങ്ങിനെ ചെയ്തത്. സൂര്യാസ്തമനത്തിന്ന് ഇനിയുംസമയമുണ്ട്. ക്ഷേത്രത്തില്‍ ഒട്ടും തിരക്കില്ല. എന്തെല്ലാമോ സംസാരിച്ചുകൊണ്ട് ചിലര്‍  നടന്നുനീങ്ങുന്നുണ്ട്.   തലമുണ്ഡനംചെയ്ത ഒരുചെറുപ്പക്കാരനും ചെറുപ്പക്കാരിയും മുന്നിലൂടെ കടന്നുപോയി.


''ദാസേ, അവരെ നോക്കൂ, രണ്ടുപേരും മൊട്ടയടിച്ചത് കണ്ടോ. മനസ്സിലുള്ള സൌന്ദര്യബോധം അവര്‍ ഉപേക്ഷിച്ചിരിക്കുകയാണ്. ദൈവസന്നിധിയാണ് ഞാനെന്നഭാവം ഉപേക്ഷിക്കാന്‍ പറ്റിയസ്ഥലം''. 


ദര്‍ശനത്തിനുള്ള വഴിയിലൂടെ നടന്നു. തിരക്കില്ലാത്തതിനാല്‍ വേഗത്തില്‍ തൊഴാനൊത്തു. ഭഗവാന്‍റെ തിരുമുമ്പില്‍ കൈകൂപ്പി നില്‍ക്കുമ്പോള്‍ ഒരു അദൃശ്യകരം തഴുകുന്നതുപോലെതോന്നി. മനസ്സില്‍ പറയാനാവാത്തൊരു അനുഭൂതി തോന്നുന്നുണ്ട്. സന്തോഷത്തോടെ അയാള്‍ തൊഴുതുമാറി. 


''അല്‍പ്പനേരം നമുക്കീ തിരുമുറ്റത്ത് ഇരുന്നാലോ'' ഏടത്തിയമ്മ ചോദിച്ചത് എല്ലാവര്‍ക്കും സ്വീകാര്യമായി തോന്നി. അസ്തമനസൂര്യനെ നോക്കി മുന്‍ വശത്തെ പാറയിലിരുന്നു.


''ഏടത്ത്യേമ്മേ. ഞാന്‍ തോഴാന്‍ നില്‍ക്കുമ്പോള്‍  എന്നെ ആരോ മൃദുവായി തലോടുന്നതുപോലെ തോന്നി''.


''ദാറ്റ് ഈസ് ഫൈന്‍. അത് മുരുകനാണെന്ന് വിചാരിച്ചാല്‍ മതി. ദാസിനെ അനുഗ്രഹിച്ചതാണെങ്കിലോ''.


''ഞാനത്രയ്ക്ക് ഭാഗ്യവാനാണോ ഏടത്ത്യേമ്മേ''.


''അല്‍പ്പം ചില ചെറിയ പ്രശ്നങ്ങളുള്ളത് മാറ്റിവെച്ചാല്‍ ദാസ് ശരിക്കും ഭാഗ്യവാനാണ്''.


''എന്താ ഏടത്ത്യേമ്മയ്ക്ക് അങ്ങിനെ തോന്നാന്‍''.


''ഒന്ന് യു ആര്‍ ഹൈലി ഇന്‍റലിജെന്‍റ്. അവന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതിയാല്‍ ആദ്യത്തെ പത്ത് റാങ്കില്‍ പെടുമെന്ന് രാമേട്ടന്‍ എപ്പഴും പറയാറുണ്ട്''.


''പിന്നെ''.


''അതിസുന്ദരിയായ പെണ്‍കുട്ടിയെ ഭാര്യയായി കിട്ടി. കൌസല്യയുടെ ഭംഗിക്ക് ഇന്നും എന്തെങ്കിലും കുറവ് വന്നിട്ടുണ്ടോ''.


''അതത്ര വലിയ കാര്യമല്ല''.


''ആ ധാരണ തെറ്റ്. മനോഹരമായ ഒരുപുഷ്പം കയ്യില്‍ കിട്ടുന്നതുവരെ അതിന്‍റെ ഭംഗി നമ്മള്‍ നോക്കിനില്‍ക്കും. കിട്ടിയാലോ. അത്രയുംനേരം ഉണ്ടായിരുന്ന താല്‍പ്പര്യം ഇല്ലാതാവും''.


''ഞാനും അങ്ങിനെയാണെന്നാണോ''.


''എന്നല്ല. അതാണ് മനുഷ്യരുടെ ശീലം. ഇനി ഞാന്‍ ഒരുകാര്യം പറയാന്‍ പോവുന്നു. ഭഗവാന്‍റെ മുമ്പിലാണ് നമ്മളിപ്പോഴുള്ളത്. ഇവിടെവെച്ച് ഞാനൊരു കാര്യം പറഞ്ഞാല്‍ ദാസത് തള്ളിക്കളയരുത്''.


''ഏടത്ത്യേമ്മയ്ക്ക് എന്നേക്കാള്‍ ആറുമാസത്തെ മൂപ്പാണുള്ളത്.പക്ഷെ ഞാന്‍ അന്നും ഇന്നും അമ്മയ്ക്ക് തുല്യമായിട്ടേ കണ്ടിട്ടുള്ളൂ. ഏടത്ത്യേമ്മ പറയുന്നത് ഞാന്‍ നിസ്സാരമായി കണക്കാക്കില്ല''.


''അല്ലെങ്കിലും പഞ്ചമാതാക്കളില്‍ ഒന്ന് ജ്യേഷ്ഠപത്നിയാണ്. ഇനി ഞാന്‍ പറയുന്നത് ശ്രദ്ധിക്കൂ. എത്രയോ കുരുന്നുകള്‍ എന്‍റെ കൈകളിലൂടെ ഈ ഭൂമിയിലേക്ക് എത്തിയിട്ടുണ്ട്. എത്രയോ മരണങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ജീവിതത്തിന്‍റെ നിസ്സാരത എനിക്കറിയാം''.


''എന്താണ് ഏടത്ത്യേമ്മ പറയാന്‍ ഉദ്ദേശിക്കുന്നത്''.


''ധൃതികൂട്ടണ്ടാ. ക്ഷമയോടെ കേള്‍ക്കൂ. സര്‍വ്വീസിലിരിക്കുമ്പോള്‍ എത്രയോ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടിട്ടുള്ള ആളാണ് ദാസിന്‍റെ ഏട്ടന്‍. എന്നിട്ടും നിങ്ങളുടെ കാര്യത്തില്‍ അദ്ദേഹം ഒന്നും പറയാത്തത് ഏട്ടനെന്ന നിലയ്ക്ക് ഉപദേശിച്ചു എന്നുതോന്നണ്ടാ എന്നുവെച്ചിട്ടാണ്''.


''ഏട്ടന്‍ മിണ്ടാതിരുന്നപ്പോഴേ എനിക്കത് തോന്നി''.


''അമ്മ എന്ന നിലയ്ക്കാണ് ഇനി ഞാന്‍ പറയുന്നത്. രാവിലെ വീട്ടില്‍വെച്ച് കൌസല്യയുടെകാര്യം നമ്മള്‍ സംസാരിച്ചല്ലോ. അവളുടെ പോരായ്മകള്‍ മനസ്സിലാക്കി അവളുടെ തെറ്റുകളും കുറവുകളും ക്ഷമിച്ചു എന്ന് ഇവിടെ വെച്ച് ദാസ് പറയൂ. മുരുകന്‍ അത് കേള്‍ക്കട്ടെ''.


''ഏടത്ത്യേമ്മേ. ഇവിടെ എത്തിയപ്പോള്‍ നമ്മള്‍ കണ്ട ദൃശ്യവും ഏടത്തിയമ്മയുടെ വാക്കുകളും എന്‍റെ മനസ്സിലുണ്ട്. ഞാന്‍ എന്ന ഭാവം ഞാനിവിടെ ഉപേക്ഷിക്കുകയാണ്. നാളെ രാവിലെ എന്‍റെ തലമുണ്ഡനം ചെയ്ത് ഭഗവാനെ തൊഴുതശേഷമേ നമ്മള്‍ തിരിച്ചു പോവുന്നുള്ളു.


ആ നിമിഷം രാമദാസ് ഐ.എ.എസ്. അനുജന്‍റെ അടുത്തേക്ക് അല്‍പ്പംകൂടി നീങ്ങിയിരുന്ന് അയാളെ ചേര്‍ത്തുപിടിച്ചു.


()()()()()()()()(0


''കുഞ്ഞാമതേ, വീട്ടില്‍ എന്തെങ്കിലും ആവശ്യം കാണും. നീ പൊയ്ക്കോ. മറ്റന്നാള്‍ ഞാന്‍ നിക്കാഹിന് വരണ്ട്'' ഹാജിയാര്‍ കുഞ്ഞഹമ്മദിനോട് പറഞ്ഞു.


''ശരി. മുതലാളി'' കുഞ്ഞഹമ്മദിന്ന് സന്തോഷമായി. കണ്ണന്‍കുട്ടിയുടെ വീട്ടിലേക്ക് പോവാനുള്ളതാണ്. നേരത്തെ പോയി വരാം.


''എടാ ഉസ്മാനേ, കുഞ്ഞാമതിനെ കൊണ്ടുവിട്'' ഹാജിയാര്‍ ഉറക്കെ വിളിച്ചുപറഞ്ഞു.


''അവന്‍ കടേലിക്ക് സാമാനം വങ്ങാന്‍ പോയിരിക്ക്യാണ്'' അകത്തുനിന്ന് ആരോ വിളിച്ചുപറഞ്ഞു.


''എപ്പഴാ അവന്‍ വര്വാ''.


''കൊറെ നേരോയി പോയിട്ട്. എത്താറായി''.


''ഈ പരിപാടി ശര്യാവില്ല. ദിവസൂം നീ അവനെ കാത്ത് നിന്നാല്‍ നിന്‍റെ പോക്ക് നടക്കില്ല''.


''സാരൂല്യാ മുതലാളി. ഞാന്‍ എങ്ങിനേങ്കിലും പൊയ്ക്കോളാം''.


''നിനക്ക് മോട്ടോര്‍ സൈക്കിള്‍ ഓടിക്കാനറിയ്യോ''.


''ചെറുപ്പകാലത്ത് ഓടിച്ചിട്ടുണ്ട്. കുറെ ആയി അതിനെ കയ്യോണ്ട് തൊട്ടിട്ട്''.


''നമ്മടെ ഹാര്‍ഡ് വെയര്‍ കടേല് ഒരു പഴേ ടി.വി.എസ്. കിടക്കുണുണ്ട്. ആരക്കും അത് വേണ്ടാ. ചെറുപ്പക്കാര്‍ക്ക് അത് കണ്ണില്‍ പിടിക്കിണില്യാ. നീ അതെടുത്തോ. നിനക്ക് പോവാനും വരാനും സൌകര്യാവും. ആരടേം കാല് പിടിക്കാതെ കഴിയും ചെയ്യും''. ആ സമയത്ത് ഉസ്മാനെത്തി.


''എടാ, നമ്മടെ ഹാര്‍ഡ് വെയര്‍ കടടെ പിന്നാലെ ഒരു ടി.വി.എസ്. ആരക്കും വേണ്ടാതെകിടക്കിണില്യേ. ആത് നേരാക്കിച്ചിട്ട് കുഞ്ഞാമതിന് കൊടുക്ക്. അവന് പോവാനും വരാനും ഉപകാരാവും''.


''നാളെത്തന്നെ ചെയ്യാം മുതലാളീ''ഉസ്മാന്‍ ഏറ്റു.


''എന്നാ നീയവനെ കൊണ്ടുവിട്''. ഉസ്മാന്‍റെ വാഹനത്തിന്‍റെ പുറകില്‍ അയാള്‍ കയറി.


''നോക്കിന്‍. നിങ്ങളെ മുതലാളിക്ക് പെരുത്ത് ഇഷ്ടായിട്ടുണ്ട്'' പോവാന്‍ കാലത്ത് ഉസ്മാന്‍ പറഞ്ഞു ''ഇങ്ങനെത്തന്നെ നിന്നോളിന്‍. മുതലാളി നിങ്ങളെ കൈവിടില്ല''.


വീട്ടിലെത്തുമ്പോള്‍ പാത്തുമ്മ കുളിച്ചൊരുങ്ങി ഉഷാറായി നില്‍പ്പുണ്ട്.


''നിങ്ങള് ഈ ചായ മോന്തീട്ട് വേഗം മേത്ത് വെള്ള്വോഴിച്ചിട്ട് വരിന്‍. നമുക്ക് നേരത്തെ പോയിട്ട് വരാം'' അവര്‍ പറഞ്ഞു.


കുളി കഴിഞ്ഞപ്പോള്‍ ആകെക്കൂടി ഒരു ഉന്മേഷം തോന്നി. ശരീരവും മനസ്സും ഒരുപോലെ തണുത്തിട്ടുണ്ട്. നന്നെ ചെറുപ്പം മുതല്‍ ഒരുപാട് പേരുടെകീഴില്‍ പണിചെയ്തിട്ടുണ്ട്. നന്ദിയോടെ ഓര്‍ക്കാനുള്ളവരില്‍ മുന്നില്‍ നില്‍ക്കുന്നത് മുതലാളിയും രാമേട്ടനുമാണ്. 


''നമുക്കൊരു ഓട്ടോ വിളിച്ചുപോയാലോ'' അയാള്‍ ചോദിച്ചു.


''അവിടെ പോയാല്‍ ചെലപ്പൊ കുറെനേരം ഇരിക്കും. അതുവരെ ഒട്ടോ നില്‍ക്ക്വോ''.


''വരുമ്പൊ വേറെ ഓട്ടോ വിളിക്കണം''.


''അതുവേണ്ടാ. വരുമ്പൊ നമുക്ക് ഓരോന്ന് പറഞ്ഞുംകൊണ്ട് നടക്കാം. അതൊരു സന്തോഷാണ്''.


കണ്ണന്‍കുട്ടിയും അനിയനും വീട്ടിലുണ്ടായിരുന്നില്ല. സ്ത്രീജനങ്ങള്‍ ആ കുറവ് പരിഹരിച്ചു. സ്നേഹംകൊണ്ടവര്‍ ആഗതരെ വീര്‍പ്പുമുട്ടിച്ചു.


''ഇന്ന് വന്നൂന്ന് പറഞ്ഞ് നാളെ വരാതിരിക്കരുത്. കാലത്തെ ഇങ്ങിട്ട് വരിന്‍. ഇവിടുന്ന് മണ്ഡപത്തിലേക്ക് പോവാം'' പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.


''ആവായിരുന്നു. പക്ഷെ അവടീം ചില തിരക്കൊക്കീണ്ട്'' പാത്തുമ്മ സുഹ്രയുടെ നിക്കാഹിന്‍റെ കാര്യം അവതരിപ്പിച്ചു.


''ഇവളുടെ കല്യാണം നടക്കുന്നതിന്‍റെ അത്ര സന്തോഷൂണ്ട് സുഹ്രടെ കാര്യം കേട്ടപ്പൊ. എന്നാലും മണ്ഡപത്തിലെങ്കിലും എത്തണം''.


''ഞങ്ങള് എത്തിക്കോണ്ട്''.


''നാളെ രാവിലെ മണ്ഡപത്തിലിക്ക് പോണതിന്ന് മുമ്പാണ് മൂത്തോരടെ അനുഗ്രഹംവാങ്ങിക്കിണത്. നിങ്ങള് രണ്ടാളും അപ്പൊ ഉണ്ടാവില്ലല്ലോ. അതോണ്ട് ഇപ്പൊ നിങ്ങടെ കാല് പിടിക്കട്ടെ''.


നിലവിളക്ക് കൊളുത്തിവെച്ചു. നാക്കിലക്കഷ്ണത്തില്‍ വെറ്റിലയും അടക്കയുംവെച്ച് അത് ഇരുവരുടേയും കയ്യിലേല്‍പ്പിച്ച് പെണ്‍കുട്ടി അവരെ നമസ്ക്കരിച്ചെഴുന്നേറ്റു. പാത്തുമ കുട്ടിയെ മാറോടണച്ച് അവളുടെ കവിളില്‍ ചുണ്ടുകള്‍ ചേര്‍ത്തി.


''കുറെക്കൂടി എന്തെങ്കിലും ചെയ്യണംന്ന് വിചാരിച്ചതാണ്. എല്ലാംകൂടീള്ള തിരക്കില് പറ്റീലാ. ഇത് കയ്യില്‍വെച്ചോ''. കുഞ്ഞഹമ്മദ് ഏല്‍പ്പിച്ച സംഖ്യ പാത്തുമ്മ കുട്ടിയ്ക്ക് കൈമാറി.


''കുഞ്ഞനെ എന്‍റെ മകനെപ്പോല്യാണ് ഞാന്‍ കാണുണത്ന്ന് കുട്ട്യേളടപ്പന്‍ എപ്പഴുംപറയും. ആ സ്നേഹം അങ്ങിട്ടുംഇങ്ങിട്ടും ഇന്നൂണ്ട്'' രാമേട്ടന്‍റെ ഭാര്യ പറഞ്ഞത് കുഞ്ഞഹമ്മദിന്‍റെ മനസ്സില്‍ തട്ടി.


''ഇപ്പൊ ദേഹത്തിന്ന് വയ്യായ ഒന്നൂല്യല്ലോ'' അയാള്‍ അവരോട് ചോദിച്ചു.


''മരുന്നില്ലാതെ ഒരുദിവസം കഴിയാന്‍ എനിക്ക് പറ്റുണില്യാ'' അവര്‍ സ്വന്തം രോഗങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു.


''ഇനി ഞങ്ങള്‍ ഇറങ്ങട്ടെ. നാളെ കല്യാണത്തിന്ന് കാണാം'' ചായകുടി കഴിഞ്ഞതും അവര്‍ എഴുന്നേറ്റു. ഗെയിറ്റുവരെ സ്ത്രീകള്‍ അവരെ അനുഗമിച്ചു.


ഇരുട്ടാവാറായോ എന്ന് കുഞ്ഞഹമ്മദിന്ന് ഒരുസംശയം. അയാള്‍ മേലോട്ട് നോക്കി. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ആരോ ഭംഗിയേറിയവര്‍ണ്ണചിത്രം വരച്ചുവെച്ചിരിക്കുന്നു.


അദ്ധ്യായം - 28.


മൊബൈല്‍ ശബ്ദിച്ചതും പ്രൊഫസര്‍ കൃഷ്ണദാസ് എഴുന്നേറ്റു. നേരം അഞ്ചായി. നേരത്തെ എഴുന്നേല്‍ക്കാന്‍ അലറം വെച്ചിരുന്നു.


പല്ലുതേപ്പുകഴിഞ്ഞ് ഷര്‍ട്ടെടുത്തിട്ടു. മുടി കളയണം. കുളി അതുകഴിഞ്ഞിട്ടു മതി. വാതില്‍ തുറന്ന് പുറത്തിറങ്ങിയതും ഏട്ടന്‍ വരുന്നതുകണ്ടു.


''എന്തിനാ നേരത്തെ എഴുന്നേറ്റത്. കുറച്ചുകൂടി കിടക്കാമായിരുന്നില്ലേ'' അയാള്‍ ചോദിച്ചു.


''നീ ഉണര്‍ന്നില്ലെങ്കില്‍ വിളിക്കാന്‍വേണ്ടി വന്നതാണ്. മുടി കളയണ്ടേ''.


''വേണം. ഞാന്‍ കിടക്കുമ്പോള്‍ അഞ്ചുമണിക്ക് അലാറംവെച്ചിരുന്നു''.


''എന്നാല്‍ വാ പോവാം''.


''ഞാന്‍ പൊയ്ക്കോളാം. ഏട്ടന്‍ വിശ്രമിച്ചോളൂ''.


''അതുവേണ്ടാ. ഞാനും വരാം''.


ലോഡ്ജിന്‍റെ എതിര്‍വശത്തുതന്നെ മുടികളയുന്ന സ്ഥലമുണ്ട്. ഇരുവരും അങ്ങോട്ട് ചെന്നു. 


''നീ പോയി ഇരുന്നോ.ഞാന്‍ ടിക്കറ്റ് വാങ്ങിയിട്ട് വരാം'' ഏട്ടന്‍ ദേവസ്വം കൌണ്ടറിലേക്ക് പോയി.


ക്ഷുരകന്മാര്‍ മുടി കളയാന്‍ വരുന്നവരെ പ്രതീക്ഷിച്ച് ഇരിപ്പുണ്ട്. തീരെ  വൃത്തിയില്ലാത്ത സ്ഥലം. പ്രൊഫസര്‍ ഒരാളുടെ മുന്നിലിരുന്നു, ടിക്കറ്റ് വാങ്ങിവന്ന ഏട്ടന്‍ തൊട്ടടുത്ത ആളുടെ മുന്നിലും.


''ഏട്ടന്‍ മുടി കളയിക്കുന്നുണ്ടോ'' അയാള്‍ ചോദിച്ചു.


''ഉവ്വ്. ബാക്കി നമുക്ക് പിന്നെ സംസാരിക്കാം''. പ്രൊഫസറേക്കാള്‍ മുന്നെ ഏട്ടന്‍റെ കഴിഞ്ഞു. അയാള്‍ രണ്ടുപേരുടേയും പണം ഏല്‍പ്പിച്ച് അനുജനെ കാത്തുനിന്നു.


''എന്തിനാ ഏട്ടന്‍ മുടി കളഞ്ഞത്'' ലോഡ്ജിലേക്ക് നടക്കുമ്പോള്‍ അയാള്‍ ചോദിച്ചു.


''നീയെന്തിനാ കളഞ്ഞത്''.


''മനസ്സിലുള്ള ഞാനെന്ന ഭാവം ഇല്ലാതാവാന്‍''.


''ഞാനും അതിന്നുതന്നെ''.


''അതിന് ഏട്ടന് അങ്ങിനെയൊരു പ്രോബ്ലം ഉണ്ടോ''.


''എനിക്കില്ല. നിന്‍റെ മനസ്സിലെ കരട് മാറ്റാനാണ് ഞാന്‍ മുടി കളയിച്ചത്''.


പ്രൊഫസര്‍ ഏട്ടന്‍റെ മുഖത്തേക്ക് നോക്കി. അയാളുടെ കണ്ണുകളിലെ നനവ് ആ രൂപത്തിന്ന് മങ്ങലേല്‍പ്പിച്ചു.


()()()()()()()()()()()


പള്ളിയിലിരിക്കുമ്പോഴും ഹാജിയാരായിരുന്നു കുഞ്ഞഹമ്മദിന്‍റെ മനസ്സ് മുഴുവന്‍. മുതലാളി എത്തുമ്പോള്‍ ആരുമില്ലാതെവന്നാലോ എന്നതോന്നല്‍ അയാളെ വല്ലാതെ അലട്ടി. നിക്കാഹും നമസ്ക്കാരവും കഴിയുന്നതുവരെ അയാള്‍ ഒരുവിധം പിടിച്ചുനിന്നു. 


''ജബ്ബാറെ, നീ ഇവിടുത്തെ കാര്യോക്കെ നോക്കിക്കോ. ഞാന്‍ വീട്ടിലിക്ക് പോണൂ. മുതലാളി എത്തീട്ടുണ്ടാവും''മകനെ ചുമതലയേല്‍പ്പിച്ച് അയാള്‍ തിരക്കിട്ട് വീട്ടിലേക്ക് നടന്നു.


കുഞ്ഞഹമ്മദ് എത്തി കുറച്ചുകഴിഞ്ഞാണ് ഹാജിയാര്‍ എത്തിയത്. തോളിലിട്ട തോര്‍ത്തുകൊണ്ട് പ്ലാസ്റ്റിക്ക് കസേല തുടച്ച് മുതലാളിയെ അയാള്‍ ഇരിക്കാന്‍ ക്ഷണിച്ചു. പന്തലിലുണ്ടായിരുന്ന ഒന്നുരണ്ടുപേര്‍ ബഹുമാനപുരസ്സരം എഴുന്നേറ്റുനിന്നു.


''എല്ലാവരും ഇരിക്കിന്‍ '' ഹാജിയാര്‍ പറഞ്ഞു. 


''മുതലാളി ഇരിക്കിന്‍. ഞങ്ങള് അവര് വരുണുണ്ടോന്ന് നോക്കട്ടെ'' അവര്‍ പുറത്തേക്ക് പോയി


''പള്ളീന്ന് എപ്പൊ എത്തി'' ഹാജിയാര്‍ കുഞ്ഞഹമ്മദിനോട് ചോദിച്ചു. 


''കുറച്ചു നേരായി. മകന്‍ ജബ്ബാര്‍ അവടീണ്ട്. അവനിപ്പൊ എത്തും''.


''കാറ്ററിങ്ങ്കാര് ബിരിയാണി എത്തിച്ച്വോ''.


''ഉവ്വ്. കുറച്ചുമുമ്പ് കൊണ്ടുവന്ന് തന്നു''


''പെണ്ണിനെ കൂട്ടീട്ടുപോവാന്‍ എപ്പഴാ അവര് വര്വാ''.


''അര മണിക്കൂറ്. അതിന്‍റെ എടേല് അവരെത്തും''. മധുരപലഹാരങ്ങളും ശീതളപാനീയവും എടുത്തുകൊണ്ട് രണ്ടുപേര്‍ വന്നു. 


''കാറില് സൈതലവീണ്ട്. അവനും കൊടുക്ക്'' ഹജിയാര്‍ പറഞ്ഞു. ഒരാള്‍ കാറിനടുത്തേക്ക് ഓടി. ഹാജിയാര്‍ പാനീയം കുടിച്ചു.


''കുഞ്ഞാമതേ. എനിക്ക് കുട്ടീനേ ഒന്ന് കാണണം'' കുഞ്ഞഹമ്മദ്, ഹാജിയാര്‍ ആവശ്യപ്പെട്ടതും അയാളെ ഉള്ളിലേക്ക് ആനയിച്ചു. 


''മുതലാളി ഇരിക്കിന്‍'' ഹാജിയാര്‍ക്ക് അകത്ത് ഇരിപ്പിടം നല്‍കി അയാള്‍ ഭാര്യയെ വിളിച്ചു ''പാത്ത്വോ, ഇവിടെ വാ''. അല്‍പ്പം സംഭ്രമത്തോടെ ആ സ്ത്രീ ഹാജരായി.


''ഇതാണ് എന്‍റെ വീട്ടുകാരി. പേര് പാത്തുമ്മ'' അയാള്‍ മുതലാളിക്ക് ഭാര്യയെ പരിചയപ്പെടുത്തി. 


''നീ ചെന്ന് സുഹ്രാനോടും ആരീഫാനോടും വരാന്‍ പറ''. പെണ്‍കുട്ടികള്‍ രണ്ടുപേരും വന്നു.


''മുതലാളീ, ഇത് എന്‍റെ മകള്‍ സുഹ്ര. ഇത് മകന്‍റെ ഭാര്യ ആരീഫ'' അയാള്‍ രണ്ടുപേരേയും പരിചയപ്പെടുത്തി.


''കുട്ടി ഇങ്ങിട്ട് നില്‍ക്ക്'' ഹാജിയാര്‍ സുഹ്രയെ അരികിലേക്ക് വിളിച്ചു. എന്നിട്ട് ബാഗ് തുറന്ന് ഒരു ചെറിയപൊതിയെടുത്ത് അവളുടെനേരെ നീട്ടി.


''അവടീം ഇവടീം ഒന്നും വെച്ച് മറക്കണ്ടാ. അതിന്‍റെ ഉള്ളില് വെലീള്ള സാധനാണ്'' അയാള്‍ മുന്നറിയിപ്പ് നല്‍കി.


''ഇനി ഞാന്‍ ഇറങ്ങ്വാണ്. എനിക്ക് ഒരുദിക്കിലും കൂടി പോവാനുണ്ട്'' ഹാജിയാര്‍ യാത്രപറഞ്ഞിറങ്ങി. 


''കഴിച്ചിട്ട് പോയാ പോരേ'' കുഞ്ഞഹമ്മദ് മടിച്ചുമടിച്ച് ചോദിച്ചു.


''വേറൊന്നും കൊണ്ടല്ല. ഒരുദിക്കില് പോണംന്ന് പറഞ്ഞില്ലേ. ഇപ്പൊ ത്തന്നെ വൈകി''.


കുഞ്ഞഹമ്മദ് കാറിന്‍റെ അടുത്തുവരെ ഒപ്പം ചെന്നു. കണ്ണില്‍നിന്ന് കാര്‍ മറയുന്നതുവരെ അയാള്‍ അവിടെത്തന്നെ നിന്നു.



അദ്ധ്യായം - 29.


ജ്വല്ലറിയുടെ മുന്നിലെത്തിയപ്പോള്‍ ഹാജിയാര്‍ ഡ്രൈവറോട് കാറ് നിര്‍ത്താന്‍ പറഞ്ഞു. 


''മേന്‍ന്നേ. നിങ്ങളിപ്പൊ എവടീണ്ട്'' അയാള്‍ കാറിലിരുന്നുകൊണ്ട് ആര്‍.കെ. മേനോനെ വിളിച്ചു.


''ഞാനിപ്പൊ ജ്വല്ലറീലുണ്ട്'' മേനോന്‍റെ മറുപടി കിട്ടിയതും ഹാജിയാര്‍ കാറില്‍ നിന്നിറങ്ങി ജ്വല്ലറിയിലേക്ക് നടന്നു.


''ഇതെന്തൊരു കഥ. നിങ്ങളെന്നെ വിളിച്ചിട്ട് ഒരുമിനുട്ട് തികച്ചായിട്ടില്ല. അതിനുമുമ്പ് എത്ത്യേലോ''.


''അതാണ് നമ്മടെ പവറ്'' ഹാജിയാര്‍ ഉറക്കെ ചിരിച്ചു.


''എന്തൊക്കീണ്ട് വിശേഷങ്ങള്‍'' മേനോന്‍ സുഹൃത്തിനോട് ചോദിച്ചു.


''വിശേഷം നിങ്ങള്‍ക്കല്ലേ. ബിസിനസ്സ് എന്നുപറഞ്ഞ് ഓടിക്കൊണ്ടിരുന്ന നിങ്ങളിപ്പൊ ഒരുദിക്കിലും ചെല്ലിണില്യാന്നാ അറിഞ്ഞത്. ഇപ്പൊത്തന്നെ നിങ്ങളിവിടെ ഉണ്ടാവ്വോന്ന് ഉറപ്പില്ല. അതോണ്ട് റോഡില് വണ്ടി നിര്‍ത്തി നിങ്ങളുണ്ടോന്ന് വിളിച്ചുചോദിച്ചിട്ടാ ഇങ്ങിട്ട് കേറ്യേത്''.


''അങ്ങിനെ പറയിന്‍.  കാള്‍കട്ട് ചെയ്ത് മൊബൈല്‍ മേശടെ ഉള്ളിലേക്ക്  വെക്കുമ്പഴയ്ക്കും ആളെ മുമ്പില്‍ കണ്ടപ്പൊ അതിശയംതോന്നി''.


''നമ്മളിപ്പൊ നിങ്ങള്‍ക്കൊരു കടക്കാരനാണ്. അത് തരാന്‍ വന്നതാണ്''.


''അതിന് ഞാന്‍ നിങ്ങളുടടുത്ത് ചോദിച്ചില്ലല്ലോ''.


''ഏയ്. ഞാന്‍ വെറുതെ പറഞ്ഞതല്ലേ. നിങ്ങള്‍ക്ക് പണിത്തിരക്കുണ്ടാവും. ഞാന്‍ മെനക്കെടുത്തിണില്ല''.


''എനിക്കൊരു തിരക്കൂല്യാ. കുറെദിവസായി നമ്മള് കണ്ടിട്ട്. വര്‍ത്തമാനം പറഞ്ഞിരുന്ന് മെല്ലെ പോയാ മതി''. മേനോന്‍ എഴുന്നേറ്റ് ഹാജിയാരേയും കൂട്ടി അകത്തേക്ക് നടന്നു.


''ഇവിട്യാവുമ്പൊ ആരടെ ശല്യൂം ഉണ്ടാവില്ല. സമാധാനത്തോടെ കുറച്ചു നേരം ഇരിക്കാം''. അയാള്‍ പറഞ്ഞു.


''കാര്യങ്ങളൊക്കെ മകനാ നടുത്തുണത് എന്ന് കേട്ടല്ലോ. എന്താ പറ്റ്യേത്''.


''എപ്പഴായാലും അവന്‍ നോക്കിനടത്തണ്ടതാണ്. അപ്പൊ ഒരു ട്രെയിനിങ്ങ്. എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ എനിക്ക് പറഞ്ഞുകൊടുക്കാലോ''.


''അത് ശരി.ഞാന്‍ നാലുമക്കളേം ഓരോന്നിന്‍റെ ചുമതല ഏല്‍പ്പിച്ചു. ഇനി അവര് നോക്കീനടത്തട്ടെ''.


''ഈശ്വരാധീനംകൊണ്ട് സൂക്കടൊന്നും ഇല്ലെങ്കിലും വയസ്സായി വര്വാണ്. നമുക്കും കുറച്ച് വിശ്രമം വേണ്ടേ''..


''അതൊക്ക്യാണ് നമ്മള് വിചാരിക്ക്യാ. പക്ഷെ എന്തെങ്കിലും ചിലതില്‍ പോയി മാട്ടും. പിന്നെ ഊരിപ്പോരാന്‍ പറ്റില്ല''.


''എനിക്കും അങ്ങിനെ തോന്നാറുണ്ട്. നാലഞ്ച് സംഘടനകളില്‍ ഓരോ സ്ഥാനൂണ്ട്. അതിനുപുറമേ വീട്ടിന്‍റടുത്ത് ഒരു അമ്പലത്തിന്‍റെ കമ്മിറ്റി പ്രസിഡണ്ട് സ്ഥാനൂം. വയ്യാന്ന് തോന്ന്യാലും വേണ്ടാന്ന് പറയില്ല''. 


''അതാ ശരി. ഞാന്‍  യത്തീംഖാനയ്ക്ക് ആവുന്ന സഹായം ചെയ്യാറുണ്ട്. ഇടയ്ക്കൊക്കെ അവിടെചെന്ന് കാര്യങ്ങള് അന്വേഷിക്കും. വാസ്തവം പറഞ്ഞാല്‍ ഇങ്ങിനെ ചിലതൊക്കെ ഉള്ളത് നല്ലതാണ്. നമ്മള് വീട്ടില് ഒതുങ്ങിയിരുന്നാല്‍ പത്താളെ കാണാനും അറിയാനും ഒക്കൂലാ''.


''മിനിഞ്ഞാന്ന് ആ ലോറിഡ്രൈവറും മകളുംകൂടി വന്നപ്പൊ നിങ്ങടെ കാര്യം ഞാന്‍ ആലോചിച്ചു. എത്ര എത്ര പെണ്‍കുട്ട്യേളക്കാണ് നിങ്ങള് ഇവിടുന്ന് സ്വര്‍ണ്ണം വാങ്ങിക്കൊടുത്തിട്ടുള്ളത്''.


''മേന്‍ന്നേ, സമ്പത്തിനൊരു വേലിയാണ് ദാനം എന്ന് വാപ്പ പറയാറുണ്ട്. ആലോചിക്കുമ്പൊ അത് ശര്യാന്ന് തോന്നും. ഈ ലോകത്തിക്ക് വരുമ്പൊ നമ്മളൊന്നും കൊണ്ടുവരുണില്യാ, പോവുമ്പൊ കൊണ്ടുപോവൂം ഇല്ല''.


''ഞാനും അതന്നെയാണ് ആലോചിക്കാറ്. കേറികിടക്കാന്‍ വീടില്ലാത്ത ആളുകള്‍ക്ക് ആവുന്ന സഹായം ചെയ്യലാണ് എന്‍റെ രീതി''. 


''അതാവുമ്പൊ സൂക്ഷിക്കാനുണ്ട്. നമ്മടെ സഹായംവാങ്ങി വീടുണ്ടാക്കി മൂന്നാംപക്കം വിറ്റ് കാശാക്ക്യാലോ''.


''ദുര്‍ലഭം ആള്‍ക്കാരെ അങ്ങന്യോക്കെ ചെയ്യൂ. അത്തരക്കാരെ നമുക്ക് കാണുമ്പൊത്തന്നെ അറിയും. സംശയംതോന്ന്യാല്‍ പത്തുകൊല്ലത്തേക്ക് വീട് വില്‍ക്കില്ല എന്നും വില്‍ക്കുണപക്ഷം വീട് പണിയാന്‍ കൈപ്പറ്റിയ സഹായം മടക്കിത്തരും എന്നും അവരെക്കൊണ്ട് എഴുതിവാങ്ങും''.


''അത് നല്ല പണ്യാണ്. അല്ലെങ്കിലും നിങ്ങള്‍ക്ക് കടന്ന ബുദ്ധ്യാണ്''.


''എന്‍റെ ബുദ്ധ്യല്ല. വക്കില് പറഞ്ഞുതന്നതാ''. 


''അപ്പൊ എത്ര ഉറുപ്പിക്ക്യാ ഞാന്‍ തരണ്ട്''.


''എന്താ ഇത്ര തിടുക്കം. എവടക്കെങ്കിലും പോവാനുണ്ടോ''.


''ഇല്ല. വള വാങ്ങിച്ച കുട്ടിടെ നിക്കാഹാണ് ഇന്ന്. അതിനുപോയി. പിന്നെ വേറൊരുദിക്കിലുംകൂടി പോവാനുണ്ടായിരുന്നു. എല്ലാം കഴിഞ്ഞു. ഇനി വീട്ടിലിക്ക്''.


''ആ ഡ്രൈവറെ ഞാന്‍ മുമ്പ് കണ്ടിട്ടുണ്ട്. നിങ്ങടെ കാറിലാ ഇപ്പൊ പണീന്ന് പറഞ്ഞു. ആളെങ്ങനെ''.


''ആരേങ്കിലും പണിക്കെടുക്കുണതിന്ന് മുമ്പ് ഞാന്‍ പത്താളോടെങ്കിലും അന്വേഷിക്കും. നല്ലൊരുത്തനാണ് എന്നാ എല്ലാരും പറഞ്ഞത്. ഞാന്‍ നോക്കുമ്പൊ ആത്മാര്‍ത്ഥത ഉള്ള ആളാണ് അവന്‍'' കുഞ്ഞഹമ്മദിന്‍റെ സ്വഭാവഗുണം അയാള്‍ വിവരിച്ചു.


''മറ്റെന്തെങ്കിലും പണിക്ക് നിര്‍ത്തുണപോല്യല്ല വീട്ടിലെഡ്രൈവറ് പണിക്ക് ആളെ നിര്‍ത്തുണത്. നമ്മടെ എല്ലാ രഹസ്യൂം അവര്‍ക്കറിയും. അതോണ്ടാ ഞാന്‍ ഇന്നും എന്‍റെ വണ്ടി ഓടിക്കാന്‍ ഒരാളേം നിര്‍ത്താത്തത്''.


''കാര്യം നമ്മള് രണ്ടാളും ഒരേ പ്രായാണ്. സ്കൂളില്‍ പഠിക്കുമ്പൊ നിങ്ങള് ഏ ഡിവിഷനിലും ഞാന്‍ ബി ഡിവിഷനിലും ആയിരുന്നു. പക്ഷെ എനിക്ക്  ഓടിക്കാന്‍ ധൈര്യം പോരാ''.


''ഞാന്‍ ഓവര്‍സ്പീടിലാണ് കാറോടിക്കുണത് എന്നുപറഞ്ഞ്  ഇന്നാള് വീട്ടില്‍ മകന്‍ കൂട്ടൂണ്ടാക്കി. ഞാന്‍ നേരത്തെ ഊക്കിവെച്ചതായിരുന്നു. അന്ന് ഞാന്‍ നാല് പറഞ്ഞു. അതോടെ സംഗതി ശര്യായി''.


''എന്താ പ്രശ്നം''. 


മകന്‍ സ്വന്തം ഇഷ്ടപ്രകാരം ഒരോന്ന് ചെയ്യാന്‍ തുടങ്ങിയതും തന്നെ ഒതുക്കാന്‍ ശ്രമിച്ചതും എല്ലാം അയാള്‍ വിവരിച്ചു.


''എനിക്കിപ്പൊ എന്‍റെ മകനേക്കാള്‍ ഇഷ്ടം മരുമകളോടാണ്. അവള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാനും ഭര്‍ത്താവിനെ നേര്‍വഴിക്ക് നടത്താനും കെല്‍പ്പുണ്ട്''.


''ചെല പെണ്‍കുട്ട്യേള് അങ്ങന്യാണ്. ബുദ്ധീം സാമര്‍ത്ഥ്യൂം കൂടും ''.


''അച്ഛനും അമ്മേം നല്ലത് പറഞ്ഞു കൊടുത്തിട്ടാണ് മകളെ വളര്‍ത്ത്യേത്. അതിന്‍റെ ഗുണം കാണാനുണ്ട്. ഞാന്‍ പറഞ്ഞ സംഭവങ്ങള്‍ കഴിഞ്ഞ് ഒരു ദിവസം അവള്‍ എന്‍റടുത്ത് വന്നു. ബിസിനസ്സ് കൊണ്ടുനടക്കാന്‍ അച്ഛന്‍ ഒരുപാട് കഷ്ടപ്പെടുണുണ്ട്, അത് ഭര്‍ത്താവിനെ പറഞ്ഞുമനസ്സിലാക്കണം എന്ന് അവളുടെ അച്ഛന്‍ പറഞ്ഞിരുന്നു എന്നവള്‍ എന്നോട് പറഞ്ഞു''.


''പെണ്‍കുട്ട്യേളടെ അച്ഛനമ്മമാര്‍ അങ്ങനെത്തന്നെ വേണം. അല്ലാതെ കുടുംബത്തില് കച്ചറ ഉണ്ടാക്കാന്‍ പറഞ്ഞുകൊടുക്ക്വല്ല വേണ്ടത്''.


''എന്തോ ഈശ്വരകൃപ. നല്ല ബന്ധുക്കളെ കിട്ടി''.


''ഇനി പറയിന്‍ , എന്താ ഞാന്‍ തരണ്ടത്. എനിക്ക് പോയിട്ട് ചില കാര്യൂണ്ട്''.


''വള മാറ്റ്യേതിന്  ഒന്നും തരണ്ടാ. നിങ്ങള്‍ പറഞ്ഞിട്ട് കൊടുത്തയച്ച സ്വര്‍ണ്ണത്തിന്‍റെ വില മാത്രംമതി'' ആര്‍.കെ. മേനോന്‍ കൌണ്ടറിലേക്ക് വിളിച്ച് ബില്ലെത്തിക്കാന്‍ ആവശ്യപ്പെട്ടു.


''രാമന്‍കുട്ട്യേ, മുമ്പൊക്കെ നമ്മള് മാസത്തില് ഒന്നോ രണ്ടോ പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും വരും പോവും ചെയ്യാറുണ്ട്. തിരക്ക് വന്നപ്പൊ രണ്ടാളും അത് മറന്നൂല്യേ''.


''ശര്യാണ്. ഈ ഞായറാഴ്ച ഞാനും ഭാര്യീം നിങ്ങടെ വീട്ടിലെത്തും'' മേനോന്‍ ഉറപ്പു നല്‍കി. ബില്ലുമായി വന്ന ജീവനക്കാരന്‍റെ കയ്യില്‍ പണം കൊടുത്തയച്ച് ഹാജിയാര്‍ എഴുന്നേറ്റു.


''ശരി.എന്നാല്‍ ഞായറാഴ്ച കാണാം'' അയാള്‍ യാത്ര പറഞ്ഞു. മേനോന്‍ അയാളെ യാത്ര അയക്കാന്‍ ഒപ്പം ചെന്നു.


()()()()()()()()()()()()()


''ഏട്ടാ, സുമതി വിളിച്ചിരുന്നു'' ശ്രീധരമേനോന്‍ ഗോപിനാഥനോട് പറഞ്ഞു.


''വിശേഷിച്ച് ഒന്നൂല്യല്ലോ''.


''വീട്ടിന്ന് എല്ലാരും കൂടി കണൂക്കിന് വരുണുണ്ട്. വരുമ്പൊ എന്താ കൊണ്ടുവരണ്ട് എന്ന് ചോദിച്ചു''.


''എന്നിട്ട് നീ എന്തുപറഞ്ഞു''.


''ഇവിടുത്തെ രീതി നമുക്കറിയില്ലല്ലോ. ചോദിച്ചിട്ട് പറയാന്ന് പറഞ്ഞു''.


''അതുനന്നായി. നമ്മളെന്തെങ്കിലും പറഞ്ഞ് അബദ്ധം പറ്റണ്ടാ.  മാഷും കൂട്ടുകാരും വൈകുന്നേരം വര്വോലോ. അവരോട് ചോദിച്ചിട്ട് പറയാം''.


പതിവുപോലെ നാരായണന്‍ മാസ്റ്ററും കൂട്ടുകാരും വൈകുന്നേരമെത്തി. സംഭാഷണത്തിനിടയില്‍ വിഷയം അവതരിപ്പിച്ചു.


''ഓരോ നാട്ടില് ഓരോ രീത്യാണ്. മുമ്പൊക്കെ കണൂക്ക് കാണാന്‍ വരുമ്പൊ വെറ്റിലീം അടക്കീം പൊകലീം ആണ് കൊണ്ടുവരാറ്. ഇപ്പഴത്തെ കാലത്ത് വെറ്റിലമുറുക്കുണോരില്ല. അതോണ്ട് ആ പതിവ് നിന്നു''.


''ചിലദിക്കില്‍ ചായപ്പൊടീം പഞ്ചസാരേം കണൂക്കിന് ചെല്ലുമ്പൊ കൊണ്ടുവരും. ഇവടീം ചിലരൊക്കെ അങ്ങിനെ ചെയ്യുണുണ്ട്''.


''എന്നാല്‍ അങ്ങിനെ പറഞ്ഞാലോ''.


''അതായിരിക്കും നല്ലത്''.


''ഈ ഏര്‍പ്പാട് എങ്ങിന്യാ ഉണ്ടായത് എന്നറിയ്യോ'' കേശവന്‍ നായര്‍ ചോദിച്ചു'' മുമ്പൊക്കെ ആളുകള്‍ക്ക് ഇന്നത്തത്ര സാമ്പത്തികശേഷി ഇല്ലല്ലോ. അന്ന് സാധനങ്ങളും പണവും എത്തിച്ച് സഹകരിച്ചിരുന്നു. അങ്ങന്യാ ഈ രീതി വന്നത്''.


''ഉവ്വ്. എനിക്കറിയാം'' വേറൊരു സുഹൃത്ത് പറഞ്ഞു ''അങ്ങിനെ കൊടുക്കുണ പണത്തിന് ബന്ധുമ എന്നാ പറയ്യാ''.


''തമാശ പറയ്യാണെന്ന് വിചാരിക്കണ്ടാ'' നാരായണന്‍ മാസ്റ്റര്‍ പറഞ്ഞു ''എന്‍റെ ഒരു കൂട്ടുകാരന്‍റെ അച്ഛന്‍ മരിച്ചു. ശവദഹനം കഴിഞ്ഞതിന്‍റെ പിറ്റേദിവസം മുതല്‍ അടിയന്തരംവരെ എല്ലാ ദിവസൂം കണൂക്കിന്ന് വന്നോര്‍ക്കൊക്കെ നല്ല ഒന്നാന്തരംസദ്യ കൊടുത്തു. വരുന്നോര് വെറും കയ്യോണ്ട് വരില്ലല്ലോ. കാശായിട്ടും അരീം സാമാനങ്ങളായിട്ടും ഇഷ്ടം പോലെ കിട്ടി. ഒടുക്കം അടിയന്തരം കഴിഞ്ഞ് കണക്കു നോക്ക്യേപ്പൊ ആറേഴായിരം ഉറുപ്പികീം രണ്ട് ചാക്ക് അരീം ബാക്കിവന്നു. അപ്പന്‍ ചത്തിട്ടും മുതലുണ്ടാക്കി തന്നിട്ടാ പോയതെന്ന് അയാള്‍ എപ്പഴുംപറയും''.


''എത്രയാ വാങ്ങീട്ട് വരണ്ട്''.


''ഇനി കുറച്ചുദിവസം കൂടി കണൂക്കില്ലേ. ആരെങ്കിലും വന്നും പോയീം കൊണ്ടിരിക്കും. രണ്ടോ മൂന്നോ കിലോ ചായപ്പൊടീം പതിനഞ്ചോ ഇരുപതോ കിലോ പഞ്ചസാരേം കൊണ്ടുവന്നോട്ടെ''.


''എന്നാ അങ്ങനെ ആയ്ക്കോട്ടെ''. രാത്രി ശ്രീധരമേനോന്‍ ഭാര്യയെ വിളിച്ച് വിവരം അറിയിച്ചു.


''ഇതൊക്കെ പത്താള് അറിയിണ കാര്യാണ്. കുറഞ്ഞൂന്ന് വരരുത്'' ഭാര്യ പറഞ്ഞപ്പോള്‍ അയാള്‍ക്ക് സന്തോഷം തോന്നി.


''ഇവിടെ ദിവസൂം വരുണ ചിലരുണ്ട്. അവര്‍ പറഞ്ഞതാണ്. സുമതി പാകംപോലെ ചെയ്തോളൂ'' അയാള്‍ ഭാര്യയെ ചുമതലപ്പെടുത്തി.


അദ്ധ്യായം - 30.


''മേരിക്കുട്ട്യേ'' ചാക്കോ നീട്ടിവിളിച്ചു ''ഒന്നിങ്ങോട്ട് വന്നേ'' പത്രവാര്‍ത്ത വായിച്ചശേഷം വിളിച്ചതാണ് അയാള്‍.


''എന്നാത്തിനാ മനുഷ്യാ ഇങ്ങിനെ കിടന്ന് കാറുന്നത്'' മറുപടിയല്ലാതെ മേരിക്കുട്ടി പുറത്തെത്തിയില്ല.


രണ്ടുപെണ്‍മക്കളെ കെട്ടിച്ചുവിട്ടതോടെ കൈവശമുള്ളതൊക്കെ തീര്‍ന്നു.  മാത്രമല്ല നാട്ടില്‍നിന്ന് വീതംകിട്ടിയപ്പോള്‍ ഉണ്ടാക്കിയ വീട് വിറ്റിട്ടാണ് രണ്ടാമത്തെ മകളുടെ കല്യാണം നടത്തിയത്. ബാക്കിവന്ന തുകകൊണ്ട്  പഴയൊരു ഓട്ടുപുരയുംസ്ഥലവും വാങ്ങാന്‍ ഒരുങ്ങി. അന്നതിന്ന് ഭാര്യ സമ്മതിച്ചില്ല. വീടുവെക്കാന്‍ നാല്‍പ്പത്തഞ്ച് സെന്‍റ് സ്ഥലം ആ സമയത്ത് വാങ്ങിയിട്ടത് അവളാണ്. കൃഷിഭൂമിയായതുകൊണ്ട് അത്രയധികംവില കൊടുക്കേണ്ടിവന്നില്ല. എന്നാലും വീടുവെക്കാനുള്ള ആഗ്രഹത്തിന് കുറെ കാലത്തേക്ക് അവധി നല്‍കേണ്ടി വന്നു. പെന്‍ഷന്‍പറ്റി ആനുകൂല്യങ്ങള്‍ കിട്ടുന്നസമയത്ത് ചെറുതായൊരെണ്ണം തട്ടിക്കൂട്ടാമെന്ന് വിചാരിച്ചതാണ്. അതിനെ വഴിയുള്ളൂ. അപ്പോഴേക്കും നിയമങ്ങള്‍ മാറിമറിഞ്ഞു. കൃഷി സ്ഥലം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള സമ്മതം കിട്ടാന്‍ ഒട്ടേറെ കടമ്പകള്‍കടക്കേണ്ട അവസ്ഥവന്നു. ഇപ്പോള്‍ ജോലിയില്‍നിന്നുപിരിഞ്ഞു. ഏറെവൈകാതെ കുറെപണം കയ്യിലെത്തും. ആരെയെങ്കിലും സ്വാധീനിച്ച് കെ. എല്‍. യു. സംഘടിപ്പിക്കാമെന്ന് നേരിയൊരു പ്രതീക്ഷയുണ്ടായിരുന്നു. അതിന്‍റെ കടയ്ക്കല്‍ കത്തിവെച്ച വാര്‍ത്തയാണ് പത്രത്തില്‍. 


''കര്‍ത്താവേ, ഇനി എന്നാ ചെയ്യും'' അയാള്‍ നെഞ്ഞത്ത് കൈവെച്ചു.


''എന്നാത്തിനാ വിളിച്ചത്'' കുറച്ചുനേരം  കഴിഞ്ഞപ്പോള്‍ ഭാര്യയെത്തി. അയാളോന്നും പറഞ്ഞില്ല. പത്രവാര്‍ത്തചൂണ്ടികാണിച്ച് അയാള്‍ പത്രം ഭാര്യക്ക് കൈമാറി. 


''മാതാവേ, ഇത് വല്ലാത്തൊരു ചതിവായല്ലോ. ഇനി നമ്മള് എന്നാചെയ്യും'' വാര്‍ത്ത വായിച്ചുകഴിഞ്ഞ് പത്രത്തില്‍നിന്ന് കണ്ണെടുത്തതും മേരിക്കുട്ടി ഉറക്കെ ആത്മഗതം ചെയ്തശേഷം അയാളോട് ചോദിച്ചു.


ചാക്കോ ഒന്നും പറയാതെ തലതാഴ്ത്തിയിരുന്നു. രണ്ടോ മൂന്നോ സെന്‍റ് സ്ഥലം, പരമാവധി അഞ്ചുസെന്‍റ്. അതിലൊരു കൊച്ചുവീട്. ആ മോഹം തകര്‍ത്തത് ഭാര്യയാണ്. കൂടുതല്‍ സ്ഥലംവാങ്ങിച്ചിടുക. ആദ്യം അതില്‍ വീടുണ്ടാക്കുക. പിന്നീട് ബാക്കിസ്ഥലം അഞ്ചോ ആറോ സെന്‍റ് വീതമുള്ള കഷ്ണങ്ങളാക്കി മറിച്ചുവില്‍ക്കുക. കയ്യിലെത്തുന്ന ഭീമമായ തുകയാണ്  അവളുടെ അന്നത്തെ ലക്ഷ്യം. ഇപ്പോള്‍ വേറൊരു വീട് കിട്ടാനിരുന്നതും അവള്‍ മുടക്കി.


''ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരുടെ പെന്‍ഷന്‍ നിര്‍ത്തിയാലും സ്ഥലംവിറ്റ പൈസ ബാങ്കിലിട്ടാല്‍  കിട്ടുന്നപലിശകൊണ്ട് ജീവിക്കാം എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. അതുംപോയി'' മേരിക്കുട്ടി നിരാശ പ്രകടിപ്പിച്ചു.


''നീ ഒറ്റ ഒരുത്തിയാണ് ഇതിനൊക്കെ കാരണം. സ്കൂള്‍ പടിക്കല്‍ മൂന്നു സെന്‍റ് സ്ഥലവും വീടും കിട്ടാമെന്ന് വെച്ചതാ. അപ്പഴാ നിന്‍റെ വര്‍ത്താനം കേട്ട് ഇതിന് പുറപ്പെട്ടത്. ചെല്ലന്‍ ചെറിയൊരുവീട് കാട്ടിത്തന്നു. അതും നീയാണ് മുടക്കിയത്''.


''മനുഷ്യാ, വേണ്ടാതെ എന്നെ കുറ്റം പറയാന്‍ വന്നാലുണ്ടല്ലോ''.


''വന്നാല്‍ നീ എന്തോ ചെയ്യും''.


''പറഞ്ഞു നോക്ക്. മേരിക്കുട്ടിടെ വായില്‍ കിടക്കുന്നത് എന്താണെന്ന് അപ്പോള്‍ ഇതിയാന്‍ അറിയും''. 


''എന്നാലതൊന്ന് കാണണോലോ. നീ പറഞ്ഞിട്ടാ കൃഷിഭൂമി വാങ്ങ്യേത്''.


''അതോണ്ട് എന്താ കുഴപ്പം. ഭൂമി എവിടേക്കെങ്കിലും പറന്നുപോയോ''.


''പറന്നില്ലെങ്കിലും ഉപകാരപ്പെടാതെ പോയില്ലേ''.


''എന്നെ കുറ്റം പറയാന്‍ നില്‍ക്കാതെ വേറെന്തെങ്കിലും വഴികാണണം. ഇതിയാന്‍റെ കുടുംബത്തിന്ന് വലുതായിട്ട് ഒന്നും കിട്ടീലല്ലോ. അവിടെ പോയി കണക്കുപറഞ്ഞ് ബാക്കി ഓഹരീംകൂടി വാങ്ങീട്ട് വാ''.


''ഈ പറയുന്നത് കേട്ടാല്‍ തോന്നും നിന്‍റെ വീട്ടിന്ന് ഒരുപാട് കൊണ്ടു വന്നിട്ടുണ്ടെന്ന്''. 


''ആവശ്യത്തിന്ന് വേണ്ടതൊക്കെ ഞാനും കൊണ്ടുവന്നിട്ടുണ്ട്''.


''എന്തൊന്നാടി നീ വരുമ്പോള്‍ പൊതിഞ്ഞുകെട്ടി കൊണ്ടുപോന്നത്''.


''ഞാന്‍ പൊതിഞ്ഞുകെട്ടി കൊണ്ടുവന്നത് എന്താന്ന് അറിയാന്‍ മേലേ. അതുകൊണ്ടാ രണ്ട് പിള്ളാരെ ഉണ്ടാക്കിയത്. ഇതിയാന് അതറിയാലോ. എന്നെക്കൊണ്ട് കൂടുതലൊന്നും പറയിക്കണ്ടാ. ഹല്ല പിന്നെ''.


മേരിക്കുട്ടി കാറിത്തുപ്പി അകത്തേക്ക് പോയി. ചാക്കോ ചുറ്റുപാടും നോക്കി. ആരെങ്കിലും കേട്ടിട്ടുണ്ടാവുമോ. ഇല്ല. ആരേയും കാണാനില്ല. അയാള്‍ തലതാഴ്ത്തിയിരുന്നു.


വീട് എന്നസ്വപ്നം എന്നെന്നേക്കുമായി ഇല്ലാതാവുകയാണ്. ഏതെങ്കിലും കടത്തിണ്ണയില്‍ കിടന്ന് ചാവാനായിരിക്കും യോഗം. 


മനസ്സില്‍ സങ്കടം പെരുകുന്നുണ്ട്. ആരോടാണ് അതൊന്ന് പറയാനുള്ളത്. ഓഹരിവാങ്ങി കൂടപ്പിറപ്പുകളെ വെറുപ്പിച്ചു. സങ്കടം പറഞ്ഞുകൊണ്ട് അവരുടെ അടുത്തുചെല്ലാന്‍ പറ്റില്ല.


എന്തെങ്കിലും മനസ്സുതുറന്ന് സംസാരിക്കുന്നത് കുഞ്ഞഹമ്മദിനോടാണ്. മകളുടെനിക്കാഹ് കാരണം രണ്ടുമൂന്ന് ദിവസമായി അയാളെകാണാറില്ല. മിക്കവാറും നാളെ അയാള്‍ നടക്കാനെത്തും. അയാളോട് എല്ലാം പറയാം.   ഒരുബന്ധു എന്നുപറയാന്‍ ഇപ്പോള്‍ അയാള്‍ മാത്രമേ ഉള്ളൂ. ഈ നാട്ടില്‍ ജനിച്ചുവളര്‍ന്ന ആളാണല്ലോ. ചിലപ്പോള്‍ സഹായിക്കാന്‍പറ്റുന്ന വലിയ ഉദ്യോഗസ്ഥന്മാരെ അയാള്‍ക്ക് പരിചയം കാണും. അങ്ങിനെയാണെങ്കില്‍ അവര്‍ മുഖന്തരം സര്‍ക്കാറിന്‍റെ അനുവാദംസംഘടിപ്പിക്കാന്‍ സാധിക്കും. കണക്കുകൂട്ടലുമായി ചാക്കോ അവിടെത്തന്നെയിരുന്നു. 


()()()()()


എത്രനേരം ഇരുന്നുവെന്ന് അറിയില്ല. കയ്യില്‍ ഒരുഗ്ലാസ്സ് കട്ടനുമായി മേരിക്കുട്ടിയെത്തി.


''വിഷമിക്കണ്ട. കര്‍ത്താവ് എന്തേലും വഴികാട്ടും'' അവള്‍ പറഞ്ഞു.


''എന്നാ വഴിയാ. നമുക്കുണ്ടായത് രണ്ടെണ്ണൂം പെണ്‍മക്കള്‍. കഷ്ടപ്പെട്ട് രണ്ടിനീം പഠിപ്പിച്ച് ഒരുനെലേലെത്തിച്ച് ആണ്‍വീട്ടുകാര് ചോദിച്ചതും കൊടുത്ത് കെട്ടിച്ചുവിട്ടു. നമുക്കൊരു കൈസഹായത്തിന്ന് ആരുമില്ല''.


''വീട് വാങ്ങുന്നകാര്യം പറഞ്ഞപ്പോള്‍ നമ്മുടെ സ്ഥലത്ത് ഉണ്ടാക്കാമെന്ന് ഞാന്‍ പറഞ്ഞത് ശരിതന്നെ. അത് പറ്റത്തില്ല എന്ന് ഉറപ്പാണേല്‍ നമുക്ക് പറ്റിയൊരു വീട് വാങ്ങാം. ചെല്ലന്‍ പറഞ്ഞവീട് വിറ്റിട്ടില്ലല്ലോ''.


''നിനക്കത് പറ്റത്തില്ല. അതില് കൊച്ചുകൊച്ചു മുറികളാണ്''.


''അതെങ്കില്‍ അത്. കേറി കിടക്കാമല്ലോ''.


''നീയല്ലേ അത് വേണ്ടാന്ന് പറഞ്ഞത്''.


''അതുകേട്ട് നിങ്ങള് അവനോട് വീട് വേണ്ടാ എന്ന് പറഞ്ഞിട്ടുണ്ടോ''.


വിവരം അറിയിക്കാമെന്ന് ചെല്ലനോട് പറഞ്ഞുവെങ്കിലും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. അത് വിറ്റുപോയോ എന്നറിയാനും പാടില്ല.


''ഇല്ല. ഞാനവനെ കണ്ടിട്ടില്ല''.


''കര്‍ത്താവ് തുണച്ചു. കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്. അത് കഴിച്ചേച്ച് ചെല്ലനെ കാണ്. വീട് നമുക്ക് വേണംന്ന് പറ''.


കുട്ടിക്കാലത്ത് എന്നും കപ്പയാണ്. അതുകൊണ്ടുതന്നെ അത് ഇഷ്ടപ്പെട്ട വിഭവമായി. ഇപ്പോള്‍ വല്ലപ്പോഴുമാണ് കപ്പ ഉണ്ടാക്കുക. മേരിക്കുട്ടി അധികം കഴിക്കില്ല. അതുകൊണ്ട് ഉണ്ടാക്കാറില്ല. ഇന്ന് എന്താണാവോ തോന്നിയത്.


''അപ്പോള്‍ നമ്മള്‍ വാങ്ങിച്ച സ്ഥലമോ''.


''അത് വിറ്റുതരാമെന്ന് അവന്‍ പറഞ്ഞതല്ലേ. കൊടുക്കാമെന്ന് പറയ്''.


ചാക്കോ കട്ടനും കപ്പയുമായി ഇരുന്നു, തൊട്ടടുത്ത് മേരിക്കുട്ടിയും. ഇത് കഴിഞ്ഞതും ചെല്ലനെ കാണാന്‍ പോവണം. അവനിപ്പോള്‍ വീട്ടിലുണ്ടോ എന്നറിയില്ല. ഏതായാലും പോയി നോക്കാം. വെയിലിന്ന് നല്ല ചൂടുണ്ട്. ഒപ്പം വൃത്തികെട്ടൊരു കാറ്റും. രണ്ടു കിലോമീറ്റര്‍ദൂരം നടക്കുന്നകാര്യം ഓര്‍ക്കാനേ വയ്യ. ഓട്ടോവില്‍ പോവാം.


''ഞാന്‍കൂടി വന്നാലോ എന്ന് ആലോചിക്കുവാ'' മേരിക്കുട്ടി അറിയിച്ചു.


ഇവളെ കൂട്ടീട്ട് പോയാല്‍ നന്നായിരിക്കും. ഒന്നുകില്‍ വീടിന്ന് ഇല്ലാത്ത കുറ്റങ്ങളൊക്കെ പറഞ്ഞ് ചെല്ലനെ വെറുപ്പിക്കും. അല്ലെങ്കില്‍ വിലയുടെ കാര്യത്തില്‍ തര്‍ക്കിച്ച് സംഗതി കുളമാക്കും.


''അവന്‍ വീട്ടിലുണ്ടോ എന്ന് അറിയത്തില്ല. ഞാന്‍ അന്വേഷിച്ച് വരട്ടെ. അതിന്നുശേഷം നിന്നെ കൊണ്ടുപോകാം''.


''അവനില്ലേലും വീട് കാണാമല്ലോ. ഞാന്‍ കൂടെ പോരുന്നു''.


പുറപ്പെടുന്നതിന്നുമുമ്പേ തമ്മില്‍ത്തല്ല് ഉണ്ടാവരുത് എന്നുകരുതി ചാക്കോ മിണ്ടാതിരുന്നു. ആഹാരംകഴിഞ്ഞ് അയാള്‍ ഒരുങ്ങുമ്പോഴേക്ക് മേരിക്കുട്ടി തയ്യാറായിക്കഴിഞ്ഞിരുന്നു. വീടുപൂട്ടി ഭാര്യയേയുംകൂട്ടി ഇറങ്ങി.


റോഡിലേക്ക് നടക്കുമ്പോള്‍ ഇടവഴിയിലൂടെ ഒരു ഓട്ടോറിക്ഷ വരുന്നത് കണ്ടു. ആരെങ്കിലും ഈ ഭാഗത്തേക്ക് വരുന്നതാണെങ്കില്‍ അത് തിരിച്ചു പോവുമ്പോള്‍ അതില്‍ കയറിപ്പോവാം. പക്ഷെ ഓട്ടോറിക്ഷ തൊട്ടരികില്‍ വന്നുനിന്നു. നോക്കുമ്പോള്‍ അതിനകത്ത് ചെല്ലന്‍. തേടിയ വള്ളി കാലില്‍ ചുറ്റി.


''എവടയ്ക്കാ രണ്ടാളുംകൂടി. ഞാന്‍ നിങ്ങളെ തിരഞ്ഞുവന്നതാ. വിവരം പറയാന്ന് പറഞ്ഞിട്ട് നിങ്ങളെ കണ്ടില്ലല്ലോ''.


''ഞങ്ങള് നിങ്ങളുടെ വീട്ടിലേക്ക് പുറപ്പെട്ടതാണ്. വീട് കാണാന്‍ '' ചാക്കോ പറഞ്ഞു.


''എന്നാല്‍ രണ്ടാളും കയറിക്കോളിന്‍ '' അവര്‍ കയറാന്‍വേണ്ടി ചെല്ലന്‍ വെളിയിലിറങ്ങി നിന്നു.


No comments:

Post a Comment